വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ഒരു മാസത്തിനിടെ ഏറ്റവും കൂടുതൽ രജിസ്ട്രേഷനുകളെന്നെ നേട്ടവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരീക്ഷ പേ ചർച്ച 2025 ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കി

Posted On: 04 AUG 2025 6:08PM by PIB Thiruvananthpuram

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം MyGov-മായി സഹകരിച്ച് 2018 മുതൽ വിജയകരമായി സംഘടിപ്പിച്ചുവരുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മുൻനിര സംരംഭമായ പരീക്ഷ പേ ചർച്ച(PPC) ഒരു മാസത്തിനിടെ ഏറ്റവും കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്ത പൗര പങ്കാളിത്ത പ്ലാറ്റ്ഫോം എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കി. PPC- യുടെ എട്ടാം പതിപ്പിന് MyGov പോർട്ടൽ വഴി ലഭിച്ച 3.53 കോടി രജിസ്ട്രേഷനുകളെന്ന അഭൂതപൂർവമായ നേട്ടത്തെ ഈ അംഗീകാരം ആഘോഷിക്കുന്നു.

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്യുകയും നയിക്കുകയും ചെയ്യുന്ന സവിശേഷമായ ഒരു ആഗോള വേദിയാണ് പരീക്ഷ പേ ചർച്ച.അവിടെ അദ്ദേഹം വിദ്യാർത്ഥികളുമായും അധ്യാപകരുമായും മാതാപിതാക്കളുമായും നേരിട്ട് സംവദിക്കുന്നു.ഈ സംരംഭം പരീക്ഷാ കാലത്തെ ഉത്സാഹത്തിൻ്റേയും തയ്യാറെടുപ്പിൻ്റേയും ഉദ്ദേശപൂർണമായ പഠനത്തിൻ്റേയും ആഘോഷമാക്കി മാറ്റുന്നു.ഒപ്പം പരീക്ഷകളെ സമ്മർദ്ദത്തേക്കാൾ പ്രോത്സാഹനത്തിനുള്ള സമയമാക്കി മാറ്റുന്നു.

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ഔദ്യോഗികമായി സമ്മാനിച്ചു.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ;കേന്ദ്ര ഇലക്ട്രോണിക്സ്,വിവരസാങ്കേതിക, റെയിൽവേ,വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്; കേന്ദ്ര ഇലക്ട്രോണിക്സ്,വിവരസാങ്കേതിക സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ; സ്കൂൾ വിദ്യാഭ്യാസ,സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ; MyGov സി.ഇ.ഒ ശ്രീ നന്ദ് കുമാരും; വിദ്യാഭ്യാസ, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, മറ്റ് പ്രധാന പങ്കാളികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.ഗിന്നസ് വേൾഡ് റെക്കോർഡിൻ്റെ ഔദ്യോഗിക വിധികർത്താവായ ശ്രീ ഋഷി നാഥ് ഈ റെക്കോർഡ് അംഗീകരിക്കുകയും ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വത്തിൽ പരീക്ഷാ സമ്മർദ്ദത്തെ പഠനത്തിൻ്റെ ഉത്സവമാക്കി മാറ്റിക്കൊണ്ട് പരീക്ഷകളോടുള്ള ദേശീയ സമീപനമായി പരീക്ഷ പേ ചർച്ചയെ പുനർനിർവചിച്ചതായി ചടങ്ങിൽ സംസാരിച്ച ശ്രീ ധർമേന്ദ്ര പ്രധാൻ പറഞ്ഞു. 2025 ലെ PPC-യുടെ എട്ടാം പതിപ്പിന് എല്ലാ മാധ്യമ പ്ലാറ്റ്ഫോമുകളിലുമായി മൊത്തം 21 കോടിയിലധികം കാഴ്ച്ചക്കാരുണ്ടായിരുന്നതായി ശ്രീ പ്രധാൻ അറിയിച്ചു. സമഗ്രവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസത്തോടും വികസിത് ഭാരതമെന്ന എന്ന ദർശനവുമായി പൊരുത്തപ്പെടുന്നതിനുമുള്ള രാജ്യത്തിൻ്റെ കൂട്ടായ പ്രതിബദ്ധതയുടെ പ്രതിഫലനമായാണ് പി പി സി 2025 ലെ വൻതോതിലുള്ള പങ്കാളിത്തത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സന്തോഷകരവും സമ്മർദ്ദരഹിതമായ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാർത്ഥികളേയും മാതാപിതാക്കളേയും അധ്യാപകരേയും ഒരുമിച്ച് ചേർക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സവിശേഷ സംരംഭമാണ് പരീക്ഷ പേ ചർച്ച എന്ന് ശ്രീ അശ്വിനി വൈഷ്ണവ് തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.ഈ അമൃത കാലത്ത് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വിപുലമായ തൊഴിൽ അവസരങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു.ഏറ്റവും ഉയർന്ന രജിസ്ട്രേഷനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത് ഈ സംരംഭത്തിലുള്ള ശക്തമായ പൊതുജനവിശ്വാസത്തെ പ്രകടമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

 

ഭരണസംവിധാനത്തിൽ പൗര പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൽ MyGov നടത്തിയ ശ്രമങ്ങളെ ശ്രീ ജിതിൻ പ്രസാദ അഭിനന്ദിച്ചു.പൗരന്മാരുടെ ഇടപെടൽ വർദ്ധിപ്പിക്കുന്നതിനും രാജ്യവ്യാപകമായി പരീക്ഷ പേ ചർച്ചയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും MyGov സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തിയെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് എടുത്തുകാണിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ദേശീയ വിദ്യാഭ്യാസ നയം 2020 സമ്മർദ്ദരഹിതവും സന്തോഷകരവുമായ പഠനത്തിന് ഊന്നൽ നൽകുന്നു.വായിച്ചു പഠിച്ചതിൽ നിന്ന് മാറി അനുഭവങ്ങളിലൂടെയുള്ള പഠനത്തെ അടിസ്ഥാനമാക്കിയുള്ള നിർണായക വൈജ്ഞാനിക കഴിവുകൾ വികസിപ്പിക്കുന്നത് ഇത് പ്രോത്സാഹിപ്പിക്കുന്നു.തുടക്കം മുതൽ തന്നെ പരീക്ഷാ പേ ചർച്ച ഒരു ദേശീയ പ്രസ്ഥാനമായി മാറുകയും പരീക്ഷകളെ സ്വയം പ്രകടിപ്പിക്കുന്നതിനും വളർച്ചയ്ക്കുമുള്ള അവസരങ്ങളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേരിട്ട് നടത്തിയ സംവാദങ്ങളിലൂടെ സമയം നിയന്ത്രണം,ഡിജിറ്റൽ ശ്രദ്ധ വ്യതിചലിപ്പിക്കൽ,ജാഗ്രത, വൈകാരിക പ്രതിരോധശേഷി എന്നിവയെ സംബന്ധിച്ച പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ പ്രായോഗിക മാർഗനിർദേശവും പ്രചോദനവും നൽകുകയും ചെയ്യുന്നു.

 

പിപിസി 2025 ൻ്റെ വിജയം ഒരു കൂട്ടായ നേട്ടമാണ്.ഈ നേട്ടത്തിൽ പങ്കുവഹിച്ച എല്ലാ പങ്കാളികളെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, പൗരന്മാരെയും മന്ത്രിമാർ ഹൃദയപൂർവം അഭിനന്ദിച്ചു.പങ്കാളിത്ത ഭരണവും സമഗ്ര വിദ്യാഭ്യാസവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത നിലനിൽക്കുന്നുവെന്ന് അവർ ഉറപ്പുനൽകി.

 

പരിപാടിയുടെ ഉൾച്ചേർക്കൽ, ഡിജിറ്റൽ വ്യാപ്തി, നൂതന സമീപനങ്ങൾ എന്നിവ ഇന്ത്യയിലെ വിദ്യാർത്ഥി ഇടപെടലിൻ്റെ അടിസ്ഥാനമായി അതിൻ്റെ തുടർച്ചയായ വിജയം ഉറപ്പാക്കുന്നു.കടന്നുപോകുന്ന ഓരോ വർഷവും, പരീക്ഷകൾ അവസാനമല്ല, ഒരു തുടക്കമാണെന്ന സന്ദേശം പിപിസി ശക്തിപ്പെടുത്തുന്നു.

*********************


(Release ID: 2152376)