പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്രമോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ച നടത്തി. 

Posted On: 04 JUL 2025 11:51PM by PIB Thiruvananthpuram

ട്രിനിഡാഡ് & ടൊബാഗോ റിപ്പബ്ലിക്ക് പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സറുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോർട്ട് ഓഫ് സ്പെയിനിലെ റെഡ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച്‌ രണ്ടാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ കമല പെർസാദ്-ബിസെസ്സറിനെ ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു. തനിക്കു നൽകിയ സവിശേഷ സ്വീകരണത്തിന് അദ്ദേഹം അവർക്ക് നന്ദി പറഞ്ഞു.

കൃഷി, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, ഡിജിറ്റൽ പരിവർത്തനം, യുപിഐ, ശേഷി വികസനം, സംസ്കാരം, കായികം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ നിരവധി മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇരു നേതാക്കളും ചർച്ചകൾ നടത്തി. ഇന്ത്യ-ട്രിനിഡാഡ് & ടൊബാഗോ പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമാണ് വികസന സഹകരണം. പ്രധാനമന്ത്രി മോദിയുടെ ട്രിനിഡാഡ് & ടൊബാഗോ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിൽ വേരൂന്നിയ ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതുജീവൻ നൽകുമെന്ന് പ്രധാനമന്ത്രി ബിസെസ്സർ അഭിപ്രായപ്പെട്ടു.

പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ച്‌ ഇരു നേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവെച്ചു. കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം, സൈബർ സുരക്ഷ തുടങ്ങിയ സമകാലിക വെല്ലുവിളികളെ നേരിടുന്നതിന് കൂടുതൽ സഹകരണം ആവശ്യമാണെന്നും അവർ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് ട്രിനിഡാഡ് ആൻഡ് ടൊബാഗോ നൽകിയ ശക്തമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു. എല്ലാ രൂപത്തിലും ഭാവത്തിലും പ്രകടമാകുന്ന ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഐക്യദാർഢ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനും ഇന്ത്യ-കാരികോം പങ്കാളിത്തം ശക്തിപ്പെടുത്താനും അവർ പരസ്പര സമ്മതം അറിയിച്ചു.

ചർച്ചകൾക്ക് ശേഷം, ഫാർമക്കോപ്പിയ, ക്വിക്ക് ഇംപാക്റ്റ് പ്രോജക്റ്റുകൾ, സംസ്കാരം, കായികം, നയതന്ത്ര പരിശീലനം, ഹിന്ദി, ഇന്ത്യൻ പഠനങ്ങൾക്കായുള്ള ഐസിസിആർ ചെയറുകൾ എന്നീ മേഖലകളിലെ ആറ് ധാരണാപത്രങ്ങൾ ഇരുരാജ്യങ്ങളും പരസ്പരം കൈമാറി. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ആറാം തലമുറ ഇന്ത്യൻ വംശജർക്ക് ഒസിഐ (OCI)കാർഡ് നൽകുന്നത് ഉൾപ്പെടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി പ്രഖ്യാപനങ്ങളും ഉണ്ടായി. പ്രധാനപ്പെട്ട തീരുമാനങ്ങളുടെ പട്ടിക ഈ ലിങ്കിൽ കാണാവുന്നതാണ് -https://www.pib.gov.in/PressReleasePage.aspx?PRID=2142384  

ഇന്ത്യ സന്ദർശിക്കാനുള്ള ശ്രീ നരേന്ദ്രമോദിയുടെ ക്ഷണം പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് വലിയ ഉത്തേജനം നൽകിയിട്ടുണ്ട്.

*** 

NK


(Release ID: 2142407)