വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ പ്രചാരണത്തിന് തത്സമയ ബഹുഭാഷാ മൾട്ടിമീഡിയ ഉള്ളടക്ക നിര്‍മാണ സംവിധാനം വികസിപ്പിക്കാന്‍ രാജ്യത്തെ മുൻനിര എഐ സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്ന ‘കലാ സേതു’ സംരംഭത്തിന് തുടക്കം കുറിച്ച് വേവ്–എക്സ്
Posted On:
08 JUL 2025 2:26PM by PIB Thiruvananthpuram
ഡിജിറ്റൽ ഭരണനിര്‍വഹണ യാത്രയ്ക്ക് രാജ്യത്ത് വേഗം കൈവരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുമായി അവരുടെ സ്വന്തം ഭാഷകളിൽ തത്സമയം ഫലപ്രദ ആശയവിനിമയം നടത്തുകയെന്നത് ഏറെ നിര്‍ണായകമായി മാറിയിരിക്കുന്നു. അർത്ഥപൂര്‍ണമായ പൊതുജന സമ്പർക്കത്തിന് ആവശ്യമായ വ്യാപ്തിയും വേഗവും വൈവിധ്യവുമായി പൊരുത്തപ്പെടുന്നതില്‍ പരമ്പരാഗത ഉള്ളടക്ക നിർമ്മാണ രീതികൾ ഇന്ന് പരിമിതികൾ നേരിടുന്നു. സമഗ്രവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ആശയവിനിമയത്തിന് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന പ്രതിബദ്ധതയുടെ ഭാഗമായി ഭാഷാപരമായ വിഭജനങ്ങൾ നികത്താനും രാജ്യത്തുടനീളം അവസാന തലംവരെ ഫലപ്രദ ആശയവിനിമയം ഉറപ്പാക്കാനും സാധിക്കുന്ന എഐ അധിഷ്ഠിത രീതികള്‍ അവലംബിക്കുന്നതില്‍ ശക്തമായ ഒരു മുന്നേറ്റമുണ്ട്.
കലാ സേതു: ഭാരതത്തിന്റെ തത്സമയ ഭാഷാ സങ്കേതം
ആശയവിനിമയത്തിലെ ഉള്‍ച്ചേര്‍ക്കലിന് നിര്‍മിതബുദ്ധയുടെ ശക്തി പ്രയോജനപ്പെടുത്തുന്ന തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി വേവ്എക്സ് സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ സംവിധാനത്തിലൂടെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ‘കലാ സേതു - ഭാരതത്തിന്റെ തത്സമയ ഭാഷാ സങ്കേതം’ മത്സരത്തിന് തുടക്കം കുറിച്ചു. വിവിധ ഇന്ത്യൻ ഭാഷകളുടെ പിന്തുണയോടെ വാചകങ്ങളില്‍നിന്ന് ശബ്ദ-ദൃശ്യ ഗ്രാഫിക് ഉള്ളടക്കം കംപ്യൂട്ടര്‍ സഹായത്തോടെ തയ്യാറാക്കാന്‍ സാധിക്കുന്ന തദ്ദേശീയവും വ്യാപകമായി ഉപയോഗിക്കാവുന്നതുമായ പരിഹാരങ്ങൾ വികസിപ്പിക്കാൻ ഈ രാജ്യവ്യാപക സംരംഭം ഇന്ത്യയിലെ മുന്‍നിര എഐ സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നു.
എഐ അധിഷ്ഠിത ഉള്ളടക്ക നിര്‍മാണത്തിന്റെ മൂന്ന് പ്രധാന മേഖലകളെ പിന്തുണയ്ക്കുന്നതും വിപുലമായി നടപ്പാക്കാവുന്നതുമായ ആശയങ്ങളിലാണ് മത്സരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യത്യസ്ത ആശയവിനിമയങ്ങള്‍ക്ക് അനുയോജ്യമായ രീതിയിൽ സാഹചര്യവും സ്വരഭേദവും വിഷയവും ഇഷ്ടാനുസൃതം മാറ്റാനാവുന്ന തരത്തില്‍ വാചകങ്ങളില്‍നിന്ന് ദൃശ്യ ഉള്ളടക്കം സ്വയം സൃഷ്ടിക്കുന്ന ടെക്സ്റ്റ്-ടു-വീഡിയോ ജനറേഷനാണ് ആദ്യത്തേത്. രണ്ടാമത്തേത് സങ്കീർണ വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും ദൃശ്യപരമായി ആശയവിനിമയം നടത്താനും സഹായിക്കുന്ന വിവരാധിഷ്ഠിത ഇൻഫോഗ്രാഫിക്സുകളും ചിത്രീകരണ ദൃശ്യങ്ങളും നിർമിക്കുന്ന ടെക്സ്റ്റ്-ടു-ഗ്രാഫിക്സ് ജനറേഷനാണ്. വിപുലമായ ശബ്ദ സംയോജനത്തിലൂടെ കൃത്യതയ്ക്കപ്പുറം വൈകാരികവും പ്രാദേശിക ഉച്ചാരണത്തോട് സംവേദനക്ഷമവുമായ സംഭാഷണം നിർമിച്ച് ബഹുഭാഷാ സന്ദർഭങ്ങളിൽ ആപേക്ഷികതയും സ്വാധീനവും മെച്ചപ്പെടുത്തുന്ന ടെക്സ്റ്റ്-ടു-ഓഡിയോ ജനറേഷനാണ് മൂന്നാമത്തേത്.
പൗര കേന്ദ്രീകൃത അപ്ലിക്കേഷനുകൾ
ഇൻഫോഗ്രാഫിക് ദൃശ്യങ്ങളും സന്ദർഭോചിത ദൃശ്യാത്മക വിശദീകരണങ്ങളും വാർത്താ ശബ്ദലേഖനങ്ങളുമായി ഔദ്യോഗിക വിവരങ്ങൾ തത്സമയം പ്രാദേശികതലത്തില്‍ പ്രായോഗികമായി നല്‍കുന്ന തരത്തിലേക്ക് പൊതു ആശയവിനിമയ സ്ഥാപനങ്ങളെ മാറ്റിയെടുത്ത് ഡിജിറ്റൽ ഭാഷാ വിടവ് നികത്തുകയാണ് കലാ സേതുവിന്റെ ലക്ഷ്യം. കാലാവസ്ഥാ മുന്നറിയിപ്പുകൾ ലഭിക്കുന്ന കർഷകനായാലും പരീക്ഷാ വിവരങ്ങള്‍ അറിയുന്ന വിദ്യാർത്ഥിയായാലും ആരോഗ്യ സംരക്ഷണ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കുന്ന മുതിർന്ന പൗരനായാലും സന്ദർഭോചിത പ്രസക്ത വിവരങ്ങള്‍ എന്നതിലുപരി അവ സ്വന്തം ഭാഷകളില്‍ ലഭ്യമാക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം.
അപേക്ഷിക്കേണ്ട വിധം
സ്റ്റാർട്ടപ്പുകൾക്ക് https://wavex.wavesbazaar.com എന്ന വേവ്-എക്സ് പോർട്ടലില്‍ ‘കലാ സേതു’ മത്സര വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത് മത്സരത്തിന് അപേക്ഷിക്കാം. ഉല്പന്നത്തിന്റെ ദൃശ്യാവിഷ്കാരം പ്രദർശിപ്പിക്കുന്ന പ്രവര്‍ത്തനമാതൃക സ്റ്റാർട്ടപ്പുകൾ 2025 ജൂലൈ 30-നകം സമർപ്പിക്കണം. ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ അന്തിമ മത്സരാര്‍ത്ഥികള്‍ക്ക് ന്യൂഡൽഹിയില്‍ ദേശീയതല വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ അവരുടെ സൃഷ്ടികള്‍ അവതരിപ്പിക്കാം. വിജയിക്ക് സംരംഭം പൂർണതോതില്‍ വിപുലീകരിക്കാന്‍ ആകാശവാണി, ദൂരദര്‍ശന്‍, പിഐബി എന്നിവയുടെ പ്രാഥമിക പിന്തുണയ്ക്കും വേവ്-എക്സ് നൂതനാശയ സംവിധാനത്തിന് കീഴിലെ പിന്തുണയ്ക്കും ധാരണാപത്രം ലഭിക്കും. മത്സരങ്ങളുടെ സാങ്കേതിക വശങ്ങളും മറ്റ് വിശദാംശങ്ങളും വേവ്-എക്സ് പോർട്ടലിൽ ലഭ്യമാണ്.
ഭാഷാ സേതു മത്സരം
‘ഭാഷാ സേതു’ എന്ന തത്സമയ ഭാഷാ വിവർത്തന മത്സരം 2025 ജൂൺ 30-ന് വേവ്-എക്‌സിന് കീഴിൽ ആരംഭിച്ചു. ഭാഷാ സേതു മത്സര വിഭാഗത്തിൽ വേവ്എക്‌സ് പോർട്ടൽ വഴി 2025 ജൂലൈ 22 വരെ സ്റ്റാർട്ടപ്പുകൾക്ക് ഇതിലേക്ക് അപേക്ഷിക്കാം.
സമഗ്രവും ഫലപ്രദവുമായ ഭരണനിര്‍വഹണത്തിന് എഐ അധിഷ്ഠിത പരിഹാരങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന ശക്തമായ പ്രതിബദ്ധതയെ ഈ സംരംഭങ്ങൾ അടിവരയിടുന്നു. ബഹുഭാഷാ ഉള്ളടക്ക നിര്‍മാണത്തിലും തത്സമയ ഭാഷാ വിവർത്തനത്തിലും തദ്ദേശീയ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിച്ച് ആശയവിനിമയ വിടവുകൾ നികത്താനും എല്ലാ ഇന്ത്യൻ ഭാഷകളിലും അവസാന തല ആശയവിനിമയം ഉറപ്പാക്കാനുമാണ് സർക്കാർ ലക്ഷ്യം. രാജ്യത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന ഊർജസ്വലമായ സ്റ്റാർട്ടപ്പ് നൂതനാശയ പശ്ചാത്തലം വളർത്തിയെടുക്കുന്നതും ഭാവി ഉപയോഗയോഗ്യവുമായ ഡിജിറ്റൽ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെ സുപ്രധാന ഘട്ടങ്ങളാണ് കലാ സേതുവും ഭാഷാ സേതുവും.
വേവ്-എക്‌സിനെക്കുറിച്ച്
മാധ്യമ - വിനോദ, ഭാഷാ - സാങ്കേതിക മേഖലകളിലെ നവീകരണം പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വേവ്സ് സംരംഭത്തിന് കീഴിൽ തുടക്കം കുറിച്ച പ്രത്യേക സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ വേദിയാണ് വേവ്-എക്‌സ്. 2025 മെയ് മാസം മുംബൈയിൽ നടന്ന വേവ്സ് ഉച്ചകോടിയിൽ സർക്കാർ ഏജൻസികളും നിക്ഷേപകരും വ്യവസായ പ്രമുഖരുമായി നേരിട്ട് ഇടപഴകാനാവുംവിധം 30-ലേറെ മികച്ച സ്റ്റാർട്ടപ്പുകൾക്ക് വേവ്എക്‌സ് ആശയാവതരണ അവസരങ്ങൾ നൽകി. ലക്ഷ്യമിടുന്ന ഹാക്കത്തണുകൾ, പിന്തുണ, മാര്‍ഗനിര്‍ദേശം, ദേശീയ വേദികളുമായി സംയോജനം എന്നിവയിലൂടെ മികച്ച ആശയങ്ങള്‍ക്ക് വേവ്-എക്‌സ് പിന്തുണ തുടരുന്നു.
SKY
*************************
(Release ID: 2143127)
Read this release in:
Odia
,
Tamil
,
English
,
Urdu
,
Hindi
,
Nepali
,
Marathi
,
Bengali-TR
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Telugu
,
Kannada