ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ കേരളത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച മനോരമ ന്യൂസ് കോൺക്ലേവ് - 2025നെ അഭിസംബോധന ചെയ്തു

Posted On: 22 AUG 2025 4:42PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ കേരളത്തിൽ കൊച്ചിയിൽ നടന്ന മനോരമ ന്യൂസ് കോൺക്ലേവ് 2025 നെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യ നല്ല ഉദ്ദേശ്യത്തോടെ ബഹുകക്ഷി പാർലമെന്ററി ജനാധിപത്യ സംവിധാനത്തെ സ്വീകരിച്ചുവെങ്കിലും, സ്വാതന്ത്ര്യത്തിന്റെ മൂന്നാം ദശകത്തോടെ ജനാധിപത്യ പ്രക്രിയയിൽ നിരവധി പോരായ്മകൾ പതുക്കെ കടന്നുകൂടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതിവ്യവസ്ഥ, രാജവംശ രാഷ്ട്രീയം, പ്രീണനം എന്നീ മൂന്ന് വിഷയങ്ങൾ രാജ്യത്തിന്റെ ജനവിധിയെ ആഴത്തിലേറ്റ ഒരു മുറിവ് പോലെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മാത്രമല്ല, നാലാമത്തെ വിഷയമായ അഴിമതി രാജ്യപുരോഗതിയെ തടസ്സപ്പെടുത്തുക മാത്രമല്ല, ജനവിധിയെ പരിഹസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
 
സ്ഥിരതയില്ലായ്മയുടെ അന്തരീക്ഷം കാരണം രാജ്യം ദീർഘകാല നയങ്ങളിൽ നിന്ന് പിന്മാറിയതായി ശ്രീ അമിത് ഷാ പറഞ്ഞു. 2014 ൽ ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം, ജാതീയത, രാജവംശ രാഷ്ട്രീയം, പ്രീണനം എന്നിവയ്ക്ക് പകരമായി പ്രവർത്തനാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഒരു പുതിയ യുഗം ആരംഭിച്ചു. ഇന്ന് രാജ്യം മുഴുവൻ ആ മാറ്റം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
 ക്രമബദ്ധവും നയപരവുമായ നടപടികളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി വിജയകരമായി തുടച്ചുനീക്കിയെന്ന് ശ്രീ ഷാ പറഞ്ഞു. ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷ ഉറപ്പാക്കുക, അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിക്കുക, രാജ്യത്തെ സമൃദ്ധിയിലേക്കു കൊണ്ടുപോകുക എന്നിവയുൾപ്പെടെ ഒരു പുതിയ കാലഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചുവെന്ന് ശ്രീ ഷാ ഊന്നിപ്പറഞ്ഞു. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ്, രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ ഒരു ചോദ്യമുണ്ടായിരുന്നു: ഈ രാജ്യത്തിന്റെ ഭാവി എന്തായിരിക്കും? ഇന്ന്, 140 കോടി ജനങ്ങളുടെ മനസ്സിൽ ഒരു ആശയക്കുഴപ്പവുമില്ല. 2047 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിന്റെ മുൻനിരയിലെത്തുമെന്നും ഇക്കാര്യത്തിൽ ഇന്ത്യയെ തടയാൻ ആർക്കും കഴിയില്ലെന്ന് എല്ലാവരും വിശ്വസിക്കുന്നുവെന്നും ശ്രീ ഷാ പറഞ്ഞു .
 
രാജ്യം മുമ്പ് സാമ്പത്തിക അസ്ഥിരതയുടെ ഇരയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ പ്രധാനമന്ത്രി മോദി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ 11-ാം സ്ഥാനത്ത് നിന്ന് ലോകത്തിലെ മികച്ച നാല് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാർ എല്ലാ മേഖലകളിലും പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും നിർണായക നടപടികൾ കൈക്കൊള്ളുകയും ജിഎസ്ടി പോലുള്ള അസാധ്യമെന്നു തോന്നിയ കാര്യങ്ങൾ വിവാദങ്ങൾ ലഘൂകരിച്ചുകൊണ്ട് മാതൃകാപരമായി നടപ്പിലാക്കിയെന്നും ശ്രീ അമിത് ഷാ പറഞ്ഞു. സുരക്ഷാ രംഗത്ത്, സൈന്യം പൂർണ്ണമായും ആധുനികവൽക്കരിക്കപ്പെട്ടിട്ടുണ്ടെന്നും, പ്രതിരോധ നവീകരണത്തിൽ സ്വാശ്രയത്വത്തിന് ഊന്നൽ നൽകിയിട്ടുണ്ടെന്നും, ആഭ്യന്തര സുരക്ഷയ്ക്കായി ശക്തവും സുസ്ഥിരവുമായ നയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും ശ്രീ ഷാ പറഞ്ഞു. ഇടതുപക്ഷ തീവ്രവാദം, ജമ്മു & കശ്മീർ എന്നിവയുമായി ബന്ധപ്പെട്ട ആഭ്യന്തര സുരക്ഷ നേരിടുന്ന മൂന്ന് നിരന്തര വെല്ലുവിളികളായ അക്രമ സംഭവങ്ങളിൽ 70 ശതമാനം കുറവും, മരണനിരക്കിൽ 70 ശതമാനം കുറവും, സുരക്ഷാ സേനകളുടെ വീരമൃത്യുവിൽ 74 ശതമാനം കുറവും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഓപ്പറേഷൻ സിന്ദൂറി'ലൂടെ ഇന്ത്യൻ സൈന്യം പാക് അധിനിവേശ കശ്മീരിൽ പ്രവേശിക്കുക മാത്രമല്ല, പാകിസ്ഥാനിലേക്ക് ഏറെദൂരം കടന്നുകയറി തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇതിലൂടെ മുഴുവൻ ലോകത്തിനും ശക്തമായ സന്ദേശം ഇന്ത്യ നൽകിയതായി അദ്ദേഹം പറഞ്ഞു.
 
രാജ്യചരിത്രം തിരുത്തിയെഴുതപ്പെടുന്ന വേളയിൽ , സമാധാനവും വികസനവും എന്ന കാഴ്ചപ്പാടിൽ ശ്രീ നരേന്ദ്ര മോദിയുടെ ഭരണത്തിന്റെ 11 വർഷങ്ങൾ സ്വർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാൽ 11 വർഷം മുൻപത്തെ കേരളം ഇന്നും അതേ സ്ഥാനത്ത് നിലകൊള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് അപാരമായ സാധ്യതകളുണ്ടെങ്കിലും ആശയപരമായ ഉദാസീനത ഈ അവസരങ്ങളെ തിരിച്ചറിയാനും പ്രയോജനപ്പെടുത്താനും തടസ്സം നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞ നിസ്സംഗമായ വികസന മാതൃകയാണ് കേരളത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നത്. വരും ദിവസങ്ങളിൽ കേരളവും ഈ വികസന യാത്രയിൽ പങ്കുചേരുന്നതിനുള്ള പ്രചാരണത്തിലേക്ക് കടന്നുവരുമെന്ന് ശ്രീ ഷാ പ്രത്യാശ പ്രകടിപ്പിച്ചു.
 
കേരളത്തിലെ ജനങ്ങൾ അഴിമതിയെ വെച്ചുപൊറുപ്പിക്കില്ലെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം ഇവിടെ ദേശീയ സുരക്ഷയ്ക്ക് കോട്ടം സംഭവിച്ചിരിക്കുന്നു. ക്രമസമാധാന നിലയും വളരെ മോശമായി. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പി‌എഫ്‌ഐ എന്ന സംഘടന കേരളത്തിൽ നിന്ന് ഉത്തർപ്രദേശ്, ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഈ സംഘടനയെ യഥാസമയം തടയാത്തത് എന്തുകൊണ്ടാണെന്ന് ശ്രീ ഷാ ചോദിച്ചു. മോദി സർക്കാർ അധികാരത്തിലില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ കേരള സർക്കാർ ഇപ്പോഴും പി‌എഫ്‌ഐ നിരോധിക്കുമായിരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം . 100 ശതമാനം സാക്ഷരതാ നിരക്കുണ്ടെങ്കിലും ഇവിടെ തൊഴിൽരഹിതർ ഏറെയുണ്ട്. വികസനത്തിനായി ഐടി, സെമികണ്ടക്ടർ, തുറമുഖം, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ എന്നിവ സ്ഥാപിക്കണമെന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇതുവരെ ഇവിടെ പൊതുജനങ്ങൾക്ക് വേണ്ടിയല്ല, പാർട്ടി പ്രവർത്തകർക്കു മാത്രം ഗുണം ചെയ്യുന്ന തരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. ജനങ്ങൾക്കു വേണ്ടിയുള്ള സർക്കാരാണ് ഇനി കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും, പ്രവർത്തകർക്കു മാത്രം സേവനം ചെയ്യുന്ന സർക്കാരിനെ ഇനി ജനങ്ങൾ അംഗീകരിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
 
പ്രധാനമന്ത്രി മോദി സൃഷ്ടിച്ച വികസന മാതൃക ജാതീയതയിൽ നിന്നും പ്രീണനത്തിൽ നിന്നും മുക്തമായ രാഷ്ട്രീയ മാതൃകയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഇതിനെ ' പ്രവർത്തനാധിഷ്ഠിത രാഷ്ട്രീയം' എന്ന് വിളിക്കാം. കേരളത്തിലെ യുവാക്കൾ ഈ പ്രവർത്തനാധിഷ്ഠിത രാഷ്ട്രീയവുമായി മുന്നോട്ട് പോകും. 2004 മുതൽ 2014 വരെ കേന്ദ്ര സർക്കാർ കേരളത്തിന് ദുരന്തനിവാരണത്തിനായി 1,342 കോടി രൂപ നൽകിയപ്പോൾ ശ്രീ നരേന്ദ്ര മോദി 10 വർഷത്തിനുള്ളിൽ 5,100 കോടി രൂപ നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
 
 
അതിർത്തി നിർണ്ണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു:
 
അതിർത്തി നിർണ്ണയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ ഉയർന്നുവരുന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്തെ വ്യാപകമായ അഴിമതി, നിയമരാഹിത്യം, തന്റെ മകനെ മുഖ്യമന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ഉദ്ദേശ്യം എന്നിവയിൽ നിന്ന് തമിഴ്‌നാട്ടിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇക്കാര്യങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2027 ൽ സെൻസസ് പൂർത്തിയാകുമെന്നും അതിനുശേഷം മാത്രമേ അതിർത്തി നിർണ്ണയ നിയമം നടപ്പിലാക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തി നിർണ്ണയം നടക്കുമ്പോഴെല്ലാം തെക്കൻ സംസ്ഥാനങ്ങളോട് ഒരു അനീതിയും കാണിച്ചിട്ടില്ലെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എല്ലാ വോട്ടർമാർക്കും ഈ ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നുവെന്നും ശ്രീ ഷാ പറഞ്ഞു. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഞങ്ങളുടെ സർക്കാരിന്റെ വാഗ്ദാനമാണെന്നും അദ്ദേഹം പറഞ്ഞു .
 
പാർലമെന്റിൽ അടുത്തിടെ അവതരിപ്പിച്ച ഭരണഘടന (നൂറ്റിമുപ്പതാം ഭേദഗതി) ബിൽ-2025, കേന്ദ്രഭരണ പ്രദേശ (ഭേദഗതി) ബിൽ- 2025, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ-2025 എന്നിവയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, രാജ്യത്തെ ജനങ്ങൾ ജയിലിൽ നിന്ന് സർക്കാരിനെ നയിക്കാൻ ഒരു മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ജയിലിൽ നിന്ന് ഒരു പ്രധാനമന്ത്രി ഭരിക്കണമെന്ന് പൊതുജനങ്ങൾ ആഗ്രഹിക്കുമോ? ഇത് ധാർമ്മികതയുടെ കാര്യമാണെന്നും ഭരണഘടന രൂപീകരിക്കപ്പെട്ടപ്പോൾ ജയിലിൽ കഴിയുന്നവരും സ്ഥാനമൊഴിയാൻ വിസമ്മതിക്കുന്നവരുമുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 75 വർഷത്തിനിടെ നിരവധി മുഖ്യമന്ത്രിമാരും മന്ത്രിമാരും ജയിലിൽ പോയിട്ടുണ്ട്, എന്നാൽ അങ്ങനെ ചെയ്യുന്നതിന് മുമ്പ് അവരെല്ലാം രാജിവച്ചിരുന്നുവെന്ന് ശ്രീ ഷാ പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുമ്പ്, അന്നത്തെ ഡൽഹി മുഖ്യമന്ത്രി ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുന്നത് തുടർന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകൂടവും പ്രതിപക്ഷവും ജനാധിപത്യത്തിന്റെ നൈതിക മാനദണ്ഡങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്വം പങ്കിടുന്നവരാണ് എന്നും അമിത് ഷാ ഊന്നിപ്പറഞ്ഞു.
 
 
എസ്‌ഐആർ (സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ) സംബന്ധിച്ച ഒരു ചോദ്യത്തിന് , ഏതെങ്കിലും പാർട്ടിക്കോ പൗരനോ എതിർപ്പുകൾ ഉണ്ടെങ്കിൽ, അവർക്ക് ബന്ധപ്പെട്ട നിയമസഭയുടെ റിട്ടേണിംഗ് ഓഫീസർക്ക് അപ്പീൽ നൽകാമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. അവിടെയും തൃപ്തിയില്ലെങ്കിൽ, അവർക്ക് ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം. അപ്പോഴും തൃപ്തിയില്ലെങ്കിൽ, ചീഫ് ഇലക്ടറൽ ഓഫീസറെ (സിഇഒ) സമീപിക്കാം. ഇതിനായി ഒരു ത്രിതല സംവിധാനം നിലവിലുണ്ട് . ഇന്നുവരെ, പ്രധാന പ്രതിപക്ഷ പാർട്ടി എസ്‌ഐആറിനെക്കുറിച്ച് ഒരു പരാതി പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം എസ്‌ഐആർ നടപ്പിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ഇത് ഒരു പതിവ് പ്രക്രിയയാണ്. ബീഹാറിലെ വോട്ടർ പട്ടികയിൽ മരിച്ചുപോയ 22 ലക്ഷം പേരുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഇത് അവരുടെ പേരുകൾ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യാനുള്ള സാധ്യത സൃഷ്ടിച്ചു. അവരുടെ പേരുകൾ നീക്കം ചെയ്യേണ്ടതല്ലേ? ഭരണഘടനാ സ്ഥാപനങ്ങൾക്കും രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും എതിരെ ഉപയോഗിക്കുന്ന ഭാഷ അനുചിതമാണെന്ന് പൊതുജനങ്ങൾക്കിടയിൽ പോയി വിശദീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രക്രിയയിൽ എന്തെങ്കിലും പോരായ്മകൾ കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ അവരുടെ ആശങ്കകൾ അവതരിപ്പിക്കാൻ അദ്ദേഹം പ്രതിപക്ഷ പാർട്ടികളോട് അഭ്യർത്ഥിച്ചു.
 
'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തെ കുറിച്ചു സംസാരിക്കവെ , എല്ലാ പാർട്ടികൾക്കും ഇത് ഒരുപോലെ ബാധകമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. എന്തെങ്കിലും എതിർപ്പുകളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ, അവ സംയുക്ത പാർലമെന്ററി കമ്മിറ്റിയിൽ (ജെപിസി) ഉന്നയിക്കാമെന്നും ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
 
കഴിഞ്ഞ ആറ് വർഷമായി മണിപ്പൂരിൽ തന്റെ പാർട്ടിയുടെ സർക്കാരാണ് അധികാരത്തിലിരുന്നതെന്നും ആ കാലയളവിൽ ബന്തുകളോ പണിമുടക്കുകളോ വംശീയ അതിക്രമങ്ങളോ ഉണ്ടായില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാൽ , കോടതി വിധിയുടെ പശ്ചാത്തലത്തിൽ അവിടെ വംശീയകലാപം പൊട്ടിപ്പുറപ്പെട്ടു. പ്രധാന പ്രതിപക്ഷ പാർട്ടിയുടെ ഭരണകാലത്ത്, അതിലും വലിയ വംശീയ അക്രമം നടന്നിട്ടുണ്ടെന്നും അത് ഓരോ തവണയും ഒന്നരവർഷമോ രണ്ടര വർഷമോ നീണ്ടുനിന്നെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അവിടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു. ആഭ്യന്തര മന്ത്രാലയം ഇരു സമുദായങ്ങളുമായി നാല് വ്യത്യസ്ത യോഗങ്ങളും ഒരു സംയുക്ത യോഗവും സംഘടിപ്പിച്ചു. ഉടൻ തന്നെ സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമെന്ന് ശ്രീ ഷാ പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനം പുനഃസ്ഥാപിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യമെന്നും അത് കൈവരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ അക്രമത്തിന് മതവുമായി യാതൊരു ബന്ധവുമില്ല; അത് വംശീയ അതിക്രമമായിരുന്നു. ശ്രീ ഷാ പറഞ്ഞു .
 
വടക്കുകിഴക്കൻ മേഖലയിൽ സമാധാനത്തിനായി ഇതുവരെ 20-ലധികം കരാറുകളിൽ ഒപ്പുവെച്ചുവെന്നും തത്ഫലമായി 10,000 പേർ ആയുധം താഴെവെച്ച് മുഖ്യധാരയിലേക്ക് മടങ്ങിയെത്തിയെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നവരുമായി സംഭാഷണം സാധ്യമല്ലെന്നും കലാപകാരികൾ ആയുധങ്ങൾ ഉപേക്ഷിച്ച് ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ വരുമ്പോൾ മാത്രമേ ചർച്ചകൾ സാധ്യമാകൂ എന്നും അതാണ് കേന്ദ്ര സർക്കാരിന്റെ ഉറച്ച നയമെന്നും ശ്രീ ഷാ പറഞ്ഞു .
 
ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പിലാക്കിയ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ശ്രീ അമിത് ഷാ പറഞ്ഞു, ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച നിയമങ്ങൾ നമ്മുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയല്ല നടപ്പിലാക്കിയത് ; ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാരിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അതിനാൽ, ഇന്ത്യൻ ശിക്ഷാ നിയമത്തെ ഇപ്പോൾ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു. ഈ മൂന്ന് നിയമങ്ങൾ പൂർണ്ണമായും നടപ്പിലാക്കുമ്പോൾ, ഇന്ത്യൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥ ലോകത്തിലെ ഏറ്റവും ആധുനിക നീതിന്യായ വ്യവസ്ഥയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിൽ സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നതിനുള്ള നിയമപരമായ നിർവചനങ്ങൾ പുതിയ നിയമങ്ങളിൽ ഉൾപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. അതോടെ, മുഴുവൻ വാദം കേൾക്കൽ പ്രക്രിയയും ഓൺലൈനിലായിരിക്കും, ഹാജരാകൽ ഓൺലൈനിലായിരിക്കും, എഫ്‌ഐആർ ഫയൽ ചെയ്ത് മൂന്ന് വർഷത്തിനുള്ളിൽ നീതി ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരമാണിതെന്ന് ശ്രീ ഷാ ഇതിനെ വിശേഷിപ്പിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിത്വത്തെക്കുറിച്ച് സംസാരിക്കവെ, ശ്രീ അമിത് ഷാ പറഞ്ഞു:
 പ്രധാനമന്ത്രി മോദി ഏറ്റവും വിജയിയായ മുഖ്യമന്ത്രിയാണ് ; ഏറ്റവും വിജയിയായ പ്രധാനമന്ത്രിയും. ഏറ്റവും കൂടുതൽ കാലം ഒരു സംസ്ഥാനത്തേയും ഒരു രാജ്യത്തേയും സേവിച്ച നേതാവുമാണ്. അദ്ദേഹം നിസ്വാർത്ഥനായ വ്യക്തിയും മികച്ച ശ്രോതാവുമാണ്. കുടുംബവും വീടും ഉപേക്ഷിച്ച് രാഷ്ട്രസേവനത്തിനായി ജീവിതം സമർപ്പിച്ച ഉത്തമ മാതൃകയാണ് ശ്രീ മോദി എന്ന് അദ്ദേഹം പറഞ്ഞു. രാജവംശ രാഷ്ട്രീയത്തിന്റെ ഈ കാലഘട്ടത്തിൽ, ശ്രീ മോദിയുടെ കുടുംബത്തെയും അവർ എങ്ങനെ ജീവിക്കുന്നു എന്നതിനെയും താൻ നിരീക്ഷിച്ചിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. പൊതുജീവിതത്തിൽ അത്തരം കർശനമായ മാനദണ്ഡങ്ങൾ പാലിക്കുക എന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേകമായി ഒരു കുടുംബമില്ലെന്നും ഇന്ത്യയിലെ 140 കോടി ജനങ്ങളുമാണ് അദ്ദേഹത്തിന്റെ കുടുംബമെന്നും ശ്രീ അമിത് ഷാ പറഞ്ഞു.
 
****************

(Release ID: 2159961)