വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഫിലിം സർട്ടിഫിക്കേഷനായി സിബിഎഫ്‌സി രൂപീകരിക്കുന്ന എല്ലാ പരിശോധനാ, പുനരവലോകന സമിതികളിലും 50% വനിതാ പങ്കാളിത്തം ഉറപ്പാക്കുന്നു

प्रविष्टि तिथि: 05 DEC 2025 2:47PM by PIB Thiruvananthpuram
ബോർഡിലും ഉപദേശക പാനലുകളിലും മൂന്നിലൊന്ന് വനിതാ അംഗങ്ങളെ നിർബന്ധമാക്കുന്ന 2024 ലെ സിനിമാട്ടോഗ്രാഫ് (സർട്ടിഫിക്കേഷൻ) നിയമങ്ങൾക്കനുസൃതമായി, സിബിഎഫ്‌സി അതിന്റെ സമിതികളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ട്. കൂടാതെ, ചട്ടങ്ങൾ പ്രകാരം, സിനിമകളുടെ പരിശോധനയ്ക്കായി രൂപീകരിച്ച എല്ലാ പരിശോധന കമ്മിറ്റിയിലും പുനരവലോകന സമിതിയിലും 50% വനിതാ പ്രാതിനിധ്യവും സിബിഎഫ്‌സി ഉറപ്പാക്കുന്നു.

1952-ലെ സിനിമാട്ടോഗ്രാഫ് നിയമവും അതിന് കീഴിലുള്ള ചട്ടങ്ങളും അനുസരിച്ചാണ് ബോർഡ് അംഗങ്ങളുടെ കാലാവധി നിയന്ത്രിക്കുന്നത്. 2024-ലെ സിനിമാട്ടോഗ്രാഫ് (സർട്ടിഫിക്കേഷൻ) ചട്ടങ്ങളിലെ ചട്ടം 3 പ്രകാരം, ഓരോ അംഗത്തിനും കേന്ദ്ര ഗവണ്മെന്റിന്റെ താല്പര്യപ്രകാരം മൂന്ന് വർഷത്തിൽ കൂടാത്ത കാലയളവിൽ ഔദ്യോഗിക പദവി വഹിക്കാനാകും. അതേ സമയം,ആ സ്ഥാനത്ത് പുതിയ അംഗങ്ങളെ നിയമിക്കുന്നതുവരെ നിലവിലെ അംഗങ്ങളുടെ കാലാവധി തുടരുന്നതാണ്.

ബോർഡ് അംഗങ്ങളുമായി സിബിഎഫ്‌സി ഓൺലൈനായി യോഗങ്ങൾ നടത്തുന്നു. 2017 മുതൽ, സർട്ടിഫിക്കേഷൻ പ്രവർത്തനങ്ങൾ പ്രധാനമായും ഇ-സിനിപ്രമാൺ ഓൺലൈൻ സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റലാക്കിയിട്ടുണ്ട്. അതിലൂടെ അപേക്ഷകളുടെ സമർപ്പണം, നടപടിക്രമം,, അംഗീകാരങ്ങൾ എന്നിവ ഓൺലൈനായി നടക്കുന്നു. സമർപ്പിക്കപ്പെടുന്ന സിനിമകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി പരിശോധന, പുനരവലോകന സമിതികളുടെ യോഗങ്ങൾ എന്നിവ ആവശ്യാനുസരണം നടക്കുന്നു. ഇത് സമയബന്ധിതമായ സർട്ടിഫിക്കേഷൻ ഉറപ്പാക്കുന്നു.

സിനിമയുടെ പേര്, ഭാഷ, ദൈർഘ്യം, അപേക്ഷകന്റെ പേര്, നിർമ്മാതാവിന്റെ പേര്, സംഗ്രഹം, അഭിനേതാക്കളുടെ/സംഘത്തിന്റെ വിശദാംശങ്ങൾ തുടങ്ങി സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകാൻ ക്യുആർ കോഡ് സംവിധാനം സഹായിക്കുന്നു. ഡാറ്റ സുരക്ഷ, സമഗ്രത, സ്വകാര്യത പാലിക്കൽ എന്നിവ ഉറപ്പാക്കുന്നതിന് ഇ-സിനിപ്രമാൺ പോർട്ടലിലെ ക്യുആർ കോഡിന് കീഴിൽ ലഭ്യമാകുന്ന ഉള്ളടക്കത്തിൽ ഏതാനും ചില മാറ്റങ്ങൾ മാത്രമേ വരുത്തിയിട്ടുള്ളൂ. ഈ മാറ്റങ്ങൾ, പൊതുജനങ്ങൾക്ക് സർട്ടിഫിക്കേഷൻ സംബന്ധിച്ച വിവരങ്ങളുടെ  ലഭ്യതയെ ബാധിക്കില്ല.

സിബിഎഫ്‌സി എല്ലാ വർഷവും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നു. ഈ വിവരങ്ങൾ മന്ത്രാലയം, അതിന്റെ ഏകീകൃത വാർഷിക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പതിവായി പ്രസിദ്ധീകരിക്കുകയും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കുകയും ചെയ്യുന്നു.

ശ്രീമതി സാഗരിക ഘോഷ് ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് മറുപടിയായി ഇന്ന് രാജ്യസഭയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ സമർപ്പിച്ചതാണ് ഈ വിവരങ്ങൾ.
 
*****

(रिलीज़ आईडी: 2199449) आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali-TR , Assamese , Odia , Tamil , Telugu , Kannada