പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 7,300 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു

മണിപ്പൂരിൽ റെയിൽ കണക്റ്റിവിറ്റി വികസിക്കുന്നു: പ്രധാനമന്ത്രി

മണിപ്പൂരിൽ ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള വികസന സംരംഭങ്ങൾക്ക് ഞങ്ങൾ പ്രാധാന്യം നൽകുന്നു: പ്രധാനമന്ത്രി

മണിപ്പൂരിൽ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ഒരു പുതിയ പ്രഭാതം ഉദിക്കുന്നു: പ്രധാനമന്ത്രി

മണിപ്പൂരിനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്: പ്രധാനമന്ത്രി

Posted On: 13 SEP 2025 2:17PM by PIB Thiruvananthpuram

മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 7,300 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു.  മണിപ്പൂർ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നാടാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മണിപ്പൂരിലെ മലനിരകൾ  പ്രകൃതിയുടെ വിലമതിക്കാനാവാത്ത സമ്മാനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ജനങ്ങളുടെ തുടർച്ചയായ കഠിനാധ്വാനത്തിന്റെ പ്രതീകമായും ഈ കുന്നുകളെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിലെ ജനങ്ങളുടെ ആവേശത്തെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ഇത്രയുമധികം ജനങ്ങൾ എത്തിച്ചേർന്നതിന് അവരോട് നന്ദി രേഖപ്പെടുത്തുകയും അവരുടെ വാത്സല്യത്തിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു.


ഈ പ്രദേശത്തിന്റെ സംസ്കാരം, പാരമ്പര്യം, വൈവിധ്യം, ഊർജ്ജസ്വലത എന്നിവ ഇന്ത്യയുടെ ഒരു പ്രധാന ശക്തിയാണെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, "മണിപ്പൂർ" എന്ന പേരിൽ തന്നെ "മണി" എന്ന വാക്ക് അടങ്ങിയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. വരും കാലങ്ങളിൽ മുഴുവൻ വടക്കുകിഴക്കൻ മേഖലയുടെയും തിളക്കം വർദ്ധിപ്പിക്കുന്ന ഒരു രത്നത്തിന്റെ പ്രതീകമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിന്റെ വികസന യാത്ര ത്വരിതപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ നിരന്തരം പ്രവർത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ആവേശത്തിലാണ് ഇന്ന് മണിപ്പൂരിലെ ജനങ്ങൾക്കിടയിലേക്ക് താൻ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 7,000 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചതായി ശ്രീ മോദി അറിയിച്ചു. ഇത് മണിപ്പൂരിലെ ജനങ്ങളുടെ, പ്രത്യേകിച്ച് പർവ്വത മേഖലകളിൽ താമസിക്കുന്ന ആദിവാസി സമൂഹങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും. പദ്ധതികൾ ഈ പ്രദേശത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ പുതിയ സൗകര്യങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പുതിയ സംരംഭങ്ങൾക്ക് മണിപ്പൂരിലെയും ചുരാചന്ദ്പൂരിലെയും ജനങ്ങൾക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ പ്രധാനമന്ത്രി അറിയിച്ചു.


മണിപ്പൂർ ഒരു അതിർത്തി സംസ്ഥാനമാണെന്നും അവിടെ ഗതാഗത സൗകര്യങ്ങൾ എപ്പോഴും ഒരു പ്രധാന വെല്ലുവിളിയാണെന്നും അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, നല്ല റോഡുകളുടെ അഭാവം മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ താൻ മനസ്സിലാക്കുന്നുണ്ടെന്നും പറഞ്ഞു. 2014 മുതൽ മണിപ്പൂരിലെ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ താൻ നിരന്തരം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ഈ പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് രണ്ട് തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒന്നാമതായി, മണിപ്പൂരിലെ റെയിൽ, റോഡ് അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ബജറ്റ് പലമടങ്ങ് വർദ്ധിപ്പിച്ചതായി ശ്രീ മോദി വിശദീകരിച്ചു. രണ്ടാമതായി, നഗരങ്ങളിലേക്കും അതുപോലെ, ഗ്രാമങ്ങളിലേക്കും റോഡ് സൗകര്യങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു.


കഴിഞ്ഞ വർഷങ്ങളിൽ ഈ മേഖലയിലെ ദേശീയ പാതകൾക്കായി 3,700 കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, 8,700 കോടി രൂപയുടെ പുതിയ ഹൈവേ പദ്ധതികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് അറിയിച്ചു. മുമ്പ്, ഈ പ്രദേശത്തെ ഗ്രാമങ്ങളിൽ എത്തിച്ചേരുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു - ജനങ്ങൾക്ക് അറിയാവുന്ന ഒരു വസ്തുതയാണിത്. റോഡ് സൗകര്യങ്ങൾ ഇപ്പോൾ നൂറുകണക്കിന് ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇത് മലയോര ഗ്രാമങ്ങൾക്കും ഗോത്ര സമൂഹങ്ങൾക്കും വളരെയധികം ഗുണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

"ഞങ്ങളുടെ ഗവൺമെന്റിന്റെ കീഴിൽ, മണിപ്പൂരിലെ റെയിൽവേ ലൈനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജിരിബാം-ഇംഫാൽ റെയിൽവേ ലൈൻ ഉടൻ തന്നെ തലസ്ഥാനമായ ഇംഫാലിനെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കും", പ്രധാനമന്ത്രി പറഞ്ഞു, ഈ പദ്ധതിയിൽ സർക്കാർ 22,000 കോടി രൂപാ നിക്ഷേപിക്കുന്നുണ്ടെന്ന് എടുത്തുപറഞ്ഞു. 400 കോടി രൂപാ ചെലവിൽ പുതുതായി നിർമ്മിച്ച ഇംഫാൽ വിമാനത്താവളം ഈ മേഖലയിലെ വ്യോമ ഗതാഗതം മികച്ചതാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിമാനത്താവളത്തിൽ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസുകളും ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വളർന്നുവരുന്ന ഈ കണക്റ്റിവിറ്റി മണിപ്പൂരിലെ ജനങ്ങൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.


"ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി നമ്മുടെ രാജ്യം ഉടൻ മാറും. വികസനത്തിന്റെ ഗുണങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ നിരന്തരമായ ശ്രമം", ശ്രീ മോദി ഊന്നിപ്പറഞ്ഞു. മുൻപ് ഡൽഹിയിൽ നടത്തിയ പല പ്രഖ്യാപനങ്ങളും മണിപ്പൂർ പോലുള്ള പ്രദേശങ്ങളിൽ എത്താൻ പതിറ്റാണ്ടുകൾ എടുത്തിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ന് ചുരാചന്ദ്പൂരും മണിപ്പൂരും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളോടൊപ്പം പുരോഗമിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദരിദ്രർക്കായി പാർപ്പിടങ്ങൾ നിർമ്മിക്കുന്നതിനായി സർക്കാർ രാജ്യവ്യാപകമായി ഒരു പദ്ധതി ആരംഭിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മണിപ്പൂരിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും ഏകദേശം 60,000 വീടുകൾ ഇതിനകം നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ മേഖല മുമ്പ് കടുത്ത വൈദ്യുതി ക്ഷാമം നേരിട്ടിരുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ജനങ്ങളെ ഈ ബുദ്ധിമുട്ടിൽ നിന്ന് മോചിപ്പിക്കാൻ സർക്കാർ ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്നും അതിന്റെ ഫലമായി മണിപ്പൂരിലെ ഒരു ലക്ഷത്തിലധികം കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ അമ്മമാരും സഹോദരിമാരും ജലത്തിന്റെ ദൗർലഭ്യം മൂലം വളരെക്കാലമായി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് സർക്കാർ 'ഹർ ഘർ നാൽ സേ ജൽ' പദ്ധതി ആരംഭിച്ചതെന്ന് പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തുടനീളമുള്ള 15 കോടിയിലധികം പൗരന്മാർക്ക് പൈപ്പ് കണക്ഷനിലൂടെ ശുദ്ധ ജലം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 7-8 വർഷങ്ങൾക്ക് മുമ്പ് മണിപ്പൂരിൽ 25,000 മുതൽ 30,000 വരെ വീടുകളിൽ മാത്രമേ പൈപ്പ് വെള്ളം ലഭിച്ചിരുന്നുള്ളൂവെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. ഇന്ന്, സംസ്ഥാനത്തെ 3.5 ലക്ഷത്തിലധികം വീടുകളിൽ പൈപ്പ് വെള്ളം ലഭ്യമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വളരെ വേഗം മണിപ്പൂരിലെ മുഴുവൻ കുടുംബങ്ങൾക്കും അവരുടെ വീടുകളിൽ പൈപ്പ് കണക്ഷൻ ലഭിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.


സാമൂഹിക അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യവേ, മുൻകാലങ്ങളിൽ പർവത പ്രദേശങ്ങളിലും ആദിവാസി മേഖലകളിലും നല്ല സ്കൂളുകളും കോളേജുകളും ആശുപത്രികളും വെറും സ്വപ്നമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരാൾക്ക് അസുഖം വന്നാൽ ആശുപത്രിയിൽ എത്താൻ വളരെ സമയമെടുത്തിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവൺമെന്റിന്റെ നിരന്തര ശ്രമങ്ങളിലൂടെ സ്ഥിതി ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണെന്നും ചുരാചന്ദ്പൂരിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിതമായിട്ടുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇപ്പോൾ അവിടെ പുതിയ ഡോക്ടർമാർക്ക് പരിശീലനം നൽകുന്നുണ്ടെന്നും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെട്ടുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകളായിട്ടും മണിപ്പൂരിൽ ഒരു മെഡിക്കൽ കോളേജ് പോലും ഉണ്ടായിരുന്നില്ല എന്ന വസ്തുതയെക്കുറിച്ച് ചിന്തിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിലെ ഗവൺമെന്റാണ് ഈ നേട്ടം സാധ്യമാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. പിഎം-ഡിവൈൻ പദ്ധതി പ്രകാരം അഞ്ച് മലയോര ജില്ലകളിൽ സർക്കാർ ആധുനിക ആരോഗ്യ സേവനങ്ങൾ വികസിപ്പിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ദരിദ്ര കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ സർക്കാർ നൽകുന്നുണ്ടെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. മണിപ്പൂരിലെ ഏകദേശം 2.5 ലക്ഷം രോഗികൾക്ക് ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ സൗകര്യമില്ലായിരുന്നെങ്കിൽ സംസ്ഥാനത്തെ ദരിദ്ര കുടുംബങ്ങൾക്ക് സ്വന്തം പോക്കറ്റിൽ നിന്ന് 350 കോടി രൂപ ചെലവഴിക്കേണ്ടിവരുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവരുടെ ചികിത്സയുടെ മുഴുവൻ ചെലവും കേന്ദ്ര ഗവൺമെന്റ് വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഓരോ ദരിദ്ര പൗരന്റെയും ആശങ്കകൾ പരിഹരിക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.


 "മണിപ്പൂരിന്റെ ഭൂപ്രദേശങ്ങളും പ്രകൃതിയും പ്രതീക്ഷയുടെയും അഭിലാഷത്തിന്റെയും പ്രതീകമാണ് ", നിർഭാഗ്യവശാൽ ഈ ശ്രദ്ധേയമായ പ്രദേശത്ത് അക്രമം പിടിമുറുക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കുറച്ചു മുൻപ്, ക്യാമ്പുകളിൽ താമസിക്കുന്ന ദുരിതബാധിതരുമായി കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. ജനങ്ങളുമായുള്ള തന്റെ ആശയവിനിമയത്തിനുശേഷം, മണിപ്പൂരിൽ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ഒരു പുതിയ പ്രഭാതം സമാഗതമാകുകയാണെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

"ഏത് പ്രദേശത്തിന്റെയും വികസനത്തിന് അവിടെ സമാധാനം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്, കഴിഞ്ഞ പതിനൊന്ന് വർഷമായി, വടക്കുകിഴക്കൻ മേഖലയിൽ  ദീർഘകാലങ്ങളായി നീണ്ടുനിന്ന നിരവധി സംഘർഷങ്ങളും തർക്കങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്", പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ജനങ്ങൾ സമാധാനത്തിന്റെ പാത തിരഞ്ഞെടുത്തിട്ടുണ്ടെന്നും വികസനത്തിന് മുൻഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പർവ്വത പ്രദേശങ്ങളിലെയും, താഴ്‌വരകളിലെയും വിവിധ ഗോത്ര വിഭാഗങ്ങളുമായി അടുത്തിടെ നടന്ന സംഭാഷണങ്ങളിൽ ശ്രീ മോദി സംതൃപ്തി പ്രകടിപ്പിച്ചു. സമാധാനം പുനഃ സ്ഥാപിക്കുന്നതിനുള്ള സംഭാഷണങ്ങൾ പരസ്പര ബഹുമാനം, ധാരണ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന കേന്ദ്ര ഗവൺമെന്റിന്റെ സമീപനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. സമാധാനത്തിന്റെ പാതയിൽ മുന്നോട്ട് പോകാനും അവരുടെ അഭിലാഷങ്ങൾ നിറവേറ്റാനും പ്രധാനമന്ത്രി എല്ലാ സംഘടനകളോടും അഭ്യർത്ഥിച്ചു. ജനങ്ങളോടൊപ്പമാണ് താൻ നിൽക്കുന്നതെന്നും കേന്ദ്ര ഗവൺമെന്റ് മണിപ്പൂരിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

മണിപ്പൂരിലെ സമാധാന ജന ജീവിതം പുനഃസ്ഥാപിക്കാൻ കേന്ദ്ര ഗവൺമെന്റ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ച ശ്രീ മോദി, കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് 7,000 പുതിയ വീടുകൾ നിർമ്മിക്കാൻ സർക്കാർ പിന്തുണ നൽകുന്നുണ്ടെന്ന് അറിയിച്ചു. ഏകദേശം 3,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അടുത്തിടെ അംഗീകരിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കുടിയിറക്കപ്പെട്ട വ്യക്തികളെ സഹായിക്കുന്നതിനായി 500 കോടി രൂപ  പ്രത്യേകം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിപ്പൂരിലെ ആദിവാസി യുവാക്കളുടെ സ്വപ്നങ്ങളെയും പോരാട്ടങ്ങളെയും കുറിച്ച് തനിക്ക് നല്ല ധാരണയുണ്ടെന്ന് സമ്മതിച്ച പ്രധാനമന്ത്രി, അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ഒന്നിലധികം പരിഹാരങ്ങൾ നടപ്പിലാക്കിവരികയാണെന്ന് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനത്തിനായി ഉചിതമായ ഫണ്ട് ക്രമീകരിച്ച് അവയെ ശക്തിപ്പെടുത്താൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

"ഓരോ ആദിവാസി സമൂഹങ്ങളുടെയും വികസനം ഒരു ദേശീയ മുൻഗണനയാണ്", ഗോത്ര മേഖലകളുടെ വികസനത്തിനായി ധാരാതി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ നടപ്പിലാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഈ സംരംഭത്തിന്റെ കീഴിൽ, മണിപ്പൂരിലുടനീളമുള്ള 500-ലധികം ഗ്രാമങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഗോത്ര മേഖലകളിലെ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ 18 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ നിർമ്മിക്കുന്നുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. സ്കൂളുകളുടെയും കോളേജുകളുടെയും നവീകരണം മലയോര ജില്ലകളിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

മണിപ്പൂരിന്റെ സംസ്കാരം എപ്പോഴും സ്ത്രീ ശാക്തീകരണത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, സ്ത്രീകളുടെ ഉന്നമനത്തിനും അവരുടെ ശാക്തീകരണത്തിനുമായി സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞു. മണിപ്പൂരിലെ പെൺമക്കളെ പിന്തുണയ്ക്കുന്നതിനായി സർക്കാർ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ നിർമ്മിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.


"മണിപ്പൂരിനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്", എന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. മണിപ്പൂരിന്റെ വികസനത്തിനും, കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനും, സമാധാനം പുനഃസ്ഥാപിക്കുന്നതിനും, സാധ്യമായ എല്ലാ രീതിയിലും മണിപ്പൂർ ഗവൺമെന്റിനെ പിന്തുണയ്ക്കുന്നത് കേന്ദ്ര ഗവൺമെന്റ് തുടരുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിക്കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

മണിപ്പൂർ ഗവർണർ ശ്രീ അജയ് കുമാർ ഭല്ല ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം

മണിപ്പൂരിലെ നഗര പ്രദേശത്തെ റോഡുകൾ, ഡ്രെയിനേജ്, ആസ്തി മാനേജ്മെന്റ് മെച്ചപ്പെടുത്തൽ പദ്ധതികൾ 3,600 കോടി രൂപയിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്നു; 2,500 കോടി രൂപയിലധികം ചിലവ് വരുന്ന  5 ദേശീയ പാത പദ്ധതികൾ; മണിപ്പൂർ ഇൻഫോടെക് ഡെവലപ്‌മെന്റ് (മൈൻഡ്) പദ്ധതി, 9 സ്ഥലങ്ങളിലായി വർക്കിംഗ് വിമൻ ഹോസ്റ്റലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

X- handles
 ഇന്ത്യയുടെ പുരോഗതിയുടെ ഒരു സുപ്രധാന സ്തംഭമാണ് മണിപ്പൂർ. ചുരാചന്ദ്പൂരിൽ വികസന സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധനമന്ത്രി 


മണിപ്പൂരിലെ റെയിൽവേ യാത്ര സൗകര്യങ്ങൾ വികസിക്കുകയാണ്.

മണിപ്പൂരിലെ വികസന സംരംഭങ്ങൾ മുന്നോട്ട് കുതിക്കുന്നു.

മണിപ്പൂരിൽ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ഒരു പുതിയ പ്രഭാതം ഉദിച്ചുയരുകയാണ്.

മണിപ്പൂരിനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.

Manipur is a vital pillar of India's progress. Addressing a programme during the launch of development initiatives in Churachandpur. https://t.co/1JENvDXOoE

— Narendra Modi (@narendramodi) September 13, 2025

Rail connectivity is expanding in Manipur. pic.twitter.com/hvc3N9wrUR

— PMO India (@PMOIndia) September 13, 2025

Advancing development initiatives in Manipur. pic.twitter.com/1vzj5FDphO

— PMO India (@PMOIndia) September 13, 2025

A new dawn of hope and trust is rising in Manipur. pic.twitter.com/EZgZfdLFZr

— PMO India (@PMOIndia) September 13, 2025

We are working with the goal of making Manipur a symbol of peace, prosperity and progress. pic.twitter.com/wAtX8vdEFa

— PMO India (@PMOIndia) September 13, 2025

 

***

SK


(Release ID: 2166421) Visitor Counter : 2