പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Posted On: 07 JUL 2025 5:19AM by PIB Thiruvananthpuram

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ ബെർമുഡസുമായി കൂടിക്കാഴ്ച നടത്തി. 2023 ൽ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നേരത്തെ പ്രസിഡന്റ് ഡയസ്-കാനലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന്  നടന്ന ഉച്ചകോടിയിൽ ക്യൂബ പ്രത്യേക ക്ഷണിതാവായിരുന്നു.

സാമ്പത്തിക സഹകരണം, വികസന പങ്കാളിത്തം, ഫിൻടെക്, ശേഷി വർദ്ധിപ്പിക്കൽ, ശാസ്ത്ര സാങ്കേതിക വിദ്യ, ദുരന്തനിവാരണം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങൾ ഇരു നേതാക്കളും അവലോകനം ചെയ്തു. ഡിജിറ്റൽ മേഖലയിലെ ഇന്ത്യയുടെ വൈദഗ്ധ്യത്തെ അംഗീകരിച്ചുകൊണ്ട്, പ്രസിഡന്റ് ഡയസ്-കാനൽ ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിലും യുപിഐയിലും താൽപര്യം പ്രകടിപ്പിച്ചു. ആയുർവേദത്തെ അംഗീകരിച്ചതിന് ക്യൂബയെ അഭിനന്ദനം അറിയിച്ച  പ്രധാനമന്ത്രി ആയുർവേദത്തെ ക്യൂബയുടെ പൊതുജനാരോഗ്യ സംവിധാനത്തിൽ സംയോജിപ്പിക്കുന്നതിനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇന്ത്യൻ ജനറിക് മരുന്നുകൾ ലഭ്യമാകുന്നതിന് കാരണമാകുന്ന ഇന്ത്യൻ ഫാർമക്കോപ്പിയയെ ക്യൂബ അംഗീകരിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

ആരോഗ്യം, പകർച്ചവ്യാധികൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഗ്ലോബൽ സൗത്തിനെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങളിൽ ഒരുമിച്ച്  പ്രവർത്തിക്കാൻ ഇരു നേതാക്കളും സമ്മതിച്ചു. ബഹുമുഖ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ അവർ അഭിനന്ദിച്ചു.

***

NK


(Release ID: 2142797)