ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ചരക്ക് സേവന നികുതി (ജി.എസ്.ടി) എങ്ങനെ രാജ്യത്തിന് ഗുണകരമായ സുപ്രധാന പരിഷ്‌കാരമായെന്നത് 79-ാമത് സ്വാതന്ത്ര്യദിനത്തിൽ എടുത്തുപറഞ്ഞു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

Posted On: 15 AUG 2025 10:51AM by PIB Thiruvananthpuram

2017 ൽ നടപ്പിലാക്കിയ ചരക്ക് സേവന നികുതി (ജി.എസ്.ടി) എങ്ങനെ രാജ്യത്തിന് ഗുണം ചെയ്ത സുപ്രധാന പരിഷ്‌കാരമായി എന്നത് എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു.

സാധാരണക്കാർക്കും കർഷകർക്കും മധ്യവർഗത്തിനും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ആശ്വാസം നൽകുന്ന ചരക്ക് സേവന നികുതിയ്ക്ക്  കീഴിലുള്ള അടുത്ത തലമുറ പരിഷ്‌കാരങ്ങളുടെ പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടു.


'ആത്മനിർഭര ഭാരതം' കെട്ടിപ്പടുക്കുന്നതിനായി, കേന്ദ്ര സർക്കാർ ജി.എസ്.ടിയിൽ സുപ്രധാന പരിഷ്‌കാരങ്ങൾ നിർദ്ദേശിക്കുന്നു. അത്
1. ഘടനാപരമായ പരിഷ്‌കാരങ്ങൾ
2. നിരക്ക് യുക്തിസഹമാക്കൽ
3. ജീവിത സൗകര്യം
എന്നീ മൂന്ന് സ്തംഭങ്ങളിലായാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.

ജി.എസ്.ടി നിരക്ക് യുക്തിസഹമാക്കലും പരിഷ്‌കാരങ്ങളും സംബന്ധിച്ച നിർദ്ദേശം കേന്ദ്ര സർക്കാർ ഈ വിഷയം പരിശോധിക്കുന്നതിനായി ജി.എസ്.ടി കൗൺസിൽ രൂപവത്കരിച്ച മന്ത്രിതല സംഘത്തിന് (ജി.ഒ.എം) സമർപ്പിച്ചു.

അടുത്ത തലമുറ പരിഷ്‌കാരങ്ങൾക്കായി കണ്ടെത്തിയ പ്രധാന മേഖലകളിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രത്യേകിച്ച് സാധാരണക്കാർ, സ്ത്രീകൾ, വിദ്യാർത്ഥികൾ, മധ്യവർഗം, കർഷകർ എന്നിവർക്ക് പ്രയോജനകരമാവുന്ന തരത്തിൽ നികുതി നിരക്കുകൾ യുക്തിസഹമാക്കുക എന്നത് ഉൾപ്പെടുന്നു.

വർഗ്ഗീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറയ്ക്കുക, പ്രത്യേക മേഖലകളിലെ വിപരീത തീരുവ ഘടനകൾ ശരിയാക്കുക, കൂടുതൽ നിരക്ക് സ്ഥിരത ഉറപ്പാക്കുക, വ്യാപാരം സുഗമമാക്കാനുള്ള നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുക എന്നിവയും പരിഷ്‌കാരങ്ങൾ ലക്ഷ്യമിടുന്നു. ഈ നടപടികൾ പ്രധാന സാമ്പത്തിക മേഖലകളെ ശാക്തീകരിക്കുകയും സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുകയും മേഖലാ വികാസം സാധ്യമാക്കുകയും ചെയ്യും.

 

കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന പരിഷ്കാരങ്ങളുടെ പ്രധാന സ്തംഭങ്ങൾ:

സ്തംഭം 1: ഘടനാപരമായ പരിഷ്കാരങ്ങൾ

വിപരീത തീരുവ ഘടന തിരുത്തൽ: വിപരീത തീരുവ ഘടനകളുടെ തിരുത്തൽ വഴി ഇൻപുട്ട്, ഔട്ട്പുട്ട് നികുതി നിരക്കുകൾ തമ്മിലുള്ള വൈരുദ്ധ്യം പരിഹരിച്ച് ഇൻപുട്ട് നികുതി ക്രെഡിറ്റ് ശേഖരണം കുറയ്ക്കുന്നു. ഇത് ആഭ്യന്തര മൂല്യവർദ്ധനവിനെ പ്രോത്സാഹിപ്പിക്കും.

വർഗ്ഗീകരണ പ്രശ്നങ്ങൾ പരിഹരിക്കൽ: നിരക്ക് ഘടനകൾ കാര്യക്ഷമമാക്കുന്നതിനും തർക്കങ്ങൾ കുറയ്ക്കുന്നതിനും പാലിക്കൽ പ്രക്രിയകൾ ലളിതമാക്കുന്നതിനും മേഖലകളിലുടനീളം കൂടുതൽ തുല്യതയും സ്ഥിരതയും ഉറപ്പാക്കുന്നതിനും വർഗ്ഗീകരണ പ്രശ്നങ്ങൾ പരിഹരിക്കുന്നത് സഹായിക്കും.

സ്ഥിരതയും പ്രവചനശേഷിയും: വ്യവസായ മേഖലയിൽ വിശ്വാസം വളർത്തുന്നതിനും മികച്ച ബിസിനസ്സ് ആസൂത്രണത്തെ പിന്തുണയ്ക്കുന്നതിനും നിരക്കുകളിലും നയ ദിശയിലും ദീർഘകാല വ്യക്തത നൽകുക.

സ്തംഭം 2: നിരക്ക് യുക്തിസഹമാക്കൽ

പൊതു ജനോപയോഗ സാധനങ്ങളുടേയും ആഗ്രഹജന്യ വസ്തുക്കളുടേയും നികുതി കുറയ്ക്കുക: താങ്ങാവുന്ന വിലയിൽ എത്തിക്കുകയും വാങ്ങാനാകുന്ന  സൗകര്യം വർധിപ്പിക്കുകയും ഉപഭോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഈ വസ്തുക്കൾ കൂടുതൽ ജനങ്ങൾക്ക് പ്രാപ്യമാക്കുന്നു.

നികുതി നിരക്ക് ഘട്ടങ്ങൾ കുറയ്ക്കൽ: അടിസ്ഥാനപരമായി സ്റ്റാൻഡേർഡ്, മെറിറ്റ് എന്നീ 2 ഘട്ടങ്ങളുള്ള ലളിതമായ നികുതി സംവിധാനത്തിലേക്ക് നീങ്ങുക. തിരഞ്ഞെടുത്ത കുറച്ച് ഇനങ്ങൾക്ക് മാത്രമേ പ്രത്യേക നിരക്കുകൾ ബാധകമാകൂ.

നഷ്ടപരിഹാര സെസ്: നഷ്ടപരിഹാര സെസ് അവസാനിപ്പിച്ചത് സാമ്പത്തിക ഇടം സൃഷ്ടിച്ചു. ഇത് ദീർഘകാല സുസ്ഥിരതയ്ക്കായി GST ചട്ടക്കൂടിനുള്ളിൽ നികുതി നിരക്കുകൾ യുക്തിസഹമാക്കുന്നതിനും ഏകീകരിക്കുന്നതിനും കൂടുതൽ സൗകര്യം നൽകുന്നു.

സ്തംഭം 3: ജീവിത സൗകര്യം മെച്ചപ്പെടുത്തൽ

രജിസ്ട്രേഷൻ: തടസ്സരഹിതവും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതും സമയബന്ധിതവുമായ പ്രത്യേകിച്ച് ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള രജിസ്ട്രേഷൻ സംവിധാനം.

റിട്ടേൺ: മുൻകൂട്ടി പൂരിപ്പിച്ച റിട്ടേൺ സംവിധാനം നടപ്പിലാക്കി മാനുവൽ ഇടപെടൽ കുറയ്ക്കുകയും പൊരുത്തക്കേടുകൾ ഒഴിവാക്കുകയും ചെയ്യുക.

റീഫണ്ട്: കയറ്റുമതിക്കാരുടേയും വിപരീത ഡ്യൂട്ടി ഘടനയുള്ളവരുടേയും റീഫണ്ടുകളുടെ വേഗതയേറിയതും യാന്ത്രികവുമായ പരിഹാര നടപടിക്രമം.

മുകളിൽ പറഞ്ഞ മൂന്ന് അടിസ്ഥാന സ്തംഭങ്ങളെ അടിസ്ഥാനമാക്കി കേന്ദ്രം തയ്യാറാക്കിയ നിർദ്ദേശം കൂടുതൽ ചർച്ചകൾക്കായി മന്ത്രിതല സമിതിക്കുള്ളിൽ (GoM)പങ്കുവെച്ചിട്ടുണ്ട്. എല്ലാ പങ്കാളികൾക്കിടയിലും ക്രിയാത്മകവും ഉൾക്കൊള്ളുന്നതും സമവായത്തിൽ അധിഷ്ഠിതവുമായ ഒരു സംഭാഷണം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ സംരംഭം സ്വീകരിച്ചിരിക്കുന്നത്.

GST കൗൺസിലിൻ്റെ അടുത്ത യോഗത്തിൽ GoM ൻ്റെ ശുപാർശകളെക്കുറിച്ച് ചർച്ച ചെയ്യുകയും നടപ്പ് സാമ്പത്തിക വർഷത്തിനുള്ളിൽ ഉദ്ദേശിച്ച നേട്ടങ്ങൾ പരമാവധി കൈവരിക്കുന്നത് ലക്ഷ്യമിട്ട് നടപ്പാക്കൽ പ്രക്രിയ വേഗത്തിലാക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യും.

ഉൾക്കൊള്ളുന്ന വളർച്ച (#InclusiveGrowth) പ്രോത്സാഹിപ്പിക്കുകയും ഔപചാരിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും രാജ്യത്തുടനീളം ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം (EoDB) വർദ്ധിപ്പിക്കുകയും ചെയ്യുന്ന ലളിതവും സ്ഥിരതയുള്ളതും സുതാര്യവുമായ നികുതി സംവിധാനമായി GST-യെ മാറ്റുന്നതിനുള്ള  പ്രതിബദ്ധത കേന്ദ്ര സർക്കാർ ആവർത്തിക്കുന്നു.

*****


(Release ID: 2156827)