പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

'പ്രോജക്ട് ലയണി'ന്റെ വിജയത്തിന് പിന്നിൽ പ്രധാനമന്ത്രി മോദിയുടെ നേതൃമികവാണെന്ന് കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ്

Posted On: 10 AUG 2025 12:47PM by PIB Thiruvananthpuram

കേന്ദ്രപരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം,ഗുജറാത്ത് ഗവൺമെന്റിന്റെ വനം, പരിസ്ഥിതി വകുപ്പുമായി സഹകരിച്ച് ഇന്ന് ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ബർദ വന്യജീവി സങ്കേതത്തിൽ ലോക സിംഹ ദിനം-2025 ആഘോഷിച്ചു.

 

 

ഇന്ത്യയിലെ സിംഹങ്ങളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർധനയിൽ, സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് സന്തുഷ്ടി പ്രകടിപ്പിച്ചു.സിംഹങ്ങളുടെ എണ്ണം 2020 ൽ 674 ആയിരുന്നത് ഇപ്പോൾ 891 ആയി വർദ്ധിച്ചു. കേന്ദ്രമന്ത്രി ശ്രീ യാദവ് തുടർന്നു പറഞ്ഞതിങ്ങനെ: “ വിജയകരമായ വന്യജീവി സംരക്ഷണത്തിന്റെ ആഗോള പ്രതീകമാണ് ഏഷ്യൻ സിംഹം(Panthera leo persica).ഈ ലോക സിംഹ ദിനത്തിൽ, അവയുടെ പുനരുജീവനത്തെ ഞങ്ങൾ ആഘോഷിക്കുന്നു. 1990 ലെ കേവലം 284 സിംഹങ്ങൾ എന്ന കണക്കിൽ നിന്ന്, 2025 ൽ അവയുടെ എണ്ണം 891 ആയി ഉയർന്നു.2020 മുതലുള്ള കാലയളവിനേക്കാൾ 32% വർദ്ധനയും കഴിഞ്ഞ ദശകത്തിനേക്കാൾ 70% ത്തിലധികം വർദ്ധനയും ആണിത് .”

 

 "വന്യജീവിസംരക്ഷണത്തിന്റെ അത്ഭുതകരമായ വിജയം" എന്ന് ഈ പദ്ധതിയെ വിശേഷിപ്പിച്ച മന്ത്രി, ഈ നേട്ടത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കൃതജ്ഞത രേഖപ്പെടുത്തി. ആദ്യം ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലും പിന്നീട് പ്രധാനമന്ത്രി എന്ന നിലയിലും അദ്ദേഹം പ്രോജക്ട് ലയണിന് മുൻഗണന നൽകി പ്രധാന സംരംഭമാക്കി മാറ്റി എന്ന് ശ്രീ ഭൂപേന്ദ്ര യാദവ് പറഞ്ഞു.

 

 

ഈ വിജയഗാഥയിൽ പങ്കുവഹിച്ച എല്ലാ വനം ഉദ്യോഗസ്ഥരെയും, വന്യജീവി,പരിസ്ഥിതി സ്നേഹികളെയും കേന്ദ്രമന്ത്രി ശ്രീ യാദവ് അഭിനന്ദിച്ചു. "കൂട്ടായ ഇച്ഛാശക്തി, സമർപ്പണം, സഹവർത്തിത്വത്തിൽ വേരൂന്നിയ നയങ്ങൾ എന്നിവയിലൂടെയാണ് ഗണ്യമായ ഈ വളർച്ച സാധ്യമായത് എന്നത് ശ്രദ്ധേയമാണ്," അദ്ദേഹം പറഞ്ഞു.

തനത് ആവാസവ്യവസ്ഥകളിൽ മനുഷ്യരും വന്യജീവികളും പുരോഗതി പ്രാപിക്കുന്ന ഒരു വികസിത ഭാരതം സൃഷ്ടിക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത മന്ത്രി ആവർത്തിച്ചു. വരും തലമുറകൾക്ക് വേണ്ടി ഈ സംരക്ഷണ മുന്നേറ്റം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

 

“ഇന്ന് ലോകത്തിലെവിടെയെങ്കിലും ഏഷ്യൻ സിംഹങ്ങൾ ഉണ്ടെങ്കിൽ അത് ഗുജറാത്തിലെ ഗിറിലാണ് എന്നത് നമ്മുടെ ദേശീയ അഭിമാനമാണ്.കഴിഞ്ഞ ദശകത്തിൽ നമ്മുടെ നിരന്തരമായ സംരക്ഷണ ശ്രമങ്ങൾ അവയുടെ എണ്ണം ഇരട്ടിയാക്കി. ഇത് ആഗോള വന്യജീവി സംരക്ഷണത്തിന് പ്രതീക്ഷ നൽകുന്നു. ഗുജറാത്തിന്റെ പൈതൃകത്തിന്റെയും ഇന്ത്യയുടെ പാരിസ്ഥിതിക ശക്തിയുടെയും യഥാർത്ഥ പ്രതീകമായ ഈ മൃഗരാജനെ സംരക്ഷിക്കാൻ ഇന്നത്തെ ഉദ്ഘാടനം എല്ലാവരെയും പ്രചോദിപ്പിക്കട്ടെ.”

 

ബർദ സഫാരി പാർക്കിന്റെയും മൃഗശാലയുടെയും വികസനത്തിന് കേന്ദ്ര ഗവൺമെന്റ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇത് മേഖലയിലെ പരിസ്ഥിതി വിനോദസഞ്ചാരത്തെ ശക്തിപ്പെടുത്തുകയും ബർദ മേഖലയിൽ സിംഹങ്ങളുടെ സംരക്ഷണ ശ്രമങ്ങൾക്ക് ഗണ്യമായ പ്രോത്സാഹനം നൽകുകയും ചെയ്യും.

 

*****************


(Release ID: 2154881)