റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

മൊൻതാ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ റെയിൽവേയുടെ തയ്യാറെടുപ്പുകൾ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അവലോകനം ചെയ്തു

Posted On: 28 OCT 2025 4:09PM by PIB Thiruvananthpuram
ആസന്നമായ മൊൻതാ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ, കേന്ദ്ര റെയിൽവേ, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് റെയിൽവേയുടെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു. കിഴക്കൻ തീരത്തെ റെയിൽവേ ശൃംഖലയുടെ സജ്ജത വിലയിരുത്തുന്നതിൽ വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന അവലോകന യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു.

യാത്രക്കാരുടെ സുരക്ഷ, ട്രെയിൻ നിയന്ത്രണം, സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതികൾ, പ്രാദേശിക ഭരണകൂടങ്ങളുമായും ദുരന്ത നിവാരണ ഏജൻസികളുമായുള്ള ഏകോപനം എന്നിവയ്ക്കായി സ്വീകരിച്ച നടപടികൾ കേന്ദ്രമന്ത്രി അവലോകനം ചെയ്തു. ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളുടെ കിഴക്കൻ തീരത്ത് ചുഴലിക്കാറ്റിൻ്റെ ആഘാതം മുൻകൂട്ടി കണ്ട് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നല്കി.

തടസ്സമില്ലാത്ത ആശയവിനിമയത്തിൻ്റേയും ദുരന്ത പ്രതികരണ സംഘങ്ങളെ സമയബന്ധിതമായി വിന്യസിക്കേണ്ടതിൻ്റേയും ആവശ്യകത ഊന്നിപ്പറഞ്ഞ കേന്ദ്രമന്ത്രി, എല്ലാ റെയിൽവേ സോണുകളും അതീവ ജാഗ്രത  പാലിക്കണമെന്നും ചുഴലിക്കാറ്റിനുശേഷം ട്രെയിൻ സർവീസുകൾ അതിവേഗം പുനഃസ്ഥാപിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.

മൊൻതാ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് തത്സമയ ഏകോപനത്തിനും പ്രതികരണത്തിനുമായി ഇന്ത്യൻ റെയിൽവേ ഡിവിഷണൽ വാർ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. വിജയവാഡ, വിശാഖപട്ടണം, ഗുണ്ടൂർ ഡിവിഷനുകളിൽ അവശ്യവസ്തുക്കൾ, യന്ത്ര സാമഗ്രികൾ, ആൾബലം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനായി ട്രെയിൻ സർവീസുകളുടെ തുടർച്ചയായ നിരീക്ഷണം നടക്കുന്നുണ്ട്. അടിയന്തര പ്രതികരണത്തിനായി വിഭവങ്ങൾ സമാഹരിക്കാനും ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാനും ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ECoR), സൗത്ത് കോസ്റ്റ് റെയിൽവേ (SCoR), സൗത്ത് സെൻട്രൽ റെയിൽവേ (SCR) സോണുകൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് റെയിൽവേ ജനറൽ മാനേജർ ശ്രീ പർമേശ്വർ ഫങ്ക്വാൾ, വിവിധ വകുപ്പുകളുടെ മേധാവികൾ, ഡിവിഷണൽ റെയിൽവേ മാനേജർമാർ എന്നിവർ ചേർന്ന് വാൾട്ടയർ, ഖുർദ റോഡ് ഡിവിഷനുകൾ ഉൾപ്പെടെയുള്ള ദുർബല പ്രദേശങ്ങളിൽ ഇതിനോടകം ആരംഭിച്ച മുൻകരുതൽ നടപടികളെക്കുറിച്ച് മന്ത്രിയെ അറിയിച്ചു.
 
*****

(Release ID: 2183410) Visitor Counter : 11