പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​SCO ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മ്യാൻമറിലെ സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് പീസ് കമ്മീഷൻ ചെയർമാൻ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി കൂടിക്കാഴ്ച നടത്തി

Posted On: 31 AUG 2025 4:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ മ്യാൻമറിലെ സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് പീസ് കമ്മീഷൻ ചെയർമാൻ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി കൂടിക്കാഴ്ച നടത്തി.​

അയൽപക്കത്തിനു മുൻഗണന, ആക്റ്റ് ഈസ്റ്റ്, ഇന്തോ-പസഫിക് നയങ്ങൾക്കനുസൃതമായി മ്യാൻമറുമായുള്ള ബന്ധത്തിന് ഇന്ത്യ പ്രാധാന്യം നൽകുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വികസനപങ്കാളിത്തം, പ്രതിരോധം, സുരക്ഷ, അതിർത്തിപരിപാലനം, അതിർത്തിവ്യാപാരപ്രശ്നങ്ങൾ എന്നിവയുൾപ്പെടെ ഉഭയകക്ഷിസഹകരണത്തിന്റെ നിരവധി വശങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചർച്ചചെയ്തു. ഉഭയകക്ഷിബന്ധങ്ങൾ അവലോകനവും മുന്നോട്ടുള്ള വഴി ചർച്ചചെയ്യലും കൂടിക്കാഴ്ചയുടെ ഭാഗമായി. നിലവിലുള്ള സമ്പർക്കസൗകര്യപദ്ധതികളിൽ പുരോഗതി കൈവരിക്കേണ്ടതു പ്രധാനമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള കൂടുതൽ ഇടപഴകലിനു സഹായകമാകും. ഇതു പ്രാദേശിക സഹകരണവും സംയോജനവും പ്രോത്സാഹിപ്പിക്കും. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ ഭാഗമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മ്യാൻമറിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി നീതിയുക്തവും ഉൾക്കൊള്ളുന്നതുമായ രീതിയിൽ നടക്കുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മ്യാൻമറിന്റെ നേതൃത്വത്തിലുള്ളതും ഉടമസ്ഥതയിലുള്ളതുമായ സമാധാനപ്രക്രിയയെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. സമാധാനപരമായ സംഭാഷണവും കൂടിയാലോചനയുമാണ് അതിനുള്ള ഏകമാർഗമെന്നും അദ്ദേഹം അടിവരയിട്ടു.

മ്യാൻമറിന്റെ വികസന ആവശ്യങ്ങൾക്ക് പിന്തുണ നൽകാനുള്ള ഇന്ത്യയുടെ സന്നദ്ധതയും പ്രധാനമന്ത്രി ആവർത്തിച്ചു.

*** 

SK


(Release ID: 2162470) Visitor Counter : 2