സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
കർണാടക, തെലങ്കാന, ബിഹാർ, അസം എന്നീ സംസ്ഥാനങ്ങൾക്കു ഗുണകരമായ മൂന്നു പദ്ധതികളുടെ മൾട്ടി-ട്രാക്കിങ്, ഗുജറാത്തിലെ കച്ഛിലെ വിദൂരമേഖലകളെ കൂട്ടിയിണക്കുന്നതിനുള്ള പുതിയ റെയിൽപ്പാത എന്നിവയ്ക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
യാത്രക്കാർക്കും ചരക്കുകൾക്കും തീരുമാനം പ്രയോജനം ചെയ്യും; കച്ഛിലെ പുതിയ റെയിൽപ്പാത അതിർത്തിയിലുള്ള റൻ ഓഫ് കച്ഛ്, ഹാരപ്പൻ മേഖലയായ ധോലാവീര, കോടേശ്വർ ക്ഷേത്രം, നാരായൺ സരോവർ, ലഖ്പത് കോട്ട എന്നിവയെ കൂട്ടിയിണക്കി വിനോദസഞ്ചാരത്തിനു പ്രയോജനമേകും
കൽക്കരി, സിമന്റ്, ക്ലിങ്കർ, ഫ്ലൈ-ആഷ്, സ്റ്റീൽ, കണ്ടെയ്നറുകൾ, വളങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ഗതാഗതത്തിന് ഉണർവേകാൻ നിലവിലുള്ള ശൃംഖലയിലേക്കു റെയിൽവേ 565 റൂട്ട് കിലോമീറ്റർ കൂട്ടിച്ചേർക്കും
Posted On:
27 AUG 2025 4:50PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം റെയിൽവേ മന്ത്രാലയത്തിന്റെ 12,328 കോടി രൂപ (ഏകദേശം) ചെലവുവരുന്ന നാലു പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതികൾ ഇനി പറയുന്നു:-
(1) ദേശൽപർ - ഹാജിപീർ - ലൂന, വായോർ - ലഖ്പത് പുതിയ പാത
(2) സെക്കന്തരാബാദ് (സനത്‌നഗർ) - വാഡി മൂന്നും നാലും പാത
(3) ഭാഗൽപുർ - ജമാൽപുർ മൂന്നാം പാത
(4) ഫർക്കാറ്റിങ് – ന്യൂ തിൻസുകിയ ഇരട്ടിപ്പിക്കൽ
മേൽപ്പറഞ്ഞ പദ്ധതികൾ യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമവും വേഗത്തിലുള്ളതുമായ ഗതാഗതം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നവയാണ്. ഈ സംരംഭങ്ങൾ സമ്പർക്കസൗകര്യമൊരുക്കുകയും ചരക്കുനീക്കച്ചെലവു കുറയ്ക്കുകയും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുകയും ചെയ്യും. ഒപ്പം യാത്രാസൗകര്യവും മെച്ചപ്പെടുത്തും. കൂടാതെ, ഈ പദ്ധതികൾ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കും. അതുവഴി സുസ്ഥിരവും കാര്യക്ഷമവുമായ റെയിൽ പ്രവർത്തനങ്ങളെ പിന്തുണയ്ക്കും. പദ്ധതികൾ നിർമാണവേളയിൽ നേരിട്ടുള്ള ഏകദേശം 251 ലക്ഷം വ്യക്തി-ദിന തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
നിർദിഷ്ട പുതിയ പാത കച്ഛ് മേഖലയിലെ വിദൂരപ്രദേശങ്ങളിലേക്കു സഞ്ചാരസൗകര്യമൊരുക്കും. ഗുജറാത്തിലെ നിലവിലുള്ള റെയിൽവേ ശൃംഖലയിലേക്ക് 145 റൂട്ട് കിലോമീറ്ററും 164 ട്രാക്ക് കിലോമീറ്ററും കൂട്ടിച്ചേർക്കാൻ ഇതു സഹായിക്കും. ഏകദേശം 2526 കോടി രൂപയാണു പദ്ധതിക്കു ചെലവു കണക്കാക്കുന്നത്. പദ്ധതി പൂർത്തിയാക്കാൻ മൂന്നുവർഷം വേണ്ടിവരും. ഗുജറാത്ത് സംസ്ഥാനത്തെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, ഉപ്പ്, സിമന്റ്, കൽക്കരി, ക്ലിങ്കർ, ബെന്റോണൈറ്റ് എന്നിവയുടെ ഗതാഗതത്തിനും പുതിയ റെയിൽപ്പാത സഹായിക്കും. റൻ ഓഫ് കച്ഛിലേക്കു സഞ്ചാരസൗകര്യമൊരുക്കുമെന്നതാണു പദ്ധതിയുടെ തന്ത്രപരമായ പ്രാധാന്യം. ഹാരപ്പൻ പ്രദേശമായ ധോലാവീര, കോടേശ്വർ ക്ഷേത്രം, നാരായൺ സരോവർ, ലഖ്പത് കോട്ട എന്നിവയും റെയിൽ ശൃംഖലയുടെ ഭാഗമാകും. 13 പുതിയ റെയിൽവേ സ്റ്റേഷനുകൾ കൂട്ടിച്ചേർക്കുന്നതിലൂടെ 866 ഗ്രാമങ്ങൾക്കും ഏകദേശം 16 ലക്ഷം ജനങ്ങൾക്കും പ്രയോജനപ്പെടും.
സമ്പർക്കസൗകര്യത്തിനു വലിയ ഉണർവു പകരുന്ന അംഗീകൃത മൾട്ടി-ട്രാക്കിങ് പദ്ധതികൾ, ഏകദേശം 3108 ഗ്രാമങ്ങൾക്കും ഏകദേശം 47.34 ലക്ഷം ജനങ്ങൾക്കും ഗുണകരമാകും. വികസനം കാംക്ഷിക്കുന്ന ജില്ലയായ കലബുരഗിയിലേക്കും ഇതു സഞ്ചാരസൗകര്യമൊരുക്കും. ഇതു കർണാടക, തെലങ്കാന, ബിഹാർ, അസം എന്നീ സംസ്ഥാനങ്ങൾക്കു പ്രയോജനപ്പെടും. കർണാടക, തെലങ്കാന എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 173 കിലോമീറ്റർ നീളമുള്ള സെക്കന്തരാബാദ് (സനത്‌നഗർ) - വാഡി 3, 4 പാതകളുടെ പൂർത്തീകരണ സമയപരിധി അഞ്ചുവർഷമാണ്. ഏകദേശം 5012 കോടി രൂപയാണു പദ്ധതിയുടെ ചെലവ്. ബിഹാറിലെ 53 കിലോമീറ്റർ നീളമുള്ള ഭാഗൽപുർ - ജമാൽപുർ മൂന്നാം പാത മൂന്നുവർഷത്തിൽ പൂർത്തിയാകും. 1156 കോടി രൂപ ചെലവുവരും. 194 കിലോമീറ്റർ നീളമുള്ള ഫർക്കാറ്റിങ് - ന്യൂ തിൻസുകിയ പാത ഇരട്ടിപ്പിക്കലിന്റെ ചെലവ് 3634 കോടി രൂപയാണ്. നാലു വർഷത്തിനുള്ളിൽ പൂർത്തിയാകും.
പാതാശേഷി വർധിപ്പിച്ചതു ചലനക്ഷമതയ്ക്കു വലിയ ഉത്തേജനമേകുകയും ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനകാര്യക്ഷമതയും സേവനവിശ്വാസ്യതയും മെച്ചപ്പെടുത്തുകയും ചെയ്യും. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും തിരക്കു കുറയ്ക്കുന്നതിനും ഈ മൾട്ടി-ട്രാക്കിങ് നിർദേശങ്ങൾ നിർണായകമാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘പുതിയ ഇന്ത്യ’ എന്ന കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതാണ് ഈ പദ്ധതികൾ ഇതു മേഖലയിലെ ജനങ്ങളെ സമഗ്രമായ വികസനത്തിലൂടെ സ്വയംപര്യാപ്തരാക്കും. അവരുടെ തൊഴിൽ/സ്വയം തൊഴിൽ അവസരങ്ങൾ വർധിപ്പിക്കും.
പിഎം-ഗതി ശക്തി ദേശീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സംയോജിത ആസൂത്രണത്തിലൂടെയും പങ്കാളികളുടെ കൂടിയാലോചനകളിലൂടെയും ബഹുതല സമ്പർക്കസൗകര്യവും ചരക്കുനീക്ക കാര്യക്ഷമതയും വർധിപ്പിക്കുന്നതിലാണു പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഗുജറാത്ത്, കർണാടക, തെലങ്കാന, ബിഹാർ, അസം എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളെ ഉൾക്കൊള്ളുന്ന നാലു പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയിൽ ഏകദേശം 565 കിലോമീറ്റർ കൂട്ടിച്ചേർക്കും.
കൽക്കരി, സിമന്റ്, ക്ലിങ്കർ, ഫ്ലൈ ആഷ്, സ്റ്റീൽ, കണ്ടെയ്നറുകൾ, വളങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിൽ നിർണായകമായ പാതകളാണിവ. ശേഷി വർധിപ്പിക്കൽ പ്രവർത്തനങ്ങൾ 68 MTPA (പ്രതിവർഷം ദശലക്ഷം ടൺ) അധിക ചരക്കുനീക്കത്തിനു കാരണമാകും. പരിസ്ഥിതിസൗഹൃദപരവും ഊർജക്ഷമതയുള്ളതുമായ ഗതാഗത മാർഗമായ റെയിൽവേ, കാലാവസ്ഥാലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ചരക്കുനീക്കച്ചെലവു കുറയ്ക്കുന്നതിനും സഹായകമാകും. ഇതുവഴി എണ്ണ ഇറക്കുമതി (56 കോടി ലിറ്റർ) കുറയ്ക്കുന്നതിനും 14 കോടി മരങ്ങൾ നടുന്നതിനു തുല്യമായ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ (360 കോടി കിലോഗ്രാം) കുറയ്ക്കുന്നതിനും സഹായിക്കും.
കൽക്കരി, കണ്ടെയ്നറുകൾ, സിമന്റ്, കാർഷിക ഉൽപ്പന്നങ്ങൾ, ഓട്ടോമൊബൈൽ, പിഒഎൽ, ഇരുമ്പും ഉരുക്കും, മറ്റു വസ്തുക്കൾ എന്നിവയുടെ ഗതാഗതത്തിനുള്ള നിർണായക പാതകളിലെ ലൈൻശേഷി വർധിപ്പിച്ച്, ചരക്കുനീക്ക കാര്യക്ഷമത വർധിപ്പിക്കുക എന്നതാണു നിർദിഷ്ട പദ്ധതികളുടെ ലക്ഷ്യം. ഈ പുരോഗതി, വിതരണശൃംഖലകൾ കൂടുതൽ കാര്യക്ഷമമാക്കും. അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വേഗത്തിലാക്കുന്നതിനു സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു.
-SK-
(Release ID: 2161288)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada