കൃഷി മന്ത്രാലയം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ ഭാരതരത്‌ന ഡോ. എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്തു .
Posted On:
07 AUG 2025 5:21PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ പുസ ക്യാമ്പസ്സിൽ നടക്കുന്ന ഭാരതരത്‌ന ഡോ. എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2025 ആഗസ്റ്റ് 7 മുതൽ 9 വരെ ന്യൂഡൽഹിയിലെ പുസ കാമ്പസിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം, പ്രമുഖ കാർഷികശാസ്ത്രജ്ഞനും ഹരിതവിപ്ലവത്തിന്റെ പിതാവുമായ പ്രൊഫ. ഡോ. എം.എസ്. സ്വാമിനാഥന്റെ ജന്മശതാബ്ദിയുടെ ഭാഗമായാണ് സംഘടിപ്പിച്ചിട്ടുള്ളത് . എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, കൃഷി-കർഷകക്ഷേമ മന്ത്രാലയം, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ), നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പരിപാടി നടക്കുന്നത്. 'ഹരിതവിപ്ലവം - ജൈവസന്തോഷത്തിലേക്കുള്ള പാത'എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
"അന്യർക്കുവേണ്ടി ജീവിക്കുന്നതാണ് ജീവിതത്തിന്റെ യഥാർത്ഥ സത്ത. രാഷ്ട്രത്തിനും പൊതുസമൂഹത്തിനും മറ്റുള്ളവർക്കും വേണ്ടി ജീവിക്കുന്നവർ ജീവിതത്തെ സാർത്ഥകമാക്കുന്നവരാണ് " എന്ന് ജീവിതത്തിന്റെ യഥാർത്ഥ മൂല്യത്തെ ഊന്നിപ്പറഞ്ഞ ശ്രീ ശിവരാജ് സിംഗ്, മറ്റുള്ളവർക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു ഡോ. സ്വാമിനാഥൻ എന്ന് കൂട്ടിച്ചേർത്തു . ഡോ. സ്വാമിനാഥൻ വെട്ടിത്തെളിച്ച പാത പിന്തുടർന്ന്, ഇന്ത്യയിലോ ലോകത്തോ ആരും പട്ടിണിയോ ദാരിദ്ര്യമോ നേരിടില്ലെന്ന് നാം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു .
ഡോ. സ്വാമിനാഥന്റെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു .
1942–43 കാലഘട്ടത്തിലെ ബംഗാൾ ക്ഷാമം ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിവിട്ടു, അത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു . തുടർന്ന്, തന്റെ ജീവിതം കൃഷിയുടെയും കർഷകരുടെയും ഉയർച്ചയ്ക്കും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുമായി ഡോ. സ്വാമിനാഥൻ സമർപ്പിച്ചു. 1966-ൽ 18,000 ടൺ മെക്സിക്കൻ ഗോതമ്പ് ഇന്ത്യ ഇറക്കുമതി ചെയ്തു പഞ്ചാബിലെ പ്രാദേശിക ഇനങ്ങളുമായി ചേർത്ത് സങ്കരയിനം സൃഷ്ടിച്ചു . അതിന്റെ ഫലമായി ഒരു പുതിയ ഹൈബ്രിഡ് ഇനം ഉണ്ടായിയെന്നും ശ്രീ ചൗഹാൻ അനുസ്മരിച്ചു. ഇതിന്റെ ഫലമായി ഒരു വർഷത്തിനുള്ളിൽ ഗോതമ്പ് ഉത്പാദനം 5 ദശലക്ഷം ടണ്ണിൽ നിന്ന് 17 ദശലക്ഷം ടണ്ണായി ഉയർന്നു. ഹരിത വിപ്ലവത്തിന്റെ പിതാവായ ഡോ. സ്വാമിനാഥൻ കണ്ടെത്തിയ കാർഷിക ഗവേഷണ സംവിധാനങ്ങൾ ഇന്നും ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്നും ശ്രീ ചൗഹാൻ പറഞ്ഞു.
കാർഷിക മേഖലയുടെ വികസനത്തിനും കർഷകരുടെ ക്ഷേമത്തിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് ശ്രീ ചൗഹാൻ പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓരോ വാക്കും ഒരു മാർഗദർശക മന്ത്രം പോലെയാണ്. ഒരു വർഷം മുമ്പ്, പുസ സന്ദർശന വേളയിൽ, ശാസ്ത്രത്തെയും കൃഷിയെയും സംയോജിപ്പിക്കാതെ കാർഷികമേഖലയ്ക്ക് ശരിയായ ദിശയിൽ മുന്നേറാൻ കഴിയില്ലെന്ന് പ്രസ്താവിച്ച പ്രധാനമന്ത്രി "ലാബിനെ ഭൂമിയുമായി ബന്ധിപ്പിക്കുക" എന്ന് അവരോട് ഉപദേശിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 'ലാബിൽ നിന്ന് ഭൂമിയിലേക്ക്' , 'കൃഷി ചൗപാൽ', 'വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ' എന്നിവയുൾപ്പെടെ നിരവധി പ്രചാരണ പരിപാടികൾ രാജ്യത്ത് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
'വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ' എന്ന പദ്ധതിയ്ക്ക് കീഴിൽ ആകെ 2,170 ശാസ്ത്രജ്ഞസംഘങ്ങൾ രൂപീകരിച്ചതായും ശ്രീ ചൗഹാൻ അറിയിച്ചു. ഈ സംഘങ്ങൾ 64,000-ത്തിലധികം ഗ്രാമങ്ങൾ സന്ദർശിക്കുകയും ഒരു കോടിയിലധികം കർഷകരുമായി നേരിട്ട് ഇടപഴകുകയും ചെയ്തു.
ഭക്ഷ്യോൽപ്പാദനത്തെക്കുറിച്ച് പരാമർശിക്കവെ, ഇന്ത്യയുടെ ഭക്ഷ്യധാന്യ ശേഖരം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ശ്രീ ചൗഹാൻ എടുത്തുപറഞ്ഞു. "രാജ്യത്ത് അരി മിച്ചമുണ്ട്, ഗോതമ്പിൽ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട് , കൂടാതെ ശക്തമായ ഭക്ഷ്യധാന്യ സംഭരണ സംവിധാനങ്ങൾ നിർമ്മിക്കപ്പെടുകയാണ് ", അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നിലവിൽ 80 കോടി (800 ദശലക്ഷം) ആളുകൾക്ക് സൗജന്യ റേഷൻ നൽകുന്നുണ്ട്.
പയർവർഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഹെക്ടർ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും അദ്ദേഹം ഊന്നൽ നൽകി. പ്രധാനമന്ത്രിയുടെ മാർഗനിർദേശപ്രകാരം സോയാബീൻ, നിലക്കടല, കടുക്, എള്ള്, കടല, പയർ, ഉഴുന്ന്, തുവര എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു 'ദേശീയ പ്രകൃതി കൃഷി ദൗത്യം കൃഷി ദൗത്യം ' ആരംഭിച്ചതായി പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ശ്രീ ചൗഹാൻ പറഞ്ഞു. ഭാവി തലമുറകൾക്കായി ഭൂമി ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ , പച്ചക്കറികൾ എന്നിവ തുടർന്നും വിളവ് നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം, ഈ നേട്ടം കൈവരിക്കുന്നതിന് ഇത് നേടിയെടുക്കുന്നതിന് ശാസ്ത്രീയ സമീപനങ്ങൾ ഗൗരവമായി പ്രയോഗിക്കുന്നു എന്നും മന്ത്രി പറഞ്ഞു .
പ്രൊഫ. സ്വാമിനാഥന്റെ ജീവിതയാത്രയും അമൂല്യ സംഭാവനകളും പ്രദർശിപ്പിക്കുന്ന കേന്ദ്രവും ശ്രീ ശിവരാജ് സിംഗ് ചൗഹാൻ സന്ദർശിച്ചു.
SKY
*****
(Release ID: 2154003)