പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി യുകെയിലെ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ചു

Posted On: 24 JUL 2025 11:00PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുകെയിലെ ചാൾസ് മൂന്നാമൻ രാജാവിനെ വേനൽക്കാല വസതിയായ സാൻഡ്രിങ്ഹാം എസ്റ്റേറ്റിൽ സന്ദർശിച്ചു.

രാജാവിന്റെ ആരോഗ്യം മെച്ചപ്പെട്ടതിലും രാജകീയ ചുമതലകൾ പുനരാരംഭിച്ചതിലും പ്രധാനമന്ത്രി സന്തോഷം പങ്കുവച്ചു. ആയുർവേദം, യോഗ എന്നിവയുൾപ്പെടെ ആരോഗ്യവുമായും സുസ്ഥി​രജീവിതശൈലിയുമായും ബന്ധപ്പെട്ട കാര്യങ്ങളും, ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് അവയുടെ നേട്ടങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള വഴികളും ഇരുവരും ചർച്ചചെയ്തു.

ഇരുനേതാക്കളും ഉഭയകക്ഷിബന്ധങ്ങളും ചർച്ചചെയ്തു. ചരിത്രപരമായ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിൽ ഒപ്പുവച്ചത്, പങ്കാളിത്തത്തിനു പുതിയ ഗതിവേഗം പകരുമെന്ന് അവർ അഭിപ്രായപ്പെട്ടു. സുസ്ഥിരവികസനം പ്രോത്സാഹിപ്പിക്കുന്നതിനായി പുനരുപയോഗ ഊർജമേഖലയിൽ ഇന്ത്യ കൈവരിച്ച പുരോഗതി പ്രധാനമന്ത്രി അദ്ദേഹത്തെ അറിയിച്ചു. കാലാവസ്ഥവ്യതിയാനവും സുസ്ഥിരതയും സംബന്ധിച്ച പൊതുകാഴ്ചപ്പാടി‌ൽ സഹകരിക്കുന്നതിനും മുന്നോട്ടുപോകുന്നതിനുമുള്ള വഴികളും അവർ ചർച്ചചെയ്തു.

യുകെയ്ക്കും ഇന്ത്യയ്ക്കും കോമൺ‌വെൽത്തിൽ ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയുന്ന വഴികളും പ്രധാനമന്ത്രിയും രാജാവും ചർച്ചചെയ്തു.

‘ഏക് പേഡ് മാ കേ നാം’ [അമ്മയ്ക്കായി ചെടി നട്ടുവളർത്തൽ] ഹരിതയജ്ഞത്തിൽ പങ്കുചേർന്നതിനു പ്രധാനമന്ത്രി രാജാവിനു നന്ദി പറഞ്ഞു. വരാനിരിക്കുന്ന ശരത്കാല വൃക്ഷത്തൈനട്ടുപിടിപ്പിക്കൽ കാലയളവിൽ സാൻഡ്രിങ്ഹാം എസ്റ്റേറ്റിൽ നടുന്നതിനായി ഒരു തൈ അദ്ദേഹം കൈമാറി.

രാജാവിന്റെ ആതിഥ്യമര്യാദയ്ക്കു നന്ദി പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയിലേക്ക് ഔദ്യോഗികസന്ദർശനത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.

***

SK


(Release ID: 2148176)