പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന

प्रविष्टि तिथि: 17 DEC 2025 3:08PM by PIB Thiruvananthpuram

എത്യോപ്യൻ പ്രധാനമന്ത്രി,
പാർലമെന്റിന്റെ ഇരുസഭകളിലെയും സ്പീക്കർമാർ,
ബഹുമാനപ്പെട്ട അംഗങ്ങളേ,
എത്യോപ്യയിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ,

ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയ പദവിയാണ്. സിംഹങ്ങളുടെ നാടായ എത്യോപ്യയിൽ വരാനായത് വിസ്മയകരമാണ്. എനിക്ക് ഇവിടെ സ്വന്തം വീട്ടിലെന്നപോലെ തോന്നുന്നു. കാരണം ഇന്ത്യയിലെ എന്റെ ജന്മനാടായ ഗുജറാത്തും സിംഹങ്ങളുടെ ആവാസ കേന്ദ്രമാണ്.

പൗരാണിക ജ്ഞാനവും ആധുനിക അഭിലാഷങ്ങളുമുള്ള ഒരു രാജ്യത്തിന്റെ ഹൃദയത്തിൽ, ജനാധിപത്യത്തിന്റെ ഈ ക്ഷേത്രത്തിൽ വരാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നുന്നു. നിങ്ങളുടെ പാർലമെന്റിനോടും ജനങ്ങളോടും ജനാധിപത്യ യാത്രയോടുമുള്ള ഏറെ ബഹുമാനത്തോടെയാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ സൗഹൃദത്തിന്റെയും സൽസ്വഭാവത്തിന്റെയും സാഹോദര്യത്തിന്റെയും ആശംസകൾ ഞാൻ നേരുന്നു.

तेना इस्तील्लीन
सलाम

ബഹുമാനപ്പെട്ട അംഗങ്ങളെ,

ഈ മഹത്തായ കെട്ടിടത്തിൽ, നിങ്ങളുടെ നിയമങ്ങൾ രൂപപ്പെടുന്നു. ഇവിടെ, ജനങ്ങളുടെ ഇച്ഛാശക്തി രാഷ്ട്രത്തിന്റെ ഇച്ഛാശക്തിയായി മാറുന്നു. രാഷ്ട്രത്തിന്റെ ഇച്ഛാശക്തി ജനങ്ങളുടെ ഇച്ഛാശക്തിയുമായി പൊരുത്തപ്പെടുമ്പോൾ, പുരോഗതിയുടെ ചക്രം പ്രത്യാശയോടും ലക്ഷ്യബോധത്തോടും കൂടി മുന്നോട്ട് നീങ്ങുന്നു.

നിങ്ങളിലൂടെ, കൃഷിയിടങ്ങളിലെ നിങ്ങളുടെ കർഷകരോടും പുതിയ ആശയങ്ങൾ കെട്ടിപ്പടുക്കുന്ന സംരംഭകരോടും സമൂഹങ്ങളെയും സ്ഥാപനങ്ങളെയും നയിക്കുന്ന അഭിമാനികളായ സ്ത്രീകളോടും ഭാവി രൂപപ്പെടുത്തുന്ന എത്യോപ്യയിലെ യുവാക്കളോടും ഞാൻ സംസാരിക്കുന്നു. ഈ മഹത്തായ പദവിക്ക് ഞാൻ നന്ദി പറയുന്നു.

ഇന്നലെ, എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി ഡോ.അബി അഹമ്മദിൽ നിന്ന് നിഷാൻ ഓഫ് എത്യോപ്യ എന്ന ഗ്രാൻഡ് ഓണർ സ്വീകരിക്കാനുള്ള സവിശേഷ അവസരം എനിക്ക് ലഭിച്ചു. കൂപ്പുകൈകളോടെ, വിനയത്തോടെ, ഇന്ത്യയിലെ ജനങ്ങൾക്കായി ഈ പുരസ്കാരം ഞാൻ സ്വീകരിക്കുന്നു.

आम सग्नालो

ബഹുമാനപ്പെട്ട അംഗങ്ങളെ,

മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിൽ ഒന്നാണ് എത്യോപ്യ. ഇവിടെ, ചരിത്രം പർവതങ്ങളിലും താഴ്‌വരകളിലും എത്യോപ്യൻ ജനതയുടെ ഹൃദയങ്ങളിലും സജീവമാണ്. അതിന്റെ വേരുകൾ ആഴമുള്ളതിനാൽ ഇന്ന്, എത്യോപ്യ തലയുയർത്തി നിൽക്കുന്നു. എത്യോപ്യയിൽ നിൽക്കുക എന്നാൽ ഭൂതകാലത്തെ ബഹുമാനിക്കുന്നിടത്ത്, ലക്ഷ്യങ്ങൾ നിറഞ്ഞ വർത്തമാനകാലം ഉള്ളിടത്ത്, ഭാവിയെ തുറന്ന ഹൃദയങ്ങളാൽ സ്വാഗതം ചെയ്യുന്നിടത്ത് നിൽക്കുക എന്നാണ്.

പഴയതും പുതിയതുമായ ഈ സമന്വയം... പുരാതന ജ്ഞാനത്തിനും ആധുനിക അഭിലാഷത്തിനും ഇടയിലുള്ള ഈ സന്തുലിതാവസ്ഥ... ഇതാണ് എത്യോപ്യയുടെ യഥാർത്ഥ ശക്തി.

മേഡേമറിന്റെ ഈ ആത്മാവ്, അല്ലെങ്കിൽ കൂട്ടായ പ്രയത്നം, ഇന്ത്യയിൽ നമുക്ക് വളരെ പരിചിതമാണ്. ലാലിബെലയിലെ ഏകശിലാരൂപത്തിലുള്ള പള്ളികളെപ്പോലെ, ഇന്ത്യയിലെ തമിഴ്‌നാട്ടിലെ പുരാതന ശിലാക്ഷേത്രങ്ങളും കല്ലിൽ സ്ഥാപിച്ച പ്രാർത്ഥനകളാണ്. നമ്മളും ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ നടക്കുന്ന, ഒരു പുരാതന നാഗരികതയാണ്.

सबका साथ, सबका विकास, सबका विश्वास, सबका प्रयास എന്ന ആഹ്വാനത്തിൽ എല്ലാവരുടെയും വളർച്ചയ്ക്കായി, എല്ലാവരുടെയും വിശ്വാസത്തോടും പരിശ്രമത്തോടും കൂടി ഒത്തുചേർന്ന്. നമ്മുടെ മാതൃരാജ്യത്തോടുള്ള നമ്മുടെ വികാരങ്ങൾ, നമ്മുടെ പരസ്പര കാഴ്ചപ്പാടുകളെയും പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരം, എത്യോപ്യൻ ദേശീയ ഗാനം എന്നിവ രണ്ടും മാതൃഭൂമിയെ അമ്മ എന്നാണ് വിശേഷിപ്പിക്കുന്നത്. പൈതൃകം, സംസ്കാരം, പ്രകൃതി സൗന്ദര്യം എന്നിവയിൽ അഭിമാനിക്കാനും മാതൃരാജ്യത്തെ സംരക്ഷിക്കാനും അവ നമ്മെ പ്രചോദിപ്പിക്കുന്നു.

ബഹുമാനപ്പെട്ട അംഗങ്ങളേ,

നമ്മുടെ വംശപരമ്പരയുടെ ആദ്യകാല കാൽപ്പാടുകൾ ശാസ്ത്രം കണ്ടെത്തിയത് എത്യോപ്യയിലാണ്. 'ലൂസി'യെയും 'ദിൻകിനേഷി'നെയും കുറിച്ച് ലോകം സംസാരിക്കുമ്പോൾ അവർ നമ്മുടെ എല്ലാവരുടെയും തുടക്കത്തെക്കുറിച്ചാണ് പറയുന്നത്. നമ്മൾ ആഡിസ് അബാബയിലോ അയോധ്യയിലോ ജീവിക്കുന്നവരായാലും നമുക്കെല്ലാവർക്കും അവകാശപ്പെട്ട ഒരു തുടക്കത്തെക്കുറിച്ച്.

ഇന്ത്യയിൽ, നമ്മൾ വസുധൈവ കുടുംബകം എന്ന് പറയുന്നു, ലോകം ഒരു കുടുംബമാണ്. രാഷ്ട്രീയത്തിനപ്പുറം, അതിർത്തികൾക്കപ്പുറം, വ്യത്യാസങ്ങൾക്കപ്പുറം, നമ്മൾ ഒരു പൊതു ഉത്ഭവം പങ്കിടുന്നുവെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ തുടക്കം പങ്കുവെച്ചിട്ടുണ്ടെങ്കിൽ നമ്മുടെ വിധിയും പങ്കുവെക്കപ്പെടണം.

ബഹുമാനപ്പെട്ട അംഗങ്ങളെ,

ഇന്ത്യയും എത്യോപ്യയും കാലാവസ്ഥയിലും ആത്മാവിലും ഊഷ്മളത പങ്കിടുന്നു. ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, നമ്മുടെ പൂർവ്വികർ വലിയ ജലാശയങ്ങളിലൂടെ ബന്ധം സ്ഥാപിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിന് കുറുകെ, സുഗന്ധവ്യഞ്ജനങ്ങൾ, പരുത്തി, കാപ്പി, സ്വർണ്ണം എന്നിവയുമായി വ്യാപാരികൾ കപ്പൽ കയറി. പക്ഷേ, അവർ സാധനങ്ങൾ മാത്രമല്ല കച്ചവടം ചെയ്തത്. അവർ ആശയങ്ങളും കഥകളും ജീവിതരീതികളും കൈമാറി. അദൂലിസ്, ധോലേര തുടങ്ങിയ തുറമുഖങ്ങൾ വെറും വ്യാപാര കേന്ദ്രങ്ങൾ മാത്രമായിരുന്നില്ല. നാഗരികതകൾക്കിടയിലുള്ള പാലങ്ങളായിരുന്നു.

ആധുനിക കാലത്ത്, നമ്മുടെ ബന്ധം ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചു. 1941-ൽ എത്യോപ്യയുടെ വിമോചനത്തിനായി ഇന്ത്യൻ സൈനികർ എത്യോപ്യക്കാർക്കൊപ്പം പോരാടി. ഇന്ത്യ സ്വതന്ത്രമായതിന് തൊട്ടുപിന്നാലെ ഞങ്ങളുടെ ഔപചാരിക നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചു.

എന്നാൽ എംബസികൾ സ്ഥാപിക്കുന്നതിന് മുമ്പുതന്നെ, നമ്മുടെ ആളുകൾ ഒരുമിച്ച് ഒരു പുതിയ അധ്യായം എഴുതാൻ തുടങ്ങിയിരുന്നു. ആയിരക്കണക്കിന് ഇന്ത്യൻ അധ്യാപകർ എത്യോപ്യയിലേക്ക് വന്നു. അവർ ആഡിസ് അബാബയിൽ, ദിരേ ദാവയിൽ, ബഹിർ ദാർ മുതൽ മേകേലേ വരെ കുട്ടികളെ പഠിപ്പിച്ചു. അവർ എത്യോപ്യൻ സ്കൂളുകളിൽ എത്തി, എത്യോപ്യൻ ഹൃദയങ്ങളിൽ പ്രവേശിച്ചു. ഇന്നും, പല എത്യോപ്യൻ മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ ഭാവി രൂപപ്പെടുത്തിയ ഇന്ത്യൻ അധ്യാപകരെക്കുറിച്ച് ഊഷ്മളമായി സംസാരിക്കുന്നു.

ഇന്ത്യൻ അധ്യാപകർ ഇവിടെ വന്നതുപോലെ, എത്യോപ്യൻ വിദ്യാർത്ഥികളും അറിവും സൗഹൃദവും തേടി ഇന്ത്യയിലേക്ക് യാത്ര ചെയ്തു. അവർ വിദ്യാർത്ഥികളായി ഇന്ത്യയിലേക്ക് പോയി ആധുനിക എത്യോപ്യയുടെ നിർമ്മാതാക്കളായി അവർ വീട്ടിലേക്ക് മടങ്ങി. അവരിൽ ചിലർ ഇപ്പോൾ ഈ പാർലമെന്റിൽ ഉണ്ടെന്ന് എന്നോട് പറഞ്ഞു! ബഹുമാനപ്പെട്ട സ്പീക്കർ  तागेसे चाफो ഉൾപ്പെടെ.

നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധം കെട്ടിപ്പടുക്കുന്നതിലും അവർ ഒരു പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ട്. കാരണം അവർ ഇന്ത്യയിൽ എത്യോപ്യൻ പാചകരീതി അവതരിപ്പിച്ചു. ഇന്ത്യയിൽ, റാഗി, ബജ്ര തുടങ്ങിയ "ശ്രീ അന്ന" ചെറുധാന്യങ്ങൾ കഴിക്കുന്നതും ഞങ്ങൾ ആസ്വദിക്കുന്നു. അതിനാൽ, എത്യോപ്യൻ ടെഫിന്റെ രുചി ഞങ്ങൾക്ക് വളരെ ആശ്വാസകരമാണ്. ഇന്ത്യൻ താലി കഴിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമായതിനാൽ, എത്യോപ്യൻ ബെയാ-നൈതൂവും ഞങ്ങൾക്ക് വളരെ പരിചിതമായി തോന്നുന്നു.

ബഹുമാനപ്പെട്ട അംഗങ്ങളെ,

ഇന്ന്, എത്യോപ്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരിൽ ഇന്ത്യൻ കമ്പനികളും ഉൾപ്പെടുന്നു. തുണിത്തരങ്ങൾ, ഉൽപ്പാദനം, കൃഷി, ആരോഗ്യം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ അവർ അഞ്ച് ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ, അവർ എഴുപത്തയ്യായിരത്തിലധികം പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

പക്ഷേ, നമ്മുടെ പങ്കാളിത്തത്തിന് ഇതിലേറെ സാധ്യതകളുണ്ട് എന്നതിൽ നമുക്കെല്ലാവർക്കും യോജിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,. അതുകൊണ്ടാണ്, പ്രധാനമന്ത്രി ഡോ. അബി അഹമ്മദും ഞാനും ഇന്നലെ ഒരു വലിയ ചുവടുവയ്പ്പ് നടത്തിയത്. ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തെ ഒരു തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയർത്താൻ ഞങ്ങൾ തീരുമാനിച്ചു.

സാങ്കേതികവിദ്യ, നവീന ആശയങ്ങൾ, ഖനനം, സുസ്ഥിരത, ശുദ്ധമായ ഊർജ്ജം എന്നിവയിലെ സഹകരണത്തിലൂടെ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകൾ ഇത് തുറന്നു നൽകും. ഭക്ഷ്യസുരക്ഷ, ആരോഗ്യ സുരക്ഷ, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലെ സഹകരണത്തിലൂടെ നമ്മുടെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും ഇത് സഹായിക്കും. കൂടാതെ, പ്രതിരോധ, സുരക്ഷാ കാര്യങ്ങളിലും നമ്മുടെ വ്യാപാര, നിക്ഷേപ സഹകരണം മെച്ചപ്പെടുത്തും.

ബഹുമാനപ്പെട്ട അംഗങ്ങളെ,

വികസ്വര രാജ്യങ്ങൾ എന്ന നിലയിൽ, നമുക്ക് പരസ്പരം പഠിക്കാനും വാഗ്ദാനം ചെയ്യാനും ധാരാളം കാര്യങ്ങളുണ്ട്. കൃഷി നമ്മുടെ രണ്ട് രാഷ്ട്രങ്ങളുടെയും നട്ടെല്ലാണ്. ഇത് നമ്മുടെ ജനങ്ങളെ പോഷിപ്പിക്കുന്നു. ഇത് നമ്മുടെ കർഷകരെ നിലനിർത്തുന്നു. ഇത് പാരമ്പര്യത്തെ നവീന ആശയങ്ങളുമായി ബന്ധിപ്പിക്കുന്നു. മെച്ചപ്പെട്ട വിത്തുകൾ, ജലസേചന സംവിധാനങ്ങൾ, മണ്ണിന്റെ ആരോഗ്യ സാങ്കേതികവിദ്യകൾ എന്നിവ വികസിപ്പിക്കുന്നതിന് നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

കാലാവസ്ഥാ വ്യതിയാനം മഴയെയും വിള ചക്രങ്ങളെയും ബാധിക്കുന്നതിനാൽ, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കൃഷിയിൽ നമുക്ക് അറിവ് പങ്കിടാൻ കഴിയും. ക്ഷീരകർഷകർ മുതൽ കാർഷിക യന്ത്രവൽക്കരണം വരെ, ചെറുധാന്യ ഗവേഷണം മുതൽ ഭക്ഷ്യ സംസ്കരണം വരെ, ഒന്നിച്ച് പ്രവർത്തിച്ചുകൊണ്ട്, നമ്മുടെ കർഷകരെ അഭിവൃദ്ധിപ്പെടുത്താൻ നമുക്ക് സഹായിക്കാനാകും.

ബഹുമാനപ്പെട്ട അംഗങ്ങളേ,

ഇന്ത്യയിൽ, ഞങ്ങൾ ഒരു ശക്തമായ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം നിർമ്മിച്ചിട്ടുണ്ട്. സേവനങ്ങൾ നൽകുന്ന രീതിയെയും ആളുകൾ അവ എങ്ങനെ ഉപയോഗിക്കുന്ന രീതിയെയും ഇത് മാറ്റിമറിച്ചു. ഇന്ന്, ഇന്ത്യയിലെ ഓരോ പൗരനും പേയ്‌മെന്റുകൾക്കും തിരിച്ചറിയലിനും ​ഗവൺമെന്റ് സേവനങ്ങൾക്കും സാങ്കേതികവിദ്യ ഉപയോഗിക്കാം. ലോകത്തിലെ തത്സമയ ഡിജിറ്റൽ പേയ്‌മെന്റുകളിൽ പകുതിയിലധികവും ഇപ്പോൾ ഇന്ത്യയിലാണ് സംഭവിക്കുന്നത്.

500 ബില്യൺ ഡോളറിലധികം മൂല്യമുള്ള ക്ഷേമ ആനുകൂല്യങ്ങൾ ചോർച്ചയോ അഴിമതിയോ ഇല്ലാതെ കോടിക്കണക്കിന് ഗുണഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് എത്തിയിട്ടുണ്ട്. എല്ലാ വർഷവും മൂന്ന് തവണ, ഏകദേശം 100 ദശലക്ഷം കർഷകർക്ക് ഒരു ബട്ടണിൽ ക്ലിക്കുചെയ്യുന്നതിലൂടെ സാമ്പത്തിക സഹായം ലഭിക്കുന്നു.

ഡിജിറ്റൽ എത്യോപ്യ 2025 തന്ത്രം നിങ്ങൾ നടപ്പിലാക്കുമ്പോൾ, എത്യോപ്യയുമായി ഞങ്ങളുടെ വൈദഗ്ധ്യവും അനുഭവവും പങ്കിടാൻ ഞങ്ങൾ തയ്യാറാണ്. നിങ്ങളുടെ വിദേശകാര്യ മന്ത്രാലയത്തിനായുള്ള ഡാറ്റാ സെന്റർ വികസിപ്പിക്കുന്നതിന് വിശ്വസ്ത പങ്കാളിയായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.

ബഹുമാനപ്പെട്ട അംഗങ്ങളെ,

ലോകത്തിന്റെ ഔഷധശാല എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. കോവിഡ് മഹാമാരിയുടെ സമയത്ത്, ലോകം മുഴുവൻ ആശങ്കയിലായിരുന്നു. അത് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. പരിമിതമായ വിഭവങ്ങൾ ഉണ്ടായിരുന്നിട്ടും, മറ്റുള്ളവരെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യുക എന്നത് മനുഷ്യരാശിയോടുള്ള നമ്മുടെ പവിത്രമായ കടമയായി ഞങ്ങൾ കണക്കാക്കി.

150-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്നുകളും വാക്സിനുകളും അയച്ചു. എത്യോപ്യയ്ക്ക് 4 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്യാൻ കഴിഞ്ഞത് ഇന്ത്യയുടെ അഭിമാനകരമായ പദവിയാണ്. ഇന്ത്യയിൽ തുളസി ഭായ് എന്നറിയപ്പെടുന്ന എത്യോപ്യയുടെ അഭിമാനപുത്രനും ഡോക്ടർ ടെഡ്രോസിന്റെ നേതൃത്വത്തിലുള്ള ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് അങ്ങനെ ചെയ്യാൻ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യമാണ്. 

ഫാർമസ്യൂട്ടിക്കൽസ് മുതൽ ആശുപത്രികൾ വരെയും പരമ്പരാഗത വൈദ്യശാസ്ത്രം മുതൽ ടെലിമെഡിസിൻ വരെയും നമ്മുടെ ആരോഗ്യ സംരക്ഷണ സഹകരണം വളരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആശുപത്രികളിൽ പുതിയ ഉപകരണങ്ങൾ നൽകുന്നത് മുതൽ ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകളുടെ ശേഷി വർദ്ധിപ്പിക്കൽ വരെ - നമ്മുടെ ആരോഗ്യ സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ബഹുമാനപ്പെട്ട അംഗങ്ങളേ,

ആഫ്രിക്കയുടെ ഒരു സംഗമസ്ഥാനത്താണ് എത്യോപ്യ സ്ഥിതിചെയ്യുന്നത്. ഇന്ത്യ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഹൃദയഭാഗത്തും നിലകൊള്ളുന്നു. പ്രാദേശിക സമാധാനം, സുരക്ഷ, കണക്റ്റിവിറ്റി എന്നിവയിൽ നാം സ്വാഭാവിക പങ്കാളികളാണ്.

ഈ വർഷം ആദ്യം പ്രതിരോധ സഹകരണ കരാർ ഒപ്പുവച്ചതോടെ പരസ്പര സുരക്ഷയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത കൂടുതൽ ശക്തമായി. ഈ കരാർ അടുത്ത സൈനിക സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സൈബർ സുരക്ഷ, പ്രതിരോധ വ്യവസായങ്ങൾ, സംയുക്ത ഗവേഷണം, ശേഷി വികസനം എന്നിവയിലെ സഹകരണം ഈ കരാർ ലക്ഷ്യമിടുന്നു.

ഏപ്രിലിൽ ഇന്ത്യയിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുശേഷം എത്യോപ്യ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിന് നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. ഞങ്ങളുടെ സർവകക്ഷി പാർലമെന്ററി പ്രതിനിധി സംഘത്തെ ഇത്രയധികം ഊഷ്മളമായി സ്വീകരിച്ചതിനും ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത ഉറപ്പിച്ച് പ്രഖ്യാപിച്ചതിനും ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു.

ബഹുമാനപ്പെട്ട അംഗങ്ങളേ,

ഊർജ്ജസ്വലവും വൈവിധ്യപൂർണ്ണവുമായ ജനാധിപത്യ രാഷ്ട്രങ്ങൾ എന്ന നിലയിൽ, ജനാധിപത്യം ഒരു ജീവിതരീതിയാണെന്നും അത് ഒരു യാത്രയാണെന്നും നാം രണ്ടുപേരും മനസ്സിലാക്കുന്നു. ചിലപ്പോൾ സംവാദത്തിലൂടെയും ചിലപ്പോൾ വിയോജിപ്പിലൂടെയും എന്നാൽ എല്ലായ്പ്പോഴും നിയമവാഴ്ചയിലും ജനങ്ങളുടെ ഇച്ഛാശക്തിയിലും ഉള്ള വിശ്വാസത്തിലൂടെയും ഇത് രൂപപ്പെടുന്നു.

നമ്മുടെ രണ്ട് ഭരണഘടനകളും ഈ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ ഭരണഘടന ആരംഭിക്കുന്നത് "ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ" എന്ന വാക്കുകളോടെയാണ്. എത്യോപ്യയുടെ ഭരണഘടന ആരംഭിക്കുന്നത് ഇങ്ങനെയാണ്: "നമ്മൾ, ദേശങ്ങൾ, ദേശീയതകൾ, എത്യോപ്യയിലെ ജനങ്ങൾ." നമ്മുടെ വിധി നമ്മുടെ കൈകളിലാണെന്ന സന്ദേശമാണ് ഇവ നൽകുന്നത്. 

ഇന്ന് രാവിലെ, ആദ്വ വിജയ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. അന്തസ്സിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ എത്യോപ്യയുടെ വിജയം എങ്ങനെയാണ് കോളനിവൽക്കരിക്കപ്പെട്ട ലോകത്തിന് പ്രചോദനമായതെന്ന് ഈ സ്മാരകം ഓർമ്മിപ്പിക്കുന്നു. സംഘർഷത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഈ കാലഘട്ടത്തിൽ, ​ഗ്ലോബൽ സൗത്തിലെ ജനങ്ങൾക്ക് സ്വയം നിലകൊള്ളാൻ കഴിയുമെന്നതിന്റെ ഓർമ്മപ്പെടുത്തലാണിത്.

ബഹുമാനപ്പെട്ട അംഗങ്ങളേ,

മഹാത്മാഗാന്ധി നമുക്ക് രക്ഷാകർത്തൃത്വം എന്ന ആശയം നൽകി. ഈ മനോഹരമായ ഭൂമിയും അതിന്റെ വിഭവങ്ങളും നമ്മുടെ ഉടമസ്ഥതയിലുള്ളതല്ല. പകരം, അവയെ പരിപാലിക്കുകയും നമ്മുടെ കുട്ടികൾക്ക് കൈമാറുകയും ചെയ്യേണ്ട കാവൽക്കാരാണ് നമ്മൾ. ഇന്ത്യയുടെ "ഏക് പേഡ് മാ കേ നാം" - "അമ്മയുടെ പേരിൽ ഒരു മരം" സംരംഭത്തെ നയിക്കുന്ന രക്ഷാകർത്തൃത്വത്തിന്റെ ആത്മാവ് എത്യോപ്യയുടെ ഗ്രീൻ ലെഗസി സംരംഭത്തിലും പ്രതിഫലിക്കുന്നു.

മാതൃഭൂമിയെ പരിപാലിക്കുന്നതിൽ നമ്മുടെ രണ്ട് രാജ്യങ്ങളും വിശ്വസിക്കുന്നു. പ്രകൃതിക്ക് തിരികെ നൽകുന്നതിൽ ഇരുവരും വിശ്വസിക്കുന്നു. പുനരുപയോ​ഗ ഊർജ്ജം, പരിസ്ഥിതി സൗഹൃദ ജോലികൾ എന്നിവയിൽ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ദുരന്ത പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ, ജൈവ ഇന്ധനങ്ങൾ എന്നിവയിൽ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. കാലാവസ്ഥാ നീതിക്കായി നമുക്ക് ശക്തമായ ശബ്ദം ഉയർത്താം. 2027-ൽ നടക്കുന്ന COP-32-ൽ ​ഗ്ലോബൽ സൗത്തിന് ശക്തമായ ശബ്ദം നൽകാനുള്ള എത്യോപ്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യ സന്തോഷിക്കും.

ബഹുമാനപ്പെട്ട അംഗങ്ങളേ,

 "ചിലന്തിവലകൾ ഒന്നിച്ചാൽ, അവർക്ക് ഒരു സിംഹത്തെ കെട്ടിയിടാൻ കഴിയും" എന്നൊരു ചൊല്ല് എത്യോപ്യയിലുണ്ടെന്ന് എനിക്ക് പറഞ്ഞുതന്നിരുന്നു. मन मिलें तो पर्वत भी रास्ता दे देते हैं - ഹൃദയങ്ങൾ ഒന്നിക്കുമ്പോൾ, പർവതങ്ങൾ പോലും വഴിമാറിപ്പോകുമെന്ന് ഇന്ത്യയും വിശ്വസിക്കുന്നു.

തീർച്ചയായും, ഐക്യദാർഢ്യമാണ് കരുത്ത്, സഹകരണമാണ് ശക്തി. ഇന്ന്, ​ഗ്ലോബൽ സൗത്തിലെ രാഷ്ട്രങ്ങളായി, പുരാതന നാഗരികതകളായി, സുഹൃത്തുക്കളായി, ഇന്ത്യയും എത്യോപ്യയും ഒരുമിച്ച് നിൽക്കുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളായി നാം ഒരുമിച്ച് നിൽക്കുന്നു. കൂടുതൽ നീതിയുക്തവും കൂടുതൽ തുല്യവും കൂടുതൽ സമാധാനപരവുമായ ഒരു ലോകത്തിനായി നമ്മൾ പ്രവർത്തിക്കുന്നു.

ആഫ്രിക്കൻ ഐക്യത്തിന്റെ സ്വപ്നങ്ങൾക്ക് ഒരു താവളം കണ്ടെത്തിയത് ഇവിടെയാണ്, ആഡിസ് അബാബയിലാണ്. ഈ അത്ഭുതകരമായ നഗരത്തിലെ പല തെരുവുകൾക്കും ആഫ്രിക്കൻ രാജ്യങ്ങളുടെ പേരുകൾ പോലും നൽകിയിട്ടുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു!

ഇന്ത്യൻ മഹാസമുദ്രത്തിന്റെ മറുവശത്ത്, ന്യൂഡൽഹിയിലാണ്, ജി 20 യുടെ സ്ഥിരാംഗമായി ആഫ്രിക്കൻ യൂണിയനെ സ്വാഗതം ചെയ്യാൻ ഇന്ത്യക്ക് ബഹുമതി ലഭിച്ചത്. കഴിഞ്ഞ വർഷം, എത്യോപ്യയെ ബ്രിക്‌സിൽ പൂർണ്ണ അംഗമായി ഉൾപ്പെടുത്തിക്കൊണ്ട് ഞങ്ങൾ മറ്റൊരു ചരിത്രപരമായ ചുവടുവയ്പ്പ് നടത്തി.

വാസ്തവത്തിൽ, എന്റെ ​ഗവൺമെന്റിന്റെ 11 വർഷത്തിനിടയിൽ, ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള ബന്ധം പലമടങ്ങ് വളർന്നു. ഈ കാലയളവിൽ, രാഷ്ട്രത്തലവന്മാരുടെയും ഗവൺമെന്റുകളുടെയും തലത്തിൽ ഞങ്ങൾ 100-ലധികം സന്ദർശനങ്ങൾ നടത്തി.

ബഹുമാനപ്പെട്ട അംഗങ്ങളേ,

ഗ്ലോബൽ സൗത്ത് സ്വന്തം വിധി എഴുതുകയാണ്. ഇന്ത്യയും എത്യോപ്യയും അതിനായി ഒരു ദർശനം പങ്കിടുന്നു. ലോകത്തെക്കുറിച്ചുള്ള നമ്മുടെ ദർശനം, ​ഗ്ലോബൽ സൗത്ത് ഉയരുന്നത് ആർക്കും എതിരായിട്ടല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയാണ് എന്നതാണ്.

വികസനം ന്യായമായതും സാങ്കേതികവിദ്യ പ്രാപ്യമാകുന്നതും പരമാധികാരം ബഹുമാനിക്കപ്പെടുന്നതുമായ ഒരു ലോകം. സമൃദ്ധി പങ്കിടപ്പെടുന്നതും സമാധാനം സംരക്ഷിക്കപ്പെടുന്നതുമായ ഒരു ലോകം. 1945നെ അടിസ്ഥാനമാക്കിയല്ല മറിച്ച്, ഇന്നത്തെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ തീരുമാനമെടുക്കുന്ന ഒരു ലോകം. കാരണം, അതിന്റെ സംവിധാനങ്ങളെ ഭൂതകാലത്തിൽ പൂട്ടിയിരുന്നാൽ ലോകത്തിന് മുന്നോട്ട് പോകാൻ കഴിയില്ല.

അതുകൊണ്ടാണ് ഇന്ത്യ ഒരു ആഗോള വികസന കരാറിന് ഊന്നൽ നൽകിയത്. സുസ്ഥിര വളർച്ചയ്ക്കായി സാങ്കേതികവിദ്യ പങ്കിടൽ, താങ്ങാനാവുന്ന ധനകാര്യം, ശേഷി വർദ്ധിപ്പിക്കൽ, വ്യാപാരം എന്നിവയ്ക്ക് മുൻഗണന നൽകും. അതുകൊണ്ടാണ് നവംബറിൽ നടന്ന ജി-20 ഉച്ചകോടിയിൽ, ഒരു ദശലക്ഷം പരിശീലകരെ പരിശീലിപ്പിക്കുന്നതിനായി ഒരു "ആഫ്രിക്ക സ്കിൽസ് മൾട്ടിപ്ലയർ ഇനിഷ്യേറ്റീവ്" ഞാൻ ആവശ്യപ്പെട്ടത്. ഇത് പ്രാദേശിക ശേഷികൾ വികസിപ്പിക്കുകയും എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനത്തിനായുള്ള നിങ്ങളുടെ ശ്രമങ്ങളെ സഹായിക്കുകയും ചെയ്യും. 

ബഹുമാനപ്പെട്ട അംഗങ്ങളേ,

ചായയുമായുള്ള എന്റെ വ്യക്തിപരമായ ബന്ധം എല്ലാവർക്കും അറിയാവുന്നതാണല്ലോ. എന്നാൽ എത്യോപ്യയിൽ വന്നിട്ട് കാപ്പിയെക്കുറിച്ച് പരാമർശിക്കാതിരിക്കുക അസാധ്യമാണ്! ലോകത്തിന് നിങ്ങൾ നൽകിയ ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നാണത്!

ഒരു എത്യോപ്യൻ കാപ്പി സൽക്കാരത്തിൽ, ആളുകൾ ഒരുമിച്ച് ഇരിക്കുന്നു, സമയം പതുക്കെയാകുന്നു, സൗഹൃദങ്ങൾ ആഴമേറിയതാകുന്നു. ഇന്ത്യയിലും, ഒരു കപ്പ് ചായ കുടിക്കുന്നത് സംസാരിക്കാനും പങ്കിടാനും പരസ്പരബന്ധത്തിനുമുളള ഒരു ക്ഷണമാണ്. എത്യോപ്യൻ കാപ്പിയും ഇന്ത്യൻ ചായയും പോലെ, നമ്മുടെ സൗഹൃദം കൂടുതൽ ശക്തമാവുകയാണ്!

ഇന്ന്, സഹോദരീസഹോദരന്മാർക്കിടയിൽ, നിറഞ്ഞ കൃതജ്ഞതയോടും ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളോടും കൂടിയാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. ഭാവി നമ്മെ വിളിക്കുകയാണ്. ഭാരതവും എത്യോപ്യയും അതിന് ഉത്തരം നൽകാൻ തയ്യാറാണ്.

ബഹുമാനപ്പെട്ട അംഗങ്ങളെ,

ഞാൻ ഉപസംഹരിക്കുമ്പോൾ, നമ്മൾ തുല്യരായി ഒരുമിച്ച് നടക്കുമെന്ന് ഞാൻ നിങ്ങൾക്ക് എന്റെ വാക്ക് നൽകുന്നു. പങ്കാളികളായി നാം ഒരുമിച്ച് കെട്ടിപ്പടുക്കും. സുഹൃത്തുക്കളായി നമ്മൾ ഒരുമിച്ച് വിജയിക്കും.

ഈ പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ കഴിഞ്ഞതിന് നന്ദി. നിങ്ങളുടെ സൗഹൃദത്തിന് നന്ദി. നിങ്ങളുടെ വിശ്വാസത്തിന് നന്ദി.

तब्बारकु
देना हुन्नु
आम सग्नालो

നന്ദി.

***

NK


(रिलीज़ आईडी: 2205841) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Bengali-TR , Manipuri , Punjabi , Gujarati , Odia , Telugu , Kannada