'തോറ്റുകൊടുക്കൽ ഒരു പോംവഴിയല്ല ’ എന്നതിനെക്കുറിച്ച് മാസ്റ്റർക്ലാസിൽ ശ്രീ അനുപം ഖേർ
ഗോവയിലെ പനാജിയിലുള്ള കലാമന്ദിറിൽ ഇന്ന് നടന്ന ആദ്യ മാസ്റ്റർ ക്ലാസ്സിൽ, പ്രശസ്ത നടൻ അനുപം ഖേർ നൂറുകണക്കിന് ആളുകളെ ആകർഷിച്ചു. 'തോറ്റുകൊടുക്കൽ ഒരു പോംവഴിയല്ല' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെഷനിൽ തൻ്റെ പതിവ് നർമ്മവും ജ്ഞാനവും കൊണ്ട് അദ്ദേഹം സദസ്സിനെ കൈയ്യിലെടുത്തു.
സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് 'സാരംശ്' എന്ന ചിത്രത്തിലെ തൻ്റെ പ്രധാന വേഷം നഷ്ടപ്പെട്ട കഥ പറഞ്ഞുകൊണ്ടാണ് അനുപം ഖേർ സെഷൻ ആരംഭിച്ചത്. ആറ് മാസത്തോളം ആ കഥാപാത്രത്തിനായി ഹൃദയം നല്കിയ അദ്ദേഹത്തിന് ഈ പെട്ടെന്നുള്ള നിരാകരണം താങ്ങാനായില്ല. നിരാശയിൽ മുംബൈ നഗരത്തോട് എന്നെന്നേക്കുമായി വിട പറയാൻ തീരുമാനിച്ച അദ്ദേഹം, അവസാനമായി ഒരിക്കൽ കൂടി ചിത്രത്തിൻ്റെ സംവിധായകൻ മഹേഷ് ഭട്ടിനെ കാണാൻ പോയി. അനുപം ഖേറിൻ്റെ തീവ്രമായ പ്രതികരണത്തിന് സാക്ഷ്യം വഹിച്ച ഭട്ട് പുനർവിചിന്തനം ചെയ്യുകയും അദ്ദേഹത്തെ വീണ്ടും പരിഗണിച്ചുകൊണ്ട് വേഷം തിരികെ നല്കുകയും ചെയ്തു. ആ സിനിമ ഖേറിൻ്റെ കരിയറിലെ നിർണ്ണായക നിമിഷമായി മാറി. ഈ അനുഭവത്തെക്കുറിച്ച് അനുസ്മരിച്ച ഖേർ, തോറ്റുകൊടുക്കാതിരിക്കാനുള്ള പാഠമാണ് 'സാരംശ്' തന്നെ പഠിപ്പിച്ചതെന്ന് പറഞ്ഞു. ഈ തിരിച്ചടി തൻ്റെ ഉയർച്ചയുടെ തുടക്കം മാത്രമായിരുന്നു എന്നും അദ്ദേഹം ഓർമ്മിച്ചു.
“എൻ്റെ എല്ലാ പ്രചോദനാത്മക പ്രസംഗങ്ങളും ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്”
സെഷനിലുടനീളം അനുപം ഖേർ സ്വന്തം ജീവിതത്തിൽ നിന്നുള്ള നിരവധി ഉദാഹരണങ്ങൾ പങ്കുവെച്ചു. 14 കുടുംബാംഗങ്ങളോടൊപ്പം ഇടുങ്ങിയ, താഴ്ന്ന ഇടത്തരം വീട്ടിൽ ജീവിക്കുമ്പോഴും തൻ്റെ മുത്തച്ഛൻ എങ്ങനെയാണ് ഉത്കണ്ഠകളില്ലാത്ത സ്വഭാവവും ജീവിതത്തോടുള്ള സവിശേഷമായ സമീപനവും നിലനിർത്തിയിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സാഹചര്യങ്ങൾ പ്രതികൂലമായിരുന്നിട്ടും തൻ്റെ സന്തോഷകരമായ കുട്ടിക്കാലത്തെ അദ്ദേഹം സ്നേഹത്തോടെ അനുസ്മരിക്കുകയും, ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനുള്ള മുത്തച്ഛൻ്റെ ഉപദേശം പങ്കുവെക്കുകയും ചെയ്തു.
“പരാജയം ഒരു സംഭവമാണ്, ഒരിക്കലും ഒരു വ്യക്തിയല്ല.”
തൻ്റെ ചെറുപ്പകാലത്തെ ഹൃദയസ്പർശിയായ ഒരു ഓർമ്മ അനുപം ഖേർ പങ്കുവെച്ചു. വനം വകുപ്പിൽ ക്ലർക്കായിരുന്ന തൻ്റെ പിതാവ് അദ്ദേഹത്തിൻ്റെ ലോകവീക്ഷണത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് അനുപം ഖേർ ഓർമ്മിച്ചു. 60 വിദ്യാർത്ഥികളുള്ള ക്ലാസ്സിൽ 58-ാം സ്ഥാനമാണ് തനിക്ക് ലഭിച്ചതെന്ന് റിപ്പോർട്ട് കാർഡിൽ നിന്ന് പിതാവ് അറിഞ്ഞ സംഭവം ഖേർ ഓർത്തു. ഫലം കണ്ട് അസ്വസ്ഥനാകുന്നതിനു പകരം, ദീർഘനേരത്തെ നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് പിതാവ് പറഞ്ഞു. "ക്ലാസിലോ സ്പോർട്സിലോ ഒന്നാമതെത്തുന്ന ഒരാൾക്ക് ആ റെക്കോർഡ് നിലനിർത്താനുള്ള സമ്മർദ്ദം എപ്പോഴും ഉണ്ടാകും, കാരണം ഒന്നാം സ്ഥാനത്ത് നിന്ന് താഴെ പോയാൽ അത് പരാജയമായി കണക്കാക്കും. എന്നാൽ 58-ാം സ്ഥാനത്തെത്തിയ ഒരാൾക്ക് തൻ്റെ സ്ഥാനം മെച്ചപ്പെടുത്താൻ ഒരുപാട് അവസരങ്ങളുണ്ട്. അതിനാൽ, എനിക്കുവേണ്ടി ഒരു സഹായം ചെയ്യുക, അടുത്ത തവണ 48-ാം സ്ഥാനത്ത് വരിക."
“നിങ്ങളുടെ സ്വന്തം ബയോപിക്കിലെ കേന്ദ്ര കഥാപാത്രമാവുക”
സെഷനിലുടനീളം, നിരവധി സംഭവങ്ങളും സ്വന്തം ജീവിതത്തിൽ നിന്നുള്ള ഉദാഹരണങ്ങളും പങ്കുവെച്ചുകൊണ്ട് കാഴ്ചപ്പാടുകൾ മെച്ചപ്പെടുത്താൻ അദ്ദേഹം സദസ്സിനെ പ്രോത്സാഹിപ്പിച്ചു. വ്യക്തിത്വം എന്നാൽ നിങ്ങൾ ആരാണെന്നതിൽ നിങ്ങൾക്ക് സന്തോഷം തോന്നുന്ന അവസ്ഥയാണെന്ന് മാത്രമേ അർത്ഥമാക്കുന്നുള്ളൂ എന്ന് അദ്ദേഹം വ്യക്തമായി വിശദീകരിച്ചു. സ്വയം വിശ്വസിക്കാനും അവരവരുടെ സ്വന്തം ബയോപിക്കിലെ കേന്ദ്ര കഥാപാത്രമായി മാറാനും അദ്ദേഹം പ്രേക്ഷകരോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. ജീവിതം എളുപ്പമോ ലളിതമോ ആയിരിക്കണമെന്നും
ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകരുതെന്നും മനുഷ്യർ എന്തിനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം സദ്ദസ്സിനോട് ചോദിച്ചു. "കാരണം മനുഷ്യരുടെ പ്രശ്നങ്ങളാണ് അവരുടെ ബയോപിക്കിനെ ഒരു സൂപ്പർസ്റ്റാർ ബയോപിക്ക് ആക്കി മാറ്റുന്നത്" , അദ്ദേഹം കൂട്ടിച്ചേർത്തു.
ചോദ്യോത്തര വേളയിലുടനീളം രസകരമായ ഈ വൺ-മാൻ ഷോ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. തൻ്റെ സമാപന മറുപടിയിൽ അദ്ദേഹം പറഞ്ഞു. “'തോറ്റുകൊടുക്കൽ ഒരു പോംവഴിയല്ല' എന്നത് കേവലമൊരു വാചകം മാത്രമല്ല. അത് അവിശ്വസനീയമാംവിധം കഠിനാധ്വാനമാണ്. നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ, നിങ്ങൾ ത്യാഗം ചെയ്യുകയും സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കാൻ നിങ്ങളെത്തന്നെ ബോധ്യപ്പെടുത്തുകയും വേണം. നിങ്ങൾക്ക് നിരാശകൾ സഹിക്കേണ്ടിവരും. പക്ഷേ നിങ്ങൾ തോറ്റുകൊടുത്താൽ, കഥകൾ അവിടെ അവസാനിക്കും."
SKY
*****
Release ID:
2194559
| Visitor Counter:
6
Read this release in:
Assamese
,
Konkani
,
Telugu
,
Kannada
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Punjabi
,
Gujarati