പ്രധാനമന്ത്രിയുടെ ഓഫീസ്
ഓഗസ്റ്റ് 22 ന് പ്രധാനമന്ത്രി ബിഹാറും പശ്ചിമ ബംഗാളും സന്ദർശിക്കും
ഗയയിൽ 13,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും
വൈദ്യുതി, റോഡ്, ആരോഗ്യം, നഗരവികസനം, ജലവിതരണം എന്നീ വിവിധ മേഖലകളിലായാണ് പദ്ധതികൾ
ബിഹാറിന്റെ വടക്ക് - തെക്ക് മേഖലകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഗംഗാ നദിയിലെ ആന്റ - സിമാരിയ പാലം പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
പുതിയ പാലം, ഭാരമേറിയ വാഹനങ്ങൾക്ക് 100 കിലോമീറ്ററിലധികം സഞ്ചാരദൂരം ലാഭിക്കാനും സിമാരിയ ധാമിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനും ഉപകരിക്കും
ഗയയ്ക്കും ഡൽഹിക്കും ഇടയിലുള്ള അമൃത് ഭാരത് എക്‌സ്പ്രസും വൈശാലിക്കും കൊഡെർമയ്ക്കും ഇടയിലുള്ള ബുദ്ധിസ്റ്റ് സർക്യൂട്ട് ട്രെയിനും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും
കൊൽക്കത്തയിൽ 5,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും
കൊൽക്കത്തയിൽ പുതുതായി നിർമ്മിച്ച ഭാഗങ്ങളിലേക്കുള്ള മെട്രോ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും
Posted On:
20 AUG 2025 3:02PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 22 ന് ബിഹാറും പശ്ചിമ ബംഗാളും സന്ദർശിക്കും. രാവിലെ 11 മണിയോടെ ബിഹാറിലെ ഗയയിൽ ഏകദേശം 13,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും. പ്രധാനമന്ത്രി രണ്ട് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. തുടർന്ന്, ഗംഗാ നദിയിലെ ആന്റ - സിമാരിയ പാലം പദ്ധതി സന്ദർശിക്കുന്ന അദ്ദേഹം അതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും.
വൈകുന്നേരം 4:15 ഓടെ കൊൽക്കത്തയിൽ പുതുതായി നിർമ്മിച്ച ഭാഗങ്ങളിലേക്കുള്ള മെട്രോ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ജെസ്സോർ റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് ജയ് ഹിന്ദ് ബിമൻബന്ദറിലേക്കും തിരിച്ചും അദ്ദേഹം മെട്രോ യാത്ര നടത്തും. കൂടാതെ, കൊൽക്കത്തയിൽ 5,200 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ അദ്ദേഹം തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി ബിഹാറിൽ
ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയോടെ, എൻഎച്ച്-31-ൽ 8.15 കിലോമീറ്റർ നീളമുള്ള ആന്റ - സിമാരിയ പാലം പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിൽ 1,870 കോടിയിലധികം രൂപ ചെലവിൽ ഗംഗാ നദിയിൽ നിർമ്മിച്ച 1.86 കിലോമീറ്റർ നീളമുള്ള 6 വരി പാലവും ഉൾപ്പെടുന്നു. ഇത് പട്നയിലെ മൊകാമയ്ക്കും ബെഗുസാരായിക്കും ഇടയിൽ നേരിട്ട് ബന്ധം നൽകും.
പഴയ രണ്ടുവരി റെയിൽ-കം-റോഡ് പാലമായ "രാജേന്ദ്ര സേതു"വിന് സമാന്തരമായാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. പഴയ പാലം മോശം അവസ്ഥയിലാണ്. ഭാരമേറിയ വാഹനങ്ങൾ വഴിതിരിച്ചുവിടേണ്ടി വരുന്നു. വടക്കൻ ബിഹാറിനും (ബെഗുസാരായി, സുപോൾ, മധുബാനി, പൂർണിയ, അരാരിയ മുതലായവ) തെക്കൻ ബിഹാർ പ്രദേശങ്ങൾക്കും (ഷെയ്ഖ്പുര, നവാഡ, ലഖിസാരായി മുതലായവ) ഇടയിൽ സഞ്ചരിക്കുന്ന ഭാരമേറിയ വാഹനങ്ങൾക്ക് 100 കിലോമീറ്ററിലധികം അധിക യാത്രാദൂരം പുതിയ പാലം കുറയ്ക്കും. പഴയ പാലത്തിൽ വാഹനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നതുകൊണ്ട് മേഖലയിലെ മറ്റ് ഭാഗങ്ങളിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാനും പുതിയ പാലത്തിന്റെ നിർമ്മിതി സഹായിക്കും.
ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭിക്കുന്നതിന് ഇപ്പോൾ ദക്ഷിണ ബിഹാറിനെയും ജാർഖണ്ഡിനെയും ആശ്രയിക്കുന്ന സമീപ പ്രദേശങ്ങൾക്ക് പ്രത്യേകിച്ച് വടക്കൻ ബിഹാറിന്, സാമ്പത്തിക വളർച്ച നേടാൻ ഇത് സഹായിക്കും. പ്രശസ്ത കവി പരേതനായ ശ്രീ രാംധാരി സിംഗ് ദിനകറിന്റെ ജന്മസ്ഥലമായ സിമാരിയ ധാമിലെ പ്രശസ്തമായ തീർത്ഥാടന സ്ഥലത്തേക്ക് മികച്ച യാത്രാബന്ധം സ്ഥാപിക്കുന്നതിനും ഇത് ഉപകരിക്കും.
ഏകദേശം 1,900 കോടി രൂപ ചെലവ് വരുന്ന എൻഎച്ച്-31 ലെ ഭക്തിയാർപൂർ മുതൽ മൊകാമ വരെയുള്ള നാലുവരി ഭാഗത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കുകയും യാത്രാ സമയം കുറയ്ക്കുകയും യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗത വേഗം വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ബിഹാറിലെ എൻഎച്ച്-120 ലെ ബിക്രംഗഞ്ച്-ദാവത്-നവനഗർ-ദുമ്രോൺ ഭാഗത്തിന്റെ ടാർ ചെയ്ത രണ്ടുവരി പാതയുടെ മെച്ചപ്പെടുത്തൽ ഗ്രാമപ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും പ്രാദേശിക ജനങ്ങൾക്ക് പുതിയ സാമ്പത്തിക അവസരങ്ങൾ നൽകുകയും ചെയ്യും.
ബിഹാറിലെ വൈദ്യുതി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി, ഏകദേശം 6,880 കോടി രൂപയുടെ ബക്‌സർ താപവൈദ്യുത നിലയം (660x1 മെഗാവാട്ട്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് വൈദ്യുതി ഉൽപാദന ശേഷി ഗണ്യമായി വർദ്ധിപ്പിക്കുകയും ഊർജ്ജ സുരക്ഷ മെച്ചപ്പെടുത്തുകയും മേഖലയിലെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുകയും ചെയ്യും.
ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ പ്രോത്സാഹനമായി, മുസാഫർപൂരിൽ ഹോമി ഭാഭ കാൻസർ ആശുപത്രിയും ഗവേഷണ കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നൂതന ഓങ്കോളജി ഒപിഡി, ഐപിഡി വാർഡുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, ആധുനിക ലാബ്, രക്തബാങ്ക്, 24 കിടക്കകളുള്ള ഐസിയു (ഇന്റൻസീവ് കെയർ യൂണിറ്റ്), എച്ച്ഡിയു (ഹൈ ഡിപൻഡൻസി യൂണിറ്റ്) എന്നിവ ഈ കേന്ദ്രത്തിൽ ഉൾപ്പെടുന്നു. ബിഹാറിലെയും അയൽ സംസ്ഥാനങ്ങളിലെയും രോഗികൾക്ക് നൂതനവും താങ്ങാനാവുന്നതുമായ കാൻസർ പരിചരണം ഈ അത്യാധുനിക സൗകര്യം ഉറപ്പാക്കും, ഇത് ചികിത്സയ്ക്കായി വിദൂര മെട്രോകളിലേക്ക് യാത്ര ചെയ്യേണ്ടതിന്റെ ആവശ്യകത കുറയ്ക്കും.
സ്വച്ഛ് ഭാരത് എന്ന തന്റെ ദർശനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഗംഗാ നദിയുടെ സ്വതസിദ്ധവും ശുദ്ധവുമായ ഒഴുക്ക് (अविरलऔर निर्मल धारा) ഉറപ്പാക്കുന്നതിനും വേണ്ടി, 520 കോടിയിലധികം രൂപ ചെലവഴിച്ച് നമാമി ഗംഗയിൽ നിർമ്മിച്ച മലിനജല സംസ്കരണ പ്ലാന്റും (എസ്ടിപി) മലിനജല ശൃംഖലയും മുൻഗറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് ഗംഗയിലെ മലിനീകരണ ഭാരം കുറയ്ക്കുന്നതിനും മേഖലയിലെ ശുചിത്വ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ഏകദേശം 1,260 കോടി രൂപയുടെ നഗര അടിസ്ഥാന സൗകര്യ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. ഔറംഗാബാദിലെ ദൗദ്‌നഗറിലും ജെഹനാബാദിലും എസ്‌ടിപി, സീവറേജ് നെറ്റ്‌വർക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു; ലഖിസാരായിയിലെ ബരാഹിയ, ജമുയി എന്നിവിടങ്ങളിൽ എസ്‌ടിപി, ഇന്റർസെപ്ഷൻ, ഡൈവേഴ്‌സിംഗ് ജോലികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അമൃത് 2.0 പ്രകാരം, ഔറംഗാബാദ്, ബോധ്ഗയ, ജെഹനാബാദ് എന്നിവിടങ്ങളിലെ ജലവിതരണ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും. ഈ പദ്ധതികൾ ശുദ്ധമായ കുടിവെള്ളം, ആധുനിക മലിനജല സംവിധാനങ്ങൾ, മെച്ചപ്പെട്ട ശുചിത്വം എന്നിവ പ്രദാനം ചെയ്യും. അതുവഴി, മേഖലയിലെ ആരോഗ്യ നിലവാരവും ജീവിത നിലവാരവും മെച്ചപ്പെടും.
മേഖലയിലെ റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി, പ്രധാനമന്ത്രി രണ്ട് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. ഗയയ്ക്കും ഡൽഹിക്കും ഇടയിലുള്ള അമൃത് ഭാരത് എക്സ്പ്രസ് ആധുനിക സൗകര്യങ്ങളും, സുഖസൗകര്യങ്ങളും, സുരക്ഷയും പ്രദാനം ചെയ്ത് യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തും. വൈശാലിക്കും കോഡെർമയ്ക്കും ഇടയിലുള്ള ബുദ്ധിസ്റ്റ് സർക്യൂട്ട് ട്രെയിൻ, മേഖലയിലെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളിലൂടെയുള്ള വിനോദസഞ്ചാരത്തിനും മതപരമായ യാത്രയ്ക്കും ഉത്തേജനം നൽകും.
പിഎംഎവൈ-ഗ്രാമീണിന് കീഴിലുള്ള 12,000 ഗ്രാമീണ ഗുണഭോക്താക്കളുടെയും പിഎംഎവൈ-നഗരത്തിന് കീഴിലുള്ള 4,260 ഗുണഭോക്താക്കളുടെയും ഗൃഹപ്രവേശ ചടങ്ങിൽ പ്രധാനമന്ത്രി പ്രതീകാത്മകമായി ഏതാനും ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറും, അതുവഴി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഒരു വീട് സ്വന്തമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും.
പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ
ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾക്കും വികസിപ്പിച്ച നഗര കണക്റ്റിവിറ്റിക്കും വേണ്ടിയുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി കൊൽക്കത്തയിൽ മെട്രോ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. 13.61 കിലോമീറ്റർ ദൈർഘ്യമുള്ള പുതുതായി നിർമ്മിച്ച മെട്രോ ശൃംഖല ഉദ്ഘാടനം ചെയ്യുകയും ഈ റൂട്ടുകളിൽ മെട്രോ സർവീസുകൾ ആരംഭിക്കുകയും ചെയ്യും. അദ്ദേഹം ജെസ്സോർ റോഡ് മെട്രോ സ്റ്റേഷൻ സന്ദർശിക്കും, അവിടെ അദ്ദേഹം ജെസ്സോർ റോഡിൽ നിന്ന് നോപാര-ജയ് ഹിന്ദ് ബിമൻബന്ദർ മെട്രോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. കൂടാതെ, വീഡിയോ കോൺഫറൻസിംഗിലൂടെ, സിയാൽഡ-എസ്പ്ലനേഡ് മെട്രോ സർവീസും ബെലെഘട്ട-ഹേമന്ത മുഖോപാധ്യായ മെട്രോ സർവീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ജെസ്സോർ റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് ജയ് ഹിന്ദ് ബിമൻബന്ദറിലേക്കും തിരിച്ചും അദ്ദേഹം മെട്രോ യാത്ര നടത്തും.
പൊതുചടങ്ങിൽ, പ്രധാനമന്ത്രി ഈ മെട്രോ ഭാഗങ്ങളും ഹൗറ മെട്രോ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച സബ്‌വേയും ഉദ്ഘാടനം ചെയ്യും. നോപാര-ജയ് ഹിന്ദ് ബിമൻബന്ദർ മെട്രോ സർവീസ് വിമാനത്താവളത്തിലേക്കുള്ള പ്രവേശനം ഗണ്യമായി മെച്ചപ്പെടുത്തും. സിയാൽഡ-എസ്പ്ലനേഡ് മെട്രോ രണ്ട് പോയിന്റുകൾക്കിടയിലുള്ള യാത്രാ സമയം ഏകദേശം 40 മിനിറ്റിൽ നിന്ന് 11 മിനിറ്റായി കുറയ്ക്കും. ബെലെഘട്ട-ഹേമന്ത മുഖോപാധ്യായ മെട്രോ വിഭാഗം ഐടി ഹബ്ബുമായുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. ഈ മെട്രോ റൂട്ടുകൾ കൊൽക്കത്തയിലെ ഏറ്റവും തിരക്കേറിയ ചില പ്രദേശങ്ങളെ ബന്ധിപ്പിക്കുകയും യാത്രാ സമയത്തിൽ ഗണ്യമായ കുറവ് വരുത്തുകയും മൾട്ടിമോഡൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യും, ഇത് ലക്ഷക്കണക്കിന് ദൈനംദിന യാത്രക്കാർക്ക് പ്രയോജനപ്പെടും.
മേഖലയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾക്ക് ഒരു പ്രധാന ഉത്തേജനമായി, 1,200 കോടിയിലധികം രൂപയുടെ 7.2 കിലോമീറ്റർ നീളമുള്ള ആറ് വരി എലിവേറ്റഡ് കോന അതിവേഗ പാതയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും. ഇത് ഹൗറയും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളും കൊൽക്കത്തയും തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും യാത്രാ സമയം ലാഭിക്കുകയും മേഖലയിലെ വ്യാപാരം, വാണിജ്യം, ടൂറിസം എന്നിവയ്ക്ക് ഗണ്യമായ ഉത്തേജനം നൽകുകയും ചെയ്യും.
***
SK
(Release ID: 2158433)
Read this release in:
Assamese
,
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada