പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച ഫ്ലാറ്റുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഏതാനും ദിവസങ്ങൾക്ക് മുമ്പ് കർത്തവ്യ പഥിൽ, കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് അഥവാ കർത്തവ്യ ഭവൻ ഞാൻ ഉദ്ഘാടനം ചെയ്തു. ഇന്ന്, പാർലമെന്റിലെ എന്റെ സഹപ്രവർത്തകർക്കായി ഈ പാർപ്പിട സമുച്ചയം ഉദ്ഘാടനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു: പ്രധാനമന്ത്രി

ഇന്ന്, രാജ്യം എംപിമാർക്ക് പുതിയ വീടുകളുടെ ആവശ്യം നിറവേറ്റുകയും അതിനൊപ്പം പിഎം-ആവാസ് യോജനയിലൂടെ 4 കോടി ദരിദ്രർക്ക് ഗൃഹപ്രവേശം സാധ്യമാക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി

രാഷ്ട്രം ഇന്ന് കർത്തവ്യ പഥും കർത്തവ്യ ഭവനും നിർമ്മിക്കുക മാത്രമല്ല, ദശലക്ഷക്കണക്കിന് പൗരന്മാർക്ക് പൈപ്പ്‌ലൈനുകൾ വഴി വെള്ളം നൽകാനുള്ള കടമ നിറവേറ്റുകയും ചെയ്യുന്നു: പ്രധാനമന്ത്രി

സൗരോർജ്ജത്തിലൂടെ പ്രാപ്തമാക്കിയ അടിസ്ഥാന സൗകര്യങ്ങൾ മുതൽ സൗരോർജ്ജത്തിൽ രാജ്യത്തിന്റെ പുതിയ റെക്കോർഡുകൾ വരെ, സുസ്ഥിര വികസനം എന്ന ദർശനം രാജ്യം നിരന്തരം മുന്നോട്ട് കൊണ്ടുപോകുന്നു: പ്രധാനമന്ത്രി

Posted On: 11 AUG 2025 11:19AM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ ബാബ ഖരക് സിംഗ് മാർഗിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച 184 ടൈപ്പ്-VII ബഹുനില ഫ്ലാറ്റുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട്, കർത്തവ്യ പഥിൽ കർത്തവ്യ ഭവൻ എന്ന കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്തതായും ഇന്ന് പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച ഒരു റെസിഡൻഷ്യൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാൻ തനിക്ക് അവസരം ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കൃഷ്ണ, ഗോദാവരി, കോസി, ഹൂഗ്ലി എന്നീ ഇന്ത്യയിലെ നാല് വലിയ നദികളുടെ പേരുകളിലുള്ള സമുച്ചയത്തിന്റെ നാല് ഗോപുരങ്ങൾ അദ്ദേഹം എടുത്തുകാട്ടി. ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നൽകുന്ന ഈ നദികൾ ഇപ്പോൾ പൊതുജന പ്രതിനിധികളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു പുതു വഴി സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നദികളുടെ പേരിടുന്ന പാരമ്പര്യം രാജ്യത്തെ ഐക്യത്തിന്റെ ഒരു നൂലിൽ ബന്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സമുച്ചയം ഡൽഹിയിലെ എംപിമാരുടെ ജീവിത സൗകര്യം വർദ്ധിപ്പിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. ഡൽഹിയിലെ എം പിമാർക്കുള്ള ​ഗവൺമെന്റ് ഭവനങ്ങളുടെ ലഭ്യത ഇനി വർദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പാർലമെന്റ് അംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഫ്ലാറ്റുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എഞ്ചിനീയർമാരെയും തൊഴിലാളികളെയും അഭിനന്ദിക്കുകയും പദ്ധതി പൂർത്തിയാക്കുന്നതിൽ അവരുടെ സമർപ്പണത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുകയും ചെയ്തു. 

പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച പാർപ്പിട സമുച്ച‌യത്തിൽ നിന്നുള്ള ഒരു സാമ്പിൾ ഫ്ലാറ്റ് സന്ദർശിക്കാൻ തനിക്ക് അവസരം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പഴയ എംപിമാരുടെ വസതികളുടെ അവസ്ഥ നിരീക്ഷിക്കാൻ തനിക്ക് അവസരങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഴയ താമസസ്ഥലങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുകയും തകർച്ചയ്ക്ക് ഇരയാകുകയും ചെയ്തിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട ശ്രീ മോദി, മുൻകാല വസതികളുടെ മോശം അവസ്ഥ കാരണം എംപിമാർ നേരിടുന്ന ബുദ്ധിമുട്ടുകളും എടുത്തു കാട്ടി. പുതിയ ഭവനങ്ങളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികളിൽ നിന്ന് പുതിയ വീടുകൾ എംപിമാരെ മോചിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ഭവന പ്രശ്‌നങ്ങളിൽ നിന്ന് എംപിമാർ മുക്തരാകുമ്പോൾ, പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് അവർക്ക് കൂടുതൽ ഫലപ്രദമായി സമയവും ഊർജ്ജവും ചെലവഴിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു.

ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർ ഡൽഹിയിൽ ഭവനം ഉറപ്പാക്കുന്നതിൽ നേരിടുന്ന വെല്ലുവിളികളെ അംഗീകരിച്ച ശ്രീ മോദി, പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾ ഈ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് പ്രസ്താവിച്ചു. 180-ലധികം എംപിമാർ ഈ ബഹുനില കെട്ടിടങ്ങളിൽ ഒരുമിച്ച് താമസിക്കുമെന്ന് അദ്ദേഹം അറിയിച്ചു, പുതിയ ഭവന സംരംഭത്തിന്റെ ഗണ്യമായ സാമ്പത്തിക മാനം അടിവരയിട്ടു. കർത്തവ്യ ഭവന്റെ ഉദ്ഘാടനത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, നിരവധി മന്ത്രാലയങ്ങൾ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും, ഏകദേശം 1,500 കോടി രൂപ വാർഷിക വാടകയിനത്തിൽ വരുമ്പോൾ, ഇത് പൊതു ഫണ്ടിന്റെ നേരിട്ടുള്ള പാഴാക്കലാണെന്നും ചൂണ്ടിക്കാട്ടി. അതുപോലെ, എം പിമാർക്ക് മതിയായ ഭവനങ്ങളുടെ അഭാവം ​ഗവൺമെന്റിന്റെ ചെലവ് വർദ്ധിപ്പിക്കുന്നതിനും കാരണമായെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. എംപി വസതികളുടെ കുറവ് ഉണ്ടായിരുന്നിട്ടും, 2004 നും 2014 നും ഇടയിൽ ലോക്സഭാ എംപിമാർക്കായി ഒരു പുതിയ ഭവന യൂണിറ്റ് പോലും നിർമ്മിച്ചിട്ടില്ലെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. 2014 ന് ശേഷം, നമ്മുടെ ​ഗവൺമെന്റ് ഈ ഉദ്യമം ഒരു ദൗത്യമായി ഏറ്റെടുത്തുവെന്നും പുതുതായി ഉദ്ഘാടനം ചെയ്ത ഫ്ലാറ്റുകൾ ഉൾപ്പെടെ 2014 മുതൽ ഏകദേശം 350 എംപി വസതികൾ നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വസതികളുടെ പൂർത്തീകരണത്തോടെ പൊതുജനങ്ങളുടെ പണം ഇപ്പോൾ ലാഭിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

"ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ വികസനത്തോട് ഉത്സുകതയുള്ളതും അതുപോലെ തന്നെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധ്യമുള്ളതുമാണ്", പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു, രാജ്യം കർത്തവ്യ പഥും കർത്തവ്യ ഭവനും നിർമ്മിക്കുമ്പോൾ തന്നെ, ദശലക്ഷക്കണക്കിന് പൗരന്മാർക്ക് പൈപ്പ് വെള്ളം എത്തിക്കുക എന്ന കടമ ഒരേസമയം നിറവേറ്റുന്നുവെന്ന് അഭിപ്രായപ്പെട്ടു. രാജ്യം എംപിമാർക്ക് പുതിയ ഭവനങ്ങൾ പൂർത്തിയാക്കുമ്പോൾ, പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 4 കോടി ദരിദ്ര കുടുംബങ്ങൾക്ക് വീടുകളുടെ ഉടമസ്ഥാവകാശം സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രം ഒരു പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുമ്പോൾ തന്നെ നൂറുകണക്കിന് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഈ സംരംഭങ്ങളുടെ പ്രയോജനങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

പുതുതായി നിർമ്മിച്ച എംപി വസതികൾ സുസ്ഥിര വികസനത്തിന്റെ പ്രധാന ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംതൃപ്തി പ്രകടിപ്പിച്ച ശ്രീ മോദി, ഈ സംരംഭം രാജ്യത്തിന്റെ പരിസ്ഥിതി അനുകൂലവും ഭാവി സുരക്ഷിതവുമായ സമീപനവുമായി പൊരുത്തപ്പെട്ടു നിൽക്കുന്നുവെന്ന് പറഞ്ഞു. ഭവന സമുച്ചയത്തിൽ സൗരോർജ്ജമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തിയത് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സൗരോർജ്ജത്തിലെ നേട്ടങ്ങളിലും പുതിയ റെക്കോർഡുകളിലും പ്രതിഫലിക്കുന്നതുപോലെ ഇന്ത്യ സുസ്ഥിര വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് നിരന്തരം മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ പാർപ്പിട സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പാർലമെന്റ് അംഗങ്ങളോട് നിരവധി അഭ്യർത്ഥനകൾ നടത്തി. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള എംപിമാർ ഇനി ഒരുമിച്ച് താമസിക്കുമെന്നും അവരുടെ സാന്നിധ്യം 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്നതിന്റെ പ്രതീകമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്കാരിക ഊർജ്ജസ്വലത വർദ്ധിപ്പിക്കുന്നതിനായി സമുച്ചയത്തിനുള്ളിൽ പ്രാദേശിക ഉത്സവങ്ങളുടെ കൂട്ടായ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ശ്രീ മോദി പ്രോത്സാഹിപ്പിച്ചു. കൂടുതൽ പൊതുജന പങ്കാളിത്തം വളർത്തിയെടുക്കാൻ ഈ പരിപാടികളിൽ പങ്കെടുക്കാൻ നിയോജകമണ്ഡലങ്ങളെ ക്ഷണിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ഭാഷാപരമായ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്പരം പ്രാദേശിക ഭാഷകളിൽ നിന്ന് വാക്കുകൾ പഠിപ്പിക്കാനും പഠിക്കാനും പ്രധാനമന്ത്രി എംപിമാരോട് അഭ്യർത്ഥിച്ചു. സുസ്ഥിരതയും ശുചിത്വവും സമുച്ചയത്തിന്റെ സവിശേഷതകളെ നിർവചിക്കണമെന്നും ഈ പ്രതിബദ്ധത എല്ലാവരും പങ്കിടണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വസതികൾ മാത്രമല്ല, മുഴുവൻ പരിസരവും വൃത്തിയുള്ളതും ശുചിത്വമുള്ളതുമായ രീതിയിൽ പരിപാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ പാർലമെന്റ് അംഗങ്ങളും ഒരു ടീമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും കൂട്ടായ ശ്രമങ്ങൾ രാജ്യത്തിന് മാതൃകയാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു. എംപിമാരുടെ വിവിധ പാർപ്പിട സമുച്ചയങ്ങൾക്കിടയിൽ സ്വച്ഛത മത്സരങ്ങൾ സംഘടിപ്പിക്കാൻ മന്ത്രാലയത്തോ‌ടും ഭവന സമിതിയോ‌ടും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ ദൃഢനിശ്ചയത്തോടെ, എല്ലാ എംപിമാർക്കും അദ്ദേഹം വീണ്ടും അഭിനന്ദനങ്ങൾ അറിയിച്ചു.

ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള, കേന്ദ്ര മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം

ന്യൂഡൽഹിയിലെ ബാബ ഖരക് സിംഗ് മാർഗിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച 184 ടൈപ്പ്-VII ബഹുനില ഫ്ലാറ്റുകളുടെ ഉദ്ഘാടന വേളയിൽ, പ്രധാനമന്ത്രി റെസിഡൻഷ്യൽ പരിസരത്ത് ഒരു സിന്ദൂർ തൈ നട്ടു. ഈ അവസരത്തിൽ പ്രധാനമന്ത്രി തൊഴിലാളികളുമായി സംവദിച്ചു.

സ്വയംപര്യാപ്തത കൈവരിക്കുന്നതിനാണ് ഈ സമുച്ചയം രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടാതെ പാർലമെന്റ് അംഗങ്ങളുടെ പ്രവർത്തനപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആധുനിക സൗകര്യങ്ങളുടെ പൂർണ്ണ ശ്രേണിയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ ഉൾപ്പെടുത്തിക്കൊണ്ട്, പദ്ധതി GRIHA 3-സ്റ്റാർ റേറ്റിംഗിന്റെ മാനദണ്ഡങ്ങൾ പാലിക്കുകയും 2016 ലെ നാഷണൽ ബിൽഡിംഗ് കോഡ് (NBC) പാലിക്കുകയും ചെയ്യുന്നു. പരിസ്ഥിതി സൗഹൃദപരമായ ഈ സവിശേഷതകൾ ഊർജ്ജ സംരക്ഷണം, പുനരുപയോഗ ഊർജ്ജ ഉൽപ്പാദനം, ഫലപ്രദമായ മാലിന്യ സംസ്കരണം എന്നിവയ്ക്ക് സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. നൂതന നിർമ്മാണ സാങ്കേതികവിദ്യയുടെ ഉപയോഗം - പ്രത്യേകിച്ച്, അലുമിനിയം ഷട്ടറിംഗുള്ള മോണോലിത്തിക് കോൺക്രീറ്റ് - ഘടനാപരമായ ഈട് ഉറപ്പാക്കുന്നതിനൊപ്പം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും സഹായിച്ചു.  എല്ലാ വിഭാ​ഗങ്ങളേയും ഉൾക്കൊള്ളുന്ന രൂപകൽപ്പനയോടുള്ള പ്രതിബദ്ധത പ്രകടമാക്കും വിധം സമുച്ചയം ദിവ്യാംഗ സൗഹൃദവുമാണ്.

പാർലമെന്റ് അംഗങ്ങൾക്ക് മതിയായ ഭവനങ്ങളുടെ അഭാവം മൂലമാണ് പദ്ധതിയുടെ വികസനം ആവശ്യമായി വന്നത്. ഭൂമിയുടെ ലഭ്യത പരിമിതമായതിനാൽ, ഭൂവിനിയോഗം ഫലപ്രദമാക്കുന്നതിനും അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള ലംബ ഭവന വികസനങ്ങൾക്ക് തുടർച്ചയായ ഊന്നൽ നൽകിയിട്ടുണ്ട്.

ഓരോ റെസിഡൻഷ്യൽ യൂണിറ്റിനും ഏകദേശം 5,000 ചതുരശ്ര അടി കാർപെറ്റ് ഏരിയയാണുള്ളത്. ഇത് റെസിഡൻഷ്യൽ, ഔദ്യോഗിക ചടങ്ങുകൾക്ക് വിശാലമായ സ്ഥലം നൽകുന്നു. ഓഫീസുകൾ, ജീവനക്കാരുടെ താമസസ്ഥലം, ഒരു കമ്മ്യൂണിറ്റി സെന്റർ എന്നിവയ്ക്കായി പ്രത്യേക സ്ഥലങ്ങൾ ഉൾപ്പെടുത്തുന്നത് പാർലമെന്റ് അംഗങ്ങൾക്ക് പൊതു പ്രതിനിധികൾ എന്ന നിലയിൽ അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് സഹായകമാകും. 

സമുച്ചയത്തിനുള്ളിലെ എല്ലാ കെട്ടിടങ്ങളും ആധുനിക ഘടനാപരമായ രൂപകൽപ്പന മാനദണ്ഡങ്ങൾക്കനുസൃതമായി ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. എല്ലാ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്രവും ശക്തവുമായ ഒരു സുരക്ഷാ സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്.

 

 

***

SK


(Release ID: 2155016)