റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി റെയിൽവേ കോച്ചുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും

സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 74,000 കോച്ചുകളിലും 15,000ലോക്കോമോട്ടീവുകളിലും സിസിടിവി ക്യാമറകൾ

Posted On: 13 JUL 2025 4:02PM by PIB Thiruvananthpuram

പരീക്ഷണാടിസ്ഥാനത്തിൽ പാസഞ്ചർ കോച്ചുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത് ഗുണപരമായ ഫലമുളവാക്കിയ അടിസ്ഥാനത്തിൽ, എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചു. ഈ നീക്കം യാത്രക്കാരുടെ സുരക്ഷയെ ഗണ്യമായി മെച്ചപ്പെടുത്തും. അക്രമികളും കവർച്ചാ സംഘങ്ങളും യാത്രക്കാരെ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ ഇതോടെ ഗണ്യമായി കുറയും. യാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി, വാതിലുകൾക്ക് സമീപമുള്ള പൊതുസ്ഥലത്താണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുക.



 ലോക്കോമോട്ടീവുകളിലും കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ പുരോഗതി കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവും കേന്ദ്ര റെയിൽവേ സഹമന്ത്രി ശ്രീ രവ്നീത് സിംഗ് ബിട്ടുവും അവലോകനം ചെയ്തു. 2025 ജൂലൈ 12 ശനിയാഴ്ച നടന്ന യോഗത്തിൽ റെയിൽവേ ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

360-ഡിഗ്രി സമഗ്ര പരിരക്ഷ

ഉത്തര റെയിൽവേയുടെ ലോക്കോ എഞ്ചിനുകളിലും കോച്ചുകളിലും പരീക്ഷണങ്ങൾ നടത്തിയത് വിജയകരമായതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അനുമതി നൽകി. ഓരോ കോച്ചിലും ഡോം ഇനത്തിലുള്ള 4 സിസിടിവി ക്യാമറകൾ ഉണ്ടായിരിക്കും.ഓരോ പ്രവേശന കവാടത്തിലും 2 വീതവും ഓരോ ലോക്കോമോട്ടീവിലും 6 വീതവും സിസിടിവി ക്യാമറകൾ ഉണ്ടായിരിക്കും. ഇതിൽ ലോക്കോമോട്ടീവിന്റെ മുൻവശത്തും പിൻവശത്തും ഇരുവശത്തും ഓരോ ക്യാമറ വീതം സ്ഥാപിക്കും . ഒരു ലോക്കോമോട്ടീവിന്റെ ഓരോ ക്യാബിനിലും (മുൻവശത്തും പിൻവശത്തും) 1 ഡോം സിസിടിവി ക്യാമറയും 2 ഡെസ്ക് മൗണ്ടഡ് മൈക്രോഫോണുകളും ഘടിപ്പിക്കും.

 ആധുനിക പ്രശ്‌നങ്ങൾ നേരിടുന്നതിന് ആധുനിക നിരീക്ഷണം

 STQC സാക്ഷ്യപ്പെടുത്തൽ ഉള്ളതും ഏറ്റവും പുതിയ സവിശേഷതകൾ ഉള്ളതുമായ സിസിടിവി ക്യാമറകളാകും സ്ഥാപിക്കുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഏറ്റവും മികച്ച ഉപകരണങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു . 100 കിലോമീറ്ററിലധികം വേഗതയിലും കുറഞ്ഞ വെളിച്ചത്തിലും ഓടുന്ന ട്രെയിനുകളിൽ നിന്ന് പോലും ഉയർന്ന നിലവാരമുള്ള ദൃശ്യങ്ങൾ ലഭ്യമാകണമെന്ന് അദ്ദേഹം റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇന്ത്യഎഐ ദൗത്യവുമായി സഹകരിച്ച് സിസിടിവി ക്യാമറകൾ പകർത്തുന്ന ഡാറ്റയിൽ നിർമിത ബുദ്ധിയുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ കേന്ദ്ര റെയിൽവേ മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു

ഡാറ്റാ സ്വകാര്യതയാണ് പ്രധാനം

 യാത്രക്കാരുടെ സുരക്ഷയും സംരക്ഷണവും മെച്ചപ്പെടുത്തുക എന്നതാണ് കോച്ചുകളുടെ പൊതുവായ ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ദേശ്യം .സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ ഈ ക്യാമറകൾ കുറ്റവാളികളെ തിരിച്ചറിയാനും സഹായിക്കും. സുരക്ഷിതവും, സുഖപ്രദവുമായ ഒരു യാത്രാനുഭവത്തിനായുള്ള ഇന്ത്യൻ റെയിൽവേയുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമാണ് ഈ ആധുനികവൽക്കരണ ശ്രമങ്ങൾ.

**************


(Release ID: 2144412)