പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബീഹാറിലെ ഗയാജിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

Posted On: 22 AUG 2025 3:20PM by PIB Thiruvananthpuram

അറിവിന്റെയും വിമോചനത്തിന്റെയും ലോകപ്രശസ്ത പുണ്യനഗരമായ ഗയ ജിയെ നമ്മൾ  വണങ്ങുന്നു.

വിഷ്ണുപാദ ക്ഷേത്രത്തിന്റെ മഹത്തായ ഭൂമിയിൽ, നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു.

ബഹുമാനപ്പെട്ട ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജി; ജനപ്രിയ മുഖ്യമന്ത്രി നിതീഷ് കുമാർ ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ജിതൻ റാം മാഞ്ചി ജി, രാജീവ് രഞ്ജൻ സിംഗ്, ചിരാഗ് പാസ്വാൻ ജി, രാം നാഥ് താക്കൂർ ജി, നിത്യാനന്ദ് റായ് ജി, സതീഷ് ചന്ദ്ര ദുബെ ജി, രാജ് ഭൂഷൺ ചൗധരി ജി; ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി ജി, വിജയ് കുമാർ സിൻഹ ജി; ബീഹാർ സർക്കാരിന്റെ മന്ത്രിമാർ; എന്റെ സഹ പാർലമെന്റേറിയൻ ഉപേന്ദ്ര കുശ്വാഹ ജി; മറ്റ് എംപിമാർ; ബീഹാറിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!

ഗയാ ജിയുടെ ഈ ഭൂമി ആത്മീയതയുടെയും സമാധാനത്തിന്റെയും നാടാണ്. ഭഗവാൻ ബുദ്ധൻ പ്രബുദ്ധത നേടിയ പുണ്യഭൂമിയാണിത്. ഗയാ ജിയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം വളരെ പുരാതനവും അതിസമ്പന്നവുമാണ്. ഈ നഗരത്തെ ഗയ എന്ന് മാത്രമല്ല, ഗയാ ജി എന്നും വിളിക്കണമെന്ന് ഇവിടുത്തെ ആളുകൾ ആഗ്രഹിച്ചിരുന്നു. ഈ തീരുമാനത്തിന് ബീഹാർ സർക്കാരിനെ ഞാൻ അഭിനന്ദിക്കുന്നു. ഗയാ ജിയുടെ ദ്രുതഗതിയിലുള്ള വികസനത്തിനായി ബീഹാറിലെ ഇരട്ട എഞ്ചിൻ സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

സഹോദരീ സഹോദരന്മാരേ,

ഇന്നും ഗയ ജിയുടെ പുണ്യഭൂമിയിൽ നിന്ന് 12,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുകയോ അവയുടെ  തറക്കല്ലിടൽ നടത്തപ്പെടുകയോ  ചെയ്തിട്ടുണ്ട്. ഊർജ്ജം, ആരോഗ്യ സംരക്ഷണം, നഗരവികസനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രധാന പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ഇവ ബീഹാറിന്റെ വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ പദ്ധതികൾക്ക് ഞാൻ ബീഹാറിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. ബീഹാറിൽ മികച്ച ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾക്കായി ഒരു പുതിയ ആശുപത്രിയും ഗവേഷണ കേന്ദ്രവും ഇന്ന് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇപ്പോൾ, ബീഹാറിലെ ജനങ്ങൾക്ക് കാൻസർ ചികിത്സയ്ക്കായി മറ്റൊരു സൗകര്യം ലഭിക്കും.

സുഹൃത്തുക്കളേ,

ദരിദ്രരുടെ ജീവിതം സുഗമമാക്കുക, സ്ത്രീകളുടെ ജീവിതം ലളിതമാക്കുക - ജനങ്ങളുടെ സേവകൻ എന്ന നിലയിൽ എനിക്ക് ഏറ്റവും വലിയ സംതൃപ്തി ലഭിക്കുന്നത് ഇവിടെയാണ്. ദരിദ്രർക്ക് സ്ഥിരമായ ഒരു വീട് നൽകുന്നത് പോലെ...

സുഹൃത്തുക്കളേ,

എനിക്ക് ഒരു പ്രധാന ദൃഢനിശ്ചയമുണ്ട്. ഓരോ ദരിദ്രനും സ്വന്തമായി ഒരു സ്ഥിരമായ വീട് ഉണ്ടാകുന്നതുവരെ മോദി സമാധാനത്തോടെ ഇരിക്കില്ല. ഈ ദർശനത്തോടെ, കഴിഞ്ഞ 11 വർഷത്തിനിടെ 4 കോടിയിലധികം വീടുകൾ നിർമ്മിച്ച് ദരിദ്രർക്ക് കൈമാറി. ബീഹാറിൽ മാത്രം 38 ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ചു. ഗയ ജില്ലയിലും 2 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് സ്ഥിരമായ വീടുകൾ ലഭിച്ചു. ഞങ്ങൾ വീടുകൾ നൽകിയത്  വെറും  നാല് മതിലുകൾ മാത്രം ഉള്ളവയല്ല, ദരിദ്രർക്ക് വീടുകൾക്കൊപ്പം അവരുടെ അന്തസ്സും  ഞങ്ങൾ നൽകിയിട്ടുണ്ട്. വൈദ്യുതി, വെള്ളം, ടോയ്‌ലറ്റുകൾ, ഗ്യാസ് കണക്ഷനുകൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഈ വീടുകൾ വരുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദരിദ്ര കുടുംബങ്ങൾക്ക് ഇപ്പോൾ സൗകര്യത്തോടെയും സുരക്ഷയോടെയും ബഹുമാനത്തോടെയും ജീവിക്കാനുള്ള ഉറപ്പ് ലഭിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, ഈ ശ്രമം തുടരുന്നതിലൂടെ, ബീഹാറിലെ മഗധ് മേഖലയിൽ നിന്നുള്ള 16,000-ത്തിലധികം കുടുംബങ്ങൾക്ക് സ്ഥിരമായ വീടുകൾ ലഭിച്ചു. അതായത്, ഈ വർഷം ദീപാവലിയുടെയും ഛഠ് പൂജയുടെയും ആഘോഷങ്ങൾ ഈ കുടുംബങ്ങൾക്ക് കൂടുതൽ തിളക്കമാർന്നതായിരിക്കും. വീടുകൾ ലഭിച്ച എല്ലാ ഗുണഭോക്തൃ കുടുംബങ്ങളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. കൂടാതെ,പ്രധാനമന്ത്രി ആവാസ് യോജനയിൽ നിന്ന് ഇതുവരെ പ്രയോജനം ലഭിക്കാത്തവർക്ക്, ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു - ഓരോ ദരിദ്രനും സ്വന്തമായി ഒരു സ്ഥിരമായ വീട് ലഭിക്കുന്നതുവരെ ഭവന നിർമ്മാണത്തിനായുള്ള പ്രചാരണം തുടരും.

സുഹൃത്തുക്കളേ,

ബീഹാർ ചന്ദ്രഗുപ്ത മൗര്യന്റെയും ചാണക്യന്റെയും നാടാണ്. ഭാരതത്തെ ശത്രുക്കൾ വെല്ലുവിളിച്ചപ്പോഴെല്ലാം, ബീഹാർ രാജ്യത്തിന്റെ കവചമായി നിലകൊണ്ടിട്ടുണ്ട്. ഈ മണ്ണിൽ എടുക്കുന്ന ഓരോ ദൃഢനിശ്ചയവും ഈ മണ്ണിന്റെ ശക്തി വഹിക്കുന്നു, ഇവിടെ എടുക്കുന്ന ഓരോ ദൃഢനിശ്ചയവും ഒരിക്കലും പാഴാകില്ല.

അതുകൊണ്ടാണ് സഹോദരീ സഹോദരന്മാരേ,

കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നപ്പോൾ, നമ്മുടെ നിരപരാധികളായ പൗരന്മാർ അവരുടെ മതത്തെക്കുറിച്ച് ചോദിച്ചതിന് ശേഷം കൊല്ലപ്പെട്ടപ്പോൾ,ഉത്തരവാദികളായ  തീവ്രവാദികളെ  പൊടിയാക്കി മാറ്റുമെന്ന് ഞാൻ പ്രഖ്യാപിച്ചത് ഈ ബീഹാർ ദേശത്തുനിന്നാണ്. ഇന്ന്, ഈ ബീഹാർ ദേശത്ത് നിന്ന് എടുത്ത ദൃഢനിശ്ചയം പൂർത്തീകരിക്കപ്പെട്ടതായി ലോകം സാക്ഷ്യം വഹിക്കുന്നു. നിങ്ങൾക്ക് ഓർമ്മയുണ്ടാകും - ആ സമയത്ത് പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും  നമുക്ക് നേരെ മിസൈലുകൾ തൊടുത്തുവിടുകയും ചെയ്തു, അതേസമയം ഭാരതം ആ പാകിസ്ഥാൻ മിസൈലുകളെ വൈക്കോൽ പോലെ വായുവിൽ തകർത്തു. പാകിസ്ഥാനിൽ നിന്നുള്ള ഒരു മിസൈലിനും നമ്മെ ഉപദ്രവിക്കാൻ കഴിഞ്ഞില്ല.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ പ്രതിരോധ നയത്തിൽ ഓപ്പറേഷൻ സിന്ദൂർ പുതിയൊരു രേഖ വരച്ചിരിക്കുന്നു. ഇപ്പോൾ, ആർക്കും ഭീകരരെ ഭാരതത്തിലേക്ക് അയച്ച് ആക്രമണം നടത്തി രക്ഷപ്പെടാൻ കഴിയില്ല. ഭീകരർ മണ്ണിനടിയിൽ ഒളിക്കാൻ ശ്രമിച്ചാലും, ഭാരതത്തിന്റെ മിസൈലുകൾ അവരെ അവിടെ കുഴിച്ചുമൂടും.

സുഹൃത്തുക്കളേ,

ബിഹാറിന്റെ ദ്രുതഗതിയിലുള്ള വികസനം കേന്ദ്രത്തിലെ എൻ‌ഡി‌എ സർക്കാരിന് വളരെ വലിയ മുൻഗണനയാണ്. അതുകൊണ്ടാണ് ഇന്ന് ബീഹാർ സമഗ്ര വികസനത്തിന്റെ പാതയിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ വർഷങ്ങളിൽ, പഴയ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു, പുരോഗതിയുടെ പുതിയ വഴികൾ സൃഷ്ടിക്കപ്പെട്ടു. "മണ്ണെണ്ണ വിളക്ക് ഭരണ കാലത്ത്"  കാര്യങ്ങൾ എങ്ങനെയായിരുന്നുവെന്ന് ഓർക്കുക. അക്കാലത്ത് ഈ പ്രദേശം ചുവപ്പ് ഭീകരതയുടെ പിടിയിലായിരുന്നു. മാവോയിസ്റ്റുകൾ കാരണം, സൂര്യാസ്തമയത്തിനുശേഷം എവിടെയും സഞ്ചരിക്കാൻ ബുദ്ധിമുട്ടായിരുന്നു. വിളക്ക് ഭരണകാലത്ത് ഗയാ ജി പോലുള്ള നഗരങ്ങൾ ഇരുട്ടിലേക്ക് തള്ളിവിടപ്പെട്ടു . ആയിരക്കണക്കിന് ഗ്രാമങ്ങളിൽ വൈദ്യുതി തൂണുകൾ പോലും ഉണ്ടായിരുന്നില്ല. വിളക്ക് ഭരണം ബീഹാറിന്റെ ഭാവിയെ ഇരുട്ടിലേക്ക് തള്ളിവിട്ടു. വിദ്യാഭ്യാസമോ തൊഴിലോ ഇല്ലായിരുന്നു, അവർ കാരണം തലമുറകളായി ആളുകൾ ബീഹാറിൽ നിന്ന് കുടിയേറാൻ നിർബന്ധിതരായി.

സുഹൃത്തുക്കളേ,

ആർ‌ജെ‌ഡിയും സഖ്യകക്ഷികളും ബീഹാറിലെ ജനങ്ങളെ അവരുടെ വോട്ട് ബാങ്കായി മാത്രമേ കാണുന്നുള്ളൂ. ദരിദ്രരുടെ സന്തോഷങ്ങൾ, ദുഃഖങ്ങൾ, അന്തസ്സ്, ബഹുമാനം എന്നിവയിൽ അവർക്ക് ഒരു ആശങ്കയുമില്ല. ബിഹാറിൽ നിന്നുള്ള ആളുകളെ തന്റെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഒരിക്കൽ ഒരു വേദിയിൽ നിന്ന് പരസ്യമായി പ്രഖ്യാപിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകും. ബിഹാറിലെ ജനങ്ങളോട് കോൺഗ്രസിന് ഇത്രയും ആഴത്തിലുള്ള വെറുപ്പ്, അത്രയും അവഹേളനം - ഇത് ഒരിക്കലും മറക്കാൻ കഴിയില്ല. ബിഹാറിലെ ജനങ്ങളോട് കോൺഗ്രസ് ഇത്രയും മോശമായി പെരുമാറിയതിനുശേഷവും ആർ‌ജെ‌ഡി നേതാക്കൾ ഗാഢനിദ്രയിലായിരുന്നു.

സഹോദരീ സഹോദരന്മാരേ,

കോൺഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും ഈ വിദ്വേഷ പ്രചാരണത്തിന് ബീഹാറിലെ എൻ‌ഡി‌എ സർക്കാർ മറുപടി നൽകുന്നു. ബീഹാറിലെ പുത്രന്മാരും പുത്രിമാരും ഇവിടെ തന്നെ തൊഴിൽ കണ്ടെത്തുകയും, ഇവിടെ തന്നെ അന്തസ്സോടെ ജീവിക്കുകയും, അവരുടെ മാതാപിതാക്കളെ ഇവിടെ തന്നെ പരിപാലിക്കുകയും ചെയ്യണമെന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ ബീഹാറിൽ പ്രധാന പദ്ധതികൾ വരാൻ പോകുന്നു. ഗയാ ജി ജില്ലയിലെ ദോഭിയിൽ, ബീഹാറിലെ ഏറ്റവും വലിയ വ്യാവസായിക മേഖല വികസിച്ചുകൊണ്ടിരിക്കുന്നു. ഗയാ ജിയിൽ ഒരു സാങ്കേതിക കേന്ദ്രവും സ്ഥാപിക്കപ്പെടുന്നു. ഇന്ന് തന്നെ, ബക്സർ താപവൈദ്യുത നിലയം ഉദ്ഘാടനം ചെയ്യപ്പെട്ടു. ഏതാനും മാസങ്ങൾക്ക് മുമ്പ്, ഔറംഗാബാദിലെ നവിനഗർ സൂപ്പർ താപവൈദ്യുത പദ്ധതിക്ക് ഞാൻ തറക്കല്ലിട്ടു. ഭഗൽപൂരിലെ പിർപൈന്തിയിൽ ഒരു പുതിയ താപവൈദ്യുത നിലയവും നിർമ്മിക്കും. ഈ വൈദ്യുത നിലയങ്ങൾ ബീഹാറിൽ വൈദ്യുതി വിതരണം വർദ്ധിപ്പിക്കും. നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ - വൈദ്യുതി ഉൽപാദനം വർദ്ധിക്കുമ്പോൾ എന്ത് സംഭവിക്കും? വീടുകളിൽ വൈദ്യുതി വിതരണം വർദ്ധിക്കുന്നു, വ്യവസായങ്ങൾക്ക് കൂടുതൽ വൈദ്യുതി ലഭിക്കുന്നു, ഇത് തൊഴിൽ സാധ്യതകൾക്കുള്ള  പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.

സുഹൃത്തുക്കളേ,

ബീഹാറിലെ യുവാക്കൾക്ക് സുരക്ഷിതമായ സർക്കാർ ജോലികൾ നൽകുന്നതിനായി നിതീഷ് ജി ഒരു വലിയ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. നിതീഷ് ജി കാരണമാണ് ഇവിടെ അധ്യാപകരുടെ നിയമനം പോലും പൂർണ്ണ സുതാര്യതയോടെ നടപ്പിലാക്കാൻ കഴിഞ്ഞത്.

സുഹൃത്തുക്കളേ,

ബിഹാറിലെ യുവാക്കൾക്ക് പരമാവധി തൊഴിലവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും ജോലി തേടി അന്യ ഇടങ്ങളിലേക്ക്  കുടിയേറാൻ നിർബന്ധിതരാകുന്നില്ലെന്നും ഉറപ്പാക്കാൻ, കേന്ദ്ര സർക്കാരിന്റെ ഒരു പുതിയ പദ്ധതി വലിയ പിന്തുണ നൽകും. കഴിഞ്ഞ ആഴ്ച,  സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 മുതൽ, രാജ്യവ്യാപകമായി പ്രധാനമന്ത്രി വികസിത്  ഭാരത് റോജ്ഗർ യോജന ആരംഭിച്ചു. ഈ പദ്ധതി പ്രകാരം, നമ്മുടെ യുവാക്കൾ സ്വകാര്യ മേഖലയിൽ ആദ്യ ജോലി ഏറ്റെടുക്കുമ്പോൾ, കേന്ദ്ര സർക്കാർ നേരിട്ട് അവർക്ക് 15,000 രൂപ നൽകും. യുവാക്കളെ ജോലിക്കെടുക്കുന്ന സ്വകാര്യ കമ്പനികൾക്ക് സർക്കാരിൽ നിന്ന് അധിക സാമ്പത്തിക സഹായവും ലഭിക്കും. ബീഹാറിലെ എന്റെ യുവ സഹോദരീ സഹോദരന്മാർക്ക് ഈ പദ്ധതിയിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളേ,

കോൺഗ്രസ് ആയാലും ആർജെഡി ആയാലും, അവരുടെ സർക്കാരുകൾക്ക് ജനങ്ങളുടെ പണത്തിന്റെ യഥാർത്ഥ മൂല്യം ഒരിക്കലും മനസ്സിലായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം പൊതുജനങ്ങളുടെ പണം അവരുടെ സ്വന്തം ഖജനാവ് നിറയ്ക്കുക എന്നതായിരുന്നു. അതുകൊണ്ടാണ് കോൺഗ്രസ്-ആർജെഡി സർക്കാരുകളുടെ കാലത്ത്, പദ്ധതികൾ വർഷങ്ങളോളം അപൂർണ്ണമായി തുടരുന്നത്. ഒരു പദ്ധതി എത്രത്തോളം വൈകുന്നുവോ , അവർ കൂടുതൽ പണം പാഴാക്കും. എൻഡിഎ സർക്കാർ ഈ തെറ്റായ സമീപനത്തിന് അറുതി വരുത്തി. ഇപ്പോൾ, ശിലാസ്ഥാപനം നടത്തിയ ശേഷം, നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ ജോലി എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമിക്കുന്നു. ഇന്നത്തെ പരിപാടിയും ഇതിന് ഒരു അത്ഭുതകരമായ ഉദാഹരണമാണ്. ആന്റ-സിമാരിയ ഭാഗത്തിന് തറക്കല്ലിടാനുള്ള പദവി എനിക്ക് ലഭിച്ചു, ഇന്ന്, നിങ്ങളുടെ അനുഗ്രഹങ്ങളോടും സ്നേഹത്തോടും കൂടി, ഈ പാലം ഉദ്ഘാടനം ചെയ്യാനുള്ള അവസരവും  എനിക്ക് ലഭിച്ചു. ഈ പാലം റോഡുകളെ ബന്ധിപ്പിക്കുക മാത്രമല്ല, വടക്കും തെക്കും ബീഹാറിനെ ഒന്നിപ്പിക്കുകയും ചെയ്യും. മുമ്പ് ഗാന്ധി സേതു വഴി 150 കിലോമീറ്റർ വഴിമാറി സഞ്ചരിക്കേണ്ടിയിരുന്ന ഹെവി വാഹനങ്ങൾക്ക് ഇപ്പോൾ നേരിട്ടുള്ള പാത തിരഞ്ഞെടുക്കാം . ഇത് വ്യാപാരം വേഗത്തിലാക്കുകയും വ്യവസായങ്ങളെ ശാക്തീകരിക്കുകയും തീർത്ഥാടകർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുന്നത് എളുപ്പമാക്കുകയും ചെയ്യും. എൻ‌ഡി‌എ സർക്കാർ വികസന പദ്ധതികൾക്ക് അടിത്തറ പാകുമ്പോൾ, അവ തീർച്ചയായും പൂർത്തീകരിക്കപ്പെടും - ഇത് ഉറപ്പാണ്.

സുഹൃത്തുക്കളേ,

എൻ‌ഡി‌എയുടെ ഇരട്ട എഞ്ചിൻ ഗവൺമെന്റ് ഇവിടെ റെയിൽവേ വികസനത്തിനായി വേഗത്തിൽ പ്രവർത്തിക്കുന്നു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം ഗയാ ജി റെയിൽവേ സ്റ്റേഷൻ നവീകരിച്ചുവരികയാണ്. വിമാനത്താവളത്തിലേതിന് സമാനമായ സൗകര്യങ്ങൾ യാത്രക്കാർക്ക് ഇത് നൽകും. ഇന്ന്, രാജധാനി, ജനശതാബ്ദി, തദ്ദേശീയമായി നിർമ്മിച്ച വന്ദേ ഭാരത് ട്രെയിനുകൾ എന്നിവ സർവീസ് നടത്തുന്ന ഒരു നഗരമാണ് ഗയാ .ഗയാ ജി, സസാരം, പ്രയാഗ്‌രാജ്, കാൺപൂർ എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള നേരിട്ടുള്ള കണക്ഷൻ ബിഹാറിലെ യുവാക്കൾക്കും കർഷകർക്കും വ്യാപാരികൾക്കും പുതിയ അവസരങ്ങൾ തുറക്കുന്നു.

സഹോദരീ സഹോദരന്മാരേ,

നിങ്ങളുടെ അനുഗ്രഹത്താലും, രാഷ്ട്രത്തിന്റെ അചഞ്ചലമായ വിശ്വാസത്താലും, 2014-ൽ പ്രധാനമന്ത്രി എന്ന നിലയിൽ ആരംഭിച്ച എന്റെ സേവനകാലം ഇപ്പോഴും തുടരുന്നു. ഈ വർഷങ്ങളിലെല്ലാം, അഴിമതിയുടെ ഒരു കറ പോലും ഞങ്ങളുടെ സർക്കാരിൽ പതിഞ്ഞിട്ടില്ല. സ്വാതന്ത്ര്യാനന്തരം, 60–65 വർഷം ഭരിച്ച കോൺഗ്രസ് സർക്കാരുകൾക്ക് അഴിമതി കേസുകളുടെ ഒരു നീണ്ട പട്ടികയുണ്ട്. ആർ‌ജെ‌ഡിയുടെ അഴിമതിയെ സംബന്ധിച്ചിടത്തോളം - ബീഹാറിലെ കൊച്ചു  കുട്ടികൾക്കുപോലും അതിനെക്കുറിച്ച് അറിയാം. അഴിമതിക്കെതിരായ പോരാട്ടം അതിന്റെ യുക്തിസഹമായ പരിസമാപ്തിയിൽ എത്തിക്കണമെങ്കിൽ, ആരെയും അതിന്റെ പരിധിക്ക് പുറത്ത് നിർത്തരുതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ചിന്തിക്കുക - ഇന്ന്, ഒരു ചെറിയ സർക്കാർ ജീവനക്കാരനെ പോലും 50 മണിക്കൂർ കസ്റ്റഡിയിൽ വച്ചാൽ, അയാൾ സ്വാഭാവികമായി സസ്‌പെൻഡ് ചെയ്യപ്പെടുമെന്ന് നിയമം പറയുന്നു. അത് ഡ്രൈവറായാലും ജൂനിയർ ക്ലാർക്കായാലും പ്യൂണായാലും - അയാളുടെ ജീവിതം എന്നെന്നേക്കുമായി നശിപ്പിക്കപ്പെടുന്നു. എന്നാൽ ഒരാൾ മുഖ്യമന്ത്രിയായാലും മന്ത്രിയായാലും പ്രധാനമന്ത്രിയായാലും, ജയിലിൽ ഇരിക്കുമ്പോഴും അയാൾക്ക് അധികാരത്തിന്റെ സുഖങ്ങൾ ആസ്വദിക്കാൻ കഴിയും. ഇത് എങ്ങനെ സാധ്യമാകും? ജയിലിൽ നിന്ന് ഫയലുകൾ ഒപ്പിടുന്നത് എങ്ങനെയെന്നും, ജയിലിനുള്ളിൽ നിന്ന് സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് എങ്ങനെയെന്നും നമ്മൾ അടുത്തകാലത്ത് കണ്ടു . നേതാക്കൾ ഈ രീതിയിൽ പെരുമാറുന്നത് തുടർന്നാൽ, അഴിമതിക്കെതിരായ പോരാട്ടത്തിൽ എങ്ങനെ വിജയിക്കാൻ കഴിയും?

സുഹൃത്തുക്കളേ,

ഓരോ പൊതു പ്രതിനിധിയിൽ നിന്നും ഭരണഘടന പ്രതീക്ഷിക്കുന്നത് സത്യസന്ധതയും സുതാര്യതയും ആണ്. ഭരണഘടനയുടെ അന്തസ്സ് തകർക്കാൻ നമുക്ക് അനുവദിക്കാനാവില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രി പോലും അതിന്റെ പരിധിയിൽ വരുന്ന അഴിമതിക്കെതിരെ എൻ‌ഡി‌എ സർക്കാർ ഒരു നിയമം കൊണ്ടുവന്നത്. ഈ നിയമം മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ഉൾക്കൊള്ളുന്നു. ഈ നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ, അത് പ്രധാനമന്ത്രിയായാലും, മുഖ്യമന്ത്രിയായാലും, മറ്റേതെങ്കിലും മന്ത്രിയായാലും - അവർ അറസ്റ്റിലായി 30 ദിവസത്തിനുള്ളിൽ ജാമ്യം നേടേണ്ടിവരും. ജാമ്യം ലഭിച്ചില്ലെങ്കിൽ, 31-ാം ദിവസം അവർ തങ്ങളുടെ ഓഫീസ് ഒഴിയേണ്ടിവരും. സഹോദരന്മാരേ, പറയൂ - ആരെങ്കിലും ജയിലിലേക്ക് പോയാൽ, അവർ അവരുടെ സ്ഥാനം ഉപേക്ഷിക്കേണ്ടതില്ലേ? അവർക്ക് കസേരയിൽ ഇരിക്കുന്നത് തുടരാൻ കഴിയുമോ? ജയിലിൽ നിന്ന് അവർക്ക് സർക്കാർ ഫയലുകളിൽ ഒപ്പിടാൻ കഴിയുമോ? ജയിലിനുള്ളിൽ നിന്ന് ആർക്കെങ്കിലും ഒരു സർക്കാർ നടത്താൻ കഴിയുമോ? അതുകൊണ്ടാണ് ഇത്രയും കർശനമായ ഒരു നിയമം നിർമ്മിക്കാൻ ഞങ്ങൾ മുന്നോട്ട് പോകുന്നത്.

പക്ഷേ സുഹൃത്തുക്കളേ,

ഈ ആർ‌ജെ‌ഡിക്കാർ, ഈ കോൺഗ്രസ്‌ക്കാർ, ഈ ഇടതുപക്ഷക്കാർ - അവർ ഈ നിയമത്തെ എതിർക്കുന്നു. അവർ രോഷാകുലരാണ്. എന്തുകൊണ്ടെന്ന് ആർക്കും  അറിയില്ല? പാപം ചെയ്തവർ, അവർ മറ്റുള്ളവരിൽ നിന്ന് അവരുടെ കുറ്റകൃത്യങ്ങൾ മറച്ചുവെച്ചേക്കാം, പക്ഷേ ഉള്ളിന്റെ ഉള്ളിൽ, അവർ എന്ത് തെറ്റുകൾ ചെയ്തുവെന്ന് അവർക്കറിയാം. അവരുടെ എല്ലാവരുടെയും കഥ ഇതാണ്. ഈ ആർ‌ജെ‌ഡി, കോൺഗ്രസ് നേതാക്കൾ - ചിലർ ജാമ്യത്തിലുണ്ട്, ചിലർ റെയിൽവേ അഴിമതിയിൽ കുടുങ്ങി കോടതികളിൽ ഓടുന്നു. ഇന്ന് ജാമ്യത്തിൽ സ്വതന്ത്രമായി അലയുന്നവരാണ് ഈ നിയമത്തെ എതിർക്കുന്നത്. ജയിലിലായാൽ അവരുടെ സ്വപ്നങ്ങളെല്ലാം തകരുമെന്ന് അവർ ഭയപ്പെടുന്നു. അതുകൊണ്ടാണ്, രാവും പകലും, അവർ മോദിക്കെതിരെ എല്ലാത്തരം അധിക്ഷേപങ്ങളും ചൊരിയുന്നത്. അവർ വളരെ പ്രകോപിതരും, അസ്വസ്ഥരുമാണ്, അവർ ഈ ജനപക്ഷ നിയമത്തെ എതിർക്കുന്നു. നമ്മുടെ രാജേന്ദ്ര ബാബു, നമ്മുടെ ബാബാസാഹേബ് അംബേദ്കർ, അധികാരമോഹികളായ നേതാക്കൾ അഴിമതിയിൽ ഏർപ്പെടുമെന്നും ജയിലിൽ പോയതിനുശേഷവും കസേരകളിൽ പറ്റിപ്പിടിക്കുമെന്നും ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല, സ്വപ്നം പോലും കണ്ടിട്ടില്ല. എന്നാൽ ഇപ്പോൾ, അഴിമതിക്കാർ ജയിലിലേക്ക് പോകും, ​​അവരുടെ കസേരയും പോകും. ഭാരതത്തെ അഴിമതി മുക്തമാക്കാനുള്ള ദൃഢനിശ്ചയം ഈ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെതാണ്. ഈ ദൃഢനിശ്ചയം തീർച്ചയായും സാക്ഷാത്കരിക്കപ്പെടും.

സുഹൃത്തുക്കളേ,

ചെങ്കോട്ടയിൽ നിന്ന് ഞാൻ മറ്റൊരു അപകടത്തെക്കുറിച്ച് സംസാരിച്ചു - ഈ അപകടം ബീഹാറിനും ബാധകമാണ്. രാജ്യത്ത് വർദ്ധിച്ചുവരുന്ന നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വളരെ ആശങ്കാജനകമാണ്. ബീഹാറിന്റെ അതിർത്തി ജില്ലകളിൽ ജനസംഖ്യാചിത്രം  അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് നുഴഞ്ഞുകയറ്റക്കാർ ഈ രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കാൻ അനുവദിക്കില്ലെന്ന് എൻ‌ഡി‌എ സർക്കാർ തീരുമാനിച്ചത്. ബീഹാറിലെ യുവാക്കളുടെ ജോലി തട്ടിയെടുക്കാൻ നുഴഞ്ഞുകയറ്റക്കാരെ ഞങ്ങൾ അനുവദിക്കില്ല. ഭാരതത്തിലെ ജനങ്ങൾക്ക് അർഹമായി അവകാശപ്പെട്ട സൗകര്യങ്ങൾ കൊള്ളയടിക്കാൻ നുഴഞ്ഞുകയറ്റക്കാരെ ഞങ്ങൾ അനുവദിക്കില്ല. ഈ അപകടത്തെ നേരിടാൻ, ഡെമോഗ്രഫി മിഷൻ ആരംഭിക്കുമെന്ന് ഞാൻ പ്രഖ്യാപിച്ചു. വളരെ വേഗം, ഈ ദൗത്യം അതിന്റെ പ്രവർത്തനം ആരംഭിക്കും - എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഈ രാജ്യത്ത് നിന്ന് ഞങ്ങൾ പുറത്താക്കും. എന്നോട് പറയൂ - ഈ നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യണോ വേണ്ടയോ? ഒരു നുഴഞ്ഞുകയറ്റക്കാരൻ നിങ്ങളുടെ ജോലി തട്ടിയെടുക്കുകയാണെങ്കിൽ നിങ്ങൾ അത് സ്വീകരിക്കുമോ? ഒരു നുഴഞ്ഞുകയറ്റക്കാരൻ നിങ്ങളുടെ ഭൂമി പിടിച്ചെടുത്താൽ നിങ്ങൾക്കു  അത് സ്വീകാര്യമാകുമോ ? ഒരു നുഴഞ്ഞുകയറ്റക്കാരൻ നിങ്ങളുടെ അവകാശങ്ങൾ എടുത്തുകളഞ്ഞാൽ നിങ്ങൾ അത് സഹിക്കുമോ? ബീഹാറിലെ ജനങ്ങളേ, ഈ നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുന്ന രാജ്യത്തിനകത്തുള്ളവരെ സൂക്ഷിക്കുക. നുഴഞ്ഞുകയറ്റക്കാർക്കൊപ്പം ആരാണ് നിൽക്കുന്നതെന്ന് നിങ്ങൾക്ക് നന്നായി അറിയാം. കോൺഗ്രസും ആർ‌ജെ‌ഡിയും പോലുള്ള പാർട്ടികൾ ബീഹാറിലെ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് നുഴഞ്ഞുകയറ്റക്കാർക്ക് കൈമാറാൻ ആഗ്രഹിക്കുന്നു. പ്രീണനത്തിനായി, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി, കോൺഗ്രസിനും ആർ‌ജെ‌ഡിക്കും ഏത് തലത്തിലേക്കും താഴാം. അതുകൊണ്ടാണ് ബീഹാറിലെ ജനങ്ങൾ വളരെ ജാഗ്രത പാലിക്കേണ്ടത്.

സുഹൃത്തുക്കളേ,

കോൺഗ്രസിന്റെയും ആർ‌ജെ‌ഡിയുടെയും ദുഷ്ട ദൃഷ്ടിയിൽ  നിന്ന് നമ്മൾ ബീഹാറിനെ സംരക്ഷിക്കണം. ബീഹാറിന് ഇത് വളരെ നിർണായകമായ സമയമാണ്. ബീഹാറിലെ യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനും, ബീഹാറിലെ ജനങ്ങളുടെ അഭിലാഷങ്ങൾ കൂടുതൽ ഉയരുന്നതിനും - കേന്ദ്ര സർക്കാരും നിതീഷ് ജിയും ബീഹാറിന്റെ ക്ഷേമത്തിനായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു. ബീഹാറിൽ വികസനത്തിന്റെ വേഗത തുടരുന്നുവെന്ന് ഉറപ്പാക്കാൻ, ഇരട്ട എഞ്ചിൻ സർക്കാർ നിരന്തരം പരിശ്രമിക്കുന്നു. ഇന്നത്തെ വികസന പദ്ധതികൾ ആ ദിശയിലുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്. ഈ പദ്ധതികൾക്ക് ഞാൻ വീണ്ടും ബീഹാറിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. എന്നോടൊപ്പം പറയൂ—

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വളരെ നന്ദി.

**** 

SK


(Release ID: 2160457)