പ്രധാനമന്ത്രിയുടെ ഓഫീസ്
റിയോ ഡി ജനീറോ പ്രഖ്യാപനം - കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണനിർവഹണത്തിനായുള്ള ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ
Posted On:
07 JUL 2025 6:00AM by PIB Thiruvananthpuram
“കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണനിർവഹണത്തിനായുള്ള ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ” എന്ന വിഷയത്തിൽ നടന്ന XVII ബ്രിക്സ് ഉച്ചകോടിക്കായി ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കളായ ഞങ്ങൾ 2025 ജൂലൈ 6നും 7നും ബ്രസീലിലെ റിയോ ഡി ജനീറോയിൽ യോഗം ചേർന്നു.
പരസ്പരബഹുമാനത്തിന്റെയും ധാരണയുടെയും, പരമാധികാര സമത്വത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ജനാധിപത്യത്തിന്റെയും തുറന്ന സമീപനത്തിന്റെയും ഉൾക്കൊള്ളലിന്റെയും സഹകരണത്തിന്റെയും സമവായത്തിന്റെയും ബ്രിക്സ് മനോഭാവത്തോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞങ്ങൾ ഊട്ടിയുറപ്പിക്കുന്നു. 17 വർഷമായി നടക്കുന്ന ബ്രിക്സ് ഉച്ചകോടികളിൽ രാഷ്ട്രീയവും സുരക്ഷയും, സാമ്പത്തികവും ധനകാര്യവും, സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ള സഹകരണവും എന്നീ മൂന്നു സ്തംഭങ്ങൾക്കു കീഴിൽ വികസിപ്പിച്ച ബ്രിക്സിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനു നാം ശ്രമിക്കുന്നു. സമാധാനം, കൂടുതൽ പ്രാതിനിധ്യം, നീതിയുക്തമായ അന്താരാഷ്ട്ര ക്രമം, പുനരുജ്ജീവിപ്പിക്കപ്പെട്ടതും പരിഷ്കരിച്ചതുമായ ബഹുരാഷ്ട്ര സംവിധാനം, സുസ്ഥിര വികസനം, ഏവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയിലൂടെ നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനായി തന്ത്രപരമായ നമ്മുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും നാം പ്രതിജ്ഞാബദ്ധരാണ്.
ബ്രിക്സ് അംഗമെന്ന നിലയിൽ ഇന്തോനേഷ്യയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അതുപോലെ, ബെലറൂസിനെയും ബൊളീവിയയെയും കസാക്കിസ്ഥാനെയും ക്യൂബയെയും നൈജീരിയയെയും മലേഷ്യയെയും തായ്‌ലൻഡിനെയും വിയറ്റ്‌നാമിനെയും ഉഗാണ്ടയെയും ഉസ്‌ബെക്കിസ്ഥാനെയും ബ്രിക്സ് പങ്കാളിരാജ്യങ്ങളെന്ന നിലയിൽ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
കാലാവസ്ഥാ ധനകാര്യത്തെക്കുറിച്ചുള്ള ബ്രിക്സ് നേതാക്കളുടെ ചട്ടക്കൂടു പ്രഖ്യാപനവും നിർമിതബുദ്ധിയുടെ ആഗോള നിർവഹണത്തെക്കുറിച്ചുള്ള ബ്രിക്സ് നേതാക്കളുടെ പ്രസ്താവനയും അംഗീകരിക്കുന്നതിന്റെ പ്രാധാന്യം ഞങ്ങൾ അടിവരയിടുന്നു. അതുപോലെ, സാമൂഹ്യമായി നിർണയിക്കപ്പെടുന്ന രോഗങ്ങളുടെ ഉന്മൂലനത്തിനായുള്ള ബ്രിക്സ് പങ്കാളിത്തത്തിന്റെ സമാരംഭത്തെ അംഗീകരിക്കുന്നു. ആഗോള പ്രശ്നങ്ങൾക്ക് സമഗ്രവും സുസ്ഥിരവുമായ പ്രതിവിധികൾ വളർത്തിയെടുക്കുന്നതിനുള്ള ഞങ്ങളുടെ സംയുക്ത ശ്രമങ്ങളെ ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നു.
ബഹുമുഖത്വം ശക്തിപ്പെടുത്തലും ആഗോള ഭരണനിർവഹണ പരിഷ്കരണവും
വിപുലമായ കൂടിയാലോചന, സംയുക്ത സംഭാവന, പൊതുവായ നേട്ടങ്ങൾ എന്നിവയുടെ മനോഭാവത്തിൽ കൂടുതൽ നീതിയുക്തവും തുല്യവും ചടുലവും ഫലപ്രദവും കാര്യക്ഷമവും പ്രതികരണശേഷിയുള്ളതും പ്രാതിനിധ്യപരവും നിയമാനുസൃതവും ജനാധിപത്യപരവും ഉത്തരവാദിത്വപൂർണവുമായ അന്താരാഷ്ട്ര-ബഹുമുഖ സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഗോള ഭരണനിർവഹണം പരിഷ്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു. ഇക്കാര്യത്തിൽ, ഭാവിയുടെ ഉച്ചകോടിയിൽ ഭാവിയുടെ ഉടമ്പടി അംഗീകരിക്കുന്നതു ഞങ്ങൾ പരിഗണിക്കുന്നു. രണ്ട് അനുബന്ധങ്ങളായ ഗ്ലോബൽ ഡിജിറ്റൽ കോംപാക്റ്റ്, ഭാവി തലമുറകളുടെ പ്രഖ്യാപനം എന്നിവ അതിൽ ഉൾപ്പെടുന്നു. സമകാലിക യാഥാർഥ്യങ്ങൾ മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്നതിനായി അന്താരാഷ്ട്ര ബന്ധങ്ങളുടെ നിലവിലെ ഘടനയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നു നാം മനസ്സിലാക്കുന്നു. ബഹുരാഷ്ട്രവാദത്തോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയും ഉറപ്പുനൽകുന്നു. ഐക്യരാഷ്ട്രസഭയുടെ (UN) ചാർട്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലക്ഷ്യങ്ങളും തത്വങ്ങളും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമത്തെ, അവയുടെ പൂർണതയിൽ അംഗീകരിക്കുന്നതിലും പരസ്പരം കൂട്ടിയിണക്കുന്നതിലും ഉയർത്തിപ്പിടിക്കുന്നതിലും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പരമാധികാര രാഷ്ട്രങ്ങൾ തമ്മിൽ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും, സുസ്ഥിര വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിനും, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ എന്നിവയുടെ പ്രോത്സാഹനവും സംരക്ഷണവും ഉറപ്പാക്കുന്നതിനും, ഐക്യം, പരസ്പര ബഹുമാനം, നീതി, സമത്വം എന്നിവയിൽ അധിഷ്ഠിതമായ സഹകരണം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സംവിധാനത്തിൽ ഐക്യരാഷ്ട്രസഭയുടെ പ്രധാന പങ്ക് ഉയർത്തിപ്പിടിക്കുന്നതിലും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ആഗോള തീരുമാനമെടുക്കൽ പ്രക്രിയകളിലും ഘടനകളിലും ആഫ്രിക്ക, തെക്കേ അമേരിക്ക, കരീബിയൻ മേഖലകൾ എന്നിവിടങ്ങളിൽനിന്നുള്ള, വികസനം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ (EMDC) അർഥവത്തായ കൂടുതൽ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനും സമകാലിക യാഥാർഥ്യങ്ങളുമായി അവയെ കൂടുതൽ ഇണക്കിച്ചേർക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയും ഞങ്ങൾ ആവർത്തിക്കുന്നു. ഐക്യരാഷ്ട്രസഭയുടെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും സെക്രട്ടറിയറ്റിൽ സമയബന്ധിതമായി സന്തുലിതമായ ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും, ഈ സംഘടനകളിലെ എല്ലാ തലങ്ങളിലുമുള്ള നേതൃത്വത്തിലും ഉത്തരവാദിത്വങ്ങളിലും സ്ത്രീകളുടെ, പ്രത്യേകിച്ച് EMDC-കളിൽ നിന്നുള്ളവരുടെ, പങ്കും വിഹിതവും വർധിപ്പിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. UN എക്സിക്യൂട്ടീവ് മേധാവികളുടെയും മുതിർന്ന സ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പും നിയമനപ്രക്രിയയും സുതാര്യതയുടെയും ഉൾക്കൊള്ളലിന്റെയും തത്വങ്ങളാൽ നയിക്കപ്പെടേണ്ടതുണ്ട്. ഈ നടപടി UN ചാർട്ടറിന്റെ 101-ാം അനുച്ഛേദത്തിലെ എല്ലാ വ്യവസ്ഥകൾക്കും അനുസൃതമായി നടത്തേണ്ടതുണ്ട്. കഴിയുന്നത്രയും വിശാലമായ ഭൂമിശാസ്ത്രപരമായ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ഉചിതമായ പരിഗണന നൽകേണ്ടതുണ്ട്. ഏതെങ്കിലും രാജ്യത്തിനോ, രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കോ UN സംവിധാനത്തിലെ മുതിർന്ന തസ്തികകളിൽ കുത്തക നൽകരുതെന്ന പൊതുനിയമം പാലിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ഞങ്ങൾ ഊന്നൽ നൽകുന്നു.
2023-ലെ ജൊഹാനസ്ബർഗ്-II നേതാക്കളുടെ പ്രഖ്യാപനം അംഗീകരിച്ച്, ഐക്യരാഷ്ട്രസഭയ്ക്കും സുരക്ഷാസമിതിക്കും ഉൾപ്പെടെ, പൂർണമായ പുനഃസംഘടന വേണ്ടതിന്റെ ആവശ്യകതയ്ക്കു നാം വീണ്ടും പിന്തുണ അറിയിക്കുന്നു. ഐക്യരാഷ്ട്രസഭയെ കൂടുതൽ ജനാധിപത്യപരവും പ്രാതിനിധ്യപരവും ഫലപ്രദവും കാര്യക്ഷമവുമാക്കുന്നതിനും നിലവിലുള്ള ആഗോള വെല്ലുവിളികളോട് ആവശ്യമായ രീതിയിൽ പ്രതികരിക്കുന്നതിനും സുരക്ഷാസമിതിയിൽ വികസ്വര രാജ്യങ്ങളുടെ പങ്കു വർധിപ്പിക്കണമെന്നതിനെ ഞങ്ങൾ ശക്തമായി പിന്തുണയ്ക്കുന്നു. ബ്രിക്സ് രാജ്യങ്ങൾ ഉൾപ്പെടെ, ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വളർന്നുവരുന്നതും വികസ്വരവുമായ രാജ്യങ്ങൾക്ക്, ന്യായമായ അഭിലാഷ പൂർത്തീകരണത്തിനൊപ്പം, അന്താരാഷ്ട്ര വിഷയങ്ങളിൽ കൂടുതൽ പങ്കാളിത്തം നേടാനുള്ള സാധ്യതയ്ക്കും ഇതു പിന്തുണയേകും; വിശേഷിച്ച് ഐക്യരാഷ്ട്രസഭയിലും സുരക്ഷാസമിതിയിലും. എസുൽവിനി സമവായത്തിലും സിർട്ടെ പ്രഖ്യാപനത്തിലും പ്രതിഫലിക്കുന്ന, ആഫ്രിക്കൻ രാജ്യങ്ങളുടെ ന്യായമായ അഭിലാഷങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി പരിഷ്കരണം ഗ്ലോബൽ സൗത്തിന്റെ ശബ്ദം ശക്തിപ്പെടുന്നതിലേക്കു നയിക്കുമെന്നതിനു ഞങ്ങൾ ഊന്നൽ നൽകുന്നു. 2022-ലെ ബീജിങ് പ്രഖ്യാപനവും 2023-ലെ ജൊഹാനസ്ബർഗ്-II നേതാക്കളുടെ പ്രഖ്യാപനവും അനുസ്മരിച്ച്, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും, സുരക്ഷാസമിതിയിൽ ഉൾപ്പെടെ, ഐക്യരാഷ്ട്രസഭയിൽ കൂടുതൽ ബൃഹത്തായ പങ്കുവഹിക്കാനുള്ള ബ്രസീലിന്റെയും ഇന്ത്യയുടെയും അഭിലാഷങ്ങൾക്കുള്ള പിന്തുണ ആവർത്തിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ 80-ാം വാർഷികം മുന്നിൽക്കണ്ട്, UNGA പ്രമേയങ്ങൾ 75/1, 77/335, മറ്റു പ്രസക്തമായ പ്രമേയങ്ങൾ എന്നിവ ഞങ്ങൾ ഓർക്കുന്നു. കൂടാതെ ഐക്യരാഷ്ട്രസഭയ്ക്ക് അതിന്റെ കർത്തവ്യം നിറവേറ്റുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാനുള്ള പ്രതിജ്ഞാബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു. യഥാർഥ പുരോഗതി കൈവരിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ പ്രധാന ഭാഗങ്ങളുടെ പരിഷ്കാരങ്ങൾക്കായി ഞങ്ങൾ ശക്തമായി ആഹ്വാനം ചെയ്യുന്നു. UN സുരക്ഷാസമിതിയുടെ പരിഷ്കരണത്തെക്കുറിച്ചുള്ള ചർച്ചകൾക്കു പുതുജീവൻ പകരാനും പൊതുസഭയെ പുനരുജ്ജീവിപ്പിക്കാനും സാമ്പത്തിക-സാമൂഹ്യ സമിതിയെ ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ തുടരാനുമുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത വീണ്ടും ആവർത്തിക്കുന്നു. 2025-ലെ സമാധാനം കെട്ടിപ്പടുക്കൽ ഘടന അവലോകനത്തിന്റെ വിജയകരമായ പൂർത്തീകരണത്തിലേക്കും ഞങ്ങൾ ഉറ്റുനോക്കുന്നു.
ബഹുസ്വര ലോകത്തിന്റെ സമകാലിക യാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തിൽ, കൂടുതൽ നീതിയുക്തവും സമത്വമാർന്നതുമായ ആഗോള ഭരണനിർവഹണത്തിനും രാജ്യങ്ങൾക്കിടയിൽ പരസ്പരപ്രയോജനകരമായ ബന്ധങ്ങൾക്കുമായി സംഭാഷണങ്ങളും കൂടിയാലോചനകളും പ്രോത്സാഹിപ്പിക്കുന്നതിനായി വികസ്വര രാജ്യങ്ങൾ ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതു നിർണായകമാണെന്നു ഞങ്ങൾ അംഗീകരിക്കുന്നു. ബഹുസ്വരത, EMDC-കൾക്ക് അവരുടെ സൃഷ്ടിപരമായ സാധ്യതകൾ വികസിപ്പിക്കുന്നതിനും, സാർവത്രികമായി പ്രയോജനപ്പെടുന്നതിനും, ഉൾക്കൊള്ളുന്നതും നീതിയുക്തവുമായ സാമ്പത്തിക ആഗോളവൽക്കരണവും സഹകരണവും ആസ്വദിക്കുന്നതിനുമുള്ള അവസരങ്ങൾ വികസിപ്പിക്കുമെന്നു ഞങ്ങൾ അംഗീകരിക്കുന്നു. ആഴമേറിയ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ദ്രുതഗതിയിലുള്ള സാമ്പത്തിക മാന്ദ്യങ്ങൾ, സാങ്കേതിക മാറ്റങ്ങൾ, സംരക്ഷണവാദ നടപടികൾ, കുടിയേറ്റ വെല്ലുവിളികൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന അന്താരാഷ്ട്ര വെല്ലുവിളികൾ നേരിടുമ്പോൾ, ശുഭോദർക്കമായ മാറ്റത്തിനുള്ള പ്രേരകശക്തി എന്ന നിലയിൽ ഗ്ലോബൽ സൗത്തിന്റെ പ്രാധാന്യം ഞങ്ങൾ എടുത്തുകാട്ടുന്നു. ഗ്ലോബൽ സൗത്തിന്റെ ആശങ്കകളും മുൻഗണനകളും ഉന്നയിക്കുന്നതിലും, അന്താരാഷ്ട്ര നിയമം അടിസ്ഥാനമാക്കി കൂടുതൽ നീതിയുക്തവും സുസ്ഥിരവും ഉൾക്കൊള്ളുന്നതും പ്രാതിനിധ്യപരവും സ്ഥിരതയുള്ളതുമായ അന്താരാഷ്ട്ര ക്രമം പ്രോത്സാഹിപ്പിക്കുന്നതിലും, ബ്രിക്സ് രാജ്യങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന്റെ എൺപതാം വാർഷികമാണ് 2025 എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, പസഫിക് എന്നിവിടങ്ങളിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മനുഷ്യരാശിക്ക് വിവരിക്കാനാവാത്ത ദുരിതങ്ങൾ സമ്മാനിച്ച യുദ്ധമായിരുന്നു അതെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുദ്ധത്തിന്റെ വിപത്തിൽ നിന്ന് അടുത്ത തലമുറകളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിന് സാഹചര്യമൊരുക്കിയ ഈ ചരിത്ര സംഭവത്തെ അടയാളപ്പെടുത്തുന്ന, രണ്ടാം ലോകമഹായുദ്ധത്തിന്റെ എൺപതാം വാർഷികത്തെക്കുറിച്ചുള്ള യുഎൻ പൊതുസഭയുടെ 79/272-ാം പ്രമേയത്തിന് ഞങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നു.
ബ്രെട്ടൺ വുഡ്സ് സ്ഥാപനങ്ങൾ (BWI) നിലവിൽവന്നതിനു ശേഷമുള്ള ആഗോള സമ്പദ്‌വ്യവസ്ഥയുടെ പരിവർത്തനങ്ങൾ ഉൾക്കൊള്ളുന്നതിനായി, അവയുടെ ഭരണഘടനയിലും പ്രവർത്തന രീതികളിലും മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. 80-ാം വാർഷികത്തിൽ, ഈ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമവും, വിശ്വസനീയവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, നിഷ്പക്ഷവും, ഉത്തരവാദിത്തമുള്ളതും, പ്രാതിനിധ്യമുള്ളതുമാക്കി മാറ്റേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ആവർത്തിക്കുന്നു. പ്രധാനമായും, അവ സ്ഥാപിതമായതിന് ശേഷം ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളെ പ്രതിഫലീകരിക്കുന്ന തരത്തിൽ അവയുടെ ഭരണഘടനയിൽ പരിഷ്കാരങ്ങൾ വരുത്തണം. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇഎംഡിഇകളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം, ബ്രെട്ടൺ വുഡ്സ് സ്ഥാപനങ്ങളിലെ അവരുടെ ശബ്ദത്തിലും പ്രാതിനിധ്യത്തിലും പ്രതിഫലിക്കണം
കൂടാതെ, അന്താരാഷ്ട്ര നാണയനിധിയുടെയും ലോക ബാങ്ക് സംഘത്തിന്റെയും നേതൃത്വത്തിൽ പ്രാദേശിക വൈവിധ്യവും ഇഎംഡിഇകളുടെ പ്രാതിനിധ്യവും വർദ്ധിപ്പിക്കുന്നതിനായി, മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മാനേജ്മെന്റ് നടപടിക്രമങ്ങൾ മെച്ചപ്പെടുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. മാനേജ്മെന്റ് തലത്തിൽ സ്ത്രീകളുടെ പങ്കാളിത്തവും പ്രാതിനിധ്യവും വർദ്ധിപ്പിക്കേണ്ടതും പ്രധാനമാണ്.
നിലവിലെ അനിശ്ചിതത്വങ്ങളുടെയും അസ്ഥിരതയുടെയും പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര നാണയ നിധി (IMF) മതിയായ വിഭവങ്ങളുള്ളതും, ചടുലമായി പ്രവർത്തിക്കാൻ കഴിവുള്ളതുമായിരിക്കണം. ആഗോള സാമ്പത്തിക സുരക്ഷാ ശൃംഖലയുടെ (Global Financial Safety Net - GFSN) കേന്ദ്രമായി നിലകൊണ്ടുകൊണ്ട്, അതിലെ അംഗരാജ്യങ്ങളെ, പ്രത്യേകിച്ച് ഏറ്റവും ദുർബലമായ രാജ്യങ്ങളെ, ഫലപ്രദമായി പിന്തുണയ്ക്കാൻ IMF-ന് കഴിയണം. ക്വാട്ട പുനഃക്രമീകരണത്തിന്റെ അഭാവമുണ്ടെങ്കിലും, 16-ാമത് ജനറൽ റിവ്യൂ ഓഫ് ക്വാട്ട (GRQ) പ്രകാരം നിർദ്ദിഷ്ട ക്വാട്ട വർദ്ധനവിന് ഞങ്ങൾ സമ്മതം നൽകിയിട്ടുണ്ട്. ഇതുവരെ സമ്മതം നൽകാത്ത IMF അംഗരാജ്യങ്ങൾ എത്രയും പെട്ടെന്ന് അത് നൽകണമെന്നും 16-ാം ജിആർക്യൂ പ്രകാരമുള്ള ക്വാട്ട വർദ്ധനവ് നടപ്പിൽ വരുത്തണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. 17--ാം GRQ പ്രകാരം, പുതിയ ക്വാട്ടാ ഫോർമുല ഉൾപ്പെടെയുള്ള ക്വാട്ടാ വിഹിത പുനഃക്രമീകരണത്തിനുള്ള സമീപനങ്ങൾ എത്രയും വേഗം വികസിപ്പിക്കാനുള്ള നിർദ്ദേശം IMF എക്സിക്യൂട്ടീവ് ബോർഡ് നിറവേറ്റണമെന്ന് അഭ്യർത്ഥിക്കുന്നു. ഭാവിയിലെ ചർച്ചകൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനും ക്വാട്ടാ, ഭരണ പരിഷ്കാരങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഒരുമിപ്പിക്കാനും പൊതുവായ തത്വങ്ങൾ വികസിപ്പിക്കുന്നതിൽ IMF എക്സിക്യൂട്ടീവ് ബോർഡിന്റെയും ഇന്റർനാഷണൽ മോണിറ്ററി ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി (IMFC) ഡെപ്യൂട്ടികളുടെയും ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു.
IMF-ലെ കൂടുതൽ ക്വാട്ടാ പുനഃക്രമീകരണം വികസ്വര രാജ്യങ്ങളെ (EMDEs) ദോഷകരമായി ബാധിക്കരുത് എന്ന് ഞങ്ങൾ ആവർത്തിക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഓരോ രാജ്യത്തിന്റെയുമുള്ള ആപേക്ഷിക സ്ഥാനം പ്രതിഫലിപ്പിച്ചുകൊണ്ടും EMDE-കളുടെ ഓഹരികൾ വർദ്ധിപ്പിച്ചുകൊണ്ടുമായിരിക്കണം ഇത്. IMF ക്വാട്ടാ, ഭരണ പരിഷ്കരണത്തിനായുള്ള ബ്രിക്സ് റിയോ ഡി ജനീറോ കാഴ്ചപ്പാടിന് അനുസൃതമായി, 17-ാമത് GRQ-ൽ അർത്ഥവത്തായ ക്വാട്ടാ വിഹിത പുനഃക്രമീകരണവും ഭരണ പരിഷ്കാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ മറ്റ് IMF അംഗങ്ങളുമായി ക്രിയാത്മകമായി സഹകരിക്കാൻ ഞങ്ങൾ തയ്യാറാണ്.
ലോകബാങ്ക് ഗ്രൂപ്പിന്റെ ബഹുരാഷ്ട്രവാദത്തെ ശക്തിപ്പെടുത്തുന്നതിനും നിയമസാധുത വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു നിർണായക ഉപാധിയാണ് ബ്രസീൽ സഹ-അധ്യക്ഷത വഹിക്കുന്ന 2025 ലെ ലോകബാങ്ക് ഷെയർഹോൾഡിംഗ് റിവ്യൂ എന്ന് ഞങ്ങൾ ഉറപ്പിച്ചു പറയുന്നു. മികച്ചതും വിശാലവും കൂടുതൽ ഫലപ്രദവുമായ ഒരു വികസന ധനകാര്യ സ്ഥാപനമായി ലോകബാങ്കിനെ മാറ്റാൻ ഇത് സഹായിക്കും. ലിമ തത്വങ്ങൾക്ക് അനുസൃതമായി, വികസ്വര രാജ്യങ്ങൾക്ക് ചരിത്രപരമായി ലഭിക്കാത്ത പ്രാതിനിധ്യം തിരുത്തിക്കൊണ്ട്, അവരുടെ ശബ്ദവും പ്രാതിനിധ്യവും വർദ്ധിപ്പിക്കാൻ ഞങ്ങൾ തുടർന്നും വാദിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഡിജിറ്റലൈസേഷന്റെയും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ഉൾപ്പെടെ ദാരിദ്ര്യവും അസമത്വവും പരിഹരിക്കുക എന്നത് ലോകബാങ്ക് ദൗത്യത്തിന്റെ കേന്ദ്രബിന്ദുവായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കും.
ബഹുരാഷ്ട്ര വ്യാപാര സംവിധാനം വളരെക്കാലമായി ഒരു വഴിത്തിരിവിലാണ്. താരിഫുകളുടെ വിവേചനരഹിതമായ വർദ്ധനവ്, താരിഫ് ഇതര നടപടികൾ, അല്ലെങ്കിൽ പരിസ്ഥിതി ലക്ഷ്യങ്ങളുടെ മറവിലെ സംരക്ഷണവാദം എന്നിവയുടെ രൂപത്തിലുള്ള വ്യാപാര നിയന്ത്രണ നടപടികളുടെ വ്യാപനം, ആഗോള വ്യാപാരം കുറയ്ക്കാനും ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്താനും അന്താരാഷ്ട്ര സാമ്പത്തിക, വ്യാപാര പ്രവർത്തനങ്ങളിൽ അനിശ്ചിതത്വം സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഇത് നിലവിലുള്ള സാമ്പത്തിക അസമത്വങ്ങൾ വർദ്ധിപ്പിക്കുകയും ആഗോള സാമ്പത്തിക വികസനത്തിനുള്ള സാധ്യതകളെ ബാധിക്കുകയും ചെയ്യാം. വ്യാപാരത്തെ വികൃതമാക്കുകയും WTO നിയമങ്ങൾക്ക് വിരുദ്ധമാവുകയും ചെയ്യുന്ന ഏകപക്ഷീയമായ താരിഫ്, താരിഫ് ഇതര നടപടികളുടെ വർദ്ധനവിൽ ഞങ്ങൾ അതീവ ആശങ്ക രേഖപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ, ലോക വ്യാപാര സംഘടനയെ (WTO) കേന്ദ്രീകരിച്ചുള്ള നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതും, തുറന്നതും, സുതാര്യവും, ന്യായവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, തുല്യവും, വിവേചനരഹിതവും, സമവായത്തെ അടിസ്ഥാനമാക്കിയുള്ളതുമായ ബഹുരാഷ്ട്ര വ്യാപാര വ്യവസ്ഥക്കുള്ള ഞങ്ങളുടെ പിന്തുണ ആവർത്തിക്കുന്നു.
വികസ്വര രാജ്യങ്ങൾക്ക് പ്രത്യേകവും വ്യത്യസ്തവുമായ പരിഗണന നൽകണം. WTO അതിന്റെ 30-ാം വാർഷികത്തിൽ, പുതിയ വ്യാപാര നിയമങ്ങളുടെ ചർച്ചകൾ ഉൾപ്പെടെ, അന്താരാഷ്ട്ര വ്യാപാര ചർച്ചകളുടെ വിവിധ തലങ്ങളിൽ നേതൃത്വം നൽകുന്നതിന് ആവശ്യമായ ഉത്തരവാദിത്തവും, വൈദഗ്ധ്യവും, സാർവത്രിക സ്വാധീനവും, ശേഷിയുമുള്ള ഏക ബഹുരാഷ്ട്ര സ്ഥാപനമായി തുടരുന്നു എന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു. സംഘടനയുടെ പ്രസക്തി ഉറപ്പാക്കാനും ബഹുരാഷ്ട്ര വ്യാപാര വ്യവസ്ഥയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കാനും ആവശ്യമായ പരിഷ്കാരങ്ങൾക്കായി പ്രവർത്തിക്കുമെന്ന 12-ാമത്തെ WTO മന്ത്രിതല സമ്മേളനത്തിൽ നൽകിയതും 13-ാമത്തെ WTO മന്ത്രിതല സമ്മേളനത്തിൽ വീണ്ടും ഉറപ്പിച്ചതുമായ പ്രതിബദ്ധത ഞങ്ങൾ ഓർമ്മിക്കുന്നു. പ്രാപ്യവും ഫലപ്രദവും പൂർണ്ണമായും പ്രവർത്തിക്കുന്നതുമായ ദ്വിതല ബന്ധിത WTO തർക്ക പരിഹാര സംവിധാനത്തിന്റെ അടിയന്തര പുനഃസ്ഥാപനത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ലോക വ്യാപാര സംഘടനയിലെ അംഗത്വത്തിനായി എത്യോപ്യയും ഇറാനും നടത്തുന്ന ശ്രമങ്ങളെ ഞങ്ങൾ ശക്തമായി പിന്തുണയ്ക്കുന്നു. WTO പരിഷ്കരണത്തെക്കുറിച്ചും ബഹുരാഷ്ട്ര വ്യാപാര വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വ്യാപാര മന്ത്രിമാർ അംഗീകരിച്ച ബ്രിക്സ് പ്രഖ്യാപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ ഏകപക്ഷീയവും നിർബന്ധിതവുമായ നടപടികൾ അടിച്ചേൽപ്പിക്കുന്നതിനെ ഞങ്ങൾ അപലപിക്കുന്നു. ഏകപക്ഷീയമായ സാമ്പത്തിക ഉപരോധങ്ങളും ദ്വിതീയ ഉപരോധങ്ങളും പോലുള്ള ഇത്തരം നടപടികൾ, ലക്ഷ്യമിടുന്ന രാജ്യങ്ങളിലെ സാധാരണ ജനങ്ങളുടെ മാനുഷിക അവകാശങ്ങൾക്ക്, പ്രത്യേകിച്ച് വികസനം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയ്ക്കുള്ള അവകാശങ്ങൾക്ക്, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഞങ്ങൾ ആവർത്തിക്കുന്നു. ഇത് പാവപ്പെട്ടവരെയും ദുർബലരായവരെയും ആനുപാതികമല്ലാത്ത രീതിയിൽ ബാധിക്കുകയും, ഡിജിറ്റൽ വിഭജനം വർദ്ധിപ്പിക്കുകയും, പാരിസ്ഥിതിക വെല്ലുവിളികളെ രൂക്ഷമാക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര നിയമങ്ങളെയും യുഎൻ ചാർട്ടറിന്റെ തത്വങ്ങളെയും ലക്ഷ്യങ്ങളെയും ദുർബലപ്പെടുത്തുന്ന ഇത്തരം നിയമവിരുദ്ധ നടപടികൾ ഇല്ലാതാക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. ബ്രിക്സ് അംഗരാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ, യുഎൻ രക്ഷാസമിതിയുടെ അംഗീകാരമില്ലാത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്ന് ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു.
ആഗോള ആരോഗ്യ വെല്ലുവിളികളുടെ പരസ്പര ബന്ധിതമായ സ്വഭാവവും അവയുടെ അതിരുകടന്ന പ്രത്യാഘാതങ്ങളും തിരിച്ചറിയുകയും അന്താരാഷ്ട്ര സഹകരണവും ഐക്യദാർഢ്യവും വർദ്ധിപ്പിച്ചുകൊണ്ട് ആഗോള ആരോഗ്യ പരിപാലനം ശക്തിപ്പെടുത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുകയും ചെയ്യുന്നു. യുഎൻ സംവിധാനത്തിനുള്ളിൽ, പ്രത്യേകിച്ച് പ്രതിസന്ധികളുടെയും അടിയന്തര സാഹചര്യങ്ങളുടെയും സമയങ്ങളിൽ, അന്താരാഷ്ട്ര ആരോഗ്യ പ്രവർത്തനങ്ങളെ നയിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന അധികാരി എന്ന നിലയിൽ ലോകാരോഗ്യ സംഘടനയുടെ പങ്ക് ഞങ്ങൾ അടിവരയിടുന്നു. WHO-യുടെ അധികാരം, കഴിവുകൾ, ധനസഹായ സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഞങ്ങൾ ഊന്നിപ്പറയുന്നു. നിലവിലുള്ളതും ഭാവിയിലെയും പൊതുജനാരോഗ്യ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും, അസമത്വങ്ങൾ ലഘൂകരിക്കുന്നതിനും, എല്ലാവർക്കും, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ, മരുന്നുകളും വാക്സിനുകളും ഉൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ സേവനങ്ങൾ തുല്യമായി ലഭ്യമാക്കുന്നതിനും ശക്തവും മതിയായ ധനസഹായമുള്ളതുമായ ഒരു WHO അത്യന്താപേക്ഷിതമാണ്. ആഗോള ആരോഗ്യ ഘടന ശക്തിപ്പെടുത്തുന്നതിനും, സമത്വം, ഉൾച്ചേർക്കൽ, സുതാര്യത, പ്രതികരണശേഷി എന്നിവ വളർത്തിയെടുക്കുന്നതിനും, ആരോഗ്യവുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഒരു രാജ്യവും പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളെ സജീവമായി പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 78-ാമത് ലോകാരോഗ്യ അസംബ്ലി, WHO പാൻഡെമിക് കരാർ അംഗീകരിച്ചത് ഞങ്ങൾ അംഗീകരിക്കുന്നു. ഭാവിയിലെ മഹാമാരികൾക്കെതിരെ സുരക്ഷിതവും കൂടുതൽ നീതിയുക്തവുമായ ഒരു ലോകത്തിനുള്ള അടിത്തറ ഈ കരാർ ഉറപ്പിക്കും. വേഷണങ്ങൾക്കും പഠനങ്ങൾക്കുമായുള്ള രോഗകാരി സൂക്ഷ്മാണുക്കളുടെ ലഭ്യത, ആനുകൂല്യങ്ങൾ പങ്കിടൽ എന്നിവയെക്കുറിച്ചുള്ള അനുബന്ധ കരാറിനായി അംഗരാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാൻ, ഈ ഗതിവേഗം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ തയ്യാറാണ്.
സമ്പന്നവും ഊഷ്മളവുമായ ഭാവിയിലേക്കുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ആ ലക്ഷ്യം കൈവരിക്കുന്നതിന്, ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ മുൻകൂട്ടി കാണുന്നതിനും, ആഘാതം ലഘൂകരിക്കുന്നതിനും, ഗ്ലോബൽ സൗത്ത് ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും ആവശ്യങ്ങൾ പരിഹരിക്കുന്നതിനും, AI യുടെ ആഗോളതലത്തിലുള്ള പ്രയോഗം അനിവാര്യമാണെന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നടപ്പിലാക്കുന്നതിന് ആഗോളതലത്തിൽ കൂട്ടായ പരിശ്രമം ആവശ്യമാണ്. മൂല്യങ്ങളുടെ കൈമാറ്റം, വികസ്വര രാജ്യങ്ങൾക്കുള്ള ശേഷി വികസനം, അപകടസാധ്യതകളുടെ പരിഹാരം, വിശ്വാസം വളർത്തൽ, വിശാലവും ഉൾക്കൊള്ളുന്നതുമായ അന്താരാഷ്ട്ര സഹകരണം, തുടങ്ങിയ വിഷയങ്ങൾ ഐക്യരാഷ്ട്രസഭയെ കേന്ദ്രബിന്ദുവാക്കിയുള്ള ഈ ശ്രമങ്ങളിലൂടെ സാധിക്കും. സന്തുലിതമായ സമീപനത്തിലൂടെയുള്ള ക്രിയാത്മകമായ ഒരു സംവാദത്തെ പിന്തുണയ്ക്കുന്നതിനായി, ദേശീയ നിയന്ത്രണ ചട്ടക്കൂടുകൾക്കും യുഎൻ ചാർട്ടറിനും അനുസൃതമായും, രാജ്യങ്ങളുടെ പരമാധികാരത്തെ ആദരിച്ചും, സുസ്ഥിര വികസനത്തിനും സമഗ്ര വളർച്ചയ്ക്കും വേണ്ടി ഉത്തരവാദിത്ത വികസനം, വിന്യാസം, എഐ സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന നിർമ്മിത ബുദ്ധിയുടെ ആഗോള നിർവഹണത്തെക്കുറിച്ചുള്ള ബ്രിക്സ് നേതാക്കളുടെ പ്രസ്താവനയിൽ ഞങ്ങൾ യോജിക്കുന്നു.
സമാധാനം, സുരക്ഷ, അന്താരാഷ്ട്ര സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുക
ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന സംഘർഷങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ക്രമത്തിലെ ധ്രുവീകരണത്തിന്റെയും വിഘടനവാദത്തിന്റെയും നിലവിലെ അവസ്ഥയെക്കുറിച്ചും ഞങ്ങൾ ആശങ്കപ്പെടുന്നു. വികസ്വര രാജ്യങ്ങളുടെ വികസനത്തിന് മതിയായ ധനസഹായം നൽകുന്നതിന് ദോഷകരമായ രീതിയിൽ ആഗോള സൈനിക ചെലവിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതിൽ ഞങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നു. സുസ്ഥിര വികസനം, വിശപ്പും ദാരിദ്ര്യവും നിർമ്മാർജ്ജനം ചെയ്യൽ, കാലാവസ്ഥാ വ്യതിയാനത്തോടുള്ള ആഗോള പ്രതികരണത്തിന് സംഭാവന നൽകൽ എന്നിവയുൾപ്പെടെ നിർണായക ആഗോള വിഷയങ്ങളിൽ വൈവിധ്യമാർന്ന ദേശീയ വീക്ഷണങ്ങളെയും നിലപാടുകളെയും ബഹുമാനിക്കുന്ന ഒരു ബഹുമുഖ സമീപനത്തിനായി ഞങ്ങൾ വാദിക്കുന്നു, അതേസമയം സുരക്ഷയെ കാലാവസ്ഥാ വ്യതിയാന അജണ്ടയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളിൽ ആഴത്തിലുള്ള ആശങ്കയും പ്രകടിപ്പിക്കുന്നു.
ആഗോളതലത്തിലെ ധ്രുവീകരണത്തിന്റെയും അവിശ്വാസത്തിന്റെയും നിലവിലെ സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം നാം അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള ആഗോള നടപടികളെ പ്രോത്സാഹിപ്പിക്കുന്നു. സംഘർഷ സാധ്യത കുറയ്ക്കുന്നതിനായി രാഷ്ട്രീയ-നയതന്ത്ര നടപടികളിലൂടെ ഇത്തരം വെല്ലുവിളികളെയും അനുബന്ധ സുരക്ഷാ ഭീഷണികളെയും നേരിടാൻ ഞങ്ങൾ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു, കൂടാതെ അവയുടെ മൂലകാരണങ്ങൾ പരിഹരിക്കുന്നതുൾപ്പെടെ പ്രതിരോധ ശ്രമങ്ങളിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. രാജ്യങ്ങൾക്കിടയിലുള്ള സുരക്ഷ അതീവപ്രധാന്യമർഹിക്കുന്നതാണെന്ന് ഞങ്ങൾ ഊന്നിപ്പറയുകയും സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്യുന്നു. സംഘർഷ പ്രതിരോധത്തിലും സമാധാനപരമായ പരിഹാരത്തിന് ഉതകുന്ന എല്ലാ ശ്രമങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുന്നു. യുഎൻ ചാർട്ടറിന്റെ ഉദ്ദേശ്യങ്ങൾക്കും തത്വങ്ങൾക്കും അനുസൃതമായി, പ്രതിസന്ധികൾ ഒഴിവാക്കുന്നതിനും അവ രൂക്ഷമാകുന്നത് തടയുന്നതിനുമുള്ള അവശ്യ ഘടകങ്ങളായി മധ്യസ്ഥതയുടെയും പ്രതിരോധ നയതന്ത്രത്തിന്റെയും പ്രാധാന്യം ഞങ്ങൾ എടുത്തുകാണിക്കുന്നു. സായുധ സംഘർഷങ്ങൾ തടയൽ, യുഎൻ സമാധാന പരിപാലന ദൗത്യങ്ങൾ, ആഫ്രിക്കൻ യൂണിയൻ സമാധാന പിന്തുണാ പ്രവർത്തനങ്ങൾ, മധ്യസ്ഥത, സമാധാന പ്രക്രിയകൾ എന്നിവയിൽ സഹകരണത്തിനുള്ള വഴികൾ സ്വീകരിക്കുകയാണ് ഉത്തമമെന്ന് ഞങ്ങൾ കരുതുന്നു.
ലോകമെമ്പാടുമുള്ള മാനുഷിക പ്രതിസന്ധികളെ നേരിടുന്നതിന് ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ ശക്തമായ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. കൂടാതെ, ഇതിനകം തന്നെ അപര്യാപ്തവും, ഛിന്നഭിന്നവും, പലപ്പോഴും രാഷ്ട്രീയവൽക്കരിക്കപ്പെട്ടതുമായ അന്താരാഷ്ട്ര പ്രതികരണങ്ങളുടെ കാലതാമസത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ, പൗരന്മാർക്ക് നേരെയുള്ള ആക്രമണങ്ങൾ, മാനുഷിക ആവശ്യങ്ങൾ നിഷേധിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യൽ, മാനുഷ്യാവകാശ പ്രവർത്തകരെ ലക്ഷ്യം വയ്ക്കൽ എന്നിവയുൾപ്പെടെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ എല്ലാ ലംഘനങ്ങളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ എല്ലാ ലംഘനങ്ങൾക്കും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ അടിവരയിടുന്നു. അന്താരാഷ്ട്ര നിയമത്തിന്റെ ഇത്തരം ലംഘനങ്ങൾ കഷ്ടപ്പാടുകൾ വർദ്ധിപ്പിക്കുക മാത്രമല്ല, സംഘർഷാനന്തര പുനർനിർമ്മാണത്തിന് ആവശ്യമായ ഭൗതികവും സാമൂഹികവുമായ അടിത്തറകൾ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് ശാശ്വത സമാധാനത്തിനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തോടുള്ള ബഹുമാനം, അനുസരണം, ഫലപ്രദമായ നടപ്പാക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രിക്സ് അംഗങ്ങൾ നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു.
സ്ത്രീകള്‍, സമാധാനം, സുരക്ഷ (ഡബ്ല്യൂ.പി.എസ്) അജണ്ട പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിനും അതിനെ മുന്നോട്ടുകൊണ്ടുപോകുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് നമ്മൾ ആവര്‍ത്തിക്കുന്നു, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 1325 (2000) ന്റെ 25-ാം വാര്‍ഷികത്തിന്റെ വെളിച്ചത്തില്‍. സംഘര്‍ഷം തടയൽ, പരിഹാരം, മാനുഷിക സഹായം, മധ്യസ്ഥത, സമാധാന പ്രവര്‍ത്തനങ്ങള്‍, സമാധാന നിര്‍മ്മാണം, സംഘര്‍ഷാനന്തര പുനര്‍നിര്‍മ്മാണം, വികസനം എന്നിവയുള്‍പ്പെടെ സമാധാനത്തിന്റേയും സുരക്ഷാ പ്രക്രിയകളുടേയും എല്ലാ തലങ്ങളിലെ തീരുമാനമെടുക്കലിലും സ്ത്രീകളുടെ സമ്പൂര്‍ണ്ണവും സന്തുലിതവും സുരക്ഷിതവും അര്‍ത്ഥവത്തായതുമായ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം നാം ആവര്‍ത്തിക്കുന്നു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെതിരെ 2025 ജൂണ്‍ 13 മുതല്‍ ആരംഭിച്ച സൈനിക ആക്രമണങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു, ഇത് അന്താരാഷ്ട്ര നിയമത്തിന്റേയും ഐക്യരാഷ്ട്രസഭ ചാര്‍ട്ടറിന്റേയും ലംഘനമാണ്, അതോടൊപ്പം മദ്ധ്യപുര്‍വ്വേഷ്യയില്‍ സുരക്ഷാ സ്ഥിതിഗതികള്‍ വഷളാകുന്നതിലുള്ള അതീവ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (ഐ.എ.ഇ.എ) പൂര്‍ണ്ണ സംരക്ഷണത്തിന് കീഴിലുള്ള സമാധാനപരമായ ആണവ സൗകര്യങ്ങള്‍ക്കും നേരെയുള്ള ബോധപൂര്‍വമായ ആക്രമണങ്ങളില്‍ നമ്മൾ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുന്നു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടേയും ഐ.എ.ഇ.എ യുടെ പ്രസക്തമായ പ്രമേയങ്ങളുടെയും ലംഘനമാണ്. സായുധ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെ, ജനങ്ങളെയും പരിസ്ഥിതിയെയും ദോഷത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ആണവ സുരക്ഷാ മുന്‍കരുതലുകളും, സുരക്ഷിതത്വവും എല്ലായ്‌പ്പോഴും ഉയര്‍ത്തിപ്പിടിക്കണം. ഈ സാഹചര്യത്തില്‍, മേഖല നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ള നയതന്ത്ര സംരംഭങ്ങൾക്കുള്ള പിന്തുണ നമ്മൾ ആവര്‍ത്തിക്കുന്നു. ഈ വിഷയം ഏറ്റെടുക്കാന്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിനോട് നാം അഭ്യര്‍ത്ഥിക്കുന്നു.
യുക്രൈനിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള ഞങ്ങളുടെ ദേശീയ നിലപാടുകള്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലും യു.എന്‍ പൊതുസഭയും ഉള്‍പ്പെടെയുള്ള ഉചിതമായ വേദികളില്‍ പ്രകടിപ്പിച്ചത് നമ്മൾ അനുസ്മരിക്കുന്നു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിന് ലക്ഷ്യമിട്ട് സൃഷ്ടിച്ചിട്ടുള്ള ആഫ്രിക്കന്‍ പീസ് ഇനിഷ്യേറ്റീവ്, ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് ഫോര്‍ പീസ് എന്നിവ ഉള്‍പ്പെടെയുള്ളവരുടെ ഇക്കാര്യത്തിലുള്ള മധ്യസ്ഥതയും ഔദ്യോഗിക സഹായവും പ്രസക്തമായ നിര്‍ദ്ദേശങ്ങളും നമ്മൾ നന്ദിയോടെ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ശ്രമങ്ങള്‍ സുസ്ഥിരമായ സമാധാന പരിഹാരത്തിലേക്ക് നയിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു.
മദ്ധ്യപൂര്‍വ്വേഷ്യ, നോര്‍ത്ത് ആഫ്രിക്ക (MENA)ന്‍ മേഖലകളിലെ തുടര്‍ച്ചയായ സംഘര്‍ഷങ്ങളിലും അസ്ഥിരതയിലും നമ്മൾ വളരെയധികം ആശങ്കാകുലരാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട്, ബ്രിക്‌സ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിമാരും പ്രത്യേക ദൂതന്മാരും 2025 മാര്‍ച്ച് 28 ന് നടന്ന യോഗത്തില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയെ നമ്മൾ അംഗീകരിക്കുന്നു.
ഗാസയ്ക്കെതിരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഇസ്രായേല്‍ പുനരാരംഭിക്കുന്നതും പ്രദേശത്തേക്ക് മാനുഷിക സഹായം എത്തുന്നത് തടസ്സപ്പെടുന്നതുമായ, അധിനിവേശ പലസ്തീന്‍ പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ചുള്ള ഗുരുതരമായ ആശങ്ക നമ്മൾ ആവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്നും, പ്രത്യേകിച്ച് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും പാലിക്കണമെന്നും നാം ആവശ്യപ്പെടുന്നു, മാത്രമല്ല പട്ടിണിയെ യുദ്ധമാര്‍ഗ്ഗമായി ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള ഐ.എച്ച്.എല്ലിന്റെ എല്ലാതരത്തിലുള്ള ലംഘനങ്ങളേയും നമ്മൾ അപലപിക്കുകയും ചെയ്യുന്നു. മാനുഷിക സഹായത്തെ രാഷ്ട്രീയവല്‍ക്കരിക്കാനോ സൈനികവല്‍ക്കരിക്കാനോ ഉള്ള ശ്രമങ്ങളെയും നമ്മൾ അപലപിക്കുന്നു. അടിയന്തരവും സ്ഥിരവും നിരുപാധികവുമായ വെടിനിര്‍ത്തല്‍, ഗാസ മുനമ്പില്‍ നിന്നും അധിനിവേശ പലസ്തീന്‍ പ്രദേശത്തിന്റെ മറ്റ് എല്ലാ ഭാഗങ്ങളില്‍ നിന്നും ഇസ്രായേല്‍ സേനയെ പൂര്‍ണ്ണമായി പിന്‍വലിക്കല്‍, അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് തടവിലാക്കപ്പെട്ടിരിക്കുന്ന എല്ലാ തടവുകാരേയും ബന്ദികളേയും മോചിപ്പിക്കല്‍, മാനുഷിക സഹായത്തിന്റെ സുസ്ഥിരവും തടസ്സരഹിതവുമായ പ്രാപ്യത, വിതരണം എന്നിവ കൈവരിക്കുന്നതിനായി നല്ല വിശ്വാസത്തോടെ കൂടുതല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് നമ്മൾ കക്ഷികളോട് അഭ്യര്‍ത്ഥിക്കുന്നു. യു.എന്‍.ആര്‍.ഡബ്ല്യു.എയ്ക്കുള്ള ഞങ്ങളുടെ ഉറച്ച പിന്തുണ വീണ്ടും ഉറപ്പിക്കുന്നു, അതോടൊപ്പം അതിന്റെ അഞ്ച് പ്രവര്‍ത്തന മേഖലകളിലൂടെ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതിനായി യു.എന്‍.ജി.എ നല്‍കിയ ഉത്തരവിനെ പൂര്‍ണ്ണമായി ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്നു. അന്താരാഷ്ട്ര നിയമപ്രകാരമുള്ള തങ്ങളുടെ കടമകളെ മാനിക്കാനും പരമാവധി സംയമനത്തോടെ പ്രവര്‍ത്തിക്കാനും വര്‍ദ്ധിച്ചുവരുന്ന സൈനീകനടപടികളും പ്രകോപനപരമായ പ്രഖ്യാപനങ്ങളും ഒഴിവാക്കാനും പ്രസക്തരായ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു. ഈ കാര്യത്തില്‍, ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക ആരംഭിച്ച നിയമനടപടികളിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ താല്‍ക്കാലിക നടപടികള്‍ ഞങ്ങളുടെ ശ്രദ്ധയിലുണ്ട്, മറ്റു പലതിനുമൊപ്പം ഗാസയില്‍ മാനുഷിക സഹായം ഉറപ്പാക്കാനുള്ള ഇസ്രായേലിന്റെ നിയമപരമായ ബാദ്ധ്യത ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതാണ് ഇത്.
ഗാസ മുനമ്പ് അധിനിവേശ പലസ്തീൻ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് നാം അനുസ്മരിക്കുന്നു. ഈ കാര്യത്തിൽ, വെസ്റ്റ് ബാങ്കിനെയും ഗാസ മുനമ്പിനെയും പലസ്തീൻ അതോറിറ്റിയുടെ കീഴിൽ ഏകീകരിക്കേണ്ടതിന്റെ പ്രാധാന്യം നമ്മൾ അടിവരയിടുന്നു, കൂടാതെ സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിനായുള്ള അവകാശം ഉൾപ്പെടെ സ്വയം നിർണ്ണയത്തിനുള്ള പലസ്തീൻ ജനതയുടെ അവകാശം വീണ്ടും ഉറപ്പിക്കുന്നു.
2025 മാർച്ച് 4 ന് നടന്ന പലസ്തീനിലെ അടിയന്തര അറബ് ഉച്ചകോടിയിൽ സമ്മതിച്ചതുപോലെ, പലസ്തീൻകാരുടെ കേന്ദ്ര പങ്കോടെ, പ്രദേശത്തിന്റെ സിവിൽ അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള പുനർനിർമ്മാണത്തോടൊപ്പം, സ്വാതന്ത്ര്യത്തിനും രാഷ്ട്രത്തിനും വേണ്ടിയുള്ള പലസ്തീൻകാരുടെ ന്യായമായ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ പലസ്തീൻ അതോറിറ്റിയെ പിന്തുണയ്ക്കാൻ നമ്മൾ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നു. കൂടാതെ, കെയ്‌റോയിൽ നടക്കാനിരിക്കുന്ന ഒരു ഐക്യദാർഢ്യ സമ്മേളനം വിളിച്ചുകൂട്ടാനുള്ള പരിശ്രമത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഗാസയെ സുസ്ഥിരമാക്കുന്നതിനും പുനർനിർമ്മിക്കുന്നതിനുമുള്ള ശ്രമങ്ങൾ നീണ്ടുനിൽക്കുന്ന സംഘർഷത്തിന്റെ നീതിയുക്തവും നിലനിൽക്കുന്നതുമായ രാഷ്ട്രീയ പരിഹാരവുമായി കൈകോർത്തു പോകണമെന്ന് നാം അടിവരയിട്ടു പറയുന്നു. അധിനിവേശ പലസ്തീൻ പ്രദേശത്ത് നിന്നുള്ള പലസ്തീൻ ജനതയുടെ താൽക്കാലികമോ സ്ഥിരമോ ആയ നിർബന്ധിത കുടിയിറക്കലിനോടും ഗാസ മുനമ്പിന്റെ പ്രദേശത്ത് ഉണ്ടാകുന്ന ഭൂമിശാസ്ത്രപരമോ ജനസംഖ്യാപരമോ ആയ മാറ്റങ്ങളോടുമുള്ള എതിർപ്പിൽ നാം ഉറച്ചുനിൽക്കുന്നു. നിയമവിരുദ്ധമായ അധിനിവേശം അവസാനിപ്പിക്കാനും നിയമപരമായ മാനദണ്ഡങ്ങളെ ദുർബലപ്പെടുത്തുകയും നീതിയുക്തവും ശാശ്വതവുമായ സമാധാനത്തെ തടസ്സപ്പെടുത്തുന്നതുമായ എല്ലാ രീതികളും ഉടനടി അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര നീതിന്യായ സ്ഥാപനങ്ങളും ആവശ്യപ്പെടണമെന്ന് നാം ആവർത്തിക്കുന്നു.
ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് നീതിയുക്തവും ശാശ്വതവുമായ ഒരു പരിഹാരം സമാധാനപരമായ മാർഗങ്ങളിലൂടെ മാത്രമേ നേടാനാകൂ എന്നും അത് സ്വയം നിർണ്ണയത്തിനും തിരിച്ചുവരവിനുമുള്ള അവകാശങ്ങൾ ഉൾപ്പെടെയുള്ള പലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ നിറവേറ്റുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും നാം വീണ്ടും ഉറപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയിലെ സുരക്ഷാ കൗൺസിലിന്റെയും പൊതുസഭയുടെയും പ്രമേയങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി, ദ്വിരാഷ്ട്ര പരിഹാരത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും അറബ് സമാധാന സംരംഭത്തിന്റെയും പശ്ചാത്തലത്തിൽ, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട 1967 ലെ അതിർത്തിക്കുള്ളിൽ, ഗാസ മുനമ്പും വെസ്റ്റ് ബാങ്കും ഉൾപ്പെടുന്ന, കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ഉൾപ്പെടുന്ന അറബ് സമാധാന സംരംഭത്തിന്റെയും പശ്ചാത്തലത്തിൽ, സമാധാനത്തിലും സുരക്ഷയിലും അടുത്തടുത്തായി ജീവിക്കുന്ന രണ്ട് രാഷ്ട്രങ്ങളുടെ ദർശനം കൈവരിക്കുന്നതിന് നമ്മൾ ആവർത്തിക്കുന്നു. ബഹുമുഖ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ പ്രസക്തമായ അന്താരാഷ്ട്ര സംഘടനകളിലും പലസ്തീന് മതിയായ പ്രാതിനിധ്യവും അവയുടെ വിഭവങ്ങളിലേക്കുള്ള പ്രവേശനവും ആവശ്യമാണെന്ന് നാം ഉറപ്പിക്കുന്നു. അടിയന്തര വെടിനിർത്തലിനായും മാനുഷിക സഹായ വിതരണം ത്വരിതപ്പെടുത്തുന്നതിനും മേഖലയിൽ ശാശ്വതവും സുസ്ഥിരവുമായ സമാധാനം കൈവരിക്കുന്നതിനായും ബ്രിക്സ് അംഗങ്ങൾ നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെ നാം സ്വാഗതം ചെയ്യുന്നു.
ലെബനനിലെ വെടിനിർത്തലിനെ നമ്മൾ സ്വാഗതം ചെയ്യുന്നു, അതിന്റെ നിബന്ധനകൾ കർശനമായി പാലിക്കാനും UNSC പ്രമേയം 1701 പൂർണ്ണമായും നടപ്പിലാക്കാനും എല്ലാ കക്ഷികളോടും നമ്മൾ അഭ്യർത്ഥിക്കുന്നു. വെടിനിർത്തലിന്റെയും ലെബനന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും തുടർച്ചയായ ലംഘനങ്ങളെ നാം അപലപിക്കുന്നു. ലെബനൻ ഗവൺമെന്റുമായി അംഗീകരിച്ച നിബന്ധനകൾ പാലിക്കാനും, തെക്കൻ ലെബനനിലെ അഞ്ച് സ്ഥലങ്ങൾ ഉൾപ്പെടെ, ലെബനൻ പ്രദേശത്തുനിന്നും അധിനിവേശ സേനയെ പിൻവലിക്കാനും നാം ഇസ്രായേലിനോട് ആവശ്യപ്പെടുന്നു.
സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, ഐക്യം, പ്രാദേശിക സമഗ്രത എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു. സിറിയൻ നേതൃത്വത്തിലുള്ളതും സിറിയൻ ഉടമസ്ഥതയിലുള്ളതുമായ, ഐക്യരാഷ്ട്രസഭയുടെ [1] സഹായത്തോടെയുള്ള, സിറിയൻ ജനതയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന, വിവേചനമില്ലാതെ, സുരക്ഷാ കൗൺസിൽ പ്രമേയ 2254 (2015) ത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള സമാധാനപരവും ഉൾക്കൊള്ളുന്നതുമായ ഒരു രാഷ്ട്രീയ പ്രക്രിയയ്ക്ക് നാം ആഹ്വാനം ചെയ്യുന്നു. സിറിയയിലെ വിവിധ പ്രവിശ്യകളിൽ രാജ്യത്തെ സമൂഹങ്ങൾക്കിടയിൽ നടക്കുന്ന അക്രമങ്ങളെയും, മാർ ഏലിയാസ് പള്ളിയിലും റിഫ് ദിമാഷിലും അടുത്തിടെയുണ്ടായ ബോംബാക്രമണം ഉൾപ്പെടെ, സിറിയയിൽ ഐ.എസ്.ഐ.എൽ (ദാഇഷ്), അൽ-ഖ്വയ്ദ അനുബന്ധ സംഘടനകൾ നടത്തുന്ന ഭീകരപ്രവർത്തനങ്ങളുടെ തുടർച്ചയെയും നാം അപലപിക്കുന്നു. ഈ ഭീകരാക്രമണങ്ങളുടെ ഇരകളുടെ കുടുംബങ്ങളോട് ആത്മാർത്ഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിക്കുന്നു. സിറിയൻ പ്രദേശത്ത് വിദേശ ഭീകരരുടെ സാന്നിധ്യം ഉയർത്തുന്ന ഭീഷണിയെയും സിറിയയിൽ നിന്ന് പ്രാദേശിക രാജ്യങ്ങളിലേക്ക് തീവ്രവാദം വ്യാപിക്കാനുള്ള സാധ്യതയെയും നാം അപലപിക്കുന്നു. സിറിയ എല്ലാത്തരം ഭീകരതയെയും തീവ്രവാദത്തെയും ശക്തമായി എതിർക്കുകയും ഭീകരതയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾക്ക് മറുപടി നൽകാൻ കൃത്യമായ നടപടികൾ സ്വീകരിക്കുകയും വേണം. സിറിയയ്‌ക്കെതിരായ ഏകപക്ഷീയമായ ഉപരോധങ്ങൾ പിൻവലിച്ചതിനെ നാം സ്വാഗതം ചെയ്യുന്നു, കൂടാതെ സിറിയൻ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും വികസനവും സ്ഥിരതയും വളർത്തുന്ന രീതിയിൽ പുനർനിർമ്മാണ ഘട്ടം ആരംഭിക്കാനുമുള്ള ശ്രമങ്ങളെ ഇത് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമായ സിറിയയുടെ ചില ഭാഗങ്ങളിലേക്കുള്ള അധിനിവേശത്തെയും 1974 ലെ സൈനിക വിച്ഛേദത്തെയും ശക്തമായി അപലപിക്കുന്നതോടൊപ്പം, സിറിയൻ പ്രദേശത്ത് നിന്ന് സൈന്യത്തെ ഉടൻ പിൻവലിക്കാൻ നമ്മൾ ഇസ്രായേലിനോട് അഭ്യർത്ഥിക്കുന്നു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സംഘർഷ പരിഹാരത്തിനുള്ള അടിസ്ഥാനമായി "ആഫ്രിക്കൻ പ്രശ്നങ്ങൾക്കുള്ള ആഫ്രിക്കൻ പരിഹാരങ്ങൾ" എന്ന തത്വം തുടരണമെന്ന് നാം ആവർത്തിക്കുന്നു. സംഘർഷ പ്രതിരോധം, മാനേജ്മെന്റ്, പരിഹാരം എന്നിവയിൽ ആഫ്രിക്കൻ യൂണിയൻ വഹിക്കുന്ന നിർണായക പങ്ക് നാം തിരിച്ചറിയുകയും ആഫ്രിക്കൻ യൂണിയനും ആഫ്രിക്കൻ ഉപ-പ്രാദേശിക സംഘടനകളും ഏറ്റെടുക്കുന്നതുൾപ്പെടെ ഭൂഖണ്ഡത്തിലെ ആഫ്രിക്കൻ സമാധാന ശ്രമങ്ങൾക്ക് നമ്മുടെ പിന്തുണ വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു. ഈ അർത്ഥത്തിൽ, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആഫ്രിക്കൻ യൂണിയൻ സമാധാന സഹായ പ്രവർത്തനങ്ങൾ, മധ്യസ്ഥ ശ്രമങ്ങൾ, സമാധാന പ്രക്രിയകൾ, വിശാലമായ സമാധാന നിർമ്മാണ സംരംഭങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള പുതിയ വഴികൾ പരിഗണിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.
ആഫ്രിക്കയിലെ ചില പ്രദേശങ്ങളിലെ പുതിയതും നീണ്ടുനിൽക്കുന്നതുമായ സായുധ സംഘട്ടനങ്ങളുടെ ഫലമായുണ്ടാകുന്ന ഗുരുതരമായ മാനുഷിക പ്രതിസന്ധികളിൽ, പ്രത്യേകിച്ച് സുഡാനിലും ഗ്രേറ്റ് ലേക്ക്സ് മേഖലയിലും ആഫ്രിക്കൻ പെനിൻസുലയിലും ഉണ്ടാകുന്ന സംഘർഷങ്ങളുടെ വിനാശകരമായ ഫലങ്ങളിൽ, ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുന്നതിനൊപ്പം, ശാശ്വത സമാധാനവും സുസ്ഥിര വികസനവും തേടുന്നതിൽ ആഫ്രിക്കൻ രാജ്യങ്ങളുടെയും സംഘടനകളുടെയും ശ്രമങ്ങളെയും നേട്ടങ്ങളെയും നാം അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധികൾക്ക് രാഷ്ട്രീയ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് നമ്മുടെ പിന്തുണ വീണ്ടും ഉറപ്പിക്കുന്നു, ശത്രുത അവസാനിപ്പിക്കാനുള്ള ആഹ്വാനം ആവർത്തിക്കുന്നു, സംഘർഷങ്ങളുടെ സമാധാനപരമായ പരിഹാരത്തിന്റെ ആവശ്യകതയെ ഊന്നിപ്പറയുന്നു.
സുഡാനിലെ സ്ഥിതിഗതികൾ ഒരു മാനുഷിക പ്രതിസന്ധിയിലേക്ക് നയിച്ചതിലും തീവ്രവാദത്തിന്റെയും ഭീകരതയുടെയും വർദ്ധിച്ചുവരുന്ന അപകടസാധ്യതയിലും നാം വളരെയധികം ആശങ്കാകുലരാണ്. ഈ കാര്യത്തിൽ നമ്മുടെ നിലപാട് ആവർത്തിക്കുകയും ഉടനടി, സ്ഥിരവും, നിരുപാധികവുമായ വെടിനിർത്തലിനും സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. സുഡാനിലെ ജനങ്ങൾക്ക് സുസ്ഥിരവും, അടിയന്തിരവും, തടസ്സങ്ങളില്ലാത്തതുമായ മാനുഷിക സഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും, സുഡാനിലേക്കും അയൽ രാജ്യങ്ങളിലേക്കുമുള്ള മാനുഷിക സഹായം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും നാം ഊന്നിപ്പറയുന്നു.
ഹെയ്തിയിലെ സുരക്ഷ, മാനുഷിക, സാമ്പത്തിക സ്ഥിതിയിലെ തുടർച്ചയായ തകർച്ചയിൽ നാം ഗൗരവമായി ആശങ്കാകുലരാണ്. സുരക്ഷയും വികസനവും പരസ്പരം കൈകോർക്കുന്നു എന്ന് നമ്മൾ വീണ്ടും ഉറപ്പിക്കുന്നു. നിലവിലെ പ്രതിസന്ധിക്ക് പ്രാദേശിക രാഷ്ട്രീയ ശക്തികൾ, സ്ഥാപനങ്ങൾ, സമൂഹം എന്നിവയ്ക്കിടയിൽ, ദേശീയ സംഭാഷണവും സമവായവും ഉൾക്കൊള്ളുന്ന, ഹെയ്തി നയിക്കുന്ന ഒരു പരിഹാരം ആവശ്യമാണ്, കൂടാതെ ഗുണ്ടാസംഘങ്ങളെ ഇല്ലാതാക്കാനും സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്താനും രാജ്യത്ത് ദീർഘകാലം നിലനിൽക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് അടിത്തറയിടാനുമുള്ള ഹെയ്തിയുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ നാം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ പങ്കിനെ നാം പിന്തുണയ്ക്കുകയും ഹെയ്തിയുടെ ബഹുമുഖ പ്രതിസന്ധികളെ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിന് അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകത എടുത്തുകാണിക്കുകയും ചെയ്യുന്നു.
ഏതൊരു ഭീകരപ്രവർത്തനത്തെയും, അതിന്റെ ഉദ്ദേശ്യം, എപ്പോൾ, എവിടെ, ആരു വഴി സംഭവിച്ചതായാലും, കുറ്റകരവും ന്യായീകരിക്കാനാവാത്തതുമായി നാം ശക്തമായി അപലപിക്കുന്നു. 2025 ഏപ്രിൽ 22 ന് ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ നമ്മൾ അപലപിക്കുന്നു. തീവ്രവാദികളുടെ അതിർത്തി കടന്നുള്ള നീക്കം, തീവ്രവാദ ധനസഹായം, സുരക്ഷിത താവളങ്ങൾ എന്നിവയുൾപ്പെടെ എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെയും നേരിടാനുള്ള നമ്മുടെ പ്രതിബദ്ധത നാം വീണ്ടും ഉറപ്പിക്കുന്നു. തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ, ദേശീയതയുമായോ, നാഗരികതയുമായോ, വംശീയ വിഭാഗവുമായോ ബന്ധപ്പെടുത്തരുതെന്നും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും അവരുടെ പിന്തുണയെയും പ്രസക്തമായ ദേശീയ, അന്തർദേശീയ നിയമങ്ങൾക്കനുസൃതമായി ഉത്തരവാദിത്തപ്പെടുത്തുകയും നീതിയുടെ മുന്നിൽ കൊണ്ടുവരണമെന്നും നാം ആവർത്തിക്കുന്നു. തീവ്രവാദത്തോട് സഹിഷ്ണുതയില്ലെന്ന് ഉറപ്പാക്കാനും ഭീകരതയെ നേരിടുന്നതിൽ ഇരട്ടത്താപ്പ് ഉപേക്ഷിക്കാനും നമ്മൾ അഭ്യർത്ഥിക്കുന്നു. തീവ്രവാദത്തെ നേരിടുന്നതിൽ രാഷ്ട്രങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം നാം ഊന്നിപ്പറയുന്നു, കൂടാതെ തീവ്രവാദ ഭീഷണികളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങൾ ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള അവരുടെ ബാധ്യതകൾ പൂർണ്ണമായും പാലിക്കണം, പ്രത്യേകിച്ച് അതിന്റെ ഉദ്ദേശ്യങ്ങളും തത്വങ്ങളും, പ്രസക്തമായ അന്താരാഷ്ട്ര കൺവെൻഷനുകളും പ്രോട്ടോക്കോളുകളും, പ്രത്യേകിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം, അന്താരാഷ്ട്ര അഭയാർത്ഥി നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം എന്നിവ ബാധകമാകണം. ബ്രിക്‌സ് തീവ്രവാദ വിരുദ്ധ തന്ത്രം, ബ്രിക്‌സ് തീവ്രവാദ വിരുദ്ധ പ്രവർത്തന പദ്ധതി, സിടിഡബ്ല്യുജി നിലപാടുരേഖ എന്നിവ അടിസ്ഥാനമാക്കിയുള്ള ബ്രിക്‌സ് തീവ്രവാദ വിരുദ്ധ വർക്കിംഗ് ഗ്രൂപ്പിന്റെയും (സിടിഡബ്ല്യുജി) അതിന്റെ അഞ്ച് ഉപഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങളെ നമ്മൾ സ്വാഗതം ചെയ്യുന്നു. തീവ്രവാദ വിരുദ്ധ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ നാം ആഗ്രഹിക്കുന്നു. യുഎൻ ചട്ടക്കൂടിനുള്ളിൽ അന്താരാഷ്ട്ര ഭീകരതയെക്കുറിച്ചുള്ള സമഗ്ര കൺവെൻഷൻ വേഗത്തിൽ അന്തിമമാക്കാനും അംഗീകരിക്കാനും നമ്മൾ ആവശ്യപ്പെടുന്നു. യുഎൻ പട്ടികപെടുത്തിയ എല്ലാ ഭീകരർക്കും തീവ്രവാദ സ്ഥാപനങ്ങൾക്കുമെതിരെ നാം യോജിച്ച നടപടികൾ ആവശ്യപ്പെടുന്നു.
2025 മെയ് 31, ജൂൺ 1, 5 തീയതികളിൽ റഷ്യൻ ഫെഡറേഷന്റെ ബ്രയാൻസ്ക്, കുർസ്ക്, വൊറോനെഷ് മേഖലകളിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് പാലങ്ങൾക്കും റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളെ നമ്മൾ ശക്തമായി അപലപിക്കുന്നു, ഇതിന്റെ ഫലമായി കുട്ടികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിനുള്ള ധനസഹായം, തീവ്രവാദം, വ്യാപനം എന്നിവയുൾപ്പെടെയുള്ള നിയമവിരുദ്ധമായ സാമ്പത്തിക ഒഴുക്കും,അതുപോലെ മയക്കുമരുന്ന് കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, പരിസ്ഥിതിയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ, നിയമവിരുദ്ധമായ ആയുധ കടത്ത്, മനുഷ്യക്കടത്ത്, അഴിമതി, നിയമവിരുദ്ധമായി, പ്രത്യേകിച്ച് തീവ്രവാദ ആവശ്യങ്ങൾക്കായി ക്രിപ്‌റ്റോകറൻസികൾ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവ പോലുള്ള മറ്റ് തരത്തിലുള്ള അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങളും തടയുന്നതിനും ചെറുക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിക്കുന്നു. ഇക്കാര്യത്തിൽ, പ്രസക്തമായ അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങൾ നടപ്പാക്കാൻ പിന്തുണ നൽകുന്നതിന്, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങൾക്ക് ശേഷി വർദ്ധിപ്പിക്കുന്നതിന്റെയും സാങ്കേതിക സഹായത്തിന്റെയും പ്രാധാന്യം നാം അടിവരയിടുന്നു. പ്രതിരോധത്തിനും സാമ്പത്തിക അന്വേഷണത്തിനും ഉൾപ്പെടെ അന്താരാഷ്ട്ര കുറ്റകൃത്യ വിരുദ്ധ സഹകരണത്തിന്റെ സാങ്കേതികവും രാഷ്ട്രീയവൽക്കരിക്കപ്പെടാത്തതുമായ തത്വങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത നാം വീണ്ടും ഉറപ്പിക്കുന്നു. നിലവിലുള്ള പ്രസക്തമായ ബ്രിക്‌സ് വർക്കിംഗ് ഗ്രൂപ്പുകൾ, ബ്രിക്‌സ് രാജ്യങ്ങളിലെ യോഗ്യതയുള്ള അധികാരികളുടെ യോഗങ്ങൾ, ബ്രിക്‌സ് രാജ്യങ്ങൾ കക്ഷികളായിരിക്കുന്ന പ്രസക്തമായ അന്താരാഷ്ട്ര നിയമ ഉപകരണങ്ങൾ എന്നിവയിലൂടെ അത്തരം സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത നമ്മുടെ ശ്രദ്ധയിലുണ്ട്. യുവതലമുറയുടെ സുരക്ഷിതമായ വികസനത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം നാം ഊന്നിപ്പറയുന്നു, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തത്തിനുള്ള സാധ്യത കുറയ്ക്കുന്നു, യുവാക്കളുടെ പങ്കാളിത്തത്തോടെ പ്രസക്തമായ അന്താരാഷ്ട്ര പദ്ധതികൾ വികസിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.
അഴിമതി തടയുന്നതിലും പോരാടുന്നതിലും ബ്രിക്‌സ് സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും, ഈ മേഖലയിലെ പ്രസക്തമായ അന്താരാഷ്ട്ര കരാറുകൾക്ക് അനുസൃതമായി, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെ അഴിമതിക്കെതിരായ കൺവെൻഷനുമായി പൊരുത്തപ്പെടുന്നതിനും, അന്താരാഷ്ട്ര അഴിമതി വിരുദ്ധ അജണ്ടയിലെ പ്രധാന വിഷയങ്ങളിൽ നമ്മുടെ ഏകോപനം ശക്തിപ്പെടുത്തുന്നതിനും നാം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. ബ്രിക്‌സ് അഴിമതി വിരുദ്ധ പ്രതിബദ്ധതകൾ നിറവേറ്റുന്നതിനും അഴിമതി വിരുദ്ധ സഹകരണം വർദ്ധിപ്പിക്കുന്നതിനും അഴിമതിയിൽ നിന്നുള്ള ആസ്തികളും വരുമാനവും വീണ്ടെടുക്കുന്നതിനും തിരികെ നൽകുന്നതിനും നാം പ്രാധാന്യം നൽകുന്നു. അഴിമതി വിരുദ്ധ കാര്യങ്ങളിൽ സഹകരണം വളർത്തുന്നതിനായി, പ്രത്യേകിച്ച് ബ്രിക്‌സ് അഴിമതി വിരുദ്ധ അറിവും വൈദഗ്ധ്യവും പ്രാക്ടീഷണർമാർക്കിടയിൽ പങ്കിടുന്നതിന്, മെച്ചപ്പെടുത്തിയ അഴിമതി വിരുദ്ധ സഹകരണം, വീണ്ടെടുക്കൽ, ആസ്തികളും വരുമാനവും വീണ്ടെടുക്കൽ, തിരികെ നൽകൽ എന്നിവയെക്കുറിച്ചുള്ള ബ്രിക്‌സ് പൊതു ദർശനത്തിന്റെയും സംയുക്ത പ്രവർത്തനത്തിന്റെയും രൂപീകരണം ഉൾപ്പെടെ,തട്ടിപ്പുകാർക്ക് സുരക്ഷിത താവളം നിഷേധിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും അംഗരാജ്യങ്ങൾക്കിടയിൽ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു[1].
ആണവ ഭീഷണിയുടെയും സംഘർഷത്തിന്റെയും വർദ്ധിച്ചുവരുന്ന അപകടസാധ്യതകളെക്കുറിച്ച് നമ്മൾ ആശങ്ക പ്രകടിപ്പിക്കുന്നു. ആഗോള സ്ഥിരതയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കൈവരിക്കുന്നതിന് നിരായുധീകരണം, ആയുധ നിയന്ത്രണം, ആണവ വ്യാപനം തടയൽ എന്നീ സംവിധാനങ്ങളെ ശക്തിപ്പെടുത്തേണ്ടതിന്റെയും അതിന്റെ സമഗ്രതയും ഫലപ്രാപ്തിയും നിലനിർത്തേണ്ടതിന്റെയും ആവശ്യകത നാം ആവർത്തിക്കുന്നു. ആണവ വ്യാപന രഹിത ഭരണകൂടത്തെ ശക്തിപ്പെടുത്തുന്നതിന് ആണവ രഹിത മേഖലകളുടെ ഗണ്യമായ സംഭാവനയെ നാം ഊന്നിപ്പറയുന്നു, നിലവിലുള്ള എല്ലാ ആണവ രഹിത മേഖലകളെയും അവയുടെ ഉപയോഗത്തിനോ ഭീഷണിക്കോ എതിരായ അവയുടെ അനുബന്ധ ഉറപ്പുകളെയും നമ്മൾ വീണ്ടും സ്ഥിരീകരിക്കുന്നു, കൂടാതെ യുഎൻ പൊതുസഭയുടെ 73/546 തീരുമാനപ്രകാരം വിളിച്ചുചേർത്ത സമ്മേളനം ഉൾപ്പെടെ, മധ്യപൂർവദേശത്ത് ആണവായുധങ്ങളും മറ്റ് വൻ വിനാശ ശേഷിയുള്ള ആയുധങ്ങളും ഇല്ലാത്ത ഒരു മേഖല സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പ്രമേയങ്ങളുടെ നടപ്പാക്കൽ ത്വരിതപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ പരമപ്രധാനമായ പ്രാധാന്യം അംഗീകരിക്കുന്നു. ക്ഷണിക്കപ്പെട്ട എല്ലാ കക്ഷികളെയും ഈ സമ്മേളനത്തിൽ നല്ല വിശ്വാസത്തോടെ പങ്കെടുക്കാനും ഈ ശ്രമത്തിൽ ക്രിയാത്മകമായി ഏർപ്പെടാനും നമ്മൾ അഭ്യർത്ഥിക്കുന്നു. "ആണവ രഹിത മേഖലകളെക്കുറിച്ചുള്ള എല്ലാ വശങ്ങളിലും സമഗ്രമായ പഠനം" എന്ന യുഎൻജിഎ പ്രമേയം 79/241 അംഗീകരിച്ചതിനെ നാം സ്വാഗതം ചെയ്യുന്നു.
ബഹിരാകാശ സംവിധാനങ്ങളേയും, ബഹിരാകാശ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടേയും നേട്ടങ്ങളേയും സമാധാനപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ തിരിച്ചറിയുന്നു. ബഹിരാകാശ പ്രവർത്തനങ്ങളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും ബഹിരാകാശത്ത് ആയുധ മത്സരവും (PAROS) ആയുധവൽക്കരണവും തടയുന്നതിനും, ബഹിരാകാശ വസ്തുക്കൾക്കെതിരായ ഭീഷണികൾ അല്ലെങ്കിൽ ബലപ്രയോഗം ഇല്ലാതാക്കുന്നതിനും ചർച്ചകളിലൂടെ ഉൾപ്പെടെ ആഗോള സുരക്ഷ ഉറപ്പാക്കുന്നതിന് പ്രസക്തവും നിയമപരവുമായ ഒരു ബഹുമുഖ മാർഗം സ്വീകരിക്കുന്നതിനുള്ള ഞങ്ങളുടെ പിന്തുണ ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി 2014-ലെ നിരായുധീകരണ സമ്മേളനത്തിൽ, ബഹിരാകാശത്ത് ആയുധങ്ങൾ സ്ഥാപിക്കുന്നത് തടയുന്നതിനും ബഹിരാകാശ വസ്തുക്കൾക്കെതിരെയുള്ള ഭീഷണി അല്ലെങ്കിൽ ബലപ്രയോഗം (PPWT) ഇല്ലാതാക്കുന്നതിനുമുള്ള പുതുക്കിയ കരട് ഉടമ്പടി സമർപ്പിച്ചത് ഞങ്ങൾ അംഗീകരിക്കുന്നു. സുതാര്യതയും ആത്മവിശ്വാസവും വളർത്തുന്നതിനുള്ള നടപടികളും (TCBMs), സാർവത്രികമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ, നിയമങ്ങൾ, തത്വങ്ങൾ എന്നിവ പോലുള്ള പ്രായോഗികവും ബന്ധനരഹിതവുമായ പ്രതിബദ്ധതകളും PAROS-ന് സംഭാവന നൽകിയേക്കാമെന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു. PAROS-നെക്കുറിച്ചുള്ള നിയമപരമായി ബന്ധിപ്പിക്കുന്ന ഒരു ഉപകരണത്തിലെ ഗണ്യമായ ഘടകങ്ങൾ ഉൾപ്പെടെ, നിലവിലുള്ള നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ, അത്തരം ഉദ്ദേശ്യങ്ങൾ നിറവേറ്റുന്ന, സുസ്ഥിരവും, സമഗ്രവും ഫലപ്രദവുമായ ചർച്ചകൾ സാധ്യമാക്കുന്നതിനും പ്രക്രിയയിൽ ക്രിയാത്മകമായി ഇടപഴകുന്നതിനും പ്രാപ്തമാക്കുന്നതിനായി, പൊതുസഭയിൽ ചില BRICS അംഗങ്ങൾ ഒരു ഏകീകൃത ഓപ്പൺ-എൻഡഡ് വർക്കിംഗ് ഗ്രൂപ്പ് സൃഷ്ടിക്കാൻ മുൻകൈയെടുത്തത് ഞങ്ങൾ ശ്രദ്ധിക്കുന്നു.
രാജ്യങ്ങൾക്കകത്തും രാജ്യങ്ങൾക്കിടയിലും വളർന്നുവരുന്ന ഡിജിറ്റൽ വിടവുകൾ നികത്തുന്നതിന് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജികളുടെ (ഐസിടി) സാധ്യതകൾ ഊന്നിപ്പറയുമ്പോൾ തന്നെ, ഡിജിറ്റൽ മേഖലയിൽ നിന്നും ഉയർന്നുവരുന്ന വെല്ലുവിളികളെയും ഭീഷണികളെയും ഞങ്ങൾ അംഗീകരിക്കുന്നു. തുറന്നതും, സുരക്ഷിതവും, സ്ഥിരതയുള്ളതും, പ്രാപ്യവും, സമാധാനപരവും, പരസ്പരം പ്രവർത്തിക്കാവുന്നതുമായ ഒരു ഐസിടി പരിസ്ഥിതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. ഐസിടികളുടെ ഉപയോഗത്തിൽ സുരക്ഷയെക്കുറിച്ചുള്ള പൊതുവായ ധാരണകളും ഈ മേഖലയിൽ ഒരു സാർവത്രിക നിയമ ചട്ടക്കൂട് വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും, ഐസിടികളുടെ ഉപയോഗത്തിൽ രാജ്യങ്ങളുടെ ഉത്തരവാദിത്ത പെരുമാറ്റത്തിനായി സാർവത്രികമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ, നിയമങ്ങൾ, തത്വങ്ങൾ എന്നിവയുടെ കൂടുതൽ വികസനവും നടപ്പാക്കലും സംബന്ധിച്ച ചർച്ചകളും ഒരുക്കുന്നതിന് സൃഷ്ടിപരമായ സംഭാഷണം വളർത്തിയെടുക്കുന്നതിൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വപരമായ പങ്ക് ഞങ്ങൾ അടിവരയിടുന്നു. ഐസിടി ഉൽപ്പന്നങ്ങളുടെയും സംവിധാനങ്ങളുടെയും വികസനത്തിനും സുരക്ഷയ്ക്കും സമഗ്രവും സന്തുലിതവും വസ്തുനിഷ്ഠവുമായ ഒരു സമീപനത്തിനും വിതരണ ശൃംഖല സുരക്ഷയ്ക്കായി ആഗോളതലത്തിൽ പരസ്പരം പ്രവർത്തിക്കാവുന്ന പൊതു നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വികസനത്തിനും നടപ്പാക്കലിനും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ഈ വിഷയത്തിൽലോകത്തെ ആകെയുള്ളതും ഉൾക്കൊള്ളുന്നതുമായ സംവിധാനമെന്ന നിലയിൽ ഐസിടികളുടെ സുരക്ഷയെയും ഉപയോഗത്തെയും കുറിച്ചുള്ള യുഎൻ ഓപ്പൺ-എൻഡ് വർക്കിംഗ് ഗ്രൂപ്പിന്റെ 2021-2025 ലെ പ്രവർത്തനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു, കൂടാതെ ഈ ജൂലൈയിൽ അതിന്റെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള ഞങ്ങളുടെ പൊതു ലക്ഷ്യത്തിന് ഞങ്ങൾ അടിവരയിടുന്നു.ഭാവി സംവിധാനത്തിന്റെ സ്ഥാപനത്തിലും, സംവിധാനത്തിന്റെ തീരുമാനമെടുക്കൽ പ്രക്രിയകളിലും സമവായ തത്വത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ, ഈ വിഷയത്തിൽ ഒരു ഏകീകൃതവും അതത് രാജ്യങ്ങൾ നേതൃത്വം നൽകുന്നതുമായ സ്ഥിരമായ സംവിധാനം സ്ഥാപിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. നയ വിനിമയങ്ങൾ, കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമുകൾ (CERT-കൾ) തമ്മിലുള്ള സഹകരണം, നിയമ നിർവ്വഹണ സഹകരണം, സംയുക്ത ഗവേഷണ വികസനം തുടങ്ങിയ മേഖലകളിൽ ഐസിടികളുടെ ഉപയോഗത്തിൽ സുരക്ഷയെക്കുറിച്ചുള്ള ബ്രിക്‌സ് വർക്കിംഗ് ഗ്രൂപ്പ് വഴി ഉണ്ടായ പുരോഗതിയും ഞങ്ങൾ അംഗീകരിക്കുന്നു.ഇക്കാര്യത്തിൽ, നിയമ നിർവ്വഹണ സഹകരണത്തിലും സി.ഇ.ആർ.ടികൾക്കിടയിലുള്ള ബഹുമുഖ സഹകരണത്തിലും ബ്രിക്‌സ് ധാരണാപത്രത്തിന്റെ ചർച്ചകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഐ.സി.ടികളുടെ ഉപയോഗത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രായോഗിക സഹകരണത്തിന്റെ മാർഗരേഖയ്ക്കും അതിന്റെ പുരോഗതി റിപ്പോർട്ടിനും അനുസൃതമായി, അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും വിനിമയ പരിപാടികൾക്കുള്ള അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നതിന്റെയും പ്രാധാന്യം ഞങ്ങൾ അടിവരയിടുന്നു.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിലും ചെറുക്കുന്നതിലും അന്താരാഷ്ട്ര സഹകരണത്തിന് ഫലപ്രദമായ ഉപകരണവും ആവശ്യമായ നിയമ ചട്ടക്കൂടും സൃഷ്ടിക്കുന്ന ഒരു നാഴികക്കല്ലായ ബഹുമുഖ നേട്ടമായ സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ ഐക്യരാഷ്ട്രസഭയുടെ കൺവെൻഷൻ പൊതുസഭ അംഗീകരിച്ചതിനെ ഞങ്ങൾ അഭിനന്ദിക്കുന്നു, കൂടാതെ ഐസിടി സംവിധാനങ്ങളുടെ ഉപയോഗത്തിലൂടെ സംഭവിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ഇലക്ട്രോണിക് രൂപത്തിലുള്ള തെളിവുകൾ സമയബന്ധിതവും നിയമപരവുമായ രീതിയിൽ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് ഉറപ്പാക്കും. ഇത് ആദ്യം നിർദ്ദേശിച്ചതുമുതൽ ബ്രിക്സ് രാജ്യങ്ങൾ ഇത് സ്വീകരിച്ചതിൽ നൽകിയ പ്രധാന സംഭാവന വരെയുള്ളവ ഞങ്ങൾ എടുത്തുകാണിക്കുന്നു.2025-ൽ ഹനോയിയിൽ വച്ച് എത്രയും വേഗം ഇതിൽ ഒപ്പുവയ്ക്കാനും ആഭ്യന്തര നിയമങ്ങൾ, പ്രക്രിയകൾ, നടപടിക്രമങ്ങൾ എന്നിവയ്ക്ക് അനുസൃതമായി എത്രയും വേഗം ഇത് അംഗീകരിക്കാനും ഞങ്ങൾ എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിക്കുന്നു. അങ്ങനെ ഇത് വേഗത്തിൽ പ്രാബല്യത്തിൽ വരുമെന്ന് ഉറപ്പാക്കാനും, 74/247, 75/282 എന്നീ പൊതുസഭാ പ്രമേയങ്ങൾക്ക് അനുസൃതമായി അഡ്‌ഹോക്ക് കമ്മിറ്റിയിൽ ഈ രാജ്യങ്ങളുടെ പങ്കാളിത്തം തുടരാനും സാധിക്കും. കൺവെൻഷന് അനുബന്ധമായ ഒരു കരട് പ്രോട്ടോക്കോൾ ചർച്ച ചെയ്യുന്നതിനായി, മറ്റ് ക്രിമിനൽ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ, ഉചിതമായ രീതിയിൽ പരിഗണിക്കുക എന്നതാണ് ലക്ഷ്യം.
അന്താരാഷ്ട്ര സാമ്പത്തിക, വ്യാപാര, ധനകാര്യ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നു
"ബ്രിക്‌സ് സാമ്പത്തിക പങ്കാളിത്ത തന്ത്രം 2025" ന്റെ ഫലങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ തന്ത്രം ബ്രിക്‌സ് സഹകരണത്തിനും മേഖലാ വികസനങ്ങൾ, തന്ത്രങ്ങൾ, പരിപാടികൾ, മാർഗ്ഗരേഖകൾ എന്നിവയിൽ അംഗങ്ങളുടെ സഹകരണത്തിന് മാർഗ്ഗനിർദ്ദേശം നൽകുകയും ചട്ടക്കൂട് സജ്ജമാക്കുകയും ചെയ്തു. ബഹുമുഖ വ്യാപാര സംവിധാനം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, അന്താരാഷ്ട്ര വ്യാപാരം, സാമ്പത്തിക സഹകരണം, വ്യാപാരം, സുസ്ഥിര വികസനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബ്രിക്‌സിന്റെ സഹകരണത്തിനുള്ള അനുശാസനങ്ങളും മാർഗ്ഗനിർദ്ദേശ തത്വങ്ങളും ഏകീകരിക്കുന്നത് ലക്ഷ്യമിടുന്ന 2030 ലെ ബ്രിക്‌സ് സാമ്പത്തിക പങ്കാളിത്ത തന്ത്രത്തിന്റെ സമാപനത്തിനും നടപ്പാക്കലിനും ഞങ്ങൾ ആഗ്രഹിക്കുന്നു.
ബ്രിക്‌സ് വ്യാപാര, സുസ്ഥിര വികസന ചട്ടക്കൂട് അംഗീകരിച്ചതിനെ അഭിനന്ദിക്കുമ്പോൾ, സമഗ്ര വളർച്ചയും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി വ്യാപാരത്തിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. വ്യാപാര, സുസ്ഥിര വികസന നയങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നതും WTO നിയമങ്ങളുമായി പൊരുത്തപ്പെടുന്നതുമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ ആവർത്തിക്കുന്നു.
വിനിമയ നിരക്കിലെ അപകടസാധ്യത കുറയ്ക്കുന്നതിനെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനെക്കുറിച്ചും, പദ്ധതി സന്നദ്ധത മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പിപിപികളെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ചുള്ള ബ്രിക്‌സ് ടാസ്‌ക് ഫോഴ്‌സിന്റെ ചർച്ചകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കൂടാതെ, സഹകരണം വളർത്തിയെടുക്കാനും വിവരങ്ങൾ പങ്കിടൽ മെച്ചപ്പെടുത്താനും കഴിയുന്ന അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള ഒരു വിവര കേന്ദ്രത്തെക്കുറിച്ചുള്ള നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, കൂടാതെ ഈ സംരംഭം കൂടുതൽ പര്യവേക്ഷണം ചെയ്യാൻ ടാസ്‌ക് ഫോഴ്‌സിനെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
ഉയർന്ന നിലവാരമുള്ള വികസനത്തിന്റെ രണ്ടാം സുവർണ്ണ ദശകത്തിലേക്ക് ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ, 'ഗ്ലോബൽ സൗത്തി'ലെ വികസനത്തിന്റെയും ആധുനികവൽക്കരണത്തിന്റെയും ശക്തവും തന്ത്രപരവുമായ ഏജന്റ് എന്ന നിലയിൽ അതിന്റെ വളരുന്ന പങ്ക് ഞങ്ങൾ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. വിഭവങ്ങൾ സമാഹരിക്കുന്നതിനും, നവീകരണം വളർത്തുന്നതിനും, പ്രാദേശിക കറൻസി ധനസഹായം വികസിപ്പിക്കുന്നതിനും, ഫണ്ടിംഗ് സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും, സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും, അസമത്വം കുറയ്ക്കുന്നതിനും, അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളും സാമ്പത്തിക സംയോജനവും പ്രോത്സാഹിപ്പിക്കുന്നതിനും ഫലപ്രദമായ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുമുള്ള ബാങ്കിന്റെ ശേഷിയുടെ സ്ഥിരമായ വികാസത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അതിന്റെ അംഗത്വത്തിന്റെ തുടർച്ചയായ വിപുലീകരണത്തെയും അതിന്റെ ഭരണ ചട്ടക്കൂടിന്റെ ശക്തിപ്പെടുത്തലിനെയും ഞങ്ങൾ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, ഇത് ബാങ്കിന്റെ സ്ഥാപനപരമായ പ്രതിരോധശേഷിയും പ്രവർത്തന ഫലപ്രാപ്തിയും വർദ്ധിപ്പിക്കുകയും അതിന്റെ ലക്ഷ്യവും പ്രവർത്തനങ്ങളും ന്യായമായും വിവേചനരഹിതമായും നടപ്പിലാക്കുന്നത് തുടരുകയും ചെയ്യുന്നു.NDB പൊതു തന്ത്രത്തിനും അനുബന്ധ നയങ്ങൾക്കും അനുസൃതമായി, NDB അംഗത്വത്തിന്റെ കൂടുതൽ വിപുലീകരണത്തെയും താൽപ്പര്യമുള്ള BRICS രാജ്യങ്ങളുടെ അപേക്ഷകൾ വേഗത്തിൽ പരിഗണിക്കുന്നതിനെയും ഞങ്ങൾ ശക്തമായി പിന്തുണയ്ക്കുന്നു. എല്ലാ അംഗങ്ങളിൽ നിന്നും ശക്തമായ പിന്തുണ ലഭിച്ച പ്രസിഡന്റ് ദിൽമ റൂസെഫിന്റെ നേതൃത്വത്തെ ഞങ്ങൾ പൂർണ്ണമായി പിന്തുണയ്ക്കുന്നു, കൂടാതെ വികസനത്തിനും സ്ഥിരതയ്ക്കുമുള്ള ഒരു ആഗോള സ്ഥാപനമെന്ന നിലയിൽ അതിന്റെ ഏകീകരണത്തിലേക്കുള്ള ബാങ്കിന്റെ ഉറച്ച പുരോഗതിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ആഗോള ദക്ഷിണേന്ത്യയിൽ സമഗ്രവും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തിക സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പങ്കിട്ട പ്രതിബദ്ധതയാണ് ഈ പാത പ്രതിഫലിപ്പിക്കുന്നത്.
അക്കാദമിക്, നയരൂപീകരണ വിദഗ്ധർ, പ്രമുഖ ഗവേഷകർ എന്നിവർക്കിടയിൽ സഹകരണം വളർത്തിയെടുക്കുന്നതിന് ബ്രിക്‌സ് തിങ്ക് ടാങ്ക് നെറ്റ്‌വർക്ക് ഫോർ ഫിനാൻസ് (ബിടിടിഎൻഎഫ്) നൽകുന്ന വിലയേറിയ സംഭാവനകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഗ്രൂപ്പിനുള്ളിൽ നിർവചിച്ചിരിക്കുന്ന പ്രവർത്തന പരിപാടിയെയും മുൻഗണനകളെയും സ്വാഗതം ചെയ്യുന്നു.
2025 ലെ ആദ്യ പകുതിയിൽ പുതിയ നിക്ഷേപ പ്ലാറ്റ്‌ഫോം (NIP) എന്ന ആശയത്തെക്കുറിച്ച് നടന്ന ക്രിയാത്മക ചർച്ചകളെ ഞങ്ങൾ സ്വാഗതം ചെയ്യുകയും ബ്രസീലിയൻ അധ്യക്ഷതയ്‌ക്ക് കീഴിൽ കൈവരിച്ച പുരോഗതിയെ അംഗീകരിക്കുകയും ചെയ്യുന്നു.ഈ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യുന്നതിനും സമവായം കെട്ടിപ്പടുക്കുന്നതിനുമായി, ഈ തുടർച്ചയായ ചർച്ചകൾ കൂടുതൽ സ്ഥിരതയുള്ളതും അർത്ഥവത്തായതുമായ പുരോഗതിക്ക് വഴിയൊരുക്കുമെന്ന ലക്ഷ്യത്തോടെ, 2025 ലെ രണ്ടാം പകുതിയിലുടനീളം ധനകാര്യ മന്ത്രാലയങ്ങളും കേന്ദ്ര ബാങ്കുകളും ഉൾപ്പെടുന്ന സാങ്കേതിക തലത്തിലുള്ള ശ്രമങ്ങൾ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു
.
സാമ്പത്തിക പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിലും അടിസ്ഥാന സൗകര്യങ്ങൾക്കും സുസ്ഥിര വികസനത്തിനുമായി സ്വകാര്യ നിക്ഷേപം സമാഹരിക്കുന്നതിലും ഞങ്ങൾ ഊന്നൽ നൽകുന്നതിന് മറുപടിയായി, ഒരു ബ്രിക്സ് മൾട്ടിലാറ്ററൽ ഗ്യാരണ്ടി (ബിഎംജി) സംരംഭം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ ഞങ്ങൾ ആരംഭിച്ചു. ബ്രിക്സിലും ഗ്ലോബൽ സൗത്തിലും തന്ത്രപരമായ നിക്ഷേപം കുറയ്ക്കുന്നതിനും വായ്പാ യോഗ്യത മെച്ചപ്പെടുത്തുന്നതിനും അനുയോജ്യമായ ഗ്യാരണ്ടി ഉപകരണങ്ങൾ വാഗ്ദാനം ചെയ്യുക എന്നതാണ് ബിഎംജി ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങൾ അടിസ്ഥാനമാക്കി, അധിക മൂലധന സംഭാവനകളില്ലാതെ, അംഗങ്ങളിൽ നിന്ന് ആരംഭിച്ച്, എൻഡിബിയിൽ ബിഎംജിയെ ഒരു പ്രാരംഭ സംരംഭമായി വളർത്തിയെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ ഞങ്ങൾ സമ്മതിച്ചു. 2026 ലെ ബ്രിക്സ് ഉച്ചകോടിയിൽ പുരോഗതി റിപ്പോർട്ട് ചെയ്യുന്നതിനായി 2025 മുഴുവൻ ഈ പ്രാരംഭ സംരംഭം വികസിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
പ്രാദേശിക കറൻസികളിൽ ധനസഹായം നൽകുന്നതിന് സ്വീകാര്യമായ സംവിധാനങ്ങൾ കണ്ടെത്തുന്നത് ഉൾപ്പെടെ, പദ്ധതികൾക്കും പരിപാടികൾക്കും നൂതന സാമ്പത്തിക രീതികളും സമീപനങ്ങളും സുഗമമാക്കുന്നതിലും വികസിപ്പിക്കുന്നതിലും ബ്രിക്സ് ഇന്റർബാങ്ക് സഹകരണ സംവിധാനത്തിന്റെ (ഐസിഎം) ശ്രദ്ധയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഐസിഎമ്മും എൻഡിബിയും തമ്മിലുള്ള തുടർ സംഭാഷണത്തെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
ബ്രിക്‌സ് ക്രോസ്-ബോർഡർ പേയ്‌മെന്റ്‌സ് ഇനിഷ്യേറ്റീവിനെക്കുറിച്ചുള്ള ചർച്ച തുടരാൻ, പാകത്തിന് നമ്മുടെ ധനകാര്യ മന്ത്രിമാരെയും സെൻട്രൽ ബാങ്ക് ഗവർണർമാരെയും ചുമതലപ്പെടുത്തുന്നു. ബ്രിക്‌സ് പേയ്‌മെന്റ് സംവിധാനങ്ങളുടെ കൂടുതൽ പരസ്പര പ്രവർത്തനക്ഷമതയ്ക്കുള്ള സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിന് പിന്തുണ നൽകുന്നതിനായി സാധ്യമായ വഴികൾ തിരിച്ചറിയുന്നതിൽ ബ്രിക്‌സ് പേയ്‌മെന്റ് ടാസ്‌ക് ഫോഴ്‌സ് (ബിപിടിഎഫ്) കൈവരിച്ച പുരോഗതിയെ അംഗീകരിക്കുന്നു. ഇക്കാര്യത്തിൽ, അംഗങ്ങളുടെ വെളിപ്പെടുത്തിയ മുൻഗണനകളെ പ്രതിഫലിപ്പിക്കുന്ന "സാങ്കേതിക റിപ്പോർട്ട്: ബ്രിക്‌സ് ക്രോസ്-ബോർഡർ പേയ്‌മെന്റ്‌സ് സിസ്റ്റം" ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബ്രിക്‌സ് രാജ്യങ്ങൾക്കും മറ്റ് രാജ്യങ്ങൾക്കും ഇടയിൽ വേഗതയേറിയതും, കുറഞ്ഞ ചെലവുള്ളതും, കൂടുതൽ പ്രാപ്യമായതും, കാര്യക്ഷമവും, സുതാര്യവും, സുരക്ഷിതവുമായ അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾ സുഗമമാക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങളിൽ ഇത് ഒരു നിർണായക പങ്ക് വഹിക്കുകയും അതുവഴി കൂടുതൽ വ്യാപാര, നിക്ഷേപ പ്രവാഹങ്ങളെ പിന്തുണയ്ക്കാൻ ഇതിന് കഴിയുകയും ചെയ്യും.
ബ്രിക്‌സ് അംഗങ്ങളുടെ (പുനർ) ഇൻഷുറൻസ് ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ചർച്ചകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, ബ്രിക്‌സ് രാജ്യങ്ങളിലെ റെഗുലേറ്റർമാർ, റീഇൻഷുറൻസ് കമ്പനികൾ, ബ്രിക്‌സ് ബിസിനസ് കൗൺസിൽ എന്നിവരടങ്ങുന്ന പ്രസക്തമായ പങ്കാളികളുടെ സ്വമേധയാ ഉള്ള പങ്കാളിത്തത്തോടെ, ഞങ്ങളുടെ ധനമന്ത്രിമാർ അംഗീകരിച്ച ടാസ്‌ക് ഫോഴ്‌സ് വഴി, സെറ്റിൽമെന്റ്, ഡിപ്പോസിറ്ററി ഇൻഫ്രാസ്ട്രക്ചർ എന്നിവയെക്കുറിച്ചുള്ള കൂടുതൽ സാങ്കേതിക സംഭാഷണത്തിനായി ഉചിതമായ രൂപരേഖകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ചർച്ചകളെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
വിവര സുരക്ഷയിലും സാമ്പത്തിക സാങ്കേതികവിദ്യയിലും പൊതുവായ മുൻഗണനകളെക്കുറിച്ച് ബ്രിക്‌സ് റാപ്പിഡ് ഇൻഫർമേഷൻ സെക്യൂരിറ്റി ചാനലിന് (BRISC) കീഴിലുള്ള തുടർച്ചയായ സഹകരണത്തെ ഞങ്ങൾ അംഗീകരിക്കുന്നു. സാമ്പത്തിക നവീകരണത്തിലും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തിലും സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ബ്രിക്‌സ് ഫിൻടെക് ഇന്നൊവേഷൻ ഹബ്ബിന്റെ പങ്കിനെയും ഞങ്ങൾ അംഗീകരിക്കുന്നു.
പരിഷ്കരിച്ച ഉടമ്പടിക്കും ചട്ടങ്ങൾക്കും വേണ്ടിയുള്ള നിർദ്ദേശത്തിൽ സാങ്കേതിക സംഘം എത്തിച്ചേർന്ന സമവായം ഉൾപ്പെടെ, കണ്ടിജന്റ് റിസർവ് അറേഞ്ച്മെന്റ് (CRA,യാദൃച്ഛികച്ചെലവിനുള്ള കരുതൽ ധനം) സംബന്ധിച്ച പുരോഗതിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. CRA യുടെ വഴക്കവും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു, പ്രത്യേകിച്ച് യോഗ്യമായ പേയ്‌മെന്റ് കറൻസികൾ ഉൾപ്പെടുത്തുന്നതിലൂടെയും മെച്ചപ്പെട്ട റിസ്ക് മാനേജ്‌മെന്റിലൂടെയും. CRA യിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ച പുതിയ BRICS അംഗങ്ങളുടെ പങ്കാളിത്തത്തെയും ഞങ്ങൾ വിലമതിക്കുന്നു, കൂടാതെ സ്വമേധയാ ഉള്ള അടിസ്ഥാനത്തിലും രാജ്യത്തിനനുസരിച്ചുള്ള സാഹചര്യങ്ങൾക്കനുസരിച്ച് അവരെ ഉൾപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, നമ്മുടെ ദേശീയ സുസ്ഥിര വികസന തന്ത്രങ്ങൾക്ക് അനുസൃതമായി, കാര്യക്ഷമത, സുതാര്യത, ആധുനികവൽക്കരണം, ഉൾപ്പെടുത്തൽ, സുസ്ഥിരത എന്നീ തത്വങ്ങളാൽ നയിക്കപ്പെടുന്ന വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സ്വകാര്യ മേഖലയുടെ സജീവമായ ഇടപെടൽ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെയും, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വികസനത്തിനും പ്രോത്സാഹനത്തിനും പിന്തുണ നൽകുന്നതിന്റെയും, കൂടുതൽ പ്രതിരോധശേഷിയുള്ളതും ചലനാത്മകവുമായ ഒരു ആഗോള വ്യാപാര ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിന്റെയും പ്രസക്തി ഞങ്ങൾ തിരിച്ചറിയുന്നു. ബിസിനസ് പ്രവർത്തനങ്ങൾ ലളിതമാക്കാൻ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ സേവനങ്ങളിലൂടെയും പ്ലാറ്റ്‌ഫോമുകളിലൂടെയും ഉൾപ്പെടെ, എംഎസ്എംഇകളെ പിന്തുണയ്ക്കുന്നതിനുള്ള മികച്ച രീതികൾ കൂടുതൽ കൈമാറാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. അറിവ് കൈമാറ്റത്തിനും ദക്ഷിണ-ദക്ഷിണ സഹകരണത്തിനുമുള്ള ഒരു വേദിയായി സുസ്ഥിര ഗവൺമെന്റ് സംഭരണത്തെക്കുറിച്ചുള്ള ബ്രിക്‌സ് സെമിനാർ ആരംഭിക്കാനുള്ള ബ്രസീലിയൻ അധ്യക്ഷതയുടെ മുൻകൈയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.സാമ്പത്തിക, വ്യാപാര സഹകരണം സാധ്യമാക്കുന്നതിലും, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലും, വ്യാവസായിക നയത്തെ പിന്തുണയ്ക്കുന്നതിലും, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച പ്രോത്സാഹിപ്പിക്കുന്നതിലും സർക്കാർ സംഭരണത്തിന്റെ തന്ത്രപരമായ പങ്ക് ഞങ്ങൾ അംഗീകരിക്കുന്നു. ദേശീയ അനുഭവങ്ങൾ, നയപരമായ നൂതനാശയങ്ങൾ, സംഭരണം ഒരു വികസന ഉപകരണമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ എന്നിവ പങ്കിടുന്നതിൽ ബ്രിക്‌സും പങ്കാളി രാജ്യങ്ങളും നടത്തുന്ന ഇടപെടലിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഭാവിയിലെ അധ്യക്ഷപദവികൾക്ക് കീഴിൽ ഈ പതിവ് സംഭാഷണത്തിന്റെ തുടർച്ചയെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
അസംസ്കൃത വജ്രങ്ങളുടെ വ്യാപാരം നിയന്ത്രിക്കുന്ന ഏക ആഗോള അന്തർ ഗവൺമെന്റൽ സർട്ടിഫിക്കേഷൻ പദ്ധതിയായി കിംബർലി പ്രോസസിനെ (കെപി) പിന്തുണയ്ക്കുന്നുവെന്ന് ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു, കൂടാതെ അനധികൃത വജ്രങ്ങൾ വിപണികളിൽ പ്രവേശിക്കുന്നത് തടയുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഊന്നിപ്പറയുന്നു. 2025 ൽ കിംബർലി പ്രോസസിന്റെ കസ്റ്റോഡിയൻ ചെയർ എന്ന നിലയിൽ യുഎഇയുടെ ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, കൂടാതെ ആഗോള വജ്ര വ്യവസായത്തിന്റെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ബ്രിക്‌സിനുള്ളിലും ആഗോള വിപണിയിലും വജ്രങ്ങളുടെയും വിലയേറിയ ലോഹങ്ങളുടെയും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രായോഗിക സംവിധാനങ്ങൾ ഞങ്ങൾ തുടർന്നും പരിശോധിക്കും.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വ്യാവസായിക ഭൂപ്രകൃതിയിലും വ്യവസായ മേഖലയിലെ ശേഷി വികസനത്തിലും താൽപ്പര്യങ്ങൾ, വെല്ലുവിളികൾ, അവസരങ്ങൾ എന്നിവ തിരിച്ചറിയുന്നതിനും സുസ്ഥിര സഹകരണത്തിനായുള്ള ഒരു ഘടനാപരമായ ചട്ടക്കൂടിലൂടെ ബ്രിക്‌സ് വ്യാവസായിക സഹകരണത്തിന്റെ തുടർച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു മാർഗ്ഗനിർദ്ദേശ വേദിയായി പുതിയ വ്യാവസായിക വിപ്ലവത്തെക്കുറിച്ചുള്ള പങ്കാളിത്തം (പാർട്ട് എൻഐആർ) പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. ഇക്കാര്യത്തിൽ, ഇന്റലിജന്റ് മാനുഫാക്ചറിംഗ് ആൻഡ് റോബോട്ടിക്സ് വർക്കിംഗ് ഗ്രൂപ്പ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഓഫ് ഇൻഡസ്ട്രി വർക്കിംഗ് ഗ്രൂപ്പ്, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വർക്കിംഗ് ഗ്രൂപ്പ് എന്നിവയ്ക്കുള്ള റഫറൻസ് നിബന്ധനകൾ അംഗീകരിച്ചതിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ എസ്എംഇ മേഖലയിൽ ഘടനാപരമായ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ല് പ്രതിനിധീകരിക്കുന്ന ആദ്യത്തെ ബ്രിക്‌സ് എസ്എംഇ വർക്കിംഗ് ഗ്രൂപ്പ് പ്ലാൻ ഓഫ് ആക്ഷൻ (2025–2030) അംഗീകരിച്ചതിനെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ ഇൻഡസ്ട്രി 4.0 കഴിവുകൾ വികസിപ്പിക്കുന്നതിനും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ വ്യാവസായിക വിപ്ലവത്തിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഐക്യരാഷ്ട്രസഭയുടെ വ്യാവസായിക വികസന സംഘടനയുമായി (യുണിഡോ) സഹകരിച്ച് ബ്രിക്‌സ് സെന്റർ ഫോർ ഇൻഡസ്ട്രിയൽ കോംപിറ്റൻസസ് (ബിസിഐസി) ആരംഭിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബിസിഐസിയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ബിസിഐസിയിൽ ചേരാൻ ഞങ്ങൾ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, ഇതിൽ കൂടുതൽ ബ്രിക്സ് പങ്കാളിത്തങ്ങൾക്കായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ കമ്പനികളുടെ രജിസ്ട്രേഷനും ഉൾപ്പെടുന്നു. ചൈന സെന്റർ ഫോർ ബ്രിക്സ് ഇൻഡസ്ട്രിയൽ കോംപിറ്റൻസസ് (സിസിബിഐസി) സ്ഥാപിച്ചതിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ 5 വർഷമായി ബ്രിക്സ് ഫോറം ഓൺ പാർട് എൻഐആർ, ബ്രിക്സ് ഇൻഡസ്ട്രിയൽ ഇന്നൊവേഷൻ മത്സരം, പുതിയ വ്യാവസായിക വിപ്ലവത്തെക്കുറിച്ചുള്ള ബ്രിക്സ് എക്സിബിഷൻ, ബിപിഐസി പരിശീലന പരിപാടികൾ എന്നിവയുൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ബ്രിക്സ് പാർട് എൻഐആർ ഇന്നൊവേഷൻ സെന്റർ (ബിപിഐസി) നടത്തിയ ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു, കൂടാതെ ബിപിഐസി പരിശീലന പരിപാടികളുടെ സ്കോളർഷിപ്പ് സ്ഥാപിച്ചതിനെയും സ്വാഗതം ചെയ്യുന്നു. ബ്രസീലിൻ്റെ അധ്യക്ഷതയ്ക്ക് കീഴിൽ, ചൈന സഹ-ആതിഥേയത്വം വഹിക്കുന്നതും ചൈന-ബ്രിക്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡെവലപ്‌മെന്റ് ആൻഡ് കോ-ഓപ്പറേഷൻ സെന്റർ സംഘടിപ്പിക്കുന്നതുമായ ബ്രിക്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹൈ-ലെവൽ ഫോറം ബ്രസീലിയയിൽ 9-ാമത് ബ്രിക്സ് വ്യവസായ മന്ത്രിമാരുടെ യോഗത്തിൽ നടന്നതായി ഞങ്ങൾ അംഗീകരിക്കുന്നു. 2021-2024 ലെ ബ്രിക്‌സ് ആക്ഷൻ പ്ലാൻ ഫോർ ഇന്നൊവേഷൻ നടപ്പിലാക്കുന്നതിൽ കൈവരിച്ച പുരോഗതി ഞങ്ങൾ അംഗീകരിക്കുന്നു. ഇന്ത്യയുടെ നേതൃത്വത്തിൽ 2025 ജനുവരിയിൽ ബ്രിക്‌സ് സ്റ്റാർട്ടപ്പ് ഫോറം ആരംഭിച്ചതും ഇതിൽ ഉൾപ്പെടുന്നു. ബ്രിക്‌സ് രാജ്യങ്ങളിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾക്കിടയിൽ സഹകരണവും ആഴത്തിലുള്ള ഇടപെടലും വളർത്തിയെടുക്കുന്നതിനായി ബ്രിക്‌സ് സ്റ്റാർട്ടപ്പ് നോളജ് ഹബ്ബ് ആരംഭിച്ചതിനെ ഞങ്ങൾ അഭിനന്ദിക്കുന്നു.
പ്രാപ്തമാക്കുന്നതും, ഉൾക്കൊള്ളുന്നതും, സുരക്ഷിതവുമായ ഒരു ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യവും, ഡിജിറ്റൽ പരിവർത്തനത്തിനും സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്കും ഡിജിറ്റൽ കണക്റ്റിവിറ്റി ഒരു അനിവാര്യമായ മുൻവ്യവസ്ഥയാണെന്നും തിരിച്ചറിഞ്ഞുകൊണ്ട്, ബ്രിക്സ് രാജ്യങ്ങൾക്കിടയിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ഊന്നിപ്പറയുന്നു. പ്രതിരോധശേഷിയുള്ളതും, സുരക്ഷിതവും, ഉൾക്കൊള്ളുന്നതും, പരസ്പര പ്രവർത്തനക്ഷമവുമായ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ തോതിൽ സേവനങ്ങൾ നൽകാനും എല്ലാവർക്കും സാമൂഹികവും സാമ്പത്തികവുമായ അവസരങ്ങൾ വർദ്ധിപ്പിക്കാനും കഴിയുമെന്ന് ഞങ്ങൾ അംഗീകരിക്കുന്നു.
ഇന്റർനെറ്റിന്റെ ദേശീയ വിഭാഗങ്ങളുടെ സമഗ്രത, പ്രവർത്തന സ്ഥിരത, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും, ഇന്റർനെറ്റ് വിഘടനം ഒഴിവാക്കുന്നതിനും, സുരക്ഷാ വശങ്ങൾ ഉൾപ്പെടെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ ഏതെങ്കിലും വശങ്ങളെക്കുറിച്ചുള്ള ദേശീയ നിയമനിർമ്മാണ ചട്ടക്കൂടുകളെ ബഹുമാനിക്കുന്നതിനും ഡിജിറ്റൽ അടിസ്ഥാന സൗകര്യ മേഖലയിൽ സംയുക്ത പ്രവർത്തനത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ ബ്രിക്സ് അംഗങ്ങളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
ഡിജിറ്റൽ പരിവർത്തനത്തെയും അർത്ഥവത്തായ കണക്റ്റിവിറ്റിയെയും കുറിച്ചുള്ള വെബിനാർ സംഘടിപ്പിക്കുന്നതിൽ ബ്രസീലിൻ്റെ അധ്യക്ഷതയിൽ നടത്തിയ ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു, കൂടാതെ ഓരോ രാജ്യത്തിന്റെയും വ്യത്യസ്ത ആവശ്യങ്ങൾക്കനുസൃതമായി കൃഷി, ഉൽപ്പാദനം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, ധനസഹായം തുടങ്ങിയ വിവിധ മേഖലകളിലുടനീളം സമഗ്രവും പ്രാപ്യവും അളക്കാവുന്നതുമായ ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ഐസിടികളുടെ സ്വീകാര്യത സുഗമമാക്കുന്നതിന് തുടർച്ചയായ അറിവ് പങ്കിടലും നയ വിനിമയവും പ്രോത്സാഹിപ്പിക്കുന്നു. ബ്രിക്‌സിൽ ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ള ശേഷി വർദ്ധിപ്പിക്കൽ സെഷനുകൾ ഇതിനൊപ്പം സംഘടിപ്പിക്കുന്നതിന് ഇന്ത്യ നടത്തിയ ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു, കൂടാതെ അനുബന്ധ പരിപാടികൾ പ്രചരിപ്പിക്കുന്നത് തുടരാൻ ബ്രിക്‌സ് അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
2025-ൽ ചൈനയും ബ്രസീലും ചേർന്ന് ആതിഥേയത്വം വഹിച്ച ബ്രിക്സ് ഫോറം ഓൺ ഫ്യൂച്ചർ നെറ്റ്‌വർക്ക്സ് ഇന്നൊവേഷൻ സംഘടിപ്പിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബ്രിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്യൂച്ചർ നെറ്റ്‌വർക്കുകളുടെ കൗൺസിൽ, AI, നെക്സ്റ്റ് ജനറേഷൻ കമ്മ്യൂണിക്കേഷൻസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻ ഇൻ ഇൻഡസ്ട്രി 4.0, EMF എക്‌സ്‌പോഷർ എന്നിവയെക്കുറിച്ചുള്ള പഠന ഗ്രൂപ്പുകളുടെ നിബന്ധനകൾ അംഗീകരിച്ചതിനെയും അവരുടെ ചെയർമാന്മാരെയും വൈസ് ചെയർമാന്മാരെയും നാമനിർദ്ദേശം ചെയ്തതിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ BIFN പഠന ഗ്രൂപ്പുകളുടെ വ്യക്തമായ ഫലങ്ങളെ ഞങ്ങൾ പ്രതീക്ഷയോടെ നോക്കി കാണുന്നു. അംഗരാജ്യങ്ങൾക്കിടയിൽ അറിവും മികച്ച രീതികളുടെയും കൈമാറ്റം ചെയ്യുന്നതിലൂടെയും ഈ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങളുടെ വികസനം ഉൾപ്പെടെ, കുട്ടികളുടെ ഓൺലൈൻ സംരക്ഷണ വിഷയത്തിൽ കൈവരിച്ച പുരോഗതിയെയും ഞങ്ങൾ അംഗീകരിക്കുന്നു. ഡിജിറ്റൽ ബ്രിക്സ് ഫോറത്തിനിടെ, ഡിജിറ്റൽ പൊതു ഉല്പന്നങ്ങളും ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ചുള്ള പാനൽ ചർച്ച സംഘടിപ്പിക്കുന്നതിൽ ബ്രസീലിന്റെ അധ്യക്ഷതയിലുള്ള ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു, കൂടാതെ തുടർച്ചയായ അറിവ് പങ്കിടലും നയ കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നു. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ഫോക്കസ് ഗ്രൂപ്പിന്റെ മീറ്റിംഗും ഞങ്ങളുടെ ശ്രദ്ധയിൽ വന്നു, കൂടാതെ അതിന്റെ റഫറൻസ് നിബന്ധനകൾ അംഗീകരിക്കുന്നതിനെയും സ്വാഗതം ചെയ്യുന്നു.
സ്പെക്ട്രത്തിന്റെയും അനുബന്ധ ഉപഗ്രഹ ഭ്രമണപഥങ്ങളുടെയും യുക്തിസഹവും, കാര്യക്ഷമവും, തുല്യവും, ന്യായയുക്തവും, ഫലപ്രദവും, ലാഭകരവുമായ ഉപയോഗം കൈവരിക്കുന്നതിന് സംയുക്ത ശ്രമങ്ങൾ നടത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. ബഹിരാകാശ സുസ്ഥിരതയിൽ സഹകരണം സാധ്യമാക്കുന്നതിന് ബ്രിക്സ് അംഗങ്ങൾക്കിടയിൽ കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നു. ഭാവിയിലെ നടപടികൾക്കായി സുസ്ഥിര ബഹിരാകാശ കണക്റ്റിവിറ്റി വിഭവങ്ങളെക്കുറിച്ചുള്ള ഭാവി ബ്രിക്‌സ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളുള്ള ഒരു റിപ്പോർട്ട് ബ്രസീലിൻ്റെ അധ്യക്ഷതയിൽ തയ്യാറാക്കുമെന്നതിൽ ഞങ്ങൾ സംതൃപ്തരാണ്. ബഹിരാകാശ ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങളുടെ സാങ്കേതിക വ്യാപ്തി ഒരു സാഹചര്യത്തിലും രാഷ്ട്ര പരമാധികാരത്തെ മറികടക്കരുതെന്നും, ഒരു രാഷ്ട്രത്തിൻ്റെ പ്രദേശത്തിനുള്ളിൽ ഉപഗ്രഹ സേവനങ്ങൾ നൽകുന്നത് ആ രാഷ്ട്രം അംഗീകരിച്ചാൽ മാത്രമേ നടപ്പിലാക്കാവൂ എന്നും ഞങ്ങൾ ആവർത്തിക്കുന്നു. സുസ്ഥിര ബഹിരാകാശ കണക്റ്റിവിറ്റി വിഭവങ്ങളെക്കുറിച്ചുള്ള ബ്രിക്‌സ് ധവളപത്രത്തിന്റെ വികസനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
സമാധാനപരമായ പര്യവേക്ഷണത്തിനും ബഹിരാകാശ ഉപയോഗത്തിനും അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം ഞങ്ങൾ തിരിച്ചറിയുന്നു, ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ബഹിരാകാശ ശേഷികളിൽ നിലവിലുള്ള അസമത്വങ്ങൾ കുറയ്ക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിക്കുന്നു. ഡാറ്റ, വൈദഗ്ദ്ധ്യം, ബഹിരാകാശ പ്രവർത്തനങ്ങളിലെ മികച്ച രീതികൾ എന്നിവയുടെ കൈമാറ്റം ശക്തിപ്പെടുത്തുന്നത് നമ്മുടെ ബഹിരാകാശ ഏജൻസികൾ തമ്മിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലും സുസ്ഥിര പുരോഗതി വളർത്തുന്നതിലും ഒരു പ്രധാന ഘടകമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. വിവര കൈമാറ്റം സുഗമമാക്കുന്നതിനും ശേഷി വർദ്ധിപ്പിക്കൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു സംവിധാനമെന്ന നിലയിൽ ഒരു സംയുക്ത വാർത്താക്കുറിപ്പിനുള്ള നിർദ്ദേശത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബ്രിക്സ് ബഹിരാകാശ കൗൺസിൽ സ്ഥാപിക്കുന്നതിനും ഗ്രൂപ്പിനുള്ളിൽ ബഹിരാകാശ പ്രവർത്തനങ്ങളുടെ മേഖലയിൽ കൂടുതൽ സഹകരണം സാധ്യമാക്കുന്നതിന് അതിന്റെ
പരിശോധനാ വിഷയങ്ങളിൽ തുടർന്നും പ്രവർത്തിക്കുന്നതിനും ഞങ്ങൾ തത്വത്തിൽ സമ്മതിക്കുന്നു. UNFCCC COP30 നെ പിന്തുണയ്ക്കുന്നതിനായി ഒരു സംയുക്ത നിരീക്ഷണ പ്രവർത്തനത്തെക്കുറിച്ചുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ ഏജൻസികൾ സമ്മതിച്ചിട്ടുണ്ടെന്നതും ഞങ്ങളുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്.
ആഗോള വെല്ലുവിളികൾക്ക് പങ്കിട്ട പരിഹാരങ്ങൾ സംയുക്തമായി തേടുന്നതിനും ബഹുധ്രുവ ലോകത്തെ പരിപോഷിപ്പിക്കുന്നതിനും തുല്യവും പരസ്പരം പ്രയോജനകരവുമായ അടിത്തറയിൽ വികസിതവും വളർന്നുവരുന്നതുമായ സമ്പദ്‌വ്യവസ്ഥകളുടെ സംഭാഷണത്തിന് ഒരു വേദി നൽകുന്ന അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രമുഖ ആഗോള വേദി എന്ന നിലയിൽ ജി 20 യുടെ പ്രധാന പങ്ക് ഞങ്ങൾ അടിവരയിടുന്നു. സമവായത്തെ അടിസ്ഥാനമാക്കിയുള്ളതും ഫലാധിഷ്ഠിതവുമായ പരിണാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതുമായ ജി 20 യുടെ തുടർച്ചയായതും ഉൽപാദനപരവുമായ പ്രവർത്തനത്തിന്റെ പ്രാധാന്യം ഞങ്ങൾ അംഗീകരിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയ്ക്ക് ശക്തമായ പിന്തുണ ഞങ്ങൾ ആവർത്തിക്കുന്നു, കൂടാതെ 2025 നവംബറിൽ ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയുടെ വിജയകരമായ ആതിഥേയത്വത്തിനായി കാത്തിരിക്കുന്നു. ആഗോള സാമ്പത്തിക ഭരണ സംവിധാനത്തിൽ ഗ്ലോബൽ സൗത്തിൻ്റെ ശബ്ദം വർദ്ധിപ്പിക്കുന്നതിനും ഉൾക്കൊള്ളൽ വർദ്ധിപ്പിക്കുന്നതിനുമായി നിലപാടുകൾ ഏകോപിപ്പിക്കാനുള്ള ഞങ്ങളുടെ സന്നദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു, അങ്ങനെ ഇത് ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇഎംഡിഇകളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം വേണ്ടത്ര പ്രതിഫലിപ്പിക്കുകയും 2022-2025 ലും അതിനുശേഷവും ബ്രിക്‌സ് അംഗരാജ്യങ്ങളായ ഇന്തോനേഷ്യ, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവയുടെ തുടർച്ചയായ ജി 20 അധ്യക്ഷതയിലൂടെ ജി 20 അജണ്ടയിൽ അവരുടെ മുൻഗണനകൾ കൂടുതൽ സംയോജിപ്പിക്കുകയും ചെയ്യുന്നു. 2023-ൽ ഇന്ത്യ ജി20 അധ്യക്ഷസ്ഥാനത്ത് ആയിരുന്നപ്പോൾ ആഫ്രിക്കൻ യൂണിയൻ അംഗത്വം സ്വീകരിച്ചതിലൂടെയും ബ്രസീലിയൻ, ദക്ഷിണാഫ്രിക്കൻ അധ്യക്ഷ കാലത്ത് എൻഡിബിയുടെ ക്ഷണം സ്വീകരിച്ചതിലൂടെയും അവരുടെ അടുത്ത ഇടപെടലിലൂടെയും വിന്യാസത്തിലൂടെയും ജി20യിൽ ഇഎംഡിഇകളുടെ ശബ്ദം ശക്തിപ്പെടുത്തുന്നതിനെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു.
ചില രാജ്യങ്ങളിലെ ഉയർന്ന കടബാധ്യതകൾ, ബാഹ്യ ആഘാതങ്ങളുടെ, പ്രത്യേകിച്ച് ചില വികസിത സമ്പദ്‌വ്യവസ്ഥകളിലെ സാമ്പത്തിക, ധനനയങ്ങളിലെ ഏറ്റക്കുറച്ചിലുകൾ, അന്താരാഷ്ട്ര സാമ്പത്തിക ഘടനയിലെ അന്തർലീനമായ പ്രശ്നങ്ങൾ എന്നിവ മൂലമുണ്ടാകുന്ന തുടർച്ചയായ വികസന വെല്ലുവിളികളെ നേരിടാൻ ആവശ്യമായ സാമ്പത്തിക ഇടം കുറയ്ക്കുന്നതായി ഞങ്ങൾ ശ്രദ്ധിക്കുന്നു. ഉയർന്ന പലിശ നിരക്കുകളും കർശനമായ ധനസഹായ സാഹചര്യങ്ങളും പല രാജ്യങ്ങളിലും കടബാധ്യതകൾ കൂടുതൽ വഷളാക്കുന്നു. ഓരോ രാജ്യത്തിന്റെയും നിയമങ്ങളും ആഭ്യന്തര നടപടിക്രമങ്ങളും കണക്കിലെടുത്ത്, സുസ്ഥിരമായ ബാഹ്യ കടവും ധനകാര്യ വിവേകവും കണക്കിലെടുത്ത്, സാമ്പത്തിക വീണ്ടെടുക്കലിനും സുസ്ഥിര വികസനത്തിനും പിന്തുണ നൽകുന്നതിന് അന്താരാഷ്ട്ര കടം ശരിയായി, സമഗ്രമായ രീതിയിൽ പരിഹരിക്കേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ കടബാധ്യതകൾ ഫലപ്രദവും സമഗ്രവും വ്യവസ്ഥാപിതവുമായ രീതിയിൽ പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ തിരിച്ചറിയുന്നു. കടബാധ്യതകൾ കൂട്ടായി പരിഹരിക്കുന്നതിനുള്ള മാർഗങ്ങളിലൊന്ന്, ഔദ്യോഗിക ഉഭയകക്ഷി കടക്കാർ, സ്വകാര്യ കടക്കാർ, ബഹുരാഷ്ട്ര വികസന ബാങ്കുകൾ (MDB-കൾ) എന്നിവരുടെ പങ്കാളിത്തത്തോടെ, G20 പൊതു കടബാധ്യത ഇടപെടലിലൂടെ പ്രവചനാതീതവും, ക്രമീകൃതവും, സമയബന്ധിതവും ഏകോപിതവുമായ നടപ്പാക്കലാണ്. വികസന വീക്ഷണകോണിൽ നിന്ന് നീതിയുക്തവും ക്രിയാത്മകവുമായ രീതിയിൽ കടം പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉയർന്നു വരുന്ന വിപണികളെയും വികസ്വര സമ്പദ്വ്യവസ്ഥകളെയും (EMDE-കൾ) സഹായിക്കുന്നതിന് കടക്കാരും ഔദ്യോഗിക ദ്വിരാഷ്ട്ര, ബഹുരാഷ്ട്ര, സ്വകാര്യ കടക്കാരും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിൽ ഞങ്ങൾ ഇപ്പോഴും ഏർപ്പെട്ടിരിക്കുന്നു.
നവീകരണാധിഷ്ഠിത വികസനത്തിനും വിവരമുള്ളതും ഉൾക്കൊള്ളുന്നതുമായ പൊതു നയങ്ങളുടെ രൂപീകരണത്തിനും ഒരു ഉത്തേജകമായി ആധുനിക ജീവിതത്തിന് ഡാറ്റയുടെ മുഖ്യ പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, ദേശീയ ഡാറ്റ പരമാധികാരത്തോടുള്ള ആദരം, കാര്യക്ഷമവും സൗകര്യപ്രദവും സുരക്ഷിതവും പരസ്പരം അംഗീകരിക്കപ്പെട്ടതുമായ അതിർത്തി കടന്നുള്ള ഡാറ്റാ പ്രവാഹങ്ങൾ, ഡാറ്റയുടെ ധാർമ്മിക ഉപയോഗം എന്നിവയുൾപ്പെടെ ഡാറ്റാ ഗവേണൻസിൽ പൊതുവായതും തത്വാധിഷ്ഠിതവുമായ പരസ്പര പ്രവർത്തനക്ഷമമായ ഒരു ചട്ടക്കൂടിന്റെ ആവശ്യകത ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നു. ഡാറ്റ ശേഖരണം, റെക്കോർഡിംഗ്, സംഭരണം, ഓർഗനൈസേഷൻ, പ്രോസസ്സിംഗ്, ഡാറ്റ കൈമാറ്റം എന്നിവയുടെ തത്വങ്ങൾ പരിഹരിക്കുന്നതിന്; വ്യക്തിഗത സ്വകാര്യത ഉൾപ്പെടെയുള്ള വ്യക്തിഗത വിവര അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുക; ദേശീയ ഡാറ്റാ നയ ചട്ടങ്ങളുടെ പരസ്പര പ്രവർത്തനക്ഷമത പ്രോത്സാഹിപ്പിക്കുക; വികസ്വര രാജ്യങ്ങൾക്കും അവരുടെ പൗരന്മാർക്കും ഇടയിൽ ഡാറ്റയുടെ ധനപരവും സാമ്പത്തികമല്ലാത്തതുമായ നേട്ടങ്ങൾ വിതരണം ചെയ്യുക. ഈ കാര്യത്തിൽ, സാങ്കേതികവിദ്യയിലേക്കുള്ള സുരക്ഷിതമായ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനും, വ്യക്തിഗത, ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, വ്യവസായങ്ങളുടെയും സേവനങ്ങളുടെയും ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും, ബ്രിക്സ് രാജ്യങ്ങൾക്കിടയിലുള്ള വ്യാപാരത്തിന്റെ വികാസത്തിനും ബ്രിക്സ് രാജ്യങ്ങളിലെ ഡാറ്റാ സമ്പദ്‌വ്യവസ്ഥയെ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു മാർഗരേഖയായി "ബ്രിക്സ് ഡാറ്റാ ഇക്കണോമി ഗവേണൻസ് അണ്ടർസ്റ്റാൻഡിംഗ്" എന്നതിന്റെ സമാപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
ആഗോള സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന ചാലകശക്തിയായി ഇ-കൊമേഴ്‌സ് മാറിയിരിക്കുന്നു, ചരക്കുകളിലും സേവനങ്ങളിലും അന്താരാഷ്ട്ര വ്യാപാരം വളർത്തുന്നു, വിദേശ നിക്ഷേപ പ്രവാഹങ്ങൾ ഉറപ്പാക്കുന്നു, നവീകരണത്തിന് സൗകര്യമൊരുക്കുന്നു എന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു. ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന മേഖലകളിൽ സഹകരണം ശക്തമാക്കുക, ഓൺലൈൻ തർക്ക പരിഹാര ഉപകരണങ്ങൾ പര്യവേക്ഷണം ചെയ്യുക, ബിസിനസുകൾക്ക് ആഗോള വിപണികളിൽ പ്രവേശിക്കാൻ പ്രാപ്തമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക, അതിർത്തി കടന്നുള്ള ഇ-കൊമേഴ്‌സ് വഴി ചെറിയ മൂല്യമുള്ള ഉൽപ്പന്ന വ്യാപാരത്തിന്റെ വിഷയത്തിൽ കാഴ്ചപ്പാടുകൾ കൈമാറുക എന്നിവയിലൂടെ ഇ-കൊമേഴ്‌സിൽ വിശ്വാസം വർദ്ധിപ്പിക്കാനും ഇ-കൊമേഴ്‌സ് കക്ഷികളുടെ അവകാശങ്ങളുടെ പൂർണ്ണമായ സംരക്ഷണം ഉറപ്പാക്കാനും ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.
വ്യാപാര, വ്യാവസായിക സഹകരണത്തിനും ഉല്പാദനം സുഗമമാക്കുന്നതിനും സുസ്ഥിരമായ ഒരു സംവിധാനമെന്ന നിലയിൽ ബ്രിക്സ് രാജ്യങ്ങളിലെ പ്രത്യേക സാമ്പത്തിക മേഖലകളുടെ (SEZ-കൾ) ഫലപ്രാപ്തിയെ ഞങ്ങൾ തുടർന്നും അംഗീകരിക്കുന്നു, അതിൽ സമ്പദ്‌വ്യവസ്ഥയിലെ ഹൈടെക് മേഖലകൾ, ഐടി, ഐടി അധിഷ്ഠിത സേവനങ്ങൾ, ടൂറിസം, തുറമുഖം, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യകളുടെ വികസനം, വാണിജ്യവൽക്കരണം, പുതിയ തരം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉത്പാദനം എന്നിവ ഉൾപ്പെടുന്നു. സാമ്പത്തിക വികസനത്തിന്റെ മുൻഗണനാ മേഖലകളിൽ അധിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക സാമ്പത്തിക മേഖലകൾ വളരെയധികം അവസരങ്ങൾ നൽകുന്നുവെന്ന് ഞങ്ങൾ അംഗീകരിക്കുന്നു, കൂടാതെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ഉപകരണമായി SEZ-കളുടെ സാധ്യതകളെ ഞങ്ങൾ അംഗീകരിക്കുന്നു, പ്രത്യേകിച്ച് ഉയർന്ന സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ മേഖലകളിൽ.
ലോക ഭക്ഷ്യ ഉല്പാദനത്തിൽ ബ്രിക്സ് രാജ്യങ്ങൾ പ്രധാന പങ്കുവഹിക്കുന്നവരാണെന്നും അതിനാൽ കാർഷിക ഉല്പാദനക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിലും ആഗോള ഭക്ഷ്യസുരക്ഷയും പോഷകാഹാരവും ഉറപ്പാക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഞങ്ങൾ തിരിച്ചറിയുന്നു. ചെറുകിട ഉടമകൾ, കന്നുകാലി കർഷകർ, കരകൗശല തൊഴിലാളികൾ, ചെറുകിട മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, തദ്ദേശീയ ജനങ്ങളും പ്രാദേശിക സമൂഹങ്ങളും, സ്ത്രീകളും യുവാക്കളും ഉൾപ്പെടെയുള്ള കുടുംബ കർഷകർ കൃഷിയുടെയും ഭക്ഷ്യ സംവിധാനങ്ങളുടെയും അവശ്യ പങ്കാളികളാണെന്നും ഞങ്ങൾ തിരിച്ചറിയുന്നു. ആഗോള സുസ്ഥിര സസ്യ എണ്ണ മേഖലയിൽ സുസ്ഥിരത, ഉൾക്കൊള്ളൽ, തുല്യ വിപണി പ്രവേശനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ചെറുകിട കർഷകരെ പിന്തുണയ്ക്കുന്നതിനും ന്യായമായ വിലനിർണ്ണയം ഉറപ്പാക്കുന്നതിനും സ്ഥിരതയുള്ളതും സുസ്ഥിരവുമായ കാർഷിക മൂല്യ ശൃംഖലകൾ വളർത്തിയെടുക്കുന്നതിനും ബ്രിക്സ് രാജ്യങ്ങളും പങ്കാളികളും തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. വിവര, ഡിജിറ്റൽ നവീകരണങ്ങൾ ഉൾപ്പെടെയുള്ള ചെറുകിട കൃഷിയിലെ യന്ത്രവൽക്കരണവും സാങ്കേതിക നവീകരണവും ജോലിയുടെ ക്ലേശം കുറയ്ക്കുന്നതിനും ഉല്പാദനക്ഷമതയും വരുമാനവും വർദ്ധിപ്പിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സുസ്ഥിര പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനുമുള്ള തന്ത്രപരമായ അവസരങ്ങളാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.
ഭക്ഷ്യസുരക്ഷയും പോഷകാഹാരവും ഉറപ്പാക്കുന്നതിനും രൂക്ഷമായ ഭക്ഷ്യവിലയിലെ ചാഞ്ചാട്ടത്തിന്റെയും രാസവളക്ഷാമം ഉൾപ്പെടെയുള്ള പെട്ടെന്നുള്ള വിതരണ പ്രതിസന്ധികളുടെയും ആഘാതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള പ്രാധാന്യം ഞങ്ങൾ ഊന്നിപ്പറയുന്നു. ഇക്കാര്യത്തിൽ, ബ്രിക്സിനുള്ളിൽ (ബ്രിക്സ് ഗ്രെയിൻ എക്സ്ചേഞ്ച്) ഒരു ധാന്യ വ്യാപാര വേദി സ്ഥാപിക്കുന്നതിനുള്ള സംരംഭത്തിന്റെ തുടർച്ചയായ വിപുലീകരണത്തിന്റെയും അതിന്റെ തുടർന്നുള്ള വികസനത്തിന്റെയും മറ്റ് കാർഷിക ഉൽപ്പന്നങ്ങളിലേക്കും ചരക്കുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഞങ്ങൾ അംഗീകരിക്കുന്നു. ഭക്ഷ്യലഭ്യത, വിനിയോഗം, സ്ഥിരത, താങ്ങാനാവുന്ന വില എന്നിവ മെച്ചപ്പെടുത്തുന്ന ദേശീയ നയങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ഏകോപനത്തെക്കുറിച്ചുമുള്ള കൂടുതൽ ചർച്ചകളെ ഞങ്ങൾ പിന്തുണയ്ക്കുന്നു, അതുപോലെ തന്നെ ബ്രിക്‌സിലും മറ്റ് വികസ്വര രാജ്യങ്ങളിലും പ്രസക്തമായ കാർഷിക, ഭക്ഷ്യ ഉൽപാദന ഇൻപുട്ടുകളെക്കുറിച്ചും - ദേശീയ ഭക്ഷ്യ കരുതൽ സംവിധാനങ്ങൾ പോലുള്ള വിതരണ തടസ്സങ്ങളോട് പ്രതികരിക്കുന്നതിനുള്ള ദേശീയ ശേഷി ശക്തിപ്പെടുത്തുന്നവ ഉൾപ്പെടെ. വിതരണക്ഷാമമോ ഭക്ഷ്യവിലയിലെ രൂക്ഷമായ കുതിച്ചുചാട്ടമോ ഒരു ബ്രിക്‌സ് അംഗത്തെ ബാധിക്കുന്ന അസാധാരണമായ സാഹചര്യങ്ങളിൽ, ദേശീയ മുൻഗണനകളാൽ നയിക്കപ്പെടുന്നതും ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾക്ക് അനുസൃതവുമായ അടിയന്തര പ്രതികരണങ്ങളും പ്രകൃതി ദുരന്ത മാനേജ്‌മെന്റും സുഗമമാക്കാൻ സഹകരണ സംരംഭങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഈ നടപടികളൊന്നും അന്യായമായ വ്യാപാര രീതികളിലേക്കോ അന്താരാഷ്ട്ര വ്യാപാര മാനദണ്ഡങ്ങളുടെ ലംഘനങ്ങളിലേക്കോ നയിക്കരുത്, കാരണം അവയുടെ ഏക ലക്ഷ്യം അന്താരാഷ്ട്ര ഐക്യദാർഢ്യം ഉൾപ്പെടെ ഭക്ഷ്യസുരക്ഷയെയും പോഷകാഹാരത്തെയും പിന്തുണയ്ക്കുക എന്നതാണ്. ഭക്ഷ്യനഷ്ടവും മാലിന്യവും കുറയ്ക്കുന്നതിന്റെയും, ഭക്ഷണത്തിന്റെയും തീറ്റയുടെയും ചലനത്തിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിലൂടെ ഉൾപ്പെടെ, അപകടകരമായ രോഗങ്ങളുടെയും കീടങ്ങളുടെയും സംയുക്ത പ്രതിരോധത്തിലൂടെയും നിയന്ത്രണത്തിലൂടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ആരോഗ്യം ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം ഞങ്ങൾ തിരിച്ചറിയുന്നു.
പട്ടിണി അവസാനിപ്പിക്കുന്നതിനും എല്ലാത്തരം പോഷകാഹാരക്കുറവും ഇല്ലാതാക്കുന്നതിനും ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിനും, സാങ്കേതികവിദ്യയും നൂതനാശയവും നടപ്പിലാക്കുന്നതിലൂടെ സുസ്ഥിര കൃഷിയും ഗ്രാമവികസനവും പ്രോത്സാഹിപ്പിക്കുന്നതിനും, ഉറപ്പാക്കുന്നതിനും ചെറുകിട കർഷകർക്കും കുടുംബ കർഷകർക്കും മത്സ്യബന്ധന, മത്സ്യക്കൃഷി തൊഴിലാളികൾക്കും താങ്ങാനാവുന്ന വിലയിൽ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പ്രാദേശിക ഉൽപാദനത്തിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി കൃഷി, മത്സ്യബന്ധനം, മത്സ്യക്കൃഷി എന്നീ മേഖലകളിൽ കൂടുതൽ സഹകരണം ഞങ്ങൾ ആവശ്യപ്പെടുന്നു. ഭക്ഷ്യസുരക്ഷയെയും പോഷകാഹാരത്തെയും കുറിച്ചുള്ള ഡെക്കാൻ ഉന്നതതല തത്വങ്ങളെ അടിസ്ഥാനമാക്കി, അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന സംരംഭമായി വിശപ്പിനും ദാരിദ്ര്യത്തിനുമെതിരായ ആഗോള സഖ്യത്തെയും ഞങ്ങൾ അംഗീകരിക്കുന്നു. ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം, കാർഷിക, ഭക്ഷ്യ ഉൽപാദന വസ്തുക്കളുടെ വിനിമയം എന്നിവ സുഗമമാക്കുന്നതിനെക്കുറിച്ചും മൂല്യ ശൃംഖലകളും സുസ്ഥിര കാർഷിക രീതികളും മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നീതിയുക്തമായ ഒരു കാർഷിക വ്യാപാര സംവിധാനം വികസിപ്പിക്കേണ്ടതിന്റെയും സ്ഥിരതയുള്ളതും പുനരുജീവനശേഷിയുള്ളതുമായ കാർഷിക രീതികൾ നടപ്പിലാക്കേണ്ടതിന്റെയും ആവശ്യകത ഞങ്ങൾ വീണ്ടും സ്ഥിരീകരിക്കുന്നു. കാർഷികോൽപ്പാദനത്തിനായുള്ള അവശ്യ വസ്തുക്കളുടെയും ഭക്ഷണത്തിന്റെയും തുടർച്ചയായ ലഭ്യത ഉറപ്പാക്കുന്നതിന്, കാർഷിക മേഖലയിൽ പ്രത്യേകിച്ച് വളത്തിന്റെ നീക്കത്തിൽ തടസ്സങ്ങൾ കുറയ്ക്കുന്നതിനും നിയമാധിഷ്ഠിത വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. WTO നിയമങ്ങളുമായി പൊരുത്തപ്പെടാത്ത അനാവശ്യമായ സാമ്പത്തിക നിയന്ത്രണ നടപടികളിൽ നിന്ന് ഇവയെ ഒഴിവാക്കണം. കാർഷിക ഉൽപ്പന്നങ്ങളുടെയും ബിസിനസ്സ് സേവനങ്ങളുടെയും അന്താരാഷ്ട്ര കയറ്റുമതിയുമായി ബന്ധപ്പെട്ട് ഉൽപ്പാദകരെയും കയറ്റുമതിക്കാരെയും ബാധിക്കുന്ന നിയന്ത്രണങ്ങളും ഒഴിവാക്കപ്പെടണം. UNCCD യുടെ ചട്ടക്കൂടിന് അനുസൃതമായി, ഭൂമി പുനഃസ്ഥാപനത്തിനായുള്ള ബ്രിക്സ് പങ്കാളിത്തത്തിന്റെയും വിശപ്പിനും ദാരിദ്ര്യത്തിനുമെതിരായ ആഗോള സഖ്യം നടപ്പിലാക്കുന്നതിനുള്ള സംഭാവനകളെക്കുറിച്ചുള്ള പ്രഥമ ബ്രിക്സ് എ ഡബ്ല്യൂ ജി റിപ്പോർട്ടിന്റെയും സമാരംഭത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
വിപണികളുടെ സുസ്ഥിര വികസനം, അതിർത്തി കടന്നുള്ള അന്യായ മത്സര രീതികൾ ഫലപ്രദമായി ചെറുക്കൽ, ആരോഗ്യകരമായ വിപണി പരിസ്ഥിതി പ്രോത്സാഹിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ട് ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ മത്സര നിയമത്തിലും നയത്തിലും സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത വീണ്ടും ആവർത്തിക്കുന്നു. ബ്രിക്‌സ് മത്സരാർത്ഥികൾക്കിടയിൽ അറിവ് സൃഷ്ടിക്കുന്നതിലും അറിവ് പങ്കിടുന്നതിലും ബ്രിക്‌സ് അന്താരാഷ്ട്ര മത്സര നിയമത്തിന്റെയും നയ കേന്ദ്രത്തിന്റെയും പ്രവർത്തനങ്ങളുടെ പങ്കിനെ ഞങ്ങൾ അംഗീകരിക്കുന്നു. ബ്രിക്‌സ് സമ്പദ്‌വ്യവസ്ഥകളുടെ മത്സര നിയമ വികസനത്തിന് ഏറ്റവും അനുകൂലമായ സാഹചര്യങ്ങൾ ഉറപ്പാക്കേണ്ടതിന്റെയും സാമൂഹ്യമായി പ്രധാനപ്പെട്ട വിപണികളിലെ കുത്തക തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനായി പ്രവർത്തിക്കേണ്ടതിന്റെയും പ്രാധാന്യത്തെ ഞങ്ങൾ അംഗീകരിക്കുന്നു. 2025 ൽ ദക്ഷിണാഫ്രിക്കയിൽ 9 മത് ബ്രിക്‌സ് അന്താരാഷ്ട്ര മത്സര സമ്മേളനം നടത്തുന്നത് ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
ബ്രിക്‌സ് രാഷ്ട്രങ്ങളിലെ ദേശീയ മാനകീകരണ സ്ഥാപനങ്ങളുടെ മേധാവിമാരുടെ യോഗത്തിൽ രൂപപ്പെട്ട സാമ്പത്തിക ബന്ധങ്ങളും വ്യാപാരവും സുഗമമാക്കൽ, ഉപഭോക്തൃ സുരക്ഷയുടെ പുരോഗതി, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കൽ എന്നിവയുൾപ്പെടെ ഈ മേഖലയിലെ സഹകരണത്തിന്റെ ഗണ്യമായ നേട്ടങ്ങൾ അംഗീകരിക്കുന്ന ബ്രസീലിയ പ്രഖ്യാപനം അംഗീകരിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മാനകീകരണ മേഖലയിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രത്തിന്റെ ചർച്ചകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. വ്യാപാരത്തിനുള്ള തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനും അതിർത്തി കടന്നുള്ള ചരക്ക്- സേവന നീക്കം സുഗമമാക്കുന്നതിനും ഫലപ്രദമായ സംവിധാനങ്ങളായി മാനകീകരണവും മെട്രോളജിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നാഴികക്കല്ലാണിത്.
ബ്രിക്സ് രാജ്യങ്ങളിലെ പരമോന്നത ഓഡിറ്റ് സ്ഥാപനങ്ങൾ തമ്മിലുള്ള മികച്ച രീതികളുടെ നിരന്തര കൈമാറ്റത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. സദ് ഭരണവും പൊതു നയങ്ങളുടെ ഫലപ്രാപ്തിയും പ്രോത്സാഹിപ്പിക്കുന്നതിൽ എസ്‌എഐകളുടെ പങ്ക് കണക്കിലെടുക്കുമ്പോൾ, എഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രവർത്തനങ്ങളുടെ ഭാഗമാക്കാനുള്ള അവസരങ്ങൾ എസ്‌എഐകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിന്റെയും അതേ സമയം ഈ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിന്റെയും പ്രാധാന്യം ഞങ്ങൾ അംഗീകരിക്കുന്നു.
ഫലപ്രദമായ തീരുമാനമെടുക്കലിന് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, ബ്രിക്സ് സംയുക്ത സ്റ്റാറ്റിസ്റ്റിക്കൽ പ്രസിദ്ധീകരണത്തിന്റെയും ബ്രിക്സ് സംയുക്ത സ്റ്റാറ്റിസ്റ്റിക്കൽ പ്രസിദ്ധീകരണ സ്നാപ്പ്ഷോട്ടിന്റെയും വാർഷിക പ്രകാശനം, ബ്രിക്സ് രാജ്യങ്ങളിലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് മേഖലകളിലെ മികച്ച രീതികളുടെ കൈമാറ്റം എന്നിവയുൾപ്പെടെ ബ്രിക്സിനുള്ളിലെ സ്ഥിതിവിവരക്കണക്ക് സഹകരണം വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ പിന്തുണ പ്രകടിപ്പിക്കുന്നു.
21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ന്യായമായ, കൂടുതൽ ഉൾക്കൊള്ളുന്ന, സ്ഥിരതയുള്ള, കാര്യക്ഷമമായ ഒരു അന്താരാഷ്ട്ര നികുതി സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായി സഹകരിക്കുന്നത് തുടരും. നികുതി സുതാര്യതയ്ക്കും ഫലപ്രദവും ന്യായയുക്തവുമായ നികുതി സംബന്ധിച്ച ആഗോള സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും, പുരോഗതി വർദ്ധിപ്പിക്കുന്നതിനും, അസമത്വം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സംഭാവന നൽകുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും പ്രഖ്യാപിക്കുന്നു. നികുതി അധികാരികൾ തമ്മിലുള്ള ആഗോള ഏകോപനം കൂടുതൽ ആഴത്തിലാക്കുക, ആഭ്യന്തര വരുമാന സമാഹരണം മെച്ചപ്പെടുത്തുക, നികുതി അവകാശങ്ങളുടെ ന്യായമായ വിഹിതം നൽകുക, നികുതി വെട്ടിപ്പും നികുതിയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ സാമ്പത്തിക നടപടികളും ചെറുക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. ഇക്കാര്യത്തിൽ, അന്താരാഷ്ട്ര നികുതി സഹകരണത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂട് കൺവെൻഷനെ പിന്തുണച്ചുകൊണ്ട് ബ്രിക്‌സ് സംയുക്ത പ്രസ്താവനയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. യുഎൻ കൺവെൻഷനും അതിന്റെ പ്രോട്ടോക്കോളുകളും സംബന്ധിച്ച ചർച്ചകളിൽ ക്രിയാത്മകമായി ഇടപെടുന്നത് ഞങ്ങൾ തുടരും. കസ്റ്റംസ് സഹകരണത്തിലെ പുരോഗതിയെ, പ്രത്യേകിച്ച് അംഗീകൃത സാമ്പത്തിക ഓപ്പറേറ്റർ പ്രോഗ്രാമുകളുടെ പരസ്പര അംഗീകാരത്തിനായുള്ള സംയുക്ത പ്രവർത്തന പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംരംഭങ്ങളെ, ഉഭയകക്ഷിപരമായി സമ്മതിച്ച ചില ഒഴിവാക്കലുകൾ, പരിഷ്കരണങ്ങൾ അല്ലെങ്കിൽ പൊരുത്തപ്പെടുത്തലുകൾ എന്നിവയ്ക്ക് വിധേയമായി ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കസ്റ്റംസ് സഹകരണത്തിലെ ഒരു പ്രധാന മുന്നേറ്റം ബ്രിക്‌സ് കസ്റ്റംസ് സെന്റർ ഓഫ് എക്സലൻസിന്റെ രൂപീകരണവും സ്മാർട്ട് കസ്റ്റംസിന്റെ വികസനവുമാണ്. ഇവ ഞങ്ങൾ തുടർന്നും പ്രോത്സാഹിപ്പിക്കും.
ഐപി ബ്രിക്‌സിന് കീഴിൽ ബൗദ്ധിക സ്വത്തവകാശ (ഐപി) ഓഫീസുകൾ നടത്തുന്ന ഫലപ്രദമായ സഹകരണത്തെ ഞങ്ങൾ എടുത്തുകാണിക്കുന്നു. സാമ്പത്തിക, സാമൂഹിക വികസനത്തിന് ബൗദ്ധിക സ്വത്തവകാശങ്ങളുടെ ശക്തമായ സംഭാവന തേടുന്നതിനായി, പ്രവർത്തക ചട്ടക്കൂടിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം പരീക്ഷകരുടെ പരിശീലനം, ഐപി അവബോധം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ എട്ട് സഹകരണ മേഖലകളിൽ കൂടുതൽ പ്രായോഗിക ഫലങ്ങൾ കൈവരിക്കുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ബൗദ്ധിക സ്വത്തവകാശം, ജനിതക വിഭവങ്ങൾ, അനുബന്ധ പരമ്പരാഗത അറിവ് എന്നിവയെക്കുറിച്ചുള്ള WIPO ഉടമ്പടിയും ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ ഗണ്യമായ താൽപ്പര്യമുള്ള റിയാദ് ഡിസൈൻ നിയമ ഉടമ്പടിയും സ്വീകരിക്കുന്നതിനെയും സഹകരണം മെച്ചപ്പെടുത്തുന്നതിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളെയും മുൻഗണനകളെയും മാനിക്കുമ്പോൾ, നിർമിത ബുദ്ധി പരിശീലന ആവശ്യങ്ങൾക്കായി ഉൾപ്പെടെ ഡിജിറ്റൽ പരിതസ്ഥിതിയിൽ ഉപയോഗിക്കുന്ന ബൗദ്ധിക സ്വത്തവകാശങ്ങളെ മാനിക്കുന്നതിലും അവകാശികൾക്ക് ന്യായമായ പ്രതിഫലം നൽകുന്നതിലും സഹകരണത്തിന്റെ പ്രാധാന്യം ഞങ്ങൾ തിരിച്ചറിയുന്നു. AI യുടെ ഉപയോഗത്തിൽ വർദ്ധന ഉണ്ടാകുന്നതോടെ , ഡാറ്റാ സെറ്റുകളിലും AI മാതൃകകളിലും അപര്യാപ്തമായി പ്രതിനിധീകരിക്കപ്പെടുന്ന അറിവ്, പൈതൃകം, സാംസ്കാരിക മൂല്യങ്ങൾ എന്നിവയുടെ ദുരുപയോഗം, അവ തെറ്റായി പ്രതിനിധീകരിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ എന്നിവ ഞങ്ങൾ തിരിച്ചറിയുന്നു.
ബ്രിക്‌സിനുള്ളിലെ ശാസ്ത്ര, സാങ്കേതിക, നൂതനാശയ(എസ്‌ടിഐ), മേഖലയിലെ സഹകരണത്തിന്റെ ഒരു ദശാബ്ദം എന്ന നാഴികക്കല്ല് ഞങ്ങൾ ആഘോഷിക്കുന്നു. 2015 ൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ എസ്‌ടിഐ മന്ത്രിമാർ എസ്‌ടിഐയിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചതിനുശേഷം കൈവരിച്ച സുപ്രധാന നേട്ടങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു. പ്രവേശന പ്രോട്ടോക്കോൾ വഴി ഈ കരാറിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്ന നടപടിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എസ്‌ടിഐയിലെ ബ്രിക്‌സ് സഹകരണത്തിന്റെ ആത്യന്തിക ലക്ഷ്യം ബ്രിക്‌സ് രാജ്യങ്ങളുടെ വികസനത്തിനായി പുതിയ ഉൽപാദന ശക്തികളെ സൃഷ്ടിക്കുകയും അതിന്റെ മൂന്ന് മാനങ്ങളിൽ അധിഷ്ഠിതമായി സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക എന്നതാണ്. ബ്രിക്‌സ് രാജ്യങ്ങൾക്കിടയിലുള്ള സൗഹൃദം, പരസ്പര ധാരണ, സമാധാനപരമായ ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് സംഭാവന ചെയ്തുകൊണ്ട് സഹകരണത്തിൽ വേരൂന്നിയ പങ്കാളിത്തത്തിലൂടെയാണ് ഇത് ലക്ഷ്യമിടുന്നത്.
ബ്രിക്സ് എസ്ടിഐ പ്രവർത്തകസമിതികളുടെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നു. ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെയും ദേശീയ പുനർവ്യവസായവത്കരണ പ്രക്രിയകളുടെയും വേഗത്തിലുള്ള പുരോഗതിയുടെ പുതിയ പശ്ചാത്തലത്തിൽ, 2025 ൽ മുൻഗണനകളായി നിർമിത ബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യകൾ, വ്യവസായത്തിലെ നൂതനാശയം എന്നിവ പരിഗണിക്കാനുള്ള ബ്രസീലിന്റെ നിർദ്ദേശത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. നൂതനാശയങ്ങൾക്കായുള്ള 2025–2030 ലെ ബ്രിക്സ് കർമ്മ പദ്ധതിയെയും, ഏഴാമത് ഗവേഷണ പദ്ധതികൾക്കായുള്ള സംയുക്ത ആഹ്വാനത്തെയും നൂതനാശയ പദ്ധതികൾക്കായുള്ള പ്രഥമ സംയുക്ത ആഹ്വാനത്തെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ അന്തർവാഹിനി കേബിളുകൾ വഴി അതിവേഗ ആശയവിനിമയ ശൃംഖല സ്ഥാപിക്കുന്നതിനുള്ള "സാങ്കേതികവും സാമ്പത്തികവുമായ സാധ്യതാ പഠനം"- 2025 ചർച്ച ചെയ്യാനുള്ള ബ്രസീലിയൻ നിർദ്ദേശത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ വർഷം 10-ാം പതിപ്പിലെത്തുന്ന യംഗ് സയന്റിസ്റ്റ്സ് ഫോറം, യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രൈസ് തുടങ്ങിയ സംരംഭങ്ങളിലൂടെ യുവ ശാസ്ത്രജ്ഞരുടെയും സ്റ്റാർട്ടപ്പുകളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ എല്ലാ ബ്രിക്സ് അംഗങ്ങളെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ബ്രിക്സ് ഡീപ്-സീ റിസോഴ്‌സ് ഇന്റർനാഷണൽ റിസർച്ച് സെന്ററിന്റെ സ്ഥാപനത്തിന് ആവശ്യമായ നിബന്ധനകളുടെ വിപുലീകരണം ഉൾപ്പെടെ ആഴക്കടൽ ഗവേഷണത്തിന്റെ സംയുക്ത സഹകരണ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മാനവിക വിഷയങ്ങളിലെ സഹകരണം വികസിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും സ്ഥിരീകരിക്കുന്നു. 2025 ൽ റഷ്യയിൽ സാമൂഹിക ശാസ്ത്ര, മാനവിക വിഷയങ്ങളിലെ ഗവേഷണ ഫോറം സംഘടിപ്പിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
ടൂറിസം മേഖലയിൽ ബ്രിക്‌സ് രാജ്യങ്ങൾക്ക് അപാരമായ സാധ്യതകളുണ്ടെന്നും, ഇക്കോടൂറിസം ഉൾപ്പെടെയുള്ള സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ ടൂറിസത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും അംഗങ്ങൾ നിരവധി സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുവെന്നും അംഗീകരിച്ചുകൊണ്ട് ടൂറിസം വർക്കിംഗ് ഗ്രൂപ്പിന്റെ പ്രവർത്തന ഫലങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. 2024-ൽ അംഗത്വ വിപുലീകരണം വഴി ഇത് കൂടുതൽ മെച്ചപ്പെടുത്തിയതിനാൽ സഹകരണത്തിനും ബ്രിക്‌സ് രാജ്യങ്ങൾക്കുള്ളിൽ യാത്രകൾ വർദ്ധിപ്പിക്കുന്നതിനും പുതിയ അവസരങ്ങൾ ഉണ്ടായി. അംഗരാജ്യങ്ങൾക്കിടയിലെ ഐക്യവും പരസ്പരപൂരകങ്ങളായ ഘടകങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള പ്രാദേശിക ടൂറിസം തന്ത്രങ്ങളുടെ പ്രോത്സാഹനം; പൊതുവായ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഒരു മാർഗമായി സുസ്ഥിര, പ്രതിരോധശേഷിയുള്ള, പുനരുജ്ജീവന ശേഷിയുള്ള ടൂറിസത്തിന്റെ പുരോഗതി; പ്രാദേശിക വികസനത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും വാഹകരായി സഞ്ചാരികളായ ഡിജിറ്റൽ വിദഗ്ധരുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തൽ എന്നിവയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു . ബ്രിക്‌സ് സഹകരണം വികസിപ്പിക്കുന്നതിനും, നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ടൂറിസം അർത്ഥവത്തായ സംഭാവന നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും സ്ഥിരീകരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുകയും സുസ്ഥിരവും നീതിയുക്തവും സമഗ്രവുമായ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
നമ്മുടെ ഭൂമിയെയും ഭാവിയെയും ഭീഷണിപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനം പോലുള്ള വെല്ലുവിളികളെ നേരിടുന്നതിന് ബഹുരാഷ്ട്രവാദം അനിവാര്യമാണെന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു. പാരീസ് കരാറിന്റെയും UNFCCC യുടെ ലക്ഷ്യങ്ങളുടെയും ഫലങ്ങൾ കൈവരിക്കുന്നതിൽ ഞങ്ങൾ ഐക്യത്തോടെ തുടരാൻ ദൃഢനിശ്ചയം ചെയ്യുന്നു. കൂടാതെ UNFCCC യുടെയും അതിന്റെ പാരീസ് കരാറിന്റെയും കക്ഷികൾ എന്ന നിലയിൽ നിലവിലുള്ള പ്രതിജ്ഞാബദ്ധത ഉയർത്തിപ്പിടിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള നിലവിലെ ശ്രമങ്ങൾ വർദ്ധിപ്പിക്കാനും എല്ലാ അംഗ രാജ്യങ്ങളോടും ആഹ്വാനം ചെയ്യുന്നു.
ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കൽ (ലഘൂകരണം), കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാൻ രാജ്യങ്ങളെ സഹായിക്കൽ (അഡാപ്റ്റേഷൻ),
വികസ്വര രാജ്യങ്ങളെ വിഭവങ്ങളും ധനസഹായവും ഉപയോഗിച്ച് പിന്തുണയ്ക്കൽ എന്നിവയിലൂടെ പാരീസ് ഉടമ്പടി പൂർണ്ണമായും നടപ്പിലാക്കാനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
വ്യത്യസ്ത ദേശീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ , തുല്യതയുള്ളതും പൊതുവായതും എന്നാൽ വ്യത്യസ്തവുമായ ഉത്തരവാദിത്വങ്ങളുടെയും കഴിവുകളുടെയും തത്വം പ്രതിഫലിപ്പിച്ചു കൊണ്ടായിരിക്കും ഈ നടപടികൾ. ഇക്കാര്യത്തിൽ, ബ്രസീലിലെ ബെലെം നഗരത്തിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ചട്ടക്കൂട് കൺവെൻഷൻ (UNFCCC) COP-30 യുടെ അധ്യക്ഷതയ്ക്ക് ഞങ്ങൾ പൂർണ്ണ പിന്തുണ അറിയിക്കുന്നു. ഓരോ രാജ്യത്തിന്റെയും അംഗത്വവും അതിന്റെ കീഴിലുള്ള പ്രതിജ്ഞാബദ്ധതകളും കണക്കിലെടുക്കുമ്പോൾ UNFCCC യുടെ ബാധകമാകുന്ന എല്ലാ സ്തംഭങ്ങളിലും പ്രവർത്തനത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം ഇത് എടുത്തുകാണിക്കുന്നു. UNFCCC യും അതിന്റെ പാരീസ് കരാറും നടപ്പിലാക്കുന്നതിനെ ഉത്തേജിപ്പിക്കുന്ന ഒരു വിജയകരമായ COP30 യ്ക്കുള്ള പൂർണ്ണ പ്രതിജ്ഞാബദ്ധതയും ഞങ്ങൾ എടുത്തുപറയുന്നു . 2028 ൽ COP 33 ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
സുസ്ഥിര വികസനത്തിന്റെയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെയും പശ്ചാത്തലത്തിൽ, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ ആഗോള പ്രതികരണം ഉണ്ടാകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിയന്തിരാവസ്ഥ മനസ്സിലാക്കിക്കൊണ്ട് ഞങ്ങളുടെ ദൃഢനിശ്ചയത്തിന്റെ പ്രസ്താവനയായി ബ്രിക്‌സ് കാലാവസ്ഥാ നേതൃത്വ അജണ്ടയെ അംഗീകരിക്കുന്നു.
ബ്രിക്‌സ് വികസന ആവശ്യങ്ങളെയും മുൻഗണനകളെയും പിന്തുണയ്ക്കുന്ന പരിഹാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെയും യുഎൻഎഫ്‌സിസിസിയുടെയും അതിന്റെ പാരീസ് കരാറിന്റെയും പൂർണ്ണമായ നടത്തിപ്പിനായി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെയും പരസ്പര ശാക്തീകരണത്തിലൂടെ കൂട്ടായ നേതൃത്വം ഞങ്ങൾ ഉയർത്തിക്കാട്ടുന്നു. മെച്ചപ്പെട്ട ഭാവിക്കായി കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഒരു ഭരണം രൂപപ്പെടുത്താൻ ബഹുരാഷ്ട്രവാദത്തിനും ഗ്ലോബൽ സൗത്ത് സഹകരണത്തിനും കഴിയുമെന്ന് ഈ ഫലം തെളിയിക്കുന്നുവെന്ന് ഞങ്ങൾ എടുത്തുപറയുന്നു.
കാലാവസ്ഥാഅനുയോജ്യ പ്രവർത്തനവും സുസ്ഥിര വികസനവും സംയോജിപ്പിക്കുന്ന നീതിയുക്തമായ പരിവർത്തന പാതകൾ സാധ്യമാക്കുന്നതിന് വികസ്വര രാജ്യങ്ങൾക്ക് പ്രാപ്യവും സമയബന്ധിതവും താങ്ങാനാവുന്നതുമായ നിരക്കിൽ കാലാവസ്ഥാ ധനസഹായം ഉറപ്പാക്കേണ്ടത് നിർണായകമാണെന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു. UNFCCC യുടെയും അതിന്റെ പാരീസ് കരാറിന്റെയും കീഴിലുള്ള വിഭവങ്ങളുടെ വിതരണവും സമാഹരണവും വികസിത രാജ്യങ്ങൾക്ക്, വികസ്വര രാജ്യങ്ങളോടുള്ള ഉത്തരവാദിത്വമാണെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു. ബഹുരാഷ്ട്രവാദത്തിനും അന്താരാഷ്ട്ര സഹകരണത്തിനും പ്രതിജ്ഞാബദ്ധരും കൂടുതൽ ന്യായവും സുസ്ഥിരവുമായ ഒരു അന്താരാഷ്ട്ര പണ -സാമ്പത്തിക സംവിധാന സമാഹരണത്തിന് നേതൃത്വം നൽകാൻ ബാധ്യസ്ഥരുമായ ഞങ്ങൾ, കാലാവസ്ഥാ ധനകാര്യത്തെക്കുറിച്ചുള്ള കക്ഷി നേതാക്കളുടെ ചട്ടക്കൂട് പ്രഖ്യാപനം അംഗീകരിക്കുന്നു. കൂടാതെ അനുയോജ്യമായ കാലാവസ്ഥാ നടപടി ഏവർക്കും അഭിവൃദ്ധിയും മികച്ച ഭാവിയും നൽകുമെന്ന് തെളിയിക്കുന്നതിന് ഞങ്ങളുടെ സാമ്പത്തിക ശക്തിയും നൂതനാശയങ്ങളും ഉപയോഗപ്പെടുത്തുന്നു. UNFCCC യുടെയും അതിന്റെ ക്യോട്ടോ പ്രോട്ടോക്കോളിന്റെയും പാരീസ് കരാറിന്റെയും ലക്ഷ്യങ്ങൾ, തത്വങ്ങൾ, വ്യവസ്ഥകൾ, തുല്യത, പൊതുവായതും എന്നാൽ വ്യത്യസ്തവുമായ ഉത്തരവാദിത്വങ്ങൾ, വ്യത്യസ്ത ദേശീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ അതത് രാജ്യങ്ങളുടെ ശേഷികൾ എന്നിവ ഉൾപ്പെടെ, മാനിക്കപ്പെടണമെന്ന് ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നു.
ഹരിതഗൃഹ വാതക ബഹിർഗമനം വിലയിരുത്തുന്നതിന് പരസ്പരം അംഗീകരിക്കപ്പെട്ട രീതിശാസ്ത്രങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഉപയോഗത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. കൂടുതൽ സന്തുലിതമായ ഒരു അന്താരാഷ്ട്ര സമീപനത്തിലൂടെ കാർബൺ അക്കൗണ്ടിംഗ് അധിഷ്ഠിത സംവിധാനങ്ങൾ, മാനദണ്ഡങ്ങൾ, രീതിശാസ്ത്രങ്ങൾ എന്നിവയുടെ രൂപകൽപ്പനയ്ക്ക് വഴികാട്ടുന്നതിനായി , ഉൽപ്പന്നങ്ങളിലും സൗകര്യങ്ങളിലും ന്യായവും സമഗ്രവും സുതാര്യവുമായ കാർബൺ അക്കൗണ്ടിംഗിനായുള്ള ബ്രിക്‌സ് തത്വങ്ങൾ സ്വീകരിച്ചതിനെ ഞങ്ങൾ ഒരു പ്രധാന ബ്രിക്‌സ് സംഭാവനയായി അഭിനന്ദിക്കുന്നു. പ്രത്യേക മേഖലകളിലും എല്ലാ ഹരിതഗൃഹ വാതകങ്ങളിലും ഈ തത്വങ്ങളുടെ സന്ദർഭോചിതവൽക്കരണം, കാർബൺ അക്കൗണ്ടിംഗ് ഉൾപ്പെടുന്ന നയ ചട്ടക്കൂടുകളെ പിന്തുണയ്ക്കുന്നതിനുള്ള അവയുടെ സാധ്യത എന്നിവ പോലുള്ള കൂടുതൽ പ്രവർത്തനങ്ങളിലൂടെ കാർബൺ അക്കൗണ്ടിംഗിലെ പരിഹരിക്കാവുന്ന വിടവുകൾ തിരിച്ചറിയുന്നതിന്റെ അനിവാര്യതയും എടുത്തുപറയുന്നു. കാലാവസ്ഥാ വ്യതിയാന ലഘൂകരണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ സഹകരണത്തിനുള്ള ക്രമീകരണം മെച്ചപ്പെടുത്തുന്നതിനായി ബൗദ്ധിക സ്വത്തവകാശ സാധ്യതകൾ സംബന്ധിച്ച ബ്രിക്‌സ് റിപ്പോർട്ട് സ്വീകരിച്ചത് ഞങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നു . കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഇത്തരം സഹകരണ ക്രമീകരണങ്ങൾ ഭാവിയിൽ ബ്രിക്‌സ് അംഗരാജ്യങ്ങൾ പരിഗണിക്കാൻ സാധ്യതയുള്ളതാണ്. കാലാവസ്ഥാ മാറ്റ നിയന്ത്രണ പ്രവർത്തനത്തിന് നിർണായകമായ ഒരു ഘടകമായി സാങ്കേതികവിദ്യയുടെ വികസനവും കൈമാറ്റവും പിന്തുണയ്ക്കുന്നത് ഇത് ലക്ഷ്യമിടുന്നു.
എല്ലാ രാജ്യങ്ങളിലും, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ, സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും കാരണമാകുന്ന, പിന്തുണ നൽകുന്നതും തുറന്നതുമായ ഒരു അന്താരാഷ്ട്ര സാമ്പത്തിക സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന് വിശാലമായ ഒരു സഹകരണം ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങൾ മികച്ചരീതിയിൽ പരിഹരിക്കാൻ അവരെ പ്രാപ്തരാക്കുന്നു. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് സ്വീകരിക്കുന്ന ഏകപക്ഷീയമായവ ഉൾപ്പെടെയുള്ള നടപടികൾ അന്യായമോ വിവേചനത്തിനോ അന്താരാഷ്ട്ര വ്യാപാരത്തിൽ പരോക്ഷ നിയന്ത്രണത്തിനോ വഴിയൊരുക്കരുത് എന്ന് ഊന്നിപ്പറയുന്നു.
വ്യാപാരവും പാരിസ്ഥിതിക സവിശേഷതകളും സംയോജിപ്പിക്കുന്ന സങ്കര സ്വഭാവമുള്ള നിയമനടപടികൾ മുന്നോട്ടുവയ്ക്കുന്ന സാധ്യതകളും വെല്ലുവിളികളും തിരിച്ചറിഞ്ഞുകൊണ്ട്, പരിസ്ഥിതി ലക്ഷ്യങ്ങളുടെ പശ്ചാത്തലത്തിൽ ഏകപക്ഷീയമായ വ്യാപാര നടപടികളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തിൽ അവർ ശക്തമായി ആശങ്ക പ്രകടിപ്പിക്കുകയും എതിർക്കുകയും ചെയ്തു. കൂടാതെ, വ്യാപാര, പരിസ്ഥിതി നയങ്ങളിൽ പരസ്പര പിന്തുണയുള്ള സമീപനങ്ങളിൽ സഹകരണം സാധ്യമാക്കുന്നതിനുള്ള ഒരു വേദിയായി വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം എന്നിവയ്ക്കായുള്ള ബ്രിക്‌സ് ലബോറട്ടറി സ്ഥാപിച്ചതിനെ അവർ സ്വാഗതം ചെയ്തു. വ്യാപാരത്തിന്റെ നേട്ടങ്ങൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനും, ഏകപക്ഷീയമായ നടപടികൾക്ക് സംയുക്തമായി പ്രതികരിക്കാനും, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള ശ്രമങ്ങൾക്ക് സംഭാവന നൽകാനും ബ്രിക്സ് അംഗങ്ങൾക്ക് കഴിയുമെന്ന് ഇത് ഉറപ്പാക്കുന്നു.
ബ്രിക്‌സ് കാലാവസ്ഥാ ഗവേഷണ സംവിധാത്തിന്റെ നിബന്ധനകൾ അംഗീകരിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബ്രിക്‌സ് അംഗരാജ്യങ്ങൾക്കിടയിൽ കാഴ്ചപ്പാടുകളുടെയും അറിവിന്റെയും മികച്ച രീതികളുടെയും ശാസ്ത്രീയവും വിദഗ്ദ്ധവുമായ കൈമാറ്റം വർദ്ധിപ്പിക്കുന്നതിനുള്ള അർത്ഥവത്തായ സംഭാവനയായി ഇതിനെ അംഗീകരിക്കുന്നു.
കാലാവസ്ഥാ വ്യതിയാന പ്രതിരോധ ശ്രമങ്ങളിലേക്ക് സ്വകാര്യ - പൊതു നിക്ഷേപങ്ങളെ നയിക്കാന്‍ വഴിയൊരുക്കുന്നതിലൂടെ ലഘൂകരണ നടപടികളിൽ താല്പര്യം ജനിപ്പിക്കാനും സുസ്ഥിര വികസനവും പരിസ്ഥിതി സമഗ്രതയും പ്രോത്സാഹിപ്പിക്കാനുമുള്ള സുപ്രധാന മാര്‍ഗമായി പാരീസ് ഉടമ്പടിയുടെ അനുച്ഛേദം 6 ഞങ്ങൾ അംഗീകരിക്കുന്നു. ഈ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ, സ്വകാര്യ മേഖലയുടെ ഇടപെടല്‍ ഉത്തേജിപ്പിക്കാനും സാങ്കേതിക കൈമാറ്റം പ്രോത്സാഹിപ്പിക്കാനും പൊതു സാമ്പത്തിക പ്രവാഹം സമ്പൂര്‍ണമാക്കാനും സാധിക്കും. ശേഷി വർദ്ധനയിലും അനുഭവ കൈമാറ്റത്തിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ബ്രിക്സ് കാർബൺ വിപണി പങ്കാളിത്തം സംബന്ധിച്ച ധാരണാപത്രത്തിലെ വ്യവസ്ഥകളും കാർബൺ വിപണി രംഗത്ത് സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യവും ഞങ്ങൾ അടിവരയിടുന്നു. ലഘൂകരണ ശ്രമങ്ങൾ പൂർത്തീകരിക്കുന്നതിലും അവശ്യ വിഭവ സമാഹരണത്തിലുമടക്കം ബ്രിക്സ് അംഗങ്ങളുടെ കാലാവസ്ഥാ തന്ത്രങ്ങള്‍ക്ക് പിന്തുണയേകുന്ന സഹകരണ സമീപനമായി ഇത് നടപ്പാക്കാന്‍ ഞങ്ങൾ പ്രത്യാശ പ്രകടിപ്പിക്കുന്നു.
ഏകപക്ഷീയവും വിവേചനപരവുമായ കാർബൺ അതിര്‍ത്തി ക്രമീകരണ നടപടികള്‍ (സിബിഎഎം), വന നശീകരണ നിയന്ത്രണം, ജാഗ്രതാ പരിശോധന സംബന്ധിച്ച നിബന്ധനകൾ, നികുതികളും മറ്റ് നടപടിക്രമങ്ങളും തുടങ്ങി പരിസ്ഥിതി ആശങ്കകളുടെ മറവിൽ അന്താരാഷ്ട്ര നിയമത്തിനനുസൃതമല്ലാത്ത ഏകപക്ഷീയവും ശിക്ഷാപരവും വിവേചനപൂര്‍ണവുമായ സംരക്ഷണ നടപടികളെ ഞങ്ങൾ നിരസിക്കുന്നു. കാലാവസ്ഥയെയോ പരിസ്ഥിതിയെയോ അടിസ്ഥാനമാക്കി ഏകപക്ഷീയ വ്യാപാര നടപടികൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട സിഒപി-28 ലെ ആഹ്വാനത്തിന് ഞങ്ങളുടെ പൂർണപിന്തുണ ആവര്‍ത്തിക്കുന്നു. ആഗോള വിതരണ - ഉല്പാദന ശൃംഖലകളെ മനഃപൂർവം തടസപ്പെടുത്തുകയും മത്സരത്തെ താളംതെറ്റിക്കുകയും ചെയ്യുന്ന ഏകപക്ഷീയ സംരക്ഷണ നടപടികളെയും ഞങ്ങൾ എതിർക്കുന്നു.
പ്രധാന ഊർജോല്പാദകരും ഉപഭോക്താക്കളുമെന്ന നിലയിൽ പങ്കാളിത്ത ഉത്തരവാദിത്തം അംഗീകരിച്ച്, ദേശീയ സാഹചര്യങ്ങൾക്കനുസൃതമായി, നീതിയുക്തവും സമഗ്രവുമായ ഊർജ പരിവർത്തനങ്ങൾ ഉറപ്പാക്കാനും ഏഴാം സുസ്ഥിര വികസന ലക്ഷ്യത്തില്‍ (SDG-7) വിവരിക്കുന്നപോലെ എല്ലാവർക്കും താങ്ങാവുന്ന വിശ്വസനീയ - സുസ്ഥിര - ആധുനിക ഊർജം സാർവത്രികമായി ലഭ്യമാക്കാനുമുള്ള പ്രതിബദ്ധത ഞങ്ങൾ ആവര്‍ത്തിച്ചുറപ്പിക്കുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്താന്‍ ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുതിർന്ന ഊർജ ഉദ്യോഗസ്ഥരടങ്ങുന്ന ബ്രിക്സ് കമ്മിറ്റിയുടെയും ബ്രിക്സ് ഊർജ ഗവേഷണ സഹകരണ വേദിയുടെയും ഫലപ്രദ പ്രവർത്തനം സ്വാഗതം ചെയ്യുന്നതിനൊപ്പം 2025–2030-ലെ ബ്രിക്സ് ഊർജ സഹകരണത്തിന്റെ പുതുക്കിയ ആസൂത്രണത്തിലും (Roadmap for BRICS Energy Cooperation 2025– 2030), ഊർജ സേവനങ്ങളും നവസുസ്ഥിര ഇന്ധനങ്ങളും പ്രാപ്യമാക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകളുടെ (Reports on Access to Energy Services and New and Sustainable Fuels) തുടർച്ചയായ വികസനത്തിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജൂൺ 9, 10 തീയതികളിൽ ബ്രസീലിയയിൽ നടന്ന ഏഴാമത് ബ്രിക്സ് യുവ ഊർജ ഉച്ചകോടിയെയും ഞങ്ങൾ ഉള്‍ക്കൊള്ളുന്നു.
സാമൂഹ്യ - സാമ്പത്തിക വികസനത്തിനും ദേശീയ സുരക്ഷയ്ക്കും സര്‍വരാഷ്ട്ര ക്ഷേമത്തിനും ഊർജസുരക്ഷ നിർണായക അടിത്തറയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഊർജവിപണിയുടെ സുസ്ഥിരത ഉറപ്പാക്കിയും വൈവിധ്യമാർന്ന സ്രോതസ്സുകളില്‍നിന്ന് തടസരഹിത ഊർജപ്രവാഹം നിലനിർത്തിയും മൂല്യ ശൃംഖലകൾ ശക്തിപ്പെടുത്തിയും അതിർത്തി കടന്നുള്ള അടിസ്ഥാന സൗകര്യങ്ങളടക്കം നിർണായക ഊർജ അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിരോധാത്മകതയും സംരക്ഷണവും ഉറപ്പാക്കിയും ഊർജസുരക്ഷ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ഉയർത്തിക്കാട്ടുന്നു. ലോകത്തെ ഊർജ മിശ്രണത്തിൽ വളർന്നുവരുന്ന വിപണികൾക്കും വികസ്വര സമ്പദ്‌വ്യവസ്ഥകൾക്കുമടക്കം ഫോസിൽ ഇന്ധനങ്ങൾ ഇപ്പോഴും സുപ്രധാന പങ്കുവഹിക്കുന്നുവെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. കൂടാതെ കാലാവസ്ഥാ ലക്ഷ്യങ്ങൾക്കും സുസ്ഥിര വികസന ലക്ഷ്യം 7-നും പുറമെ, ദേശീയ സാഹചര്യങ്ങളും ആവശ്യകതകളും മുന്‍ഗണനകളും പരിഗണിച്ച് പൊതു-വ്യത്യസ്ത ഉത്തരവാദിത്തങ്ങള്‍ക്കനുസൃതമായി നീതിയുക്തവും, ക്രമീകൃതവും, തുല്യവും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഊർജ പരിവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കേണ്ടതിന്റെയും ആവശ്യകത ഞങ്ങള്‍ തിരിച്ചറിയുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിലെയും ഊർജ പരിവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലെയും പരസ്പരബന്ധം തിരിച്ചറിഞ്ഞ് UNFCCC-യ്ക്കും അതിന്റെ പാരീസ് ഉടമ്പടിയ്ക്കും ദേശീയ സാഹചര്യങ്ങൾക്കും അനുസൃതമായി സുസ്ഥിര സാമ്പത്തിക വികസനം വളർത്തിയെടുക്കാന്‍ പങ്കാളിത്ത പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു.
ഊർജ പരിവർത്തനത്തിന്റെ ധനസഹായ വിടവ് നികത്താന്‍ ധനസഹായ ലഭ്യതയിലും നിക്ഷേപം വർധിപ്പിക്കുന്നതിലും സഹകരണം ഉത്തേജിപ്പിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ അടിവരയിടുന്നു. പരിവർത്തന ധനസഹായം എന്ന ആശയം പരിഗണിക്കുമ്പോൾ പാരീസ് ഉടമ്പടിക്കും അതിന്റെ തത്വങ്ങൾക്കും അനുസൃതമായി നീതിയുക്തവും സമഗ്രവുമായ ഊർജ പരിവർത്തനത്തിന് വികസിത രാജ്യങ്ങളിൽ നിന്ന് വികസ്വര രാജ്യങ്ങൾക്ക് മതിയായതും മുന്‍കൂര്‍ നിശ്ചിതവും പ്രാപ്യവുമായ ധനസഹായം കുറഞ്ഞ നിരക്കിലും ഇളവിലും അനുവദിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. വിപണികളിലേക്കും സാങ്കേതികവിദ്യകളിലേക്കും കുറഞ്ഞ പലിശനിരക്കില്‍ ധനസഹായത്തിലേക്കും വിവേചനരഹിതമായ പ്രവേശം സുസ്ഥിര വികസനത്തിന് അനിവാര്യമാണെന്ന് ഞങ്ങൾ പ്രത്യേകം പരാമര്‍ശിക്കുന്നു.
ഊർജ വിതരണ ശൃംഖലകളുടെ പുറന്തള്ളല്‍രഹിതമോ പുറന്തള്ളല്‍ കുറഞ്ഞതോ ആയ ഊര്‍ജ സാങ്കേതികവിദ്യകൾ, ഊർജസുരക്ഷ, പ്രതിരോധശേഷി എന്നിവ വികസിപ്പിക്കുന്നതിൽ നിർണായക ധാതുക്കളുടെ സുപ്രധാന പങ്ക് ഞങ്ങൾ തിരിച്ചറിയുന്നു. വിഭവസമ്പന്ന രാജ്യങ്ങളിൽ ആനുകൂല്യങ്ങളുടെ പങ്കിടൽ, മൂല്യവർദ്ധന, സാമ്പത്തിക വൈവിധ്യവൽക്കരണം എന്നിവ ഉറപ്പാക്കാന്‍ അത്തരം ധാതുക്കളുടെ വിശ്വസനീയവും ഉത്തരവാദിത്തപൂര്‍ണവും വൈവിധ്യാത്മകവും സുസ്ഥിരവും ന്യായവും നീതിയുക്തവുമായ വിതരണ ശൃംഖലകൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ അംഗീകരിക്കുന്നു. അതേസമയം അവരുടെ ധാതു വിഭവങ്ങള്‍ക്കുമേല്‍ നിയമാനുസൃത പൊതുനയ ലക്ഷ്യങ്ങള്‍ പിന്തുടരാനാവശ്യമായ നടപടികൾ കൈക്കൊള്ളാനും പരിപാലിക്കാനും നടപ്പാക്കാനുമുള്ള അവകാശവും പരമാധികാര അവകാശങ്ങളും പൂർണമായി സംരക്ഷിക്കുന്നു.
സുസ്ഥിര ഭാവിയ്ക്കും എല്ലാവർക്കും തുല്യവും നീതിയുക്തവുമായ മാറ്റങ്ങള്‍ക്കും വേണ്ടി നടത്തുന്ന ആഗോള ശ്രമങ്ങൾക്ക് സംഭാവന നൽകാന്‍ ബ്രിക്‌സിനകത്തും ബ്രിക്സ് മുഖാന്തരവുമുള്ള സഹകരണം അടിസ്ഥാനപരമാണെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു. ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിര ഉപയോഗവും, ജനിതക വിഭവങ്ങളുടെ ഉപയോഗ നേട്ടങ്ങളുടെ ന്യായവും തുല്യവുമായ പങ്കിടല്‍, ജൈവ വൈവിധ്യം സംബന്ധിച്ച കൺവെൻഷനും ചട്ടങ്ങളും, കുൻമിങ്-മോൺട്രിയൽ ആഗോള ജൈവവൈവിധ്യ ചട്ടക്കൂടും ഫലപ്രദമായി നടപ്പാക്കല്‍ എന്നിവയുടെ പ്രാധാന്യം ഞങ്ങൾ അടിവരയിടുന്നു. കുൻമിങ് ജൈവവൈവിധ്യ ഫണ്ടിന്റെ രൂപീകരണത്തെയും ചൈനീസ് സർക്കാർ നൽകിയ സംഭാവനയെയും അഭിനന്ദിക്കുന്നതിനൊപ്പം വികസ്വര രാജ്യങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണത്തിന് പിന്തുണ നൽകുന്നതിൽ അതിന്റെ സുപ്രധാന പങ്കിനെയും കുൻമിങ്-മോൺട്രിയൽ ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് നടപ്പാക്കുന്നതിലെ വലിയ സംഭാവനയെയും ഞങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നു. വിഭവ സമാഹരണം മുന്നോട്ടുകൊണ്ടുപോകുന്നതിലടക്കം COP-16 ചർച്ചകളിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സജീവ പങ്കിനെ ഞങ്ങൾ തിരിച്ചറിയുന്നു. വികസ്വര രാജ്യങ്ങൾക്ക് മതിയായതും ഫലപ്രദവും മുന്‍കൂര്‍ നിശ്ചിതവും സമയബന്ധിതവും പ്രാപ്യവുമായ സാമ്പത്തിക വിഭവങ്ങൾ ഉറപ്പാക്കാനും ജൈവവൈവിധ്യ ഉപയോഗ നേട്ടങ്ങളുടെ ന്യായവും തുല്യവുമായ പങ്കിടലിന് ശേഷി വർദ്ധന, വികസനം, വികസ്വര രാജ്യങ്ങൾക്ക് സാങ്കേതികവിദ്യ കൈമാറ്റം എന്നിവ മെച്ചപ്പെടുത്താനും വികസിത രാജ്യങ്ങളോട് ഞങ്ങൾ ആവശ്യപ്പെടുന്നു. ജൈവവൈവിധ്യ സംരക്ഷണത്തിലും ജലാശയങ്ങളും മണ്ണും പരിപാലിക്കുന്നതിലും സാമ്പത്തിക മേഖലകൾക്ക് മൂല്യമേറിയ മരത്തടിയും ഇതര വന ഉൽപ്പന്നങ്ങളും നൽകുന്നതിലും ജലചക്രങ്ങൾ നിയന്ത്രിക്കുന്നതിലും മരുഭൂവല്‍ക്കരണത്തിനെതിരെ പോരാടുന്നതിലും സുപ്രധാന കാർബൺ ആഗിരണകേന്ദ്രങ്ങളായി നിലകൊള്ളുന്നതിലും ഉഷ്ണമേഖലാ വനങ്ങളടക്കം എല്ലാത്തരം വനങ്ങളുടെയും നിർണായക പങ്ക് ഞങ്ങൾ അടിവരയിടുന്നു. അവശ്യ ഉഷ്ണമേഖലാ ആവാസവ്യവസ്ഥകളുടെ സംരക്ഷണവും സുസ്ഥിര നിര്‍വഹണവും പുനഃസ്ഥാപനവും പ്രോത്സാഹിപ്പിക്കുന്ന "നമ്മുടെ വനങ്ങള്‍ക്കായി ഒന്നിച്ച്" (United for Our Forests) സംരംഭവും ഞങ്ങൾ അംഗീകരിക്കുന്നു. അപൂർവ ഇനം ജീവജാലങ്ങളെ സംരക്ഷിക്കുന്ന വിവിധ രാജ്യങ്ങളുടെ ശ്രമങ്ങളെ പ്രശംസിക്കുന്നതിനൊപ്പം, വലിയ മാര്‍ജാരവർഗ്ഗ ജന്തുക്കളുടെ ദുര്‍ബലസാഹചര്യം പരിഗണിച്ച്, ഇന്ത്യ തുടക്കം കുറിച്ച അന്താരാഷ്ട്ര ബിഗ് ക്യാറ്റ് സഖ്യത്തെ അംഗീകരിച്ച് വലിയ മാര്‍ജാരവിഭാഗത്തിന്റെ സംരക്ഷണത്തിന് ഒരുമിച്ച് പ്രവർത്തിക്കാന്‍ ബ്രിക്സ് രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ബെലെമിൽ ട്രോപ്പിക്കൽ ഫോറസ്റ്റ് ഫോറെവർ സൗകര്യം ആരംഭിക്കുന്ന COP30-ലെ പദ്ധതികളെ സ്വാഗതം ചെയ്യുന്നതിനൊപ്പം, ഉഷ്ണമേഖലാ വന സംരക്ഷണത്തിന് ദീർഘകാലവും ഫലാധിഷ്ഠിതവുമയ ധനസഹായം സമാഹരിക്കാന്‍ രൂപകൽപ്പന ചെയ്ത നൂതന സംവിധാനമായി ഇതിനെ ഞങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നു. ഈ സൗകര്യത്തിന്റെ മൂലധനവൽക്കരണവും സമയബന്ധിത പ്രവർത്തനക്ഷമതയും ഉറപ്പാക്കാന്‍ സംഭാവന നല്‍കാനാവുന്ന രാജ്യങ്ങളെ മികച്ച സഹായങ്ങള്‍ പ്രഖ്യാപിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
സുസ്ഥിര വനപരിപാലന-ഭരണനിര്‍വഹണ രംഗങ്ങളില്‍ ശാസ്ത്രീയ ഗവേഷണവും നൂതന സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിലും വനവുമായി ബന്ധപ്പെട്ട വെല്ലുവിളികളും ലക്ഷ്യങ്ങളും വിജയകരമായി പരിഹരിക്കുന്നതിലെ മികച്ച അനുഭവപരിചയത്തിലും ബ്രിക്സ് രാജ്യങ്ങൾക്ക് ഗണ്യമായ വൈദഗ്ധ്യമുണ്ടെന്ന് ഞങ്ങൾ ആവര്‍ത്തിച്ചുറപ്പിക്കുന്നു. വനവൽക്കരണത്തിലും വനവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങള്‍ സംബന്ധിച്ച അനുഭവങ്ങള്‍ പങ്കിടുന്നതിലും ഗവേഷണം നടത്തുന്നതിലും ബ്രിക്സ് സഹകരണം മെച്ചപ്പെടുത്തുന്നത് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു.
പരിസ്ഥിതി സഹകരണം സംബന്ധിച്ച ധാരണാപത്രത്തിനും ബ്രിക്‌സ് പരിസ്ഥിതി മേഖലയില്‍ വികസിപ്പിച്ചെടുത്ത മറ്റ് സഹകരണ സംവിധാനങ്ങൾക്കും കീഴിൽ പരിസ്ഥിതി സഹകരണം മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ പ്രത്യേകം പരാമര്‍ശിക്കുന്നു. ‘ബ്രിക്‌സ് പരിസ്ഥിതി പൂര്‍ണ സാങ്കേതിക പ്ലാറ്റ്‌ഫോം (BRICS Environmentally Sound Technology Platform - BEST)’, ‘ബ്രിക്‌സ് സംശുദ്ധ നദികള്‍’ (BRICS Clean Rivers), "ബ്രിക്‌സ് നഗര പാരിസ്ഥിതിക സുസ്ഥിരതാ പങ്കാളിത്തം ’ (BRICS Partnership for Urban Environmental Sustainability) എന്നിവ ഇതിലുൾപ്പെടുന്നു. പരിസ്ഥിതി പ്രശ്‌നപരിഹാരങ്ങളില്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉൾച്ചേര്‍ക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുമ്പോള്‍ ഒരു ‘ബ്രിക്‌സ് യുവ പരിസ്ഥിതി ശൃംഖല’ സൃഷ്ടിക്കുന്നതിന്റെ സാധ്യത തേടാന്‍ ഞങ്ങൾ ലക്ഷ്യമിടുന്നു.
മരുഭൂവല്‍ക്കരണം, ഭൗമനശീകരണം, വരൾച്ച, മണൽ - പൊടിക്കാറ്റുകൾ എന്നിവ തദ്ദേശീയ ജനങ്ങളും പ്രാദേശിക സമൂഹങ്ങളുമടക്കം ദുർബല സാഹചര്യങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനും ഉപജീവനമാർഗങ്ങള്‍ക്കും ഗുരുതര ഭീഷണി ഉയർത്തുന്നുവെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ആഫ്രിക്കയുള്‍പ്പെടെ ഗുരുതര വരൾച്ചയോ മരുഭൂവല്‍ക്കരണമോ അനുഭവിക്കുന്ന രാജ്യങ്ങളിൽ മരുഭൂവല്‍ക്കരണം ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭ കൺവെൻഷൻ (UNCDC) വേണ്ട വിധം നടപ്പാക്കുന്നതിന് സാമ്പത്തിക സ്രോതസ്സുകൾ വർദ്ധിപ്പിക്കാനും സുസ്ഥിര വികസന ലക്ഷ്യം 15-ന് കീഴില്‍ 15.3-ലെ പ്രധാന ലക്ഷ്യമായ ഭൂക്ഷയ സന്തുലനം (LDN) പിന്തുടരുന്നതിൽ വികസ്വര രാജ്യങ്ങൾക്ക് പിന്തുണ ശക്തിപ്പെടുത്താനും ഞങ്ങൾ വികസിത രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നു.
പ്ലാസ്റ്റിക് മലിനീകരണത്തെ അഭിമുഖീകരിക്കുന്നതിലൂടെ പരിസ്ഥിതി പ്രതിരോധമാര്‍ജിക്കുന്നതില്‍ ബ്രിക്സ് രാജ്യങ്ങൾക്ക് സുപ്രധാന പങ്കുവഹിക്കാനാവുമെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസഭ പ്രമേയം 5/14 പ്രകാരം വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുത്ത് സമുദ്ര പരിസ്ഥിതിയിലടക്കം പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ന്യായവും ഫലപ്രദവും സന്തുലിതവും നിയമപരവുമായ അന്താരാഷ്ട്ര സംവിധാനത്തിനായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ സഹകരണത്തിന്റെയും സമവായത്തിന്റെയും മനോഭാവത്തില്‍ നടപ്പാക്കലിന്റെ വിവിധ സാഹചര്യങ്ങളെ വിസ്മരിക്കാതെ അടിയന്തരമായും ഐക്യത്തോടെയും ഞങ്ങൾ തുടർന്നും ഇടപെടും. ഓരോ രാജ്യത്തിന്റെയും ദേശീയ സാഹചര്യങ്ങൾ, ശേഷികൾ, പ്രതിബദ്ധതകൾ എന്നിവ കണക്കിലെടുക്കുന്ന അന്താരാഷ്ട്ര സംവിധാനം, ശേഷി വര്‍ദ്ധന, അറിവിന്റെയും സാങ്കേതികവിദ്യയുടെയും കൈമാറ്റം എന്നിവയിലൂടെ മികച്ച പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, വികസ്വര രാജ്യങ്ങളുടെയടക്കം ദേശീയ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ബ്രിക്‌സ് ചട്ടക്കൂടിനകത്ത് പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും സഹകരണം മെച്ചപ്പെടുത്താനും ബഹുരാഷ്ട്രവാദം ഉയർത്തിപ്പിടിക്കാനും ആഗോള പരിസ്ഥിതി ഭരണം ശക്തിപ്പെടുത്താനുമുള്ള പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യനഷ്ടം, മലിനീകരണം എന്നിവ പരിഹരിക്കാന്‍ സ്വീകരിക്കുന്ന ഏകപക്ഷീയമായതടക്കം എല്ലാ നടപടികളും പ്രസക്ത ബഹുരാഷ്ട്ര പരിസ്ഥിതി - വ്യാപാര കരാറുകളുടെ തത്വങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി രൂപകല്പന ചെയ്യുകയും സ്വീകരിക്കുകയും നടപ്പാക്കുകയും വേണം. മറിച്ച് ഏകപക്ഷീയമോ ന്യായീകരിക്കാനാവാത്ത വിവേചനത്തിന്റെയോ അന്താരാഷ്ട്ര വ്യാപാരത്തിൽ മറച്ചുവെച്ച നിയന്ത്രണത്തിന്റെയോ മാർഗമായി അത് മാറരുത്.
വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ സന്തുലിതവും തുല്യവുമായ പ്രാതിനിധ്യം ഉറപ്പാക്കാനും ഈ രാജ്യങ്ങളുടെ പ്രകൃതി മൂലധനത്തിന്റെ മൂല്യത്തിനനുസൃതമായി ആഗോള പരിസ്ഥിതി സൗകര്യങ്ങളുടെ (Global Environment Facility - GEF) ഭരണനിര്‍വഹണം പരിഷ്കരിക്കേണ്ടതിന്റെയും അടിയന്തിര ആവശ്യകത ഞങ്ങൾ പ്രത്യേകം പരാമർശിക്കുന്നു. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും വിഭവലഭ്യത സുഗമമാക്കുന്നതിനുമൊപ്പം മെച്ചപ്പെട്ട ശബ്ദ-വോട്ട് സംവിധാനങ്ങളും തീരുമാനമെടുക്കുന്നതില്‍ വികസ്വര രാജ്യങ്ങളുടെ തുല്യ അവസരങ്ങളുമുറപ്പാക്കി ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിലും സുസ്ഥിര ഉപയോഗത്തിലും നേരിട്ട് ഉൾപ്പെട്ടിരിക്കുന്ന തദ്ദേശീയ ജനതയുടെയും പ്രാദേശിക സമൂഹങ്ങളുടെയുമുള്‍പ്പെടെ പങ്കാളിത്തത്തിനും ഞങ്ങൾ പിന്തുണ നൽകുന്നു.
2025 മെയ് 14-ന് ബ്രസീലിയയിൽ നടന്ന രണ്ടാം ബ്രിക്സ് ഗതാഗത മന്ത്രിമാരുടെ യോഗത്തിലെ അനന്തരഫലങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എല്ലാ പങ്കാളികളുടെയും ആവശ്യങ്ങൾ നിറവേറ്റാനും ബ്രിക്സ് രാജ്യങ്ങളുടെ ഗതാഗത സാധ്യതകൾ വർദ്ധിപ്പിക്കാനും ഗതാഗത സഹകരണത്തില്‍ അംഗരാജ്യങ്ങളുടെ പരമാധികാരവും പ്രദേശിക സമഗ്രതയും ബഹുമാനിക്കാനും ഗതാഗതസംബന്ധമായ സംഭാഷണങ്ങള്‍ കൂടുതൽ പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. സാമ്പത്തിക വളർച്ചയിലും സമ്പര്‍ക്കസൗകര്യങ്ങളിലും പരിസ്ഥിതി സുസ്ഥിരതയിലും ഗതാഗതമേഖലയുടെ നിർണായക പങ്ക് തിരിച്ചറിഞ്ഞ് സുസ്ഥിരവും പ്രതിരോധാത്മകവുമായ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഞങ്ങൾ ആവര്‍ത്തിക്കുന്നു. കൂടുതൽ തുല്യവും ജീവിതയോഗ്യവും ആരോഗ്യകരവും അനുകൂലവും തിരക്ക് കുറഞ്ഞതുമായ നഗര പരിസ്ഥിതി സൃഷ്ടിക്കാന്‍ നഗര പൊതുഗതാഗത വികസനത്തിന്റെയും സജീവ ചലനാത്മകത പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഞങ്ങൾ എടുത്തുപറയുന്നു. നഗര ഗതാഗതത്തില്‍ മലിനീകരണരഹിതമോ മലിനീകരണം കുറഞ്ഞതോ ആയ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഞങ്ങൾ തിരിച്ചറിയുന്നു. വ്യോമയാന - സമുദ്രഗതാഗത മേഖലകളിലും കാർബൺ പുറന്തള്ളല്‍ കുറയ്ക്കുന്നതില്‍ ബ്രിക്സ് അംഗങ്ങൾക്കിടയിലെ സഹകരണത്തിന്റെ പ്രാധാന്യം ഞങ്ങൾ പ്രത്യേകം പരാമര്‍ശിക്കുന്നു. അന്താരാഷ്ട്ര വ്യോമയാന മേഖലയില്‍ കാർബൺ പുറന്തള്ളല്‍ കുറയ്ക്കാനുള്ള മാർഗമായി സുസ്ഥിര വ്യോമയാന ഇന്ധനങ്ങൾ (എസ്എഎഫ്), കാർബൺ കുറഞ്ഞ വ്യോമയാന ഇന്ധനങ്ങൾ (എല്‍സിഎഎഫ്), മറ്റ് സംശുദ്ധ വ്യോമയാന ഊർജം എന്നിവയുടെ പ്രാധാന്യം ഞങ്ങൾ തിരിച്ചറിയുന്നു. സംശുദ്ധ വ്യോമയാന ഊർജത്തിന്റെയും അനുബന്ധ സാങ്കേതികവിദ്യകളുടെയും വികസനത്തിലും വിന്യാസത്തിലും ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ സാങ്കേതിക സഹകരണം ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. വ്യോമ - സമുദ്ര ബന്ധങ്ങൾ വർധിപ്പിക്കുന്നതിലും സമുദ്ര ഗതാഗതത്തില്‍ കാര്‍ബണ്‍ ഉന്മൂലനം പ്രോത്സാഹിപ്പിക്കുന്നതിലും ലോജിസ്റ്റിക്സ് സംയോജനത്തിലും നൂതനാശയങ്ങളിലും സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിലും ഞങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നു.
മാനവിക - സാമൂഹ്യ - സാംസ്കാരിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പങ്കാളിത്തങ്ങൾ
ജനസംഖ്യാ പ്രായ ഘടനയുടെ സ്ഥിതിഗതികള്‍ മാറുകയും വെല്ലുവിളികള്‍ക്കൊപ്പം അവ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് അവസരങ്ങളുയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും അവകാശങ്ങളും നേട്ടങ്ങളും, യുവജന വികസനം, തൊഴിൽ, തൊഴില്‍ഭാവി, നഗരവൽക്കരണം, കുടിയേറ്റം, വാർധക്യം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ജനസംഖ്യാ സംബന്ധ വിഷയങ്ങളില്‍ ബ്രിക്‌സ് സഹകരണം ശക്തിപ്പെടുത്താന്‍ ഞങ്ങൾ പ്രതിജ്ഞാബദ്ധരായിത്തുടരുന്നു.
സമത്വം, പരസ്പര ബഹുമാനം എന്നീ തത്വങ്ങൾക്ക് കീഴിൽ മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും എല്ലാ രാജ്യങ്ങളും സഹകരിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ആവര്‍ത്തിച്ചുറപ്പിക്കുന്നു. വികസനാവകാശം ഉൾപ്പെടെ എല്ലാ മനുഷ്യാവകാശങ്ങളെയും ന്യായമായും തുല്യമായും ഒരേ നിലയിലും ഒരേ ഊന്നലിലും പരിഗണിക്കുന്നത് തുടരും. ഈ സാഹചര്യത്തിൽ പ്രത്യേകം തിരഞ്ഞെടുക്കാതെയും രാഷ്ട്രീയവൽക്കരിക്കാതെയും ഇരട്ടത്താപ്പില്ലാതെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും ക്രിയാത്മക സംഭാഷണവും സഹകരണവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത കണക്കിലെടുത്ത് ബ്രിക്‌സിനകത്തും ബഹുമുഖ വേദികളിലും പൊതു താല്പര്യ വിഷയങ്ങളിൽ സഹകരണം ശക്തിപ്പെടുത്താൻ ഞങ്ങൾ അംഗീകാരം നല്‍കുന്നു. ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും ബഹുമാനിക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ആഗോള ഭരണതലത്തിലും ദേശീയ തലത്തിലും അവ നടപ്പാക്കണമെന്ന് ഞങ്ങൾ അടിവരയിടുന്നു. പരസ്പരം പ്രയോജനകരമായ സഹകരണത്തെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര സമൂഹത്തിന് ശോഭന പങ്കാളിത്ത ഭാവി കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും മൗലിക സ്വാതന്ത്ര്യത്തിന്റെയും പ്രോത്സാഹനവും സംരക്ഷണവും എല്ലാവർക്കും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഞങ്ങൾ ആവര്‍ത്തിക്കുന്നു.
വംശീയത, വംശീയ വിവേചനം, വൈദേശിക വിദ്വേഷം, അനുബന്ധ അസഹിഷ്ണുത എന്നിവയ്‌ക്കെതിരെയും മതവും വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട വിവേചനത്തിനെതിരെയും ലോകമെങ്ങും നിലനില്‍ക്കുന്ന അവയുടെ സമകാലിക രൂപങ്ങൾക്കെതിരെയും വിദ്വേഷ പ്രസംഗം, വ്യാജവിവരങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ എന്നിവയുടെ ആശങ്കാജനകമായ പ്രവണതകള്‍ക്കെതിരെയും പോരാട്ടം ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ആവർത്തിക്കുന്നു. ഐക്യരാഷ്ട്ര പൊതുസഭ ആഫ്രിക്കൻ വംശജർക്കായി രണ്ടാം അന്താരാഷ്ട്ര ദശകം (Second International Decade for People of African Descent 2025 - 2034) പ്രഖ്യാപിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. 2025 വര്‍ഷത്തെ ‘ആഫ്രിക്കക്കാർക്കും ആഫ്രിക്കൻ വംശജർക്കും നഷ്ടപരിഹാരത്തിലൂടെ നീതി’ (Justice for Africans and People of African Descent Through Reparations) എന്ന ആശയത്തില്‍ പ്രഖ്യാപിക്കാനുള്ള ആഫ്രിക്കൻ യൂണിയന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതിനൊപ്പം കൊളോണിയലിസത്തിന്റെയും അടിമക്കച്ചവടത്തിന്റെയും വിനാശകരമായ പാരമ്പര്യത്തെ നേരിടാന്‍ ആഫ്രിക്കൻ യൂണിയന്‍ കൈക്കൊള്ളുന്ന ശ്രമങ്ങളെ ഞങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നു.
ബീജിങ് പ്രഖ്യാപനത്തിന്റെയും പ്രവർത്തന വേദിയുടെയും 30-ാം വാർഷിക പശ്ചാത്തലത്തിൽ സര്‍വമേഖലകളിലും സ്ത്രീകളുടെ അവകാശങ്ങളും നേതൃത്വവും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധത ഞങ്ങൾ ആവര്‍ത്തിക്കുന്നു. സ്ത്രീശാക്തീകരണത്തിനൊപ്പം വിദ്യാഭ്യാസത്തിലേക്കും വ്യാപാരത്തിലേക്കും അവരുടെ പ്രവേശം, സമത്വവും വികസനവും സമാധാനവും കൈവരിക്കാന്‍ അടിസ്ഥാനപരമായ തീരുമാനമെടുക്കൽ പ്രക്രിയകളിലെ സജീവ പങ്കാളിത്തം എന്നിവയടക്കം സമൂഹത്തിന്റെ നാനാമേഖലകളിലും സ്ത്രീകളുടെ പൂർണവും തുല്യവും അർത്ഥപൂര്‍ണവുമായ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ അടിവരയിടുന്നു. സുസ്ഥിര വികസനത്തിലും കാലാവസ്ഥാ പ്രവർത്തനങ്ങളിലും സംരംഭകത്വത്തിലും സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്ക് - പ്രത്യേകിച്ച് ദക്ഷിണാര്‍ധഗോളത്തില്‍ - ഞങ്ങൾ എടുത്തുപറയുന്നു. ഓൺലൈൻ സ്ത്രീവിരുദ്ധതയും തെറ്റായ വിവരങ്ങളും സ്ത്രീകളിലേല്‍പ്പിക്കുന്ന ആഘാതങ്ങളുമായി ബന്ധപ്പെട്ട് ബ്രസീലിയൻ അധ്യക്ഷതയില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന ചർച്ചകളെ സ്വാഗതം ചെയ്യുന്നതിനൊപ്പം ലിംഗപരമായ ഡിജിറ്റൽ വിടവ് ഉൾപ്പെടെ ഡിജിറ്റൽ വിടവ് നികത്തുന്നതിൽ സ്ത്രീസുരക്ഷ, സ്ത്രീശബ്ദം, സ്ത്രീകളുടെ സജീവ പങ്കാളിത്തം എന്നിവ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ അടിവരയിടുന്നു. താങ്ങാവുന്ന നിരക്കില്‍ ശിശുപരിപാലനം, ശാസ്ത്രസാങ്കേതിക-എന്‍ജിനീയറിങ് - ഗണിത മേഖലകളിൽ സ്ത്രീ നേതൃത്വ പ്രോത്സാഹനം, തൊഴിലിട വിവേചനത്തിനും അതിക്രമങ്ങൾക്കുമെതിരെ സ്ത്രീകൾക്ക് നിയമ സംരക്ഷണം തുടങ്ങിയ നയ നടപടികളിലൂടെ സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകളുടെ പൂർണവും തുല്യവുമായ പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
2025 ജൂൺ 17 ന് ബ്രസീലിയയിൽ നടന്ന ബ്രിക്സ് ആരോഗ്യ മന്ത്രിമാരുടെ XV -ാമത് യോഗത്തിലൂടെ കൈവരിക്കാനായ പുരോഗതിയെയും ആരോഗ്യ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ബ്രിക്സ് ആരോഗ്യ സ്ഥാപനങ്ങൾ തമ്മിൽ മെച്ചപ്പെട്ട സഹകരണം വളർത്തിയെടുക്കുന്നതിനെയും ഇലക്ട്രോണിക് ആർ & ഡി സ്റ്റോക്ക്, ബ്രിക്സ് ക്ഷയരോഗ ഗവേഷണ ശൃംഖലയുടെ പ്രവർത്തനങ്ങൾ, ആരോഗ്യ സംവിധാനങ്ങളിൽ നിർമ്മിത ബുദ്ധിയുടെ നൈതികവും ഫലപ്രദവുമായ ഉപയോഗം ഉറപ്പാക്കുന്നതിനുള്ള സംരംഭങ്ങൾ, ശക്തമായ ഡാറ്റ ഭരണം എന്നിവയുൾപ്പെടെ ബ്രിക്സ് ആർ & ഡി വാക്സിൻ സെന്ററിന്റെ സംരംഭങ്ങൾക്കുള്ള പിന്തുണയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സാർവത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കുന്നതിനും അവശ്യ ആരോഗ്യ ഉത്പന്നങ്ങളിലേക്കും, മരുന്നുകൾ, പ്രതിരോധ കുത്തിവയ്‌പ്പുകൾ, രോഗനിർണ്ണയം എന്നിവയുൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ സേവനങ്ങളിലേക്കും നീതിയുക്തവും സമയബന്ധിതവുമായ പ്രവേശനം ഉറപ്പാക്കുന്നതിനും, പ്രതിരോധശേഷിയുള്ളതും സന്തുലിതവും സർവ്വാശ്ലേഷിയുമായ ആരോഗ്യ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ഈ പ്രവർത്തനങ്ങൾക്കുള്ള പ്രാധാന്യം ഞങ്ങൾ ആവർത്തിച്ചു വ്യക്തമാക്കുന്നു. ക്ഷയരോഗം, AMR എന്നിവ നേരിടുന്നതിലും സാംക്രമികവും സാംക്രമികേതരവുമായ രോഗങ്ങൾ തടയുന്നതിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതിലും ബ്രിക്സ് സഹകരണം ശക്തിപ്പെടുത്തുന്നതിലും പരമ്പരാഗത വൈദ്യശാസ്ത്ര സംവിധാനങ്ങൾ, ഡിജിറ്റൽ ആരോഗ്യം എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ അനുഭവങ്ങൾ പങ്കിടുന്നത് പ്രസക്തമായ അന്താരാഷ്ട്ര ഉദ്യമങ്ങൾക്ക് ഏറെ സംഭാവന നൽകുന്നതായി ഞങ്ങൾ അംഗീകരിക്കുന്നു. ബ്രിക്‌സ് രാജ്യങ്ങളിലെ ഉന്നതതല പൊതുജനാരോഗ്യ സംഘടനകൾ തമ്മിൽ സഹകരണത്തിനുള്ള സുപ്രധാന വേദിയാണ് ബ്രിക്‌സ് നെറ്റ്‌വർക്ക് ഓഫ് റിസർച്ച് ഇൻ പബ്ലിക് ഹെൽത്ത് സിസ്റ്റംസ് എന്ന് ഞങ്ങൾ അംഗീകരിക്കുന്നു. ബ്രിക്‌സ് ന്യൂക്ലിയർ മെഡിസിൻ കർമ്മ സമിതിയ്ക്കുള്ളിൽ ന്യൂക്ലിയർ മെഡിസിൻ, റേഡിയോ ഫാർമസി മേഖലകളിൽ സഹകരണത്തിന്റെ ആവശ്യകത ഞങ്ങൾ അംഗീകരിക്കുന്നു. ബ്രിക്‌സ് മെഡിക്കൽ പ്രോഡക്‌ട്‌സ് റെഗുലേറ്ററി അതോറിറ്റി സംരംഭത്തിലൂടെ സ്വമേധയാ ഉള്ള നിയന്ത്രണ സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യവും ഞങ്ങൾ ഊന്നിപ്പറയുന്നു.
സാമൂഹികമായി നിർണ്ണയിക്കപ്പെട്ട രോഗങ്ങളുടെ ഉന്മൂലനത്തിനായുള്ള പങ്കാളിത്തം വികസിപ്പിക്കുന്നതിനായി നടത്തിയ ഉദ്യമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. ആരോഗ്യ സമത്വം കൈവരിക്കുന്നതിനും ആഗോള ആരോഗ്യ ഘടന ശക്തിപ്പെടുത്തുന്നതിനുമുള്ള നമ്മുടെ സമാന പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന നാഴികക്കല്ലായി ഇതിനെ അംഗീകരിച്ചുകൊണ്ട് ഈ സംരംഭം ആരംഭിക്കുന്നു. സമാനവും ബഹുമുഖവുമായ പ്രതികരണങ്ങൾക്ക് മുൻഗണന നൽകുന്നതിലൂടെ, ദാരിദ്ര്യം, സാമൂഹിക ബഹിഷ്‌കരണം തുടങ്ങിയ ആരോഗ്യ അസമത്വങ്ങളുടെ മൂലകാരണങ്ങൾ പരിഹരിക്കുക, സഹകരണം വർദ്ധിപ്പിക്കുക, വിഭവങ്ങൾ സമാഹരിക്കുക, എല്ലാവർക്കും ആരോഗ്യദായകമായ ഭാവി ഉറപ്പാക്കുന്നതിന് നൂതനാശയങ്ങൾ വളർത്തുക എന്നിവയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
സാർവത്രിക ആരോഗ്യ പരിരക്ഷയ്ക്കും ആരോഗ്യ സംവിധാനത്തിന്റെ പ്രതിരോധശേഷിയിലും പൊതുജനാരോഗ്യ അടിയന്തരാവസ്ഥകൾ തടയുന്നതിലും പ്രതികരിക്കുന്നതിലും ഒരു പ്രധാന അടിത്തറയായി പ്രാഥമിക ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാനപരമായ പങ്ക് ഞങ്ങൾ തിരിച്ചറിയുന്നു. പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും മാനസികാരോഗ്യ ക്ഷേമം പ്രോത്സാഹിപ്പിക്കലും സംബന്ധിച്ച യുഎൻ പൊതുസഭയുടെ നാലാമത് ഉന്നതതല സമ്മേളനം വിജയകരമായി സംഘടിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.രോഗപ്രതിരോധം, നിർണ്ണയം, ചികിത്സ എന്നിവയുടെ പ്രധാന വശങ്ങൾ ഈ സമ്മേളനം ചർച്ച ചെയ്യും.
ബ്രിക്‌സ് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ ബ്രിക്‌സ് സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ, പരിശീലന (TVET) സഹകരണ സഖ്യ ചാർട്ടർ അംഗീകരിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിലും രാജ്യങ്ങളിലുടനീളമുള്ള സാമൂഹിക സർവ്വാശ്ലേഷിത്വം പ്രോത്സാഹിപ്പിക്കുന്നതിലും തന്ത്രപരമായ മുൻഗണനയായി തുടരുന്ന സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും വർദ്ധിപ്പിക്കുന്നതിനുള്ള നമ്മുടെ സമാന പ്രതിബദ്ധത ചാർട്ടർ ആവർത്തിച്ചുറപ്പിക്കുന്നു. ഓരോ രാജ്യത്തും പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ എണ്ണത്തിലും പുതിയ അംഗരാജ്യങ്ങളുടെ പങ്കാളിത്തത്തിലും സഹകരണത്തിനുള്ള വിഷയ മേഖലകളുടെ വൈവിധ്യവത്ക്കരണത്തിലും പുരോഗതി കൈവരിച്ചുകൊണ്ട് പത്താം വാർഷികം ആഘോഷിക്കുന്ന ബ്രിക്‌സ് നെറ്റ്‌വർക്ക് യൂണിവേഴ്‌സിറ്റിയുടെ (BRICS-NU) സ്ഥാപനപരമായ ശാക്തീകരണത്തെ ഞങ്ങൾ സംതൃപ്തിയോടെ അംഗീകരിക്കുന്നു. നമ്മുടെ അക്കാദമിക സ്ഥാപനങ്ങൾ തമ്മിൽ നേരിട്ടുള്ള സംവാദം വളർത്തിയെടുക്കുന്നതിൽ BRICS-NU വിന്റെ പ്രധാന സംഭാവനകൾ ഞങ്ങൾ അംഗീകരിക്കുന്നു. വരും വർഷങ്ങളിൽ ഈ കൈമാറ്റങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ബ്രിക്‌സ് സർവ്വകലാശാലകൾക്കായുള്ള സമഗ്ര ഗുണനിലവാര വിലയിരുത്തൽ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ബ്രിക്‌സിനുള്ളിലെ അതിന്റെ അംഗീകാരത്തിനായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കുന്നു.
സാംസ്‌ക്കാരികവും സൃഷ്ടിപരവുമായ വ്യവസായങ്ങളും സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥയും സംബന്ധിച്ച ബ്രിക്‌സ് വേദി സ്ഥാപിക്കുന്നതിനെ ബ്രിക്‌സ് വർക്കിംഗ് ഗ്രൂപ്പ് ഓൺ കൾച്ചർ സ്വാഗതം ചെയ്യുന്നു; ബ്രിക്‌സ് അംഗരാജ്യങ്ങളുടെ സാംസ്‌ക്കാരികവും സൃഷ്ടിപരവുമായ സമ്പദ്‌വ്യവസ്ഥകളെ പിന്തുണയ്ക്കാനും, സാംസ്‌ക്കാരികവും സൃഷ്ടിപരവുമായ മേഖലകൾ മൊത്തം സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന വർദ്ധിച്ചുവരുന്ന സാമ്പത്തിക ഭാരവും സംഭാവനയും തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനുമുള്ള പദ്ധതികൾ രൂപീകരിക്കാൻ അംഗങ്ങളെയും ബന്ധപ്പെട്ട സാംസ്‌ക്കാരിക സ്ഥാപനങ്ങളെയും സാമ്പത്തിക സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു,.
സാംസ്‌ക്കാരിക സ്വത്തും പൈതൃകവും അവയുടെ പ്രഭവ രാജ്യങ്ങളിലേക്ക് തിരികെയെത്തിക്കേണ്ടതിന്റെ പ്രാധാന്യവും ശ്രേണിപരമായ, സഹകരണ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര ബന്ധങ്ങൾ പുനർനിർമ്മിക്കുന്നതിനുള്ള സാധ്യതയും ഞങ്ങൾ ഊന്നിപ്പറയുന്നു. കൂടാതെ ഈ വിഷയത്തിൽ സാമൂഹിക ഐക്യം, സാംസ്‌ക്കാരികവും ചരിത്രപരവുമായ നീതി, അനുരഞ്ജനം, സാമൂഹിക സ്മരണ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി കൂടുതൽ ശക്തമായ ഒരു അന്താരാഷ്ട്ര ചട്ടക്കൂടിന്റെ ആവശ്യകതയും ഞങ്ങൾ തിരിച്ചറിയുന്നു; .
സമകാലിക വെല്ലുവിളികളുടെയും പരിവർത്തനങ്ങളുടെയും സങ്കീർണ്ണത കണക്കിലെടുത്ത് വിദ്യാഭ്യാസം, ശാസ്ത്രം, സംസ്ക്കാരം, ആശയവിനിമയം, വിവരവിനിമയം എന്നീ മേഖലകളിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ഊന്നിപ്പറയുന്നു. ഇക്കാര്യത്തിൽ, യുനെസ്കോ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങളുടെ പ്രസക്തിയും, സമത്വം, സംവാദം, നിർബന്ധിത പരിപാടികളും പ്രവർത്തനങ്ങളും, സമവായത്തിന്റെ ആത്മാവ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര സമവായത്തിലൂടെ സഹകരണവും സമാധാനവും വളർത്തിയെടുക്കാനുള്ള അതിന്റെ പരികൽപ്പനയും ഞങ്ങൾ ശ്രദ്ധിക്കുന്നു. സംസ്ക്കാരിക പൈതൃകവും സംസ്ക്കാരവും സംരക്ഷിക്കുന്നതിൽ ബ്രിക്സ് സഹകരണത്തിന്റെ പ്രാധാന്യം ഞങ്ങൾ അടിവരയിട്ടു വ്യക്തമാക്കുന്നു. സംസ്ക്കാരിക നയങ്ങളും സുസ്ഥിര വികസനവും സംബന്ധിച്ച യുനെസ്കോ ലോക സമ്മേളനവും, ജി 20 നേതാക്കളുടെ ന്യൂഡൽഹി, റിയോ ഡി ജനീറോ പ്രഖ്യാപനങ്ങളും അനുസ്മരിച്ചുകൊണ്ട്, സർഗ്ഗാത്മകത, നൂതനാശയങ്ങൾ, എല്ലാ ദർശനങ്ങളോടും ഐക്യദാർഢ്യം, സംഭാഷണം, സഹകരണം എന്നിവ വളർത്തുന്നതിൽ അന്തർലീനമായ മൂല്യങ്ങളും ഞങ്ങൾ അംഗീകരിക്കുന്നു.
എല്ലാ ബ്രിക്‌സ് രാജ്യങ്ങൾക്കും സമ്പന്നമായ പരമ്പരാഗത കായിക സംസ്‌ക്കാരമുണ്ടെന്നും ബ്രിക്‌സ് രാജ്യങ്ങൾക്കിടയിലും ലോകമെമ്പാടുമുള്ള പരമ്പരാഗത, പ്രാദേശിക, തദ്ദേശീയ കായിക വിനോദങ്ങളുടെ പ്രോത്സാഹനത്തിലും പരസ്പരം പിന്തുണയ്ക്കാൻ ഞങ്ങൾ സമ്മതിക്കുന്നു. ദേശീയ, പരമ്പരാഗത, ഒളിമ്പിക് ഇതര കായിക വിനോദങ്ങളുടെ വികസനം, ബ്രിക്‌സ് രാജ്യങ്ങളിൽ നടക്കുന്ന അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കൽ, ഭൗതിക സംസ്കാരത്തിന്റെയും കായിക വിനോദത്തിന്റെയും മേഖലകളിലെ പൊതു ആശങ്കയുള്ള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കൽ എന്നിവയുൾപ്പെടെ കായിക മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഞങ്ങൾ ഊന്നിപ്പറയുന്നു. ബ്രിക്‌സ് കായിക മന്ത്രിമാരുടെ യോഗത്തിൽ ഭൗതിക സംസ്‌ക്കാരത്തിന്റെയും കായിക വിനോദത്തിന്റെയും മേഖലയിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം അംഗീകരിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കൂടാതെ അതിന്റെ നടത്തിപ്പിനെ പിന്തുണയ്ക്കുന്നതിന് ബ്രിക്‌സ് രാജ്യങ്ങളുടെ കായിക സഹകരണ ചട്ടക്കൂടിന്റെ ആവശ്യകതയും അംഗീകരിക്കുന്നു.
സുസ്ഥിര വികസനത്തിലൂടെയും മനുഷ്യ കേന്ദ്രീകൃതമായ തൊഴിൽ വിപണികളിലൂടെയും ഉന്നത നിലവാരമുള്ളതും സമ്പൂർണ്ണവും ഉത്പാദനക്ഷമവുമായ തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിൽ ബ്രിക്സ് രാജ്യങ്ങൾ കൈവരിച്ച പുരോഗതിയെ ഞങ്ങൾ അഭിനന്ദിക്കുന്നു. നിർമ്മിത ബുദ്ധി തൊഴിൽ ബന്ധങ്ങളെ പരിവർത്തനം ചെയ്യുന്നു, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, മാത്രമല്ല തൊഴിൽ സ്ഥാനചലനം, അസമത്വം തുടങ്ങിയ വെല്ലുവിളികളും ഉയർത്തുന്നുവെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. വനിതകൾ, യുവാക്കൾ, പ്രായമായ തൊഴിലാളികൾ, വൈകല്യമുള്ളവർ, ദുർബല സാഹചര്യങ്ങളിലുള്ളവർ എന്നിവർ ഡിജിറ്റൽ പരിവർത്തനങ്ങളുടെ പ്രതികൂല പ്രത്യാഘാതങ്ങളിൽ നിന്നുള്ള അപകടസാധ്യത നേരിടുന്നവരായതിനാൽ, ദേശീയ നയങ്ങൾ, നിയന്ത്രണങ്ങൾ, ബാധകമായ അന്താരാഷ്ട്ര കരാറുകൾ എന്നിവ കണക്കിലെടുത്ത്, ഡിജിറ്റൽ നൈപുണ്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള പഠനം ജീവിതകാലം മുഴുവൻ മെച്ചപ്പെടുത്തുന്നതിനും, സാമൂഹിക സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, മനുഷ്യ കേന്ദ്രീകൃത സമീപനത്തിനും, എല്ലാവരുടെയും നന്മ ഉറപ്പാക്കുന്നതിന് നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളെ ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്തുന്നതിനുമുള്ള സർവ്വാശ്ലേഷിയായ നയങ്ങൾക്ക് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ പരിഹരിക്കുന്നതിനും അനൗപചാരിക സമ്പദ്‌വ്യവസ്ഥ ഉൾപ്പെടെ എല്ലാ മേഖലകളിലും ന്യായമായ പരിവർത്തനം കൈവരിക്കുന്നതിനും, സാമൂഹിക സംവാദം പ്രോത്സാഹിപ്പിക്കുന്നതിനും മാന്യമായ തൊഴിലുകൾ സൃഷ്ടിക്കുന്നതിനും പങ്കാളികൾ തമ്മിലുളള സജീവ ബന്ധത്തിന്റെ നിർണായക പ്രാധാന്യം ഞങ്ങൾ തിരിച്ചറിയുന്നു.
പരസ്പര ധാരണ, സൗഹൃദം, സഹകരണം എന്നിവ വർദ്ധിപ്പിക്കുന്നതിൽ ബ്രിക്‌സ് രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള വിനിമയങ്ങൾ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഞങ്ങൾ ആവർത്തിച്ച് ഉറപ്പിക്കുന്നു. ജനങ്ങൾ തമ്മിലുള്ള വിനിമയങ്ങൾ നമ്മുടെ സമൂഹങ്ങളെ സമ്പന്നമാക്കുന്നതിലും സമ്പദ്‌വ്യവസ്ഥകളെ വികസിപ്പിക്കുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന കാര്യം ഞങ്ങൾ അംഗീകരിക്കുന്നു. പാർലമെന്ററി ഫോറം, ബിസിനസ് കൗൺസിൽ, വിമൻസ് ബിസിനസ് അലയൻസ്, യൂത്ത് കൗൺസിൽ, ട്രേഡ് യൂണിയൻ ഫോറം, തിങ്ക് ടാങ്ക് കൗൺസിൽ, അക്കാദമിക ഫോറം, ഡീൻസ് ഫോറം, സിവിൽ കൗൺസിൽ, ചെറുകിട- ഇടത്തരം സംരംഭ ഫോറം, നഗരങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും അസോസിയേഷൻ, പരമോന്നത ഓഡിറ്റ് സ്ഥാപനങ്ങൾ, നിയമ ഫോറം, ബ്രിക്‌സ് സുപ്രീം കോടതി അധ്യക്ഷന്മാരുടെ യോഗം, ബ്രിക്‌സ് പ്രോസിക്യൂഷൻ സേവന മേധാവിമാരുടെ യോഗം എന്നിവയുൾപ്പെടെ സമസ്ത മേഖലകളിലും 2025-ൽ ബ്രസീലിന്റെ അധ്യക്ഷതയിൽ കൈവരിച്ച പുരോഗതിയെ ഞങ്ങൾ അഭിനന്ദിക്കുന്നു.
സാംസ്ക്കാരിക വൈവിധ്യത്തെ ബഹുമാനിക്കുന്നതിനും, പൈതൃകം, നൂതനാശയങ്ങൾ, സർഗ്ഗാത്മകത എന്നിവയെ വിലമതിക്കുന്നതിനും, അന്താരാഷ്ട്ര തലത്തിൽ ജനങ്ങൾ തമ്മിലുള്ള വിനിമയങ്ങളും സഹകരണവും ശക്തമാക്കാൻ സംയുക്തമായി വാദിക്കുന്നതിനും,"സംസ്‌ക്കാരങ്ങൾക്കിടയിൽ സംഭാഷണത്തിനുള്ള അന്താരാഷ്ട്ര ദിനം" (International Day for Dialogue among Civilizations) എന്ന UNGA പ്രമേയം A/res/78/286 അംഗീകരിക്കുന്നതിനും കൂടുതൽ പരിശ്രമങ്ങൾ നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
വനിതാ പാർലമെന്റേറിയൻമാരുടെ യോഗവും അന്താരാഷ്ട്ര കാര്യ സമിതി ചെയർപേഴ്‌സൺമാരുടെ യോഗവും ഉൾപ്പെടെ, 2025 ജൂൺ 3 മുതൽ 5 വരെ ബ്രസീലിയയിൽ പതിനൊന്നാമത് ബ്രിക്‌സ് പാർലമെന്ററി ഫോറത്തിന്റെ വിജയകരമായി നടത്തിപ്പിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. പാർലമെന്ററി നയതന്ത്രവും പാർലമെന്ററി സഹകരണവും നമ്മുടെ കൂട്ടായ ഉദ്യമങ്ങളുടെ പ്രധാന സ്തംഭങ്ങളാണ്. പരസ്പര ധാരണ മെച്ചപ്പെടുത്തുന്നതിനും , രാജ്യങ്ങൾക്കിടയിൽ വിശ്വാസം വളർത്തുന്നതിനും, സർവ്വാശ്ലേഷിത്വം, ഐക്യദാർഢ്യം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘർഷങ്ങളുടെ സമാധാനപരമായ പരിഹാരത്തെ പിന്തുണയ്ക്കാനുള്ള സവിശേഷ മാധ്യമമായി അവ വർത്തിക്കുന്നു..
ദേശീയ, അന്തർദേശീയ തലങ്ങളിലെ ഘടനാപരമായ ധനസഹായം, വിശ്വസനീയമായ ഡാറ്റ, മികച്ച രീതികളുടെ കൈമാറ്റം എന്നിവയാൽ പിന്തുണയ്ക്കപ്പെടുന്ന നമ്മുടെ രാജ്യങ്ങളിലെ യുവജന പൊതു നയങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ഊട്ടിയുറപ്പിക്കുന്നു. സമഗ്ര സഹകരണത്തിന്റെ മേഖലകളായ യുവജന നേതൃത്വ വേദികൾ, സംവാദങ്ങൾ, പരിപാടികൾ എന്നിവയുടെ അധിക മൂല്യം ഞങ്ങൾ തിരിച്ചറിയുന്നു. കൂടാതെ സ്ക്കൂൾ-തൊഴിൽ പരിവർത്തനങ്ങളെ പിന്തുണയ്ക്കുകയും തൊഴിൽ പരിശീലനത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുകയും ചെയ്യുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന യുവജന തൊഴിൽ നയങ്ങൾ ഞങ്ങൾ പ്രോത്സാഹിപ്പിക്കും. ബ്രിക്സ് അജണ്ടയിൽ യുവാക്കളെ ഉൾപ്പെടുത്താനും, യുവജനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സൃഷ്ടിക്കാനും, ബ്രിക്സ് സംരംഭങ്ങൾ യുവാക്കളുടെ താത്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങൾ ബ്രിക്സിനോട് അഭ്യർത്ഥിക്കുന്നു. ഈ സാഹചര്യത്തിൽ, 2025 ജൂണിൽ ബ്രസീലിയയിൽ നടന്ന 11-ാമത് ബ്രിക്സ് യുവജന ഉച്ചകോടിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് യുവജന സഹകരണത്തെക്കുറിച്ചുള്ള ഒരു പുതിയ ധാരണാപത്രം അംഗീകരിച്ചു.
അസമത്വം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, നഗര സേവനങ്ങളിൽ ഉൾപ്പെടെ നീതിയുക്തവും സ്ഥിരതയാർന്നതുമായ നഗര പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി, ചെലവ് കുറഞ്ഞ ഭവന നിർമ്മാണത്തിലും, ലഘൂകരണ, അനുപൂരകത്വ നയങ്ങളിൽ മുന്നേറുന്നതിലും ബ്രിക്സ് രാജ്യങ്ങൾ കൈവരിച്ച പുരോഗതിയെ ഞങ്ങൾ അഭിനന്ദിക്കുന്നു. 2030 ലെ സുസ്ഥിര വികസന അജണ്ട നടപ്പിലാക്കുന്നതിലും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിലും എല്ലാ ബ്രിക്സ് രാജ്യങ്ങളും, എല്ലാ തലങ്ങളിലുമുള്ള സർക്കാരുകളും സമൂഹങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള ബ്രിക്സ് നഗരവത്ക്കരണ ഫോറത്തിന്റെ പ്രവർത്തനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു.
ഡിജിറ്റലൈസേഷനും നിയന്ത്രണ സഹകരണവും മുഖേന ബ്രിക്സ് രാജ്യങ്ങൾക്കിടയിലുള്ള വ്യാപാരം വർദ്ധിപ്പിക്കുക, നൂതന ധനസഹായ ഉപാധികൾ വികസിപ്പിക്കുക, ലോജിസ്റ്റിക്സ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക, ബ്രിക്സ് വ്യോമഗതാഗതം വർദ്ധിപ്പിക്കുക, ഊർജ്ജ പരിവർത്തനത്തെ പിന്തുണയ്ക്കുക, ഭക്ഷ്യസുരക്ഷയും മെച്ചപ്പെട്ട പോഷകാഹാരവും എന്ന ലക്‌ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് സ്മാർട്ട് കാർഷിക സാങ്കേതികവിദ്യകൾ വളർത്തുക, സുസ്ഥിരവും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ന്യായമായ പങ്കാളിത്തത്തിനുള്ള ശേഷി വികസിപ്പിക്കുക എന്നിവ സംബന്ധിച്ച നയ ശുപാർശകളിലൂടെ ബ്രിക്സ് 2025 അജണ്ടയ്ക്ക് നൽകിയ സംഭാവനകൾക്ക് ബ്രിക്സ് ബിസിനസ് കൗൺസിലിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ മേഖലകളിലെ സർക്കാർ ഉദ്യമങ്ങളെ പ്രയോജനപ്പെടുത്തുന്ന BBC പ്രവർത്തനാധിഷ്ഠിത സംരംഭങ്ങളെയും ബ്രിക്സ് ബിസിനസ് ഫോറത്തിന്റെയും ബ്രിക്സ് സൊല്യൂഷൻസ് അവാർഡുകളുടെയും വിജയകരമായ നടത്തിപ്പിനെയും ഞങ്ങൾ ഒരുപോലെ അഭിനന്ദിക്കുന്നു.
സുസ്ഥിര വളർച്ച കൈവരിക്കുന്നതിൽ വനിതകളുടെ സാമ്പത്തിക പങ്കാളിത്തത്തിന്റെ നിർണ്ണായക പങ്ക് ഞങ്ങൾ തിരിച്ചറിയുന്നു, കൂടാതെ ഘടനാപരമായ തടസ്സങ്ങൾ - പ്രത്യേകിച്ച് വായ്പ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയുടെ ലഭ്യത - പരിഹരിക്കുന്നതിനുള്ള വനിതാ ബിസിനസ് അലയൻസിന്റെ (WBA) നയ ശുപാർശകളെ ഞങ്ങൾ അഭിനന്ദിക്കുന്നു. കാലാവസ്ഥാ-സ്മാർട്ട് കൃഷി മുന്നോട്ട് കൊണ്ടുപോകുന്നതിലും സുസ്ഥിര, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ അഭിവൃദ്ധി പ്രാപിക്കാൻ ന്യായമായ അവസരങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലും വനിതകളുടെ സംഭാവനയെ ഞങ്ങൾ അംഗീകരിക്കുന്നു. ബിസിനസ്സ് പ്രോത്സാഹന യോഗങ്ങൾ, സ്റ്റാർട്ടപ്പ് മത്സരം, ബ്രിക്സ് വനിതാ വികസന റിപ്പോർട്ട് തുടങ്ങിയ തുടർ ഉദ്യമങ്ങൾ ഉൾപ്പെടെ വനിതകളുടെ നേതൃത്വത്തിലുള്ള ബിസിനസുകളെ പിന്തുണയ്ക്കുന്നതിനുള്ള WBA സംരംഭങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഔപചാരികവത്ക്കരണത്തിലൂടെയും സാമൂഹിക സംരക്ഷണ നടപടികളിലൂടെയും അനൗപചാരിക സമ്പദ്‌വ്യവസ്ഥയിലെ ഡിജിറ്റൽ, സാമ്പത്തിക സാക്ഷരത വികസിപ്പിക്കുന്നതിനും വനിതകൾക്കുള്ള പിന്തുണയും ബജറ്റിംഗും പ്രോത്സാഹിപ്പിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ദുരന്തസാധ്യത കുറയ്ക്കുന്നതിൽ ധനസഹായം വർദ്ധിപ്പിക്കുന്നതിനും ഭരണനിർവ്വഹണം, ഐക്യദാർഢ്യം, പ്രതിരോധശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിവച്ച് ഉറപ്പിക്കുന്നു. 2015 മുതൽ പ്രധാന പ്രഖ്യാപനങ്ങളിലൂടെയും സംയുക്ത ടാസ്‌ക് ഫോഴ്‌സിന്റെ സൃഷ്ടിയിലൂടെയും കൈവരിച്ച സഹകരണാത്മക പുരോഗതിയെ ഞങ്ങൾ ആഘോഷിക്കുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ, പ്രത്യേകിച്ച് ദക്ഷിണാർദ്ധ ഗോള രാജ്യങ്ങളിൽ, ദുരന്തസാധ്യതകളുടെ വർദ്ധിച്ചുവരുന്ന സങ്കീർണ്ണത ഞങ്ങൾ അംഗീകരിക്കുന്നു. ലോകമെമ്പാടുമുള്ള അടിസ്ഥാന സൗകര്യ സംവിധാനങ്ങളെ തീവ്രമായ കാലാവസ്ഥാ സംഭവങ്ങളും ദുരന്തങ്ങളും പലപ്പോഴും ഗുരുതരമായി ബാധിച്ചിട്ടുണ്ട്, ഇത് സാമ്പത്തിക തടസ്സങ്ങൾക്കും ജന ജീവിതത്തിൽ പ്രതികൂല പ്രത്യാഘാതങ്ങൾക്കും കാരണമാകുന്നു. അതിനാൽ, ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യജീവിതങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും സമഗ്രമായ അടിസ്ഥാന സൗകര്യ വികസനത്തിനായി മതിയായ ഫണ്ടിംഗ് സമാഹരിക്കുന്നതിനും സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും ദേശീയ ദുരന്തസാധ്യത നിവാരണ സംവിധാനങ്ങളും നൈപുണ്യങ്ങളും മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ സഹകരിക്കും. ദുർബലതകളും അസമത്വങ്ങളും പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച 2025–2028 പ്രവർത്തന പദ്ധതി ഞങ്ങൾ അംഗീകരിക്കുന്നു, ശക്തമായ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, മുൻകൂർ പ്രതികരണ ശേഷി, പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ, വൈവിധ്യമാർന്ന വിജ്ഞാന സംവിധാനങ്ങളുടെ സമന്വയം, തുല്യതയ്ക്കും പ്രതിരോധശേഷിക്കും ഉള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുന്നു. അപകടസാധ്യതാ നിരീക്ഷണം, ദുരന്ത പ്രവചനം, അവയുടെ സാധ്യമായ അനന്തരഫലങ്ങൾ എന്നിവയ്ക്കുള്ള സംവിധാനങ്ങളുടെ വികസനത്തെക്കുറിച്ചുള്ള സംഭാഷണത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു.
ബ്രിക്‌സ് ബിസിനസ് കൗൺസിൽ, വനിതാ ബിസിനസ് അലയൻസ്, ഇദംപ്രഥമമായി ബ്രിക്‌സ് സിവിൽ കൗൺസിൽ എന്നിവയിൽ നിന്നുള്ള റിപ്പോർട്ടുകൾ റിയോ ഉച്ചകോടിയിൽ അവതരിപ്പിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബ്രിക്‌സ് രാജ്യങ്ങളിലെ സർക്കാരുകളും പൊതു സമൂഹവും തമ്മിലുള്ള വിപുലമായ സംഭാഷണത്തിന്റെ പ്രാധാന്യം ഞങ്ങൾ ഊന്നിപ്പറയുന്നു. അപകടസാധ്യത നിരീക്ഷണം, ദുരന്ത പ്രവചനം, സാധ്യമായ അനന്തരഫലങ്ങൾ എന്നിവയ്ക്കായി ബ്രിക്‌സ് ഷെർപ്പകളും ബ്രിക്‌സ് രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സഹകരണവും നേരിട്ടുള്ള ഇടപെടലും ശക്തിപ്പെടുത്തുന്നതിനായി അധ്യക്ഷരാജ്യമായ ബ്രസീലിൽ മുൻകൈയെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ അംഗീകരിച്ച ബ്രിക്സ് അംഗത്വ വികസന മാർഗ്ഗനിർദ്ദേശക തത്വങ്ങൾ, നയങ്ങൾ, മാനദണ്ഡങ്ങൾ, നടപടിക്രമങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ബ്രിക്സ് വിപുലീകരണ പ്രക്രിയ പരിഗണിക്കുമ്പോൾ, പരസ്പര ബഹുമാനം, ധാരണ, പരമാധികാര സമത്വം, ഐക്യദാർഢ്യം, ജനാധിപത്യം, തുറന്ന മനസ്സ്, സർവ്വാശ്ലേഷിത്വം, സഹകരണം, നൈരന്തര്യം, സമ്പൂർണ്ണ കൂടിയാലോചന, സമവായം എന്നിവയുടെ ഗ്രൂപ്പിന്റെ മനോഭാവത്തിന് അനുസൃതമായി ബ്രിക്സ് ഏകീകരിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ അംഗീകരിച്ച ബ്രിക്‌സ് പങ്കാളി രാജ്യ വിഭാഗത്തിന്റെ രീതികൾക്കനുസൃതമായി ബ്രിക്‌സ് സഹകരണത്തിന് പങ്കാളി രാജ്യങ്ങൾ സംഭാവന നൽകേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ ഊന്നിപ്പറയുന്നു. കൂടാതെ ബ്രസീലിന്റെ അധ്യക്ഷതയിലുള്ള വിവിധ മന്ത്രിതല, സാങ്കേതിക യോഗങ്ങളിൽ അവരുടെ പങ്കാളിത്തത്തെയും സ്വാഗതം ചെയ്യുന്നു. വളരുന്ന ബ്രിക്സ് അംഗത്വത്തിനും വിഷയപരമായ അജണ്ടയ്ക്കും ഗ്രൂപ്പിന്റെ പ്രവർത്തന രീതികളിൽ മാറ്റങ്ങൾ ആവശ്യമാണെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. ഇക്കാര്യത്തിൽ, ബ്രിക്സ് റഫറൻസ് നിബന്ധനകൾ പുതുക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളെ ഞങ്ങൾ അംഗീകരിക്കുകയും ഈ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബ്രിക്സ് ഫലപ്രദവും കാര്യക്ഷമവും പ്രതികരണശേഷിയുള്ളതും ഉൾക്കൊള്ളുന്നതും സമവായത്തെ അടിസ്ഥാനമാക്കിയുള്ളതുമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ നിലവിലുള്ള രീതികളുടെ പരിഷ്കരണത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു. സ്ഥാപന വികസനം ഗ്രൂപ്പിന്റെ ആവശ്യങ്ങളും മുൻഗണനകളും പ്രതിഫലിപ്പിക്കേണ്ട ചലനാത്മകമായ ഒരു തുടർ പ്രക്രിയയാണെന്ന് ഞങ്ങൾ ആവർത്തിച്ച് സ്ഥിരീകരിക്കുന്നു. ബ്രിക്‌സ് സംഭാഷണവും EMDC കളുമായുള്ള പങ്കാളിത്തവും വിപുലീകരിക്കുന്നത് എല്ലാവർക്കും പ്രയോജനം ലഭിക്കുന്ന ഐക്യദാർഢ്യത്തിന്റെയും അന്താരാഷ്ട്ര സഹകരണത്തിന്റെയും മനോഭാവം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സംഭാവന നൽകുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. പ്രസക്തമായ രേഖകളിലേക്കും പശ്ചാത്തല വിവരങ്ങളിലേക്കും പ്രവേശനം സുഗമമാക്കുന്നതിന് ഒരു പൊതു ബ്രിക്‌സ് ഡാറ്റാബേസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ തിരിച്ചറിയുന്നു.
2025-ൽ ബ്രിക്‌സ് അധ്യക്ഷസ്ഥാനം വഹിക്കുന്ന ബ്രസീലിന്റെ പ്രകടനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. കൂടാതെ റിയോ ഡി ജനീറോ നഗരത്തിൽ XVII ബ്രിക്‌സ് ഉച്ചകോടി സംഘടിപ്പിച്ച ബ്രസീൽ സർക്കാരിനും ജനങ്ങൾക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
2026-ൽ ഇന്ത്യയ്ക്ക് ബ്രിക്‌സ് അധ്യക്ഷസ്ഥാനം നൽകുന്നതിനും XVIII-ാമത് ബ്രിക്‌സ് ഉച്ചകോടി ഇന്ത്യയിൽ സംഘടിപ്പിക്കുന്നതിനും ഞങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നു.
********
(Release ID: 2143312)