കൃഷി മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഡൽഹിയിലെ ഐസിഎആർ പുസ കാമ്പസിൽ നടന്ന ദേശീയ ബഹിരാകാശ ദിന പരിപാടിയെ വെർച്വലായി അഭിസംബോധന ചെയ്തു

Posted On: 23 AUG 2025 4:35PM by PIB Thiruvananthpuram
ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ പുസയിലെ ഐസിഎആറിൽ സംഘടിപ്പിച്ച പരിപാടിയെ കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ വെർച്വലായി   അഭിസംബോധന ചെയ്തു. 'കാർഷിക പരിവർത്തനത്തിന് ബഹിരാകാശ സാങ്കേതികവിദ്യയിലെ ഗവേഷണവും വികസനവും' എന്നതായിരുന്നു വിഷയം.
 


 
ദേശീയ ബഹിരാകാശ ദിനം ഐസിഎആറിൽ ആഘോഷിക്കുന്നത് കാണാൻ താൻ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. "ബഹിരാകാശ ശാസ്ത്രത്തിലൂടെ, ഇന്ത്യയിലും ലോകത്തും നാം മാറ്റം കൊണ്ടുവരുന്നു. കാർഷിക മേഖലയിൽ സാങ്കേതികവിദ്യയും ശാസ്ത്രവും എത്രത്തോളം പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം - നാം അത് കൂടുതൽ മുന്നോട്ട് കൊണ്ടുപോകണം" -അദ്ദേഹം പറഞ്ഞു.
 


 
ശാസ്ത്രജ്ഞരെ "ആധുനിക ഋഷിമാർ" എന്ന് ശ്രീ ചൗഹാൻ വിശേഷിപ്പിച്ചു. "കൃഷിയും അതിന്റെ ദിശയും കർഷകരുടെ ജീവിതവും നാം മാറ്റിമറിച്ചു. ജനങ്ങളുടെ ഭക്ഷ്യസുരക്ഷ നമ്മൾ ഉറപ്പാക്കി. റെക്കോർഡ് ഭക്ഷ്യധാന്യ ഉൽപ്പാദനം നാം കൈവരിച്ചു. ഇതിന് ബഹിരാകാശ ശാസ്ത്രം അതുല്യമായ സംഭാവന നൽകിയിട്ടുണ്ട്. വിളവ് കണക്കാക്കൽ, വിളവെടുപ്പ് സമ്പ്രദായങ്ങൾ, ഗോതമ്പ്, അരി, കടുക്, പരുത്തി, കരിമ്പ് എന്നിവയുടെ ഉൽപാദനം, വിസ്തൃതി വിലയിരുത്തൽ എന്നിവയിൽ നിന്ന് കാലാവസ്ഥാ വിജ്ഞാനം എന്നതിലേക്കുള്ള മാറ്റത്തിന് ബഹിരാകാശ സാങ്കേതിക വിദ്യ ഇപ്പോൾ കൃഷിയുടെ കേന്ദ്രബിന്ദുവാണ്" -അദ്ദേഹം പറഞ്ഞു.

മുമ്പ് കാലാവസ്ഥാ പ്രവചനങ്ങൾ നാടോടിക്കഥകളെയും അനുമാനങ്ങളെയും ആശ്രയിച്ചിരുന്നുവെങ്കിൽ ഇന്ന് ഐ എസ് ആർ ഒ യുടെ  ജിയോ പോർട്ടൽ മഴ, വരൾച്ച, കാലാവസ്ഥ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "കർഷകർ ഇപ്പോൾ ഇതിനെ അടിസ്ഥാനമാക്കിയാണ് കൃഷി ആസൂത്രണം ചെയ്യുന്നത്. മണ്ണിലെ ഈർപ്പം സംബന്ധിച്ച വിവരങ്ങൾ പോർട്ടൽ നൽകുന്നു. വിള ആരോഗ്യ വിവരങ്ങൾ സംയോജിപ്പിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നു" -അദ്ദേഹം പറഞ്ഞു.
 


 
കർഷകർ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളിൽ നിന്ന് കീടങ്ങളെ കണ്ടെത്തുന്നതിനും തത്സമയ ഗോതമ്പ് നിരീക്ഷണം, വിതയ്ക്കൽ, വിളവെടുപ്പ് പ്രദേശം കണക്കാക്കുന്നതിനുമുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ശ്രീ ചൗഹാൻ ചൂണ്ടിക്കാട്ടി. കൃഷി മന്ത്രാലയത്തിന്റെ കണക്കുകൾ ഇപ്പോൾ എൻആർഎസ്‌സിയുടെ CROP ചട്ടക്കൂടുമായി (വിള പുരോഗതിയെക്കുറിച്ചുള്ള സമഗ്രമായ റിമോട്ട് സെൻസിംഗ് നിരീക്ഷണം) പൊരുത്തപ്പെടുന്നു. നാസ-ഐഎസ്ആർഒ യുടെ നിസാർ ദൗത്യത്തോടെ, മണ്ണിന്റെ ഈർപ്പം, വിള ആരോഗ്യം, ജൈവാംശത്തിന്റെ അളവ്  എന്നിവയുടെ കൃത്യമായ കണക്കുകൾ ചെറിയ പ്ലോട്ടുകൾ മുതൽ വലിയ പ്രദേശങ്ങളിൽ വരെ സാധ്യമായി.
 


 
പ്രധാനമന്ത്രി ഫസൽ ബീമാ യോജനയെക്കുറിച്ചുള്ള ആശങ്കകളിൽ വിള കൊയ്ത്ത് പരീക്ഷണങ്ങളിലെ പിഴവുകളും സുതാര്യതക്കുറവും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ചില അവസരങ്ങളിൽ വിളകൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ലഭിച്ചില്ല, അതേസമയം കൃഷി നാശം സംഭവിക്കാത്തവർക്ക് നഷ്ടപരിഹാരം ലഭിച്ചു. എന്നാൽ ഉപഗ്രഹ അധിഷ്ഠിത റിമോട്ട് സെൻസിംഗ് ഉപയോഗിച്ച്, ഇപ്പോൾ വിളനാശം കൃത്യമായി വിലയിരുത്താൻ കഴിയും. ഇപ്പോൾ ഉപഗ്രഹ ചിത്രങ്ങളിലൂടെ ശരിയായ നഷ്ടപരിഹാരം സാധ്യമാക്കാനാകുന്നു.” -അദ്ദേഹം കൂട്ടിച്ചേർത്തു.

താപനില ഉയരുമ്പോഴും കൊടുങ്കാറ്റിലും വരൾച്ചയിലും സമയബന്ധിതമായ മുന്നറിയിപ്പുകൾ നൽകുന്നതിനും ദുരന്തനിവാരണത്തിനും വിള സംരക്ഷണത്തിനും ബഹിരാകാശ ശാസ്ത്രം സഹായിക്കുമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. വിവരങ്ങൾ നേരിട്ട് കർഷകരിലേക്ക് എത്തണം, അവബോധം വളർത്തൽ വളരെ പ്രധാനമാണ്. കാർഷിക മേഖലയിലെ ശാസ്ത്രീയ നേട്ടങ്ങൾ നേരിട്ട് കർഷകരിലേക്ക് എത്തിക്കുന്നതിനാണ് 'വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ' ആരംഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 
**********************

(Release ID: 2160216)