കൃഷി മന്ത്രാലയം
രാസവള ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രചാരണ പരിപാടി ആരംഭിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
കാമ്പയിൻ നടത്താന്‍ ആവശ്യപ്പെട്ട് സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളുടെ മുഖ്യമന്ത്രിമാർക്ക് കേന്ദ്രമന്ത്രി കത്തയച്ചു
Posted On:
13 JUL 2025 1:11PM by PIB Thiruvananthpuram
വ്യാജവും നിലവാരമില്ലാത്തതുമായ വളങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ച് കേന്ദ്ര കാര്‍ഷിക - കർഷകക്ഷേമ മന്ത്രി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കത്തെഴുതി. വ്യാജ വളങ്ങളുടെ വിൽപന, സബ്‌സിഡി വളങ്ങളുടെ കരിഞ്ചന്ത, നിർബന്ധിത അനുബന്ധ വില്പന തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്തുടനീളം തടയാന്‍ ലക്ഷ്യമിട്ടാണ് നടപടി.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് കൃഷിയെന്നും കർഷക വരുമാനത്തിൽ സുസ്ഥിരത ഉറപ്പാക്കാൻ ശരിയായ സമയത്ത് താങ്ങാവുന്ന നിരക്കില്‍ നിലവാരമുള്ള വളങ്ങൾ ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും കേന്ദ്രമന്ത്രി കത്തിൽ എടുത്തുപറഞ്ഞു.
1955 ലെ അവശ്യവസ്തു നിയമത്തിന് കീഴില്‍ 1985-ലെ വളം (നിയന്ത്രണ) ഉത്തരവ് പ്രകാരം വ്യാജമോ നിലവാരമില്ലാത്തതോ ആയ വളങ്ങളുടെ വിൽപന നിരോധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രി സംസ്ഥാനങ്ങൾക്ക് നല്‍കിയ നിർദേശങ്ങൾ:
-
അവശ്യ ഇടങ്ങളിലും ശരിയായ സ്ഥലങ്ങളിലും വളങ്ങളുടെ ലഭ്യത ഉറപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനാൽ കരിഞ്ചന്ത, അമിത വില, സബ്സിഡി വളങ്ങള്‍ വകമാറ്റല്‍ തുടങ്ങിയ പ്രവർത്തനങ്ങൾ സംസ്ഥാനങ്ങൾ കർശനമായി നിരീക്ഷിക്കുകയും ഉടനടി നടപടി സ്വീകരിക്കുകയും വേണം.
-
വളം ഉൽപാദനത്തിന്റെയും വിൽപനയുടെയും പതിവ് നിരീക്ഷണം ഉറപ്പാക്കുകയും മാതൃകകള്‍ പരിശോധിച്ച് വ്യാജവും നിലവാരമില്ലാത്തതുമായ ഉൽപന്നങ്ങൾക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണം.
-
പരമ്പരാഗത വളങ്ങൾക്കൊപ്പം നാനോ-വളങ്ങളുടെയും ബയോ-സ്റ്റിമുലന്റ് ഉൽപന്നങ്ങളുടെയും നിർബന്ധിത അനുബന്ധ വില്‍പന ഉടന്‍ നിർത്തലാക്കണം.
-
ലൈസൻസ് റദ്ദാക്കൽ, എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്യല്‍ എന്നിവയുൾപ്പെടെ കർശന നിയമനടപടി സ്വീകരിക്കുകയും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ ഫലപ്രദമായ കുറ്റവിചാരണ നടത്തുകയും വേണം.
-
കർഷകരെയും കർഷക സംഘങ്ങളെയും നിരീക്ഷണ പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതിനും യഥാർത്ഥവും വ്യാജവുമായ ഉൽപന്നങ്ങൾ തിരിച്ചറിയുന്നത് സംബന്ധിച്ച് കർഷകരെ ബോധവൽക്കരിക്കാന്‍ പ്രത്യേക ശ്രമങ്ങൾ നടത്തുന്നതിനും പ്രതികരണ - ആശയവിനിമയ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിർദേശം നല്‍കി.
കാർഷികമേഖലയിലെ വ്യാജവും നിലവാരമില്ലാത്തതുമായ ഉല്പന്നങ്ങളുടെ പ്രശ്നം അടിസ്ഥാനതലം മുതല്‍ ഇല്ലാതാക്കാന്‍ മേല്‍പ്പറഞ്ഞ നിർദേശങ്ങൾക്കനുസൃതമായി വ്യാപക പ്രചാരണ പരിപാടി ആരംഭിക്കാൻ കേന്ദ്രമന്ത്രി എല്ലാ സംസ്ഥാനങ്ങളോടും അഭ്യർത്ഥിച്ചു. കർഷക താൽപര്യം കണക്കിലെടുത്ത് ഈ പ്രവർത്തനങ്ങളുടെ സംസ്ഥാനതല പതിവ് നിരീക്ഷണം ഫലപ്രദവും സുസ്ഥിരവുമായ പരിഹാരത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
*****
(Release ID: 2144410)
Visitor Counter : 3
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada