പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഓഗസ്റ്റ് 2-ന് വാരാണസി സന്ദർശിക്കും

വാരാണസിയിൽ, പ്രധാനമന്ത്രി 2200 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും

അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വിനോദസഞ്ചാരം, നഗരവികസനം, സാംസ്കാരിക പൈതൃകം തുടങ്ങി വിവിധ മേഖലകളെ ലക്ഷ്യം വച്ചുള്ളതാണ് പദ്ധതികൾ

സ്മാർട്ട് ഡിസ്ട്രിബ്യൂഷൻ പദ്ധതിക്ക് കീഴിലുള്ള വിവിധ പ്രവൃത്തികൾക്കും ഭൂമിക്കടിയിലൂടെയുള്ള വൈദ്യുത അടിസ്ഥാന സൗകര്യങ്ങൾക്കും പ്രധാനമന്ത്രി തറക്കല്ലിടും

സാംസ്കാരിക പ്രാധാന്യമുള്ള ജലാശയങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കുളങ്ങളിലെ ജലശുദ്ധീകരണ, പരിപാലന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

പിഎം-കിസാൻ പദ്ധതിയുടെ 20-ാം ഗഡുവായി 9.7 കോടിയിലധികം കർഷകർക്ക് 20,500 കോടിയിലധികം രൂപ പ്രധാനമന്ത്രി കൈമാറും

പിഎം-കിസാൻ പദ്ധതിയുടെ ആരംഭം മുതൽ ഇതുവരെയുള്ള ആകെ വിതരണം ഇതോടെ 3.90 ലക്ഷം കോടി രൂപ കവിയും

Posted On: 31 JUL 2025 6:59PM by PIB Thiruvananthpuram

ഓഗസ്റ്റ് 2 ന് രാവിലെ 11 മണിയോടെ ഉത്തർപ്രദേശിലെ വാരാണസിയിൽ ഏകദേശം 2200 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചടങ്ങിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.

അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വിനോദസഞ്ചാരം, നഗരവികസനം, സാംസ്കാരിക പൈതൃകം എന്നിവയുൾപ്പെടെ വിവിധ മേഖലകേൾക്കായുള്ള പദ്ധതികൾ വാരാണസിയിലെ സമഗ്രമായ നഗര പരിവർത്തനം, സാംസ്കാരിക പുനരുജ്ജീവനം, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ, ജീവിത നിലവാരം ഉയർത്തുക തുടങ്ങിയവ ലക്ഷ്യം വെയ്ക്കുന്നു.

വാരാണസിയിലെ റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, നിരവധി പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.  വാരണാസി - ഭദോഹി റോഡിന്റെയും ചിതൗനി-ശൂൽ ടങ്കേശ്വർ റോഡിന്റെയും വീതികൂട്ടൽ, ബലപ്പെടുത്തൽ എന്നിവയും മോഹൻ സരായി - അദൽപുര റോഡിലെ തിരക്ക് കുറയ്ക്കുന്നതിനായി നിർമ്മിച്ച ഹർദത്പൂരിലെ റെയിൽവേ മേൽപ്പാലവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ദൽമണ്ടി, ലഹർതാര-കോട്‌വ, ഗംഗാപൂർ, ബാബത്പുർ തുടങ്ങി നിരവധി ഗ്രാമീണ, നഗര ഇടനാഴികളിലെ റോഡുകളുടെ സമഗ്രമായ വികസനത്തിനും ലെവൽ ക്രോസിംഗ് 22C, ഖാലിസ്പൂർ യാർഡ് എന്നിവിടങ്ങളിലെ റെയിൽവേ മേൽപ്പാലങ്ങൾക്കും അദ്ദേഹം തറക്കല്ലിടും.

മേഖലയിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി, സ്മാർട്ട് ഡിസ്ട്രിബ്യൂഷൻ പദ്ധതിയ്ക്ക് കീഴിലും ഭൂഗർഭ വൈദ്യുത അടിസ്ഥാനസൗകര്യത്തിനു കീഴിലുമുള്ള 880 കോടി രൂപയിലധികം വരുന്ന വിവിധ പ്രവൃത്തികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും.

വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട്, 8 നദീതീരങ്ങളിലെ കച്ചാ ഘട്ടുകളുടെ പുനർവികസനം, കാളികാ ധാമിലെ വികസന പ്രവർത്തനങ്ങൾ, ശിവ്പൂരിലെ രംഗിൽദാസ് കുട്ടിയയിലെ കുളത്തിന്റെയും ഘട്ടിന്റെയും സൗന്ദര്യവൽക്കരണം, ദുർഗാകുണ്ഡിലെ പുനരുദ്ധാരണവും ജലശുദ്ധീകരണവും എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കർദമേശ്വർ മഹാദേവ് ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, നിരവധി സ്വാതന്ത്ര്യ സമര സേനാനികളുടെ ജന്മസ്ഥലമായ കർഖിയോണിന്റെ വികസനം, സാരാനാഥ്, ഋഷി മാൻഡവി, രാംനഗർ മേഖലകളിലെ സിറ്റി ഫെസിലിറ്റി സെന്ററുകൾ, മുൻഷി പ്രേംചന്ദിന്റെ ലമഹിയിലെ ജന്മഗൃഹത്തിന്റെ പുനർവികസനവും അതിനെ ഒരു മ്യൂസിയമാക്കി മാറ്റുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് അദ്ദേഹം തറക്കല്ലിടും. കൂടാതെ, കാഞ്ചൻപൂരിലെ നഗര മിയാവാക്കി വനത്തിന്റെ വികസനത്തിനും ഷഹീദ് ഉദ്യാനത്തിന്റെയും മറ്റ് 21 പാർക്കുകളുടെയും പുനർവികസനത്തിനും സൗന്ദര്യവൽക്കരണത്തിനും അദ്ദേഹം തറക്കല്ലിടും.

ഇതിനു പുറമെ, സാംസ്കാരിക പ്രാധാന്യമുള്ള ജലാശയങ്ങൾ സംരക്ഷിക്കുന്നതിനായി, രാംകുണ്ഡ്, മന്ദാകിനി, ശങ്കുൽധാര എന്നിവയുൾപ്പെടെ വിവിധ കുളങ്ങളിൽ ജലശുദ്ധീകരണ, പരിപാലന പ്രവർത്തനങ്ങൾക്കും നാല് ഫ്ലോട്ടിംഗ് പൂജൻ പ്ലാറ്റ്‌ഫോമുകൾ സ്ഥാപിക്കുന്നതിനും പ്രധാനമന്ത്രി തറക്കല്ലിടും. ഗ്രാമപ്രദേശങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനായി, ജൽ ജീവൻ മിഷന് കീഴിലുള്ള 47 ഗ്രാമീണ കുടിവെള്ള പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി, മുനിസിപ്പൽ പരിധിയിലെ 53 സ്കൂൾ കെട്ടിടങ്ങളുടെ നവീകരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പുതിയ ജില്ലാ ലൈബ്രറിയുടെ നിർമ്മാണം, ജാഖിനി, ലാൽപൂർ എന്നിവിടങ്ങളിലെ ഗവണ്മെന്റ്  ഹൈസ്കൂളുകളുടെ പുനരുദ്ധാരണം എന്നിവ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിടും.

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, മഹാമന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ കാൻസർ സെന്ററിലും ഹോമി ഭാഭ കാൻസർ ആശുപത്രിയിലും റോബോട്ടിക് സർജറി, സിടി സ്കാൻ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അത്യാധുനിക  മെഡിക്കൽ സംവിധാനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഒരു ഹോമിയോപ്പതിക് കോളേജിനും ആശുപത്രിയ്ക്കും അദ്ദേഹം തറക്കല്ലിടും. കൂടാതെ, ഒരു അനിമൽ ബർത്ത് കൺട്രോൾ സെന്ററും അനുബന്ധമായി ഡോഗ് കെയർ സെന്ററും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

വാരാണസിയിൽ ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന തന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി, ഡോ. ഭീംറാവു അംബേദ്കർ സ്പോർട്സ് സ്റ്റേഡിയത്തിൽ സജ്ജമാക്കിയ സിന്തറ്റിക് ഹോക്കി ടർഫ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നിയമപാലകർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിച്ചുകൊണ്ട്, രാംനഗറിലെ പ്രാദേശിക് ആംഡ് കോൺസ്റ്റബുലറി (പിഎസി) യിൽ 300 പേർക്ക് ഇരിക്കാവുന്ന മൾട്ടിപർപ്പസ് ഹാൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ക്വിക്ക് റെസ്പോൺസ് ടീം (ക്യുആർടി) ബാരക്കുകൾക്ക് തറക്കല്ലിടുകയും ചെയ്യും.

കർഷകരുടെ ക്ഷേമത്തിനായിയുള്ള ഒരു സുപ്രധാന നടപടിയായി, പ്രധാനമന്ത്രി പിഎം-കിസാൻ പദ്ധതിയുടെ 20-ാം ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും. രാജ്യത്തുടനീളമുള്ള 9.7 കോടിയിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 20,500 കോടിയിലധികം രൂപ നേരിട്ട് കൈമാറും. ഇതോടെ, പദ്ധതിയുടെ ആരംഭം മുതൽ ഇതുവരെയുള്ള ആകെ വിതരണം 3.90 ലക്ഷം കോടി രൂപ കവിയും.

കാശി സൻസദ് പ്രതിയോഗിതക്ക് കീഴിൽ സ്കെച്ചിംഗ്, പെയിന്റിംഗ്, ഫോട്ടോഗ്രാഫി മത്സരങ്ങൾ, ഖേൽ-കൂദ് പ്രതിയോഗിത, ഗ്യാൻ പ്രതിയോഗിത, തൊഴിൽ മേള തുടങ്ങിയ വിവിധ പരിപാടികൾക്കും മത്സരങ്ങൾക്കുമുള്ള രജിസ്ട്രേഷൻ പോർട്ടലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.  ദിവ്യാംഗർക്കും വയോജനങ്ങൾക്കുമായി 7,400-ലധികം സഹായ ഉപകരണങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്യും.

**** 

SK


(Release ID: 2151115)