പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 5200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു
കൊൽക്കത്ത പോലുള്ള നഗരങ്ങൾ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെയും ഭാവിയെയും പ്രതിനിധാനം ചെയ്യുന്നു: പ്രധാനമന്ത്രി
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മുന്നേറുമ്പോൾ ദം ദം, കൊൽക്കത്ത തുടങ്ങിയ നഗരങ്ങൾ ഈ യാത്രയിൽ നിർണായക പങ്കുവഹിക്കും: പ്രധാനമന്ത്രി
21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് 21-ാം നൂറ്റാണ്ടിലെ ഗതാഗത സംവിധാനം ആവശ്യമാണ്. അതിനാൽ, ഇന്ന് രാജ്യത്തുടനീളം, റെയിൽവേമുതൽ റോഡുകൾവരെ, മെട്രോമുതൽ വിമാനത്താവളങ്ങൾവരെ, ആധുനിക ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുകയും തടസ്സമില്ലാത്ത സഞ്ചാരക്ഷമത ഉറപ്പാക്കാൻ സംയോജിപ്പിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി
Posted On:
22 AUG 2025 6:14PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 5200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു. പശ്ചിമ ബംഗാളിന്റെ വികസനം വേഗത്തിലാക്കാനുള്ള അവസരം തനിക്ക് വീണ്ടും ലഭിച്ചതായി സദസ്സിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. നൊവാപാരമുതൽ ജയ് ഹിന്ദ് വിമാനത്താവളംവരെയുള്ള കൊൽക്കത്ത മെട്രോ യാത്രയുടെ അനുഭവം പങ്കുവച്ച ശ്രീ മോദി, ഈ സന്ദർശന വേളയിൽ നിരവധി സഹപ്രവർത്തകരുമായി സംവദിച്ചതായും കൊൽക്കത്തയുടെ പൊതുഗതാഗത സംവിധാനത്തിന്റെ ആധുനികവൽക്കരണത്തിൽ ഏവരും സന്തോഷം പ്രകടിപ്പിച്ചതായും പറഞ്ഞു. ആറുവരി കോന അതിവേഗ ഉയരപ്പാതയ്ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ആയിരക്കണക്കിന് കോടി രൂപയുടെ ഈ പദ്ധതികളുടെ പേരിൽ കൊൽക്കത്തയിലെ ജനങ്ങൾക്കും പശ്ചിമ ബംഗാളിലെ എല്ലാ പൗരന്മാർക്കും അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു.
“കൊൽക്കത്ത പോലുള്ള നഗരങ്ങൾ ഇന്ത്യയുടെ ചരിത്രത്തിന്റെയും ഭാവിയുടെയും സമ്പന്നമായ പ്രതീകങ്ങളാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമ്പോൾ, ദം ദം, കൊൽക്കത്ത പോലുള്ള നഗരങ്ങൾ നിർണായക പങ്ക് വഹിക്കും” - ശ്രീ മോദി പറഞ്ഞു. ഇന്നത്തെ പരിപാടിയുടെ സന്ദേശം മെട്രോയുടെ ഉദ്ഘാടനത്തിനും ഹൈവേയുടെ ശിലാസ്ഥാപനത്തിനും അതീതമാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യ നഗരരൂപഭാവത്തെ എങ്ങനെ പരിവർത്തനം ചെയ്യുന്നുവെന്നതിന്റെ തെളിവാണ് ഈ പരിപാടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വിവിധ നഗരങ്ങളിൽ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും, വൈദ്യുതി ചാർജിങ് പോയിന്റുകളും വൈദ്യുതബസുകളും വർദ്ധിപ്പിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘മാലിന്യത്തിൽനിന്നു സമ്പത്ത്’ സംരംഭത്തിന് കീഴിൽ നഗരങ്ങൾ ഇപ്പോൾ നഗരമാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെട്രോ സേവനങ്ങൾ വ്യാപിക്കുകയാണെന്നും മെട്രോ ശൃംഖല വികസിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇന്ത്യ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖല സ്വന്തമാക്കിയതിൽ അഭിമാനം പ്രകടിപ്പിച്ചു. 2014-ന് മുമ്പ് രാജ്യത്ത് വെറും 250 കിലോമീറ്റർ മെട്രോ പാതകളാണ് ഉണ്ടായിരുന്നതെങ്കിൽ, ഇന്ന് ഇന്ത്യയിലെ മെട്രോ ശൃംഖല 1000 കിലോമീറ്ററിലധികമായി വിപുലീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൊൽക്കത്തയിലെ മെട്രോ സംവിധാനവും തുടർച്ചയായ വികാസത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊൽക്കത്തയുടെ മെട്രോ റെയിൽ ശൃംഖലയിലേക്ക് ഏകദേശം 14 കിലോമീറ്റർ പുതിയ പാതകളും ഏഴ് പുതിയ സ്റ്റേഷനുകളും സംയോജിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ വികസനങ്ങളെല്ലാം കൊൽക്കത്തയിലെ ജനങ്ങളുടെ ജീവിത-യാത്ര സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
“21-ാം നൂറ്റാണ്ടിലെ ഇന്ത്യക്ക് 21-ാം നൂറ്റാണ്ടിലെ ഗതാഗത സംവിധാനം ആവശ്യമാണ്. അതിനാൽ, ഇന്ന് രാജ്യമെമ്പാടും, റെയിൽവേമുതൽ റോഡുകൾവരെയും, മെട്രോമുതൽ വിമാനത്താവളങ്ങൾവരെയും ആധുനിക ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു” - ശ്രീ മോദി പറഞ്ഞു. ഒരു നഗരത്തെ മറ്റൊന്നുമായി ബന്ധിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഗവണ്മെന്റിന്റെ ശ്രമം; ജനങ്ങളുടെ വീടുകൾക്കടുത്തു സൗകര്യപ്രദമായ ഗതാഗതം ഉറപ്പാക്കുന്നതാണു ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊൽക്കത്തയുടെ ബഹുതല ഗതാഗതസൗകര്യങ്ങളിൽ ഈ കാഴ്ചപ്പാടിന്റെ പ്രതിഫലനം കാണാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ട് റെയിൽവേ സ്റ്റേഷനുകളായ ഹൗറയും സിയാൽദയും ഇപ്പോൾ മെട്രോവഴി കൂട്ടിയിണക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുമ്പ് ഈ സ്റ്റേഷനുകൾക്കിടയിൽ ഏകദേശം ഒന്നര മണിക്കൂർ വേണ്ടിയിരുന്ന യാത്ര, ഇനി മെട്രോ വഴി ചില മിനിറ്റുകൾകൊണ്ട് പൂർത്തിയാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൗറ സ്റ്റേഷൻ സബ്‌വേയും ബഹുതല ഗതാഗതസൗകര്യം ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് കിഴക്കൻ റെയിൽവേയിൽനിന്നോ ദക്ഷിണ-കിഴക്കൻ റെയിൽവേയിൽനിന്നോ ട്രെയിനുകൾ പിടിക്കാൻ യാത്രക്കാർക്ക് ദീർഘനേരം വഴിമാറി സഞ്ചരിക്കേണ്ടി വന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ സബ്‌വേയുടെ നിർമ്മാണം ഇന്റർചേഞ്ച് സമയം ഗണ്യമായി കുറയ്ക്കുമെന്ന് വ്യക്തമാക്കി. കൊൽക്കത്ത വിമാനത്താവളം ഇപ്പോൾ മെട്രോ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത് നഗരത്തിന്റെ വിദൂര പ്രദേശങ്ങളിൽ നിന്നുള്ളവരെ വിമാനത്താവളത്തിൽ എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കും.
പശ്ചിമ ബംഗാളിന്റെ വികസനത്തിനായി ഇന്ത്യാ ഗവൺമെന്റ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നു പറഞ്ഞ ശ്രീ മോദി, 100% റെയിൽവേ വൈദ്യുതവൽക്കരണം കൈവരിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് പശ്ചിമ ബംഗാൾ എന്ന് അടിവരയിട്ടു. പുരുലിയയ്ക്കും ഹൗറയ്ക്കും ഇടയിൽ മെമു ട്രെയിൻ എന്ന ദീർഘകാല ആവശ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ പൊതു ആവശ്യം ഇന്ത്യാ ഗവൺമെന്റ് നിറവേറ്റിയിട്ടുണ്ടെന്ന് അറിയിച്ചു. പശ്ചിമ ബംഗാളിലെ വിവിധ പാതകളിൽ നിലവിൽ ഒമ്പത് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെന്നും സംസ്ഥാനത്തെ ജനങ്ങൾക്കായി രണ്ട് അധിക അമൃത് ഭാരത് ട്രെയിനുകൾ കൂടി സർവീസ് നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
കഴിഞ്ഞ 11 വർഷത്തിനിടെ, ഈ മേഖലയിലെ നിരവധി പ്രധാന ഹൈവേ പദ്ധതികൾ ഇന്ത്യാ ഗവൺമെന്റ് പൂർത്തിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, മറ്റ് നിരവധി അടിസ്ഥാനസൗകര്യ പദ്ധതികളുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ചൂണ്ടിക്കാട്ടി. ആറുവരി കോന അതിവേഗ പാത പൂർത്തിയായിക്കഴിഞ്ഞാൽ, തുറമുഖ സമ്പർക്കസൗകര്യം ഗണ്യമായി മെച്ചപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ മെച്ചപ്പെടുത്തിയ സമ്പർക്കസൗകര്യങ്ങൾ കൊൽക്കത്തയ്ക്കും പശ്ചിമബംഗാളിനും മികച്ച ഭാവി ഉറപ്പാക്കുന്നതിനുള്ള അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുമെന്നു പറഞ്ഞാണ് അദ്ദേഹം ഉപസംഹരിച്ചത്.
പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ്, കേന്ദ്രമന്ത്രിമാരായ ശ്രീ ശാന്തനു ഠാക്കുർ, ശ്രീ രവ്നീത് സിങ് ബിട്ടു, ഡോ. സുകാന്ത മജുംദാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും നഗര ഗതാഗതസൗകര്യങ്ങളും ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, പ്രധാനമന്ത്രി കൊൽക്കത്തയിൽ മെട്രോ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. 13.61 കിലോമീറ്റർ ദൈർഘ്യമുള്ള പുതുതായി നിർമിച്ച മെട്രോ ശൃംഖല ഉദ്ഘാടനം ചെയ്തു. ഈ പാതകളിൽ മെട്രോ സർവീസുകൾ ആരംഭിച്ചു. ജെസ്സോർ റോഡ് മെട്രോ സ്റ്റേഷൻ സന്ദർശിച്ച അദ്ദേഹം, നൊവാപാര-ജയ് ഹിന്ദ് ബിമാൻബന്ദർ മെട്രോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ, വിദൂരദൃശ്യ സംവിധാനത്തിലൂടെ, സിയാൽദ-എസ്പ്ലനേഡ് മെട്രോ സർവീസും ബെലെഘട്ട-ഹേമന്ത മുഖോപാധ്യായ മെട്രോ സർവീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ജെസ്സോർ റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് ജയ് ഹിന്ദ് ബിമാൻബന്ദറിലേക്കും തിരിച്ചും അദ്ദേഹം മെട്രോ യാത്ര നടത്തി.
പൊതുചടങ്ങിൽ, പ്രധാനമന്ത്രി ഈ മെട്രോ ഭാഗങ്ങളും ഹൗറ മെട്രോ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച സബ്‌വേയും ഉദ്ഘാടനം ചെയ്തു. നൊവാപാര-ജയ് ഹിന്ദ് ബിമാൻബന്ദർ മെട്രോ സർവീസ് വിമാനത്താവളത്തിലേക്കുള്ള പ്രവേശനം ഗണ്യമായി മെച്ചപ്പെടുത്തും. സിയാൽദ-എസ്പ്ലനേഡ് മെട്രോ രണ്ട് പോയിന്റുകൾക്കിടയിലുള്ള യാത്രാ സമയം ഏകദേശം 40 മിനിറ്റിൽ നിന്ന് 11 മിനിറ്റായി കുറയ്ക്കും. ബെലെഘട്ട-ഹേമന്ത മുഖോപാധ്യായ മെട്രോ വിഭാഗം ഐടി ഹബ്ബുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. ഈ മെട്രോ പാതകൾ കൊൽക്കത്തയിലെ ഏറ്റവും തിരക്കേറിയ ചില പ്രദേശങ്ങളെ ബന്ധിപ്പിക്കുകയും യാത്രാ സമയത്തിൽ ഗണ്യമായ കുറവ് വരുത്തുകയും ബഹുതല ഗതാഗതസൗകര്യം ശക്തിപ്പെടുത്തുകയും ചെയ്യും, ഇത് ലക്ഷക്കണക്കിന് ദൈനംദിന യാത്രക്കാർക്ക് പ്രയോജനപ്പെടും.
മേഖലയിലെ റോഡ് അടിസ്ഥാനസൗകര്യങ്ങൾക്ക് വലിയ ഉണർവേകുന്നതിന്റെ ഭാഗമായി, 1200 കോടിയിലധികം രൂപയുടെ 7.2 കിലോമീറ്റർ നീളമുള്ള ആറുവരി കോന അതിവേഗ ഉയരപ്പാതയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ഇത് ഹൗറയും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളും കൊൽക്കത്തയും തമ്മിലുള്ള സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും യാത്രാസമയം മണിക്കൂറുകളോളം ലാഭിക്കുകയും മേഖലയിലെ വ്യാപാരം, വാണിജ്യം, വിനോദസഞ്ചാരം എന്നിവയ്ക്ക് ഗണ്യമായ പ്രോത്സാഹനം നൽകുകയും ചെയ്യും.
-SK-
(Release ID: 2159933)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada