സഹജമായ പ്രതിഭ: ചാതുര്യം, ജ്ഞാനം, സിനിമാറ്റിക് വിസ്മയം എന്നിവയിലൂടെ വിധു വിനോദ് ചോപ്ര ഐഎഫ്എഫ്ഐയെ പ്രകാശിപ്പിക്കുന്നു
പ്രേക്ഷകരെ ആകർഷിച്ച അനുഭവകഥകൾ
കാമ്‌ന ചന്ദ്ര തന്റെ യാത്ര പങ്കിടുമ്പോൾ ഒരു ജീവിച്ചിരിക്കുന്ന പ്രതിഭ ശ്രദ്ധാകേന്ദ്രമാകുന്നു
"അൺസ്ക്രിപ്റ്റഡ് - ദി ആർട്ട് ആൻഡ് ഇമോഷൻ ഓഫ് ഫിലിം മേക്കിംഗ്" എന്ന തലക്കെട്ടിൽ ഐഎഫ്എഫ്ഐയിൽ നടന്ന സംഭാഷണ സെഷൻ ഇന്ന് കല അക്കാദമിയെ ഒരു സിനിമാസെറ്റാക്കി മാറ്റി. പ്രശസ്ത ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ വിധു വിനോദ് ചോപ്ര പ്രശസ്ത തിരക്കഥാകൃത്ത് അഭിജത് ജോഷിയുമായി ഒരു തുറന്ന സംഭാഷണത്തിൽ വേദിയിലെത്തിയപ്പോൾ മറക്കാനാവാത്ത ഒരു സിനിമാറ്റിക് ആഘോഷമായി മാറി അത്. സാധാരണയായി ഒരു വെള്ളിയാഴ്ച ബ്ലോക്ക്ബസ്റ്ററിനായി മാത്രം കരുതിവച്ചിരിക്കുന്ന ആകാംക്ഷയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതായിരുന്നു ആ സംഭാഷണം.
അഹത്തിൽ നിന്ന് സൃഷ്ടിക്കുന്ന സംവിധായകൻ

സംഭാഷണം ആരംഭിച്ച അഭിജത് ജോഷി, വിധു വിനോദ് ചോപ്രയെ ആദ്യമായി കണ്ടുമുട്ടിയ നവംബർ മാസത്തിലെ ദിവസത്തെക്കുറിച്ച് ഓർമ്മിച്ചു. 'ലഗേ രഹോ മുന്നാ ഭായ്', '3 ഇഡിയറ്റ്‌സ്' തുടങ്ങിയ സിനിമകൾക്ക് രൂപം നൽകിയ ആ നിമിഷം ഇന്നും അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. തുടർന്ന് അദ്ദേഹം ചോപ്രയോട് 'പരിന്ദ'യിൽ നിന്ന് '12ത് ഫെയിലിലേക്ക്' എത്തുമ്പോൾ താങ്കളുടെ ശൈലി പരിണമിച്ചിട്ടുണ്ടോ എന്ന് ആരാഞ്ഞു. ചോപ്രയുടെ ഉത്തരം ഇപ്രകാരമായിരുന്നു.
"ഓരോ സിനിമയും ആ ഘട്ടത്തിൽ ഞാൻ ആരാണെന്ന് പ്രതിഫലിപ്പിക്കുന്നു," അദ്ദേഹം പറഞ്ഞു. "'പരിന്ദ' ചെയ്തപ്പോൾ ഞാൻ ദേഷ്യക്കാരനായിരുന്നു. ആ വയലൻസ് നിങ്ങൾക്ക് സിനിമയിൽ കാണാൻ കഴിയും. ഇന്ന് ഞാൻ ശാന്തനാണ്."
തന്റെ ചുറ്റുമുള്ള അഴിമതി കണ്ടതിൽ നിന്നാണ് '12th ഫെയിൽ' ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ഒരു മാറ്റത്തിനായി നമുക്ക് സത്യസന്ധത പുലർത്താം എന്ന് പറയാനുള്ള എന്റെ മാർഗമായിരുന്നു ഈ സിനിമ. ബ്യൂറോക്രസിയുടെ 1% എങ്കിലും മാറ്റാൻ എനിക്ക് കഴിയുമെങ്കിൽ, അത് മതി." '1942: എ ലവ് സ്റ്റോറി'യുടെ പുതുതായി പുനഃസ്ഥാപിച്ച 8K പതിപ്പ് കണ്ടത് എങ്ങനെ തന്നെ വികാരഭരിതനാക്കിയെന്നും അദ്ദേഹം പങ്കുവെച്ചു. താൻ പഴയ ആളല്ലാത്തതിനാൽ ഇന്ന് തനിക്ക് ചെയ്യാൻ സാധിക്കാത്ത സിനിമയാണതെന്നും
അദ്ദേഹം പറഞ്ഞു.
ബോധ്യത്തിൽ നിന്നുള്ള സിനിമ
സ്വന്തം ബോധ്യത്തോടുള്ള അചഞ്ചലമായ വിശ്വസ്തതയാണ് ചോപ്രയുടെ ഏറ്റവും വലിയ മുഖമുദ്രയെന്ന് ജോഷി അഭിപ്രായപ്പെട്ടു. "ഒരു സിനിമയുടെ വാണിജ്യ വിജയത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും ശ്രദ്ധിക്കുന്നില്ല, അതിന്റെ കലാപരമായ വിജയം മാത്രമേ അദ്ദേഹം വിലമതിക്കുന്നുള്ളൂ," അദ്ദേഹം പറഞ്ഞു, 'പരിന്ദ', '12th ഫെയിൽ' എന്നിവയ്ക്ക് പിന്നിലെ സൃഷ്ടിപരമായ പ്രക്രിയകളിലേക്ക് സംഭാഷണം നയിച്ചു.
തയ്യാറെടുപ്പ്, ദർശനം, ദൃശ്യ യാഥാർത്ഥ്യത്തിന്റെ പിന്തുടരൽ എന്നിവയെക്കുറിച്ച് ചോപ്ര ആവേശത്തോടെ സംസാരിച്ചു. '1942: എ ലവ് സ്റ്റോറി'യിലെ പ്രശസ്തമായ ഒരു ഷോട്ടിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു, അദ്ദേഹം അതിൽ മുഴുകി പാടിയപ്പോൾ
പ്രേക്ഷകർ ആവേശത്തിലായി. പർവതനിരകളിലൂടെ പറക്കുന്ന യഥാർത്ഥ പക്ഷികളെ ചിത്രീകരിച്ചതിനെക്കുറിച്ചും അത് സാധ്യമാക്കാൻ തന്റെ സംഘം ബ്രെഡിന്റെ ചെറിയ കഷ്ണങ്ങൾ വിതറിയതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഇന്നലെ 8K-യിൽ ആ രംഗം കണ്ടപ്പോൾ, "സന്തോഷമായിരുന്നു" എന്ന് അദ്ദേഹം പറഞ്ഞു.
ഹാളിൽ ചിരി നിറച്ച കഥകൾ

തുടർന്ന് നടന്നത് രസകരവും ഹൃദയസ്പർശിയായതുമായ ഓർമ്മകളുടെ ഒരു പ്രവാഹമായിരുന്നു. 'ഖാമോഷ്' എഴുതുന്ന സമയത്ത് ഒരു ചെറിയ ഒറ്റമുറി ഫ്ലാറ്റിൽ ഇരുന്ന് സംഭാഷണങ്ങൾ ഉറക്കെ പറഞ്ഞുതും മേൽക്കൂരയിൽ നിന്ന് "കട്ട്, കട്ട്!" എന്നും വിളിച്ചതും അയൽക്കാരെ ഭയപ്പെടുത്തിയിരുന്നതായി ചോപ്ര ഓർമ്മിച്ചു. ജോഷിയും അതിനോട് യോജിച്ചു: "ഒരു സിനിമ സങ്കൽപ്പിക്കുമ്പോൾ വിധുവിന് ഒരു കുട്ടിയെപ്പോലെ ആവേശഭരിതനാകാൻ കഴിയും."
റിഹേഴ്സലിനിടെ നടൻ ജാക്കി ഷ്രോഫ് അബദ്ധത്തിൽ തെറ്റായ അപ്പാർട്ട്മെന്റിലേക്ക് കയറിച്ചെന്ന് ഒരു സ്ത്രീയെ ഉണർത്തി പൂക്കൾ നൽകിയ സംഭവം പ്രേക്ഷകരെ രസിപ്പിച്ചു. “ജാക്കി ഷ്രോഫ് തന്നെ സന്ദർശിച്ചതായി സ്വപ്നം കണ്ടെന്ന് അവർ എല്ലാവരോടും പറഞ്ഞു,” ചോപ്ര ചിരിച്ചു.
സംഗീതം, അഭിനിവേശം, മാജിക്

‘1942: എ ലവ് സ്റ്റോറി’യെക്കുറിച്ച് സംസാരിക്കുമ്പോൾ, ബർമ്മന്റെ കാലം കഴിഞ്ഞുപോയി എന്ന് പറഞ്ഞവരെ അവഗണിച്ച് ആർ.ഡി. ബർമ്മനുമായി സഹകരിക്കാനുള്ള തന്റെ തീവ്രമായ ദൃഢനിശ്ചയം ചോപ്ര വിവരിച്ചു. ബർമ്മൻ ആദ്യ ഗാനങ്ങൾ അവതരിപ്പിച്ചപ്പോൾ, ചോപ്ര തുറന്നടിച്ചു. “ഞാൻ അതിനെ വിഡ്ഢിത്തം എന്ന് വിളിച്ചു. എനിക്ക് എസ്.ഡി. ബർമ്മന്റെ ആത്മാവ് വേണം.” ആഴ്ചകൾക്കുശേഷം, “കുച്ച് നാ കഹോ” എന്ന ഗാനം പിറന്നു. ചോപ്ര വേദിയിൽ ആ മെലഡി ആലപിച്ചു, പ്രേക്ഷകരുടെ കരഘോഷം ഏറ്റുവാങ്ങി. “ഞാൻ ആ ഒരു വാക്ക് പറഞ്ഞതുകൊണ്ടാണ് ഈ ഗാനം നിലനിൽക്കുന്നത്,” അദ്ദേഹം തമാശരൂപേണ പറഞ്ഞു.
ചോപ്ര തന്റെ പ്രശസ്തമായ ദേശീയ പുരസ്കാര കഥയും വീണ്ടും ഓർത്തെടുത്തു. അവാർഡിനൊപ്പം ₹4,000 പണമായി പ്രതീക്ഷിച്ചിരുന്നെങ്കിലും എട്ട് വർഷത്തെ പോസ്റ്റൽ ബോണ്ട് ലഭിച്ചതെങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു. എൽ.കെ. അദ്വാനിയുമായുള്ള തന്റെ സംവാദത്തിന്റെ നർമ്മം നിറഞ്ഞ പുനരാവിഷ്കാരം ഹാളിൽ ചിരി പടർത്തി. ഓസ്‌കാറിൽ പങ്കെടുക്കാൻ സഹായിച്ചതുൾപ്പെടെ അദ്വാനിയുടെ പിൽക്കാല പിന്തുണയും അദ്ദേഹം സ്മരിച്ചു.
ക്ലാസിക്കുകൾക്കു പിന്നിലെ ശബ്ദങ്ങൾ പങ്കുചേരുന്നു
ഹൃദയസ്പർശിയായ ഒരു നിമിഷത്തിൽ, ‘1942: എ ലവ് സ്റ്റോറി’യുടെ എഴുത്തുകാരിയും ചോപ്രയുടെ അമ്മായിയമ്മയുമായ 92 വയസ്സുള്ള കാമ്‌ന ചന്ദ്ര, നിർമ്മാതാവ് യോഗേഷ് ഈശ്വറിനൊപ്പം സംഭാഷണത്തിൽ പങ്കുചേർന്നു. പുനഃസ്ഥാപിച്ച പതിപ്പ് കാണുമ്പോൾ അനുഭവപ്പെട്ട വികാരങ്ങളെയും ഓരോ സംഭാഷണത്തിനും വേണ്ടിയുള്ള കഠിനാധ്വാനത്തെയും കുറിച്ച് കാമ്‌ന സംസാരിച്ചു. “ജീവിതത്തിൽ എന്തോ ചെയ്തതുപോലെ എനിക്ക് തോന്നി,” അവർ പറഞ്ഞു.
ഇറ്റലിയിലെ സൂക്ഷ്മമായ 8K പുനഃസ്ഥാപന യാത്രയെക്കുറിച്ച് യോഗേഷ് വിശദമായി വിവരിച്ചു, ഫിലിം ഫ്രെയിം വെച്ച് വൃത്തിയാക്കി അതിന്റെ ശബ്ദം പുനർനിർമ്മിച്ചു. പുനഃസ്ഥാപിച്ച പതിപ്പ് “ഞാൻ സങ്കൽപ്പിച്ചതുപോലെ തന്നെ കാണപ്പെട്ടു” എന്ന് ചോപ്ര പറഞ്ഞു.
ഒരു ഉജ്ജ്വലമായ ചോദ്യോത്തരത്തോടെയാണ് സെഷൻ അവസാനിച്ചത്, പക്ഷേ യഥാർത്ഥ മാജിക് ഇതിനകം അനുഭവപ്പെട്ടെന്ന് വ്യക്തമായിരുന്നു. പ്രേക്ഷകർ പതിറ്റാണ്ടുകളുടെ സിനിമയിലൂടെ സഞ്ചരിച്ചു, ചലച്ചിത്രനിർമ്മാണത്തിന്റെ സന്തോഷങ്ങളിലൂടെയും ഉന്മാദത്തിലൂടെയും ജീവിച്ചു, ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ചില സിനിമകളെ രൂപപ്പെടുത്തിയ വിധുവും അഭിജാതും തമ്മിലുള്ള സൃഷ്ടിപരമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു.
കൂടുതൽ വിവരങ്ങൾക്ക്, ക്ലിക്ക് ചെയ്യുക:
IFFI വെബ്സൈറ്റ്: https://www.iffigoa.org/
PIB-യുടെ IFFI മൈക്രോസൈറ്റ്: https://www.pib.gov.in/iffi/56new/
PIB IFFIWood ബ്രോഡ്കാസ്റ്റ് ചാനൽ: https://whatsapp.com/channel/0029VaEiBaML2AU6gnzWOm3F
X ഹാൻഡിലുകൾ: @IFFIGoa, @PIB_India, @PIB_Panaji
***
NT
रिलीज़ आईडी:
2194649
| Visitor Counter:
18
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Konkani
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Gujarati
,
Tamil
,
Telugu
,
Kannada