പ്രധാനമന്ത്രിയുടെ ഓഫീസ്
2025 ലെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.
Posted On:
21 JUL 2025 11:47AM by PIB Thiruvananthpuram
നമസ്‌കാരം, സുഹൃത്തുക്കളെ!
എല്ലാ മാധ്യമ പ്രവർത്തകരെയും വർഷകാല സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
സുഹൃത്തുക്കളെ,
വർഷകാലം പുതുമയെയും സൃഷ്ടിയെയും പ്രതീകപ്പെടുത്തുന്നു. ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള കാലാവസ്ഥ അനുകൂലമായി പുരോഗമിക്കുന്നു, കൃഷിക്ക് ഗുണകരമായ ഒരു കാലാവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ ഉണ്ട്. നമ്മുടെ കർഷകരുടെ സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, ദേശീയ സമ്പദ്‌വ്യവസ്ഥയിലും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും, എല്ലാ വീട്ടിലെയും സമ്പദ്‌വ്യവസ്ഥയിലും മഴ നിർണായക പങ്ക് വഹിക്കുന്നു. എനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ രേഖപ്പെടുത്തിയതിനേക്കാൾ മൂന്നിരട്ടി കൂടുതലാണ് ഈ വർഷത്തെ ജലസംഭരണം, ഇത് വരും ദിവസങ്ങളിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വളരെയധികം ഗുണം ചെയ്യും.
സുഹൃത്തുക്കളെ,
ഈ വർഷകാല സമ്മേളനം രാജ്യത്തിന് വളരെയധികം അഭിമാനകരമായ കാര്യമാണ്. ഈ സമ്മേളനം തന്നെ രാജ്യത്തിന്റെ വിജയത്തിന്റെ ആഘോഷമാണ്. ഈ സമ്മേളനം ദേശീയ അഭിമാനത്തിന്റെയും വിജയത്തിന്റെയും ആഘോഷമാണെന്ന് ഞാൻ പറയുമ്പോൾ, അതിൻ്റെ പ്രധാന കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആദ്യമായി ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തിയതാണ് - ഓരോ ഇന്ത്യക്കാരനും അത്യധികം അഭിമാനിക്കുന്ന നിമിഷം. ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നിവയിൽ രാജ്യത്ത് പുതിയ ആവേശവും ഊർജ്ജവും നിറച്ച ഒരു വിജയകരമായ യാത്രയാണിത്. ലോക്സഭയും രാജ്യസഭയും ഉൾപ്പെടെ മുഴുവൻ പാർലമെന്റും രാജ്യത്തെ പൗരന്മാരും ഈ നേട്ടം ആഘോഷിക്കാൻ ഒരേ ശബ്ദത്തിൽ പങ്കുചേരും. കൂടുതൽ ഉയരങ്ങളിലെത്താൻ ലക്ഷ്യമിടുന്ന ഇന്ത്യയുടെ വരാനിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ ഏകീകൃത അഭിനന്ദനം ഒരു പ്രചോദനവും പ്രോത്സാഹനവുമാകും.
സുഹൃത്തുക്കളെ,
ഈ വർഷകാല സമ്മേളനം തീർച്ചയായും വിജയത്തിന്റെ ആഘോഷമാണ്. ഭാരതത്തിന്റെ സൈനിക കഴിവുകളുടെ ശക്തിക്ക് ലോകം മുഴുവൻ സാക്ഷ്യം വഹിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ, ഇന്ത്യൻ സായുധ സേന 100 ശതമാനം വിജയത്തോടെ അവരുടെ ലക്ഷ്യങ്ങൾ നേടി. വെറും 22 മിനിറ്റിനുള്ളിൽ, ശത്രുവിന്റെ പ്രദേശത്തിനുള്ളിൽ ദൗത്യം അതിന്റെ ലക്ഷ്യം നിർവീര്യമാക്കി. ബിഹാറിലെ ഒരു പരിപാടിയിൽ ഞാൻ ഇത് പ്രഖ്യാപിച്ചിരുന്നു, നമ്മുടെ സായുധ സേന വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അത് നേടിയെടുത്തു. നമ്മുടെ 'ഇന്ത്യയിൽ നിർമ്മിച്ച' സൈനിക ശക്തിയുടെ പുതിയ മുഖം ആഗോള ശ്രദ്ധ ആകർഷിച്ചു. ഈ ദിവസങ്ങളിൽ, ഞാൻ ആഗോള നേതാക്കളെ കാണുമ്പോൾ, ഭാരതത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തദ്ദേശീയ പ്രതിരോധ ഉപകരണങ്ങളിൽ അവരുടെ താൽപ്പര്യം വർദ്ധിച്ചുവരികയാണ്. ഈ സമ്മേളനത്തിൽ പാർലമെന്റ് ഐക്യത്തിൻ്റെ ശബ്ദത്തിൽ വിജയത്തിന്റെ വൈകാരികത പ്രകടിപ്പിക്കുമ്പോൾ, അത് നമ്മുടെ സായുധ സേനയെ കൂടുതൽ ശക്തിപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇത് രാജ്യത്തിന് പ്രചോദനമായി വർത്തിക്കുകയും പ്രതിരോധ മേഖലയിലെ ഗവേഷണം, നവീകരണം, നിർമ്മാണം എന്നിവയ്ക്ക് ഉത്തേജനം നൽകുകയും ചെയ്യും. 'ഇന്ത്യയിൽ നിർമ്മിച്ച' പ്രതിരോധ ഉപകരണങ്ങൾ കൂടുതൽ ആക്കം കൂട്ടുകയും നമ്മുടെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
ഈ ദശകത്തെ സമാധാനവും പുരോഗതിയും കൈകോർത്ത് മുന്നേറുന്ന ഒരു കാലഘട്ടമായി വിശേഷിപ്പിക്കാം. ഓരോ ഘട്ടത്തിലും നാം വികസനം അനുഭവിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം, ഭീകരതയായാലും നക്സലിസമായാലും, വിവിധ തരത്തിലുള്ള അക്രമങ്ങൾ രാഷ്ട്രം വളരെക്കാലമായി അനുഭവിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങളിൽ ചിലത് നേരത്തെ ഉയർന്നുവന്നതും, ചിലത് പിന്നീട് വന്നതുമാകാം. എന്നിരുന്നാലും, ഇന്ന് നക്സലിസത്തിന്റെയും മാവോയിസത്തിന്റെയും സ്വാധീന മേഖല അതിവേഗം ചുരുങ്ങുകയാണ്. മാവോയിസത്തെയും നക്സലിസത്തെയും അതിന്റെ വേരുകളിൽ നിന്ന് പിഴുതെറിയാനുള്ള ഉറച്ച ദൃഢനിശ്ചയത്തോടെ, നമ്മുടെ പ്രതിരോധ സേന അതിവേഗം വിജയത്തിലേക്ക് പുതിയ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. ഒരുകാലത്ത് നക്സൽ സ്വാധീനത്താൽ വലയം ചെയ്യപ്പെട്ടിരുന്ന രാജ്യത്തുടനീളമുള്ള നൂറുകണക്കിന് ജില്ലകൾ ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ ജീവവായു ശ്വസിക്കുന്നുണ്ടെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. ബോംബുകൾക്കും തോക്കുകൾക്കും പിസ്റ്റളുകൾക്കും മേൽ നമ്മുടെ ഭരണഘടന വിജയം നേടുന്നതിൽ നമുക്ക് അഭിമാനമുണ്ട് - നമ്മുടെ ഭരണഘടന വിജയിച്ചുകൊണ്ടിരിക്കുന്നു. ഒരിക്കൽ ചുവന്ന ഇടനാഴി എന്ന് മുദ്രകുത്തപ്പെട്ടിരുന്ന പ്രദേശങ്ങൾ ഇപ്പോൾ രാജ്യത്തിന്റെ ശോഭനമായ ഭാവിയെ പ്രതീകപ്പെടുത്തുന്ന ഹരിത വളർച്ചയുടെ മേഖലകളായി മാറുന്നത് വ്യക്തമാണ്.
സുഹൃത്തുക്കളെ,
രാജ്യത്തിനും അതിന്റെ ക്ഷേമത്തിനും വേണ്ടി ഈ സഭയിൽ പ്രവേശിച്ച എല്ലാ ബഹുമാന്യ പാർലമെന്റ് അംഗങ്ങൾക്കും അഭിമാനത്തിന്റെ നിമിഷങ്ങളായി ഒന്നിനുപുറകെ ഒന്നായി ഇത്തരം പരിപാടികൾ മാറുന്നു. ഈ പാർലമെന്റ് സമ്മേളനത്തിൽ, രാജ്യം മുഴുവൻ ഈ അഭിമാനത്തിന്റെ കഥ കേൾക്കും - ഓരോ പാർലമെന്റ് അംഗത്തിൽ നിന്നും, എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും.
സുഹൃത്തുക്കളെ,
2014-ൽ നിങ്ങൾ ഞങ്ങളെ ഉത്തരവാദിത്തം ഏൽപ്പിക്കുമ്പോൾ, രാജ്യം ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്ന ഒരു ഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്നു. 2014-ന് മുമ്പ്, ആഗോള സമ്പദ്‌വ്യവസ്ഥയിൽ നമ്മൾ പത്താം സ്ഥാനത്തായിരുന്നു. ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് ഭാരതം അതിവേഗം മുന്നേറുകയാണ്. ഇക്കാലത്ത്, 25 കോടി പാവപ്പെട്ടവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതിനെ നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങൾ വ്യാപകമായി അഭിനന്ദിക്കുന്നു. 2014-ന് മുമ്പ്, പണപ്പെരുപ്പ നിരക്ക് ഇരട്ട അക്കത്തിലായിരുന്ന ഒരു കാലം രാജ്യത്തുണ്ടായിരുന്നു. ഇന്ന്, പണപ്പെരുപ്പം ഏകദേശം 2 ശതമാനമായി കുറഞ്ഞതോടെ, അത് സാധാരണക്കാർക്ക് ആശ്വാസം നൽകി. ഉയർന്ന വളർച്ചയ്‌ക്കൊപ്പം കുറഞ്ഞ പണപ്പെരുപ്പം ആരോഗ്യകരവും പുരോഗമനപരവുമായ വികസന യാത്രയെ പ്രതിഫലിപ്പിക്കുന്നു.
സുഹൃത്തുക്കളെ,
ലോകമെമ്പാടും ഗണ്യമായ താൽപ്പര്യം സൃഷ്ടിക്കുന്ന ഡിജിറ്റൽ ഇന്ത്യ, യുപിഐ എന്നിവയിലൂടെ ഭാരതത്തിന്റെ പുതിയ കഴിവുകൾ ലോകം ഇപ്പോൾ കാണുകയും തിരിച്ചറിയുകയും ചെയ്യുന്നു. ഫിൻടെക് ലോകത്ത് യുപിഐ സ്വയം ഒരു സവിശേഷ സ്ഥാനം സൃഷ്ടിച്ചിട്ടുണ്ട്. തത്സമയ ഡിജിറ്റൽ ഇടപാടുകളിൽ ഭാരതം ഇപ്പോൾ ലോകത്തെ നയിക്കുന്നു.
സുഹൃത്തുക്കളെ,
അടുത്തിടെ, അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ ഒരു ആഗോള സമ്മേളനം നടന്നു, അവിടെ ഭാരതം ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. ILO പ്രകാരം, ഭാരതത്തിലെ 90 കോടിയിലധികം ആളുകൾ ഇപ്പോൾ സാമൂഹിക സുരക്ഷയുടെ പരിധിയിൽ വരുന്നു - അത് തന്നെ ഒരു വലിയ നേട്ടമാണ്. അതുപോലെ, ലോകാരോഗ്യ സംഘടന (WHO) ഭാരതത്തെ മഴക്കാലത്ത് സാധാരണയായി കാണപ്പെടുന്ന ഒരു നേത്രരോഗമായ ട്രാക്കോമയിൽ നിന്ന് മുക്തമായതായി പ്രഖ്യാപിച്ചിരുന്നു. പൊതുജനാരോഗ്യ മേഖലയിൽ ഭാരതത്തിന് മറ്റൊരു പ്രധാന നേട്ടമാണിത്.
സുഹൃത്തുക്കളെ,
പഹൽഗാമിലെ ക്രൂരമായ കൊലപാതകങ്ങളും, അതിക്രമങ്ങളും, കൂട്ടക്കൊലയും ലോകത്തെ മുഴുവൻ ഞെട്ടിച്ചു. തീവ്രവാദികളിലേക്കും അവരുടെ സൂത്രധാരന്മാരിലേക്കും ശ്രദ്ധ തിരിഞ്ഞു. ആ നിമിഷം, പാർട്ടി താൽപ്പര്യങ്ങൾ മാറ്റിവെച്ച് ദേശീയ താൽപ്പര്യത്തിനായി പ്രവർത്തിച്ചുകൊണ്ട്, മിക്ക രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ ലോകമെമ്പാടും വിവിധ രാജ്യങ്ങളിലേക്ക് സഞ്ചരിച്ച് തീവ്രവാദത്തിന്റെ കേന്ദ്രമായ പാകിസ്ഥാനെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിനായി വിജയകരമായ ഒരു പ്രചാരണത്തിന് നേതൃത്വം നൽകി. ഇന്ന്, ദേശീയ താൽപ്പര്യത്തിനായി നടത്തിയ ഈ സുപ്രധാന പ്രവർത്തനത്തിന് എല്ലാ പാർലമെന്റ് അംഗങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും ഞാൻ അഭിനന്ദിക്കുന്നു. അവരുടെ ശ്രമങ്ങൾ രാജ്യത്ത് ഒരു പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിച്ചു. ഭാരതത്തിന്റെ വീക്ഷണം കേൾക്കുന്നതിനും അംഗീകരിക്കുന്നതിനും ലോകം അതിന്റെ വാതിലുകൾ തുറന്നു. ഇതിനായി നമ്മുടെ പാർലമെന്റ് അംഗങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും അഭിനന്ദിക്കുന്നത് എനിക്ക് ലഭിച്ച ബഹുമതിയായി ഞാൻ കരുതുന്നു.
സുഹൃത്തുക്കളെ,
ഐക്യത്തിന്റെയും കൂട്ടായ ശബ്ദത്തിന്റെയും ചൈതന്യം രാജ്യത്തെ എത്രമാത്രം ആവേശഭരിതരാക്കുന്നുവെന്ന് നമുക്കറിയാം. ഈ വിജയാഘോഷം വർഷകാല സമ്മേളനത്തിലും അതേ ആവേശത്തോടെ പ്രതിഫലിക്കും - ഇത് നമ്മുടെ സായുധ സേനയുടെ ശക്തിയെ അഭിനന്ദിക്കുകയും, രാജ്യത്തിന്റെ കഴിവുകളെ മഹത്വപ്പെടുത്തുകയും, 140 കോടി ഇന്ത്യക്കാർക്ക് പ്രചോദനത്തിന്റെ ഒരു പുതിയ സ്രോതസ്സായി വർത്തിക്കുകയും ചെയ്യും. നാം ഒരുമിച്ച് പ്രതിരോധ മേഖലയിൽ സ്വാശ്രയത്വത്തിനായുള്ള നമ്മുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തണമെന്നും, നമ്മുടെ സായുധ സേനയുടെ ശക്തിയെ അഭിനന്ദിക്കണമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇന്ന്, രാജ്യത്തെ ജനങ്ങളോടും എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഞാൻ പറയുന്നു, ഐക്യത്തിന്റെ ശക്തിയും ഒരു കൂട്ടായ ശബ്ദത്തിന്റെ ശക്തിയും രാജ്യം കണ്ടിട്ടുണ്ട്. ബഹുമാനപ്പെട്ട പാർലമെന്റ് അംഗങ്ങൾ സഭയ്ക്കുള്ളിൽ ഈ മനോഭാവത്തെ ശക്തിപ്പെടുത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും വേണം. രാഷ്ട്രീയ പാർട്ടികൾ വ്യത്യസ്തമാണെന്ന യാഥാർത്ഥ്യം ഞാൻ അംഗീകരിക്കുന്നു - ഓരോന്നിനും അതിന്റേതായ അജണ്ടയുണ്ട്, അതിന്റേതായ കടമയുണ്ട്. എന്നാൽ ഈ സത്യവും ഞാൻ അംഗീകരിക്കുന്നു: പാർട്ടി താൽപ്പര്യങ്ങൾക്കായി മനസ്സുകൾ ഒത്തുചേരുന്നില്ലെങ്കിലും, ദേശീയ താൽപ്പര്യത്തിനായി അവർ ഒന്നിക്കണം. ഈ വികാരത്തോടെ, രാജ്യത്തിന്റെ വികസന യാത്രയെ ശക്തിപ്പെടുത്തുന്നതും, രാജ്യത്തിന്റെ പുരോഗതിയെ മുന്നോട്ട് കൊണ്ടുപോകുന്നതും, പൗരന്മാരെ ശാക്തീകരിക്കുന്നതും ആയ നിരവധി സുപ്രധാന ബില്ലുകൾ ഈ വർഷകാല സമ്മേളനത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. സഭ വിശദമായ ചർച്ചകൾ നടത്തി അവ പാസാക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
അർത്ഥവത്തായതും ക്രിയാത്മകവുമായ സംവാദങ്ങൾക്ക് എല്ലാ ബഹുമാനപ്പെട്ട പാർലമെന്റ് അംഗങ്ങൾക്കും എന്റെ ആശംസകൾ.
വളരെ നന്ദി!
ഡിസ്ക്ലയ്മർ - പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസ്താവന ഹിന്ദിയിലായിരുന്നു നടത്തിയത്.
***
NK
(Release ID: 2146692)
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu