പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നടത്തിയ പ്രധാന പ്രഖ്യാപനങ്ങൾ

Posted On: 15 AUG 2025 10:32AM by PIB Thiruvananthpuram

തന്റെ പന്ത്രണ്ടാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയെ ഉയർച്ചയുടെ അടുത്ത അധ്യായത്തിലേക്ക് എത്തിക്കുന്നതിനുള്ള കുതിപ്പിന്റെ വിക്ഷേപണത്തറയാക്കി ചെങ്കോട്ടയെ മാറ്റി. 79-ാം സ്വാതന്ത്ര്യദിനത്തിൽ, ഭാവിയിലേക്കുള്ള വെറുമൊരു ചുവടുവയ്പ്പിനല്ല, മറിച്ച് വലിയ കുതിപ്പിന് തയ്യാറായ ഒരു രാഷ്ട്രത്തെ സംബന്ധിച്ച നിരവധി ധീരമായ പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തി.

ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് വികസിപ്പിക്കുന്നതു മുതൽ ജെറ്റ് എഞ്ചിനുകൾ നിർമിക്കുന്നതു വരെ, ആണവ ശക്തി പത്തിരട്ടിയാക്കി വികസിപ്പിക്കുന്നതു മുതൽ ഒരു ലക്ഷം കോടി രൂപ മുതൽമുടക്കിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ വരെ, അദ്ദേഹത്തിന്റെ സന്ദേശം അസന്ദിഗ്ധമായിരുന്നു: ഭാരതം സ്വന്തം വിധി സ്വയം നിർവചിക്കും, സ്വന്തം നിബന്ധനകൾ നിശ്ചയിക്കും, 2047 ഓടെ ഒരു വികസിത രാഷ്ട്രമായി മാറാൻ ലക്ഷ്യമിടും.


പ്രധാന പ്രഖ്യാപനങ്ങൾ:


1. സെമികണ്ടക്ടർ: നഷ്ടമായ ദശകങ്ങളിൽ നിന്ന് മിഷൻ മോഡിലേക്ക്

50-60 വർഷങ്ങൾക്ക് മുമ്പ് സെമികണ്ടക്ടർ ഫാക്ടറികൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ "മുളയിലേ തന്നെ നശിപ്പിക്കപ്പെട്ടു"വെന്നും, അതേസമയം മറ്റ് രാജ്യങ്ങൾ അഭിവൃദ്ധി പ്രാപിച്ചുവെന്നും ഓർമ്മിപ്പിച്ചുകൊണ്ട്, ഇന്ത്യ ഇപ്പോൾ മിഷൻ മോഡിലേക്ക് മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഈ വർഷം അവസാനത്തോടെ, രാജ്യം അതിന്റെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ചിപ്പ് പുറത്തിറക്കും.

2. 2047 ആകുമ്പോഴേക്കും ഇന്ത്യയുടെ ആണവോർജ്ജ ശേഷി പത്തിരട്ടിയായി വർദ്ധിക്കും

അടുത്ത രണ്ട് ദശകത്തിനുള്ളിൽ ആണവോർജ്ജ ഉൽപാദന ശേഷി പത്തിരട്ടിയിലധികം വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ദൗത്യത്തിന്റെ ഭാഗമായി 10 പുതിയ ആണവ റിയാക്ടറുകളുടെ പണി പുരോഗമിക്കുന്നു.

3. ജിഎസ്ടി പരിഷ്കാരങ്ങൾ- ഒരു ദീപാവലി സമ്മാനം

പുതിയ തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ ദീപാവലിയോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടും. ഇത് അവശ്യവസ്തുക്കളുടെ നികുതി കുറയ്ക്കുകയും എംഎസ്എംഇകൾക്കും പ്രാദേശിക വിൽപ്പനക്കാർക്കും ഉപഭോക്താക്കൾക്കും ആശ്വാസം നൽകുകയും ചെയ്യും.

4. ഭാരതത്തിനായി പരിഷ്കരണ ദൗത്യ സംഘം

പുതു തലമുറ പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു സമർപ്പിത പരിഷ്കരണ ദൗത്യ സംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക, ചുവപ്പുനാടയുടെ തടസ്സങ്ങൾ ഒഴിവാക്കുക, ഭരണം നവീകരിക്കുക എന്നിവയാണ് ഇതിന്റെ കർത്തവ്യങ്ങൾ.

5. 1 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി വികസിത് ഭാരത് തൊഴിൽ പദ്ധതി

പുതുതായി ജോലിയിൽ പ്രവേശിച്ച യുവാക്കൾക്ക് പ്രതിമാസം 15,000 രൂപ വേതനം ലഭിക്കുന്ന 1 ലക്ഷം കോടി രൂപയുടെ ഒരു തൊഴിൽ പദ്ധതി പ്രധാനമന്ത്രി മോദി ആരംഭിച്ചു. സ്വതന്ത്ര ഭാരതത്തിൽ നിന്ന് സമൃദ്ധ ഭാരതത്തിലേക്കുള്ള പാലം ശക്തിപ്പെടുത്തിക്കൊണ്ട് 3 കോടി യുവ ഇന്ത്യക്കാർക്ക് പ്രയോജനം ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

6. ശക്തമായ ജനസംഖ്യാ ദൗത്യം

അതിർത്തി പ്രദേശങ്ങളിലെ നുഴഞ്ഞുകയറ്റവും അനധികൃത കുടിയേറ്റവും മൂലമുണ്ടാകുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ അപകടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഇത്തരം ദേശീയ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനും, ഇന്ത്യയിലെ പൗരന്മാരുടെ ഐക്യം, സമഗ്രത, അവകാശങ്ങൾ എന്നിവ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി ഒരു ശക്തമായ ജനസംഖ്യാ ദൗത്യം ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

7. ഊർജ്ജ സ്വാതന്ത്ര്യം - സമുദ്ര മന്ഥൻ ആരംഭിക്കുന്നു

ഇന്ത്യയുടെ ബജറ്റിന്റെ വലിയൊരു പങ്ക് ഇപ്പോഴും പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവ ഇറക്കുമതി ചെയ്യുന്നതിനായി ചെലവഴിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. സൗരോർജ്ജം, ഹൈഡ്രജൻ, ജലവൈദ്യുത പദ്ധതി, ആണവോർജ്ജം എന്നിവയുടെ വിപുലീകരണങ്ങൾക്കൊപ്പം, സമുദ്രവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി നാഷണൽ ഡീപ്പ് വാട്ടർ എക്സ്പ്ലോറേഷൻ മിഷൻ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

8. ഇന്ത്യയിൽ നിർമ്മിച്ച ജെറ്റ് എഞ്ചിനുകൾ - ഒരു ദേശീയ ലക്ഷ്യം

കോവിഡ് കാലത്ത് വാക്സിനുകളും, ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി യുപിഐയും നിർമ്മിച്ചതുപോലെ, നമ്മുടെ ജെറ്റ് എഞ്ചിനുകൾ നമ്മൾ തന്നെ നിർമ്മിക്കണമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. നമ്മുടെ ശാസ്ത്രജ്ഞരോടും യുവാക്കളോടും ഇത് ഒരു ലക്ഷ്യമായി ഏറ്റെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

 

-SK-


(Release ID: 2156760)