രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്‌ട്രപതി ദ്രൗപദി മുർമു ഇഇപിസി ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു

Posted On: 08 SEP 2025 12:56PM by PIB Thiruvananthpuram
രാഷ്‌ട്രപതി  ശ്രീമതി ദ്രൗപദി മുർമു ഇന്ന് (സെപ്റ്റംബർ 8, 2025) ന്യൂഡൽഹിയിൽ നടന്ന എഞ്ചിനീയറിംഗ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (ഇഇപിസി) ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു.

പൗരാണിക കാലത്ത്  ആത്മീയതയിലും വ്യാപാരത്തിലും ഇന്ത്യ ലോകത്തെ നയിച്ചിരുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ വീണ്ടും അറിവിന്റെയും വ്യാപാരത്തിന്റെയും നേതൃനിരയിൽ എത്തിക്കുക  എന്നത് എല്ലാ പൗരന്മാരുടെയും ദൃഢനിശ്ചയമായിരിക്കണം. സാമ്പത്തിക മേഖലയിലെ ഒരു പ്രധാന പങ്കാളിയെന്ന നിലയിൽ, ഇഇപിസി ഇക്കാര്യം വലിയ ഇച്ഛാശക്തിയോടെ ഏറ്റെടുക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തിൻറെ എഞ്ചിനീയറിംഗ് കയറ്റുമതി 70 ബില്യൺ ഡോളറിൽ നിന്ന് 115 ബില്യൺ ഡോളറിലധികമായി ഉയർന്നതിൽ  രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. കഴിഞ്ഞ ദശകത്തിൽ അന്താരാഷ്ട്ര വ്യാപാര മേഖലയിൽ നേരിട്ട നിരവധി വെല്ലുവിളികൾ  കണക്കിലെടുക്കുമ്പോൾ കയറ്റുമതിയിലെ ഈ വളർച്ച കൂടുതൽ പ്രശംസനീയമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഈ നേട്ടത്തിന് പിന്നിലെ ഇഇപിസിയുടെ സംഭാവനയെ രാഷ്‌ട്രപതി അഭിനന്ദിച്ചു.

അന്താരാഷ്ട്ര വിപണിയേയും  ഇന്ത്യൻ ഉൽപ്പാദകരേയും ബന്ധിപ്പിക്കുന്ന പാലമായി ഇഇപിസി പ്രവർത്തിക്കുന്നുവെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ആഗോള മൂല്യ ശൃംഖലയിൽ രാജ്യത്തിൻറെ പങ്കും ഇന്ത്യൻ സംരംഭകരുടെ പങ്കും തുടർച്ചയായി വർദ്ധിപ്പിക്കണമെന്ന്  രാഷ്‌ട്രപതി ഇഇപിസി-യോട് ആവശ്യപ്പെട്ടു. ലോക വ്യാപാര ക്രമത്തിലും അന്താരാഷ്ട്ര സാമ്പത്തിക ക്രമത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ,ഇഇപിസി-യുടെ പ്രാധാന്യവും പങ്കും കൂടുതൽ വർധിപ്പിക്കുന്നുണ്ടെന്നും ശ്രീമതി മുർമു  എടുത്തുപറഞ്ഞു.

നമ്മുടെ രാജ്യത്ത് ലഭ്യമായ അസാധാരണമായ കഴിവുകൾ പ്രയോജനപ്പെടുത്തി ആഗോള വ്യാപാരത്തിന്റെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റേണ്ടതുണ്ടെന്ന് രാഷ്‌ട്രപതി നിർദേശിച്ചു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഇന്ത്യയുടെ എഞ്ചിനീയറിംഗ് കയറ്റുമതിയുടെ  ലക്‌ഷ്യം  വലിയതോതിൽ  മാറിയിട്ടുണ്ട്. ഇഇപിസി ഈ പരിവർത്തനം തുടരുകയും 'രാഷ്ട്രം ആദ്യം' എന്ന മനോഭാവത്തോടെ  രാജ്യത്തിൻറെ  സമ്പദ്‌വ്യവസ്ഥയെ നിരന്തരം ശാക്തീകരിക്കുന്നതിനായി പ്രവർത്തിക്കുകയും വേണം.

കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരമുള്ള എഞ്ചിനീയറിംഗ് സേവനങ്ങളും ഉൽപ്പന്നങ്ങളും ഇന്ത്യയുടെ വലിയ ശക്തിയാണെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ ആഗോള ശക്തികേന്ദ്രങ്ങൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.  ശരിയായ പ്രോത്സാഹനവും  ആവാസവ്യവസ്ഥയും ലഭ്യമാക്കി രാജ്യത്തെ  ഒരു ആഗോള ഇന്നൊവേഷൻ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ  ഇഇപിസി-യുടെ  പങ്കാളികൾ മുന്നോട്ട് പോകണം. ആഗോള സമ്പദ്‌വ്യവസ്ഥയിലെയും വ്യാപാരത്തിലെയും വിദഗ്ധർ നവീകരണ സമ്പദ്‌വ്യവസ്ഥകളെയും ക്യാച്ച്-അപ്പ് സമ്പദ്‌വ്യവസ്ഥകളെയും കുറിച്ച് ചർച്ച ചെയ്യുന്നു. ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതവും സമ്പന്നവുമായ സമ്പദ്‌വ്യവസ്ഥകളാണ് ഇന്നൊവേഷൻ സമ്പദ്‌വ്യവസ്ഥകൾ. നമ്മുടെ രാജ്യത്ത് ലഭ്യമായ പ്രതിഭകൾക്കും ഊർജ്ജത്തിനും  അനുകൂലമായ  ആവാസവ്യവസ്ഥ പ്രദാനം ചെയ്തുകൊണ്ട് രാജ്യത്തെ ഒരു മുൻനിര ഇന്നൊവേഷൻ സമ്പദ്‌വ്യവസ്ഥയാക്കാൻ പ്രതിജ്ഞയെടുക്കണമെന്ന് രാഷ്‌ട്രപതി ഇഇപിസി-യുടെ എല്ലാ പങ്കാളികളോടും ആവശ്യപ്പെട്ടു.
 
*****

(Release ID: 2164628) Visitor Counter : 2