തെരുവുകളിലേക്ക് ചുവടുകൾ വെച്ച് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള: ചരിത്ര പരേഡുമായി 56-ാം പതിപ്പിന് തുടക്കം
ആശയങ്ങളുടെയും കഥകളുടെയും ആഗോള സർഗാത്മക മനസ്സുകളുടെയും സംഗമ വേദിയാണ് ഐഎഫ്എഫ്ഐ: ഗോവ ഗവർണർ ശ്രീ പുസപതി അശോക് ഗജപതി രാജു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സിനിമ അന്താരാഷ്ട്ര നിലവാരത്തിലെത്തുന്നു: ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്
സാംസ്കാരിക കാർണിവല്‍ സംസ്ഥാനങ്ങളുടെ വൈവിധ്യ പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്നു: ഡോ. എൽ. മുരുകൻ
സിനിമയിലെ 50 വർഷത്തെ മഹത്തായ സംഭാവനകൾക്ക് ഇതിഹാസ താരം നന്ദമുരി ബാലകൃഷ്ണന് ആദരം
തെരുവുകളിലേക്ക് ചുവടുകൾ വെക്കൂ, ആ താളം അനുഭവിക്കൂ; ചുരുളഴിയുന്ന കഥകളെ കണ്ടറിയൂ; ഗോവയെ വിസ്മയത്തിൻ്റെ ജീവസ്സുറ്റ തിരശ്ശീലകളിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള. ഐഎഫ്എഫ്ഐ-യുടെ ശ്രദ്ധേയമായ പ്രയാണത്തില്‍ ഇതാദ്യമായി പരമ്പരാഗത വേലിക്കെട്ടുകള്‍ ഭേദിച്ച് ഗോവയുടെ ഊർജസ്വലമായ ഹൃദയത്തിലേക്ക് മേള കടന്നുചെന്നു. ഇതുവരെ കാണാത്ത അഭൂതപൂർവമായ ആഘോഷത്തിലലിഞ്ഞ് ഗോവയിലെ ജനങ്ങളെയും തെരുവുകളെയും മനസ്സിനെയും മേള വരവേറ്റു.

പ്രൗഢമായ ഉദ്ഘാടനച്ചടങ്ങിൻ്റെ ഭാഗമായി ഐഎഫ്എഫ്ഐ 2025 ഇന്ന് നഗരത്തെ വിശാലമായ ജീവസ്സുറ്റ കാൻവാസാക്കി മാറ്റി. സിനിമയുടെ തിളക്കം സാംസ്കാരിക പ്രൗഢിയില്‍ അലിഞ്ഞുചേര്‍ന്നപ്പോള്‍ കഥവിഷ്കാരത്തിൻ്റെ മായാജാലം തെരുവുകളില്‍ നൃത്തം ചെയ്തു. കലാകാരന്മാരും കലാപ്രകടനം നടത്തുന്നവരും സിനിമാ പ്രേമികളും തെരുവുകളിൽ ഊർജവും ആവേശവും നിറച്ചപ്പോൾ സർഗാത്മകതയുടെ മിടിക്കുന്ന ഇടനാഴിയായി ഗോവ മാറി. ഇത് മേളയുടെ കേവലം തുടക്കമല്ല, മറിച്ച് ഐഎഫ്എഫ്ഐയുടെ പാരമ്പര്യത്തിലെ ധീരമായ പുത്തന്‍ അധ്യായത്തിൻ്റെ പിറവിയുടെ സൂചനയാണ്.

ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച ഗോവ ഗവർണർ ശ്രീ പുസപതി അശോക് ഗജപതി രാജു മേളയുടെ വർധിച്ചു വരുന്ന ആഗോള പ്രാധാന്യത്തെ പ്രശംസിച്ചു. സർഗാത്മക കൈമാറ്റങ്ങൾക്കും നവീന സഹകരണങ്ങൾക്കും ചലച്ചിത്ര മികവിൻ്റെ ആഘോഷത്തിനും അർത്ഥപൂര്‍ണമായ വേദിയായി ഐഎഫ്എഫ്ഐ മാറിയതായി അദ്ദേഹം പറഞ്ഞു. മഹാനഗരമെന്ന ഗോവയുടെ സ്വഭാവവും സാംസ്കാരിക സമ്പന്നതയും ആഗോള സമ്പര്‍ക്കസൗകര്യങ്ങളും കാരണം ഇത്രയേറെ സിനിമാ പ്രേമികള്‍ ഒത്തുചേരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തിൻ്റെ നാനാഭാഗങ്ങളിലെ ആശയങ്ങളുടെയും കഥകളുടെയും സർഗാത്മക മനസ്സുകളുടെയും സംഗമ വേദിയായി നിലകൊള്ളുന്ന ഐഎഫ്എഫ്ഐ പരമ്പരാഗത ചലച്ചിത്രോത്സവത്തിൻ്റെ അതിരുകൾക്കപ്പുറത്തേക്ക് വളർന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുവ ചലച്ചിത്ര പ്രവർത്തകരെ പിന്തുണയ്ക്കാനും സിനിമാ മികവിനെ ആദരിക്കാനും ചലച്ചിത്രങ്ങളുടെയും സര്‍ഗാത്മക ഉള്ളടക്ക വ്യവസായങ്ങളുടെയും ആഗോള കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗോവ ഒരു അന്താരാഷ്ട്ര ചലച്ചിത്ര നിർമാണ കേന്ദ്രമായി ഉയർന്നുവരുന്നതിനെ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് അഭിസംബോധനയില്‍ എടുത്തുപറഞ്ഞു. ലോകോത്തര നിലവാരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിച്ചതിനാലാണ് ഐഎഫ്എഫ്ഐയുടെ സ്ഥിരം വേദിയായി ഗോവ മാറിയത്. ഗോവയുടെ പ്രകൃതി ഭംഗിയാണ് ചലച്ചിത്ര പ്രവർത്തകരെ ആകർഷിക്കുന്നതെങ്കില്‍ നയപരമായി കരുത്താര്‍ന്ന പരിഷ്കാരങ്ങളാണ് അവരെ വീണ്ടും ഇവിടെയെത്തിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ആഗോള സർഗാത്മക വിപ്ലവത്തിലെ നേതൃശേഷിയെ പ്രതിഫലിപ്പിച്ച് ‘സർഗാത്മകതയുടെയും സാങ്കേതികവിദ്യയുടെയും സംയോജനം’ എന്ന പ്രമേയമാണ് ഈ വര്‍ഷത്തെ ചലച്ചിത്രമേള ആഘോഷിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎഫ്എഫ്ഐ ഇന്ത്യൻ പ്രതിഭകളെ ആഗോള സാധ്യതകളുമായി ബന്ധിപ്പിക്കുന്നു. ഗോവയെ ഇന്ത്യയുടെ സര്‍ഗാത്മക തലസ്ഥാനമാക്കി മാറ്റുകയാണ് ഞങ്ങളുടെ സ്വപ്നം. ഗോവയിലേക്ക് വരാനും കഥകൾ ആവിഷ്ക്കരിക്കാനും സിനിമകൾ ചിത്രീകരിക്കാനും ചലച്ചിത്രപ്രവര്‍ത്തകരെ അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യൻ സിനിമയെ അഭൂതപൂർവമായ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ത്താനും കഥാവിഷ്ക്കാരത്തിൻ്റെ ലോകത്ത് വളരുന്ന സാംസ്കാരിക ശക്തിയാക്കി രാജ്യത്തെ മാറ്റാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട‌് ഊര്‍ജം പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

https://x.com/pib_panaji/status/1991492546519085540?s=46&t=ZgoCPY_11mAwCpNzyUtBJw
ഓരോ പതിപ്പിലും ഐഎഫ്എഫ്ഐ വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ പറഞ്ഞു. സാധാരണ ശ്യാമ പ്രസാദ് മുഖർജി മൈതാനത്ത് തുടക്കംകുറിക്കുന്ന മേള ഇത്തവണ രാജ്യത്തെ സംസ്ഥാനങ്ങളുടെ വൈവിധ്യമാർന്ന പാരമ്പര്യങ്ങൾ പ്രദർശിപ്പിച്ച് പ്രൗഢമായ സാംസ്കാരിക കാർണിവലായി ആരംഭിക്കുന്നു. സർഗാത്മകതയിലൂടെയും സംസ്കാരിക മൂല്യങ്ങളിലൂടെയും കരുത്താര്‍ജിക്കുന്ന ഇന്ത്യയുടെ ഓറഞ്ച് സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി മുന്നോട്ടുവെച്ച കാഴ്ചപ്പാട് അദ്ദേഹം ഓർമിപ്പിച്ചു. മുംബൈയിൽ സംഘടിപ്പിച്ച ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടി (വേവ്സ്) പോലുള്ള സംരംഭങ്ങൾ രാജ്യത്തുടനീളം വളർന്നുവരുന്ന സര്‍ഗ പ്രതിഭകളെ ശാക്തീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോവയെ ഐഎഫ്എഫ്ഐയുടെ സ്ഥിരം വേദിയാക്കി മാറ്റുന്നതില്‍ നിർണായക പങ്കുവഹിച്ച അന്തരിച്ച ശ്രീ മനോഹർ പരീക്കറിന് അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.
https://x.com/PIB_Panaji/status/1991488244735963579?s=20
ഐഎഫ്എഫ്ഐ-യുടെ ഈ വർഷത്തെ പതിപ്പിൻ്റെ തനത് സവിശേഷതകൾ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു വിശദീകരിച്ചു. ഇതാദ്യമായാണ് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ആഘോഷമാക്കി പ്രൗഢമായ കാർണിവലിലൂടെ മേളയ്ക്ക് തുടക്കം കുറിക്കുന്നത്. ഏകദേശം 80 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന എക്കാലത്തെയും വലിയ ചലച്ചിത്രശേഖരമാണ് ഈ പതിപ്പില്‍ പ്രദർശിപ്പിക്കുന്നത്. നിരവധി അന്താരാഷ്ട്ര ആഗോള ചിത്രങ്ങളുടെ പ്രഥമപ്രദർശനവും ഇതിൽ ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. എഐ ചലച്ചിത്ര ഹാക്കത്തൺ, എക്കാലത്തെയും വിപുലമായ വേവ്സ് ഫിലിം ബസാർ തുടങ്ങിയ പുതിയ സംരംഭങ്ങള്‍ മേളയെ സർഗത്മകതയുടെയും സാങ്കേതികവിദ്യയുടെയും വ്യാവസായിക നൂതനാശയങ്ങളുടെയും മുൻനിരയിലെത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
https://x.com/pib_panaji/status/1991480945556488234?s=46&t=ZgoCPY_11mAwCpNzyUtBJw
തെലുങ്ക് സിനിമയ്ക്ക് 50 വർഷത്തെ മഹത്തായ സംഭാവനകൾ നൽകിയ ഇതിഹാസ താരം നന്ദമുരി ബാലകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു.

ആന്ധ്രാപ്രദേശ്, ഹരിയാന, ഗോവ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളാണ് പരേഡിന് നേതൃത്വം നൽകിയത്. അതത് സംസ്ഥാനങ്ങളുടെ സ്വത്വത്തിൻ്റെയും സങ്കല്പത്തിൻ്റെയും വ്യക്തമായ ചിത്രമാണ് ഓരോ ദൃശ്യത്തിലും ആവിഷ്ക്കരിച്ചത്. വിശാഖപട്ടണത്തിൻ്റെ തീര മനോഹാര്യതയും അരകുവിൻ്റെ നിഗൂഢ താഴ്‌വാരങ്ങളും ടോളിവുഡിൻ്റെ തുടിക്കുന്ന ഊര്‍ജവുമാണ് ആന്ധ്രപ്രദേശ് അവതരിപ്പിച്ചത്. നാടോടിക്കഥകളും നാടകവും സംസ്കാരവും സിനിമയും വർണാഭമായി ഹരിയാന സംയോജിപ്പിച്ചു. ചലച്ചിത്രമേളയുടെ ദീർഘകാല വേദിയായ ഗോവ മഹാനഗരത്തിൻ്റെ അഭിനിവേശവും ലോക സിനിമയുമായി നിലനിൽക്കുന്ന ബന്ധവും ആഘോഷമാക്കി ഘോഷയാത്രയുടെ വൈകാരിക ഹൃദയമായി മാറി.
രാജ്യത്തെ പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളിലെ പ്രൗഢമായ ചലച്ചിത്രാത്മക നിശ്ചലദൃശ്യങ്ങളും സംസ്ഥാനങ്ങള്‍ക്കൊപ്പം അണിനിരന്നു. അഖണ്ഡ 2-ൻ്റെ ഐതിഹ്യപരമായ ശക്തിയും രാം ചരണിൻ്റെ 'പെഡ്ഡി'യുടെ വൈകാരിക ആഴവും മൈത്രി മൂവി മേക്കേഴ്‌സിൻ്റെ സര്‍ഗാത്മക ശക്തിയും സീ സ്റ്റുഡിയോസിൻ്റെ പ്രശസ്തമായ പൈതൃകവും പരേഡിൻ്റെ ഭാഗമായി. ഹോംബാലെ ഫിലിംസിൻ്റെ ആഗോള വീക്ഷണവും ബിന്ദുസാഗറിൻ്റെ ഒഡിയ പൈതൃകവും ഗുരു ദത്തിന് അൾട്രാ മീഡിയ നൽകുന്ന നൂറ്റാണ്ടിൻ്റെ ആദരവും വേവ്സ് ഒടിടി-യുടെ ഊർജസ്വലമായ കഥാവിഷ്ക്കാരവുമെല്ലാം ഇന്ത്യൻ സിനിമയുടെ അനന്തമായ വൈവിധ്യം പ്രദർശിപ്പിക്കാനായി ഒത്തുചേര്‍ന്നു. ചലച്ചിത്ര പ്രവർത്തകരെ പരിപോഷിപ്പിക്കുകയും രാജ്യത്തുടനീളം ചലച്ചിത്രമേഖലയില്‍ നൂതനാശയങ്ങള്‍ വളർത്തുകയും ചെയ്യുന്ന ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷൻ്റെ 50 വർഷങ്ങള്‍ ആവിഷ്ക്കരിച്ച നിശ്ചലദൃശ്യം പരേഡിന് ചരിത്രപരമായ മാനം നൽകി.
നൂറിലധികം കലാകാരന്മാരെ അണിനിരത്തി സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ അവതരിപ്പിച്ച പതിനാറ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിസ്മയകരമായ നാടോടി സ്വരലയാവിഷ്ക്കാരം "ഭാരത് ഏക് സൂർ" പരേഡിന് അത്ഭുതാവഹമായ തുടക്കം കുറിച്ചു. ബാംഗ്ര, ഗർഭ, ലാവണി, ഘൂമർ, ബിഹു, ഛൗ, നാട്ടി എന്നിവ ഒരുമിച്ച സ്വരലയാവിഷ്ക്കാരം ഇന്ത്യയുടെ ഏകീകൃത സാംസ്കാരിക തുടിപ്പ് ഉൾക്കൊണ്ട് ത്രിവർണ രൂപീകരണത്തിലാണ് പര്യവസാനിച്ചത്.
കേന്ദ്ര നവ പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീ ശ്രീപദ് യെശോ നായിക്, പ്രശസ്ത നടൻ ശ്രീ അനുപം ഖേർ, ഐഎഫ്എഫ്ഐ ഡയറക്ടർ ശ്രീ ശേഖർ കപൂർ, ചലച്ചിത്ര പ്രവർത്തകർ, സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കള്‍, ആഗോള വ്യാവസായിക പ്രമുഖര്‍, സിനിമാ പ്രേമികൾ തുടങ്ങി വിശിഷ്ട വ്യക്തികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
***
Release ID:
2192359
| Visitor Counter:
6