കൃഷി മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ കാർഷിക മേഖലയിലെ പുരോഗതി അവലോകനം ചെയ്തു

प्रविष्टि तिथि: 13 OCT 2025 3:48PM by PIB Thiruvananthpuram



കാർഷിക മേഖലയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ അധ്യക്ഷത വഹിച്ചു. ഖാരിഫ് വിള സാഹചര്യങ്ങൾ, റാബി വിളയ്ക്കായുള്ള വിതയ്ക്കൽ തയ്യാറെടുപ്പ് എന്നിവ യോഗത്തിൽ വിലയിരുത്തി.

ഖാരിഫ് വിളകൾ കൃഷി ചെയ്തിരിക്കുന്നതിന്റെ ആകെ വിസ്തൃതി മുൻ വർഷത്തെ അപേക്ഷിച്ച് 6.51 ലക്ഷം ഹെക്ടർ വർദ്ധിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. 2024–25 ലെ 1,114.95 ലക്ഷം ഹെക്ടറിൽ നിന്ന് ഇത്തവണ 1,121.46 ലക്ഷം ഹെക്ടർ പ്രദേശത്താണ് ആകെ വിതച്ചത്. ഗോതമ്പ്, നെല്ല്, ചോളം, കരിമ്പ്, പയർവർഗ്ഗങ്ങൾ തുടങ്ങിയ പ്രധാന വിളകളുടെ കൃഷി മുൻ വർഷത്തെ അപേക്ഷിച്ച് വർദ്ധിച്ചതായി യോഗം ചൂണ്ടിക്കാട്ടി. 2024-25 ൽ 22.87 ലക്ഷം ഹെക്ടറായിരുന്ന ഉഴുന്ന് കൃഷിയിട വിസ്തൃതി 2025-26 ൽ 1.50 ലക്ഷം ഹെക്ടർ വർദ്ധിച്ച് 24.37 ലക്ഷം ഹെക്ടറായതായി യോഗത്തിൽ അറിയിച്ചു.

പ്രളയ ബാധിത പ്രദേശങ്ങളിലെ സ്ഥിതിയും കേന്ദ്രമന്ത്രി അവലോകനം ചെയ്തു. ചില സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച ജില്ലകൾ ശ്രീ ചൗഹാൻ അടുത്തിടെ സന്ദർശിച്ചിരുന്നു. ചില പ്രദേശങ്ങളിലെ വിളകളെ അമിത മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും, മറ്റ് പ്രദേശങ്ങളിൽ നല്ല മൺസൂൺ ലഭിച്ചിട്ടുണ്ടെന്നും ഇത് റാബിവിളകളുടെ വിതയ്ക്കലിനും ആരോഗ്യകരമായ വിള വളർച്ചയ്ക്കും ഗുണകരമായതായും അത് മൊത്തത്തിലുള്ള ഉൽപാദന വർദ്ധനയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യോഗത്തിൽ വിശദീകരിച്ചു.

തക്കാളി, ഉള്ളി എന്നിവയുടെ കാർഷികവൃത്തികൾ സുഗമമായി പുരോഗമിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 2024–25 കാലയളവിൽ 3.62 ലക്ഷം ഹെക്ടറായിരുന്ന ഉള്ളി കൃഷിയിട വിസ്തീർണ്ണം ഇപ്പോൾ 3.91 ലക്ഷം ഹെക്ടറായി വർദ്ധിച്ചു. അതേസമയം ഉരുളക്കിഴങ്ങ് കൃഷി 0.35 ലക്ഷം ഹെക്ടറിൽ നിന്ന് 0.43 ലക്ഷം ഹെക്ടറായി വികസിച്ചു. അതുപോലെ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.86 ലക്ഷം ഹെക്ടറായിരുന്ന തക്കാളി കൃഷി ഈ വർഷം 2.37 ലക്ഷം ഹെക്ടറായി ഉയർന്നു. ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി എന്നിവയുടെ നടീൽ രീതികൾ നിശ്ചിത ലക്ഷ്യങ്ങൾക്കനുസൃതമായി മികച്ച രീതിയിൽ പുരോഗമിച്ചിട്ടുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.

അരി, ഗോതമ്പ് എന്നിവയുടെ നിലവിലെ സംഭരണം നിശ്ചിത ബഫർ മാനദണ്ഡങ്ങളേക്കാൾ കൂടുതലാണെന്നും ഇത് വിതരണ സ്ഥിതിയുടെ സ്ഥിരതയെ സൂചിപ്പിക്കുന്നതായും ഉദ്യോഗസ്ഥർ കേന്ദ്ര കൃഷി മന്ത്രിയെ അറിയിച്ചു.

 കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെയും കഴിഞ്ഞ ദശകത്തിലെ ശരാശരിയെയും അപേക്ഷിച്ച് രാജ്യത്തുടനീളമുള്ള ജലസംഭരണികളിലെ ജല സംഭരണ നില ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ജലലഭ്യത സംബന്ധിച്ച്,ശ്രീ ചൗഹാനെ ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ, 161 പ്രധാന ജലസംഭരണികളിലായി കഴിഞ്ഞ വർഷത്തെ സംഭരണത്തിനേക്കാൾ 103.51%, കഴിഞ്ഞ ദശകത്തിലെ ശരാശരി സംഭരണത്തിന്റെ 115%  എന്ന കണക്കിൽ ജലമുണ്ട്. ഇത് കാർഷിക ഉൽപാദനക്ഷമതയ്ക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

 രാസവളങ്ങളുടെ ലഭ്യതയും ശ്രീ ചൗഹാൻ അവലോകനം ചെയ്തു. വരും മാസങ്ങളിൽ സുഗമവും സമയബന്ധിതവുമായി വളം വിതരണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ കേന്ദ്ര രാസ- വള മന്ത്രാലയവുമായി ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വരാനിരിക്കുന്ന കാർഷിക സീസണിലേക്കുള്ള വളങ്ങളുടെ ആവശ്യകത വിലയിരുത്തുന്നതിനും നിറവേറ്റുന്നതിനും സംസ്ഥാനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നതായി ഉദ്യോഗസ്ഥർ കേന്ദ്ര മന്ത്രിയെ അറിയിച്ചു.

 
SKY
 
*******

(रिलीज़ आईडी: 2178554) आगंतुक पटल : 20
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali-TR , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada