പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ബ്രിട്ടന്റെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Posted On:
24 JUL 2025 7:29PM by PIB Thiruvananthpuram
2025 ജൂലൈ 23 മുതല്‍ 24 വരെയുള്ള ബ്രിട്ടന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രി ബഹു. സര്‍ കെയര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തി. ബക്കിംഗ്ഹാംഷെയറിലെ ചെക്കേഴ്സിലുള്ള യുകെ പ്രധാനമന്ത്രിയുടെ കണ്‍ട്രി റെസിഡന്‍സിയില്‍ എത്തിയ ശ്രീ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്റ്റാര്‍മര്‍ ഊഷ്മളമായി സ്വീകരിച്ചു. ഇരു നേതാക്കളും നേരിട്ടുള്ള കൂടിക്കാഴ്ചയും പ്രതിനിധി തല ചര്‍ച്ചകളും നടത്തി.
സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയും ഇരു സമ്പദ്വ്യവസ്ഥകളിലെയും ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, തൊഴിലവസര സൃഷ്ടി എന്നിവ ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ചരിത്രപരമായ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാറില്‍ (സിഇടിഎ) ഒപ്പുവെച്ചതിനെ രണ്ട് പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. സിഇടിഎയ്ക്കൊപ്പം പ്രാബല്യത്തില്‍ വരുന്നതും, മത്സരശേഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ബിസിനസ്സ് ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിലൂടെയും ഇരു രാജ്യങ്ങളിലെയും പ്രൊഫഷണലുകളെയും സേവന വ്യവസായത്തെയും സുഗമമാക്കുന്നതുമായ ഒരു ഡബിള്‍ കോണ്‍ട്രിബ്യൂഷന്‍ കണ്‍വെന്‍ഷനെക്കുറിച്ചു ചര്‍ച്ച ചെയ്യാനും ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. മൂലധന വിപണികളിലും സാമ്പത്തിക സേവനങ്ങളിലും വളര്‍ന്നുവരുന്ന സഹകരണത്തിലേക്കു ശ്രദ്ധ ക്ഷണിച്ച പ്രധാനമന്ത്രി മോദി, ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രമായ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയും ബ്രിട്ടന്റെ ഊര്‍ജ്ജസ്വലമായ സാമ്പത്തിക ആവാസവ്യവസ്ഥയും തമ്മില്‍ മെച്ചപ്പെട്ട ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുപക്ഷത്തിനും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അടിവരയിട്ടു പറഞ്ഞു.
ഇരു നേതാക്കളും ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവന്‍ വ്യാപ്തിയും അവലോകനം ചെയ്യുകയും ഇന്ത്യ-ബ്രിട്ടന്‍ വിഷന്‍ 2035 അംഗീകരിക്കുകയും ചെയ്തു. സമ്പദ്വ്യവസ്ഥ, വളര്‍ച്ച, സാങ്കേതികവിദ്യ, നവീകരണം, ഗവേഷണം, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ആരോഗ്യം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ പ്രധാന മേഖലകളിലെ ബന്ധം അടുത്ത പത്ത് വര്‍ഷത്തേക്കു മുന്നോട്ടു കൊണ്ടുപോകുന്നതിലൂടെ സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തത്തില്‍ വിഷന്‍ 2035 രേഖ കൂടുതല്‍ പ്രതീക്ഷകളും വേഗവും പകരും.
ഇരു രാജ്യങ്ങളിലും ഒപ്പം ലോക വിപണിയിലും വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ സഹ-രൂപകല്‍പ്പന, സഹ-വികസനം, സഹ-ഉല്‍പ്പാദനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പ്രതിരോധ വ്യാവസായിക രൂപരേഖ തയ്യാറാക്കിയതിനെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളുടെയും സായുധ സേനകളുടെ പതിവ് ഇടപെടലിനെ സ്വാഗതം ചെയ്ത അവര്‍, ആഴമേറിയ പ്രതിരോധ, സുരക്ഷാ പങ്കാളിത്തത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു.
പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളില്‍ വളരുന്ന സഹകരണത്തില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിക്കുകയും ടെലികോം, നിര്‍ണായക ധാതുക്കള്‍, എഐ, ബയോടെക്‌നോളജി, ആരോഗ്യ സാങ്കേതികവിദ്യ, സെമികണ്ടക്ടറുകള്‍, അഡ്വാന്‍സ്ഡ് മെറ്റീരിയലുകള്‍, ക്വാണ്ടം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടെക്‌നോളജി ആന്‍ഡ് സെക്യൂരിറ്റി ഇനിഷ്യേറ്റീവ് (ടിഎസ്‌ഐ) ത്വരിതഗതിയില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ടിഎസ്‌ഐ ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കി.
വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വളര്‍ന്നുവരുന്ന പങ്കാളിത്തത്തെയും ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. പുതിയ വിദ്യാഭ്യാസ നയം (എന്‍ഇപി) പ്രകാരം ഇന്ത്യയില്‍ കാമ്പസുകള്‍ തുറക്കാനായി ആറ് ബ്രിട്ടീഷ് സര്‍വകലാശാലകള്‍ ശ്രമിച്ചുവരികയാണ്. 2025 ജൂണ്‍ 16 ന് ഗുരുഗ്രാമില്‍ കാമ്പസ് തുറന്ന സതാംപ്ടണ്‍ സര്‍വകലാശാല, എന്‍ഇപിക്ക് കീഴില്‍ ഇന്ത്യയില്‍ കാമ്പസ് തുറക്കുന്ന ആദ്യത്തെ വിദേശ സര്‍വകലാശാലയാണ്.
അക്കാദമിക്, കല, സാഹിത്യം, വൈദ്യം, ശാസ്ത്രം, കായികം, ബിസിനസ്സ്, രാഷ്ട്രീയം എന്നീ മേഖലകളില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ പ്രവാസികളുടെ വിലപ്പെട്ട സംഭാവനയെ ഇരുപക്ഷവും ഉയര്‍ത്തിക്കാട്ടി. ഇന്ത്യ-ബ്രിട്ടന്‍ ബന്ധങ്ങളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും ഒരു പ്രധാന സ്തംഭമാണ് സജീവമായ ഈ പാലമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കിയ ശക്തമായ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും പ്രധാനമന്ത്രി സ്റ്റാര്‍മറിനോട് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്താന്‍ ഇരു നേതാക്കളും പ്രതിജ്ഞാബദ്ധരാണ്. തീവ്രവാദവും തീവ്രവാദവല്‍ക്കരണവും ഇരു സമൂഹങ്ങള്‍ക്കും ഭീഷണിയാണെന്നു പരസ്പരം സമ്മതിച്ച അവര്‍, ഭീഷണി നേരിടുന്നതിന് ഉഭയകക്ഷി സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കണമെന്നതില്‍ യോജിച്ചു. സാമ്പത്തിക കുറ്റവാളികളെയും ഒളിച്ചോടിയവരെയും നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രി മോദി ബ്രിട്ടന്റെ സഹകരണവും തേടി.
ഇന്തോ-പസഫിക്, പശ്ചിമേഷ്യ, റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം എന്നിവയുള്‍പ്പെടെ പരസ്പര താല്‍പ്പര്യമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു.
പ്രധാനമന്ത്രി സ്റ്റാര്‍മറുടെ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, എത്രയും വേഗം ഇന്ത്യ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചു.
സന്ദര്‍ശന വേളയില്‍ ഇരുപക്ഷവും താഴെപ്പറയുന്ന രേഖകളില്‍ ഒപ്പുവച്ചു/അംഗീകരിച്ചു:
സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ [CETA]
ഇന്ത്യ-ബ്രിട്ടന്‍ വിഷന്‍ 2035 [Link]
പ്രതിരോധ വ്യാവസായിക രൂപരേഖ
സാങ്കേതികവിദ്യയും സുരക്ഷാ സംരംഭവും സംബന്ധിച്ച പ്രസ്താവന [Link]
ഇന്ത്യയിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സിയും തമ്മിലുള്ള ധാരണാപത്രം.
-NK-
(Release ID: 2148117)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada