ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് റാപ്പിഡോ-ഓൺലൈൻ റൈഡ് ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) 10 ലക്ഷം രൂപ പിഴ ചുമത്തി

ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നീക്കുകയും ചെയ്തു: CCPA

Posted On: 21 AUG 2025 10:36AM by PIB Thiruvananthpuram
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും നീതിയുക്തമല്ലാത്ത വ്യാപാര രീതികളും പ്രസിദ്ധീകരിച്ചതിന് റാപ്പിഡോ (റോപ്പൻ ട്രാൻസ്പോർട്ടേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്) ₹ 10,00,000 പിഴ അടയ്ക്കണമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി  (CCPA) ഉത്തരവിട്ടു.

കൂടാതെ, “AUTO IN 5 MIN OR GET ₹50” ഓഫർ ലഭിച്ച ശേഷം വാഗ്ദാനം ചെയ്ത ₹ 50 തിരിച്ചു ലഭിക്കാത്ത ഏതൊരു ഉപഭോക്താവിനും കൂടുതൽ കാലതാമസമോ വ്യവസ്ഥകളോ കൂടാതെ പ്രസ്തുത തുക പൂർണ്ണമായി തിരികെ നൽകണമെന്ന് അതോറിറ്റി ഓൺലൈൻ റൈഡ് ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമിനോട് നിർദ്ദേശിച്ചു.

“AUTO IN 5 MIN OR GET ₹50” , “Guaranteed Auto” എന്നിങ്ങനെ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്ത റാപ്പിഡോയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ CCPA-യുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം, ഈ പരസ്യങ്ങൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും ഉപഭോക്താക്കളോടുള്ള അനീതിയുമാണെന്ന് CCPA കണ്ടെത്തുകയും, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഉടനടി നിർത്തി വയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിലെ (NCH) ഡാറ്റ പ്രകാരം :

2023 ഏപ്രിൽ മുതൽ 2024 മെയ് വരെ റാപ്പിഡോയ്‌ക്കെതിരെ 575 പരാതികളുണ്ട്.
2024 ജൂണിനും 2025 ജൂലൈയ്ക്കും ഇടയിൽ 1,224 പരാതികളുണ്ട് .

റാപ്പിഡോയുടെ പരസ്യങ്ങളിൽ "T&C Apply" എന്ന നിരാകരണം തീരെ ചെറുതും വായിക്കാൻ കഴിയാത്തതുമായ വലുപ്പത്തിലാണ്  പ്രദർശിപ്പിച്ചിരിക്കുന്നതെന്ന് CCPA നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വാഗ്ദാനം ചെയ്ത ₹50 ആനുകൂല്യം യഥാർത്ഥ കറൻസി (രൂപയിൽ) അല്ല, മറിച്ച് "റാപ്പിഡോ നാണയങ്ങൾ" ആയിരുന്നു, എന്നിട്ടും ആനുകൂല്യം "₹50 വരെ" ആയിരുന്നു. എല്ലായ്പ്പോഴും കൃത്യമായി ₹50 ആയിരുന്നുമില്ല. ഏഴു ദിവസം മാത്രം സാധുതയുള്ള ഈ നാണയങ്ങൾ റാപ്പിഡോ ബൈക്ക് യാത്രകൾക്കായി മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. നിയന്ത്രണങ്ങൾ ഓഫറിന്റെ മൂല്യം ഗണ്യമായി കുറയ്ക്കുകയും യുക്തിരഹിതമായി സമയപരിധിക്കുള്ളിൽ റാപ്പിഡോയിൽ നിന്നുള്ള  സേവനം ഉപയോഗിക്കാൻ ഉപഭോക്താക്കളെ നിർബന്ധിതരാക്കുകയും ചെയ്തു. അത്തരം നിരാകരണങ്ങൾ ഉറപ്പായ സേവനത്തെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുകയും ഉപഭോക്താക്കളെ  തെറ്റിദ്ധരിപ്പിച്ച് റാപ്പിഡോ തിരഞ്ഞെടുക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.

കൂടാതെ,“AUTO IN 5 MIN OR GET ₹50” എന്ന് പരസ്യത്തിൽ  അവകാശപ്പെട്ടിരുന്നെങ്കിലും, നിബന്ധനകളും വ്യവസ്ഥകളും ഗ്യാരണ്ടി നൽകുന്നത് റാപ്പിഡോ അല്ലെന്നും വ്യക്തിഗത ക്യാപ്റ്റൻമാരാണെന്നും പ്രസ്താവിച്ചു. ഈ പരസ്പരവിരുദ്ധമായ നിലപാടിലൂടെ കമ്പനിയിൽ നിന്ന് ബാധ്യത ഒഴിവാക്കാനുള്ള ശ്രമമായിരുന്നു. പരസ്യത്തിൽ നൽകിയ ഉറപ്പിലൂടെ  ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഉറപ്പുകളും തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, 2022 പ്രകാരം, പരസ്യങ്ങളിലെ നിരാകരണങ്ങൾ പ്രധാന അവകാശവാദത്തിന് വിരുദ്ധമാകരുത്,വസ്തുതകൾ മറച്ചുവെക്കരുത്, തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം സാധൂകരിക്കാൻ ഉപയോഗിക്കരുത്. റാപ്പിഡോയുടെ കാര്യത്തിൽ,‘Guaranteed Auto’  ‘Auto in 5 min or get ₹50’ എന്നീ അവകാശവാദങ്ങൾ 5 മിനിറ്റിനുള്ളിൽ ഓട്ടോ ലഭിച്ചില്ലെങ്കിൽ ഉപഭോക്താക്കൾക്ക് സ്ഥിരമായി ₹50 ലഭിക്കുമെന്ന ഒരു പ്രതീതി സൃഷ്ടിച്ചു. എന്നിരുന്നാലും, ആനുകൂല്യം '₹50 വരെ' മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഹ്രസ്വ സാധുതയുള്ള റാപ്പിഡോ നാണയങ്ങളുടെ രൂപത്തിൽ മാത്രമാണെന്ന വസ്തുത  ഒഴിവാക്കുകയോ തുല്യ പ്രാധാന്യത്തോടെ വെളിപ്പെടുത്താതിരിക്കുകയോ ചെയ്തു. ഈ മറച്ചുവെക്കലും വ്യക്തതയില്ലായ്മയും പരസ്യത്തെ വഞ്ചനാപരമാക്കി. മേൽപ്പറഞ്ഞ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലുള്ള ആവശ്യകതകൾക്ക് വിരുദ്ധമാക്കി.

കഴിഞ്ഞ രണ്ട് വർഷമായി, റാപ്പിഡോയ്‌ക്കെതിരെ ഉപഭോക്താക്കളിൽ നിന്ന് NCH ന് വലിയ തോതിൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് CCPA വ്യക്തമാക്കി. സേവനങ്ങളിലെ പോരായ്മകൾ, അടച്ച തുക തിരികെ നൽകാത്തത്, അമിത നിരക്ക് ഈടാക്കൽ, വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകുന്നതിലെ പരാജയം, ഉറപ്പായ "5 മിനിറ്റ്" സേവനം പാലിക്കാത്തത് എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ പരാതികളിൽ പലതും. അത്തരം പരാതികളിലെ സ്ഥിരമായ വർദ്ധനവ് വിപുലമായ ഉപഭോക്തൃ അതൃപ്തി പ്രതിഫലിപ്പിക്കുന്നു. ഇത് ഉപഭോക്തൃ താത്പ ര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള കർശന നടപടി  സ്വീകരിക്കാൻ   CCPA യെ പ്രേരിപ്പിച്ചു. റാപ്പിഡോയുമായി പങ്കിട്ടിട്ടും ഈ പരാതികളിൽ ഭൂരിഭാഗവും പരിഹരിക്കപ്പെടാതെ തുടരുന്നു.

120-ലധികം നഗരങ്ങളിൽ പ്രവർത്തിക്കുന്ന റാപ്പിഡോ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം രാജ്യത്തുടനീളമുള്ള ഒന്നിലധികം പ്രാദേശിക ഭാഷകളിൽ ഏകദേശം ഒന്നര വർഷത്തോളം (ഏകദേശം 548 ദിവസം) സജീവമായി പ്രദർശിപ്പിച്ചു. ഈ പ്രചാരണത്തിന്റെ വ്യാപ്തിയും  ദൈർഘ്യവും കണക്കിലെടുത്ത്, 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 10 പ്രകാരം സ്ഥാപിതമായ  കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA), ഉപഭോക്തൃ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് നടപടിയെടുക്കേണ്ടത് ആവശ്യമാണെന്ന് കണ്ടെത്തി. നിയമത്തിലെ 10, 20, 21 വകുപ്പുകൾ പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും നീതിയുക്തമല്ലാത്ത വ്യാപാര രീതികളും തടയുന്നതിനുള്ള നടപടിയെടുക്കുന്നത് ഉൾപ്പെടെ, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും നടപ്പിലാക്കാനും  CCPA യെ  അധികാരപ്പെടുത്തിയിരിക്കുന്നു. അതനുസരിച്ച്, അത്തരം തെറ്റായ രീതികളിൽ ഏർപ്പെട്ടതിന് റാപ്പിഡോയ്ക്ക് പിഴ ചുമത്തിയിട്ടുണ്ട്.

ഉറപ്പ് നൽകിയ അല്ലെങ്കിൽ "ഉറപ്പ് നൽകുന്നത്" പോലുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ച് വലിയ വാഗ്ദാനങ്ങൾ നൽകുന്ന പരസ്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് CCPA ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ നീതിയുക്തമല്ലാത്ത വ്യാപാര രീതികളോ സംബന്ധിച്ച പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാനാകും:

ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈനിൽ വിളിക്കുക (1915)
പരാതികൾ ഫയൽ ചെയ്യാൻ NCH ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് ഉപയോഗിക്കുക
 
*****

(Release ID: 2158957)