സമാധാനം പ്രോത്സാഹിപ്പിക്കുന്ന ആഗോള സിനിമകളെ IFFI 2025 ആഘോഷിക്കുന്നു: അഭിമാനകരമായ ഐ സിഎഫ്ടി–യുനെസ്കോ ഗാന്ധി മെഡലിനായി പത്ത് സിനിമകൾ മത്സര രംഗത്ത്
56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇൻ്റർനാഷണൽ കൗൺസിൽ ഫോർ ഫിലിം, ടെലിവിഷൻ ആൻഡ് ഓഡിയോവിഷ്വൽ കമ്മ്യൂണിക്കേഷനുമായി (ICFT) സഹകരിച്ച് , സഹിഷ്ണുത, സാംസ്കാരിക വിനിമയം, ആഗോള സമാധാന സംസ്കാരം എന്നിങ്ങനെ യുനെസ്കോയുടെ ആശയങ്ങൾ ഉയർത്തിക്കാട്ടുന്ന സിനിമകൾക്ക് ഐ സിഎഫ്ടി–യുനെസ്കോ ഗാന്ധി മെഡൽ നൽകുന്നു. 2016-ൽ 46-ാമത് IFFI-യിൽ അവതരിപ്പിച്ച ഈ പുരസ്കാരം മേളയുടെ ഏറ്റവും ആദരണീയമായ അംഗീകാരങ്ങളിലൊന്നായി മാറിയിട്ടുണ്ട്. അനുകമ്പ, ഐക്യം, സാമൂഹിക ഉത്തരവാദിത്വo എന്നിവ പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഈ പുരസ്കാരം ആഘോഷിക്കുന്നു.
ഈ വർഷം, ലോകമെമ്പാടുമുള്ള പത്ത് മികവുറ്റ സിനിമകൾ അഭിമാനകരമായ ഈ മെഡലിനായി മത്സരിക്കുന്നു. വൈവിധ്യമാർന്ന കഥാഖ്യാനത്തിനും ആഗോള പ്രാതിനിധ്യത്തിനുമുള്ള IFFI-യുടെ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട് യുകെ, നോർവേ, കൊസോവോ, ഇറാഖ്, ചിലി, ജപ്പാൻ, എന്നിവയ്ക്കൊപ്പം ഇന്ത്യയിൽ നിന്നുമുള്ള മൂന്ന് ചിത്രങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ബ്രൈഡ്സ് (യുകെ), ഹന (കൊസോവോ), കെ പോപ്പർ (ഇറാൻ), ദ പ്രസിഡൻറ്സ് കേക്ക് (യുഎസ്എ–ഇറാഖ്–ഖത്തർ), സേഫ് ഹൗസ് (നോർവേ), തൻവി ദി ഗ്രേറ്റ് (ഇന്ത്യ), ദി വേവ് (ചിലി), വിമുക്ത് (ഇന്ത്യ), വൈറ്റ് സ്നോ (ഇന്ത്യ), യകുഷിമാസ് ഇല്ല്യൂഷൻ( ബെൽജിയം- ഫ്രാൻസ്- ജപ്പാൻ -ലക്സം ബർഗ് ) എന്നിവയാണ് മത്സരത്തിനുള്ള ചിത്രങ്ങൾ.
IFFI 2025-ലെ ഐ സിഎഫ്ടി–യുനെസ്കോ ഗാന്ധി പുരസ്കാര ജൂറിയുടെ അധ്യക്ഷൻ ഡോ. പ്രൊഫ. അഹമ്മദ് ബെജൗയി (അൾജീരിയ)ആണ്. ക്സ്യുയാൻ ഹുൻ (ചൈന), സെർജ് മൈക്കൽ (ഫ്രാൻസ്), തോബിയാസ് ബിയാൻകോൺ (സ്വിറ്റ്‌സർലൻഡ്), ജോർജ്ജ് ഡ്യൂപോണ്ട് (ലക്‌സംബർഗ്) എന്നിവരാണ് ജൂറി അംഗങ്ങൾ.
അഹിംസ, സാമുദായിക ഐക്യം, സാമൂഹിക നീതി എന്നിവ പ്രതിഫലിപ്പിക്കുന്ന മാനുഷിക മൂല്യങ്ങളും ദൃശ്യങ്ങളും ഉൾക്കൊള്ളുന്ന ചലച്ചിത്രങ്ങളെയാണ് പുരസ്കാരം നൽകി അംഗീകരിക്കുന്നതെന്ന് പിഐബിയുടെ പത്രസമ്മേളനത്തിൽ സംസാരിച്ച പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും ഐസിഎഫ്ടി–യുനെസ്കോ പാരീസിൻ്റെ ഓണററി പ്രതിനിധിയുമായ മനോജ് കദാo പറഞ്ഞു. അർത്ഥവത്തായ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊതു ദൗത്യം മുന്നോട്ടുവയ്ക്കുന്ന ഐഎഫ്എഫ്ഐയുമായുള്ള ഐസിഎഫ്ടിയുടെ പങ്കാളിത്തത്തിൻ്റെ പതിനൊന്നാം വാർഷികമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
1956-ൽ സ്ഥാപിതമായ ഐസിഎഫ്ടി, ചലച്ചിത്ര സാങ്കേതിക വിദഗ്ധർക്കായുള്ള ഏറ്റവും പഴയ ആഗോള സംഘടനയാണെന്നും വൈവിധ്യമാർന്ന ദൃശ്യ ശ്രവ്യ പ്രമേയങ്ങളിൽ പ്രവർത്തിക്കുന്നത് തുടരുമെന്നും മനോജ് കദാo എടുത്തുപറഞ്ഞു. ചലച്ചിത്രനിർമ്മാണത്തിൽ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കി ഉയർന്നുവരുന്ന ചർച്ചകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു . ചിത്രീകരിക്കാൻ ബുദ്ധിമുട്ടുള്ള രംഗങ്ങൾ സൃഷ്ടിക്കാൻ നിർമ്മിത ബുദ്ധിക്ക് സഹായിക്കാനാവുമെങ്കിലും "സിനിമകളിൽ ഒരു മനുഷ്യ ഘടകം ഉണ്ടായിരിക്കണം - വികാരങ്ങൾ കമ്പ്യൂട്ടറൈസ് ചെയ്യാൻ കഴിയില്ല" എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐഎഫ്എഫ്ഐയുടെ മൂന്ന് മത്സരങ്ങളിൽ ഒന്നാണ് ഐസിഎഫ്ടി–യുനെസ്കോ ഗാന്ധി മെഡൽ. സമാധാനവും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്ന സിനിമകളിലൂടെ നാഗരികതകളെയും സംസ്കാരങ്ങളെയും ഒരുമിച്ച് കൊണ്ടുവരിക എന്ന തനതായ സങ്കല്പനത്തിലൂടെ അത് നയിക്കപ്പെടുന്നതായി എൻഎഫ്ഡിസി ആർട്ടിസ്റ്റിക് ഡയറക്ടർ (പ്രോഗ്രാമിംഗ്) പങ്കജ് സക്സേന വ്യക്തമാക്കി. മേളയിൽ വനിതാ ചലച്ചിത്ര പ്രവർത്തകരുടെ വർദ്ധിച്ചുവരുന്ന പ്രാതിനിധ്യം അദ്ദേഹം നിരീക്ഷിച്ചു. വനിതകൾ നയിക്കുന്ന മികവുറ്റ സിനിമകളുടെ എണ്ണം വർദ്ധിച്ചുവരുന്നതായും ഒരു മേഖലയുടെയും ആധിപത്യത്തിന് വിധേയമാകാതെ ലോകത്തെ പ്രതിഫലിപ്പിക്കുക എന്നതാണ് ഐഎഫ്എഫ്ഐ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.
ചലച്ചിത്ര അഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന, കലാപരമായ സമഗ്രത ആഘോഷിക്കുന്ന, മനുഷ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ ചലച്ചിത്രമേളകളിൽ ഉൾപ്പെടുത്തണമെന്ന് പങ്കജ് സക്സേന അഭിപ്രായപ്പെട്ടു. അക്രമം ഒരു സഹജാവബോധമാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ, വാണിജ്യ സംവേദനക്ഷമതയ്ക്കുള്ള ഒരു ഉപകരണമായിട്ടല്ല,മറിച്ച് ഉത്തരവാദിത്വത്തോടെ അതിനെ ചിത്രീകരിക്കേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

***
Release ID:
2195653
| Visitor Counter:
7