പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി മാൽദീവ്സ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
Posted On:
25 JUL 2025 8:48PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മാൽദീവ്സ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവുമായി മാലെയിലെ പ്രസിഡന്റിന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കുമുമ്പ്, പ്രധാനമന്ത്രിയെ പ്രസിഡന്റ് മുയിസു സ്വീകരിക്കുകയും റിപ്പബ്ലിക് ചത്വരത്തിൽ ഔദ്യോഗിക സ്വീകരണം നൽകുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ ഊഷ്മളതയും പുനഃസ്ഥാപനവും കൂടിക്കാഴ്ചയിൽ ശ്രദ്ധേയമായി.
തനിക്കും സംഘത്തിനും നൽകിയ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കു പ്രധാനമന്ത്രി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. മാൽദീവ്സ് സ്വാതന്ത്ര്യം നേടിയതിന്റെ 60-ാം വാർഷികവും ഇരുരാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികവും ആഘോഷിക്കുന്ന ഈ പ്രത്യേക വേളയിൽ അദ്ദേഹം ആശംസകളും നേർന്നു.
നൂറ്റാണ്ടുകളായി കെട്ടിപ്പടുത്തതും ജനങ്ങൾ തമ്മിലുള്ള കരുത്തുറ്റ ബന്ധത്താൽ ശക്തിപ്പെടുത്തിയതുമായ സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും അഗാധമായ കെട്ടുറപ്പിനെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. 2024 ഒക്ടോബറിൽ മാൽദീവ്സ് പ്രസിഡന്റിന്റെ ഇന്ത്യാസന്ദർശനവേളയിൽ അംഗീകരിച്ച ‘സമഗ്ര സാമ്പത്തിക-സമുദ്രസുരക്ഷ പങ്കാളിത്തം’ എന്ന ഇന്ത്യ-മാൽദീവ്സ് സംയുക്ത കാഴ്ചപ്പാടു നടപ്പാക്കുന്നതിലെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. “അയൽരാജ്യങ്ങൾ ആദ്യം”, ‘മഹാസാഗർ’ കാഴ്ചപ്പാട് എന്നീ നയങ്ങൾക്ക് അനുസൃതമായി മാൽദീവ്സുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. ഏതു പ്രതിസന്ധി നേരിട്ടാലും മാൽദീവ്സിനുവേണ്ടി ആദ്യം പ്രതികരിക്കുന്ന രാജ്യമാകാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ പ്രസിഡന്റ് മുയിസു അഭിനന്ദിച്ചു. വികസനപങ്കാളിത്തം, അടിസ്ഥാനസൗകര്യപിന്തുണ, ശേഷി വികസനം, കാലാവസ്ഥാപ്രവർത്തനം, ആരോഗ്യം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ഇരുനേതാക്കളും ചർച്ചചെയ്തു. പ്രതിരോധ-സമുദ്രസുരക്ഷ സഹകരണം കൂടുതൽ ശക്തിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. കൊളംബോ സുരക്ഷാ കോൺക്ലേവിനുകീഴിൽ ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം നേതാക്കൾ ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തവും നേതാക്കൾ അവലോകനം ചെയ്തു. നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറും ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയും ഇരുരാജ്യങ്ങൾക്കും പുതിയ അവസരങ്ങൾ തുറക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിലുൾപ്പെടെ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ പ്രയോജനം ഇരുരാജ്യങ്ങളും ഉപയോഗപ്പെടുത്തണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യുപിഐ സ്വീകരിക്കൽ, റുപേ കാർഡ് സ്വീകരിക്കൽ, പ്രാദേശിക കറൻസികളിലെ വ്യാപാരം എന്നിവ സംബന്ധിച്ച പുതിയ ധാരണകൾ സ്വാഗതം ചെയ്തു. രാജ്യങ്ങൾ തമ്മിലുള്ള വളരെയടുത്ത വികസനപങ്കാളിത്തം, ഇതിനകം ശക്തമായ ജനങ്ങൾ തമ്മിലുള്ള ബന്ധത്തിനു പുതിയ മൂല്യം നൽകുന്നുണ്ടെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
ഗ്ലോബൽ സൗത്ത് പങ്കാളികൾ എന്ന നിലയിൽ, കാലാവസ്ഥാവ്യതിയാനം, പുനരുപയോഗ ഊർജത്തിനുള്ള പ്രോത്സാഹനം, ദുരന്തസാധ്യത കുറയ്ക്കൽ, കാലാവസ്ഥാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഭൂമിയുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കായി തുടർന്നും പ്രവർത്തിക്കുമെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിനും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനും പ്രസിഡന്റ് മുയിസുവിനോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു.
മത്സ്യബന്ധനം, ജലജീവികൃഷി, കാലാവസ്ഥാശാസ്ത്രം, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, യുപിഐ, ഇന്ത്യൻ ഫാർമക്കോപ്പിയ, വായ്പാപിന്തുണ ഇളവ് (Line of Credit) എന്നീ മേഖലകളിൽ ആറു ധാരണാപത്രങ്ങൾ കൈമാറുന്നതിന് ഇരുനേതാക്കളും സാക്ഷ്യം വഹിച്ചു. മാൽദീവ്സിലെ അടിസ്ഥാനസൗകര്യവികസനത്തിനും മറ്റു പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിനായി 4850 കോടി രൂപ [ഏകദേശം 550 ദശലക്ഷം അമേരിക്കൻ ഡോളർ] വാഗ്ദാനം ചെയ്യുന്നതാണു പുതിയ വായ്പാസഹായം. നിലവിലുള്ള LoC-കൾക്കായുള്ള ഭേദഗതി കരാറും കൈമാറ്റം ചെയ്തു. ഇതു മാൽദീവ്സിന്റെ വാർഷിക കടം തിരിച്ചടവു ബാധ്യതകൾ [51 ദശലക്ഷത്തിൽനിന്ന് 29 ദശലക്ഷമായി] 40% കുറയ്ക്കുന്നു. നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്റെ അവലംബ നിബന്ധനകളും ഇരുപക്ഷവും കൈമാറി.
ഇരുനേതാക്കളും അദ്ദു നഗരത്തിലെ റോഡ്-ഡ്രെയിനേജ് പദ്ധതിയും മറ്റു നഗരങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന ആറു സാമൂഹ്യവികസനപദ്ധതികളും ഉദ്ഘാടനം ചെയ്തു. മാൽദീവ്സ് നാഷണൽ ഡിഫൻസ് ഫോഴ്‌സിനും ഇമിഗ്രേഷൻ അതോറിറ്റികൾക്കുമായി 3300 സാമൂഹ്യ ഭവന യൂണിറ്റുകളും 72 വാഹനങ്ങളും പ്രധാനമന്ത്രി കൈമാറി.
മാൽദീവ്സ് ഗവണ്മെന്റിന് ആരോഗ്യമൈത്രി ഹെൽത്ത് ക്യൂബിന്റെ [BHISHM] രണ്ടു യൂണിറ്റുകളും പ്രധാനമന്ത്രി കൈമാറി. ആധുനിക വൈദ്യോപകരണങ്ങൾ ഉൾപ്പെടുന്ന ഈ ഹെൽത്ത് ക്യൂബ്, 200 പേർക്കുവരെ വൈദ്യസഹായം നൽകാൻ കഴിയുന്നതും, ആറുപേരുള്ള മെഡിക്കൽ സംഘത്തിന് 72 മണിക്കൂർവരെ പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതുമാണ്.
പ്രകൃതിസംരക്ഷണത്തിനായുള്ള ഗാഢമായ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, ഇന്ത്യയുടെ “ഏക് പേഡ് മാ കേ നാം” [അമ്മയ്ക്കായി വൃക്ഷത്തൈ നടൽ] യജ്ഞത്തിന്റെയും മാൽദീവ്സിന്റെ “5 ദശലക്ഷം വൃക്ഷത്തൈ നടൽ പ്രതിജ്ഞ”യുടെയും കീഴിൽ ഇരുനേതാക്കളും മാമ്പഴത്തൈകൾ നട്ടു.
മാൽദീവ്സിനും അവിടത്തെ ജനങ്ങൾക്കും അവരുടെ ആവശ്യകതകളും മുൻഗണനകളും അനുസരിച്ച് ഇന്ത്യ പിന്തുണയേകുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയ്ക്കായി ഇന്ത്യ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.
-SK-
(Release ID: 2148711)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada