പ്രധാനമന്ത്രിയുടെ ഓഫീസ്
49-ാമത് പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
ഖനികൾ, റെയിൽവേ, ജലവിഭവം, വ്യാവസായിക ഇടനാഴികൾ, വൈദ്യുതി മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട എട്ട് നിർണായക അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു.
15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 65,000 കോടിയിലധികം രൂപയുടെ പദ്ധതികൾ വിലയിരുത്തി.
സമയ കൃത്യത, വിവിധ ഏജൻസികൾ തമ്മിലുള്ള ഫലപ്രദമായ ഏകോപനം, തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകി.
പദ്ധതികൾ വൈകുന്നത് ചെലവ് ഇരട്ടിയാകാൻ കാരണമാകുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. പദ്ധതി ചെലവുകളുടെ വർദ്ധന ജനങ്ങൾക്ക് അവശ്യ സേവനങ്ങൾ യഥാസമയം ലഭ്യമാകുന്നതിന് തടസ്സം സൃഷ്ടിക്കും.
ഉദ്യോഗസ്ഥർ ഫലാധിഷ്ഠിത സമീപനം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി
Posted On:
24 SEP 2025 8:58PM by PIB Thiruvananthpuram
സൗത്ത് ബ്ലോക്കിൽ ഇന്ന് നടന്ന ഐസിടി അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റ്‌ഫോമായ പ്രഗതിയുടെ 49-ാമത് യോഗത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളെ സംയോജിപ്പിച്ച് പ്രധാന പദ്ധതികൾ വേഗത്തിലാക്കാനും തടസ്സങ്ങൾ പരിഹരിച്ച് സമയബന്ധിതമായി പൂർത്തിയാക്കാനും ലക്ഷ്യമിട്ടുള്ള പ്ലാറ്റ്‌ഫോമാണ് പ്രഗതി.
യോഗത്തിൽ, ഖനികൾ, റെയിൽവേ, ജലവിഭവം, വ്യാവസായിക ഇടനാഴികൾ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ എട്ട് പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു. 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതികൾക്ക് 65,000 കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ട്. സാമ്പത്തിക വളർച്ചയുടെയും പൊതുജനക്ഷേമത്തിന്റെയും സുപ്രധാന ചാലകശക്തികളായി അംഗീകരിക്കപ്പെട്ട ഈ പദ്ധതികൾ, വ്യക്തമായ സമയപരിധി, വിവിധ ഏജൻസികൾ തമ്മിലുള്ള ഫലപ്രദമായ ഏകോപനം, തടസ്സങ്ങളുടെ വേഗത്തിലുള്ള പരിഹാരം എന്നിവയിൽ ഊന്നൽ നൽകിയാണ് അവലോകനം ചെയ്തത്.
പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസം ചെലവ് ഇരട്ടിയാകാൻ കാരണമാകുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഇത് പദ്ധതിച്ചെലവ് വർധിപ്പിക്കുകയും സമയബന്ധിതമായി അവശ്യ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പൗരന്മാർക്ക് ലഭ്യമാകാതെ വരികയും ചെയ്യും.
കേന്ദ്ര-സംസ്ഥാന തലങ്ങളിലെ ഉദ്യോഗസ്ഥർ ഫലാധിഷ്ഠിത സമീപനം സ്വീകരിക്കണമെന്നും, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടാകണമെന്നും, ജന ജീവിതം, ബിസിനസ്സ് എന്നിവ ലളിതമാക്കൽ തുടങ്ങിയ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മുൻഗണനാ പദ്ധതികൾ പതിവായി അവലോകനം ചെയ്യാനും നിരീക്ഷിക്കാനുമായി സ്ഥാപനപരമായ സംവിധാനങ്ങൾ സജ്ജമാക്കണമെന്നും സമയബന്ധിതമായ നടപ്പാക്കലും തടസ്സങ്ങൾ ഫലപ്രദമായി പരിഹരിക്കലും ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മത്സരക്ഷമത മെച്ചപ്പെടുത്താനും കാര്യക്ഷമത വർദ്ധിപ്പിക്കാനും എല്ലാ മേഖലകളിലും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങൾക്ക് ഊന്നൽ നൽകാനും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ പരിഷ്കാരങ്ങൾ മികച്ച തയ്യാറെടുപ്പിനും, ഉയർന്നുവരുന്ന അവസരങ്ങൾ വേഗത്തിൽ പ്രയോജനപ്പെടുത്തുന്നതിനും നമ്മെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
(Release ID: 2170985)
Visitor Counter : 22
Read this release in:
Tamil
,
Assamese
,
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Telugu
,
Kannada