പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബാൻസ്വാരയിൽ 1,22,100 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു


സംശുദ്ധ ഊർജദൗത്യത്തെ നമ്മുടെ ഗവണ്മെന്റ് ജന​കീയ പ്രസ്ഥാനമാക്കി മാറ്റി‌: പ്രധാനമന്ത്രി

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായി സേവനമനോഭാവത്തോടെയാണു ഞങ്ങൾ പ്രവർത്തിക്കുന്നത്: പ്രധാനമന്ത്രി

ഗോത്രവിഭാഗങ്ങൾ അന്തസ്സോടും ആത്മാഭിമാനത്തോടുംകൂടി ജീവിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതു ഞങ്ങളുടെ പ്രതിജ്ഞയാണ്: പ്രധാനമന്ത്രി

Posted On: 25 SEP 2025 4:40PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബാൻസ്വാരയിൽ 1,22,100 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. നവരാത്രിയുടെ നാലാം ദിവസം, ബാൻസ്വാരയിലെ മാതാ ത്രിപുര സുന്ദരിയുടെ പുണ്യഭൂമി സന്ദർശിക്കാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. കാന്തലിലെയും വാഗഡിലെയും ഗംഗയായി ആരാധിക്കപ്പെടുന്ന മാതാ മാഹിനദി കാണാനും തനിക്ക് അവസരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. മാഹിയിലെ ജലം ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെ അതിജീവനശേഷിയുടെയും പോരാട്ടത്തിന്റെയും പ്രതീകമാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മഹായോഗി ഗോവിന്ദ് ഗുരുജിയുടെ പ്രചോദനാത്മകമായ നേതൃത്വത്തെ അദ്ദേഹം എടുത്തുകാട്ടി. അദ്ദേഹത്തിന്റെ പാരമ്പര്യം ഇന്നും പ്രതിധ്വനിക്കുന്നതായും, മാഹിയിലെ പുണ്യജലം ആ മഹത്തായ ഇതിഹാസത്തിനു സാക്ഷ്യം വഹിക്കുന്നതായും ശ്രീ മോദി പറഞ്ഞു. മാതാ ത്രിപുര സുന്ദരിക്കും മാതാ മാഹിക്കും അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഭക്തിയുടെയും വീര്യത്തിന്റെയും മണ്ണിൽനിന്ന്, മഹാറാണാ പ്രതാപിനും രാജാ ബാൻസിയ ഭീലിനും അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിച്ചു.

നവരാത്രിയിൽ രാഷ്ട്രം ഒമ്പതു രൂപങ്ങളിൽ ശക്തിയെ ആരാധിക്കുന്നുവെന്നും ബാൻസ്വാരയിലെ ഇന്നത്തെ പ്രധാന പരിപാടി ഊർജശക്തിക്ക്, അതായത്, വൈദ്യുതോൽപ്പാദനത്തിന്, സമർപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വൈദ്യുതിമേഖലയിൽ പുതിയ അധ്യായം രാജസ്ഥാന്റെ മണ്ണിൽനിന്ന് എഴുതപ്പെടുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. രാജസ്ഥാൻ, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ₹90,000 കോടിയിലധികം വിലമതിക്കുന്ന വൈദ്യുതിപദ്ധതികൾ ആരംഭിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത്തരം വലിയ തോതിലുള്ള പദ്ധതികൾ ഒരേസമയം ആരംഭിക്കുന്നത് ഊർജമേഖലയിൽ ഇന്ത്യയുടെ ത്വരിതഗതിയിലുള്ള പുരോഗതിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളും സജീവമായി സംഭാവന നൽകുന്നുണ്ടെന്നും, എല്ലാ സംസ്ഥാനങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിൽ, സംശുദ്ധ ഊർജപദ്ധതികൾക്കും പ്രസരണലൈനുകൾക്കും തറക്കല്ലിട്ടു. കൂടാതെ സൗരോർജപദ്ധതികളും ശ്രീ മോദി ഉദ്ഘാടനം ചെയ്തു. ബാൻസ്വാരയിൽ രാജസ്ഥാൻ ആണവോർജപദ്ധതി ആരംഭിച്ചതായും ​അദ്ദേഹം പ്രഖ്യാപിച്ചു. സൗരോർജംമുതൽ ആണവോർജംവരെ, ഇന്ത്യ വൈദ്യുതോൽപ്പാദനശേഷിയിൽ പുതിയ ഉയരങ്ങൾ താണ്ടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

“സാങ്കേതികവിദ്യയുടെയും വ്യവസായത്തിന്റെയും ഇന്നത്തെ കാലഘട്ടത്തിൽ, വികസനം ഊർജത്തിന്റെ ശക്തിയിലാണു പ്രവർത്തിക്കുന്നത്; വെളിച്ചം, വേഗത, പുരോഗതി, സമ്പർക്കസൗകര്യം, ആഗോള പ്രാപ്യത എന്നിവയൊരുക്കാൻ വൈദ്യുതിക്കു കഴിയും.” - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വൈദ്യുതിയുടെ പ്രാധാന്യം അവഗണിച്ച മുൻ ഗവണ്മെന്റുകളെ അദ്ദേഹം വിമർശിച്ചു. 2014-ൽ തന്റെ ഗവണ്മെന്റ് അധികാരത്തിൽ വന്നപ്പോൾ രണ്ടരക്കോടി വീടുകളിൽ വൈദ്യുതികണക്ഷൻ ഇല്ലായിരുന്നുവെന്നും സ്വാതന്ത്ര്യം ലഭിച്ച് 70 വർഷത്തിനുശേഷവും 18,000 ഗ്രാമങ്ങൾ ഒരു വൈദ്യുത തൂൺപോലും കണ്ടിട്ടില്ലെന്നും ശ്രീ മോദി പറഞ്ഞു. പ്രധാന നഗരങ്ങളിൽ മണിക്കൂറുകൾ നീണ്ട വൈദ്യുതിതടസ്സം നേരിടേണ്ടി വന്നതായും ഗ്രാമങ്ങളിൽ 4-5 മണിക്കൂർ വൈദ്യുതി ലഭിക്കുന്നതുതന്നെ വലിയ കാര്യമായി കണക്കാക്കപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. വൈദ്യുതിയുടെ അഭാവം നിർമാണശാലകളുടെ പ്രവർത്തനങ്ങളെയും പുതിയ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനെയും തടസ്സപ്പെടുത്തി. ഇതു രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളെയും രാജ്യത്തെയാകെയും ബാധിച്ചു. 2014-ൽ തന്റെ ഗവണ്മെന്റ് ഈ സാഹചര്യം മാറ്റാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചുവെന്നും 2.5 കോടി കുടുംബങ്ങൾക്കു സൗജന്യ കണക്ഷൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു. എവിടെയൊക്കെ വൈദ്യുതിലൈനുകൾ എത്തിയോ, അവിടെയെല്ലാം വൈദ്യുതി ലഭിച്ചു. ഇതു ജീവിതം സുഗമമാക്കുകയും പുതിയ വ്യവസായങ്ങളുടെ വളർച്ച സാധ്യമാക്കുകയും ചെയ്തു.

​21-ാം നൂറ്റാണ്ടിൽ ഏതൊരു രാജ്യത്തിനും ദ്രുതഗതിയിലുള്ള വികസനം കൈവരിക്കണമെങ്കിൽ, വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. സംശുദ്ധ ഊർജമേഖലയിൽ  മികവുകാട്ടുന്ന രാജ്യങ്ങളായിരിക്കും ഏറ്റവും കൂടുതൽ വിജയംവരിക്കുന്ന രാജ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ ഗവണ്മെന്റ് സംശുദ്ധ ഊർജദൗത്യത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയാണ്” - ശ്രീ മോദി പറഞ്ഞു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കുന്ന പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയുടെ ഉദ്ഘാടനം അദ്ദേഹം പ്രഖ്യാപിച്ചു. കർഷകർക്കു താങ്ങാനാകുന്ന നിരക്കിൽ വൈദ്യുതി ഉറപ്പാക്കാൻ, പിഎം-കുസും പദ്ധതി കാർഷിക മേഖലകളിൽ സൗരോർജ പമ്പുകൾ സ്ഥാപിക്കാൻ സൗകര്യമൊരുക്കുന്നു. ലക്ഷക്കണക്കിനു കർഷകർക്കു നേരിട്ടു പ്രയോജനം ലഭിക്കുന്ന നിരവധി സൗരോർജ പദ്ധതികൾ ഇന്നു സംസ്ഥാനങ്ങളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പിഎം സൂര്യ ഘർ പദ്ധതി വീടുകൾക്കു സൗജന്യ വൈദ്യുതി നൽകുന്നുണ്ടെന്നും പിഎം-കുസും പദ്ധതി കൃഷിയിടങ്ങൾക്കു സൗജന്യ വൈദ്യുതി ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സൗജന്യ വൈദ്യുതി ജീവിതത്തിൽ വലിയ അനുഗ്രഹമായി മാറിയിരിക്കുന്നുവെന്നു പിഎം-കുസും പദ്ധതിയുടെ ഗുണഭോക്താക്കൾ പറഞ്ഞതായി, അവരുമായി നേരത്തെ നടത്തിയ ആശയവിനിമയം ചൂണ്ടിക്കാട്ടി ശ്രീ മോദി പറഞ്ഞു.

"ഇന്ത്യ വികസിത രാഷ്ട്രമായി മാറാനുള്ള ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളിലാണു വ്യാപൃതമായിരിക്കുന്നത്. ഈ യാത്രയിൽ രാജസ്ഥാൻ പ്രധാന പങ്കുവഹിക്കുന്നു” - ശ്രീ മോദി പറഞ്ഞു. രാജസ്ഥാനിലെ ജനങ്ങൾക്കായി വെള്ളം, വൈദ്യുതി, ആരോഗ്യസംരക്ഷണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി 30,000 കോടിരൂപയുടെ അധിക പദ്ധതികൾ ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വന്ദേ ഭാരത് സർവീസ് ഉൾപ്പെടെ മൂന്നു പുതിയ ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള രാജ്യവ്യാപകയജ്ഞത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. അതിലൂടെ ഇന്നു രാജസ്ഥാനിലെ 15,000 യുവാക്കൾക്കു ഗവണ്മെന്റ് ജോലികൾക്കായി നിയമനപത്രങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിയമനം ലഭിച്ച ഈ യുവാക്കൾക്ക് അവരുടെ ജീവിതത്തിലെ പുതിയ അധ്യായത്തിന് എല്ലാവിധ ആശംസകളും നേർന്ന ശ്രീ മോദി, ഈ വികസന പദ്ധതികൾക്കു തുടക്കം കുറിച്ചതിനു രാജസ്ഥാനിലെ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

രാജസ്ഥാനിലെ ഗവണ്മെന്റ്, സംസ്ഥാനത്തിന്റെ വികസനത്തിനായി സമ്പൂർണ സത്യസന്ധതയോടെ പ്രവർത്തിക്കുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി, മുൻകാലങ്ങളിലെ ദുർഭരണവും ചൂഷണവും മൂലം രാജസ്ഥാനിൽ ഉണ്ടായ മുറിവുകൾ നിലവിലെ ഭരണകൂടം ഇപ്പോൾ ഉണക്കുകയാണെന്നും പറഞ്ഞു. പ്രതിപക്ഷം ഭരിച്ചിരുന്ന കാലത്തു രാജസ്ഥാൻ ചോദ്യപ്പേപ്പർ ചോർച്ചയുടെ കേന്ദ്രമായി മാറിയെന്നും ജൽ ജീവൻ ദൗത്യത്തിൽ അഴിമതി നടന്നുവെന്നും ശ്രീ മോദി ആരോപിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉച്ചസ്ഥായിയിലെത്തിയെന്നും കുറ്റവാളികൾക്കു സംരക്ഷണം നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഭരണകാലത്തു ബാൻസ്വാര, ഡൂംഗർപുർ, പ്രതാപ്ഗഢ് തുടങ്ങിയ പ്രദേശങ്ങളിൽ കുറ്റകൃത്യങ്ങളിലും അനധികൃത മദ്യക്കച്ചവടത്തിലും വൻ വർധനയുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഗവണ്മെന്റിനു ജനങ്ങൾ അവസരം നൽകിയതോടെ ക്രമസമാധാനം ശക്തിപ്പെടുകയും വികസനത്തിന്റെ വേഗത വർധിക്കുകയും ചെയ്തുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നിലവിൽ പ്രധാന പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും, രാജസ്ഥാനിലുടനീളം ദേശീയപാതകളുടെയും അതിവേഗപാതകളുടെയും ശൃംഖല വളർന്നുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജസ്ഥാനെ, പ്രത്യേകിച്ച് ദക്ഷിണ രാജസ്ഥാനെ, തങ്ങളുടെ ഗവണ്മെന്റ് വികസനത്തിന്റെ വേഗതയേറിയ പാതയിലേക്കു നയിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വ്യക്തിയുടെ ഉന്നമനം എന്ന അന്ത്യോദയ തത്വം രാജ്യത്തിന് നൽകിയ 
പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനമാണിന്ന് എന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ ദർശനം ഇപ്പോൾ ഗവണ്മെന്റിന്റെ ദൗത്യമായി മാറിയിരിക്കുന്നുവെന്ന് എടുത്തു പറഞ്ഞു. പാവപ്പെട്ടവരുടെയും ദളിതരുടെയും പിന്നാക്ക സമുദായങ്ങളുടെയും ഗോത്രവർഗ്ഗക്കാരുടെയും ക്ഷേമത്തിനായി ആഴമേറിയ സേവനമനോഭാവത്തോടെയാണ് ഭരണകൂടം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഗോത്ര സമൂഹത്തെ നിരന്തരം അവഗണിക്കുകയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന പ്രതിപക്ഷത്തെ വിമർശിച്ച പ്രധാനമന്ത്രി, മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിജിയുടെ കീഴിൽ ആദ്യമായി ഗോത്ര കാര്യങ്ങൾക്കായി ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ചുകൊണ്ട് ഗോത്ര ക്ഷേമത്തിന് മുൻഗണന നൽകിയത് തങ്ങളുടെ ഗവണ്മെന്റാണെന്ന് എടുത്തുപറഞ്ഞു. 

പ്രതിപക്ഷ ഭരണകാലത്ത് ഇത്രയും വലിയ പദ്ധതികൾ ഗോത്രമേഖലകളിൽ എത്തുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തങ്ങളുടെ ഗവണ്മെന്റിനു കീഴിൽ ഈ വികസനങ്ങളെല്ലാം യാഥാർത്ഥ്യമാവുകയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മധ്യപ്രദേശിലെ ധറിൽ വിശാലമായൊരു പി.എം. മിത്ര പാർക്ക് ആരംഭിക്കുമെന്നും, ഇത് ഗോത്രവർഗ്ഗ കർഷകർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ദരിദ്ര ഗോത്രവർഗ്ഗ കുടുംബത്തിലെ മകളായ ശ്രീമതി. ദ്രൗപദി മുർമു ഇന്ത്യയുടെ രാഷ്ട്രപതിയായി മാറിയത് തങ്ങളുടെ പാർട്ടിയുടെ പരിശ്രമത്തിലൂടെയാണെന്ന് പരാമർശിച്ചുകൊണ്ട്, ഏറ്റവും കൂടുതൽ പാർശ്വവൽക്കരിക്കപ്പെട്ട ഗോത്രസമൂഹങ്ങളെക്കുറിച്ചുള്ള വിഷയം രാഷ്ട്രപതി തന്നെ ഉന്നയിച്ചുവെന്നും, ഇത് പി.എം. ജൻമൻ യോജന ആരംഭിക്കാൻ പ്രചോദനമായെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ഈ സംരംഭത്തിന് കീഴിൽ, ആദിവാസി സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക മുൻഗണന നൽകുന്നു. ധർത്തി ആബാ ജൻജാതീയ ഗ്രാം ഉത്കർഷ അഭിയാൻ വഴി ഗോത്രഗ്രാമങ്ങളെ ആധുനികവൽക്കരിക്കുകയാണെന്നും, ഗോത്ര വിഭാഗത്തിലെ അഞ്ചു കോടിയിലധികം പൗരന്മാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളം നൂറുകണക്കിന് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും  പട്ടികവർഗ്ഗക്കാരുടെയും വനാവകാശങ്ങൾ ഗവണ്മെന്റ് അംഗീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഉറച്ച സ്വരത്തിൽ പറഞ്ഞു."ഇന്ത്യയിലെ ഗോത്രവർഗ്ഗ സമൂഹങ്ങൾ ആയിരക്കണക്കിന് വർഷങ്ങളായി സുസ്ഥിര വനവിഭവങ്ങൾ ഉപയോഗിക്കുന്നവരാണ്," ശ്രീ മോദി പറഞ്ഞു. ഈ വിഭവങ്ങൾ അവർക്ക് പുരോഗതിയുടെ ഉപാധിയായി മാറുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഗവണ്മെന്റ് വൻ ധൻ യോജന ആരംഭിച്ചു. വനവിഭവങ്ങളുടെ താങ്ങുവില (MSP) വർദ്ധിപ്പിച്ചുവെന്നും ഗോത്ര ഉൽപ്പന്നങ്ങളെ വിപണിയുമായി ബന്ധിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തൽഫലമായി, രാജ്യത്തുടനീളമുള്ള വനവിഭവങ്ങളുടെ ഉത്പാദനത്തിൽ ഇന്ത്യ റെക്കോർഡ് വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഗോത്രവർഗ്ഗ സമൂഹം അന്തസ്സോടെ ജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ഉറപ്പാക്കിക്കൊണ്ട്, അവരുടെ വിശ്വാസവും ആത്മാഭിമാനവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുക എന്നത് ഒരു ദൃഢനിശ്ചയമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ഒരു സാധാരണ പൗരന്റെ ജീവിതം എളുപ്പമാകുമ്പോൾ, അവർ സ്വയം രാജ്യത്തിന്റെ പുരോഗതിക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 11 വർഷം മുൻപ് പ്രതിപക്ഷ ഭരണകാലത്തുണ്ടായിരുന്ന കഷ്ടപ്പാടുകൾ അദ്ദേഹം അനുസ്മരിച്ചു. അതിനു കാരണമായിരുന്നത് ചൂഷണവും പൗരന്മാരെ    വ്യവസ്ഥാപിതമായി കൊള്ളയടിക്കലുമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ആ കാലയളവിൽ നികുതികളും പണപ്പെരുപ്പവും റെക്കോർഡ് നിലയിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾ അനുഗ്രഹങ്ങൾ ചൊരിഞ്ഞ് തങ്ങളുടെ ഗവണ്മെറ്റിനെ അധികാരത്തിലെത്തിച്ചപ്പോൾ, പ്രതിപക്ഷത്തിന്റെ ചൂഷണപരമായ രീതികൾക്ക് അറുതി വരുത്തിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

2017-ൽ ജി.എസ്.ടി. നടപ്പാക്കിയപ്പോൾ അത്  സങ്കീർണ്ണമായ നികുതികളുടെയും ടോളുകളുടെയും വലയിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ഈ വർഷത്തെ നവരാത്രിയുടെ പ്രാരംഭ ദിവസം ഒരു സുപ്രധാന ജി.എസ്.ടി. പരിഷ്കരണം അവതരിപ്പിച്ചുവെന്നും, അത് രാജ്യത്തുടനീളം ജി.എസ്.ടി. സേവിംഗ് ഉത്സവം ആഘോഷിക്കാൻ കാരണമായെന്നും അദ്ദേഹം എടുത്തു പറഞ്ഞു. നിത്യോപയോഗ സാധനങ്ങളിൽ മിക്കവയ്ക്കും വില കുറഞ്ഞുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പരിപാടിയിൽ സന്നിഹിതരായിരുന്ന വലിയ വിഭാഗം വനിതകളെ അഭിസംബോധന ചെയ്തുകൊണ്ട്, വീടുകളിലെ അടുക്കളച്ചെലവുകൾ ഗണ്യമായി കുറഞ്ഞുവെന്നും, ഇത് രാജ്യവ്യാപകമായി അമ്മമാർക്കും സഹോദരിമാർക്കും നേരിട്ട് ആശ്വാസം നൽകിയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

2014-ന് മുൻപ്, സോപ്പ്, ഷാംപൂ, ടൂത്ത്പേസ്റ്റ്, ടൂത്ത് പൗഡർ തുടങ്ങിയ 100 രൂപയുടെ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പ്രതിപക്ഷ ഗവണ്മെന്റിന്റെ ഉയർന്ന നികുതി കാരണം മൊത്തം 131 രൂപ ചെലവ് വരുമായിരുന്നുവെന്ന് എടുത്തു കാണിച്ചുകൊണ്ട്, ഓരോ 100 രൂപയുടെ വാങ്ങലിനും പ്രതിപക്ഷം 31 രൂപ നികുതി ചുമത്തിയിരുന്നുവെന്ന് ശ്രീ മോദി ഓർമ്മിപ്പിച്ചു. 2017-ൽ ജി.എസ്.ടി. നടപ്പാക്കിയതോടെ, അതേ 100 രൂപയുടെ സാധനങ്ങൾക്ക് 118 രൂപ മാത്രമായി കുറഞ്ഞു, ഇത് തങ്ങളുടെ ഗവണ്മെന്റിനുകീഴിൽ 13 രൂപയുടെ നേരിട്ടുള്ള ലാഭം നേടിക്കൊടുത്തതായി വ്യക്തമാക്കുന്നു. സെപ്റ്റംബർ 22-ന് അവതരിപ്പിച്ച ജി.എസ്.ടി. പരിഷ്കരണങ്ങളെ തുടർന്ന്, ചെലവ് വീണ്ടും105 രൂപയായി കുറഞ്ഞു, ഇത് മുൻ ഭരണകാലത്തെ അപേക്ഷിച്ച് മൊത്തം 26 രൂപയുടെ ലാഭത്തിന് കാരണമായി. ഇപ്പോൾ അമ്മമാരും സഹോദരിമാരും വീട്ടിലെ ബഡ്ജറ്റുകൾ കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും, പുതിയ നികുതി വ്യവസ്ഥയുടെ കീഴിൽ കുടുംബങ്ങൾ ഓരോ മാസവും നൂറുകണക്കിന് രൂപ ലാഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

പാദരക്ഷകൾ എല്ലാവർക്കും ഒരു അടിസ്ഥാന ആവശ്യമാണെന്ന് എടുത്തുപറഞ്ഞുകൊണ്ട്, മുൻ ഭരണകാലത്ത് 500 രൂപയുടെ ഷൂ വാങ്ങാൻ 75 രൂപയുടെ നികുതി ഭാരം കാരണം 575 രൂപ ചെലവ് വരുമായിരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജി.എസ്.ടി. നടപ്പാക്കിയതോടെ ഈ നികുതി 15 രൂപ കുറഞ്ഞു. ഏറ്റവും പുതിയ ജി.എസ്.ടി. പരിഷ്കരണങ്ങൾക്ക് ശേഷം, അതേ ഷൂവിന് ഇപ്പോൾ 50 രൂപ കുറഞ്ഞിട്ടുണ്ട്. നേരത്തെ, 500 രൂപയ്ക്ക് മുകളിലുള്ള പാദരക്ഷകൾക്ക് കൂടുതൽ ഉയർന്ന നികുതി ഈടാക്കിയിരുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 2,500 രൂപ വരെയുള്ള ഷൂകളുടെ നികുതി നിരക്കുകൾ ഗവണ്മെന്റ് ഇപ്പോൾ ഗണ്യമായി കുറച്ചുവെന്നും, ഇത് സാധാരണ ജനങ്ങൾക്ക് കൂടുതൽ താങ്ങാനാവുന്നതാക്കിയെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ഒരു സ്കൂട്ടറോ മോട്ടോർ സൈക്കിളോ സ്വന്തമാക്കുക എന്നത് എല്ലാ കുടുംബങ്ങളുടെയും സാധാരണ ആഗ്രഹമാണെന്നും, എന്നാൽ പ്രതിപക്ഷ ഭരണത്തിൻ കീഴിൽ, അത് പോലും അപ്രാപ്യമായിരുന്നുവെന്നും ശ്രീ മോദി പറഞ്ഞു. 60,000 രൂപയുടെ മോട്ടോർസൈക്കിളിന് പ്രതിപക്ഷം 19,000 രൂപയിലധികം നികുതി ചുമത്തിയിരുന്നുവെന്നും അദ്ദേഹം എടുത്തു കാണിച്ചു. 2017-ൽ ജി.എസ്.ടി. അവതരിപ്പിച്ചതോടെ ഈ നികുതി 2,500 രൂപ കുറച്ചു. സെപ്റ്റംബർ 22-ന് നടപ്പാക്കിയ പരിഷ്കരിച്ച നിരക്കുകൾക്ക് ശേഷം, അതേ മോട്ടോർസൈക്കിളിന് ഇപ്പോൾ 10,000 രൂപ മാത്രമേ നികുതി ഈടാക്കുന്നുള്ളൂ—ഇത് 2014-നെ അപേക്ഷിച്ച്, പ്രത്യക്ഷത്തിൽ 9,000 രൂപയുടെ നേട്ടത്തിന് കാരണമായിട്ടുണ്ട്.

മുൻ ഗവണ്മെന്റുകളുടെ ഭരണകാലത്ത് ഒരു വീട് നിർമ്മിക്കുന്നത് താങ്ങാൻ കഴിയാത്തത്ര ചെലവേറിയതായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 300 രൂപയുടെ ഒരു പാക്കറ്റ് സിമെന്റിന് 90 രൂപയിലധികം നികുതി ഈടാക്കിയിരുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 2017-ൽ ജി.എസ്.ടി. അവതരിപ്പിച്ചതോടെ ഈ നികുതി ഏകദേശം 10 രൂപ കുറച്ചു. സെപ്റ്റംബർ 22-ന് നടപ്പാക്കിയ ഏറ്റവും പുതിയ ജി.എസ്.ടി. പരിഷ്കരണങ്ങൾക്ക് ശേഷം, അതേ സിമന്റ് പാക്കറ്റിന്‌ ഇപ്പോൾ 50 രൂപ മാത്രമേ നികുതി ഈടാക്കുന്നുള്ളൂ—ഇത് 2014-നെ അപേക്ഷിച്ച് 40 രൂപയുടെ നേരിട്ടുള്ള ലാഭത്തിന് ഇടയാക്കി. പ്രതിപക്ഷ പാർട്ടിയുടെ കീഴിലുള്ള ഭരണം അമിതമായ നികുതി ചുമത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, തങ്ങളുടെ ഗവണ്മെന്റ് സാധാരണ പൗരന്മാർക്കായി സമ്പാദ്യത്തിന്റെ ഒരു യുഗത്തിന് തുടക്കമിട്ടുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

ജിഎസ്ടി നിരക്ക് കുറച്ചതിനിടയിൽ, സ്വാശ്രയ ഇന്ത്യ എന്ന ലക്ഷ്യം നാം മറക്കരുതെന്ന് ശ്രീ മോദി പറഞ്ഞു. സ്വദേശി എന്ന മന്ത്രം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, നമ്മൾ വിൽക്കുന്നതും വാങ്ങുന്നതും സ്വദേശിയായിരിക്കണമെന്ന് ശ്രീ മോദി ആഹ്വാനം ചെയ്തു. "ഇത് സ്വദേശിയാണ്" എന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കാൻ അദ്ദേഹം പൗരന്മാരെ പ്രോത്സാഹിപ്പിച്ചു. ആളുകൾ സ്വദേശി ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ, പണം രാജ്യത്തിനുള്ളിൽ തന്നെ നിലനിൽക്കുമെന്നും അത് പ്രാദേശിക കരകൗശല വിദഗ്ധരിലേക്കും തൊഴിലാളികളിലേക്കും വ്യാപാരികളിലേക്കും എത്തുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.ഈ പണം, വിദേശത്തേക്ക് ഒഴുകുന്നതിനുപകരം  നേരിട്ട് ദേശീയ വികസനത്തിന് ഉപയോഗിക്കപ്പെടുന്നു.പുതിയ ഹൈവേകളും റോഡുകളും നിർമ്മിക്കാൻ സഹായിക്കുന്നു. സ്വദേശിയെ ദേശീയ അഭിമാനത്തിന്റെ പ്രതീകമാക്കാൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു. ഉത്സവകാലത്ത് സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുമെന്ന് പ്രതിജ്ഞയെടുക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിക്കുകയും ചെയ്തു. രാജ്യ വികസനവും, തൊഴിലുമായി ബന്ധപ്പെട്ട പദ്ധതികൾ ആരംഭിച്ചതിന് വീണ്ടും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

രാജസ്ഥാൻ ഗവർണർ ശ്രീ ഹരിഭാവു കിസാൻറാവു ബഗാഡെ, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമ്മ, കേന്ദ്രമന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

എല്ലാവർക്കും താങ്ങാനാവുന്നതും സുരക്ഷിതവും സുസ്ഥിരവുമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന് ഇന്ത്യയുടെ വൈദ്യുതി മേഖലയെ പരിവർത്തനം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി അണു ശക്തി വിദ്യുത് നിഗം ​​ലിമിറ്റഡിന്റെ (ASHVINI) 42,000 ത്തോളം കോടി രൂപയുടെ മഹി ബൻസ്വര രാജസ്ഥാൻ ആണവ വൈദ്യുത പദ്ധതിയുടെ (4X700 MW) തറക്കല്ലിട്ടു. സുരക്ഷിതമായ ബേസ് ലോഡ് ഊർജ്ജം നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ ആണവ നിലയങ്ങളിൽ ഒന്നായിരിക്കും ഇത്.  പരിസ്ഥിതി സംരക്ഷണത്തിലും വികസിച്ചുകൊണ്ടിരിക്കുന്ന ആണവോർജ്ജ ആവാസവ്യവസ്ഥയിലും ഇന്ത്യയുടെ സ്ഥാനം ഇത് ശക്തിപ്പെടുത്തും. ആത്മനിർഭർ ഭാരത് എന്ന ആശയത്തെ ശക്തിപ്പെടുത്തിക്കൊണ്ട്, മഹി ബൻസ്വര രാജസ്ഥാൻ ആണവ വൈദ്യുത പദ്ധതിയിൽ NPCIL രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത നൂതന സുരക്ഷാ സവിശേഷതകളുള്ള നാല് തദ്ദേശീയ 700 MW പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകൾ ഉൾപ്പെടുന്നു. ഇന്ത്യയിലുടനീളം പത്ത് സമാനമായ 700 MW റിയാക്ടറുകൾ നിർമ്മിക്കുന്ന ഇന്ത്യയുടെ വിശാലമായ "ഫ്ലീറ്റ് മോഡ്" സംരംഭത്തിന്റെ ഭാഗമാണിത്. പദ്ധതി ചെലവിന്റെ കാര്യക്ഷമത, വേഗത്തിലുള്ള വിന്യാസം, ഏകീകൃത പ്രവർത്തന വൈദഗ്ദ്ധ്യം എന്നിവ ഇതിലൂടെ യഥാർധ്യമാകും.

ഇന്ത്യയുടെ ശുദ്ധ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ പ്രോത്സാഹനമായി, രാജസ്ഥാനിൽ ഏകദേശം 19,210 കോടി രൂപയുടെ ഹരിത ഊർജ്ജ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ഫലോഡി, ജയ്സാൽമീർ, ജലോർ, സിക്കാർ തുടങ്ങിയ സ്ഥലങ്ങളിൽ സൗരോർജ്ജ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ബിക്കാനീറിൽ സൗരോർജ്ജ പദ്ധതിയുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവ്വഹിച്ചു. കൂടാതെ, ആന്ധ്രാപ്രദേശിലെ രാമഗിരിയിൽ ഒരു സോളാർ പാർക്കിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിക്കും. ഈ പദ്ധതികൾ ദശലക്ഷക്കണക്കിന് ടൺ കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം തടയുന്നതിനൊപ്പം ഗണ്യമായ അളവിൽ ഹരിത ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിലൂടെയും  ഇന്ത്യയുടെ ശുദ്ധ ഊർജ്ജ ശേഷിക്ക് ഗണ്യമായ സംഭാവന നൽകും.

2030 ഓടെ എട്ട് സംസ്ഥാനങ്ങളിലായി 181.5 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി വികസിപ്പിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ പുനരുപയോഗ ഊർജ്ജ മേഖല (REZ) സംരംഭത്തിന്റെ ലക്ഷ്യം. ലോഡ് സെന്ററുകളിലേക്ക് ഈ പുനരുപയോഗ ഊർജ്ജത്തിന്റെ കാര്യക്ഷമമായ വിതരണം ഉറപ്പാക്കുന്നതിനും ഗ്രിഡ് സ്ഥിരത വർദ്ധിപ്പിക്കുന്നതിനും, പവർഗ്രിഡ് രാജസ്ഥാൻ REZ-നായി പ്രധാന പ്രസരണ സംവിധാനങ്ങൾ നടപ്പിലാക്കുന്നു.

രാജസ്ഥാനിലെ ബീവാറിൽ നിന്ന് മധ്യപ്രദേശിലെ മന്ദ്‌സൗറിലേക്കുള്ള 765 കെവി ട്രാൻസ്മിഷൻ ലൈനുകളും അനുബന്ധ സബ്‌സ്റ്റേഷനുകളുടെ വിപുലീകരണവും; രാജസ്ഥാനിലെ സിരോഹിയിൽ നിന്ന് മധ്യപ്രദേശിലെ മന്ദ്‌സൗറിലേക്കും ഖണ്ട്‌വയിലേക്കുമുള്ള 765 കെവി ട്രാൻസ്മിഷൻ ലൈനുകളും അനുബന്ധ സബ്‌സ്റ്റേഷനുകളുടെ വിപുലീകരണവും; സിരോഹി സബ്‌സ്റ്റേഷനിലെ പരിവർത്തന ശേഷി വർദ്ധിപ്പിക്കൽ; മന്ദ്‌സൗർ, ഖണ്ട്‌വ സബ്‌സ്റ്റേഷനുകളുടെ വിപുലീകരണവും; രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് ഹരിയാനയിലെ സിവാനി, ഫത്തേഹാബാദ്, പഞ്ചാബിലെ പത്രാൻ എന്നിവിടങ്ങളിലേക്കുള്ള 765 കെവി & 400 കെവി ട്രാൻസ്മിഷൻ ലൈൻ, ബിക്കാനീറിൽ സബ്‌സ്റ്റേഷനുകൾ സ്ഥാപിക്കൽ, സിവാനി സബ്‌സ്റ്റേഷൻ വിപുലീകരണം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മൊത്തത്തിൽ, ഈ പദ്ധതികൾ രാജസ്ഥാനിലെ ജനറേഷൻ ഹബ്ബുകളിൽ നിന്ന് ഇന്ത്യയിലുടനീളമുള്ള ഗുണഭോക്തൃ സംസ്ഥാനങ്ങളിലെ ആവശ്യക്കാരുള്ള കേന്ദ്രങ്ങളിലേക്ക് 15.5 GW ഹരിത ഊർജ്ജം തടസ്സമില്ലാതെ കൈമാറാൻ സഹായിക്കും.

ജയ്സാൽമീറിലും ബിക്കാനീറിലും 220 കെവിയും അനുബന്ധ ലൈനുകളും ഉൾപ്പെടുന്ന മൂന്ന് ഗ്രിഡ് സബ്‌സ്റ്റേഷനുകളുടെ (ജിഎസ്എസ്) ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു. ബാർമർ ജില്ലയിലെ ശിവിൽ 220 കെവി ജിഎസ്എസും അദ്ദേഹം ഉദ്ഘാടനം ചെയ്യും. 490 കോടിയിലധികം രൂപയുടെ ഈ പദ്ധതികൾ മേഖലയിലെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന് ഗണ്യമായ സംഭാവന നൽകും.

കർഷകരെ ശാക്തീകരിക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ പിഎം-കുസും (പ്രധാൻ മന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉത്ഥാൻ മഹാഭിയാൻ) പദ്ധതി (ഘടകം സി) പ്രകാരം 16,050 കോടി രൂപയിലധികം വിലമതിക്കുന്ന 3517 മെഗാവാട്ട് ഫീഡർ ലെവൽ സോളറൈസേഷൻ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വൈദ്യുതി ചെലവ് കുറയ്ക്കുന്നതിലൂടെയും, ജലസേചന ചെലവുകൾ കുറയ്ക്കുന്നതിലൂടെയും, ഗ്രാമീണ ഊർജ്ജ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ലക്ഷക്കണക്കിന് കർഷകർക്ക് പ്രയോജനപ്പെടുന്ന താങ്ങാനാവുന്നതും, വിശ്വസനീയവും, സുസ്ഥിരവുമായ ജലസേചന വൈദ്യുതി ഉറപ്പാക്കുന്നതിനാണ് കാർഷിക ഫീഡറുകൾ സോളറൈസ് ചെയ്യുന്നത്.

രാംജൽ സേതു ലിങ്ക് പദ്ധതിക്ക് വലിയ പ്രോത്സാഹനവും ജലസുരക്ഷയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും മുന്നോട്ട് വയ്ക്കുന്ന തരത്തിൽ, രാജസ്ഥാനിൽ 20,830 കോടിയിലധികം രൂപയുടെ ഒന്നിലധികം ജലവിഭവ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇസാർദയിൽ നിന്നുള്ള വിവിധ ഫീഡറുകളുടെ നിർമ്മാണം, അജ്മീർ ജില്ലയിലെ മോർ സാഗർ കൃത്രിമ ജലസംഭരണിയുടെ നിർമ്മാണം, ചിറ്റോർഗഢിൽ നിന്നുള്ള അതിന്റെ ഫീഡർ എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിടും. ബിസാൽപൂർ അണക്കെട്ടിലെ ഇൻടേക്ക് പമ്പ് ഹൗസ്, ഖാരി ഫീഡറിന്റെ പുനരുജ്ജീവനം, മറ്റ് വിവിധ ഫീഡർ കനാൽ പ്രവൃത്തികൾ എന്നിവയാണ് മറ്റ് പ്രവർത്തനങ്ങൾ. ഇസാർദ അണക്കെട്ട്, ധോൽപൂർ ലിഫ്റ്റ് പദ്ധതി, തക്ലി പദ്ധതി എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

എല്ലാവർക്കും സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം എന്ന തന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) 2.0 പ്രകാരം ബൻസ്വാര, ദുൻഗർപൂർ, ഉദയ്പൂർ, സവായ് മധോപൂർ, ചുരു, അജ്മീർ, ഭിൽവാര ജില്ലകളിലായി 5,880 കോടിയിലധികം രൂപയുടെ പ്രധാന കുടിവെള്ള വിതരണ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.

റോഡ് അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ പ്രോത്സാഹനമായി, ഭരത്പൂർ നഗരത്തിലെ ഫ്ലൈഓവറുകളുടെ നിർമ്മാണം, ബനാസ് നദിക്ക് കുറുകെയുള്ള ഒരു പാലം, 116 അടൽ പ്രഗതി പാത പദ്ധതികൾ എന്നിവയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. ബാർമർ, അജ്മീർ, ദുൻഗർപൂർ ജില്ലകളിലെ ദേശീയ, സംസ്ഥാന പാതകളുമായി ബന്ധപ്പെട്ട ഒന്നിലധികം  പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. 2,630 കോടിയിലധികം രൂപയുടെ ഈ പദ്ധതികൾ പ്രാദേശിക റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും സുഗമമായ ഗതാഗതം ഉറപ്പാക്കുകയും റോഡ് സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യും.

ഭരത്പൂരിൽ 250 കിടക്കകളുള്ള ആർ‌ബി‌എം ആശുപത്രി, ജയ്പൂരിൽ ഒരു ഐടി വികസന, ഇ-ഗവേണൻസ് സെന്റർ, മക്രാന നഗരത്തിലെ ശുദ്ധീകരണ പ്ലാന്റുകളും പമ്പിംഗ് സ്റ്റേഷനുകളും ഉൾപ്പെടെയുള്ള മലിനജല നിർമാർജ്ജന സംവിധാനം, മാണ്ടവ, ജുൻജുനു ജില്ലകളിൽ മലിനജല നിർമാർജ്ജന, ജലവിതരണ പദ്ധതി എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

റെയിൽ കണക്റ്റിവിറ്റിക്ക് വലിയ പ്രോത്സാഹനമായി, ബിക്കാനീറിനും ഡൽഹി കാന്റിനും ഇടയിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ, ജോധ്പൂരിനും ഡൽഹി കാന്റിനും ഇടയിലുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ, ഉദയ്പൂർ സിറ്റി - ചണ്ഡീഗഡ് എക്സ്പ്രസ് എന്നീ മൂന്ന് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. രാജസ്ഥാനും മറ്റ് വടക്കൻ സംസ്ഥാനങ്ങൾക്കും ഇടയിലുള്ള കണക്റ്റിവിറ്റി ഈ ട്രെയിനുകൾ ഗണ്യമായി മെച്ചപ്പെടുത്തും.

എല്ലാവർക്കും തൊഴിൽ എന്ന തന്റെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനായി , രാജസ്ഥാനിലെ സർക്കാർ വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ യുവാക്കൾക്ക് 15,000-ത്തിലധികം നിയമന കത്തുകൾ വിതരണം ചെയ്തു. ഇതിൽ 5770-ലധികം മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, 4190 ജൂനിയർ സഹായികൾ, 1800 ജൂനിയർ ഇൻസ്ട്രക്ടർമാർ, 1460 ജൂനിയർ എഞ്ചിനീയർമാർ, 1200 മൂന്നാം ഗ്രേഡ് ലെവൽ-2 അധ്യാപകർ എന്നിവരും ഉൾപ്പെടുന്നു.

 

***

AT

(Release ID: 2171455) Visitor Counter : 20