രാജ്യരക്ഷാ മന്ത്രാലയം
പോലീസ് സ്മൃതി ദിനം: ന്യൂഡൽഹിയിലെ ദേശീയ പോലീസ് സ്മാരകത്തിൽ രാജ്യരക്ഷാ മന്ത്രി പുഷ്പചക്രം അർപ്പിച്ചു; രാഷ്ട്ര സേവനത്തിനുവേണ്ടിയുള്ള സമർപ്പണത്തിന് പോലീസിനും അർദ്ധസൈനിക വിഭാഗങ്ങൾക്കും ശ്രദ്ധാഞ്ജലി അർപ്പിച്ചു
Posted On:
21 OCT 2025 12:02PM by PIB Thiruvananthpuram
പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് 2025 ഒക്ടോബർ 21 ന് ന്യൂഡൽഹിയിലെ ദേശീയ പോലീസ് സ്മാരകത്തിൽ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പുഷ്പചക്രം അർപ്പിച്ചു. 1959 ൽ ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്സിൽ ആയുധധാരികളായ ചൈനീസ് സൈന്യം നടത്തിയ ഒളിയാക്രമണത്തിൽ 10 ധീരരായ പോലീസുകാർ ജീവത്യാഗം ചെയ്തത് ഈ ദിനത്തിലാണ്.
വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് തന്റെ പ്രസംഗത്തിൽ രാജ്യരക്ഷാ മന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു. രാജ്യസേവനത്തിനു വേണ്ടി സമർപിതരായ പോലീസിനും അർദ്ധസൈനിക വിഭാഗങ്ങൾക്കും നന്ദി അറിയിച്ചു. സായുധ സേനകളെയും പോലീസ് സേനകളെയും ദേശ സുരക്ഷയുടെ സ്തംഭങ്ങളായി അദ്ദേഹം വിശേഷിപ്പിച്ചു. സായുധ സേനകൾ നമ്മുടെ രാജ്യത്തെയും രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയും സംരക്ഷിക്കുമ്പോൾ, പോലീസ് സേനകൾ സമൂഹത്തെയും സാമൂഹിക ഐക്യത്തെയും സംരക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “സൈന്യവും പോലീസും വ്യത്യസ്ത മേഖലകളിലാണ് പ്രവർത്തിക്കുന്നത്, പക്ഷേ അവരുടെ ദൗത്യം ഒന്നുതന്നെയാണ് - രാഷ്ട്രത്തെ സംരക്ഷിക്കുക. 2047 ഓടെ വികസിത ഭാരതം സാക്ഷാത്ക്കരിക്കാൻ, രാജ്യത്തിന്റെ ബാഹ്യവും ആന്തരികവുമായ സുരക്ഷയെ സന്തുലിതമാക്കുകയെന്നത് എക്കാലത്തേക്കാളും പ്രധാനമാണിന്ന്,” അദ്ദേഹം പറഞ്ഞു.
അതിർത്തികളിൽ അസ്ഥിരത നിലനിൽക്കുമ്പോൾ തന്നെ, സമൂഹത്തിനുള്ളിൽ പുതിയ തരം കുറ്റകൃത്യങ്ങൾ, ഭീകരത, പ്രത്യയശാസ്ത്ര യുദ്ധങ്ങൾ എന്നിവയും ഉയർന്നുവരുന്നുണ്ടെന്ന്, വർത്തമാനകാല വെല്ലുവിളികളെക്കുറിച്ച് വിശദീകരിക്കവേ, ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. കുറ്റകൃത്യങ്ങൾ കൂടുതൽ സംഘടിതവും അദൃശ്യവും സങ്കീർണ്ണവുമായി മാറിയിരിക്കുന്നുവെന്നും, അതിന്റെ ഉദ്ദേശ്യം സമൂഹത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുക, വിശ്വാസം തകർക്കുക, രാജ്യത്തിന്റെ സ്ഥിരതയെ വെല്ലുവിളിക്കുക എന്നിവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറ്റകൃത്യങ്ങൾ തടയുക എന്ന ഔദ്യോഗിക ഉത്തരവാദിത്തം നിറവേറ്റുന്നതിനൊപ്പം സമൂഹത്തിന്റെ വിശ്വാസം ആർജ്ജിക്കുക എന്ന ധാർമ്മിക കടമയും നിറവേറ്റുന്ന പോലീസിനെ രാജ്യരക്ഷാ മന്ത്രി അഭിനന്ദിച്ചു. “ഇന്ന് ജനങ്ങൾ സമാധാനമായി ഉറങ്ങുന്നുണ്ടെങ്കിൽ, ജാഗ്രത്തായ നമ്മുടെ സായുധ സേനയിലും പോലീസ് സേനയിലും അവർക്കുള്ള വിശ്വാസമാണ് അതിന് കാരണം. ഈ ആത്മവിശ്വാസമാണ് നമ്മുടെ രാജ്യത്തിന്റെ സ്ഥിരതയ്ക്ക് അടിത്തറ പാകുന്നത്,” അദ്ദേഹം പറഞ്ഞു.
ഒരു പ്രധാന ആഭ്യന്തര സുരക്ഷാ വെല്ലുവിളിയെന്ന നിലയിൽ ഏറെക്കാലമായി തുടരുന്ന നക്സലിസത്തിലേക്ക് ശ്രദ്ധ ക്ഷണിക്കവേ, പോലീസ്, CRPF, BSF, തദ്ദേശ ഭരണകൂടങ്ങൾ എന്നിവയുടെ സംയോജിതവും സംഘടിതവുമായ പരിശ്രമങ്ങൾ പ്രശ്നം വഷളാകാതിരിക്കാൻ സഹായിച്ചുവെന്നും ഇടതുപക്ഷ ഭീകരത ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങൾ ഇപ്പോൾ ആശ്വാസത്തോടെ നെടുവീർപ്പിടുന്നുവെന്നും ശ്രീ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അടുത്ത വർഷം മാർച്ചോടെ പ്രശ്‌നം അവസാനിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.“ഈ വർഷം ഒട്ടേറെ ഉന്നത നക്സലൈറ്റ് നേതാക്കളെ ഉന്മൂലനം ചെയ്തു. മുമ്പ് ഭരണകൂടത്തിനെതിരെ ആയുധമെടുത്തവർ ഇപ്പോൾ കീഴടങ്ങി വികസനത്തിന്റെ മുഖ്യധാരയിലേക്ക് അണിചേരുന്നു. ഇടതുപക്ഷ ഭീകരത ബാധിച്ച ജില്ലകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒരുകാലത്ത് നക്സലൈറ്റ് കേന്ദ്രങ്ങളായിരുന്ന പ്രദേശങ്ങൾ ഇപ്പോൾ വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുകയാണ്. ഒരുകാലത്ത് ചുവന്ന ഇടനാഴി (റെഡ് കോറിഡോർ) എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങൾ ഇപ്പോൾ വളർച്ചാ ഇടനാഴികളായി മാറിയിരിക്കുന്നു. ഈ വിജയത്തിന് നമ്മുടെ പോലീസും സുരക്ഷാ സേനയും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.
ദേശ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ചും ആ ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് സേനയെക്കുറിച്ചും രാജ്യ രക്ഷാ മന്ത്രി ആവർത്തിച്ചു വിശദീകരിച്ചു. “ഏറെക്കാലമായി, ഒരു രാഷ്ട്രമെന്ന നിലയിൽ, പോലീസിന്റെ സംഭാവനകളെ നാം പൂർണ്ണമായി അംഗീകരിച്ചിരുന്നില്ല. എന്നാൽ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, നമ്മുടെ പോലീസ് സേനയെ ആദരിക്കുന്നതിനായി 2018 ൽ സർക്കാർ ദേശീയ പോലീസ് സ്മാരകം സ്ഥാപിച്ചു. കൂടാതെ, പോലീസിന് അത്യാധുനിക ആയുധങ്ങളും മെച്ചപ്പെട്ട സൗകര്യങ്ങളും നൽകി. ഇപ്പോൾ അവർക്ക് നിരീക്ഷണ സംവിധാനങ്ങൾ, ഡ്രോണുകൾ, ഫോറൻസിക് ലാബുകൾ, ഡിജിറ്റൽ പോലീസിംഗ് തുടങ്ങിയ ആധുനിക ഉപകരണങ്ങളുണ്ട്. പോലീസ് സേനയുടെ നവീകരണത്തിനായി സംസ്ഥാനങ്ങൾക്ക് ആവശ്യമായ വിഭവങ്ങളും നൽകുന്നുണ്ട് ”അദ്ദേഹം പറഞ്ഞു. സുരക്ഷാ ഏജൻസികളുടെ ഏകോപനത്തിലൂടെയും സമന്വയത്തിലൂടെയും മാത്രമേ ഇത് സാധ്യമാകൂ. വിഭവങ്ങളുടെ പരമാവധി വിനിയോഗത്തിന് ശ്രീ രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു.
സമൂഹവും പോലീസും പരസ്പരാശ്രിതരാണെന്ന് വ്യക്തമാക്കവേ, സുരക്ഷാ സംവിധാനത്തെ കൂടുതൽ ശക്തവും ജാഗ്രത്തുമാക്കുന്നതിന് ഇവ രണ്ടും തമ്മിൽ സന്തുലിതമായ ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യരക്ഷാ മന്ത്രി ഊന്നിപ്പറഞ്ഞു. “പൗരന്മാർ പങ്കാളികളെപ്പോലെ പ്രവർത്തിക്കുകയും നിയമത്തെ ബഹുമാനിക്കുകയും ചെയ്യുമ്പോൾ മാത്രമേ പോലീസിന് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയൂ. സമൂഹവും പോലീസും തമ്മിലുള്ള ബന്ധം പരസ്പര ധാരണയിലും ഉത്തരവാദിത്തത്തിലും അധിഷ്ഠിതമാകുമ്പോൾ, രണ്ടും അഭിവൃദ്ധിപ്പെടും,” അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി കേന്ദ്ര സായുധ പോലീസ് സേനയുടെയും (CAPF) ഡൽഹി പോലീസിന്റെയും സംയുക്ത പരേഡ് നടന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ ബണ്ടി സഞ്ജയ് കുമാർ, ആഭ്യന്തര സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ ശ്രീ തപൻ ദേക, BSF ഡയറക്ടർ ജനറൽ ശ്രീ ദൽജിത് സിംഗ് ചൗധരി, CAPF മേധാവിമാർ, വിരമിച്ച DG മാർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
SKY
*****
(Release ID: 2181184)
Visitor Counter : 17