പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​ഇന്ത്യാ ഗവൺമെന്റും ഫിലിപ്പീൻസ് ഗവൺമെന്റും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം

Posted On: 05 AUG 2025 5:23PM by PIB Thiruvananthpuram

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയർ 2025 ഓഗസ്റ്റ് 4-8 തീയതികളിൽ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. പ്രസിഡന്റ് മാർക്കോസിനൊപ്പം പ്രഥമ വനിത ലൂയിസ് അരനെറ്റ മാർക്കോസും ഫിലിപ്പീൻസിലെ നിരവധി ക്യാബിനറ്റ് മന്ത്രിമാരും ഉന്നതതല വ്യാവസായിക പ്രതിനിധിസംഘവും ഉണ്ടായിരുന്നു.

2025 ഓഗസ്റ്റ് 5ന്, രാഷ്ട്രപതിഭവനുമുന്നിൽ പ്രസിഡന്റ് മാർക്കോസിന് ഔപചാരിക സ്വീകരണം നൽകി. മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന നടത്താൻ അദ്ദേഹം രാജ്ഘാട്ട് സന്ദർശിച്ചു. തുടർന്ന് പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാർക്കോസും ഉഭയകക്ഷി ചർച്ചകൾ നടത്തി. തുടർന്ന്, നേതാക്കൾ ഉഭയകക്ഷിരേഖകളുടെ കൈമാറ്റത്തിന് സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി മോദി ഒരുക്കിയ മധ്യാഹ്നവിരുന്നിൽ പ്രസിഡന്റ് മാർക്കോസ് പങ്കെടുത്തു. പ്രസിഡന്റ് മാർക്കോസ് രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനെയും സന്ദർശിച്ചു. അദ്ദേഹത്തിന്റെ ബഹുമാനാർഥം ഒരുക്കിയ വിരുന്നിലും പങ്കെടുത്തു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കർ പ്രസിഡന്റ് മാർക്കോസിനെ സന്ദർശിച്ചു. പ്രസിഡന്റ് മാർക്കോസ് ബെംഗളൂരുവും സന്ദർശിക്കും.

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാർക്കോസും,

(a) ഇന്ത്യ-ഫിലിപ്പീൻസ് നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നു;

(b) പരസ്പരബഹുമാനം, വിശ്വാസം, നാഗരിക ബന്ധങ്ങൾ, പങ്കുവയ്ക്കുന്ന മൂല്യങ്ങൾ, സംസ്കാരം എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യ-ഫിലിപ്പീൻസ് ദീർഘകാല സൗഹൃദത്തെ അംഗീകരിക്കുന്നു;

(c) 1949-ൽ നയതന്ത്രബന്ധം സ്ഥാപിതമായതുമുതൽ വിവിധ മേഖലകളിലെ അവരുടെ സമ്പന്നവും ഫലപ്രദവുമായ സഹകരണ പാരമ്പര്യത്തെ വരച്ചുകാട്ടുന്നു;

(d) 1952 ജൂലൈ 11-ന് ഒപ്പുവച്ച സൗഹൃദ ഉടമ്പടി, 2000 നവംബർ 28-ന് ഒപ്പുവച്ച നയപരമായ ചർച്ചകളെക്കുറിച്ചുള്ള ധാരണാപത്രം, 2007 ഒക്ടോബർ 5-ന് ഒപ്പുവച്ച ഉഭയകക്ഷി സഹകരണത്തിനായുള്ള സംയുക്ത കമ്മീഷൻ സ്ഥാപിക്കുന്നതിനുള്ള കരാർ, 2007 ഒക്ടോബർ 5-ന് ഇരുരാജ്യങ്ങളും ഒപ്പുവച്ച ഉഭയകക്ഷി സഹകരണത്തിന്റെ ചട്ടക്കൂടിനെക്കുറിച്ചുള്ള പ്രഖ്യാപനം എന്നിവയുടെ അടിസ്ഥാന പ്രാധാന്യം ഊന്നിപ്പറയുന്നു;

(e) ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ആഗ്രഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു മുന്നോട്ട് പോകുന്നു;

(f) ഉഭയകക്ഷിബന്ധങ്ങളുടെ കൂടുതൽ സമഗ്രമായ വികസനം ഇരുരാജ്യങ്ങളിലും മേഖലയിലും മൊത്തത്തിൽ പുരോഗതിയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞു;

(g) ഉഭയകക്ഷിപങ്കാളിത്തത്തിന് ഗുണപരവും തന്ത്രപരവുമായ പുതിയ മാനം നൽകാനും ദീർഘകാല പ്രതിജ്ഞാബദ്ധത നൽകാനും രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, സമുദ്രമേഖല, ശാസ്ത്ര-സാങ്കേതികവിദ്യ, കാലാവസ്ഥ വ്യതിയാനം, ബഹിരാകാശ സഹകരണം, വ്യാപാരം, നിക്ഷേപം, വ്യവസായ സഹകരണം, സമ്പർക്കസൗകര്യം, ആരോഗ്യം, ഔഷധങ്ങൾ, കൃഷി, ഡിജിറ്റൽ സാങ്കേതികവിദ്യ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, വികസന സഹകരണം, സംസ്കാരം, സർഗാത്മക വ്യവസായങ്ങൾ, വിനോദസഞ്ചാരം, ജനങ്ങൾ തമ്മിലുള്ള കൈമാറ്റം, മറ്റു മേഖലകൾ എന്നിവയിൽ വരുംവർഷങ്ങളിൽ സഹകരണം സജീവമായി വികസിപ്പിക്കാനും ശ്രമിക്കുന്നു;

(h) സ്വതന്ത്രവും തുറന്നതും സുതാര്യവും നിയമാധിഷ്ഠിതവും ഏവരെയും ഉൾക്കൊള്ളുന്നതും സമ്പന്നവും സ്ഥിരതയുള്ളതുമായ ഇൻഡോ-പസഫിക് മേഖലയിലുള്ള അവരുടെ പൊതുവായ താൽപ്പര്യം വീണ്ടും സ്ഥിരീകരിക്കുകയും ആസിയാൻ കേന്ദ്രീകരണത്തിനായുള്ള കരുത്തുറ്റ പിന്തുണ ആവർത്തിക്കുകയും ചെയ്യുന്നു;

ഇതിനാൽ പ്രഖ്യാപിക്കുന്നത്:

ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കൽ;

തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി-പ്രാദേശിക-അന്താരാഷ്ട്ര സഹകരണത്തിനുള്ള പൂർണ സാധ്യതകൾ സാക്ഷാത്കരിക്കുന്നതിനുള്ള പുതിയ അധ്യായം അടയാളപ്പെടുത്തൽ;

ഈ തന്ത്രപരമായ പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും, വിശാലമായ മേഖലയുടെയും തുടർച്ചയായ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പരസ്പര പ്രതിജ്ഞാബദ്ധതയെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ, ഭാവിയെ അടിസ്ഥാനമാക്കിയുള്ള പരസ്പര പ്രയോജനകരമായ സഹകരണം രൂപപ്പെടുത്തുന്നതിനുള്ള അടിത്തറയായി ഇത് വർത്തിക്കുന്നു;

2025 ഓഗസ്റ്റ് 5-ന് ഇരുരാജ്യങ്ങളും അംഗീകരിച്ച കർമപദ്ധതി (2025-2029) പ്രകാരമാണ് ഇന്ത്യ-ഫിലിപ്പീൻസ് തന്ത്രപ്രധാന പങ്കാളിത്തം മുന്നോട്ടുപോകുന്നത്;

​ഇന്ത്യ-ഫിലിപ്പീൻസ് പങ്കാളിത്തത്തിന് കൂടുതൽ ചലനാത്മകത പകരുക എന്ന ലക്ഷ്യത്തോടെ, ഇരുനേതാക്കളും ഇനിപ്പറയുന്ന കാര്യങ്ങളിൽ ധാരണയായി:

(എ) രാഷ്ട്രീയ സഹകരണം

* ഉഭയകക്ഷി സഹകരണത്തിനുള്ള സംയുക്ത കമ്മീഷന്റെ (JCBC) യോഗം ചേരുന്നതിലൂടെയും, നയപരമായ കൂടിയാലോചനകൾ, തന്ത്രപരമായ സംഭാഷണം എന്നിവയുൾപ്പെടെ, പരസ്പരതാൽപ്പര്യമുള്ള ഉഭയകക്ഷി- ബഹുമുഖ വിഷയങ്ങളിൽ പതിവ് ഉന്നതതല വിനിമയങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും രാഷ്ട്രീയ ഇടപെടൽ ശക്തിപ്പെടുത്തുക;

* നിലവിലുള്ള കരാറുകളുടെയും ധാരണാപത്രങ്ങളുടെയും ഫലപ്രദമായ പ്രവർത്തനത്തിലൂടെയും ചർച്ചകൾക്കുള്ള കരാറുകളുടെയും ധാരണാപത്രങ്ങളുടെയും അതിവേഗമുള്ള അന്തിമരൂപീകരണത്തിലൂടെയും വിവിധ മേഖലകളിലും തലങ്ങളിലും കൂടുതൽ സഹകരണം വളർത്തുക;

വ്യാപാരവും നിക്ഷേപവും, ഭീകരവിരുദ്ധപോരാട്ടം, വിനോദസഞ്ചാരം, ആരോഗ്യം, വൈദ്യശാസ്ത്രം, കൃഷി, സാമ്പത്തിക സാങ്കേതികവിദ്യ എന്നിവയിലെ സംയുക്ത കർമസമിതികൾ (JWG) ഉൾപ്പെടെയുള്ള വിവിധ ഉഭയകക്ഷി സ്ഥാപന സംവിധാനങ്ങളിലൂടെ ചർച്ചകൾ ഊർജസ്വലമാക്കുക;

* പരസ്പരധാരണ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളിലെയും നിയമനിർമാണ സഭകൾ തമ്മിലുള്ള ആശയവിനിമയം, പ്രത്യേകിച്ച് ഇരു രാജ്യങ്ങളിലെയും യുവ നേതാക്കൾ തമ്മിലുള്ള വിനിമയം പ്രോത്സാഹിപ്പിക്കുക;

(ബി) പ്രതിരോധവും സുരക്ഷയും സമുദ്രസഹകരണവും

* 2006 ഫെബ്രുവരി 4-ന് ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ ഒപ്പുവച്ച പ്രതിരോധ സഹകരണ കരാറിന്റെ കീഴിൽ കൈവരിച്ച പുരോഗതി അംഗീകരിക്കുക;

* പ്രതിരോധ വ്യാവസായിക സഹകരണം, പ്രതിരോധ സാങ്കേതികവിദ്യ, ഗവേഷണം, പരിശീലനം, കൈമാറ്റങ്ങൾ, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ ഊന്നൽനൽകി പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള സംഭാഷണത്തിനായി സംയുക്ത പ്രതിരോധ സഹകരണ സമിതി (JDCC), സംയുക്ത പ്രതിരോധ വ്യവസായ- ലോജിസ്റ്റിക്സ് സമിതി (JDILC) എന്നിവയുൾപ്പെടെയുള്ള സ്ഥാപന സംവിധാനങ്ങളുടെ പതിവുയോഗങ്ങൾ സംഘടിപ്പിക്കുന്നതിന് സൗകര്യമൊരുക്കുക;

* ത്രിരാഷ്ട്ര സഹകരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക പരിശീലന പ്രവർത്തനങ്ങളും സർവീസ്-ടു-സർവീസ് ഇടപെടലുകളും സ്ഥാപനവൽക്കരിക്കുക;

* തീരദേശ രാഷ്ട്രങ്ങൾ, വികസ്വര സമ്പദ്‌വ്യവസ്ഥകൾ, ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര രാഷ്ട്രങ്ങൾ എന്നീ നിലകളിൽ ഇരുരാജ്യങ്ങളുടെയും വികസന ആവശ്യങ്ങൾ, അവകാശങ്ങൾ, സ്വാതന്ത്ര്യങ്ങൾ എന്നിവ കൈവരിക്കുന്നതിൽ കടലുകളുടെയും സമുദ്രങ്ങളുടെയും സുപ്രധാന പങ്ക് തിരിച്ചറിയുക;

* സമുദ്ര വിഷയങ്ങളിൽ ഇടപെടലുകൾ സ്ഥാപനവൽക്കരിക്കുകയും ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള ആഴത്തിലുള്ള സമുദ്ര സഹകരണത്തെ അഭിനന്ദിക്കുകയും ചെയ്യുക, ഇതിൽ 2024 ഡിസംബർ 11-13 തീയതികളിൽ മനിലയിൽ ഇതാദ്യമായി നടന്ന വാർഷിക ഇന്ത്യ-ഫിലിപ്പീൻസ് മാരിടൈം സംഭാഷണവും ഉൾപ്പെടുന്നു. സമുദ്ര ഇടപെടലിന്റെ മുന്നോട്ടുള്ള ഗതിവേഗം നിലനിർത്തുന്നതിനുള്ള മാർഗമായി ഇന്ത്യ അടുത്ത സംഭാഷണത്തിന് ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു;

* ആഗോള-പ്രാദേശിക സമുദ്ര വെല്ലുവിളികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുക, സമുദ്ര സഹകരണം ആഴത്തിലാക്കുന്നതിനുള്ള മികച്ച രീതികൾ പങ്കിടുക, സമുദ്രങ്ങളുടെയും കടലുകളുടെയും സമുദ്രവിഭവങ്ങളുടെയും സമാധാനപരവും സുസ്ഥിരവും സന്തുലിതവുമായ ഉപയോഗത്തെക്കുറിച്ച് സമുദ്ര അധികൃതരും നിയമ നിർവഹണ ഏജൻസികളും സമുദ്ര ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനവും വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കുക;

* ഇരുഗവണ്മെന്റുകളുടെയും ഉചിതമായ ഏജൻസികൾ വഴി മികച്ച രീതികൾ, ഇന്റലിജൻസ്, സാങ്കേതിക പിന്തുണ, വിഷയ വിദഗ്ദ്ധരുടെ (​SME​) കൈമാറ്റങ്ങൾ, ശിൽപ്പശാലകൾ, വ്യാവസായിക സഹായം എന്നിവയുടെ പങ്കിടൽ;

​* കപ്പൽ നിർമാണം, സമുദ്രസമ്പർക്കസൗകര്യം, തീരദേശ നിരീക്ഷണം, മാനുഷിക സഹായം, ദുരന്ത നിവാരണം (HADR), മലിനീകരണ നിയന്ത്രണം, തിരയൽ, രക്ഷാപ്രവർത്തനം (SAR) എന്നിവയുമായി ബന്ധപ്പെട്ട്, നാവികസേനയും തീരസംരക്ഷണസേനയും തമ്മിലുള്ള സഹകരണത്തിലൂടെ സമുദ്ര അവബോധം (MDA) വർധിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾവഴി സമുദ്രസുരക്ഷ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തൽ;

* പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രതിരോധ ഉപകരണങ്ങളുടെ സഹ-വികസനത്തിലും സഹ-ഉൽ‌പ്പാദനത്തിലും സഹകരിക്കുക, പ്രതിരോധ ഗവേഷണ- വികസനത്തിന്റെയും വിതരണശൃംഖലയുടെയും ആവാസവ്യവസ്ഥ സ്ഥാപിക്കുന്നതിൽ നിക്ഷേപങ്ങളും സംയുക്ത സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക;

* സുരക്ഷിതവും കാര്യക്ഷമവുമായ സമുദ്രസഞ്ചാരം ഉറപ്പാക്കുന്നതിന് ഹൈഡ്രോഗ്രാഫിക് അടിസ്ഥാനസൗകര്യങ്ങളുടെയും സംയുക്ത സമുദ്രശാസ്ത്ര ഗവേഷണ സർവേകളുടെയും മെച്ചപ്പെടുത്തൽ, മേഖലയുടെ മൊത്തത്തിലുള്ള സമുദ്ര സുരക്ഷയ്ക്ക് സംഭാവന നൽകുന്ന ഹൈഡ്രോഗ്രാഫിക് അടിസ്ഥാനസൗകര്യങ്ങളുടെയും സംയുക്ത സമുദ്രശാസ്ത്ര ഗവേഷണ സർവേകളുടെയും മെച്ചപ്പെടുത്തൽ എന്നിവ ഉൾപ്പെടെ, ഹൈഡ്രോഗ്രാഫിക് മേഖലയിലെ സഹകരണം വികസിപ്പിക്കുക;

* ആസിയാൻ-ഇന്ത്യ സമുദ്ര അഭ്യാസം, MILAN അഭ്യാസം, ഫിലിപ്പീൻസിന്റെ സമുദ്ര സഹകരണ പ്രവർത്തനങ്ങൾ (MCA) എന്നിവയുൾപ്പെടെയുള്ള ബഹുമുഖ പരിശീലനങ്ങളിൽ പങ്കാളിത്തത്തിനായി പരിശ്രമിക്കുക;

* ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനങ്ങൾ (PKO), വിതരണശൃംഖല പരിപാലനം, സൈനിക വൈദ്യശാസ്ത്രം, ആഗോള-പ്രാദേശിക സുരക്ഷാ പരിസ്ഥിതി, സമുദ്രസുരക്ഷ, സൈബർ സുരക്ഷ, നിർണായക സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയ പരമ്പരാഗതവും പാരമ്പര്യേതരവുമായ സുരക്ഷാ ആശങ്കകൾ, അതുപോലെ നിർണായക വിവര അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷണം, സാമ്പത്തിക കാര്യങ്ങളിലെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ എന്നിവയിലെ പതിവ് സംഭാഷണങ്ങൾ, ഇടപെടലുകൾ, മികച്ച രീതികളുടെ കൈമാറ്റം എന്നിവയിലൂടെ കൂടുതൽ സുരക്ഷാ സഹകരണം വളർത്തിയെടുക്കുക;

* (i) ഭീകരത, അക്രമാസക്തമായ തീവ്രവാദം, തീവ്രവാദവൽക്കരണം, മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും കടത്ത്  എന്നിവയുൾപ്പെടെയുള്ള അന്തർദേശീയ സംഘടിത കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽനിന്നുള്ള സൈബർ ഭീഷണികൾ, ഭീകരവാദ ആവശ്യങ്ങൾക്കായി ഇന്റർനെറ്റിന്റെ ദുരുപയോഗം, ഭീകരവാദത്തിനുള്ളള ധനസഹായം, അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും ആയുധവ്യാപന ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കലിനുമെതിരായ പോരാട്ടത്തിൽ, ഭീകരവാദ വിരുദ്ധ സംയുക്ത കർമസമിതിയുടെ പതിവ് സമ്മേളനം ഉൾപ്പെടെ സംയുക്ത ശ്രമങ്ങൾ ശക്തിപ്പെടുത്തുക; (ii) വിവരങ്ങളും മികച്ച രീതികളും പങ്കിടുന്നതിന് സൗകര്യമൊരുക്കൽ, ശേഷി വർദ്ധിപ്പിക്കൽ, ഭീകരവാദ വിരുദ്ധ ബഹുമുഖ വേദികളിൽ സഹകരിക്കൽ; (iii) ഭീകരതയോട് സഹിഷ്ണുതാരഹിത നയം പ്രോത്സാഹിപ്പിക്കൽ;

* നയപരമായ സംഭാഷണങ്ങൾ, ശേഷി വർദ്ധിപ്പിക്കൽ, മികച്ച രീതികളുടെ പങ്കുവയ്ക്കൽ, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, സാമ്പത്തിക സാങ്കേതികവിദ്യ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നിർമിതബുദ്ധി, ഡിജിറ്റൽ ഫോറൻസിക്സ്, കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT) സഹകരണം, നിർണായക വിവര അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷണം, ഡിജിറ്റൽ കഴിവുകളിൽ ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലൂടെ സൈബർ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തൽ;

(സി) സാമ്പത്തിക, വ്യാപാര, നിക്ഷേപ സഹകരണം

* ഇന്ത്യ-ഫിലിപ്പീൻസ് പങ്കാളിത്തത്തിന്റെ പ്രധാന ചാലകശക്തിയായി വ്യാപാര, വാണിജ്യ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുക. ഇതിനായി ഉഭയകക്ഷി വ്യാപാരം, നിക്ഷേപം എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുകയും, കൂടുതൽ സാമ്പത്തിക അവസരങ്ങൾ തുറക്കുകയും ചെയ്യുക;

* 2024-25 ൽ ഏകദേശം 3.3 ബില്യൺ യുഎസ് ഡോളറിലെത്തിയ ഉഭയകക്ഷി വ്യാപാരത്തിലെ സ്ഥിരമായ വർദ്ധനവിനെ സ്വാഗതം ചെയ്യുകയും അത്തരം വളർച്ച നിലനിർത്തുകയും പരസ്പര സഹകരണം  പ്രയോജനപ്പെടുത്തുകയും, വ്യാപാര മേഖലയുടെയും, സേവനങ്ങളുടെയും വ്യാപ്തി വികസിപ്പിക്കുകയും ചെയ്യുന്നു;

* പരസ്പര വ്യാപാരം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള മുൻഗണനാ വ്യാപാര കരാറിന്റെ (പി‌ടി‌എ) ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുക. ഇരുവശത്തുമുള്ള നിക്ഷേപങ്ങൾ സുഗമമാക്കുന്നതിന് ഇരുപക്ഷവും കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കുക;

* വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനും, വിപണിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഉടനടിയുള്ള പരിഹാരം സാധ്യമാക്കുന്നതിനും, ആഗോള വിതരണ ശൃംഖലകളുമായി കൂടുതൽ സംയോജനം വളർത്തുന്നതിനും, പുനരുപയോഗ ഊർജ്ജം, നിർണായക ധാതുക്കൾ, ഇലക്ട്രിക് വാഹനങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ഐസിടി, ബയോടെക്നോളജി, സൃഷ്ടിപരമായ വ്യവസായവും സ്റ്റാർട്ടപ്പുകളും, നിർമ്മാണവും അടിസ്ഥാന സൗകര്യങ്ങൾ, ഇരുമ്പ്, ഉരുക്ക്, കപ്പൽ നിർമ്മാണവും അറ്റകുറ്റ പണികളും, കൃഷി, ടൂറിസം എന്നിവയിലെ സഹകരണത്തിന് ശക്തമായ അടിത്തറ പാകുന്നതിനും നിലവിലുള്ള സംവിധാനങ്ങൾ ഉൾപ്പെടെ, ഇരുവശത്തുമുള്ള അതത് മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തമ്മിൽ പതിവായി മീറ്റിംഗുകളും ചർച്ചകളും സംഘടിപ്പിക്കുക;                                                                                                           * അടിസ്ഥാന സൗകര്യ വികസനത്തിലും കണക്റ്റിവിറ്റി, ഗതാഗത പദ്ധതികൾ നടപ്പിലാക്കുന്നതിലും പങ്കാളിത്തം വളർത്തുക;

* ലളിതമായ കസ്റ്റംസ് നടപടിക്രമങ്ങളിലൂടെ മെച്ചപ്പെട്ട വ്യാപാര സൗകര്യത്തിനായി സംയുക്ത കസ്റ്റംസ് സഹകരണ കമ്മിറ്റി യോഗങ്ങൾ സുഗമമാക്കുക;

* ബിസിനസ് പ്രതിനിധികളുടെ കൈമാറ്റം, കൂടുതൽ ബി2ബി കോൺടാക്റ്റുകൾ, വ്യാപാര മേളകൾ, ബിസിനസ് കോൺക്ലേവുകൾ എന്നിവയിലൂടെ ഇരു രാജ്യങ്ങളും വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ബിസിനസുകളെയും വ്യവസായ പ്രതിനിധികളെയും പ്രോത്സാഹിപ്പിക്കുക;

* അന്താരാഷ്ട്ര, പ്രാദേശിക വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും സർക്കാരുകളും അവരുടെ അന്താരാഷ്ട്ര, സാമ്പത്തിക സ്ഥാപനങ്ങളും തമ്മിൽ കൂടുതൽ സഹകരണവും ഏകോപനവും പ്രോത്സാഹിപ്പിക്കുക;


 * അടിസ്ഥാന സൗകര്യ വികസനത്തിലും കണക്റ്റിവിറ്റി, ഗതാഗത പദ്ധതികൾ നടപ്പിലാക്കുന്നതിലും പങ്കാളിത്തം വളർത്തുക;


 * ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ (AITIGA) കൂടുതൽ ഫലപ്രദവും, ഉപയോക്തൃ സൗഹൃദവും, ലളിതവും, ബിസിനസുകൾക്ക് വ്യാപാരം എളുപ്പവുമാക്കുന്നതിനുമായി അതിന്റെ അവലോകനം ത്വരിതപ്പെടുത്തൽ;

* ശേഷി വർദ്ധിപ്പിക്കൽ, അറിവ് പങ്കിടൽ, സംയുക്ത ഗവേഷണ സംരംഭങ്ങൾ എന്നിവയിലൂടെ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം പിന്തുണയ്ക്കുന്നതിനും ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഓരോ രാജ്യത്തെയും പ്രസക്തമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ആരോഗ്യ സംരക്ഷണ, ഫാർമസ്യൂട്ടിക്കൽ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തൽ;

* വിദഗ്ധരുടെ പരിശീലനത്തിലൂടെയും കൈമാറ്റത്തിലൂടെയും ഉൾപ്പെടെ ആയുർവേദ, പരമ്പരാഗത വൈദ്യശാസ്ത്ര മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തൽ;

* ഇന്ത്യൻ ഗ്രാന്റ് സഹായത്തിന് കീഴിൽ ക്വിക്ക് ഇംപാക്ട് പ്രോജക്ടുകൾ (QIP-കൾ) നടപ്പിലാക്കുന്നതിലൂടെ ഫിലിപ്പീൻസിന്റെ പ്രാദേശിക വികസന മുൻഗണനകളെ പിന്തുണയ്ക്കൽ.


 (ഡി) ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണം


* ഇന്ത്യൻ ശാസ്ത്ര സാങ്കേതിക വകുപ്പും ഫിലിപ്പൈൻ ശാസ്ത്ര സാങ്കേതിക വകുപ്പും തമ്മിൽ  2025-28 കാലയളവിലെ ശാസ്ത്ര സാങ്കേതിക മേഖലകളിലെ സഹകരണ പരിപാടിയുടെ കീഴിൽ, പരസ്പര സമ്മതത്തോടെയുള്ള മുൻഗണനാ മേഖലകളിലെ ഗവേഷണ വികസനം, എസ്‌ടി‌ഐ വിവരങ്ങളുടെയും ശാസ്ത്രജ്ഞരുടെയും കൈമാറ്റം, ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ശാസ്ത്ര, സാങ്കേതികവിദ്യ, നവീകരണ (എസ്‌ടി‌ഐ) സഹകരണം മെച്ചപ്പെടുത്തുക;

* ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രയോഗങ്ങൾ ഉൾപ്പെടെ, ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളിൽ സഹകരണം വളർത്തുക, അക്കാദമിക്, ഗവേഷണ വികസനം, വ്യവസായം, നവീകരണം എന്നിവയുടെ പങ്ക് സ്വാഗതം ചെയ്യുക;

* ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളിൽ സഹകരണം വർദ്ധിപ്പിക്കുക;

* വിദ്യാഭ്യാസ സാങ്കേതികവിദ്യയിലും മെഡ്-ടെക്കിലും മികച്ച രീതികളുടെ പങ്കിടലും കൈമാറ്റവും ഉൾപ്പെടെ വിവര, ആശയവിനിമയ സാങ്കേതികവിദ്യ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുക;

* നെല്ല് ഉൽപാദനം, കാർഷിക ഗവേഷണം എന്നിവയുൾപ്പെടെയുള്ള കാർഷിക മേഖലയിലെ സഹകരണം വികസിപ്പിക്കുക, സുസ്ഥിര മത്സ്യബന്ധനത്തിന്റെയും മത്സ്യക്കൃഷിയുടെയും വികസനത്തിൽ പങ്കാളിത്തം ശക്തിപ്പെടുത്തുക


 (ഇ) കണക്റ്റിവിറ്റി 

* ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള എല്ലാത്തരം കണക്റ്റിവിറ്റികളും മെച്ചപ്പെടുത്തൽ, അതിൽ ഭൗതിക, ഡിജിറ്റൽ, സാമ്പത്തിക ബന്ധങ്ങൾ ഉൾപ്പെടുന്നു;

* സൈബർ സുരക്ഷയും സ്വകാര്യതാ പരിഗണനകളും ഉറപ്പാക്കിക്കൊണ്ട് ഇ-ഗവേണൻസ്, സാമ്പത്തിക ഉൾപ്പെടുത്തൽ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തൽ;

* തുറമുഖങ്ങൾ തമ്മിലുള്ള കൂടുതൽ ബന്ധങ്ങൾ  ഉൾപ്പെടെ, പ്രാദേശിക സമുദ്ര കണക്റ്റിവിറ്റി മെച്ചപ്പെടുത്തൽ;

* നേരിട്ടുള്ള വ്യോമഗതാഗതം സ്ഥാപിക്കുന്നതിലൂടെ രാജ്യങ്ങൾ തമ്മിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നു. ഇക്കാര്യത്തിൽ, വരും മാസങ്ങളിൽ രണ്ട് തലസ്ഥാനങ്ങൾക്കിടയിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള നേരിട്ടുള്ള വിമാന സർവീസുകളെ ഇരു നേതാക്കളും സ്വാഗതം ചെയ്തു;


 (എഫ്) നയതന്ത്ര മേഖലയിലെ സഹകരണം

* ജനങ്ങൾ തമ്മിലുള്ള സഹകരണം സാധ്യമാക്കൽ. ഇക്കാര്യത്തിൽ, ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസ് വിസ ഫ്രീ യാത്രാ ആനുകൂല്യങ്ങൾ അനുവദിച്ചതിനെയും, ഫിലിപ്പീൻസ് പൗരന്മാർക്ക് ഇന്ത്യ സൗജന്യ ഇ-ടൂറിസ്റ്റ് വിസ നടപ്പിലാക്കിയതിനെയും  ഇരു നേതാക്കളും സ്വാഗതം ചെയ്തു;

* സംയുക്ത നയതന്ത്ര ഉദ്യോഗസ്ഥതല  മീറ്റിംഗ് പതിവായി വിളിച്ചുകൂട്ടൽ;


 (ജി) നിയമ, നീതിന്യായ മേഖലയിലെ പരസ്പര സഹകരണം

* ക്രിമിനൽ നടപടികളും, കുറ്റകൃത്യങ്ങളും ആയി ബന്ധപ്പെട്ട വിഷയങ്ങളിലെ പരസ്പര നിയമ സഹായ ഉടമ്പടിയുടെയുംകുറ്റവാളികളെ  കൈമാറുന്നതിനുള്ള ഉടമ്പടിയേയും സ്വാഗതം ചെയ്യുന്നു;

 (എച്ച്) സാംസ്കാരികം, വിനോദസഞ്ചാരം, എന്നീ മേഖലകളിലുള്ള ജനങ്ങൾ തമ്മിലുള്ള സഹകരണം.


* വികസിപ്പിച്ച സാംസ്കാരിക വിനിമയ പരിപാടിയുടെ കീഴിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളും, സാംസ്കാരിക ബന്ധങ്ങളും, കൈമാറ്റങ്ങളും സഹകരണങ്ങളും കൂടുതൽ ശക്തിപ്പെടുത്തുക;

* ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് വാഗ്ദാനം ചെയ്യുന്ന സ്കോളർഷിപ്പ് കോഴ്സുകളിൽ പങ്കെടുക്കുന്നതിലൂടെ കൂടുതൽ സാംസ്കാരിക വിനിമയം വളർത്തുക;

* വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ പതിവ് യോഗം ചേരുന്നതിനു പുറമേ, ഇരു രാജ്യങ്ങളിലെയും ടൂറിസ്റ്റ് സംഘടനകൾ, ടൂറിസം പ്രൊഫഷണലുകൾ, ഹോസ്പിറ്റാലിറ്റി മേഖല എന്നിവ തമ്മിലുള്ള മികച്ച രീതികളുടെ കൈമാറ്റങ്ങളും ചർച്ചകളും പ്രോത്സാഹിപ്പിക്കുക;

* വിദ്യാർത്ഥികളുടെയും മാധ്യമങ്ങളുടെയും പരസ്പര കൈമാറ്റങ്ങൾ  സുഗമമാക്കുകയും തിങ്ക് ടാങ്കുകളും അക്കാദമിക് സ്ഥാപനങ്ങളും തമ്മിലുള്ള ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക;

* ഇന്ത്യൻ സാങ്കേതിക സാമ്പത്തിക സഹകരണ (ഐടിഇസി) പരിപാടിയുടെ കീഴിൽ ഉൾപ്പെടെ, ഇന്ത്യ-ഫിലിപ്പീൻസ് പരിശീലനവും ശേഷി വികസന സഹകരണവും മെച്ചപ്പെടുത്തുക;

(i) പ്രാദേശികം, ബഹുതലം,  അന്തർദേശീയം


* ആഗോള പൊതുമണ്ഡലത്തിലെ നിയമവാഴ്ച, ഭീകരവാദത്തിനെതിരായ പോരാട്ടം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം തുടങ്ങി ഇരു രാജ്യങ്ങൾക്കും ഒരുപോലെ  ആശങ്കയും താൽപ്പര്യവുമുള്ള ആഗോള വിഷയങ്ങളിൽ ഐക്യരാഷ്ട്രസഭയും അതിന്റെ പ്രത്യേക ഏജൻസികളും ഉൾപ്പെടെയുള്ള ബഹുമുഖ,  വേദികളിൽ അടുത്ത് സഹകരിക്കുക. സ്ഥിരവും സ്ഥിരമല്ലാത്തതുമായ അംഗത്വ വിഭാഗങ്ങളിൽ,  ചർച്ചകളിലൂടെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ പരിഷ്കരണത്തിനും വിപുലീകരണത്തിനും സജീവ പിന്തുണ നൽകുക;

* സ്വതന്ത്രവും,  സുതാര്യവും നിയമാധിഷ്ഠിതവുമായ വ്യാപാര സംവിധാനത്തോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട്, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും വ്യാപാര സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപാരം അവരുടെ സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഉഭയകക്ഷി, പ്രാദേശിക, ബഹുമുഖ വേദികൾക്ക് കീഴിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഇരു രാജ്യങ്ങളും അടിവരയിട്ടു.

* അന്താരാഷ്ട്ര സൗരോർജ്ജ കൂട്ടായ്‌മ, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഹകരണം, ആഗോള-ജൈവ ഇന്ധന സഖ്യം, പരിസ്ഥിതിക്കായുള്ള -ജീവിതശൈലി ദൗത്യം (LiFE) തുടങ്ങിയ ആഗോള സംരംഭങ്ങളിലൂടെ, ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ യോജിച്ച ആഗോള ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്നു;

* ഫിലിപ്പീൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫണ്ട് ഫോർ റെസ്‌പോണ്ടിംഗ് ടു ലോസ് ആൻഡ് ഡാമേജ് ബോർഡിന്റെ കീഴിൽ സഹകരണം പര്യവേക്ഷണം ചെയ്യുന്നു;

* ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് പോലുള്ള സംരക്ഷണ ശ്രമങ്ങളെ അങ്കീകരിക്കുന്നു;

* അന്താരാഷ്ട്ര നിയമങ്ങളോടുള്ള പൂർണ്ണമായ ബഹുമാനവും സഹകരണവും വീണ്ടും സ്ഥിരീകരിക്കുന്നു, പ്രത്യേകിച്ച് 1982 ലെ യുഎൻ സമുദ്ര നിയമ കൺവെൻഷൻ (UNCLOS) പ്രകാരമുള്ള രാജ്യങ്ങളുടെ അവകാശങ്ങളും കടമകളും, സമുദ്ര അവകാശങ്ങളുടെ ഭൂമിശാസ്ത്രപരമായ പരിധികൾ, സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള കടമ, അതുപോലെ തന്നെ കടൽ ഗതാഗതത്തിനും  ആകാശയാത്രക്കുമുള്ള സുരക്ഷയും സ്വാതന്ത്ര്യവും, അന്താരാഷ്ട്ര നിയമ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള തടസ്സമില്ലാത്ത വാണിജ്യത്തിന്റെ പ്രാധാന്യം എന്നിവ വീണ്ടും സ്ഥിരീകരിക്കുന്നു, പ്രത്യേകിച്ച് UNCLOS-ൽ പ്രതിഫലിക്കുന്നത് പോലെ;

* ദക്ഷിണ ചൈനാ കടലിനെക്കുറിച്ചുള്ള 2016 ലെ അന്തിമമായ ആർബിട്രൽ അവാർഡ് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള അടിസ്ഥാനമാണെന്നും അടിവരയിടുന്നു;

* ദക്ഷിണ ചൈനാ കടലിലെ സ്ഥിതിഗതികളിൽ, പ്രത്യേകിച്ച് പ്രാദേശിക സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുന്ന സംഘർഷാത്മകമായ നടപടികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും, തർക്കങ്ങൾ പരിഹരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സ്വയം സംയമനം പാലിക്കാനും, സമാധാനപരവും ക്രിയാത്മകവുമായ പരിഹാര മാർഗങ്ങൾ സ്വീകരിക്കാൻ ബന്ധപ്പെട്ട കക്ഷികളോട് ആഹ്വാനം ചെയ്യുകയും ചെയ്യുക;

* ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം സംയുക്തമായി ശക്തിപ്പെടുത്തുന്നതിന്, ആസിയാൻ ചട്ടക്കൂടിനു കീഴിലുള്ള ഇടപെടലുകളുടെയും സഹകരണത്തിന്റെയും ആഴമേറിയതും വിപുലവുമായ വികാസത്തെ പിന്തുണയ്ക്കുന്നു, പതിവ് ഉച്ചകോടി തല ഇടപെടലുകൾ ഉൾപ്പെടെ. ആസിയാൻ കേന്ദ്രീകരണത്തോടുള്ള ഇന്ത്യയുടെ തുടർച്ചയായ പ്രതിബദ്ധതയെയും വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക വികസനത്തിൽ  ആസിയാൻ നയിക്കുന്ന സംവിധാനങ്ങളിലെ സജീവ പങ്കാളിത്തത്തെയും സഹകരണത്തെയും ഫിലിപ്പീൻസ് അഭിനന്ദിച്ചു;

* ഇൻഡോ പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയെ സംബന്ധിച്ച്   ASEAN കാഴചപ്പാടിന് മേലുള്ള സംയുക്ത പ്രസ്താവന , AOIP യും ഇന്തോ-പസഫിക് സമുദ്ര സംരംഭവും തമ്മിലുള്ള മെച്ചപ്പെട്ട സഹകരണത്തിലൂടെ ശക്തിപ്പെടുത്തും;

* വോയ്‌സ് ഓഫ് ദി ഗ്ലോബൽ സൗത്ത് സമ്മിറ്റ് (VOGSS) ഉൾപ്പെടെ, ഗ്ലോബൽ സൗത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബഹുമുഖ ഫോറങ്ങളിൽ സഹകരണം തുടരുന്നു. ഇക്കാര്യത്തിൽ, ഇന്നുവരെ വിളിച്ചുചേർത്ത മൂന്ന് VOGSS ലും ഫിലിപ്പീൻസിന്റെ സജീവ പങ്കാളിത്തത്തെ ഇന്ത്യ അഭിനന്ദിച്ചു;

10. 1952 ജൂലൈ 11-ന് ഇന്ത്യാ ഗവൺമെന്റും ഫിലിപ്പീൻസ് ഗവൺമെന്റും തമ്മിലുള്ള സൗഹൃദ ഉടമ്പടിയുടെ അടിസ്ഥാനപരവും നിലനിൽക്കുന്നതുമായ ബന്ധത്തിന്  അനുസൃതമായി, ഈ തന്ത്രപരമായ പങ്കാളിത്തത്തിൽ മുന്നേറാനുള്ള ദൃഢനിശ്ചയം ഇരു രാജ്യങ്ങളും പ്രകടിപ്പിക്കുന്നു.

 

-SK-
 


(Release ID: 2152735)