പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ജപ്പാനിൽ മിയാഗി പ്രവിശ്യയിലെ സെൻഡായിയിലെ സെമികണ്ടക്ടർ കേന്ദ്രം സന്ദർശിച്ചു
Posted On:
30 AUG 2025 11:52AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയും ഇന്നു മിയാഗി പ്രവിശ്യയിലെ സെൻഡായി സന്ദർശിച്ചു. സെൻഡായിയിൽ, സെമികണ്ടക്ടർ മേഖലയിലെ പ്രമുഖ ജപ്പാൻ കമ്പനിയായ ടോക്കിയോ ഇലക്ട്രോൺ മിയാഗി ലിമിറ്റഡ് (TEL മിയാഗി) ഇരുനേതാക്കളും സന്ദർശിച്ചു. ആഗോള സെമികണ്ടക്ടർ മൂല്യശൃംഖലയിൽ TEL ന്റെ പങ്ക്, വിപുലമായ ഉൽപ്പാദനശേഷി, ഇന്ത്യയുമായുള്ള നിലവിലുള്ളതും ആസൂത്രിതവുമായ സഹകരണം എന്നിവയെക്കുറിച്ചു പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സെമികണ്ടക്ടർ വിതരണശൃംഖല, ഉൽപ്പാദനം, പരീക്ഷണം എന്നീ മേഖലകളിൽ സഹകരണം സ്ഥാപിക്കുന്നതിന് ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന അവസരങ്ങളെക്കുറിച്ചു ഫാക്ടറിസന്ദർശനം നേതാക്കൾക്കു പ്രായോഗിക ധാരണ നൽകി.
ഇന്ത്യയുടെ വളർന്നുവരുന്ന സെമികണ്ടക്ടർ നിർമാണ ആവാസവ്യവസ്ഥയും, നൂതന സെമികണ്ടക്ടർ ഉപകരണങ്ങളിലും സാങ്കേതികവിദ്യയിലും ജപ്പാന്റെ ശക്തിയും, പരസ്പരപൂരകമായി വിനിയോഗിക്കാമെന്നു സെൻഡായി സന്ദർശനം തെളിയിക്കുന്നു. ജപ്പാൻ-ഇന്ത്യ സെമികണ്ടക്ടർ വിതരണശൃംഖല പങ്കാളിത്തത്തിലെ സഹകരണപത്രികയുടെയും, ഇന്ത്യ-ജപ്പാൻ വ്യാവസായിക മത്സരക്ഷമതാപങ്കാളിത്തത്തിന്റെയും സാമ്പത്തിക സുരക്ഷ സംഭാഷണത്തിന്റെയും കീഴിലുള്ള നിലവിലുള്ള പങ്കാളിത്തങ്ങളുടെയും അടിസ്ഥാനത്തിൽ, ഈ മേഖലയിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.
പ്രധാനമന്ത്രി മോദിയുടെയും പ്രധാനമന്ത്രി ഇഷിബയുടെയും സംയുക്ത സന്ദർശനം, കരുത്തുറ്റതും, സ്ഥിരതയുള്ളതും, വിശ്വസനീയവുമായ സെമികണ്ടക്ടർ വിതരണശൃംഖലകൾ വികസിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെയും ജപ്പാന്റെയും പൊതുവായ കാഴ്ചപ്പാടിനെ അടിവരയിടുന്നു. ഈ സന്ദർശനത്തിൽ ഒപ്പം ചേർന്നതിനു പ്രധാനമന്ത്രി ഇഷിബയ്ക്കു പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. തന്ത്രപരമായ ഈ മേഖലയിൽ ജപ്പാനുമായി വളരെയടുത്തു പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം ആവർത്തിച്ചു.
പ്രധാനമന്ത്രി മോദിക്ക് ആദരസൂചകമായി പ്രധാനമന്ത്രി ഇഷിബ സെൻഡായിയിൽ മധ്യാഹ്നവിരുന്നു സംഘടിപ്പിച്ചു. മിയാഗി പ്രവിശ്യ ഗവർണറും മറ്റു വിശിഷ്ട വ്യക്തികളും വിരുന്നിൽ പങ്കെടുത്തു.
-SK-
(Release ID: 2162162)
Visitor Counter : 28
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada