പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭൂട്ടാൻ സന്ദർശനത്തെക്കുറിച്ചുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ സംയുക്ത പത്രക്കുറിപ്പ്

Posted On: 12 NOV 2025 9:59AM by PIB Thiruvananthpuram

ഭൂട്ടാൻ രാജാവ് ആദരണീയനായ ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക്കിന്റെ ക്ഷണപ്രകാരം, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 നവംബർ 11 മുതൽ 12 വരെ ഭൂട്ടാനിൽ  രണ്ട് ദിവസത്തെ ഔദ്യോഗിക  സന്ദർശനം നടത്തി.

സന്ദർശന വേളയിൽ, 2025 നവംബർ 11 ന് ചാങ്‌ലിമിതാങ്ങിൽ നടന്ന ഭൂട്ടാന്റെ നാലാമത്തെ രാജാവ് ആദരണീയനായ ജിഗ്മേ സിംഗേ വാങ്ചുക്ക്-ൻ്റെ 70-ാം ജന്മവാർഷികാഘോഷത്തിൽ പ്രധാനമന്ത്രി മോദി ഭൂട്ടാൻ ജനതയോടൊപ്പം വിശിഷ്ടാതിഥിയായി പങ്കെടുത്തു. തിംഫുവിൽ നടന്നുകൊണ്ടിരിക്കുന്ന ആഗോള സമാധാന പ്രാർത്ഥനാ ഉത്സവത്തിലും പ്രധാനമന്ത്രി മോദി പങ്കെടുത്തു. ഉത്സവ വേളയിൽ പൊതുജനങ്ങൾക്ക് വണങ്ങുന്നതിനായി ഇന്ത്യയിൽ നിന്നുള്ള ബുദ്ധന്റെ വിശുദ്ധ പിപ്രഹ്വ തിരുശേഷിപ്പുകൾ തിംഫുവിൽ എത്തിച്ചതിൽ ഭൂട്ടാൻ രാജാവ് അഭിനന്ദനം അറിയിച്ചു.

പ്രധാനമന്ത്രി മോദി, ആദരണീയനായ ഭൂട്ടാൻ രാജാവ്, ഡ്രൂക്ക് ​ഗ്യാൽപോ നാലാമനുമൊപ്പം സദസ്സിനെ സ്വീകരിക്കുകയും ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്‌ഗെയുമായി സംവദിക്കുകയും ചെയ്തു. നേതാക്കൾ തമ്മിലുള്ള ചർച്ചകൾ ഉഭയകക്ഷി സഹകരണത്തിന്റെ പ്രധാന മേഖലകളും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു.

നവംബർ 10 ന് ഡൽഹിയിലുണ്ടായ സ്ഫോടനത്തിലുണ്ടായ ജീവഹാനിയിൽ ഭൂട്ടാൻ രാജാവ് ഗവൺമെന്റിൻ്റെയും ഭൂട്ടാൻ ജനതയുടെയും ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്തു. ഭൂട്ടാൻ്റെ  പിന്തുണയേയും ഐക്യദാർഢ്യത്തേയും ഇന്ത്യ അഭിനന്ദിച്ചു.

ഭൂട്ടാന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിക്ക് ഇന്ത്യയുടെ അചഞ്ചലമായ പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ച് ഉറപ്പിച്ചു. സാമ്പത്തിക ഉത്തേജക പരിപാടി ഉൾപ്പെടെ, ഭൂട്ടാന്റെ പ്രധാന വികസന മുൻഗണനകൾ കൈവരിക്കുന്നതിനും വിവിധ മേഖലകളിൽ സുസ്ഥിര വളർച്ച നേടുന്നതിനും സജീവമായി സഹായിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭൂട്ടാന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതി കാലയളവിൽ രാജ്യത്ത്  നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾക്കായി ഇന്ത്യ നൽകിയ സഹായത്തെയും രാജ്യത്തിന്റെ വികസനത്തിന് ഇന്ത്യ  നൽകിവരുന്ന  സംഭാവനയെയും ഭൂട്ടാൻ അഭിനന്ദിച്ചു.

ഗെലെഫു മൈൻഡ്‌ഫുൾനെസ് സിറ്റിയെക്കുറിച്ചുള്ള രാജാവിന്റെ ദർശനം സാക്ഷാത്കരിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റിന്റെ പൂർണ്ണ പിന്തുണ പ്രധാനമന്ത്രി മോദി അറിയിച്ചു. ഗെലെഫുവിലേക്കുള്ള നിക്ഷേപകരുടെയും സന്ദർശകരുടെയും എളുപ്പത്തിലുള്ള നീക്കം സുഗമമാക്കുന്നതിന് അസമിലെ ഹാറ്റിസറിൽ ഒരു ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് സ്ഥാപിക്കാനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചു. ഗ്യാൽസുങ് അക്കാദമികളുടെ നിർമ്മാണത്തിന് ഇന്ത്യാ ഗവൺമെന്റ് നൽകിയ പിന്തുണയെ രാജാവ് അഭിനന്ദിച്ചു.

2025 നവംബർ 11 ന്, ഭഗവാൻ ബുദ്ധന്റെ വിശുദ്ധ പിപ്രഹ്വ തിരുശേഷിപ്പുകളുടെ സാന്നിധ്യത്തിൽ, 1020 മെഗാവാട്ട് ശേഷിയുള്ള പുനത്സാങ്ചു-II ജലവൈദ്യുത പദ്ധതി  ഭൂട്ടാൻ രാജാവും പ്രധാനമന്ത്രി മോദിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ജലവൈദ്യുത മേഖലയിൽ ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെയും മാതൃകാപരമായ സഹകരണത്തിന്റെയും തെളിവായി ഈ പദ്ധതി നിലകൊള്ളുന്നു. പുനത്സാങ്ചു-II ൽ നിന്ന് ഇന്ത്യയിലേക്ക് വൈദ്യുതി എത്തിക്കുന്നതിന്  ആരംഭം കുറിച്ചതിനെ അവർ സ്വാഗതം ചെയ്തു. 2024 മാർച്ചിലെ ഊർജ്ജ പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്ത ദർശനം നടപ്പിലാക്കുന്നതിൽ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിച്ചു.

1200 മെഗാവാട്ട് ശേഷിയുള്ള പുനത്സാങ്ചു-I ജലവൈദ്യുത പദ്ധതിയുടെ പ്രധാന അണക്കെട്ട് ഘടനയുടെ പണി പുനരാരംഭിക്കുന്നത് സംബന്ധിച്ച ധാരണയിലെത്തിയതിനെ നേതാക്കൾ സ്വാഗതം ചെയ്യുകയും പദ്ധതിയുടെ വേഗത്തിലുള്ള പൂർത്തീകരണത്തിനായി പ്രവർത്തിക്കാൻ സമ്മതിക്കുകയും ചെയ്തു. പൂർത്തിയാകുമ്പോൾ, ഇരു രാജ്യത്തെയും ഗവൺമെന്റുകൾ  സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായിരിക്കും പുനത്സാങ്ചു-I.

ഭൂട്ടാനിലെ ജലവൈദ്യുത പദ്ധതികളിൽ ഇന്ത്യൻ കമ്പനികളുടെ സജീവമായ ഇടപെടലുകളെ അവർ സ്വാഗതം ചെയ്തു. ഭൂട്ടാനിലെ ഊർജ്ജ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി ലൈൻ ഓഫ് ക്രെഡിറ്റിൽ 40 ബില്യൺ രൂപയുടെ ഇളവ് പ്രഖ്യാപിച്ച ഇന്ത്യാ ഗവൺമെൻ്റിൻ്റെ നടപടിക്ക് ഭൂട്ടാൻ പക്ഷം നന്ദി അറിയിച്ചു.

അതിർത്തി കടന്നുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തേണ്ടതിന്റെയും അതിർത്തി‌യിൽ  അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം ഇരുപക്ഷവും അടിവരയിട്ടു, ഇതിൽ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നതും ഉൾപ്പെടുന്നു. 2024 നവംബറിൽ ദരംഗയിലെ ഇമിഗ്രേഷൻ ചെക്ക് പോസ്റ്റും 2025 മാർച്ചിൽ ജോഗിഗോഫയിലെ ഉൾനാടൻ ജലപാത ടെർമിനലും മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്കും പ്രവർത്തനക്ഷമമാക്കിയതിനെയും അവർ സ്വാഗതം ചെയ്തു. 2025 സെപ്റ്റംബറിൽ അതിർത്തി കടന്നുള്ള റെയിൽ ലിങ്കുകൾ (ഗെലെഫു-കൊക്രജാർ, സാംത്സെ-ബനാർഹട്ട്) സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെയും തുടർന്ന് പദ്ധതി നടപ്പിലാക്കുന്നതിനായി പ്രോജക്ട് സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചതിനെയും ഇരുപക്ഷവും സ്വാഗതം ചെയ്തു.

ഭൂട്ടാനിലേക്ക് അവശ്യവസ്തുക്കളുടെയും വളങ്ങളുടെയും തടസ്സമില്ലാത്ത വിതരണത്തിനുള്ള ക്രമീകരണങ്ങൾ സ്ഥാപനവൽക്കരിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ച നടപടികളെ ഭൂട്ടാൻ പക്ഷം അഭിനന്ദിച്ചു. പുതിയ ക്രമീകരണത്തിന് കീഴിൽ  ഇന്ത്യയിൽ നിന്നും, ആദ്യ വളം എത്തിയതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു.

STEM, ഫിൻടെക്, സ്പേസ് എന്നീ പുതിയ മേഖലകളിൽ  സഹകരണം വളർന്നുവരുന്നതിൽ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയിലെ ഭൂട്ടാൻ സന്ദർശകർക്ക് QR കോഡുകൾ സ്കാൻ ചെയ്തുകൊണ്ട് പ്രാദേശിക മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പണമടയ്ക്കാൻ പ്രാപ്തമാക്കുന്ന UPI യുടെ രണ്ടാം ഘട്ടത്തിലെ പ്രവർത്തനങ്ങളെ അവർ സ്വാഗതം ചെയ്തു. ബഹിരാകാശ സഹകരണത്തിനായുള്ള സംയുക്ത പ്രവർത്തന പദ്ധതി നടപ്പിലാക്കുന്നതിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു. ഭൂട്ടാനിൽ STEM വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യൻ അധ്യാപകരുടെയും നഴ്‌സുമാരുടെയും വിലമതിക്കാനാവാത്ത സംഭാവനകളെയും അവർ അംഗീകരിച്ചു.

രാജ്ഗിറിലെ റോയൽ ഭൂട്ടാൻ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയെയും ഭൂട്ടാൻ ക്ഷേത്രത്തിന്റെയും അതിഥി മന്ദിരത്തിന്റെയും നിർമ്മാണത്തിനായി വാരാണസിയിൽ ഭൂമി നൽകാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ തീരുമാനത്തെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു.

സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ധാരണാപത്രങ്ങൾ താഴെപ്പറയുന്നു:

a. പുനരുപയോഗ ഊർജ്ജ മേഖലയിലെ സഹകരണം സംബന്ധിച്ച്, ഭൂട്ടാൻ റോയൽ ഗവൺമെൻ്റിൻ്റെ (RGoB) ഊർജ്ജ, പ്രകൃതിവിഭവ മന്ത്രാലയവും, ഇന്ത്യാ ഗവൺമെൻ്റിൻ്റെ (GoI) നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം;

b. ആരോഗ്യ, വൈദ്യ മേഖലയിലെ സഹകരണം സംബന്ധിച്ച്, ഭൂട്ടാൻ റോയൽ ഗവൺമെൻ്റിൻ്റെ ആരോഗ്യ മന്ത്രാലയവും ഇന്ത്യാ ഗവൺമെൻ്റിൻ്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം;

c. സ്ഥാപന ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനെ കുറിച്ച്, PEMA സെക്രട്ടേറിയറ്റും,ഇന്ത്യാ ഗവൺമെൻ്റിൻ്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസും തമ്മിലുള്ള ധാരണാപത്രം.

ഭൂട്ടാൻ-ഇന്ത്യ പങ്കാളിത്തം എല്ലാ തലങ്ങളിലുമുള്ള ആഴത്തിലുള്ള വിശ്വാസം, ഊഷ്മളമായ സൗഹൃദം, പരസ്പര ബഹുമാനം, ധാരണ എന്നിവയിൽ അധിഷ്ഠിതമാണ്, കൂടാതെ ഇരു രാജ്യത്തെയും ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധങ്ങളും അടുത്ത സാമ്പത്തിക, വികസന സഹകരണവും അതിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പതിവ് ഉന്നതതല വിനിമയങ്ങളുടെ പാരമ്പര്യം ഈ സന്ദർശനം വീണ്ടും ഉറപ്പിച്ചു, ഭാവിയിലും ഇത് തുടരാൻ ഇരുപക്ഷവും സമ്മതിച്ചു.

***

SK


(Release ID: 2189172) Visitor Counter : 7