രാഷ്ട്രപതിയുടെ കാര്യാലയം
അധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു
Posted On:
05 SEP 2025 2:20PM by PIB Thiruvananthpuram
ഇന്ന്, അധ്യാപക ദിനത്തിൽ (സെപ്റ്റംബർ 5, 2025) ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാജ്യത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സമ്മാനിച്ചു.

ഒരു വ്യക്തിയുടെ അന്തസ്സിനും സുരക്ഷയ്ക്കും ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ പോലെ വിദ്യാഭ്യാസവും അനിവാര്യമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. വിവേകമുള്ള അധ്യാപകർ കുട്ടികളിൽ അന്തസ്സും സുരക്ഷിതബോധവും വളർത്താൻ പ്രവർത്തിക്കുന്നു. ഒരു അധ്യാപിക എന്ന നിലയിലുള്ള സ്വന്തം പ്രവർത്തനകാലത്തെ അനുസ്മരിച്ച രാഷ്ട്രപതി, അത് ജീവിതത്തിലെ വളരെ അർത്ഥവത്തായ ഒരു കാലഘട്ടമാണെന്ന് വിശേഷിപ്പിച്ചു.

വിദ്യാഭ്യാസം ഒരു വ്യക്തിയെ നൈപുണ്യമുള്ളവനാക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ഏറ്റവും ദരിദ്ര പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പോലും വിദ്യാഭ്യാസത്തിലൂടെ പുരോഗതിയുടെ ഉയരങ്ങൾ തൊടാൻ കഴിയും. കുട്ടികളുടെ ഉയർച്ചയ്ക്ക് ശക്തി നൽകുന്നതിൽ സ്നേഹവും അർപ്പണബോധവുമുള്ള അധ്യാപകർ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. വിദ്യാർത്ഥികൾ ജീവിതകാലം മുഴുവൻ അധ്യാപകരെ ഓർക്കുകയും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും സ്തുത്യർഹമായ സംഭാവനകൾ നൽകുകയും ചെയ്യുന്നു എന്നതാണ് അധ്യാപകർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി എന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണമാണ് ഒരു അധ്യാപകന്റെ പ്രാഥമിക കടമയെന്ന് രാഷ്ട്രപതി പറഞ്ഞു. മത്സരം, പുസ്തകാധിഷ്ഠിത അറിവ്, സ്വാർത്ഥത എന്നിവയിൽ മാത്രം താൽപ്പര്യമുള്ള വിദ്യാർത്ഥികളേക്കാൾ സംവേദനക്ഷമത, ഉത്തരവാദിത്വം, സമർപ്പണബോധം, ധാർമികത എന്നിവയുള്ള വിദ്യാർത്ഥികളാണ് മികച്ചവർ. ഒരു മികച്ച അധ്യാപകന് വികാരങ്ങളും ബുദ്ധിയും ഉണ്ടാകും. ബൗദ്ധിക-വികാരപരമായ ചിന്തയുടെ ഏകോപനത്തിലൂടെ വിദ്യാർത്ഥികളെ സ്വാധീനിക്കാനുമാകും.

സ്മാർട്ട് ബ്ലാക്ക്‌ബോർഡുകൾ, സ്മാർട്ട് ക്ലാസ് മുറികൾ, മറ്റ് ആധുനിക സൗകര്യങ്ങൾ എന്നിവയ്ക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. എന്നാൽ ഏറ്റവും പ്രധാനം സാമർത്ഥ്യമുള്ള അധ്യാപകരാണ്. വിദ്യാർത്ഥികളുടെ വികസനത്തിനാവശ്യമായ ഘടകങ്ങൾ മനസ്സിലാക്കുന്ന അധ്യാപകരാണ് സമർത്ഥരായ അധ്യാപകർ. അവർ, വാത്സല്യത്തോടെയും സംവേദനക്ഷമതയോടെയും പഠന പ്രക്രിയയെ രസകരവും ഫലപ്രദവുമാക്കുന്നു. അത്തരം അധ്യാപകർ വിദ്യാർത്ഥികളെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തരാക്കുന്നു.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം നൽകണമെന്ന് രാഷ്ട്രപതി പറഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കുന്നതിലൂടെ, നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നിർമ്മാണത്തിൽ നാം വിലമതിക്കാനാവാത്ത നിക്ഷേപം നടത്തുന്നു. സ്ത്രീകൾ നയിക്കുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം പെൺകുട്ടികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുകയാണെന്ന് അവർ പറഞ്ഞു. കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയങ്ങൾ വികസിപ്പിക്കുന്നതിനും പിന്നാക്ക വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുന്നതിനും 2020 ലെ ദേശീയ വിദ്യാഭ്യാസ നയം ഊന്നൽ നൽകുന്നതായി രാഷ്ട്രപതി എടുത്തുപറഞ്ഞു. എന്നാൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഏതൊരു സംരംഭത്തിന്റെയും വിജയം പ്രധാനമായും അധ്യാപകരെ ആശ്രയിച്ചിരിക്കുന്നു. പെൺകുട്ടികളെ പഠിപ്പിക്കുന്നതിന് എത്രത്തോളം സംഭാവന നൽകുന്നുവോ അത്രത്തോളം അവരുടെ ജീവിതം അർത്ഥവത്താകുമെന്ന് രാഷ്‌ട്രപതി അധ്യാപകരോട് പറഞ്ഞു. പൊതുവെ ലജ്ജാശീലരോ അല്ലെങ്കിൽ പിന്നാക്ക മേഖലയിൽ നിന്നുള്ളതോ ആയ പെൺകുട്ടികൾ ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേക ശ്രദ്ധ നൽകണമെന്ന് രാഷ്ട്രപതി അധ്യാപകരോട് ആവശ്യപ്പെട്ടു.

ഇന്ത്യയെ ഒരു ആഗോള വൈജ്ഞാനിക ശക്തി കേന്ദ്രമാക്കി മാറ്റുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. ഇതിനായി നമ്മുടെ അധ്യാപകർ ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകരായി അംഗീകരിക്കപ്പെടണം. സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വിദ്യാഭ്യാസം എന്നീ മൂന്ന് മേഖലകളിലും നമ്മുടെ സ്ഥാപനങ്ങളും അധ്യാപകരും സജീവമായി സംഭാവന നൽകേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലെ നിർണായക സംഭാവനയിലൂടെ അധ്യാപകർ, ഇന്ത്യയെ ആഗോള വൈജ്ഞാനിക ശക്തി കേന്ദ്രമാക്കി മാറ്റുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
******************
(Release ID: 2164215)
Visitor Counter : 2
Read this release in:
English
,
Urdu
,
Nepali
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada