പ്രധാനമന്ത്രിയുടെ ഓഫീസ്
മനുഷ്യ വിഭവശേഷി വിനിമയത്തിനും സഹകരണത്തിനുമുള്ള ഇന്ത്യ-ജാപ്പാൻ കർമ്മപദ്ധതി
Posted On:
29 AUG 2025 6:54PM by PIB Thiruvananthpuram
അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് 50,000 വിദഗ്ധരും പ്രതിഭകളും ഉൾപ്പെടെ, ഇരുരാജ്യങ്ങളും തമ്മിൽ 500,000 ഉദ്യോഗസ്ഥരുടെ ദ്വിമുഖ കൈമാറ്റം.
2025-ലെ ഇന്ത്യാ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ, ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തങ്ങളുടെ പൗരന്മാർക്കിടയിൽ സന്ദർശനങ്ങളിലൂടെയും കൈമാറ്റങ്ങളിലൂടെയും കൂടുതൽ ധാരണ വളർത്തേണ്ടതിന്റെ ആവശ്യകതയിലും, കൂടാതെ തങ്ങളുടെ മാനവ വിഭവശേഷിക്ക് പൊതുവായ മൂല്യങ്ങൾ സൃഷ്ടിക്കാനും അതത് ദേശീയ മുൻഗണനകൾക്ക് പരിഹാരം കാണാനും സഹകരിക്കാനുള്ള വഴികൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയിലും യോജിപ്പിലെത്തി.
അതനുസരിച്ച്, അടുത്ത തലമുറയിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു പാലമായി നിലകൊള്ളുന്ന തരത്തിൽ ഉദ്യോഗസ്ഥരുടെ പരസ്പര കൈമാറ്റം വിപുലീകരിക്കാൻ ഇന്ത്യയിലെയും ജപ്പാനിലെയും പൊതു-സ്വകാര്യ മേഖലകൾ ശ്രമിക്കും. ഇന്ത്യാ-ജപ്പാൻ ബന്ധത്തിൽ മനുഷ്യ വിഭവ കൈമാറ്റത്തിൽ പുതിയ തരംഗം സൃഷ്ടിക്കുന്നതിനായി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരു ദിശകളിലുമായി 500,000-ത്തിലധികം ഉദ്യോഗസ്ഥരുടെ കൈമാറ്റം എന്ന അഭിലാഷകരമായ ലക്ഷ്യം ഇരു രാജ്യങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ട്, ഇതിൽ ഇന്ത്യയിൽനിന്നും ജപ്പാനിലേക്കുള്ള 50,000 വിദഗ്ധരും പ്രതിഭകളും ഉൾപ്പെടുന്നു.
ഇത്തരത്തിലുള്ള ശ്രമങ്ങൾ ഇനിപ്പറയുന്ന ലക്ഷ്യങ്ങൾ മുൻനിറുത്തിയായിരിക്കും നടത്തുക:
i. ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരെയും കഴിവുറ്റവരെയും ജപ്പാനിലേക്ക് ആകർഷിക്കുക, ഇതിനായി ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ധാരണാപരമായ വിടവുകൾ നികത്തുക.
ii. ഇരു രാജ്യങ്ങളിലും സംയുക്ത ഗവേഷണത്തിനും, വാണിജ്യവൽക്കരണത്തിനും, മൂല്യസൃഷ്ടിക്കും വേണ്ടി മനുഷ്യശേഷിയിലെ പൂരക ഘടകങ്ങൾ പ്രയോജനപ്പെടുത്തുക.
iii. ഇന്ത്യയിൽ ജാപ്പനീസ് ഭാഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, അതോടൊപ്പം ഭാവിക്കുള്ള നിക്ഷേപം എന്ന നിലയിൽ ഉഭയകക്ഷി സാംസ്കാരിക, വിദ്യാഭ്യാസ, അടിസ്ഥാനതല കൈമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുക.
iv. ഐടി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മനുഷ്യശക്തി ക്ഷാമം നേരിടുന്ന ജപ്പാനും നൈപുണ്യ വികസനം വർദ്ധിപ്പിക്കാനും ഉത്പാദന മേഖല ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന ഇന്ത്യയും തമ്മിൽ സാമ്പത്തികമായി പ്രയോജനകരമായ പരസ്പര പൂരക ഘടകങ്ങൾ പ്രയോജനപ്പെടുത്തുക.
v. ജാപ്പനീസ് കമ്പനികളും ഇന്ത്യൻ വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുക.
ഇതിനായി, ഇന്ത്യയും ജപ്പാനും സംയുക്തമായി ഇനിപ്പറയുന്ന കർമ്മപദ്ധതിക്ക് തുടക്കം കുറിക്കുന്നു, ഇത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്കുള്ള വിദഗ്ധരുടെയും നൈപുണ്യ ശേഷിയുള്ളവരുടെയും എണ്ണം 50,000 ആയി വർദ്ധിപ്പിക്കാൻ ഗവണ്മെന്റ്, വ്യാവസായിക, അക്കാദമിക് മേഖലകളിലെ വിവിധ സ്ഥാപനങ്ങളുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കും.
(1) ഉയർന്ന വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥർ:
അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യൻ എൻജിനീയറിങ് പ്രൊഫഷണലുകളുടെയും അക്കാദമിക് ഉദ്യോഗസ്ഥരുടെയും ജപ്പാനിലേക്കുള്ള ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനായി ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യും:
a) അർധചാലകങ്ങളും നിർമ്മിതബുദ്ധിയുമുൾപ്പെടെയുള്ള മേഖലകളിൽ ജാപ്പനീസ് കമ്പനികളിലുള്ള തൊഴിലവസരങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന ജാപ്പനീസ് കമ്പനികളുടെ പ്രത്യേക ദൗത്യം.
b) ജപ്പാനിലെ ഇന്ത്യൻ പ്രൊഫഷണലുകളുടെ തൊഴിൽ സംബന്ധിച്ച് സർവേ നടത്തുക. മികച്ച രീതികളും വിജയഗാഥകളും തിരിച്ചറിയുക, തൊഴിൽ ലഭ്യമാക്കുന്നത് സുഗമമാക്കുക, അതുവഴി ജപ്പാനിൽ ഇന്ത്യൻ പ്രൊഫഷണലുകളുടെ തൊഴിലും നിലനിൽപ്പും ഉറപ്പാക്കുക.
c) ജപ്പാൻ എക്സ്ചേഞ്ച് ആൻഡ് ടീച്ചിങ് (JET) പ്രോഗ്രാമിന് കീഴിൽ ഇന്ത്യയിൽ നിന്നുള്ള ഇംഗ്ലീഷ് ഭാഷാ അധ്യാപകരെ ജപ്പാനിൽ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കുക.
(2) വിദ്യാർത്ഥികളും ഗവേഷകരും:
അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെയും ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും ജപ്പാനിലേക്കുള്ള ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനായി:
a) ജപ്പാനിലെ MEXT (വിദ്യാഭ്യാസ, സാംസ്‌കാരിക, കായിക, ശാസ്ത്ര, സാങ്കേതിക മന്ത്രാലയം) യും ഇന്ത്യയിലെ വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള ഉന്നതതല വിദ്യാഭ്യാസ നയ ചർച്ചയ്ക്ക് ഊന്നൽ നൽകുക. ഇന്ത്യയും ജപ്പാനും തമ്മിലുള്ള വിദ്യാർത്ഥി കൈമാറ്റം പ്രോത്സാഹിപ്പിക്കാനും പഠനശേഷം ഇന്ത്യൻ പ്രതിഭകൾക്ക് ജപ്പാനിൽ ഇന്റേൺഷിപ്പും ജോലിയും ലഭിക്കുന്നതിന് വഴിയൊരുക്കാനും ഇത് സഹായിക്കും.
b) ഇന്ത്യയിലെ പങ്കാളി സർവകലാശാലകളുമായി ചേർന്ന് ഗുണനിലവാരം ഉറപ്പാക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥി കൈമാറ്റ പരിപാടികൾ വികസിപ്പിക്കുന്നതിനും നടത്തുന്നതിനും ജാപ്പനീസ് സർവകലാശാലകളെ പിന്തുണയ്ക്കുന്ന MEXT ന്റെ ഇന്റർ-യൂണിവേഴ്സിറ്റി എക്സ്ചേഞ്ച് പദ്ധതി പ്രോത്സാഹിപ്പിക്കുക.
c) ജപ്പാൻ സയൻസ് & ടെക്നോളജി ഏജൻസിയുടെ (JST) സകുറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിന് കീഴിൽ വനിതാ ഗവേഷകരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും വർഷംതോറുമുള്ള ജപ്പാൻ സന്ദർശനങ്ങൾ.
d) ജപ്പാനിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാപ്പനീസ് ഗവണ്മെന്റ് (MEXT) സ്കോളർഷിപ്പിലൂടെ തുടർച്ചയായ പിന്തുണ നൽകുക.
e) ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ദീർഘകാല പ്രതിഭാ കൈമാറ്റത്തിന് ഉത്തേജകമായി, ജപ്പാൻ വിദേശകാര്യ മന്ത്രാലയം പുതുതായി ആരംഭിച്ച MIRAI-Setu പ്രോഗ്രാമിന് കീഴിൽ ഇന്ത്യൻ സർവകലാശാലാ വിദ്യാർത്ഥികളെയും ബിരുദാനന്തര വിദ്യാർത്ഥികളെയും ജാപ്പനീസ് കമ്പനികളിൽ ഒരു മാസത്തെ ഇന്റേൺഷിപ്പ് പരിശീലനത്തിനായി ക്ഷണിക്കുക.
f) ഇന്ത്യൻ, ജാപ്പനീസ് മന്ത്രാലയങ്ങളോ ഏജൻസികളോ നടത്തുന്ന ഇന്റർനാഷണൽ യൂത്ത് സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിന് കീഴിൽ ഹൈസ്കൂൾ വിദ്യാർത്ഥികളെ ശാസ്ത്ര-സാങ്കേതിക മേഖലകളിലെ ഹ്രസ്വകാല കൈമാറ്റങ്ങൾക്കായി ജാപ്പനീസ് സ്ഥാപനങ്ങളിലേക്ക് നേരിട്ട് ക്ഷണിക്കുക. ഇത് ദീർഘകാല ശാസ്ത്ര-പ്രതിഭാ കൈമാറ്റത്തിന് ഉത്തേജകമാകും.
g) ജപ്പാനിലെ MEXT യുവ ഗവേഷകർക്കായി, ബിരുദാനന്തര വിദ്യാർത്ഥികൾ ഉൾപ്പെടെ, പുതുതായി അവതരിപ്പിച്ച LOTUS (ഇന്ത്യ-ജപ്പാൻ സർക്കുലേഷൻ ഓഫ് ടാലന്റഡ് യൂത്ത്സ് ഇൻ സയൻസ് പ്രോഗ്രാം) പ്രോഗ്രാം പ്രോത്സാഹിപ്പിക്കുക. ഇത് അത്യാധുനിക മേഖലകളിൽ ഇന്ത്യൻ, ജാപ്പനീസ് സർവകലാശാലകൾ തമ്മിലുള്ള സംയുക്ത ഗവേഷണം പ്രോത്സാഹിപ്പിക്കും. കൂടാതെ, ഈ പ്രോഗ്രാമിലുള്ള ഗവേഷകരെ ജാപ്പനീസ് കമ്പനികളുമായി ഇന്റേൺഷിപ്പുകളിലൂടെ ബന്ധപ്പെടുത്താൻ METI (സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രാലയം) സഹായിക്കും. ഇത് വ്യവസായ-അക്കാദമിക് സഹകരണം കൂടുതൽ ശക്തിപ്പെടുത്തും.
(3) സ്പെസിഫൈഡ് സ്കിൽഡ് വർക്കർ (SSW) സംവിധാനം / ടെക്നിക്കൽ ഇന്റേൺ ട്രെയിനിംഗ് പ്രോഗ്രാം (TITP):
ജപ്പാന്റെ SSW സംവിധാനത്തിന് കീഴിൽ അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഒഴുക്ക് വർദ്ധിപ്പിക്കുക. ഇതിനായി ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യും:
a) SSW ടെസ്റ്റിനായുള്ള 16 വിഭാഗങ്ങളും ഇന്ത്യയിൽ ലഭ്യമാക്കാൻ ശ്രമിക്കുക.
b) ഇന്ത്യയിലെ വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്കുകിഴക്കൻ മേഖലകളിൽ നൈപുണ്യ പരീക്ഷകൾക്കും ജാപ്പനീസ് ഭാഷാ പരീക്ഷകൾക്കുമായി പുതിയ പരീക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ശ്രമം.
c) ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) പ്രവാസി കൗശൽ വികാസ് യോജന പരിപാടിയിലൂടെ SSW യോഗ്യതയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വിദേശത്തേക്ക് പോകുന്നതിനുമുമ്പ് അനുബന്ധ തൊഴിൽ ഭാഷാ പരിശീലനം നൽകുക.
d) ഇന്ത്യയുടെ ഇ-മൈഗ്രേറ്റ് പോർട്ടലിൽ ജപ്പാനെ ഒരു ലക്ഷ്യസ്ഥാന രാജ്യമായി ഉൾപ്പെടുത്തുക. കൂടാതെ, ജാപ്പനീസ് തൊഴിലുടമകൾക്ക് സർട്ടിഫൈഡ് ഇന്ത്യൻ ഉദ്യോഗസ്ഥരെ സുരക്ഷിതമായും നിയമപരമായും ക്രമമായും നിയമിക്കുന്നതിനായി ഇന്ത്യയുടെ നാഷണൽ കരിയർ സർവീസ് പ്ലാറ്റ്‌ഫോമിൽ, പ്രത്യേക ഇന്ത്യ-ജപ്പാൻ ഇടനാഴി ആരംഭിക്കുക.
e) TITP, അതുപോലെ ഭാവിയിൽ തുടങ്ങാൻ സാധ്യതയുള്ള എംപ്ലോയ്‌മെന്റ് ഫോർ സ്കിൽ ഡെവലപ്‌മെന്റ് (ESD) പ്രോഗ്രാം എന്നിവയിലൂടെ നൈപുണ്യമുള്ള ഇന്ത്യക്കാരെ ജപ്പാനിലേക്ക് ആകർഷിക്കുക.
(4) നൈപുണ്യ വികസനം:
ഇന്ത്യയിലെ നൈപുണ്യ നിലവാരം ഉയർത്തുന്നതിനും ജപ്പാനിൽ തൊഴിലെടുക്കാൻ സജ്ജരായ ഒരു തൊഴിൽ സേനയെ വലിയ തോതിൽ പരിപോഷിപ്പിക്കുന്നതിനും ജപ്പാന്റെ മാനേജീരിയൽ, വ്യാവസായിക, ഉത്പാദന വൈദഗ്ധ്യം പ്രയോജനപ്പെടുത്തുക. ഇതിനായി ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യും:
a) ഇന്ത്യ-നിപ്പോൺ പ്രോഗ്രാം ഫോർ അപ്ലൈഡ് കോംപിറ്റൻസി ട്രെയിനിംഗ് (INPACT) പോലുള്ള സംരംഭങ്ങൾക്ക് കീഴിൽ, ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ കോഴ്സുകൾക്കും തൊഴിൽ പരിശീലന പരിപാടികൾക്കും, അതുപോലെ ജപ്പാനിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നൽകുന്ന പരിശീലനത്തിനും സബ്സിഡി നൽകുക.
b) പുതുതായി ആരംഭിച്ച "ഇന്ത്യ-ജപ്പാൻ ടാലന്റ് ബ്രിഡ്ജ്" പ്രോഗ്രാം, മറ്റ് പദ്ധതികൾ എന്നിവയിലൂടെ ഇന്ത്യൻ വിദ്യാർത്ഥികൾക്കും അർദ്ധ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കും ഇന്റേൺഷിപ്പ് പ്രോഗ്രാമുകളും തൊഴിൽ മേളകളും പ്രോത്സാഹിപ്പിക്കുക.
c) നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി (NSDC) സഹകരിച്ച് അതാത് സംസ്ഥാനങ്ങളിലുള്ളവർക്ക് പരിശീലനത്തിനും നിയമനത്തിനും ഇന്ത്യൻ സംസ്ഥാന ഗവൺമെന്റുകൾ പിന്തുണ നൽകുക.
d) പരമ്പരാഗതമായ ആരോഗ്യ പരിചരണത്തെക്കുറിച്ച്, പ്രത്യേകിച്ച് വയോജന പരിചരണ മേഖലയിൽ, അവബോധം വളർത്തുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനും, ഇന്ത്യൻ എംബസിയുടെ ആയുഷ് സെല്ലിന്റെയും ഇന്ത്യയിലെ ആയുഷ് മന്ത്രാലയത്തിന്റെയും മേൽനോട്ടത്തിൽ ജപ്പാനിലുടനീളം യോഗയ്ക്കും ആയുർവേദത്തിനും വേണ്ടിയുള്ള മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുക.
(5) ഭാഷാ ശേഷി വികസനം:
നൈപുണ്യ മേഖലകൾക്ക് അനിവാര്യമായ ജാപ്പനീസ് ഭാഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക. ഇതിനായി ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യും:
a) ഗവണ്മെന്റ് ഉദ്യമങ്ങളിലൂടെയും സ്വകാര്യ മേഖലയുടെ ശ്രമങ്ങളിലൂടെയും ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രായോഗിക ജാപ്പനീസ് ഭാഷാ പഠനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുക.
b) ജാപ്പനീസ് കമ്പനികൾ നൽകുന്ന ഭാഷാ പരിശീലനച്ചെലവിലേക്ക് സബ്സിഡി നൽകുക.
c) ജാപ്പനീസ് ഭാഷാ അധ്യാപകർക്കുള്ള പരിശീലന അവസരങ്ങൾ വിപുലീകരിക്കുകയും, ജാപ്പനീസ് ഭാഷാ വിദ്യാഭ്യാസ വിദഗ്ധരെ അയച്ച് ഫലപ്രദമായ പാഠ്യപദ്ധതികളും പഠന സാമഗ്രികളും രൂപകൽപ്പന ചെയ്യാൻ പിന്തുണ നൽകുകയും ചെയ്യുക.
d) NIHONGO പാർട്ണർസ് പ്രോഗ്രാം (ദീർഘകാല) ഇന്ത്യയിൽ ആരംഭിക്കുക. അതുവഴി ജാപ്പനീസ് പൗരന്മാരെ ഇന്ത്യയിലെ സെക്കൻഡറി സ്കൂളുകളിലേക്ക് അയച്ച് പ്രാദേശിക ജാപ്പനീസ് ഭാഷാ അധ്യാപകരെയും വിദ്യാർത്ഥികളെയും പിന്തുണയ്ക്കുക.
e) ജപ്പാൻ ഫൗണ്ടേഷൻ ഇന്ത്യയിൽ നടത്തുന്ന 360 മണിക്കൂർ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്സ്, വ്യവസായത്തിന്റെയും നൈപുണ്യ തൊഴിലാളികളുടെയും ആവശ്യങ്ങൾക്കനുസരിച്ച് വിപുലീകരിക്കുന്നതും പുനഃക്രമീകരിക്കുന്നതും പരിഗണിക്കുക.
f) ജാപ്പനീസ് ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റിനും (JLPT) ജപ്പാൻ ഫൗണ്ടേഷൻ ടെസ്റ്റ് ഫോർ ബേസിക് ജാപ്പനീസിനും (JFT-Basic) ഉള്ള ആവശ്യകതകൾക്കനുസരിച്ച് ഇന്ത്യയിലെ ജാപ്പനീസ് ഭാഷാ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണവും ശേഷിയും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുക.
(6) അവബോധം, പിന്തുണ, ഏകോപനം എന്നിവ വർദ്ധിപ്പിക്കുക:
ഈ കൈമാറ്റങ്ങൾക്ക് അടുത്ത അഞ്ച് വർഷത്തിനപ്പുറവും സ്വയം നിലനിൽക്കാനുള്ള അടിത്തറ സൃഷ്ടിക്കുന്നതിനായി ഇനിപ്പറയുന്ന പ്രവർത്തനങ്ങളിലൂടെ അവബോധം വളർത്താൻ പങ്കാളികൾ സജീവമായി പ്രവർത്തിക്കും.
a) നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (MSDE), NSDC, മറ്റ് പങ്കാളികൾ എന്നിവർ സർവകലാശാലകളിൽ തൊഴിൽ മേളകൾ, ടാർഗെറ്റഡ് പരസ്യ പ്രചാരണങ്ങൾ, സമൂഹ മാധ്യമ പ്രചാരണങ്ങൾ എന്നിവയിലൂടെ ജപ്പാനിലെ തൊഴിലവസരങ്ങളെക്കുറിച്ചും ജാപ്പനീസ് ഭാഷാ വിദ്യാഭ്യാസത്തെക്കുറിച്ചും പരിപാടികൾ സംഘടിപ്പിക്കുക.
b) ജപ്പാനിലെ പ്രിഫെക്ചറുകളിൽ, NSDC യുടെ ആഭിമുഖ്യത്തിൽ തൊഴിലുടമ-തൊഴിലാളി മാച്ച്-മേക്കിംഗ് സെമിനാറുകൾ സംഘടിപ്പിക്കുക.
c) ജാപ്പനീസ് ഗവണ്മെന്റിന്റെ പിന്തുണയോടെ ഇന്ത്യൻ ദൗത്യങ്ങളിലും, തസ്തികകളിലും പുതുതായി എത്തുന്നവർക്ക് സഹായം, ബോധവൽക്കരണ ശില്പശാലകൾ, പരാതി പരിഹാരം എന്നിവ ലഭ്യമാക്കുക.
d) ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിവിധ മേഖലകളിലെ തൊഴിൽ ചലനാത്മകത പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രസക്തമായ വിവരങ്ങൾ ഏകീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഒരു വെബ്സൈറ്റ് സൃഷ്ടിക്കുക.
e) ഇന്ത്യൻ സംസ്ഥാനങ്ങളിലെ നൈപുണ്യ സംരംഭങ്ങൾ ജപ്പാനിലെ പ്രിഫെക്ചറുകളിലെ കമ്പനികളുടെ റിക്രൂട്ട്‌മെന്റ് ഡ്രൈവുകളുമായി ബന്ധപ്പെടുത്തി സ്റ്റേറ്റ്-പ്രിഫെക്ചർ പങ്കാളിത്തങ്ങളിലൂടെ മനുഷ്യവിഭവശേഷിയും പ്രതിഭകളും കൈമാറ്റം ചെയ്യുക.
f) ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യക്തിവിഭവ വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറുന്നതിനായി മനുഷ്യവിഭവശേഷി കൈമാറ്റ സിംപോസിയം സംഘടിപ്പിക്കുക.
(7) നടപ്പാക്കലും തുടർനടപടികളും:
മേൽപ്പറഞ്ഞ കർമ്മപദ്ധതി നടപ്പാക്കുന്നതിനുള്ള ചുമതല ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിനും ജപ്പാന്റെ വിദേശകാര്യ മന്ത്രാലയത്തിനുമായിരിക്കും. ഇതിനായി എല്ലാ വർഷവും ജോയിന്റ് സെക്രട്ടറി/ഡയറക്ടർ ജനറൽ തലത്തിൽ കൂടിയാലോചനകൾ നടത്തും. ഇരു രാജ്യങ്ങൾക്കുമിടയിൽ മനുഷ്യവിഭവശേഷി കൈമാറ്റവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ കൂടുതൽ നടപടികൾ അവർ ആരായുകയും ചെയ്യും. വിദ്യാഭ്യാസം, നൈപുണ്യം, ശാസ്ത്ര-സാങ്കേതിക വിദ്യ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ എന്നിവയിലെ നിലവിലുള്ള ചർച്ചാ സംവിധാനങ്ങളും ഈ ശ്രമങ്ങൾക്കായി ഉപയോഗപ്പെടുത്തും.
-NK-
(Release ID: 2162133)
Visitor Counter : 147
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada