യുവജനകാര്യ, കായിക മന്ത്രാലയം
ഇന്ത്യയുടെ 26-ാം കാർഗിൽ യുദ്ധ വിജയ വാർഷികത്തോടനുബന്ധിച്ച് ജൂലൈ 26-ന് 'മൈ ഭാരത് 'യുവ വളണ്ടിയർമാരുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് പദയാത്ര സംഘടിപ്പിക്കും
ദ്രാസിൽ കേന്ദ്ര മന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യയും ശ്രീ സഞ്ജയ് സേത്തും ശ്രദ്ധാഞ്ജലി അർപ്പിക്കും
Posted On:
25 JUL 2025 11:12AM by PIB Thiruvananthpuram
1999-ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയം വരിച്ചതിന്റെ 26-ാം വാർഷികത്തോടനുബന്ധിച്ച് യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ മൈ ഭാരത് (മേരാ യുവ ഭാരത്), 2025 ജൂലൈ 26-ന് കാർഗിലിലെ ദ്രാസിൽ 'കാർഗിൽ വിജയ് ദിവസ് പദയാത്ര' സംഘടിപ്പിക്കും.
കേന്ദ്ര യുവജനകാര്യ-കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ നയിക്കുന്ന പദയാത്രയിൽ, കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ സഞ്ജയ് സേത്ത്, 1,000-ത്തിലധികം യുവാക്കൾ, വിമുക്തഭടന്മാർ, സായുധ സേനാംഗങ്ങൾ, രക്തസാക്ഷികളുടെ കുടുംബങ്ങൾ, പൗരന്മാർ എന്നിവർ പങ്കെടുക്കും.
രാവിലെ 7:00 മണിക്ക് ദ്രാസ്സിലെ ഹിമാബാസ് പബ്ലിക് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് 1.5 കിലോമീറ്റർ ദൂരം സഞ്ചരിച്ച്, ഭീംബെത്തിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പദയാത്ര സമാപിക്കും.
പദയാത്രയ്ക്ക് ശേഷം, 1999 ലെ കാർഗിൽ പോരാട്ടത്തിൽ വീരത്യാഗം വരിച്ച സൈനികർക്ക് ആദരമായി പുഷ്പചക്രം സമർപ്പിച്ച് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ 100 യുവ സന്നദ്ധ പ്രവർത്തകർക്കൊപ്പം കേന്ദ്ര മന്ത്രിമാർ കാർഗിൽ യുദ്ധ സ്മാരകത്തിലേക്ക് പോകും.
ഈ അവസരത്തിൽ, രക്തസാക്ഷികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് ദീർഘദൂര മോട്ടോർ ബൈക്ക് റാലി പൂർത്തിയാക്കി യുദ്ധ സ്മാരകത്തിൽ മടങ്ങി എത്തുന്ന ശക്തി ഉദ്ഘോഷ് ഫൗണ്ടേഷന്റെ 26 വനിതാ ബൈക്കർമാരെ മന്ത്രി ആദരിക്കും.
2047-ഓടെ വികസിത ഭാരതം എന്ന വീക്ഷണത്തിന് അനുസൃതമായി പരിസ്ഥിതി അവബോധവും സുസ്ഥിര വികസനത്തിനായുള്ള പ്രതിജ്ഞാബദ്ധതയും ദേശസ്നേഹവും പ്രതിഫലിപ്പിച്ചുകൊണ്ട് "ഏക് പേഡ് മാ കേ നാം" കാമ്പെയ്‌നിന് കീഴിൽ ഒരു ചെടി നടീൽ യജ്ഞവും പദയാത്രയിൽ ഉൾപ്പെടുന്നു
പദയാത്രയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ, ഉപന്യാസ രചന, ചിത്രരചന, പ്രസംഗ മത്സരങ്ങൾ, യുവജന സംവാദങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ' മൈ ഭാരത്',യുവാക്കളുടെയും പ്രാദേശിക സമൂഹങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കി . പൗരബോധം വളർത്തുക, രാജ്യത്തിന്റെ വീരഗാഥകൾ ആഘോഷിക്കുക, സായുധ സേനയുമായുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് കാർഗിൽ വിജയദിവസ് പൂർവ്വ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിട്ടത്. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ, യുവാക്കളും നാളത്തെ രാഷ്ട്രനിർമ്മാതാക്കളും സേവനം, ത്യാഗം, ദേശസ്‌നേഹം എന്നിവയുടെ ആദർശങ്ങൾ കൊണ്ട് ശാക്തീകരിക്കപ്പെടുന്നു
രാജ്യത്തുടനീളമുള്ള പൗരന്മാരുടെയും യുവാക്കളുടെയും ദേശീയ അഭിമാനം വളർത്തുക, പൗര പങ്കാളിത്തം വർദ്ധിപ്പിക്കുക, യുവാക്കൾക്കിടയിൽ ഐക്യം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് കൊണ്ട് നടത്തുന്ന വിശാലമായ വികസിത ഭാരത പദയാത്രാ സംരംഭത്തിന്റെ ഭാഗമായാണ് ഈ അനുസ്മരണ പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രനിർമാണത്തിലെ ജനപങ്കാളിത്തം എന്ന പ്രധാനമന്ത്രിയുടെ ദർശനത്തിന് അനുസൃതമായി, ഈ സംരംഭം യുവാക്കൾ മുതൽ വിരമിച്ച സൈനികർ വരെയുള്ള എല്ലാ പങ്കാളികളെയും ദേശീയ ബോധത്തിന്റെ ചൈ തന്യത്താൽ ഒരുമിച്ച് കൊണ്ടുവരുന്നു.ഇത് രാഷ്ട്രനിർമ്മാണത്തിൽ പൗരന്മാരുടെ, പ്രത്യേകിച്ച് യുവാക്കളുടെ പങ്ക് ശക്തിപ്പെടുത്തുന്നു.
***************
(Release ID: 2148816)