പ്രധാനമന്ത്രിയുടെ ഓഫീസ്
അസമിലെ ഗോലാഘട്ടിൽ പോളി പ്രൊപ്പിലീൻ പ്ലാൻ്റിൻ്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
14 SEP 2025 5:16PM by PIB Thiruvananthpuram
ഭാരത് മാതാ കീ ജയ്! ആസാമിലെ ജനപ്രിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകരായ സർബാനന്ദ സോനോവാൾ ജി, ഹർദീപ് സിംഗ് പുരി ജി, അസം ഗവൺമെൻ്റിൻ്റെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, എൻ്റെ സഹോദരീസഹോദരന്മാർ
मोइ होमूह, ऑहोमबासीक आगोतीयाकोइ, हारोदीया दुर्गा पूजार, उलोग आरु हुभेच्छा जोनाइशु। महापुरुष श्रीमोंतो हंकरदेबोर, जन्मोत्सव, उपोलेख्यो, गुरुजनार प्रोति, श्रद्धा निबेदोन करिइशु।
സുഹൃത്തുക്കളേ,
കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ വടക്കുകിഴക്കൻ പ്രദേശത്താണ്. വടക്കുകിഴക്കൻ പ്രദേശത്തേക്ക് വരുമ്പോഴെല്ലാം എനിക്ക് ഒരുപാട് സ്നേഹവും അനുഗ്രഹങ്ങളും ലഭിക്കാറുണ്ട്. പ്രത്യേകിച്ച് അസമിലെ ഈ മേഖലയിൽ എനിക്ക് ലഭിക്കുന്ന സ്നേഹവും വാത്സല്യവും അത്ഭുതകരമാണ്. നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
സുഹൃത്തുക്കളേ,
വികസിത അസമിന്റെയും വികസിത ഇന്ത്യയുടെയും മഹത്തായ യാത്രയ്ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഇന്ന്, ഏകദേശം 18,000 കോടി രൂപയുടെ പദ്ധതികൾ അസമിൽ ഉണ്ട്. ഞാൻ കുറച്ചു നേരം മുമ്പ് ദാരങ്ങിലായിരുന്നു. കണക്റ്റിവിറ്റിയും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് അടിത്തറയിടാൻ അവിടെ എനിക്ക് അവസരം ലഭിച്ചു. ഇപ്പോൾ ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും ഇവിടെ നടന്നു. ഈ ശ്രമങ്ങൾ വികസിത അസമിന്റെ പാതയെ കൂടുതൽ ശക്തിപ്പെടുത്തും.
സുഹൃത്തുക്കളേ,
അസം ഇന്ത്യയുടെ ഊർജ്ജ സാധ്യതകൾ വർദ്ധിപ്പിക്കുന്ന ഒരു നാടാണ്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങൾ രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തുന്നു. അസമിന്റെ ഈ ശക്തിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ബിജെപി എൻഡിഎ സർക്കാർ പ്രവർത്തിക്കുന്നു. ഇവിടെ വരുന്നതിനുമുമ്പ്, ഞാൻ സമീപത്തുള്ള മറ്റൊരു പരിപാടിയിൽ പങ്കെടുത്തിരുന്നു, അവിടെ മുളയിൽ നിന്ന് ബയോ എത്തനോൾ ഉത്പാദിപ്പിക്കുന്ന ഒരു ആധുനിക പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഇത് അസമിന് വളരെയധികം അഭിമാനകരമായ കാര്യമാണ്. എത്തനോൾ പ്ലാന്റിന്റെ ഉദ്ഘാടനത്തോടൊപ്പം, പോളി-പ്രൊപ്പിലീൻ പ്ലാന്റിന്റെ ശിലാസ്ഥാപനവും ഇന്ന് ഇവിടെ നടന്നു. ഈ പ്ലാന്റുകൾ അസമിലെ വ്യവസായങ്ങൾക്ക് ഉത്തേജനം നൽകും. അസമിന്റെ വികസനം ത്വരിതപ്പെടുത്തും. കർഷകർക്കും യുവാക്കൾക്കും എല്ലാവർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കും.
സുഹൃത്തുക്കളേ,
ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ്. ഇന്ത്യ വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ, വൈദ്യുതി, ഗ്യാസ്, ഇന്ധനം എന്നിവയുടെ ആവശ്യകതയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ വിദേശ രാജ്യങ്ങളെ ആണ് ഇതിനു വേണ്ടി ആശ്രയിക്കുന്നതു. വിദേശ രാജ്യങ്ങളിൽ നിന്ന് വൻതോതിൽ അസംസ്കൃത എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന നമ്മൾ, ഇതിനു വേണ്ടി ഇന്ത്യ എല്ലാ വർഷവും കോടിക്കണക്കിന് രൂപ മറ്റ് രാജ്യങ്ങൾക്ക് നൽകേണ്ടിവരുന്നു. നമ്മുടെ പണം വിദേശത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അവിടത്തെ ആളുകളുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യം മാറ്റേണ്ടത് അനിവാര്യമാണ്. അതുകൊണ്ടാണ് ഇന്ത്യ ഊർജ്ജ ആവശ്യങ്ങൾക്കായി സ്വയംപര്യാപ്തത കൈവരിക്കാനുള്ള പാതയിലേക്ക് നീങ്ങിയത്.
സുഹൃത്തുക്കളേ,
ഒരു വശത്ത്, രാജ്യത്ത് പുതിയ അസംസ്കൃത എണ്ണയുടെയും വാതകത്തിന്റെയും ശേഖരം നാം കണ്ടെത്തുമ്പോൾ, മറുവശത്ത്, നമ്മുടെ ഹരിത ഊർജ്ജ ശേഷിയും കൂടെ നാം വർദ്ധിപ്പിക്കുകയാണ്. ഇത്തവണ ഞാൻ ചെങ്കോട്ടയിൽ നിന്ന് സമുദ്രമന്ഥനെ ("Samudra Manthan") കുറിച്ചു പറഞ്ഞത് നിങ്ങൾ കേട്ടുകാണും. നമ്മുടെ കടലുകളിലും എണ്ണയുടെയും വാതകത്തിന്റെയും വലിയ ശേഖരം ഉണ്ടാകാമെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ വിഭവങ്ങൾ രാജ്യത്തിന് ഉപയോഗപ്രദമാക്കുന്നതിനും അവ പര്യവേക്ഷണം ചെയ്യുന്നതിനും, ഞങ്ങൾ ദേശീയ ആഴക്കടൽ പര്യവേക്ഷണ ദൗത്യം ആരംഭിക്കാൻ പോകുന്നു.
സുഹൃത്തുക്കളേ,
ഹരിത ഊർജ്ജ ഉൽപാദനത്തിലും ഇന്ത്യ ദ്രുതഗതിയിലുള്ള നടപടികൾ കൈക്കൊള്ളുന്നു. ഒരു ദശാബ്ദം മുമ്പ്, സൗരോർജ്ജത്തിന്റെ കാര്യത്തിൽ ഇന്ത്യ വളരെ പിന്നിലായിരുന്നു. എന്നാൽ ഇന്ന് സൗരോർജ്ജത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളിൽ ഇന്ത്യ എത്തിയിരിക്കുന്നു.
സുഹൃത്തുക്കളേ,
മാറുന്ന ഈ കാലത്ത്, എണ്ണയ്ക്കും വാതകത്തിനും പകരമായി ഇന്ത്യയ്ക്ക് കൂടുതൽ ഇന്ധനങ്ങൾ ആവശ്യമാണ്. അത്തരമൊരു ബദലാണ് എത്തനോൾ. ഇന്ന്, മുളയിൽ നിന്ന് എത്തനോൾ നിർമ്മിക്കുന്ന ഒരു പ്ലാന്റ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് അസമിലെ കർഷകർക്കും, എന്റെ ഗോത്ര സഹോദരീസഹോദരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും വളരെയധികം ഗുണം ചെയ്യും.
സുഹൃത്തുക്കളേ,
ബയോ-എത്തനോൾ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ മുളയ്ക്കു വേണ്ടിയും ക്രമീകരണങ്ങൾ ചെയ്തുവരുന്നു. ഇവിടുത്തെ കർഷകർക്ക് മുള കൃഷി ചെയ്യാൻ സർക്കാർ സഹായം നൽകും, കൂടാതെ ഈ മുളകൾ അവരുടെ കയ്യിൽ നിന്ന് വാങ്ങുകയും ചെയ്യും. ബാംബൂ ചിപ്പിംഗുമായി ബന്ധപ്പെട്ട ചെറിയ യൂണിറ്റുകളും ഇവിടെ സ്ഥാപിക്കും. എല്ലാ വർഷവും ഏകദേശം 200 കോടി രൂപ ഈ മേഖലയിൽ ചിലവാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെ ആയിരക്കണക്കിന് ആളുകൾക്ക് ഈ പ്ലാന്റിൽ നിന്ന് പ്രയോജനം ലഭിക്കും.
സുഹൃത്തുക്കളേ,
ഇന്ന് നമ്മൾ മുളയിൽ നിന്ന് എത്തനോൾ നിർമ്മിക്കാൻ പോകുന്നു. എന്നാൽ മുള മുറിച്ചതിന് കോൺഗ്രസ് സർക്കാർ ആളുകളെ ജയിലിലടച്ചിരുന്ന ആ ദിവസങ്ങൾ നിങ്ങൾ മറക്കരുത്; നമ്മുടെ ആദിവാസികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ മുള മുറിക്കുന്നതിന് നിരോധനം ഉണ്ടായിരുന്നു. മുള മുറിക്കുന്നതിനുള്ള നിരോധനം നമ്മുടെ സർക്കാർ നീക്കി, ഇന്ന് ഈ തീരുമാനം വടക്കുകിഴക്കൻ ജനതയ്ക്ക് വളരെയധികം ഗുണം ചെയ്യുന്നു.
സുഹൃത്തുക്കളേ,
നിങ്ങൾ എല്ലാവരും ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ധാരാളം വസ്തുക്കൾ ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് ബക്കറ്റുകൾ, മഗ്ഗുകൾ, പന്തുകൾ, കസേരകൾ, മേശകൾ, പാക്കേജിംഗ് വസ്തുക്കൾ തുടങ്ങി നിരവധി വസ്തുക്കൾ നമുക്ക് ദിവസവും ആവശ്യമാണ്. നിങ്ങൾക്കറിയാമോ, ഇതെല്ലാം നിർമ്മിക്കാൻ ആവശ്യമായ മെറ്റീരിയൽ പോളി-പ്രൊപൈലിൻ ആണ്. പോളി-പ്രൊപൈലിൻ ഇല്ലാത്ത ഇന്നത്തെ ജീവിതം സങ്കൽപ്പിക്കാൻ പ്രയാസമാണ്. പരവതാനികൾ, കയറുകൾ, ബാഗുകൾ, നാരുകൾ, മാസ്കുകൾ, മെഡിക്കൽ കിറ്റുകൾ, തുണിത്തരങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾ ഇതിൽ നിന്നാണ് നിർമ്മിക്കുന്നത്. വാഹനങ്ങളിലും മെഡിക്കൽ, കാർഷിക ഉപകരണങ്ങളുടെ നിർമ്മാണത്തിലും ഇത് ഉപയോഗിക്കുന്നു.
ഇന്ന്, അസമിന് ഈ ആധുനിക പോളി-പ്രൊപിലീൻ പ്ലാന്റിന്റെ ഗുണങ്ങൾ ലഭിക്കും. മെയ്ക്ക് ഇൻ അസം, മെയ്ക്ക് ഇൻ ഇന്ത്യ എന്നിവയുടെ അടിത്തറ ഈ പ്ലാന്റ് ശക്തിപ്പെടുത്താൻ പോകുന്നു. മറ്റ് നിർമ്മാണ വ്യവസായങ്ങൾക്കും ഇവിടെ ഒരു ഉത്തേജനം ലഭിക്കും.
സുഹൃത്തുക്കളേ,
ഗോമോഷ, എറി, മുഗ സിൽക്ക് എന്നിവയ്ക്ക് അസം അറിയപ്പെടുന്നതുപോലെ, പോളി-പ്രൊപിലീൻ ഉപയോഗിച്ച് നിർമ്മിച്ച തുണിത്തരങ്ങളും അസമിന്റെ ഐഡന്റിറ്റി ആയി മാറാൻ പോവുകയാണ്.
സുഹൃത്തുക്കളേ,
ഇന്ന് നമ്മുടെ രാജ്യം സ്വാശ്രയ ഇന്ത്യ കാമ്പെയ്‌നിനായുള്ള നിരവധി ശ്രമങ്ങൾ നടത്തിവരുന്നു. ഈ കാമ്പെയ്‌നിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് അസം. അസമിന്റെ സാധ്യതകളിൽ എനിക്ക് വലിയ വിശ്വാസമുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ വളരെ വലിയ ഒരു ദൗത്യത്തിനായി അസമിനെ തിരഞ്ഞെടുത്തത്, ഈ ദൗത്യം സെമികണ്ടക്ടർ മിഷനാണ്. അടിമത്തത്തിന്റെ കാലത്ത് അസം ചായ അത്ര ജനപ്രിയമായിരുന്നില്ല, എന്നാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, അസമിലെ മണ്ണും അസമിലെ ജനങ്ങളും അസം ചായയെ ഒരു ആഗോള ബ്രാൻഡാക്കി മാറ്റി. ഇപ്പോൾ ഒരു പുതിയ യുഗം വന്നിരിക്കുന്നു, ഇന്ത്യ സ്വയംപര്യാപ്തമാകാൻ രണ്ട് കാര്യങ്ങൾ ആവശ്യമാണ്, ഒന്ന് ഊർജ്ജം, മറ്റൊന്ന് സെമികണ്ടക്ടർ, അസം ഇതിൽ വളരെ വലിയ പങ്ക് വഹിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന്, ബാങ്ക് കാർഡുകൾ മുതൽ മൊബൈൽ ഫോണുകൾ, കാറുകൾ, വിമാനങ്ങൾ, ബഹിരാകാശ ദൗത്യങ്ങൾ വരെയുള്ള എല്ലാ ഇലക്ട്രോണിക് വസ്തുക്കളുടെയും ആത്മാവ് ഒരു ചെറിയ ഇലക്ട്രോണിക് ചിപ്പിൽ അടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ ഇവയെല്ലാം നിർമ്മിക്കണമെങ്കിൽ, ചിപ്പുകൾ നമുക്ക് സ്വന്തമായി വേണം. അതുകൊണ്ടാണ് ഇന്ത്യ സെമികണ്ടക്ടർ ദൗത്യം ആരംഭിച്ചതും അസമിനെ അതിനുള്ള ഒരു പ്രധാന കേന്ദ്രം ആക്കിയത് . മോറിഗാവിൽ ഒരു സെമികണ്ടക്ടർ ഫാക്ടറിയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. ഇതിനായി 27,000 കോടി രൂപ ചെലവഴിക്കുന്നു, ഇത് അസമിന് അഭിമാനകരമായ കാര്യമാണ്.
സുഹൃത്തുക്കളേ,
കോൺഗ്രസ് വളരെക്കാലം രാജ്യം ഭരിച്ചു. ഇവിടെ അസമിലും പതിറ്റാണ്ടുകളായി കോൺഗ്രസ് സർക്കാർ ആയിരുന്നു. എന്നാൽ കോൺഗ്രസ് സർക്കാരുകൾ അധികാരത്തിലിരുന്നിടത്തോളം വികസനത്തിന്റെ വേഗത മന്ദഗതിയിലായിരുന്നു. ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ അസമിന്റെ പഴയ ഐഡന്റിറ്റി ശക്തിപ്പെടുത്തുകയും ആസാമിനെ ആധുനിക ഐഡന്റിറ്റിയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. കോൺഗ്രസ് അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അക്രമവും തർക്കങ്ങളും മാത്രമാണ് ഉണ്ടാക്കിയത്. വികസനത്തിന്റെയും പൈതൃകത്തിന്റെയും കാര്യത്തിൽ അസമിനെ സമ്പന്നമായ ഒരു സംസ്ഥാനമാക്കി മാറ്റുകയാണ് ബിജെപി. അസമീസ് ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി നൽകിയത് ഞങ്ങളുടെ സർക്കാരാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയം അസമിലെ ബിജെപി സർക്കാരും വേഗത്തിൽ നടപ്പിലാക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പ്രാദേശിക ഭാഷകളിലെ വിദ്യാഭ്യാസം ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നു.
സുഹൃത്തുക്കളേ,
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും അസമിലെയും മഹാന്മാർക്ക് കോൺഗ്രസ് ഒരിക്കലും അർഹമായ ബഹുമാനം നൽകിയിരുന്നില്ല. വീർ ലസിത് ബോർഫുകാനെപ്പോലുള്ള ധീരരായ യോദ്ധാക്കൾ ഈ മണ്ണിൽ ഉണ്ടായിരുന്നു, പക്ഷേ കോൺഗ്രസ് ഒരിക്കലും അദ്ദേഹത്തിന് അർഹമായ ബഹുമാനം നൽകിയില്ല. ലസിത് ബോർഫുകന്റെ പാരമ്പര്യത്തെ നമ്മുടെ സർക്കാർ ആദരിച്ചു. അദ്ദേഹത്തിന്റെ 400-ാം ജന്മവാർഷികം ഞങ്ങൾ ദേശീയ തലത്തിൽ ആഘോഷിച്ചു. 23 ഭാഷകളിൽ ഞങ്ങൾ അദ്ദേഹത്തിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചു. ഇവിടെ ജോർഹട്ടിൽ, അദ്ദേഹത്തിന്റെ കൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്യാനുള്ള അവസരവും എനിക്കുണ്ടായി. കോൺഗ്രസ് അവഗണിച്ചവർക്ക് ഞങ്ങൾ വേണ്ട ആദരവ് കൊടുക്കുന്നു .
സുഹൃത്തുക്കളേ,
പുതിയ തലമുറയ്ക്കായി ബിജെപി സർക്കാർ സംരക്ഷിക്കുന്ന അസമിന്റെ സംസ്കാരവുമായും ചരിത്രവുമായും ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളുണ്ട്. ഇത് അസമിന്റെ പൈതൃകത്തിന് ഗുണം ചെയ്യുക മാത്രമല്ല, അസമിൽ ടൂറിസത്തിന്റെ വ്യാപ്തിയും വർദ്ധിപ്പിക്കും. അസമിൽ ടൂറിസം വർദ്ധിക്കുന്തോറും നമ്മുടെ യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കും.
സുഹൃത്തുക്കളേ,
ഈ വികസന ശ്രമങ്ങൾക്കിടയിൽ, അസമിന് ഒരു വലിയ വെല്ലുവിളി കൂടി നേരിടേണ്ടിവരും. നുഴഞ്ഞുകയറ്റമാണ് ഈ വെല്ലുവിളി. കോൺഗ്രസ് സർക്കാർ ഇവിടെ അധികാരത്തിലിരുന്നപ്പോൾ, അവർ നുഴഞ്ഞുകയറ്റക്കാർക്ക് ഭൂമി നൽകി, നിയമവിരുദ്ധമായ അധിനിവേശത്തിന് സംരക്ഷണം നൽകി. വോട്ട് ബാങ്കിനായുള്ള അത്യാഗ്രഹത്തിൽ, കോൺഗ്രസ് അസമിലെ ജനസംഖ്യയുടെ സന്തുലിതാവസ്ഥ തകർത്തു. ഇപ്പോൾ ബിജെപി സർക്കാരും അസമിലെ ജനങ്ങളോടൊപ്പം ഈ വെല്ലുവിളി നേരിടുന്നു. നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് ഞങ്ങൾ നിങ്ങളുടെ ഭൂമി മോചിപ്പിക്കുകയാണ്. ഭൂമിയില്ലാത്തതും ആവശ്യമുള്ളതുമായ ആദിവാസി കുടുംബങ്ങൾക്ക് നമ്മുടെ സർക്കാർ ഭൂമി പാട്ടത്തിന് നൽകുന്നു. മിഷൻ ബസുന്ധരയ്ക്ക് അസം സർക്കാരിനെയും ഞാൻ പ്രശംസിക്കുന്നു. ഇതിന്റെ കീഴിൽ, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭൂമി പാട്ടത്തിന് നൽകിയിട്ടുണ്ട്. ചില ഗോത്ര മേഖലകളിൽ അഹോം, കൊച്ച് രാജ്ബോങ്ഷി, ഗൂർഖ സമുദായങ്ങളുടെ ഭൂമിയുടെ അവകാശങ്ങൾ അംഗീകരിക്കപ്പെടുകയും അവരെ സംരക്ഷിത വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗോത്ര സമൂഹത്തോട് ചെയ്ത ചരിത്രപരമായ അനീതി തിരുത്താൻ ബിജെപി പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്.
സുഹൃത്തുക്കളേ,
വികസനത്തിനായി ബിജെപി സർക്കാരിന് ഒരേയൊരു മന്ത്രമേയുള്ളൂ, ആ മന്ത്രം- नागरिक देवो भव:, नागरिक देवो भव:। അതായത്, രാജ്യത്തെ പൗരന്മാർക്ക് ഒരു അസൗകര്യവും നേരിടരുത്, ചെറിയ ആവശ്യങ്ങൾക്കായി അവർ ഇവിടെയും അവിടെയും അലഞ്ഞുതിരിയേണ്ടിവരരുത്. കോൺഗ്രസിന്റെ ഭരണകാലത്ത് വളരെക്കാലം ദരിദ്രരെ കഷ്ടപ്പെടുത്തുകയും നിരസിക്കുകയും ചെയ്തു. കാരണം, ഒരു വർഗ്ഗത്തെ പ്രീണിപ്പിച്ചാണ് കോൺഗ്രസിന്റെ പ്രവർത്തനം നടത്തിയത്. അവർക്ക് അധികാരം ലഭിക്കുമായിരുന്നു. ഒരു ദരിദ്രനും ഒരു പ്രദേശവും പിന്നാക്കം പോകരുത് എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഇന്ന് അസമിൽ, ദരിദ്രർക്കായി കോൺക്രീറ്റ് വീടുകൾ നിർമ്മിക്കുന്നതും വേഗത്തിൽ പുരോഗമിക്കുകയാണ്, ഇതുവരെ അസമിലെ ദരിദ്രർക്ക് 20 ലക്ഷത്തിലധികം കോൺക്രീറ്റ് വീടുകൾ നൽകിയിട്ടുണ്ട്. എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കുന്ന ജോലിയും അസമിൽ വേഗത്തിൽ പുരോഗമിക്കുന്നു.
സുഹൃത്തുക്കളേ,
ഇവിടത്തെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന എന്റെ സഹോദരീസഹോദരന്മാർക്കും ബിജെപി സർക്കാരിന്റെ ദരിദ്ര ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നു. തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സർക്കാർ സഹായം നൽകുന്നു. സ്ത്രീകളുടെ ആരോഗ്യത്തിലും കുട്ടികളുടെ വിദ്യാഭ്യാസത്തിലും ഞങ്ങൾ വലിയ ഊന്നൽ നൽകുന്നു. മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറയ്ക്കുന്നതിനുള്ള പദ്ധതികളും ഇവിടെ സർക്കാർ നടത്തുന്നുണ്ട്.
സുഹൃത്തുക്കളേ,
അസമിന്റെ വികസനത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിച്ചു. അസം വ്യാപാരത്തിന്റെയും ടൂറിസത്തിന്റെയും ഒരു പ്രധാന കേന്ദ്രമായി മാറും. നമ്മൾ ഒരുമിച്ച് ഒരു വികസിത അസമിനെ, ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കും. ഒരിക്കൽ കൂടി, വികസന പദ്ധതികൾക്ക് നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു. എന്നോടൊപ്പം പറയൂ, ഭാരത് മാതാ കീ ജയ്! നിങ്ങളുടെ കൈകൾ ഉയർത്തി നിങ്ങളുടെ എല്ലാ ശക്തിയോടെയും പറയൂ, ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! വളരെ നന്ദി!
***
NK
(Release ID: 2166783)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada