പ്രശസ്ത ഛായാഗ്രാഹകൻ ശ്രീ കെ. വൈകുണ്ഠിൻ്റെ ജന്മശതാബ് ദി ആഘോഷത്തോടനുബന്ധിച്ച് സ്മരണിക തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഐഎഫ്എഫ്ഐ
ഇന്ത്യൻ സിനിമയ്ക്ക് അസാധാരണ സംഭാവനകൾ നൽകിയ ഗോവ സ്വദേശി ഇതിഹാസ ഛായാഗ്രാഹകൻ ശ്രീ കെ. വൈകുണ്ഠിൻ്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആദരസൂചകമായി ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ന് സ്മരണിക തപാൽ സ്റ്റാമ്പ് പുറത്തിറക്കി.

ഫിലിംസ് ഡിവിഷനുവേണ്ടി ഒരുക്കിയ പ്രശസ്തമായ സൃഷ്ടികൾ ഉൾപ്പെടെ നിരവധി സുപ്രധാന ഫീച്ചർ സിനിമകളിലെയും ഡോക്യുമെൻ്ററികളിലെയും മികച്ച ഛായാഗ്രഹണത്തിലൂടെയാണ് ശ്രീ വൈകുണ്ഠ് അറിയപ്പെടുന്നത്. ചലച്ചിത്ര പ്രവർത്തകരുടെ നിരവധി തലമുറകളെ പ്രചോദിപ്പിക്കുന്ന രാജ്യത്തെ മികച്ച ദൃശ്യ കഥാകാരന്മാരില്‍ ഒരാളായി അദ്ദേഹത്തിൻ്റെ പൈതൃകം ഇന്നും ഓർമിക്കപ്പെടുന്നു.
ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് സ്മരണിക തപാൽ സ്റ്റാമ്പ് ഔപചാരികമായി പ്രകാശനം ചെയ്തു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്ടാവുമായ ശ്രീ ദീപക് നാരായൺ, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത്, മഹാരാഷ്ട്ര - ഗോവ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ അമിതാഭ് സിങ്, ശ്രീ കെ. വൈകുണ്ഠിൻ്റെ മകൻ ശ്രീ അമിത് കുങ്കോലിയേങ്കർ എന്നിവരും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ക്ലാസിക്കൽ ഹിന്ദി സിനിമയുടെ ദൃശ്യഭാഷയ്ക്ക് രൂപം നൽകിയത് അദ്ദേഹത്തിൻ്റെ ക്യാമറയാണെന്ന് വിശേഷിപ്പിച്ച ഡോ. പ്രമോദ് സാവന്ത് ഛായാഗ്രഹണ കലയോടുള്ള ശ്രീ വൈകുണ്ഠിൻ്റെ ആജീവനാന്ത അർപ്പണബോധത്തെ ചടങ്ങില്‍ പ്രശംസിച്ചു.

ഗുൽസാർ, രമേഷ് സിപ്പി തുടങ്ങിയ ഇതിഹാസ ചലച്ചിത്ര പ്രവർത്തകരുമായി ചേർന്ന് പ്രവർത്തിച്ചാണ് ഗോവയിലെ മഡ്ഗാവോയിൽ നിന്ന് വളർന്നു വന്ന ശ്രീ വൈകുണ്ഠ് രാജ്യത്തെ ഏറ്റവും ആദരണീയ ഛായാഗ്രാഹകരിൽ ഒരാളായി മാറിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സീതാ ഔർ ഗീത, ആന്ധി തുടങ്ങിയ ജനപ്രിയ ചിത്രങ്ങള്‍ക്ക് അദ്ദേഹം ദൃശ്യഭംഗി പകര്‍ന്നു.

ഒരു കാമറാമാൻ എന്നതിലുപരി വൈകുണ്ഠ് ബാബ് വികാരങ്ങളുടെയും ഭാവത്തിൻ്റെയും കാഴ്ചപ്പാടിൻ്റെയും സ്രഷ്ടാവായിരുന്നുവെന്ന് ഡോ. സാവന്ത് പറഞ്ഞു. അദ്ദേഹത്തിൻ്റെ തനത് ശൈലി പ്രൗഢമായ ചലച്ചിത്ര വിസ്മയങ്ങളെയും ലോലമായ മനുഷ്യ വികാരങ്ങളെയും ഒരുപോലെ പകർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സിനിമയിലെ മികച്ച ദൃശ്യ നിമിഷങ്ങൾക്ക് രൂപം നൽകിയപ്പോഴും വിനീതനും പലപ്പോഴും അറിയപ്പെടാതെ പോയ നായകനുമായി ശ്രീ വൈകുണ്ഠ് തുടർന്നുവെന്ന് മുഖ്യമന്ത്രി നിരീക്ഷിച്ചു. അദ്ദേഹത്തിൻ്റെ പൈതൃകം ആഗോള സിനിമാ പ്രേമികളെ പ്രചോദിപ്പിക്കുന്നത് ഇന്നും തുടരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ആദരണീയ ദൃശ്യനായകനും ഈ മണ്ണിൻ്റെ അഭിമാന പുത്രനുമായ ശ്രീ കെ. വൈകുണ്ഠിനെ ആദരിക്കാന്‍ ലഭിച്ച അവസരം വലിയ അംഗീകാരമാണെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത് പറഞ്ഞു. കേവലം തപാൽ മുദ്രയെന്നതിലുപരി ജീവിതത്തിൻ്റെയും പൈതൃകത്തിൻ്റെയും കഥ രാജ്യത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിക്കുന്ന ചെറിയൊരു പൊതു സ്മാരകമാണ് സ്മരണിക തപാൽ സ്റ്റാമ്പെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തപാല്‍ സ്റ്റാമ്പിൻ്റെ പ്രകാശനത്തിലൂടെ ശ്രീ വൈകുണ്ഠിൻ്റെ സംഭാവനകൾ രാജ്യത്തിൻ്റെ ദൃശ്യ രേഖകളിൽ ശാശ്വതമായി ആലേഖനം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്മരണിക തപാൽ സ്റ്റാമ്പ് കേവലം തപാൽ ചിഹ്നമല്ലെന്നും മറിച്ച് രാജ്യത്തിൻ്റെ ചരിത്രവും സംസ്കാരവും ദേശാന്തരങ്ങള്‍ക്കപ്പുറത്തെത്തിക്കുന്ന ആദരമാണെന്നും മഹാരാഷ്ട്ര സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ അമിതാഭ് സിങ് സ്വാഗതഭാഷണത്തില്‍ പറഞ്ഞു. സ്റ്റാമ്പിലൂടെ ശ്രീ കെ. വൈകുണ്ഠിൻ്റെ ജീവിതവും സംഭാവനകളും വരും തലമുറകളെ പ്രചോദിപ്പിക്കുമെന്ന് തപാല്‍വകുപ്പ് ഉറപ്പാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീ വൈകുണ്ഠിൻ്റെ കലാപരമായ കാഴ്ചപ്പാടും സാങ്കേതിക വൈദഗ്ധ്യവും ഗോവയോടുള്ള അഗാധമായ സ്നേഹവും പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്ന 17 മിനിറ്റ് ദൈർഘ്യമുള്ള പ്രശസ്ത ഇംഗ്ലീഷ് ഡോക്യുമെൻ്ററി "ഗോവ മാർച്ച്സ് ഓൺ" പ്രദർശനത്തോടെയാണ് ചടങ്ങിന് സമാപനം കുറിച്ചത്.
****
Release ID:
2195577
| Visitor Counter:
5