ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമു 2025 ജൂലൈ 17ന് 'സ്വച്ഛ് സർവേക്ഷൻ 2024-25' പുരസ്കാരങ്ങൾ സമ്മാനിക്കും

ഈ വർഷം 4 വിഭാഗങ്ങളിലായി നൽകുന്നത് ആകെ 78 പുരസ്കാരങ്ങൾ

Posted On: 15 JUL 2025 12:50PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമു 2025 ജൂലൈ 17ന് 'സ്വച്ഛ് സർവേക്ഷൻ 2024-25' പുരസ്കാരങ്ങൾ സമ്മാനിക്കും. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം (MoHUA) ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ, കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാലും സഹമന്ത്രി ശ്രീ തോഖൻ സാഹുവും പങ്കെടുക്കും.
 
ലോകത്തിലെ ഏറ്റവും വലിയ നഗര ശുചിത്വ സർവേയുടെ 9-ാം പതിപ്പാണ് 'സ്വച്ഛ് സർവേക്ഷൻ 2024-25'. ശുചിത്വ ഭാരത യജ്ഞം-നഗരം (SBM-U) മുന്നോട്ടുകൊണ്ടുപോകുന്നതിൽ നഗരങ്ങളുടെ അശ്രാന്ത പരിശ്രമങ്ങൾക്ക് അംഗീകാരമേകുന്ന ഈ നിർണായക പരിപാടി ഇന്ത്യയിലെ ഏറ്റവും ശുചിത്വമാർന്ന നഗരങ്ങളെ തിരഞ്ഞെടുക്കും. അഭിമാനകരമായ ഈ പുരസ്കാരങ്ങൾ ഈ വർഷം 4 വിഭാഗങ്ങളിലായി സമ്മാനിക്കും.

a) സൂപ്പർ സ്വച്ഛ് ലീഗ് നഗരങ്ങൾ

b) 5 ജനസംഖ്യാവിഭാഗങ്ങളിലെ ശുചിത്വമാർന്ന 3 മികച്ച നഗരങ്ങൾ

c) പ്രത്യേക വിഭാഗം: ഗംഗാ പട്ടണങ്ങൾ, കന്റോൺമെന്റ് ബോർഡുകൾ, സഫായ് മിത്ര സുരക്ഷ, മഹാകുംഭമേള

d) സംസ്ഥാനതല പുരസ്കാരങ്ങൾ - സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ വൃത്തിയുള്ള നഗരം.

ഈ വർഷം ആകെ 78 പുരസ്കാരങ്ങളാണു സമ്മാനിക്കുക.

സ്വച്ഛ ഭാരത് പദ്ധതി(നഗരം) -ക്ക്  കീഴിലുള്ള സുപ്രധാന സംരംഭമാണു 'സ്വച്ഛ് സർവേക്ഷൺ'. കഴിഞ്ഞ ഒമ്പതുവർഷമായി ഇന്ത്യൻ  നഗരങ്ങളുടെ ശുചിത്വ യാത്രയിൽ ഇതു നിർണായക ശക്തിയായി മാറിയിട്ടുണ്ട്. ശീലങ്ങളും മനോഭാവങ്ങളും മാറ്റാനും പ്രചോദനാത്മകമായ പ്രവർത്തനങ്ങൾ നടത്താനുമായി, 2016-ൽ 73 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ആരംഭിച്ച ഏറ്റവും പുതിയ പതിപ്പ് ഇപ്പോൾ 4500-ലധികം നഗരങ്ങളെ ഉൾക്കൊള്ളുന്നു. ഈ വർഷത്തെ പുരസ്കാരങ്ങൾ ശുചിത്വ നഗരങ്ങളെ ആഘോഷിക്കുക മാത്രമല്ല, ശ്രദ്ധേയമായ പുരോഗതിയും സാധ്യതകളും പ്രകടമാക്കുന്ന ചെറിയ നഗരങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

'ഉപഭോഗം ചുരുക്കുക, പുനരുപയോഗിക്കുക, പുനചംക്രമണം ചെയ്യുക' ( Reduce, Reuse, Recycle ) എന്ന പ്രമേയം ആസ്പദമാക്കിയാണ്  ഈ വർഷത്തെ പുരസ്കാരങ്ങൾ നൽകുന്നത്. ഇതിനായി, 45 ദിവസത്തിനിടെ രാജ്യത്തുടനീളമുള്ള ഓരോ വാർഡിലും 3000-ത്തിലധികം പരിശോധകർ സമഗ്രമായ വിലയിരുത്തൽ നടത്തി. ഉൾക്കൊള്ളലിനും സുതാര്യതയ്ക്കും വേണ്ടിയുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയോടെ, ഈ സംരംഭം 11 ലക്ഷത്തിലധികം വീടുകൾ വിലയിരുത്തി. ദേശീയ തലത്തിൽ നഗരജീവിതത്തെയും ശുചിത്വത്തെയും മനസ്സിലാക്കുന്നതിനുള്ള സമഗ്രവും ദൂരവ്യാപകവുമായ സമീപനമായി ഇതു മാറി.

2024-ൽ നടത്തിയ വിലയിരുത്തൽ പൊതുജന ഇടപെടലിലെ നാഴികക്കല്ലായിരുന്നു. നേരിട്ടുള്ള ഇടപെടലുകൾ, സ്വച്ഛതാ ആപ്പ്, MyGov, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ, പങ്കെടുത്ത 14 കോടി പൗരന്മാരിലേക്ക് ഇതു വിജയകരമായി എത്തിച്ചേരുകയും ഏവരെയും ഉൾപ്പെടുത്തുകയും ചെയ്തു.

നഗര ശുചിത്വവും സേവന വിതരണവും വിലയിരുത്തുന്നതിന് 'സ്വച്ഛ് സർവേക്ഷൻ 2024-25' അത്യാധുനികവും ഘടനാപരമായ സമീപനം സ്വീകരിച്ചു. 54 സൂചകങ്ങളുള്ള മികച്ച രീതിയിൽ നിർവചിക്കപ്പെട്ട 10 മാനദണ്ഡങ്ങളിലൂടെയാണ് നഗരങ്ങളിലെ ശുചിത്വവും മാലിന്യസംസ്കരണവും വിലയിരുത്തിയത്. ഓരോ നഗരത്തിന്റെയും കൃത്യമായ ശുചിത്വനിലവാരവും സേവനവിതരണവും സമഗ്രമായി വിലയിരുത്താൻ ഇതിലൂടെ സാധിച്ചു.

'സ്വച്ഛ് സർവേക്ഷൺ 2024-25' വളരെ സവിശേഷമായ 'സൂപ്പർ സ്വച്ഛ് ലീഗി'ലേക്ക് (SSL) നയിക്കുന്നു . ശുചിത്വത്തിൽ മികവു പുലർത്തുന്ന നഗരങ്ങളുടെ ശ്രേണിയാണിത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നഗരങ്ങളെ ശുചിത്വത്തിന്റെ ഉയർന്ന നിലവാരത്തിലെത്താൻ പ്രചോദിപ്പിക്കുന്നതിനൊപ്പം, മറ്റു നഗരങ്ങളെ അവയുടെ പ്രകടനം മെച്ചപ്പെടുത്താനും മികച്ച റാങ്കു സ്വന്തമാക്കാനും പ്രേരിപ്പിക്കാൻ SSLന്റെ വരവോടെ കഴിഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു തവണയെങ്കിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇടം നേടിയതും ഈ വർഷം അതതു ജനസംഖ്യാവിഭാഗത്തിൽ മികച്ച 20 ശതമാനത്തിൽ തുടരുന്നതുമായ നഗരങ്ങളെയാണ് SSL-ലേക്കു തെരഞ്ഞെടുക്കുന്നത്.

ഇതാദ്യമായി, നഗരങ്ങളെ ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള അഞ്ചുവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്:

(1) വളരെ ചെറിയ നഗരങ്ങൾ: ജനസംഖ്യ 20,000 ത്തിൽ താഴെ

(2) ചെറിയ നഗരങ്ങൾ: ജനസംഖ്യ 20,000 - 50,000

(3) ഇടത്തരം നഗരങ്ങൾ: ജനസംഖ്യ 50,000 - 3 ലക്ഷം

(4) വലിയ നഗരങ്ങൾ: ജനസംഖ്യ 3 - 10 ലക്ഷം

(5) മില്യൺ പ്ലസ് നഗരങ്ങൾ: ജനസംഖ്യ 10 ലക്ഷത്തിലധികം.

ഓരോ വിഭാഗത്തെയും അതിന്റെ വലിപ്പത്തിനും സവിശേഷ ആവശ്യങ്ങൾക്കും അനുസൃതമായി പ്രത്യേകം രൂപകൽപ്പന ചെയ്ത മാനദണ്ഡങ്ങൾ ഉപയോഗിച്ചു വിലയിരുത്തി, ഏറ്റവും വൃത്തിയുള്ള നഗരങ്ങളെ കണ്ടെത്തി. അവയ്ക്ക് ഓരോ വിഭാഗത്തിലും പുരസ്കാരം നൽകും. ഈ സമീപനം, ചെറിയ നഗരങ്ങൾക്കും  സാധാരണഗതിയിൽ മുൻനിരയിൽ നിൽക്കുന്ന നഗരങ്ങൾക്കൊപ്പം തിളങ്ങാനും മത്സരിക്കാനും അവസരം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
 
*****

(Release ID: 2144841) Visitor Counter : 5