പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബിഹാറിലെ ഗയയിൽ 12,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു


ഗയാജിയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം പുരാതനവും അതിസമ്പന്നവുമാണ്: പ്രധാനമന്ത്രി

ഇന്ത്യയുടെ പ്രതിരോധ തന്ത്രത്തിൽ ഓപ്പറേഷൻ സിന്ദൂർ പുതിയൊരു വഴിത്തിരിവായി: പ്രധാനമന്ത്രി

ബിഹാറിന്റെ ദ്രുതഗതിയിലുള്ള വികസനം കേന്ദ്രത്തിലെ എൻ‌ഡി‌എ ​ഗവൺമെൻ്റിൻ്റെ ഒരു പ്രധാന മുൻഗണനയാണ്: പ്രധാനമന്ത്രി

എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്തുനിന്ന് പുറത്താക്കും: പ്രധാനമന്ത്രി

Posted On: 22 AUG 2025 1:52PM by PIB Thiruvananthpuram

ബിഹാറിലെ ഗയയിൽ ഇന്ന് 12,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജ്ഞാനത്തിൻ്റെയും മുക്തിയുടെയും പുണ്യനഗരമായ ഗയാ ജിക്ക് പ്രധാനമന്ത്രി വന്ദനം അർപ്പിക്കുകയും വിഷ്ണുപാദ ക്ഷേത്രത്തിന്റെ മഹത്തായ ഭൂമിയിൽ നിന്ന് എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു. ഗയാ ജിയുടെ നാട് ആത്മീയതയുടെയും സമാധാനത്തിന്റെയും നാടാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഭഗവാൻ ബുദ്ധൻ ജ്ഞാനോദയം നേടിയ പുണ്യഭൂമിയാണ് ഈ മണ്ണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. "ഗയാ ജിയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം പുരാതനവും അതിസമ്പന്നവുമാണ്", ശ്രീ മോദി പറഞ്ഞു. ഈ നഗരത്തെ "ഗയ" എന്ന് മാത്രമല്ല, ആദരപൂർവ്വം "ഗയാ ജി" എന്ന് വിളിക്കണമെന്ന് പ്രദേശത്തെ ജനങ്ങൾ ആഗ്രഹിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ വികാരത്തെ മാനിച്ചതിന് ബിഹാർ ​ഗവൺമെൻ്റിനെ അഭിനന്ദിച്ചു. ഗയാ ജിയുടെ ദ്രുതഗതിയിലുള്ള വികസനത്തിനായി കേന്ദ്രത്തിലെയും ബിഹാറിലെയും തങ്ങളുടെ ​ഗവൺമെൻ്റുകൾ സ്ഥിരമായി പ്രവർത്തിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

ഗയ ജിയുടെ പുണ്യഭൂമിയിൽ നിന്ന് ഇന്ന് 12,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുകയും ഒറ്റ ദിവസം കൊണ്ട് തറക്കല്ലിടപ്പെടുകയും ചെയ്തതായി എടുത്തുപറഞ്ഞ ശ്രീ മോദി, ഊർജ്ജം, ആരോഗ്യ സംരക്ഷണം, നഗരവികസനം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് ഈ പദ്ധതികൾ ഉൾപ്പെടുന്നതെന്നും പറഞ്ഞു. ഈ സംരംഭങ്ങൾ ബിഹാറിന്റെ വ്യാവസായിക ശേഷി ശക്തിപ്പെടുത്തുകയും യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, ഈ പരിവർത്തനാത്മക പദ്ധതികൾക്ക് ബിഹാറിലെ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇന്ന് ഒരു ആശുപത്രിയും ഗവേഷണ കേന്ദ്രവും ഉദ്ഘാടനം ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. ഇതോടെ, ബിഹാറിലെ ജനങ്ങൾക്ക് ഇപ്പോൾ കാൻസർ ചികിത്സയ്ക്ക് ഒരു അധിക സൗകര്യം ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

ദരിദ്രരുടെ ജീവിതത്തിൽ നിന്ന് ബുദ്ധിമുട്ടുകൾ നീക്കം ചെയ്യുകയും സ്ത്രീകളുടെ ജീവിതം എളുപ്പമാക്കുകയും ചെയ്യുന്നത് ജനങ്ങളുടെ സേവകൻ എന്ന നിലയിൽ തനിക്ക് ഏറ്റവും വലിയ സംതൃപ്തി നൽകുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ദരിദ്രർക്ക് അടച്ചുറപ്പുള്ള വീടുകൾ നൽകുന്നത് തന്റെ പ്രധാന പ്രതിബദ്ധതകളിൽ ഒന്നാണെന്ന് ആവർത്തിച്ചു. എല്ലാ ദരിദ്രർക്കും ഒരു അടച്ചുറപ്പുള്ള വീട് ലഭിക്കുന്നതുവരെ താൻ വിശ്രമിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ ദൃഢനിശ്ചയത്തെ തുടർന്ന്, കഴിഞ്ഞ 11 വർഷത്തിനിടെ രാജ്യത്തുടനീളം 4 കോടി അടച്ചുറപ്പുള്ള വീടുകൾ ദരിദ്രർക്കായി നിർമ്മിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ബിഹാറിൽ മാത്രം 38 ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ചിട്ടുണ്ടെന്നും ഗയ ജില്ലയിലെ 2 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇവ വെറും വീടുകളല്ല, മറിച്ച് ദരിദ്രരുടെ അന്തസ്സിന്റെ പ്രതീകങ്ങളാണെന്നും ഊന്നിപ്പറഞ്ഞു. വൈദ്യുതി, വെള്ളം, ശൗചാലയങ്ങൾ, ഗ്യാസ് കണക്ഷനുകൾ എന്നിവ ഈ വീടുകളിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു - ദരിദ്ര കുടുംബങ്ങളും സൗകര്യത്തോടെയും സുരക്ഷയോടെയും അന്തസ്സോടെയും ജീവിക്കുന്നുവെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.

ഈ സംരംഭം തുടരുന്നതിലൂടെ ബിഹാറിലെ മഗധ് മേഖലയിലെ 16,000-ത്തിലധികം കുടുംബങ്ങൾക്ക് ഇപ്പോൾ അവരുടെ അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷം ഈ വീടുകളിലെ ദീപാവലി, ഛഠ് പൂജ ആഘോഷങ്ങൾ കൂടുതൽ ഊർജ്ജസ്വലമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വീട് ലഭിച്ച എല്ലാ ഗുണഭോക്തൃ കുടുംബങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട്, ഓരോ ദരിദ്ര പൗരനും ഒരു അടച്ചുറപ്പുള്ള വീട് ലഭിക്കുന്നതുവരെ കാമ്പയിൻ തുടരുമെന്ന് പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം ആനുകൂല്യങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് ശ്രീ മോദി ഉറപ്പ് നൽകി.

"ചന്ദ്രഗുപ്ത മൗര്യന്റെയും ചാണക്യന്റെയും നാടാണ് ബിഹാർ. ഇന്ത്യ ശത്രുക്കളിൽ നിന്ന് വെല്ലുവിളികൾ നേരിട്ടപ്പോഴെല്ലാം, ബിഹാർ രാഷ്ട്രത്തിന് ഒരു കവചമായി നിലകൊണ്ടിട്ടുണ്ട്", ബിഹാറിന്റെ മണ്ണിൽ എടുത്ത ഏതൊരു പ്രതിജ്ഞയും ഒരിക്കലും പൂർത്തീകരിക്കപ്പെടാതെ പോകില്ലെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, മതം ചോദിച്ചതിന് ശേഷം നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെട്ടതിനെ പരാമർശിച്ചുകൊണ്ട്, ഭീകരത ഇല്ലാതാക്കുമെന്ന് താൻ പ്രതിജ്ഞയെടുത്തത് ബിഹാറിന്റെ മണ്ണിൽ നിന്നാണെന്ന് ഓർമ്മിപ്പിച്ചു. ബിഹാറിന്റെ മണ്ണിൽ എടുത്ത ആ ദൃഢനിശ്ചയത്തിന്റെ പൂർത്തീകരണത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുമ്പോൾ, ഇന്ത്യ ആ മിസൈലുകളെ വായുവിൽ വെച്ച് തടയുകയും  നിർവീര്യമാക്കുകയും ചെയ്യുകയായിരുന്നുവെന്ന് ശ്രീ മോദി രാജ്യത്തെ ഓർമ്മിപ്പിച്ചു. പാകിസ്ഥാനിൽ നിന്നുള്ള ഒരു മിസൈൽ പോലും ഇന്ത്യയ്ക്ക് ദോഷം വരുത്തില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

"ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ പ്രതിരോധ തന്ത്രത്തിൽ ഒരു പുതിയ രേഖ വരച്ചിരിക്കുന്നു", ഇന്ത്യയിലേക്ക് തീവ്രവാദികളെ അയച്ചതിനുശേഷമോ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിനുശേഷമോ ഇനി ആർക്കും രക്ഷപ്പെടാൻ കഴിയില്ലെന്ന് ശ്രീ മോദി പറഞ്ഞു. തീവ്രവാദികൾ ഭൂമിയുടെ ആഴങ്ങളിൽ ഒളിച്ചാലും ഇന്ത്യയുടെ മിസൈലുകൾ അവരെ അവിടെ അടക്കം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

"ബിഹാറിന്റെ ദ്രുതഗതിയിലുള്ള വികസനം കേന്ദ്രത്തിലെ എൻ‌ഡി‌എ ഗവൺമെന്റിന്റെ പ്രധാന മുൻഗണനയാണ്", ബിഹാർ ഇപ്പോൾ സമഗ്ര വികസനത്തിന്റെ പാതയിലേക്ക് മുന്നേറുകയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സമീപ വർഷങ്ങളിൽ, ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും പുരോഗതിക്കായി പുതിയ വഴികൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അടിവരയിട്ടു. "റാന്തൽ വിളക്കുകാരുടെ ഭരണ" കാലത്തെ ഭയാനകമായ സാഹചര്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട്, ആ കാലഘട്ടത്തിൽ ഈ പ്രദേശം ചുവപ്പ് ഭീകരതയുടെ പിടിയിലായിരുന്നുവെന്നും മാവോയിസ്റ്റ് പ്രവർത്തനങ്ങൾ കാരണം സൂര്യാസ്തമയത്തിനു ശേഷമുള്ള ജീവിതം വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും ശ്രീ മോദി പറഞ്ഞു. ഗയ ജി പോലുള്ള നഗരങ്ങൾ റാന്തൽ വിളക്ക് ഭരണത്തിന് കീഴിൽ ഇരുട്ടിൽ മുങ്ങിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് ഗ്രാമങ്ങളിൽ വൈദ്യുതി തൂണുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റാന്തൽ വിളക്ക് കാലഘട്ടത്തിൽ ഭരിച്ചവർ ബിഹാറിന്റെ ഭാവിയെ ഇരുട്ടിലേക്ക് തള്ളിവിട്ടുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമോ തൊഴിലോ ഇല്ലെന്നും ഈ സാഹചര്യങ്ങൾ കാരണം ബിഹാറികളുടെ തലമുറകൾ മറ്റിടങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരായി എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രതിപക്ഷവും സഖ്യകക്ഷികളും ബിഹാറിലെ ജനങ്ങളെ വെറും വോട്ട് ബാങ്കായി മാത്രമേ കാണുന്നുള്ളൂവെന്ന് ശ്രീ മോദി പറഞ്ഞു. ദരിദ്രരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും അവരുടെ അന്തസ്സിലും ബഹുമാനത്തിലും അവർക്ക് ഒരു ആശങ്കയുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പ്രത്യേക പാർട്ടിയിലെ മുൻ മുഖ്യമന്ത്രി ഒരിക്കൽ ഒരു വേദിയിൽ നിന്ന് ബിഹാറിൽ നിന്നുള്ളവരെ തന്റെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. അത്തരം നേതാക്കൾ ബിഹാറിലെ ജനങ്ങളോട് കാണിക്കുന്ന കടുത്ത വെറുപ്പിനെയും അവഹേളനത്തെയും ശക്തമായി വിമർശിച്ച ശ്രീ മോദി, അത്തരം മോശം പെരുമാറ്റങ്ങൾ കണ്ടിട്ടും പ്രതിപക്ഷ പാർട്ടി നേതൃത്വം ഗാഢനിദ്രയിലാണെന്ന് പറഞ്ഞു.

പ്രതിപക്ഷ സഖ്യങ്ങളുടെ ഭിന്നിപ്പിക്കുന്ന പ്രചാരണത്തിന് നിലവിലെ ബിഹാർ ​ഗവൺമെന്റ് മറുപടി നൽകുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ബിഹാറിന്റെ ആൺമക്കളും പെൺമക്കളും സംസ്ഥാനത്തിനുള്ളിൽ തൊഴിൽ കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബിഹാറിലുടനീളം പ്രധാന പദ്ധതികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് അടിവരയിട്ട ശ്രീ മോദി, ബിഹാറിലെ ഏറ്റവും വലിയ വ്യാവസായിക മേഖല ഗയ ജി ജില്ലയിലെ ദോബിയിൽ സ്ഥാപിക്കപ്പെടുന്നുണ്ടെന്നും ഗയ ജിയിൽ ഒരു സാങ്കേതിക കേന്ദ്രവും സ്ഥാപിക്കുന്നുണ്ടെന്നും അറിയിച്ചു. ഇന്നത്തെ ബക്സർ തെർമൽ പവർ പ്ലാന്റിന്റെ ഉദ്ഘാടനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ്, ഔറംഗാബാദിലെ നബിനഗർ സൂപ്പർ തെർമൽ പവർ പ്രോജക്റ്റിന് തറക്കല്ലിട്ട കാര്യം അനുസ്മരിച്ചുകൊണ്ട്, ഭഗൽപൂരിലെ പിർപൈന്തിയിൽ ഒരു പുതിയ തെർമൽ പവർ പ്ലാന്റ് നിർമ്മിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. ഈ വൈദ്യുത നിലയങ്ങൾ ബിഹാറിലെ വൈദ്യുതി വിതരണം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വർദ്ധിച്ച വൈദ്യുതി ഉൽപ്പാദനം വീടുകളിൽ മെച്ചപ്പെട്ട വൈദ്യുതി ലഭ്യതയ്ക്കും വ്യവസായങ്ങൾക്കുള്ള കൂടുതൽ വിതരണത്തിനും കാരണമാകുമെന്ന് അഭിപ്രായപ്പെട്ട  ശ്രീ മോദി, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളുടെ ഈ വിപുലീകരണം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞു.

ബിഹാറിലെ യുവാക്കൾക്ക് സ്ഥിരമായ ​ഗവൺമെന്റ് ജോലികൾ നൽകുന്നതിനായി മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ ഒരു പ്രധാന പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, ശ്രീ നിതീഷ് കുമാറിന്റെ നേതൃത്വം മൂലമാണ് സംസ്ഥാനത്ത് അധ്യാപക നിയമനം പൂർണ്ണ സുതാര്യതയോടെ നടത്തിയതെന്ന് അഭിപ്രായപ്പെട്ടു. ജോലിക്കായി കുടിയേറാതെ തന്നെ ബിഹാറിലെ പരമാവധി യുവാക്കൾക്ക് സംസ്ഥാനത്തിനുള്ളിൽ തന്നെ തൊഴിൽ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കേന്ദ്ര ​ഗവൺമെന്റിന്റെ ഒരു പുതിയ സംരംഭം ഈ ലക്ഷ്യത്തെ ഗണ്യമായി പിന്തുണയ്ക്കുമെന്ന് എടുത്തുകാണിച്ചുകൊണ്ട്, സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്​ഗർ യോജന പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതി പ്രകാരം, യുവാക്കൾ സ്വകാര്യ മേഖലയിൽ അവരുടെ ആദ്യ ജോലി ഏറ്റെടുക്കുമ്പോൾ, കേന്ദ്ര ​ഗവൺമെന്റ് അവർക്ക് നേരിട്ട് ₹15,000 നൽകും. യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ കമ്പനികൾക്കും സാമ്പത്തിക സഹായം ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലെ യുവാക്കൾക്ക് ഈ പദ്ധതി വളരെയധികം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളും അവരുടെ ​ഗവൺമെന്റും പൊതുജനങ്ങളുടെ പണത്തിന് ഒരിക്കലും വില കൽപ്പിക്കാത്തതിനെ വിമർശിച്ച ശ്രീ മോദി, പൊതു ഫണ്ട് അവരുടെ സ്വന്തം ഖജനാവ് നിറയ്ക്കാനുള്ള ഒരു മാർഗം മാത്രമാണെന്ന് പറഞ്ഞു. പ്രതിപക്ഷ ഭരണത്തിൻ കീഴിൽ, പദ്ധതികൾ വർഷങ്ങളോളം അപൂർണ്ണമായിരുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഒരു പദ്ധതി എത്രത്തോളം വൈകിയോ അത്രത്തോളം അവർ അതിൽ നിന്ന് കൂടുതൽ പണം സമ്പാദിച്ചു. ഈ വികലമായ മനോഭാവം ഇപ്പോൾ തങ്ങളുടെ ​ഗവൺമെന്റ് മാറ്റിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ഒരു ശിലാസ്ഥാപനം നടത്തിയ ശേഷം, എത്രയും വേഗം പ്രവൃത്തി പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ സമീപനത്തിന്റെ ഉദാഹരണമായി ഇന്നത്തെ പരിപാടിയെക്കുറിച്ച് സൂചിപ്പിച്ച്കൊണ്ട്, ആന്റ-സിമാരിയ വിഭാഗത്തിന് തറക്കല്ലിട്ടത് താനാണെന്നും ഇപ്പോൾ  താൻ തന്നെയാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും ശ്രീ മോദി ഓർമ്മിപ്പിച്ചു. ഈ പാലം റോഡുകളെ ബന്ധിപ്പിക്കുക മാത്രമല്ല, വടക്കും തെക്കും ബിഹാറിനെ ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഗാന്ധി സേതു വഴി 150 കിലോമീറ്റർ വഴിമാറി സഞ്ചരിക്കേണ്ടിയിരുന്ന ഹെവി വാഹനങ്ങൾക്ക് ഇനി നേരിട്ടുള്ള പാത ഉണ്ടായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വ്യാപാരം ത്വരിതപ്പെടുത്തുകയും വ്യവസായങ്ങൾ ശക്തിപ്പെടുത്തുകയും തീർത്ഥാടകർക്ക് യാത്ര എളുപ്പമാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തങ്ങളുടെ ഗവൺമെന്റിന്റെ കീഴിൽ ആരംഭിച്ച വികസന പദ്ധതികൾ പൂർത്തീകരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ബിഹാറിലെ റെയിൽവേ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ​ഗവൺമെന്റുകൾ വേഗത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം, യാത്രക്കാർക്ക് വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങൾ നൽകുന്നതിനായി ഗയ ജി റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഗയ ഇപ്പോൾ രാജധാനി, ജനശതാബ്ദി, ഇന്ത്യയിൽ നിർമ്മിച്ച വന്ദേ ഭാരത് ട്രെയിനുകൾ എന്നിവ ലഭ്യമാകുന്ന ഒരു നഗരമാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഗയ ജിയിൽ നിന്ന് സസാരം, പ്രയാഗ്‌രാജ്, കാൺപൂർ വഴി ഡൽഹിയിലേക്കുള്ള നേരിട്ടുള്ള റെയിൽ കണക്റ്റിവിറ്റി ബിഹാറിലെ യുവാക്കൾക്കും സംരംഭകർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

2014-ൽ പ്രധാനമന്ത്രിയായി തന്റെ കാലാവധി ആരംഭിക്കാൻ സഹായിച്ച അവരുടെ അനുഗ്രഹങ്ങൾക്കും രാജ്യത്തിന്റെ അചഞ്ചലമായ വിശ്വാസത്തിനും നന്ദി പ്രകടിപ്പിച്ചുകൊണ്ട്, തടസ്സമില്ലാതെ തുടരുന്ന ഒരു ഭരണകാലമാണിതെന്നും, ഇത്രയും വർഷത്തിനിടയിൽ, തന്റെ ​ഗവൺമെന്റിൽ അഴിമതിയുടെ ഒരു കറ പോലും കണ്ടെത്തിയിട്ടില്ലെന്നും ശ്രീ മോദി സ്ഥിരീകരിച്ചു. ഇതിനു വിപരീതമായി, സ്വാതന്ത്ര്യലബ്ധിക്കുശേഷം ആറ് മുതൽ ആറര പതിറ്റാണ്ട് വരെ ഭരിച്ച പ്രതിപക്ഷ ​ഗവൺമെന്റുകൾക്ക് അഴിമതി കേസുകളുടെ ഒരു നീണ്ട പട്ടികയുണ്ടെന്നും പ്രതിപക്ഷ പാർട്ടികളുടെ അഴിമതി ബിഹാറിലെ എല്ലാ കുട്ടികൾക്കും അറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമതിക്കെതിരായ പോരാട്ടത്തെ യുക്തിസഹമായ ഒരു പരിസമാപ്തിയിലെത്തിക്കണമെങ്കിൽ, ആരും നടപടിയുടെ പരിധിക്ക് പുറത്തായിരിക്കരുതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 48 മണിക്കൂർ കസ്റ്റഡിയിൽ വച്ചാൽ ഒരു ജൂനിയർ ​ഗവൺമെന്റ് ജീവനക്കാരനെ പോലും സ്വയമേവ സസ്‌പെൻഡ് ചെയ്യുന്ന നിലവിലെ നിയമത്തെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ജയിലിലായിരിക്കുമ്പോൾ പോലും ഒരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ അധികാരത്തിന്റെ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. ഫയലുകൾ ഒപ്പിടുകയും ജയിലിൽ നിന്ന് നേരിട്ട് ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്ത സമീപകാല സംഭവങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. രാഷ്ട്രീയ നേതാക്കളുടെ മനോഭാവം ഇതാണെങ്കിൽ, അഴിമതിക്കെതിരായ പോരാട്ടം എങ്ങനെ ഫലപ്രദമായി തുടരുമെന്ന് ശ്രീ മോദി പറഞ്ഞു.

എല്ലാ പൊതു പ്രതിനിധികളിൽ നിന്നും ഇന്ത്യൻ ഭരണഘടന പ്രതീക്ഷിക്കുന്നത് സത്യസന്ധതയും സുതാര്യതയും ആണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഭരണഘടനയുടെ അന്തസ്സ് കീറിമുറിക്കാൻ അനുവദിക്കരുതെന്ന് ഊന്നിപ്പറഞ്ഞു. രാജ്യത്തെ പ്രധാനമന്ത്രിക്ക് പോലും ബാധകമായ ഒരു കർശനമായ അഴിമതി വിരുദ്ധ നിയമം തങ്ങളുടെ ​ഗവൺമെന്റ് കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിമാരും മന്ത്രിമാരും ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിയമം നടപ്പിലാക്കിക്കഴിഞ്ഞാൽ, അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരു പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിയോ 30 ദിവസത്തിനുള്ളിൽ ജാമ്യം നേടേണ്ടതുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ജാമ്യം ലഭിച്ചില്ലെങ്കിൽ 31-ാം ദിവസം അവർ സ്ഥാനം ഒഴിയേണ്ടിവരും. ഇത്തരമൊരു കർശനമായ നിയമം നടപ്പിലാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ​ഗവൺമെ‍‌ന്റ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ഈ നിയമനിർമ്മാണത്തെ എതിർക്കുന്നതിന് പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച ശ്രീ മോദി, അവരുടെ കോപം ഭയത്തിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് അഭിപ്രായപ്പെട്ടു - തെറ്റുകൾ ചെയ്തവർക്ക് അവ മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കാൻ കഴിയും, പക്ഷേ അവർക്ക് തന്നെ അവരുടെ പ്രവൃത്തികളെക്കുറിച്ച് അറിയാം. പ്രതിപക്ഷ പാർട്ടികളിലെ ചില നേതാക്കൾ ജാമ്യത്തിലാണെന്നും മറ്റുള്ളവർ അഴിമതികളുമായി ബന്ധപ്പെട്ട നിയമനടപടികളിൽ കുടുങ്ങിയിട്ടുണ്ടെന്നും ഈ വ്യക്തികൾ ജയിലിലായാൽ അവരുടെ രാഷ്ട്രീയ സ്വപ്നങ്ങൾ തകരുമെന്ന് ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അവർ നിർദ്ദിഷ്ട നിയമത്തെ എതിർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരമോഹികളായ വ്യക്തികൾ അഴിമതി നടത്തി ജയിലിലായിരിക്കുമ്പോൾ പോലും അധികാരത്തിൽ തുടരുമെന്ന് രാജേന്ദ്ര ബാബു, ഡോ. ബാബാസാഹേബ് അംബേദ്കർ തുടങ്ങിയ നേതാക്കൾ ഒരിക്കലും സങ്കൽപ്പിച്ചു കാണില്ലെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. പുതിയ നിയമപ്രകാരം അഴിമതിക്കാരായ വ്യക്തികൾ ജയിലിലേക്ക് പോവുക മാത്രമല്ല, അവർക്ക് അധികാര സ്ഥാനങ്ങൾ നഷ്ടപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. "ഇന്ത്യയെ അഴിമതിയിൽ നിന്ന് മോചിപ്പിക്കാനുള്ള ദൃഢനിശ്ചയം കോടിക്കണക്കിന് പൗരന്മാരുടെ കൂട്ടായ പ്രതിബദ്ധതയാണ് - ഈ ദൃഢനിശ്ചയം പൂർത്തീകരിക്കപ്പെടും", പ്രധാനമന്ത്രി പറഞ്ഞു.

ചെങ്കോട്ടയിൽ നിന്ന് താൻ ഉന്നയിച്ച-ബിഹാറിനെയും ബാധിക്കുന്ന-ഒരു ഗുരുതരമായ ആശങ്ക പരാമർശിച്ച ശ്രീ മോദി, രാജ്യത്ത് നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് അഭിപ്രായപ്പെട്ടു. ബിഹാറിന്റെ അതിർത്തി ജില്ലകളുടെ ജനസംഖ്യാപരമായ പ്രൊഫൈൽ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു, നുഴഞ്ഞുകയറ്റക്കാർ രാജ്യത്തിന്റെ ഭാവി തീരുമാനിക്കാൻ അനുവദിക്കില്ലെന്ന് അവരുടെ ​ഗവൺമെന്റ് ഉറപ്പിച്ചു പറഞ്ഞു. ബിഹാറിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ തട്ടിയെടുക്കാൻ നുഴഞ്ഞുകയറ്റക്കാരെ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യൻ പൗരന്മാർക്കുള്ള സൗകര്യങ്ങൾ നുഴഞ്ഞുകയറ്റക്കാർ കൊള്ളയടിക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ഭീഷണിയെ നേരിടാൻ, വളരെ വേഗം പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ഒരു ജനസംഖ്യാ ദൗത്യം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തിനകത്തുനിന്ന് നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബിഹാറിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ബിഹാറികളുടെ അവകാശങ്ങൾ കവർന്നെടുക്കാനും അവരെ നുഴഞ്ഞുകയറ്റക്കാർക്ക് കൈമാറാനും ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികളെ ശ്രീ മോദി ശക്തമായി വിമർശിച്ചു. പ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി, ആ പാർട്ടികൾ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

പ്രതിപക്ഷ പാർട്ടികളുടെ ദോഷകരമായ ഉദ്ദേശ്യങ്ങളിൽ നിന്ന് ബിഹാറിനെ സംരക്ഷിക്കണമെന്ന് കൂട്ടിച്ചേർത്ത ശ്രീ മോദി, ബിഹാറിന് ഇത് വളരെ നിർണായകമായ സമയമാണെന്ന് ഊന്നിപ്പറഞ്ഞു. ബിഹാറിലെ യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബിഹാറിലെ ജനങ്ങളുടെ അഭിലാഷങ്ങൾക്ക് പുതിയ ചിറകുകൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യത്തിനായി കേന്ദ്ര ​ഗവൺമെന്റ് ശ്രീ നിതീഷ് കുമാറിനൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, ബിഹാറിലെ വികസനത്തിന്റെ വേഗത നിലനിർത്താൻ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും അവരുടെ ​ഗവൺമെന്റുകൾ തുടർച്ചയായി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഇന്നത്തെ വികസന പദ്ധതികൾ ഈ ദിശയിലുള്ള ഒരു പ്രധാന ചുവടുവയ്പ്പാണെന്നും ഉറപ്പിച്ചു പറഞ്ഞു.

ബിഹാർ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, ബിഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്രമന്ത്രിമാരായ ശ്രീ രാജീവ് രഞ്ജൻ സിംഗ്, ശ്രീ ജിതൻ റാം മാഞ്ചി, ശ്രീ ഗിരിരാജ് സിംഗ്, ശ്രീ ചിരാഗ് പാസ്വാൻ, ശ്രീ നിത്യാനന്ദ് റായ്, ശ്രീ രാം നാഥ് താക്കൂർ, ഡോ. രാജ് ഭൂഷൺ ചൗധരി, ശ്രീ സതീഷ് ചന്ദ്ര ദുബെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം

കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയോടെ, എൻഎച്ച്-31-ൽ 8.15 കിലോമീറ്റർ നീളമുള്ള ആന്റ - സിമാരിയ പാലം പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ഇതിൽ ഗംഗാ നദി‌യ്ക്കു കുറുകെ 1.86 കിലോമീറ്റർ നീളമുള്ള 6 വരി പാലവും ഉൾപ്പെടുന്നു. 1,870 കോടി രൂപയിലധികം ചെലവിൽ നിർമ്മിച്ചതാണ് ഇത്. പട്നയിലെ മൊകാമയ്ക്കും ബെഗുസാരായിക്കും ഇടയിൽ നേരിട്ട് കണക്ഷൻ ഇത് നൽകും.

പഴയ 2 വരി റെയിൽ-കം-റോഡ് പാലമായ "രാജേന്ദ്ര സേതു" മോശം അവസ്ഥയിലാണ്, ഇതു കാരണം ഭാരവാഹനങ്ങൾ വഴിതിരിച്ചു വിടേണ്ടി വരുന്നു. ഇതിന് സമാന്തരമായാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ബിഹാറിനും (ബെഗുസാരായി, സുപോൾ, മധുബാനി, പൂർണിയ, അരാരിയ മുതലായവ) ദക്ഷിണ ബിഹാർ പ്രദേശങ്ങൾക്കും (ഷെയ്ഖ്പുര, നവാഡ, ലഖിസാരായി മുതലായവ) ഇടയിൽ സഞ്ചരിക്കുന്ന ഭാരവാഹനങ്ങൾക്ക് 100 കിലോമീറ്ററിലധികം അധിക യാത്രാ ദൂരം പുതിയ പാലം കുറയ്ക്കും. ഈ വാഹനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നതിനാൽ മേഖലയിലെ മറ്റ് ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് കുറയ്ക്കാനും ഇത് സഹായിക്കും.

ഇത് സമീപ പ്രദേശങ്ങളിലെ, പ്രത്യേകിച്ച് ദക്ഷിണ ബിഹാറിനെയും ജാർഖണ്ഡിനെയും ആവശ്യമായ അസംസ്കൃത വസ്തുക്കൾക്കായി ആശ്രയിക്കുന്ന വടക്കൻ ബിഹാറിലെ, സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടും. പ്രശസ്ത കവി പരേതനായ ശ്രീ രാംധാരി സിംഗ് ദിനകറിന്റെ ജന്മസ്ഥലം കൂടിയായ സിമാരിയ ധാമിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രവുമായി മികച്ച കണക്റ്റിവിറ്റിയും ഇത് നൽകും.

ഏകദേശം 1,900 കോടി രൂപ ചിലവഴിച്ച് എൻഎച്ച്-31 ലെ ഭക്തിയാർപൂർ മുതൽ മൊകാമ വരെയുള്ള നാലുവരിപ്പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ഇത് തിരക്ക് കുറയ്ക്കുകയും യാത്രാ സമയം കുറയ്ക്കുകയും യാത്രക്കാരുടെയും ചരക്കുവസ്തുക്കളുടെയും ഗതാഗതം വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ബിഹാറിലെ എൻഎച്ച്-120 ലെ ബിക്രാംഗഞ്ച്-ദാവത്-നവനഗർ-ദുമ്രോൺ ഭാഗത്തിന്റെ നടപ്പാതയുള്ള രണ്ട് വരിപ്പാതയുടെ മെച്ചപ്പെടുത്തൽ ഗ്രാമപ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും പ്രാദേശിക ജനങ്ങൾക്ക് പുതിയ സാമ്പത്തിക അവസരങ്ങൾ നൽകുകയും ചെയ്യും.

ബിഹാറിലെ വൈദ്യുതി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട്, ഏകദേശം 6,880 കോടി രൂപയുടെ ബക്‌സർ തെർമൽ പവർ പ്ലാന്റ് (660x1 മെഗാവാട്ട്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് വൈദ്യുതി ഉൽപാദന ശേഷി ഗണ്യമായി വർദ്ധിപ്പിക്കുകയും ഊർജ്ജ സുരക്ഷ മെച്ചപ്പെടുത്തുകയും മേഖലയിലെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുകയും ചെയ്യും.

ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള വലിയ പ്രോത്സാഹനമായി, മുസാഫർപൂരിൽ ഹോമി ഭാഭ കാൻസർ ആശുപത്രി & ഗവേഷണ കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നൂതന ഓങ്കോളജി ഒപിഡി, ഐപിഡി വാർഡുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, ആധുനിക ലാബ്, രക്തബാങ്ക്, 24 കിടക്കകളുള്ള ഐസിയു (ഇന്റൻസീവ് കെയർ യൂണിറ്റ്), എച്ച്ഡിയു (ഹൈ ഡിപൻഡൻസി യൂണിറ്റ്) എന്നിവ ഈ കേന്ദ്രത്തിൽ ഉൾപ്പെടുന്നു. ബിഹാറിലെയും അയൽ സംസ്ഥാനങ്ങളിലെയും രോഗികൾക്ക് നൂതനവും താങ്ങാനാവുന്നതുമായ കാൻസർ പരിചരണം ഈ അത്യാധുനിക സൗകര്യം നൽകും, ഇത് ചികിത്സയ്ക്കായി വിദൂര മെട്രോകളിലേക്ക് യാത്ര ചെയ്യേണ്ടതിന്റെ ആവശ്യകത കുറയ്ക്കും.

സ്വച്ഛ് ഭാരത് എന്ന തന്റെ ദർശനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഗംഗാ നദിയുടെ അവൈറൽ, നിർമ്മൽ ധാര ഉറപ്പാക്കുന്നതിനും വേണ്ടി, മുൻഗറിൽ നമാമി ഗംഗയുടെ കീഴിൽ 520 കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച മലിനജല സംസ്കരണ പ്ലാന്റും (എസ്ടിപി) മലിനജല ശൃംഖലയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഗംഗയിലെ മലിനീകരണം കുറയ്ക്കുന്നതിനും മേഖലയിലെ ശുചിത്വ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.

ഏകദേശം 1,260 കോടി രൂപയുടെ നഗര അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഒരു പരമ്പരയ്ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഔറംഗാബാദിലെ ദൗദ്‌നഗറിലും ജെഹാനാബാദിലും എസ്‌ടിപി, മലിനജല ശൃംഖല എന്നിവ ഇതിൽ ഉൾപ്പെടുന്നു; ലഖിസാരായിയിലെ ബരാഹിയ, ജമുയി എന്നിവിടങ്ങളിലെ എസ്‌ടിപി, ഇന്റർസെപ്ഷൻ, വഴിതിരിച്ചുവിടൽ ജോലികൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. അമൃത് 2.0 പ്രകാരം, ഔറംഗാബാദ്, ബോധ്ഗയ, ജെഹാനാബാദ് എന്നിവിടങ്ങളിലെ ജലവിതരണ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും. ഈ പദ്ധതികൾ ശുദ്ധമായ കുടിവെള്ളം, ആധുനിക മലിനജല സംവിധാനങ്ങൾ, മെച്ചപ്പെട്ട ശുചിത്വം എന്നിവ പ്രദാനം ചെയ്യും, അതുവഴി മേഖലയിലെ ആരോഗ്യ നിലവാരവും ജീവിത നിലവാരവും മെച്ചപ്പെടുത്തും.

മേഖലയിൽ റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി രണ്ട് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ആധുനിക സൗകര്യങ്ങൾ, സുഖസൗകര്യങ്ങൾ, സുരക്ഷ എന്നിവ ഉപയോഗിച്ച് യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്ന ഗയയ്ക്കും ഡൽഹിക്കും ഇടയിലുള്ള അമൃത് ഭാരത് എക്സ്പ്രസാണ് അതിലൊന്ന്. വൈശാലിക്കും കോഡെർമയ്ക്കും ഇടയിലുള്ള ബുദ്ധിസ്റ്റ് സർക്യൂട്ട് ട്രെയിൻ, മേഖലയിലെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളിലൂടെയുള്ള വിനോദസഞ്ചാരത്തിനും മതപരമായ യാത്രയ്ക്കും ഉത്തേജനം നൽകും.

പിഎംഎവൈ-ഗ്രാമീണിന് കീഴിലുള്ള 12,000 ഗ്രാമീണ ഗുണഭോക്താക്കളുടെയും പിഎംഎവൈ-നഗരത്തിന് കീഴിലുള്ള 4,260 ഗുണഭോക്താക്കളുടെയും ഗൃഹപ്രവേശ ചടങ്ങിൽ പ്രധാനമന്ത്രി ഏതാനും ഗുണഭോക്താക്കൾക്ക് പ്രതീകാത്മകമായി താക്കോൽ കൈമാറി. അങ്ങനെ ആയിരക്കണക്കിന് കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.

 

 

***

SK


(Release ID: 2159769)