സഹകരണ മന്ത്രാലയം
സഹകരണ മന്ത്രാലയത്തിന്റെ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ രണ്ടാമത് യോഗം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേർന്നു.
Posted On:
05 AUG 2025 9:15PM by PIB Thiruvananthpuram
സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണ മന്ത്രാലയത്തിന്റെ സംരംഭങ്ങളെ സംബന്ധിക്കുന്ന പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ രണ്ടാമത് യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹകരണ സഹമന്ത്രിമാരായ ശ്രീ കൃഷൻ പാൽ, ശ്രീ മുരളീധർ മോഹോൾ, സമിതി അംഗങ്ങൾ, സഹകരണ മന്ത്രാലയ സെക്രട്ടറി, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സഹകരണ സ്ഥാപനങ്ങളെ ഊർജ്ജസ്വലവും വിജയപ്രദവുമായ ബിസിനസ് യൂണിറ്റുകളാക്കി മാറ്റാൻ സഹകരണ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തെ അഭിസംബോധന ചെയ്യവേ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. 5 വർഷത്തിനുള്ളിൽ രാജ്യത്ത് 2 ലക്ഷം വിവിധോദ്ദേശ്യ സഹകരണ സംഘങ്ങൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇതുവരെ 35,395 പുതിയ സഹകരണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും അതിൽ 6,182 എണ്ണം വിവിധോദ്ദേശ്യ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും(MPACS), 27,562 എണ്ണം ക്ഷീര സഹകരണ സംഘങ്ങളും, 1,651 എണ്ണം മത്സ്യബന്ധന സഹകരണ സംഘങ്ങളും ആണെന്നും അദ്ദേഹം പറഞ്ഞു.
ഭൂരഹിതർക്കും ദരിദ്ര ജനവിഭാഗങ്ങൾക്കും അഭിവൃദ്ധിയിലേക്കുള്ള മാർഗ്ഗം തുറന്നു നൽകാൻ സഹകരണ മേഖലയ്ക്ക് ശേഷിയുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. സഹകരണ മേഖലയുടെയും കാർഷിക മേഖലയുടെയും കർഷകരുടെയും അഭിവൃദ്ധിക്കായി ദേശീയതലത്തിൽ മൂന്ന് സഹകരണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ ജൈവ ഉത്പന്നങ്ങളുടെ സർട്ടിഫിക്കേഷൻ, ബ്രാൻഡിംഗ്, പാക്കേജിംഗ്, വിപണനം എന്നിവ നാഷണൽ കോപ്പറേറ്റീവ് ഓർഗാനിക് ലിമിറ്റഡ് (NCOL) ഉറപ്പാക്കുന്നുണ്ടെന്നും അതു മുഖേന കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് നല്ല വില ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകരുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും നാഷണൽ കോപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡ് (NCEL) ലഭ്യമാക്കുന്നുണ്ടെന്നും അതു മുഖേന മുഴുവൻ ലാഭവും കർഷകർക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ സംഘങ്ങൾക്ക് കൂടുതൽ പ്രോത്സാഹനമേകുന്നതിനായി അതത് സംസ്ഥാനങ്ങളിലെ ക്ഷീരമേഖലയെ ശക്തിപ്പെടുത്താൻ കേന്ദ്ര സഹകരണ മന്ത്രി കൺസൾട്ടേറ്റീവ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളോടും ആവശ്യപ്പെട്ടു. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (PACS), ക്ഷീര, മത്സ്യബന്ധന, സഹകരണ ബാങ്കുകൾ, പഞ്ചസാര സഹകരണ സംഘങ്ങൾ, സഹകരണ ഭരണനിർവ്വഹണ സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് സഹകരണ മന്ത്രാലയം കഴിഞ്ഞ നാല് വർഷത്തിനിടെ നൂറിലധികം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് സുസ്ഥിര സഹകരണ വികസനത്തിനുള്ള സമഗ്രമായ ഒരു രൂപരേഖ ദേശീയ സഹകരണ നയം-2025 മുന്നോട്ടു വയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന തലത്തിൽ സഹകരണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY), ദേശീയ ക്ഷീര വികസന പരിപാടി (NPDD) തുടങ്ങിയ ഭാരത സർക്കാർ പദ്ധതികളുമായുള്ള ഏകോപനവും ഈ രൂപരേഖയിൽ ഉൾപ്പെടുന്നു. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ ധവള വിപ്ലവം 2.0 പ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പാൽ സംഭരണം 50% വർദ്ധിപ്പിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു.
യോഗത്തിൽ, കഴിഞ്ഞ നാല് വർഷത്തിനിടെ സ്വീകരിച്ച വിവിധ സംരംഭങ്ങളെക്കുറിച്ച് കൺസൾട്ടേറ്റീവ് കമ്മിറ്റിയ്ക്ക് മുന്നിൽ സഹകരണ മന്ത്രാലയം വിശദീകരിച്ചു. സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ കൺസൾട്ടേറ്റീവ് കമ്മിറ്റി മുന്നോട്ടുവച്ചു. ഗ്രാമീണ ഇന്ത്യയുടെ വളർച്ച, സമത്വം, സ്വാശ്രയത്വം എന്നിവയുടെ പ്രേരകശക്തിയായി സഹകരണ സ്ഥാപനങ്ങളെ മാറ്റുന്നതിനുള്ള പ്രതിബദ്ധത മന്ത്രാലയം ഊട്ടിയുറപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്കായി : https://www.pib.gov.in/PressReleasePage.aspx?PRID=2152795 എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക
(Release ID: 2152968)