പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ.മിശ്ര ഐ.ഐ.ടി. (ഐ.എസ്.എം.) ധൻബാദിന്റെ ശതാബ്ദി വാരാഘോഷത്തെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രിയുടെ വികസിത ഭാരതം 2047 എന്ന ദർശനം നടപ്പിലാക്കാൻ ഐഐടി ധൻബാദിനോട് ആഹ്വാനം ചെയ്ത് ഡോ.പി.കെ.മിശ്ര

ആഗോള പ്രക്ഷുബ്ധതയ്ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തം: ഡോ.പി.കെ.മിശ്ര

പല രാജ്യങ്ങളും, പ്രത്യേകിച്ച് 'ഗ്ലോബൽ സൗത്തി'ലുടനീളം, ഇപ്പോൾ ഇന്ത്യയെ ഒരു വിശ്വബന്ധു എന്ന നിലയിൽ നോക്കികാണുന്നു - അതായത് ആധുനിക ശേഷിയും നാഗരിക ജ്ഞാനവും സംയോജിപ്പിക്കുന്ന ഒരു വിശ്വസ്ത പങ്കാളി എന്ന നിലയിൽ: ഡോ.പി.കെ.മിശ്ര

ഇന്ത്യയുടെ തന്ത്രപ്രധാന ധാതു ദൗത്യത്തിന് അടിത്തറയിടാൻ ഐഐടി ധൻബാദിനോട് ആഹ്വാനം ചെയ്ത് ഡോ.പി.കെ.മിശ്ര

प्रविष्टि तिथि: 03 DEC 2025 3:08PM by PIB Thiruvananthpuram

ധൻബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ്) ശതാബ്ദി വാരാഘോഷം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ മിശ്ര ഇന്ന് ഉദ്ഘാടനം ചെയ്തു. അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, വിശിഷ്ടാതിഥികൾ എന്നിവരെ അഭിസംബോധന ചെയ്ത ഡോ.മിശ്ര, 2047 ഓടെ ഇന്ത്യ ഒരു വികസിത ഭാരതമായി മാറുന്നതിൽ ഐഐടി ധൻബാദിന്റെ നിർണായക പങ്ക് ഊന്നിപ്പറഞ്ഞു.

ഈ വർഷം ആരംഭത്തിൽ ധൻബാദ് ഐഐടി (ഐഎസ്എം) ഡോ.പി.കെ.മിശ്രയ്ക്ക് ഡോക്ടർ ഓഫ് സയൻസ് പദവി സമ്മാനിച്ചു.

ഖനനം, ഊർജ്ജം, ഭൂമിശാസ്ത്രം, അപ്ലൈഡ് എഞ്ചിനീയറിംഗ് എന്നിവയിലെ അപാരമായ സംഭാവനകൾ ചൂണ്ടിക്കാട്ടി, സ്ഥാപനത്തിന്റെ 100 വർഷത്തെ പാരമ്പര്യത്തിന്റെ ആഘോഷങ്ങളിൽ പങ്കുചേരാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച ഡോ.മിശ്ര, ഏഷ്യയിലെ ഖനന വിദ്യാഭ്യാസത്തിൽ ഐഐടി ധൻബാദ് ഒരു മുൻപന്തിയിലുണ്ടെന്നും സ്ഥാപനം  കോൾ ഇന്ത്യ, ഒഎൻജിസി, ജിഎസ്ഐ, സിഎംപിഡിഐ, എൻടിപിസി തുടങ്ങിയ ദേശീയ സ്ഥാപനങ്ങൾക്ക് ഇത്  നിരന്തരം വിദഗ്ധ ഉപദേശം നൽകിയിട്ടുണ്ടെന്ന കാര്യവും  അനുസ്മരിച്ചു. സ്ഥാപനത്തിൻ്റെ ഗവേഷണ ഫലങ്ങൾ ഖനി സുരക്ഷ, കൽക്കരി പര്യവേക്ഷണം, എണ്ണ-വാതക മേഖല, ധാതുക്കളുടെ ശുദ്ധീകരണം എന്നിവയിലെ ദേശീയ നിലവാരങ്ങളെ രൂപപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു."ശതാബ്ദി എന്നത് കേവലം ഒരു നാഴികക്കല്ല് മാത്രമല്ല, മറിച്ച് നല്ല സാമൂഹിക ഫലങ്ങൾക്കായി ഉപയോഗിക്കുമ്പോൾ സ്ഥിരമായ പ്രതിബദ്ധതയ്ക്ക് എന്ത് നേടാൻ കഴിയുമെന്നതിൻ്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്," ഡോ. മിശ്ര അഭിപ്രായപ്പെട്ടു. ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്ന ദീർഘകാല കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിൽ സ്ഥാപനത്തിനുള്ള പങ്ക് എന്തായിരിക്കണമെന്ന് ആത്മപരിശോധന നടത്താൻ അദ്ദേഹം സ്ഥാപനത്തോട് അഭ്യർത്ഥിച്ചു.

2047-ലെ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനം എടുത്തുകാണിച്ചുകൊണ്ട്, പ്രകൃതിയെയും സംസ്കാരത്തെയും സന്തുലിതമാക്കി ശാസ്ത്ര സാങ്കേതിക വിദ്യയിൽ ആഗോളതലത്തിൽ മുന്നിട്ടുനിൽക്കുന്നതിനൊപ്പം ഒരു വികസിത രാജ്യമെന്ന പദവി കൈവരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ശ്രീ മിശ്ര പറഞ്ഞു. ഇന്ത്യ എല്ലാ മേഖലകളിലും ആത്മനിർഭരമായിരിക്കുമെന്നും സ്ത്രീകൾ വികസന മുന്നേറ്റത്തെ നയിക്കുമെന്നും സമ്പദ്‌വ്യവസ്ഥ എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനവുമാകുമെന്നും അഴിമതി, ജാതീയത, വർഗീയത എന്നിവയ്ക്ക് ദേശീയ ജീവിതത്തിൽ സ്ഥാനമില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക പാതയെക്കുറിച്ച് പരാമർശിക്കവേ, നവീകരണത്തിലും പുനർനിർമ്മാണത്തിലും വേരൂന്നിയ സമീപനമാണ് രാജ്യത്തിന്റേതെന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, വിശേഷിപ്പിച്ചു. മത്സരശേഷി പ്രോത്സാഹിപ്പിക്കുക, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക, ആഗോള വെല്ലുവിളികളെ നേരിടുക, അവസാന വ്യക്തിയിലേക്ക് വരെ സേവനങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ സമീപനത്തിന്റെ നാല് തൂണുകൾ എന്ന് അദ്ദേഹം വിശദീകരിച്ചു. പകർച്ചവ്യാധി, വ്യാപാര യുദ്ധങ്ങൾ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, കാലാവസ്ഥാ വ്യതിയാനം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവ മൂലമുണ്ടായ ആഗോള സമ്പദ്‌വ്യവസ്ഥയിലെ പ്രക്ഷുബ്ധത അദ്ദേഹം അംഗീകരിച്ചു. എന്നിരുന്നാലും, നടപ്പുസാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യ 8.2 ശതമാനം ശക്തമായ ജിഡിപി വളർച്ച നേടിയത്  ഉദ്ധരിച്ച്,  രാജ്യത്തിൻ്റെ അതിജീവനശേഷി അദ്ദേഹം ഉയർത്തിക്കാട്ടി. "അനിശ്ചിതത്വത്തിനിടയിലും, അമൃത്കാലത്തിൽ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയുമാണ്  ഇന്ത്യ മുന്നോട്ട് പോകുന്നത്," അദ്ദേഹം പറഞ്ഞു.

ഭാവി രൂപപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെ പരിവർത്തനാത്മക പങ്കിനെ ഡോ.മിശ്ര ഊന്നിപ്പറഞ്ഞു. സ്മാർട്ട്‌ഫോണുകൾ, ബിഗ് ഡാറ്റ മുതൽ റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ എല്ലായിടത്തും തടസ്സങ്ങളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 100-ലധികം യൂണികോണുകളും രണ്ട് ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളുമുള്ള ഒരു ആഗോള ഇന്നൊവേഷൻ പവർഹൗസായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ടെന്നും ഇത് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന ഗവേഷണത്തിനും പ്രോട്ടോടൈപ്പുകൾക്കുമായി ₹1 ലക്ഷം കോടിയുടെ അനുസന്ധൻ നാഷണൽ റിസർച്ച് ഫണ്ട്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നേതൃത്വം കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യാഎഐ മിഷൻ, പരിവർത്തനാത്മക സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സമർപ്പിത ഡീപ് ടെക് ഫണ്ട് ഓഫ് ഫണ്ടസ് എന്നിവയുൾപ്പെടെയുള്ള നവീകരണ പ്രക്രിയയിലെ വിടവുകൾ നികത്തുന്നതിനുള്ള ​ഗവൺമെന്റ് സംരംഭങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു."ഭാവിക്ക് സജ്ജമായ ഒരു നവീകരണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലെ പ്രധാനപ്പെട്ട ആദ്യ ചുവടുകളാണ് ഇവ," അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രധാനമന്ത്രിയുടെ "4S" മന്ത്രമായ - സ്കോപ്പ്, സ്കെയിൽ, സ്പീഡ്, സ്കിൽ - എന്നിവയെ ഭരണത്തിന്റെ മാർഗ്ഗനിർദ്ദേശ തത്വമായി വിശദീകരിച്ചുകൊണ്ട്, ആയുഷ്മാൻ ഭാരത്, ഡിജിറ്റൽ ഇന്ത്യ, യുപിഐ, മിഷൻ കർമ്മയോഗി തുടങ്ങിയ മുൻനിര സംരംഭങ്ങളെ സാങ്കേതികവിദ്യയും മൂല്യങ്ങളും ചേർന്ന് എല്ലാവരെയും ഉൾക്കൊള്ളുന്നതും  പൗരകേന്ദ്രീകൃതവുമായ സേവന വിതരണം എങ്ങനെ പ്രാപ്തമാക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളായി ഡോ.മിശ്ര ഉദ്ധരിച്ചു. ആധാർ, കോവിൻ, നാഷണൽ ഡിജിറ്റൽ എഡ്യൂക്കേഷൻ ആർക്കിടെക്ചർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ, ഉൾപ്പെടുത്തലിനൊപ്പം കാര്യക്ഷമത എങ്ങനെ നിലനിൽക്കുമെന്ന് തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "പല രാജ്യങ്ങളും, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിലുടനീളം, ഇപ്പോൾ ഇന്ത്യയെ ഒരു വിശ്വബന്ധുവായി  - അതായത്  ആധുനിക ശേഷി നാഗരിക ജ്ഞാനവുമായി സംയോജിപ്പിക്കുന്ന ഒരു വിശ്വസ്ത പങ്കാളിയായി കാണുന്നത് സ്വാഭാവികമാണ്," ഡോ. മിശ്ര നിരീക്ഷിച്ചു. നാഷണൽ ക്വാണ്ടം മിഷൻ, ചന്ദ്രയാൻ-3, ആദിത്യ-എൽ1 പോലുള്ള ബഹിരാകാശ നേട്ടങ്ങൾ, നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷനോടൊപ്പം 200 ജിഗാവാട്ട് കടന്ന പുനരുപയോഗ ഊർജ്ജ ശേഷി, ശാസ്ത്രീയ പര്യവേക്ഷണത്തിനായി തദ്ദേശീയമായി മുങ്ങിക്കപ്പലുകൾ വികസിപ്പിക്കുന്ന ഡീപ് ഓഷ്യൻ മിഷൻ തുടങ്ങിയ അതിർത്തി മേഖലകളിലെ പുരോഗതിയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ ഐ.ഐ.ടി. ധൻബാദിൻ്റെ അതുല്യമായ ഉത്തരവാദിത്തം ശ്രീ മിശ്ര ഊന്നിപ്പറഞ്ഞു. ആധുനിക ലബോറട്ടറികൾ, സൂപ്പർകമ്പ്യൂട്ടിംഗ് ക്ലസ്റ്ററുകൾ, ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ, വികസ്വരമായ ഇൻകുബേഷൻ ഇക്കോസിസ്റ്റം എന്നിവയുള്ള ഈ സ്ഥാപനം ദേശീയ മുൻഗണനകൾക്ക് സംഭാവന നൽകാൻ കഴിയുന്ന മികച്ച സ്ഥാനത്താണ്. ദേശീയ തന്ത്രപ്രധാന ധാതു ദൗത്യത്തിന് കീഴിൽ ഈ സ്ഥാപനത്തെ സെൻ്റർ ഓഫ് എക്സലൻസ് ആയി തിരഞ്ഞെടുത്തത്, ഇന്ത്യയുടെ ക്രിട്ടിക്കൽ മിനറൽസ് തന്ത്രത്തിന് രൂപം നൽകാനുള്ള അതിൻ്റെ കഴിവിലുള്ള ദേശീയ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതുതാൽപര്യത്തിൽ ഗവേഷണം ഊന്നിനിർത്തിക്കൊണ്ട്, കാലാവസ്ഥ, ധാതുക്കൾ, ഊർജ്ജ പരിവർത്തനം, മെറ്റീരിയലുകൾ, നൂതന നിർമ്മാണം  എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം സ്ഥാപനത്തോട് അഭ്യർത്ഥിച്ചു. "സാങ്കേതിക വൈദഗ്ധ്യം അത്യാവശ്യമാണ്, എന്നാൽ അത് മാത്രം പോരാ. മനോഭാവം, ടീം വർക്ക്, വിനയം, ധാർമ്മികത എന്നിവയും ഒരുപോലെ പ്രധാനമാണ്."വിദ്യാർത്ഥികളോടായി അദ്ദേഹം ഉപദേശിച്ചു. ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കൂട്ടായ പരിശ്രമം, സുതാര്യത, പരസ്പര ബഹുമാനം എന്നിവ അനിവാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യയ്ക്ക് വ്യക്തമായ ദീർഘകാല ദിശാബോധവും അത് പിന്തുടരാനുള്ള വാസ്തുവിദ്യയും ഉള്ള സമയത്താണ് ഐഐടി ധൻബാദ് രണ്ടാം നൂറ്റാണ്ടിലേക്ക് കടക്കുന്നതെന്ന് ഡോ. മിശ്ര ഉപസംഹരിച്ചു. "2047 ലെ വികസിത ഭാരതത്തിന്റെ  സ്ഥാപനപരമായ ശക്തികളും ദേശീയ ലക്ഷ്യങ്ങളും തമ്മിലുള്ള പൊരുത്തപ്പെടുത്തൽ വ്യക്തമാണ്. കൂടുതൽ കഴിവുള്ളതും അഭിമാനകരവും നീതിയുക്തവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് ഇന്ത്യ അറിവ്, സാങ്കേതികവിദ്യ, മാനുഷിക മൂലധനം എന്നിവ എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്ന് അടുത്ത 25 വർഷങ്ങൾ നിശ്ചയിക്കും," അദ്ദേഹം പറഞ്ഞു. സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ അവസരം നൽകിയ ഡയറക്ടർ പ്രൊഫ.സുകുമാർ മിശ്രയ്ക്കും സംഘാടക സംഘത്തിനും  നന്ദി പറഞ്ഞ അദ്ദേഹം അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ ഭാവി പരിശ്രമങ്ങൾക്ക്  ആശംസകളും നേർന്നു.

***

NK


(रिलीज़ आईडी: 2198338) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Odia